Tuesday, December 21, 2010

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് എവിടെയാ സാറേ സമാധാനം???കോയമ്പത്തൂരില്‍ നിന്നും വൈകിട്ട് അഞ്ചു മണിക്ക് പുറപ്പെട്ടാല്‍ ഏകദേശം 10.30 മണിയോട് കൂടി എറണാകുളത്തെത്താം .കൃത്യം 10 45 നു സൌത്തില്‍ നിന്നും ഒരു വൈക്കം സൂപ്പര്‍ ഫാസ്റ്റ് ഉണ്ട് അതില്‍ കയറിയാല്‍ എന്‍റെ വീടിനു മുന്നിലിറങ്ങാം .
KSRTC യുടെ ഈ ഷെഡ്യൂളില്‍ വിശ്വാസമര്‍പ്പിചായിരുന്നു എന്‍റെ കോയമ്പത്തൂര് എറണാകുളം യാത്രകള്‍ നില നിന്ന് പോന്നിരുന്നത്...
പതിവുപോലെ തേര്‍ഡ് ഇയറിലെ ക്രിസ്തുമസ് അവധിക്കും പെട്ടിയും പടവും മടക്കി കൃത്യം 10.30 നു തന്നെ എറണാകുളത്തെത്തി. വഴിയരികിലെ മരങ്ങളിലും കടകളിലും നക്ഷത്രവിളക്കുകള്‍ മിന്നി നില്‍ക്കുന്നുണ്ടായിരുന്നു...

ചാറ്റല്‍ മഴ തൂവുന്ന ആ രാത്രിയില്‍ ഞാന്‍ അവസാനത്തെ ബസും കാത്തു ബസ്റ്റോപ്പിലെ ഒരു സിമന്റ് ബന്ച്ചില്‍ ഇരിപ്പായി,,. മനസ്സ് മുഴുവന്‍ ആകുലതകളായിരുന്നു...

''ഇനി എപ്പോഴാണാവോ വീട്ടിലെത്തുക ''? എന്റെ കാലക്കേടിന് ആ വണ്ടി എങ്ങാനും പോയിക്കാണുമോ?


എന്തായാലും വരുന്നിടത്തുവച്ച് കാണാം എന്ന ചങ്കൂറ്റത്തോടെ വീണ്ടും ദൂരേക്ക്‌ കണ്ണും നട്ട് ഇരുന്നു....


ആ നഗരത്തിലെ തിരക്കൊഴിയുന്നത് എനിക്ക് കണ്ടറിയാമായിരുന്നു. ആളൊഴിയുന്ന നിരത്തുകള്‍ വഴിയരികിലെ പെട്ടിക്കടകളെല്ലാം അടഞ്ഞു കൊണ്ടിരിക്കുന്നു . അങ്ങകലെ ഒരു മഞ്ഞ ബോര്‍ഡ് മാത്രം വ്യക്തമായിക്കാണാം .

''S.T .D I. S.D 24 HOURS ''

നെഞ്ജിനുള്ളില്‍ ചെറിയൊരു സ്വാന്തനമായി . അപ്പോഴേക്കും മഴയുടെ ശക്തി ഒന്നു കൂടി .

ഓടുമേഞ്ഞ മേല്‍ക്കൂരയ്ക്കിടയിലൂടെ മഴവെള്ളം ഇറ്റിറ്റ് veezhunnu മരംകോച്ചുന്ന തണുപ്പും മുടിഞ്ഞ കാറ്റും ...

' കുന്തം , ഈ നശിച്ച മഴയ്ക്ക്‌ പെയ്യാന്‍ കണ്ട നേരം '

മനസ്സില്‍ ആരെയൊക്കെയോ ശപിക്കുന്നുണ്ടായിരുന്നു കയ്യിലാണെങ്കില്‍ കുടയുമില്ല . എന്താ ചെയ്യുക ?


അകലെയെവിടയോ ഒരു ബസ്സിന്‍റെ ഹോണ്‍ കേട്ടാണ് ഞെട്ടിയെണീറ്റത്. ഒരുപാട് പ്രതീക്ഷകളോടെ ഞാന്‍ എഴുന്നേറ്റു കൈ ഉയര്‍ത്തി കാണിച്ചു...

'' ശ്ശെ..... നാശം പിടിക്കാന്‍ , അതൊരു ലോറി ആയിരുന്നു . ''

നേരം ഇരുട്ടുന്തോറും ഞാന്‍ ഏകാനാകുന്നത് പോലെ തോന്നി ....
അവിടെ ഞാന്‍ മാത്രമായി..


ഇരുന്നു മുഷിഞ്ഞ്‌ ഞാന്‍ , ചുമ്മാ റോഡിന്‍റെ മറുവശത്തെക്കൊന്നു തിരിഞ്ഞു നോക്കി . വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ വിറയ്ക്കുന്ന ഒരു രൂപം കാണാം . ഞാന്‍ സൂക്ഷിച്ചു നോക്കി , '' അതൊരു സ്ത്രീ ആണെന്ന് തോന്നുന്നു '' അതെ , അവരിങ്ങോട്ടാണ് നടന്നടുക്കുന്നത് ...........


മുഷിഞ്ഞ്‌ നാറിയ ഒരു സാരിയാണ് വേഷം . അതും തോരാത്ത മഴയില്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു . ജട പിടിച്ചു വികൃതമായ തലമുടിക്കെട്ടില്‍ നിന്നും മഴവെള്ളം ഇറ്റിറ്റ് വീഴുന്നു . കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ആണെന്ന് കണ്ടാലറിയാം . എങ്കിലും ആ സ്ത്രീ ചിരിക്കുകയാണ് . ഇടക്കിടക്കെന്തോ പിരുപിരുക്കുന്നുമുണ്ട്...


ഒരു തുണിക്കെട്ട്‌ നെഞ്ജോടടുക്കി പിടിച്ചിട്ടുണ്ടായിരുന്നു . വേച്ചു വേച്ചു അവരെന്‍റെ അരികിലെത്തി .

കൈകാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു .കുനിഞ്ഞിരുന്ന മുഖം മേല്ലെയോന്നുയര്‍ത്തി ആകാംഷയോടെ ആ സ്ത്രീ ചോദിച്ചു ....


അന്ജരക്കുള്ള വണ്ടി വരാറായോ മോനെ?

ഞാന്‍ വാച്ചിലെക്കൊന്നു നോക്കി , സമയം പത്തു കഴിഞ്ഞു...
ഞാന്‍ തിരിച്ചു ചോദിച്ചു...,എങ്ങോട്ടാ പോകേണ്ടത്?


അവരെന്നെയോന്നു തറപ്പിച്ചു നോക്കി, പിന്നെ ചിരിച്ചു ...അങ്ങു ദൂരെ ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി അവര് പറഞ്ഞു...

അതാ ആ കാണുന്നതാണെന്റെ വീട്.... അങ്ങോട്റെനിക്ക് പോകണം , വണ്ടി എപ്പോ വരും...

ആ മറുപടിയില്‍ വൈരാഗ്യത്തിന്റെയും സങ്കടത്തിന്റെയും സ്വരം വേറിട്ട്‌ കേള്‍ക്കാമായിരുന്നു ... പിന്നീട് അവരെന്തോക്കെയോ പിറുപിറുത്തു ....
അതില്‍ ചില വാക്കുകള്‍ക്കു മുഴക്കം കൂടുന്നതായി എനിക്ക് തോന്നി ..., ഞാനത് ശ്രദ്ധിച്ച് കേട്ടു.

ഞാനും ഒരമ്മയാണ്‌ ഞാന്‍ നെഞ്ജോടടുക്കിപ്പിടിചിരിക്കുന്നത് എന്റെ പുന്നാര മക്കളെയാണ് .എന്നെവേണ്ടാത്ത എന്‍റെ പൊന്നിന്‍ കുടങ്ങളെ ...

എന്‍റെ കുപ്പായത്തിലെ കരകളെല്ലാം എനിക്ക് നടന്നു നീങ്ങേണ്ടി വന്ന അഴുക്കു ചാലുകളാണ് .


'' എന്‍റെ കണ്ണില്‍ നിന്ന് ഒഴുകുന്നത്‌ കണ്ണീരല്ല... ചുടുചോരയാണ്

ചങ്കില്‍ ഒഴുകുന്നത്‌ ചോരയല്ല... കത്തുന്ന തീയാണ് ....

എങ്കിലും വായ കീറിയ ദൈവം അന്നം തരാതിരിക്കില്ലല്ലോ ''എങ്കിലും എന്‍റെ സിരകളില്‍ വിദ്വേഷമില്ല ., ധമനികളില്‍ വൈരാഗ്യമില്ല .ഓരോ നിമിഷവും നിര്‍ത്താതെ മിടിക്കുന്ന ഹൃദയത്തില്‍ ഒരിറ്റു സ്നേഹം മാത്രം ബാക്കി .കണ്ണീരു ഉണങ്ങാത്ത അമ്മമാരുടെ പ്രതിരൂപമാണ് ഞാന്‍ .... എന്‍റെ പേര് ലക്ഷ്മി .... മഹാലക്ഷ്മി ......


പേരില്‍ മാത്രം പ്രൌടിയുമായി ജീവിക്കുന്ന ഒരു പാവം അമ്മയാണ് ഞാനും...

അന്ന് എന്‍റെ കവിളിലൂടെ ഒഴുകി വീണത് മഴതുള്ളിയല്ലായിരുന്നു എന്ന തിരിച്ചറിവ് എന്‍റെ നാവിനു കടിഞ്ഞാണിട്ടു കഴിഞ്ഞിരുന്നു...
വീട്ടില്‍ കൊണ്ടുപോകാന്‍ ബാഗില്‍ കരുതിവച്ചിരുന്ന ഒരു ക്രിസ്ത്മസ് കേക്ക് ഞാന്‍ ആ അമ്മയ്ക്ക് നേരെ നീട്ടി... ആര്‍ത്തിയോടെ അവര്‍ ആ കടലാസ് പൊതിയഴിച്ച് കഴിക്കാന്‍ തുടങ്ങി .......

ഇത്രയുമായപ്പോള്‍ എനിക്കുള്ള ബസ് അങ്ങകലെ നിന്ന് വന്നു . മനസ്സില്‍ നിറയെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി പാതി മനസ്സോടെ ഞാന്‍ വണ്ടിയില്‍ കയറി .ഏറ്റവും പുറകിലെ സീറ്റില്‍ ഇരുന്നു . എങ്കിലും എന്‍റെ മനസ്സ് മുഴുവന്‍ ആ അമ്മയുടെ അരികിലായിരുന്നു...ഒരു ഭ്രാന്തിയുടെതാനെന്കിലും ആ വാക്കുകള്‍ എന്‍റെ നെഞ്ചില്‍ കനല് പോലെ എരിഞ്ഞു...'' എന്‍റെ കണ്ണില്‍ നിന്ന് ഒഴുകുന്നത്‌ കണ്ണീരല്ല... ചുടുചോരയാണ്,

ചങ്കില്‍ഒഴുകുന്നത്‌ ചോരയല്ല... കത്തുന്ന തീയാണ് ....

എങ്കിലും വായ കീറിയ ദൈവം അന്നം തരാതിരിക്കില്ലല്ലോ....???


ആളൊഴിഞ്ഞ റോഡിലൂടെ ബസ്സ്‌ നീങ്ങിത്തുടങ്ങി.. ഏതോ ഒരു പള്ളിയുടെ മുന്നില്‍ കൂറ്റന്‍ നക്ഷത്രവും മുറ്റത്തെ വാകമരത്തില്‍ നീലവര്‍ണ്ണങ്ങളില്‍ ചെറു വിളക്കുകളും കത്തുന്നത് ഞാന്‍ കണ്ടു...
ഹാലജന്‍ ബള്‍ബിന്‍റെ മങ്ങിയ വെളിച്ചത്തില്‍ ആ പള്ളി മതിലില്‍ എഴുതി വച്ചിരുന്ന വാചകങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു

'' അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം , ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം...''

അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു...

Friday, December 03, 2010

മേരാ പരിപ്പുവട മഹാന്‍

സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലാത്ത ഒരു ജീവിയുടെ പേര് പറയൂ എന്നാരെങ്കിലും ചോദിച്ചാല്‍ 100 % ധൈര്യത്തോടെ പറയാന്‍ പറ്റുന്ന ഒരു പേരുണ്ടായിരുന്നു എന്‍റെ മനസ്സില്‍..!!!

" ശ്രീമാന്‍ 'നവീന്‍ ജെ ജോണ്‍'

'ജീവിതം എന്നത് തീറ്റയും കുടിയും കുരുത്തക്കേടുകളും മാത്രമാണെന്ന് തെറ്റിദ്ധരിച്ചിരുന്ന ഒരു അടഞ്ഞ അദ്ധ്യായം' അതായിരുന്നു ഒരു കാലത്ത് ഈ ഞാന്‍ .
അതിനപ്പുറത്തെയ്ക്ക് ഒന്നും ചിന്തിക്കാനുള്ള സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിറ്റിബിലിറ്റിയും ഒന്നും ഇല്ലായിരുന്നു അക്കാലത്ത് .
കേരളത്തിലെ എല്ലാ അഭ്യസ്തവിദ്യരേയും പോലെ ഡിഗ്രീ പഠനവും കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റും കക്ഷത്തില്‍ തിരുകി ആറ് നേരവും കാലിച്ചായ കുടിച്ചു പ്രത്യേകിച്ചൊരു റീസണൂമില്ലാതെ തേരാ പാര നടക്കുന്ന സുവര്‍ണ്ണകാലം .കേരളത്തിലെവിടെയും ഏതു ഇന്റെര്‍വ്യൂവിനും പോകാന്‍ തയ്യാറായി നടന്നിരുന്ന നല്ല കാലം.

പക്ഷെ ഫലം ''ഒന്നുകില്‍ ഇന്റര്‍വ്യൂ നടത്തിയവര്‍ക്ക് എന്നെ ബോധിക്കൂല്ല ,അല്ലെങ്കില്‍ എനിക്ക് അവരെ ബോധിക്കൂല്ല...''

അങ്ങനെ എന്‍റെ അര നാഴി അരിയുടെ വിഹിതം തുടര്‍ച്ചയായ ഇരുപത്തിനാലാം വര്‍ഷവും വീട്ടിലെ അടുപ്പില്‍ തിളച്ചു കൊണ്ടിരുന്നു...
സോ.., ഭൂമിക്കു ഭാരവും റേഷന് ചിലവും നാട്ടുകാര്‍ക്ക് ശല്യവുമായി എന്‍റെ സ്തുത്യര്‍ഹ സേവനം ആക്കൊല്ലവും തുടര്‍ന്ന് പോന്നു.. .

എന്നും രാവിലെ പത്രം തുറന്നു ആദ്യം നോക്കുന്നത് ഷേണായീസിലെയും കവിതയിലേയും പടം മാറിയോ എന്നാണ്,(ഒരു സിനിമ മൂന്നാല് പ്രാവശ്യത്തില്‍ കൂടുതലൊക്കെ എങ്ങനാ കാണുന്നത്?)

പിന്നെ പേരിനു മാത്രം പല്ലും തേച്ചു അടുക്കളയില്‍ ചെന്ന് ഉപ്പുമാവുമായി ഗുസ്തി പിടിക്കുകയായിരുന്നു ഞാന്‍..

പെട്ടെന്ന് മമ്മി: ഡാ ഈ പരസ്യം നീ കണ്ടായിരുന്നോ?

ഞാന്‍: ഏതാ മമ്മീ ആ ഫ്രെണ്ട് പേജിലെ ജോസ്കോയുടെ പരസ്യമാണോ?
കോട്ടയത്ത് പുതിയ ഷോറൂം തുടങ്ങുന്നതിന്‍റെയാ..
ഇവന്മാര്‍ക്കൊക്കെ എവിടുന്നാണാവോ ഇതിനും മാത്രം പൈസ..?

മമ്മി : അതല്ലെടാ പോത്തേ,''ദേ കുവൈറ്റ്‌ M.O.H വാണ്ടെഡ്‌ നേഴ്സസ്''

എബിടെ എബിടെ ഞാനിത് കണ്ടില്ലായിരുന്നല്ലോ..

മമ്മി: പോയി അന്വേഷിച്ചിട്ട് വാടാ...

മമ്മീ അപ്പൊ എന്‍റെ ഓസ്ട്രേലിയ...?

അവന്‍റെ ഓസ്ട്രേലിയ ..!!!! തേങ്ങാക്കൊല...!!! പൊക്കോണം ഇവിടുന്ന്...
നിന്നെ ഒക്കെ IELTS പഠിപ്പിച്ച് കളഞ്ഞ പൈസയുണ്ടായിരുന്നെങ്കില്‍ ടൌണില്‍ പത്ത് സെന്‍റ് സ്ഥലം മേടിക്കാമായിരുന്നു...
മമ്മീ പ്ലീസ് ... ശവത്തില്‍ കുത്തരുത്...

കുവൈറ്റെങ്കില്‍ കുവൈറ്റ്‌ ..
അല്ലേലും ഓസ്ട്രേലിയയില്‍ തന്നെ പോകണം എന്ന് വാശി പിടിക്കാന്‍ ഈ ഓസ്ട്രേലിയ എന്‍റെ അമ്മവീടൊന്നുമല്ലല്ലോ?

പണ്ട് ബെര്‍ലിച്ചായന്‍ പറഞ്ഞതുപോലെ പോപ്പും പോപ്പിക്കുടയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?

ആ ബന്ധമേയുള്ളൂ നവീനും ഓസ്ട്രേലിയയും തമ്മില്‍ ...!!!

നോട്ട് ഗെറ്റിംഗ് ഗ്രേപ്പ് വില്‍ TAMARIND (കിട്ടാത്ത മുന്തിരി പുളിക്കും എന്ന് )

അങ്ങനെ ആ ഇന്റര്‍വ്യൂവിനായി കൊച്ചിയിലെ താജ് ഹോട്ടലിന്‍റെ മുന്നില്‍ എത്തിയപ്പോഴാണ് കേരളത്തില്‍ തേങ്ങയെക്കാളധികം ഉത്പാദിപ്പിക്കപ്പെടുന്ന ഒരു നാണ്യവിളയാണ് നേഴ്സുമാര്‍ എന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്...

എത്ര തിരക്കില്ലാത്തിടത്തും ഇടിച്ചു കയറി തിരക്കുണ്ടാക്കുക എന്നത് നമ്മള്‍ മലയാളികളുടെ ജന്മാവകാശമാണല്ലോ?
ഞാനും ഇടിച്ചു അകത്തു കയറി.
അപ്പൊ ദേ.. ഗേറ്റില്‍ നിന്ന് മെയിന്‍ ഹാള്‍ വരെ ഒരു ക്യൂ (ഈ ക്യൂ കണ്ടു പിടിച്ച നാറിയെ വെടിവച്ചു കൊല്ലണം )

നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹാളിലെത്തി .

ആദ്യം റിട്ടണ്‍ ടെസ്റ്റ്‌ ആണ് (അവിടെ കോപ്പിയടിക്കാനുള്ള സ്കോപ്പ് വല്ലതും ഉണ്ടാകുമോ ആവോ? )
ഡീ.. ഈ ചേട്ടന് ''വല്ലതുമൊക്കെ കാണിച്ചു തരണേ'' എന്ന ദയനീയ ഭാവത്തില്‍ ഞാന്‍ അടുത്തിരുന്നവളെ ഒന്ന് നോക്കി ..

അവള്‍ക്കെന്നെയങ്ങ് പിടിച്ചില്ല എന്ന് തോന്നുന്നു..

മോളെ ഐ മീന്‍ ആന്‍സര്‍ കാണിച്ചു തരണം എന്നാണ്.. മോള് തെറ്റിദ്ധരിച്ചില്ലല്ലോ അല്ലെ?

പെട്ടെന്ന് കുറെ അറബികള്‍ ഹാളിലേക്ക് കടന്നു വന്നു .. .

കുളത്തിലെ വെള്ളത്തില്‍ പുട്ടുകുടം മുക്കിപ്പിടിച്ചത് പോലെ കുറെ ''ബുളും ബുളും'' ശബ്ദങ്ങള്‍ അറബികളുടെ വായീന്ന്..

സത്യം പറയാല്ലോ എനിക്കൊരു കോപ്പും മനസ്സിലായില്ല..

എനിക്ക് ആകെ അറിയാവുന്ന അറബി 'വാ അലൈക്കും ഉസലാം...'' മാത്രമാണ്..

റിട്ടണ്‍ ടെസ്റ്റ്‌‌ കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോ ലോകത്തിലെ ഒമ്പതാമത്തെ അത്ഭുതം സംഭവിച്ചു കഴിഞ്ഞിരുന്നു .

നവീന്‍ ജെ ജോണ്‍ PASSED!!!

(എന്‍റെ കറക്കിക്കുത്ത്‌ ദൈവങ്ങളെ .. നന്ദിയുണ്ട് ട്ടാ ... )

ഉടനെ മമ്മിയെ വിളിച്ചു .. മദറെ ഞാന്‍ റിട്ടണ്‍ ടെസ്റ്റ്‌ പാസായീട്ടോ...

മമ്മി: ചുമ്മാ മനുഷ്യനെ ചിരിപ്പിക്കാതെ പോടാ...
എന്‍റെ മമ്മീ സത്യമായിട്ടും ... ഞാന്‍ ജയിച്ചു .
മമ്മി: കര്‍ത്താവേ സ്തോത്രം..
മോനെ ഞാന്‍ മുട്ടേല്‍ നിന്ന് പ്രാര്‍ഥിക്കുവായിരുന്നു .(അത് ശരി അപ്പൊ അതാണ്‌ ജയിക്കാന്‍ കാരണം !ചുമ്മാ എന്‍റെ കഴിവിനെ സംശയിച്ചു , മണ്ടന്‍ )

ഓക്കേ മമ്മീ... ഇപ്പൊ ഇന്റെര്‍വ്യൂ തുടങ്ങും ,
മമ്മി ഒരു പണി ചെയ്യ്‌ ..,മുട്ടില്‍ നിന്ന് എണീക്കണ്ടാ .,
നമ്മുടെ രൂപക്കൂടിനു മുന്നില്‍ ഒരു പാക്കറ്റ് മെഴുകുതിരി നിരത്തി കത്തിച്ചോട്ടോ ..
പിന്നെ ആ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന അന്തോനീസു പുണ്യാളനോട് തല്‍ക്കാലം ഈ മെഴുകുതിരി കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പ്രത്യേകം പറയണേ..
(ഈ പാര്‍ഷ്യാലിട്ടി എനിക്കിഷ്ടമല്ല , പ്രത്യേകിച്ച് പുണ്യാളന്മാരുടെ കാര്യത്തില്‍ )
മമ്മി: ഡാ ദൈവദോഷം പറയാതെ പോടാ..

അങ്ങനെ ഇന്റര്‍വ്യൂ സമയം ആയി ..ഹാളിന്‍റെ വരാന്തയില്‍ കൂടി അഭിജ്ഞാന ശാകുന്തളത്തിന്‍റെ മുഴുപ്പുള്ള കുറെ പുസ്തകങ്ങളും ചുമന്നു കൊണ്ട്
'' അത്തള പുത്തള തവളാച്ചീ '' എന്ന ട്യൂണില്‍ GIRLS എന്തൊക്കെയോ വായിച്ചു തള്ളുന്നു.

ഇവളുമാര്‍ക്കൊക്കെ ഇപ്പഴാണോ പഠിക്കാന്‍ മുട്ടിയത്‌?

മക്കളെ.., എന്നെപ്പോലെ വീട്ടിലിരുന്നു എല്ലാം പഠിച്ചിട്ടു വേണ്ടേ വരാന്‍..

ഇക്കാര്യത്തില്‍ ആണ്‍പിള്ളാരെ കണ്ടു പഠിക്കണം ..!!
ദേ.. കൊറെയെണ്ണം ആ തെങ്ങിന്‍ ചുവട്ടില്‍ ഗോള്‍ഡ്‌ ഫില്‍ടറും കത്തിച്ചു പിടിച്ചിരിക്കുന്നു .
എന്‍റെ തൊട്ടടുത്തിരിക്കുന്ന ഒരുത്തന്‍ എന്നെ തുറിച്ചു നോക്കുന്നു...
ലവന്‍: അളിയാ , എവിടെയോ കണ്ടു നല്ല പരിചയമുണ്ടല്ലോ ?
ഞാന്‍: മച്ചൂ , കോയമ്പത്തൂരാണോ പഠിച്ചത്...
ലവന്‍: അതെ...
ഞാന്‍: എങ്കില്‍ വല്ല ബാറില്‍ വച്ചും കണ്ട പരിചയമായിരിക്കും .., വിട്ടു കള അളിയാ..

ഇന്റെര്‍വ്യൂവിന് പേര് വിളിച്ചു തുടങ്ങി .
ആല്ഫബെടിക് ഓര്‍ഡറിലാണ് പേര് വിളി..
ഹോ... എനിക്ക് 'ആന്‍റെണി' യെന്നോ 'ആല്‍വിനെ'ന്നോ പേരിടാഞ്ഞത് എത്രയോ നന്നായി..
അങ്ങനെയാണെങ്കില്‍ ആദ്യം കയറി 'സാമ്പ്ലിംഗ് സ്പെസിമെന്‍' ആകേണ്ട ഗെതികേട് വന്നേനെ..

ഏകദേശം നാല് മണിയോട് കൂടി എന്‍റെ പേര് വിളിച്ചു .
ഞാന്‍ ബൈസെപ്സ് ഒക്കെ കാണിച്ചു അകത്തു കേറിച്ചെന്നു.
മൂന്നു അറബിണികള്‍(അറബിയുടെ സ്ത്രീ ലിംഗമാണ് ദേ.., ഇപ്പൊ കണ്ടുപിടിച്ചതാ ) നിരന്നിരിക്കുന്നു..
മുന്നിലെ കസേരയില്‍ ഞാനും ...
ഒരുത്തി പേരും വിശദ വിവരങ്ങളും ചോദിച്ചു .

വേറൊരുത്തി..
വേര്‍ യൂ WORKED?

കൃഷ്ണപ്പന്‍റെ പലചരക്ക് കടയില്‍ കുമ്പിള് കുത്താന്‍ നില്‍ക്കുവാ ഇപ്പൊ..അല്ല പിന്നെ..

ഇതെന്തു ച്വാദ്യമാണ്‌ അറബിണീ..?
അഭ്യസ്തവിദ്യനായ ഒരു മെയില്‍ നേഴ്സിനോട് ച്വാദിക്കാവുന്ന ച്വാദ്യം ആണോ ഇത്?
നേഴ്സിംഗ് കഴിഞ്ഞ എല്ലാരും ആശൂത്രീലല്ലേ വര്‍ക്കുന്നത് .???

അടുത്ത അറബിണി..
WHAT IS THE USE OF മാണിടോള്‍???
പടച്ചോനെ .. ദേ പിന്നേം പെട്ട്..
എനിക്ക് ആകെ അറിയാവുന്ന ഒരേ ഒരു മാണി, നമ്മുടെ പാലായിലെ മാണിച്ചായനാണ്..പക്ഷെ അത്രയ്ക്ക് 'ടോള്‍ ' ഒന്നും അല്ല കക്ഷി.., കൂടിപ്പോയാല്‍ ഒരു ആറടി പൊക്കം കാണും..
ഈ 'ടോള്‍ മാണി''ച്ചായനെ കൊണ്ട് കോണ്ഗ്രസ്സുകാര്‍ക്കു നല്ല യൂസ് ആണ് .
ഞങ്ങടെ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരെക്കൊണ്ട് കമ്യൂണിസ്റ്റ്കാര്‍ക്കെതിരെ ഇടയലേഖനം എഴുതിപ്പിക്കുന്നതും മാണിച്ചായനാണ് എന്ന് പൊതുവേ ഒരു പറച്ചിലുണ്ട് ..
അതും ഒരു പ്രധാനപ്പെട്ട യൂസ് അല്ലെ..

നാബീന്‍...,ഐ ASKED വാട്ട് ഈസ് ദി USE ഓഫ് INJECTION MANNITOL...??????
DO U KNOW THE ANSWER...?
അത് ശരി അപ്പൊ മാണിച്ചായനെക്കുറിച്ചല്ല ചോദിച്ചത് അല്ലെ..
നമ്മുടെ PRACTICAL എക്സ്പീരിയന്‍സിലെക്ക് ഒന്ന് കണ്ണോടിച്ചു നോക്കി..
HEAD INJURY ആയവര്‍ക്ക് ന്യൂറോ സര്‍ജന്മാര്‍ മൂന്നു നേരവും എഴുതുന്ന മരുന്നാണ് മാന്നിടോള്‍ എന്ന് മാത്രം എനിക്കറിയാം..
''തുമ്പ് കിട്ടിപ്പോയ്...''
''WELL MADAM.., mannitol is medicine used mainly for head injury cases and helps to prevent brain edema and further damage...''
ഞാന്‍ പറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ വാതിലില്‍ ഒരു മുട്ട് ..
ഒരു പ്ലേറ്റ് നിറയെ പരിപ്പുവടയും ചായയുമായി റൂം ബോയ്സ് ..
അറബിണികളുടെ ടീ ടൈം ആണ്..
ഫുഡ് വന്നതോടെ മൂന്നെണ്ണവും ചോദ്യം നിര്‍ത്തി ചാടിയെണീറ്റു...
എന്നിട്ട് എന്നോട് വിശ്വസിക്കാന്‍ പ്രയാസമുള്ള ഒരു സത്യവും പറഞ്ഞു .

u are selected .. welcome to kuwait...

എന്‍റെ തമ്പുരാനേ.. മനുഷ്യനെ ആപത്തുകളില്‍ നിന്നും രക്ഷിക്കാന്‍ ദേവന്മാര്‍ പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്ന് ആരോ പറഞ്ഞത് ഞാന്‍ വിശ്വസിച്ചിരുന്നില്ല...
അവിശ്വാസിയായ എന്നെ വിശ്വസിപ്പിക്കാന്‍ അങ്ങ് 'വെറും ഒരു പരിപ്പുവടയുടെ' രൂപത്തില്‍ അവതാരം ചെയ്യണമായിരുന്നോ ?

എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാട്ടോ ...
അവിവേകമായെങ്കില്‍ ക്ഷമിക്കണേ...

(അപ്പൊ അന്ന് മുതല്‍ ഞാന്‍ വളരെയധികം ബഹുമാനത്തോടെ കാണുന്ന ഒരു പലഹാരമാണ് പരിപ്പുവട , മേരാ പരിപ്പുവട മഹാന്‍...)
.
.
.
.
.
.
.
.

NB:ഈ ബ്ലോഗ്‌ വായിച്ച് ഭക്തി മൂത്ത് ആരെങ്കിലും പരിപ്പ് വടയുടെ പേരില്‍ പള്ളികളും അമ്പലങ്ങളും തുടങ്ങിയാല്‍ എനിക്ക് യാതൊരു ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല...

.
.

Monday, November 22, 2010

''രാഘവന്‍ തിരുവല്ല C/O താജ്മഹല്‍''


രാഘവന്‍ എന്ന ഘനഗംഭീരനാമം കേട്ടാല്‍ ആദ്യം മനസ്സിലെക്കോടിയെത്തുന്നത് മ്മടെ ഇന്ത്യാ വിഷന്‍റെ മുന്‍ CEO ആയിരുന്ന നികേഷ് കുമാരണ്ണന്‍റെ ഫാദര്‍ജിയും മുന്‍ മന്ത്രിയും CMP നേതാവുമായ ശ്രീമാന്‍ M V രാഘവന്‍റെ മുഖമായിരിക്കും... ഇപ്പോഴും ഗൌരവഭാവം ... നാവെടുത്താല്‍ രാഷ്ട്രീയം മാത്രം !! അത് കൊണ്ട് തന്നെ ആ പേര് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചോര തിളച്ചു നില്‍ക്കുന്ന ഒരു ശരാശരി യുവാവിന്‍റെ വികാരം തന്നെയായിരുന്നു എനിക്കും ഉണ്ടായിരുന്നത് .

പിന്നെ അറിയാവുന്ന മറ്റൊരു രാഘവന്‍ '' നടേശാ കൊല്ലണ്ടാ '' എന്ന ഒറ്റ ഡയലോഗ് കൊണ്ട് മലയാള സിനിമയിലെ വില്ലന്മാരുടെ പ്ലേറ്റ് മറിച്ചിട്ട സാക്ഷാല്‍ ''വിജയ രാഘവന്‍ '' ആണ്.
ബൈ ദ വേ.., പറഞ്ഞ് വന്നത് രാഘവന്‍ എന്ന പേരിനോട് എനിക്ക് എന്തെന്നില്ലാത്ത ബഹുമാനം ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2004 ജൂലൈ മാസം വരെ..
അതിനു ശേഷം രാഘവന്‍ എന്ന പേര് കേട്ടാല്‍ പൊട്ടിചിരിക്കാനെ എനിക്ക് സാധിക്കുന്നുള്ളൂ..
അത് എന്‍റെ തെറ്റേ അല്ല എന്ന് വഴിയെ മനസ്സിലായിക്കൊള്ളും !!!

AD 2004 , കോയമ്പത്തൂരിലെ മധുക്കരയിലുള്ള ഒരു തുക്കണാച്ചി കോളേജില്‍ നേഴ്സിംഗ് പഠനം എന്ന വ്യാജേന വായ്നോട്ടത്തില്‍ PHD യും Mphil ഉം ഒരുമിച്ചെടുക്കാന്‍ കാലിട്ടടിച്ച് പെടാപ്പാട് പെട്ടിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു ഈയുള്ളവന്..
ഓരോ SEMESTER കഴിയുന്തോറും സപ്ലികള്‍ മയില്‍‌പീലി പെറ്റു പെരുകുന്നത് പോലെ കൂടി വരുന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് വേറൊരു പ്രയോജനവുമില്ലാതെ കുറച്ചു കൊല്ലങ്ങള്‍ അവിടെ അങ്ങിനെ ഈച്ചയും ഓടിച്ച് അങ്ങനെ അങ്ങനെ...

മോര്‍ണിംഗ് ഗോയിംഗ് ഈവെനിംഗ് കമിംഗ് ഡാഡീസ് MONEY സിമ്പ്ലി വേസ്റ്റിംഗ് ..

സ്വഭാവഗുണം കൊണ്ട് ക്ലാസീന്ന് ഗെറ്റ് ഔട്ട്‌ കിട്ടാത്ത ദിവസങ്ങള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ഉണ്ടെങ്കിലായി .. കോളേജ് കാന്‍റീനിലെ എന്‍റെ പറ്റുബുക്കിലെ AMOUNT കുത്തനെ ഉയരുന്നതിന് ഈ ഗെറ്റ് ഔട്ട്‌കള്‍ മാത്രമായിരുന്നു കാരണം.
എല്ലാ സ്റ്റുഡന്റ്റ്സും ക്ലാസ്സിലിരുന്നു അനാട്ടമിയും ഫിസിയോളജിയും അരച്ചു കലക്കി പഠിക്കുമ്പോള്‍ ഞാനെന്ന സത്യം കാന്റീനിലെ വളിച്ച പരിപ്പുവടയും തിളച്ച കട്ടന്‍ ചായയും കുടിച്ചു സഖാവ് മാര്‍ക്സ് വിഭാവനം ചെയ്ത ആ സോഷ്യലിസ്റ്റ് ഇന്ത്യയെ സ്വപ്നം കണ്ടു പോന്നു . ബട്ട് ബില്ലിന്‍റെ കാര്യത്തില്‍ മാത്രം ഒരു മാതിരി ഫ്യൂഡലിസമാണ് ആ കാഷ്യര്‍ തമിഴത്തി എന്നോട് കാണിച്ചിരുന്നത് .

എന്നും അസമയത്ത് (ക്ലാസ് ടൈം) ക്യാന്‍റീന്‍ വിസിറ്റ് ചെയ്തിരുന്ന എന്നെ ആ ചേച്ചി നോക്കുന്ന നോട്ടം കണ്ടാല്‍ വിതുര ,സൂര്യനെല്ലി, അടിമാലി കേസുകളെല്ലാം ഞാണ്‍ ഒറ്റ ഒരുത്തന്‍ കുത്തിയിരുന്നു ചെയ്തതാണെന്ന് തോന്നിപ്പോകും .
പലപ്പോഴും'' ഏയ്‌ ഞാനാ ടൈപ്പല്ല..'' എന്ന് പറയണം എന്ന് തോന്നിയിട്ടുണ്ട് .

കഴുത്തില്‍ മഞ്ഞച്ചരടുണ്ടെങ്കിലും മഞ്ഞ സാരിയും ചുവന്ന ബ്ലൌസും ഇട്ടു പുത്തന്‍ ചട്ടിയേല്‍ കുമ്മായം തേച്ചത് പോലെ മോന്ത മുഴുവന്‍ പൌഡര്‍ ഇട്ട് അഞ്ചാറു മുഴം മുല്ലപ്പൂവും ചൂടി ഒരു വശപ്പിശക് നോട്ടത്തോടെ എട്ടേ പത്തേ എട്ടേ പത്തേ.. എന്നുള്ള ആ നടത്തം കണ്ടാല്‍ സഹതാപം കൊണ്ട് ആരും നോക്കിപ്പോകും ..
ഞാനും നോക്കി.. താടിക്ക് കയ്യും കൊടുത്ത്..

അപ്പൊ ദേ ആ പെണ്ണുംമ്പുള്ള വന്നു എന്നോട് ചൂടാവുന്നു...

''എന്ന തമ്പീ ലുക്ക് വിട്രെ...'' എന്ന്?

എന്‍റെ അന്തോനീസു പുണ്യാളാ നീ ഇതൊന്നും കേള്‍ക്കുന്നില്ലേ..???
ലുക്ക് വിടാന്‍ പറ്റിയ ഒരു പീസേ ..

മുഖത്ത് മൂക്കുണ്ടോന്നറിയാന്‍ 'ബ്രൈറ്റ് ലൈറ്റ് ' അടിച്ചു നോക്കണം.
അന്യന്‍റെ ഭാര്യയെ ആണ്‍പിള്ളേര് മോഹിക്കരുത് എന്നല്ലേയുള്ളൂ പ്രമാണം ..
അന്യന്‍റെ ഭാര്യമാര്‍ക്കൊക്കെ നമ്മളോട് എന്തും ആവാല്ലോ?അല്ല പിന്നെ..!!
എന്‍റെ പരദൈവങ്ങളെ എനിക്കെന്തിനാ ഈ ഗ്ലാമര്‍ വാരിക്കോരി തന്നത്..?
കുറച്ചെടുത്തു ആ പ്രിഥ്വിരാജിനും കുഞാക്കോ ബോബനുമൊക്കെ കൊടുത്തൂടാര്‍ന്നോ ?

അങ്ങനെ ഞാനും പരദൈവങ്ങളുമായി ഗ്ലാമറിന്‍റെ കാര്യത്തില്‍ ഒരു ഡിബേറ്റ് നടന്നു കൊണ്ടിരിക്കുമ്പോഴാണ് കോളേജിലെ അറ്റെന്ടെര്‍ പളനിയപ്പന്‍ ക്യാന്റീനി ലേക്ക് ഓടി വന്നു അലറി...

''ഫൈനല്‍ ഇയറിലെ നവീന്‍ ജെ ജോണിനെ പ്രിന്‍സിപ്പാള്‍ കൂപ്പിട്രെ...''


കര്‍ത്താവേ ഇതിപ്പോ ഏതാ കേസ്?
ബാത്ത്രൂമിലെ പൈപ്പ് ഓടിച്ചതോ? അതോ ക്ലാസ്സ്‌ റൂമിലെ CFL ലാമ്പ് അടിച്ചു മാറ്റിയതോ?

മനസ്സില്‍ മുഴുവന്‍ കുറ്റബോധം ആയിരുന്നു ,ബോയ്സിന്‍റെ ബാത്രൂമിലെ പൈപ്പ് ഒടിച്ചത് മോശമായിപ്പോയി .. ഗേള്‍സിന്റെ പൈപ്പും കൂടി ഒടിക്കേണ്ടതായിരുന്നു ..
ഇതിപ്പോ ഒടിച്ചെന്ന പേരുമായി .. ഛെ,,. ആവശ്യ സമയത്ത് ഈ ബുദ്ധി തോന്നത്തില്ലല്ലോ .. എനി വേ ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം.

കൂലംകുഷ്യന്തനായി ചിന്തിച്ച് പ്രിന്‍സിയുടെ ക്യാബിനടുത്തെത്തിയ ഞാന്‍ ഞെട്ടിപ്പോയി .അകത്ത് നമ്മുടെ സന്തത സഹചാരി ജയപ്പന്‍ .പിന്നെ തേര്‍ഡ് ഇയറിലെ കണിമണ്ടന്‍ സോറി മണികണ്ടന്‍ .

അപ്പൊ വിഷയം പൈപ്പ് കേസല്ല .. രണ്ടു ദിവസം മുന്‍പ് രംഭ ബാറില്‍ വച്ച് ടച്ചിങ്ങ്സിന്‍റെ പേരില്‍ കണിമണ്ടനുമായി തല്ലുണ്ടാക്കിയത് പ്രിന്‍സി അറിഞ്ഞിട്ടുണ്ടാവണം...

ഒരു സസ്പെന്‍ഷന്‍റെ മണമല്ലേ അടിക്കുന്നത്?

EXCUSE ME MADAM... മേ ഐ കം ഇന്‍...

യെസ്.. പ്രിന്‍സിയുടെ മുഖത്ത് പുഞ്ചിരി..

പിന്നെ ഈ ചിരിയൊക്കെ നമ്മള്‍ കൊറേ കണ്ടിട്ടുള്ളതാ..പെട്ടന്നായിരിക്കും ഒരു പൊട്ടിത്തെറിയും കൂടെ പച്ചത്തെറിയും..
നവീന്‍ തോക്കൂല്ല മാടം..


ഞാന്‍ ജയപ്പന്‍റെ മുഖത്തേയ്ക്ക് നോക്കി ഒരു 'ദ്യുംനത കലര്‍ന്ന മ്ലാനത'
ഇനി കനിമണ്ടന്‍ ജയപ്പന്‍റെ മോന്തയ്ക്ക് ചാമ്പിയോ ആവോ?

മല പോലെ വന്നത് എലി പോലെ പോയി എന്നൊക്കെ കേട്ടിട്ടേയുള്ളൂ..

സസ്പെന്‍ഷന്‍ കിട്ടിയാല്‍ നാട്ടില്‍ പോയി വീഗാലാണ്ടിലോക്കെ ഒന്ന് പോകണം എന്ന് ഹൈപ്പര്‍ പ്ലാന്‍ ഇട്ടു കൊണ്ടിരുന്ന എന്റെ ചെവിയിലേക്ക് ആ വാര്‍ത്ത വന്നു വീണു .

''അടുത്ത മാസം മദ്രാസ്സില്‍ വച്ച് SNA (Student Nurses Association )യുടെ ബൈനിയല്‍ കോണ്‍ഫറന്‍സ് നടക്കുന്നു .

സൊ നമ്മുടെ കൊളേജീന്നു ആരൊക്കെ എന്തിനൊക്കെ പങ്കെടുക്കുന്നു എന്നുള്ള ലിസ്റ്റ് ഉണ്ടാക്കണം അതിനാ വിളിപ്പിച്ചത്...

ഞങ്ങടെ കോളേജിലെ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ തീരെ കള്‍ച്ചര്‍ ഇല്ലാത്ത ഈ ഞാനായിരുന്നു എന്ന് അഹങ്കാരലേശമന്യേ അറിയിച്ചു കൊള്ളട്ടെ...(കോളേജിന്റെ സ്റ്റാന്‍ഡേര്‍ഡ് മനസിലായല്ലോ ഇനി മിണ്ടരുത് )

ആ വാര്‍ത്ത കേട്ടതും എന്‍റെ മനസ്സില്‍ ഒരു പത്തഞ്ഞൂറു ലഡ്ഡു ഒരുമിച്ചു പൊട്ടി !!പ്രഷ്ക്കെ.. പ്രഷ്ക്കെ.. പ്രഷ്ക്കെ.!!
!


SNA യുടെ ACCOUNTIL ഒരു ലക്ഷത്തോളം രൂപ ബാലന്സുണ്ട് അതിന്‍റെ നല്ലൊരു ഭാഗം ഫുഡ്‌ അടിച്ചു മുടിപ്പിക്കാം .പിന്നെ എങ്ങനെ പോയാലും ഗ്രൂപ്പ് ഡാന്‍സ് ഗ്രൂപ്പ് സോംഗ് എന്നിങ്ങനെ പല ഗ്രൂപ്പുകളിലായി GIRLS അഞ്ചാറെണ്ണം ഒറപ്പ്..മൂന്നു ദിവസം അവരുമായി പഞ്ചാരയടിച്ചു നടക്കാം .. ആഹാ.. ആഹഹാ..

കോണ്ഫെറെന്‍സിലെ ജനപ്രിയ ഇനമാണ് MR. & MISS. SNA മത്സരം ..
നമ്മുടെ കോളേജിലെ മിസ്റ്റര്‍ SNA CANDIDATE ആയി തെരഞ്ഞെടുത്തത് ജയപ്പനെയാണ് .ജയപ്പന്‍ ആള് ചുള്ളനാനെങ്കിലും വാ തുറന്നാല്‍ അബദ്ധങ്ങള്‍ മാത്രമേ മോഴിയൂ.. തുണിക്കടയ്ക്ക് മുന്നില്‍ ഉടുപ്പിടീച്ചു
പ്രതിമയ്ക്ക് പകരം നിര്‍ത്താന്‍ ബെസ്റ്റ് സാധനമാണ് ജയപ്പന്‍..

അങ്ങനെ കാത്തിരുന്ന ആ സുദിനം വന്നെത്തി . അതിരാവിലെ ആറ് മണിക്ക് എല്ലാവരും കോളേജില്‍ റെഡി . ഞങ്ങളെ കാത്തു ഒരു ടെമ്പോ ട്രാവലര്‍ കോളേജ് മുറ്റത്ത്.
ജയപ്പന്‍ പറഞ്ഞു .., അളിയാ, ദേ നോക്കെടാ മലയാളിയുടെ വണ്ടിയാ .വണ്ടിയുടെ പേര് കണ്ടോ? മറിയാമ്മ... ????????
മച്ചൂ.. പ്ലീസ് ചിരിപ്പിക്കരുത്..
മറിയാമ്മയല്ലെടാ കോപ്പേ.. ''മാരിയമ്മ''

അങ്ങനെ ഫുഡിങ്ങിലും പഞ്ചാരയടിയിലും മെയിന്‍ CONCENTRATION കൊടുത്ത് ആ യാത്ര തുടങ്ങി..
എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന കുറെ മാഡംസും എന്ത് വളിപ്പ് കേട്ടാലും തച്ചിനിരുന്ന് കി കി കി എന്ന് ചിരിക്കുന്ന കുറെ പെണ്‍പിള്ളേരും കൂടെയുണ്ടെങ്കില്‍ ഏതാവനായാലും ഒന്ന് സ്റ്റാര്‍ ആകാന്‍ ശ്രമിച്ചു നോക്കും . ഞാനും ഒന്ന് ശ്രമിച്ചതില്‍ എന്താ തെറ്റ്?

നാട്ടില്‍ ലീവിന് വരുന്ന പട്ടാളക്കാര്‍ പറയുന്നത് പോലെ ''വെന്‍ ഐ വാസ് ഇന്‍ ഡറാഡൂണ്‍ ഐ മെറ്റ് എ പുലി..''. എന്നൊക്കെ പറഞ്ഞ് കൊറേ കത്തി അങ്ങ് വച്ചു ..

ജയപ്പന്‍ കൊറേ സഹിച്ചു അവസാനം അവന്‍ പറഞ്ഞു . 'മതിയെടാ കൊന്നത്?
ദേ എല്ലാത്തിന്റേം ചെവീന്ന് പൊക വരുന്നു..
ആഹാ അത് ശരി.. അവസാനം സോമന്‍ ഊളയായി അല്ലെ?
നിനക്ക് വെച്ചിട്ടുണ്ട്രാ..

അങ്ങനെ വൈകിട്ടോടെ ഞങ്ങള്‍ സംഭവ സ്ഥലത്തെത്തി .
എന്‍റെ കണ്ട്രോള്‍ മാതാവേ എന്താ ഇവിടെ നടക്കുന്നത്?
കൊണ്ഫെറന്‍സോ?
അതോ? ചരക്കുകളുടെ സംസ്ഥാന സമ്മേളനമോ?
പല നിറത്തില് പല സൈസില് ഒരു ഹാള്‍ നിറയെ നല്ല കിണ്ണന്‍ പീസുകള്‍..
എങ്ങോട്ട് നോക്കണം എന്ന് എന്‍റെ കണ്ണിനു തന്നെ കണ്ഫ്യൂഷനായ നിമിഷങ്ങള്‍..

എന്ജിനീയറിങ്ങിന് പോകാതെ നേഴ്സിങ്ങിനു വന്നത് എത്രയോ നന്നായി..ഇതാണ് പറയുന്നത് ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് ദാസാന്ന്..

നല്ല പച്ചത്തക്കാളി പോലുള്ള പെണ്‍പിള്ളേര്‍ കാണികളായുണ്ടെങ്കില്‍
ഏതു തൈക്കിളവനും കൃമികടി കൂടുമല്ലോ?
സൊ പാട്ടും ഡാന്‍സും അറിയാവുന്നവര്‍ അവിടെ താരങ്ങളായി..
ജയപ്പനും ഞാനും പിന്നെ സം അദര്‍ കൂതറകളും കൂടി പലതും കണ്ടു നിന്നു..
കുറ്റബോധം മനസിന്‍റെ ഭിത്തിയില്‍ പിന്നെയും ചൊറിയുന്നു..
ഛെ,, ചെറുപ്പത്തില്‍ മാവേല്‍ കേറാന്‍ പഠിച്ച സമയത്ത് സിനിമാറ്റിക്ക് ഡാന്‍സ് പഠിക്കേണ്ടതായിരുന്നു?
ആ വിഷമത്തില്‍ ഞങ്ങള്‍ കിടന്നുറങ്ങി..

പിറ്റേ ദിവസം രാവിലെ പെയിന്റിംഗ് COMPETITION ആണ് . ഇന്ന് ഞാന്‍ ലിയാനടോ ഡാവിഞ്ചിയെ തോല്‍പ്പിക്കും എന്ന ആത്മവിശ്വാസവുമായി കുറെ കളറും ബ്രഷുകളുമായി പെയിന്റിംഗ് ഹാളിലേക്ക് ഞാന്‍..
ഏകദേശം മധ്യഭാഗത്തായി സീറ്റ് കിട്ടി ..

തൊട്ടപ്പറെ ഒരു മലയാളി പെങ്കൊച്ച് 'ടോപ്പ്' അര വരെ കീറിയ ചുരിദാറുമിട്ട് എന്‍റെ കണ്ട്രോളിന് വില പറയുന്നു.. (അല്ലേലും വാളയാര്‍ കഴിഞ്ഞാല്‍ 90 ശതമാനം മല്ലു പെണ്‍പിള്ളേരും തുണി കുറയ്ക്കാന്‍ തുടങ്ങും എന്നത് പരസ്യമായ രഹസ്യമാണല്ലോ?)
അത് പോട്ടെന്നു വയ്ക്കാം എന്‍റെ തൊട്ടു മുന്നില്‍ രണ്ടടി വീതിയുള്ള ചപ്പാത്തി പലക പോലത്തെ 'പുറം' പകുതിയോളം കാണാന്‍ പാകത്തിന് ഡ്രെസ്സിന്‍റെ കഴുത്ത് വെട്ടിയ വേറൊരുത്തി..

പെയിന്റിംഗ് മത്സരങ്ങള്‍ ഇനിയും വരും .., ഇതൊക്കെ വല്ലപ്പഴുമേ കിട്ടൂ.. എല്ലാവരും കൂലംകഷമായി ചിന്തിച്ചു പടം വരച്ചപ്പോള്‍ ഞാന്‍ മുന്നിളിരുന്നവളുടെ മുതുകില്‍ കറുത്ത ചായം കൊണ്ട് 'ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എന്ന് എഴുതിയാലോ എന്നാലോചിക്കുകയായിരുന്നു..

സന്ധ്യയായി പ്രഭാതമായി മൂന്നാം ദിവസം ..
രാവിലെ മുതല്‍ റിസേര്‍ച് പ്രസന്റെഷനും അനുബന്ധ ചര്‍ച്ചകളുമായി ബുദ്ദിസ്ടുകള്‍ വേദിയില്‍ വാക്കേറ് നടത്തുന്നു..ജയപ്പന്‍ മുന്നിലെ സീറ്റില്‍ കാലും കയറ്റി വച്ച് കൂര്‍ക്കം വലിച്ചുറങ്ങുന്നു... വൈകിട്ട് ആറ് മണിക്കാണ് MR. SNA
CONTEST .
അളിയാ നമുക്കൊന്ന് കറങ്ങാന്‍ പോയാലോ?
കൂടെ വേറൊരു കൂതറയേം കൂട്ടി റോട്ടിലേക്കിറങ്ങി അടുത്ത ജങ്ക്ഷന്‍ പിടിച്ചു .
ആദ്യം കണ്ണിലുടക്കിയത് ഒരു പച്ച ബോര്‍ഡാണ്'' എലൈറ്റ് വൈന്‍സ് ''''
ഉടനെ വന്നു ജയപ്പന്‍റെ റെസ്പോന്‍സ് ‌ ''ഞാന്‍ അമ്പതിട്ടു''
ഡാ പന്നീ... വൈകിട്ട് സ്റ്റേജില്‍ കേറാനുള്ളതാ..
ഓ പിന്നെ .. നമ്മള്‍ എത്ര സ്റ്റേജ് കണ്ടിരിക്കുന്നു (ജയപ്പന്‍ )
എന്നാപ്പിന്നെ ഞാനുമിട്ടു..
അങ്ങനെ പിരിച്ചെടുത്ത തുട്ടു കൊടുത്ത് ഒരു ''8 PM '' വാങ്ങിച്ചു 3 PM വരെ ഞങ്ങള്‍ അവിടിരുന്നു .
പിന്നെ നേരെ റൂമിലേക്ക്..
എല്ലാവരും ഏതാണ്ട് ചീഞ്ഞ പരുവമാണ്..
ഒന്ന് പോയി കുളിയെടാ ശവമേ.. എല്ലാവരും പരസ്പരം പറഞ്ഞ്..
അങ്ങനെ ജയപ്പനെ കുളിപ്പിച്ച് ഷേര്‍വാണിയൊക്കെ ഇടീച്ചു പയ്യെ STAGEലെക്ക് ..
ജയപ്പന്‍റെ ചെസ്സ്‌ നമ്പര്‍ വിളിച്ചു .
അവന്‍ ഡബ്ലിയൂ ഡബ്ലിയൂ പോലെ ഒരു പിശക നോട്ടവുമൊക്കെ നോക്കി STAGEലെക്ക് ..
രണ്ട് റൌണ്ട് 'കാറ്റ് വാക്ക്' ..(അതൊപ്പിച്ചു )
അവസാനം QUESTION റൌണ്ട് ..
ജട്ജെസ് കുറെ ചോദ്യം ചോദിക്കും ..
അതിനെല്ലാം പുട്ട് പോലെ മറുപടി പറയണം..

ജയപ്പന്റെ നറുക്ക് വീണു..
കുറിഞ്ഞിപ്പൂച്ച മീന്‍കാരനെ നോക്കുന്ന ദയനീയ ഭാവത്തില്‍ ജയപ്പന്‍ ജട്ജസ്സിനെ നോക്കി..

ഫസ്റ്റ് ചോദ്യം..

WHO BUILT TAJMAHAL?

മുന്നിലിരുന്നു കൂടെ വന്ന പിള്ളേര് ചുണ്ട് കൊണ്ട് ആക്ഷന്‍ കാണിച്ചു..

. ഷാ.. ജ...ഹാ..ന്‍..
. ഷാ.. ജ...ഹാ..ന്‍..

ജയപ്പന്‍ കണ്ണൊന്നു തിരുമ്മി, രണ്ടും കല്പ്പിച്ചങ്ങു പറഞ്ഞു..

''രാഘവന്‍...''

ജഡ്ജസ് :WHAT THE HELL? ഹൂ ഈസ്‌ ദാറ്റ്‌ രാഘവന്‍?

ജയപ്പന്‍ വിട്വോ?

ഹീ വാസ് ദി മെയിന്‍ മേസ്തരി, ആന്‍ഡ്‌ ഹീ ഈസ്‌ ഫ്രം തിരുവല്ല...


എന്‍റെ ദൈവമേ.. ഒരു റെയില്‍വേ ട്രാക്ക് കിട്ടിയിരുന്നെങ്കില്‍ ചാടി ചാകാമായിരുന്നു...
ഞാന്‍ വാച്ചിലേക്ക് നോക്കി .,സമയം 8 PM
8 PM ന്‍റെ ഓരോ കളികളെ...
.
.

.
(NB: ഈ ബ്ലോഗിലെ പേരുകളൊന്നും യഥാര്‍ഥമല്ല ..ജയപ്പന്‍ എന്ന കഥാപാത്രത്തിനു ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യം തോന്നിയാല്‍ അത് യാദ്രിശ്ചികം അല്ല മനപ്പൂര്‍വ്വമാണ്‌ ... ).
..
.
.
.

Tuesday, November 02, 2010

ചൈനയാണ് താരം !!!
ഏതൊരുത്തന്‍റെ പുരോഗതിയും അംഗീകരിക്കാന്‍ തയ്യാറാവാതെ കട്ടയ്ക്ക് പുച്ചിച്ച് നാക്ക് കൊണ്ട് മാത്രം ജീവിക്കുന്ന നമ്മള്‍ മലയാളികള്‍ ഈ കഥ കാണണം .ഇത് ഒരു ചെറുത്തു നില്‍പ്പിന്‍റെയോ പടവെട്ടലിന്‍റെയോ കെട്ടുകഥയല്ല... നിലനില്‍പ്പിനു വേണ്ടി മാത്രം ഒരു രാഷ്ട്രം നടത്തിയ അതിജീവനത്തിന്‍റെ നേര്‍ക്കാഴ്ചയാണ്‌ !

1962 ലെ ഇന്ത്യ - ചൈന യുദ്ധത്തിനു ശേഷം ടിബറ്റിന്‍റെ സിംഹഭാഗവും കൈപ്പിടിയിലൊതുക്കി കൊണ്ട് വരാനിരിക്കുന്ന ഒരു വ്യാവസായിക വിപ്ലവം അവര്‍ സ്വപ്നം കണ്ടിരുന്നിരിക്കണം. ജനസംഖ്യാ പ്രശ്നത്തില്‍ വീര്‍പ്പുമുട്ടുന്ന നമ്മുടെ കേന്ദ്രസര്‍ക്കാരും ''തമ്പുരാന്‍ തരുന്നതല്ലേ so കുട്ടികള്‍ എട്ടോ പത്തോ ആയിക്കോട്ടെ'' എന്ന് ആഹ്വാനം ചെയ്യുന്ന കത്തോലിക്കാ സഭയും ഒരുമിച്ചിരുന്ന് ജനസംഖ്യയുടെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ച് കൊണ്ട് മുന്നേറുന്ന ചൈനയുടെ ഈ നേട്ടങ്ങള്‍ കണ്ട് വെള്ളമിറക്കട്ടെ ...

കാറല്‍ മാര്‍ക്സിന്‍റെയും ലെനിന്‍റെയും തത്വശാസ്ത്രങ്ങള്‍ കാണാതെ പഠിച്ച് പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രങ്ങള്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി മാത്രം ശീലിച്ച വാഗ്മികളായ നമ്മുടെ കമ്യൂണിസ്റ്റ് ചേട്ടന്മാര്‍ ഈ യഥാര്‍ദ്ധ കമ്യൂണിസ്റ്റ് രാജ്യത്തിന്‍റെ വളര്‍ച്ച കണ്ടില്ലെന്നു നടിക്കരുത്...
'അതിവേഗം ബഹുദൂരം'' എന്നൊക്കെ നാക്ക് കൊണ്ട് മാത്രം ഡയലോഗ് അടിച്ചു ശീലിച്ച കഞ്ഞി മുക്കിയ 'ഖദര്‍' കാരും വാഗ്ദാനങ്ങളുടെ (മാത്രം)കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് നന്ദിയോടെ സ്മരിക്കുന്നു...

'ഇന്ത്യ എന്‍റെ രാജ്യമാണ് .അതിന്‍റെ വിവിധവും സമ്പല്‍ സമൃദ്ധവുമായ അഭിവൃദ്ധിയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു' എന്നൊക്കെ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നും രാവിലെ പ്രതിന്ജ എടുത്തിരുന്നത് ഇപ്പൊ ആര്‍ക്കൊക്കെ ഓര്‍മ്മയുണ്ടെന്ന് എനിക്കറിയില്ല... എന്നിരുന്നാലും ഒന്നോര്‍മ്മിപ്പിച്ചോട്ടെ,നമ്മുടെ അഭിവൃദ്ധിയ്ക്കും സമ്പല്‍ സമൃദ്ധിക്കും ഒക്കെ ഭീഷണിയായി ഒരു രാജ്യം വളരുകയാണ് ,

ഡ്യൂപ്ലിക്കെറ്റ് കളിപ്പാട്ടങ്ങളുടെ മാത്രം നിര്‍മ്മാതാക്കളെന്നു മുദ്ര കുത്തി നമ്മള്‍ പുച്ചിച്ച് തള്ളിയ ചൈനയാണ് ആ മഹാരാജ്യം എന്ന് കേള്‍ക്കുമ്പോള്‍ ആരും കണ്ണ് തള്ളണ്ടാ...

ലോകത്തിലെ തൊണ്ണൂറു ശതമാനം രാജ്യങ്ങളിലെയും കുഞ്ഞുങ്ങള്‍ കളിക്കുന്നത് ചൈനയുടെ കളിപ്പാട്ടങ്ങള്‍ വച്ചാണ്...
ലോകത്തില്‍ ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന സര്‍വ്വ കാല റെക്കോര്‍ട് ചൈനയ്ക്കു മാത്രം സ്വന്തം...
(തൊഴില്‍ തര്‍ക്കങ്ങളുടെ പേരില്‍ കൊരവള്ളി കീറിയ നമ്മുടെ ഹാരിസണ്‍ മലയാളവും പ്രൌടിക്ക് വേണ്ടി മാത്രം കൊളുന്തുകള്‍ നുള്ളുന്ന നമ്മുടെ ടാറ്റ ടീയും ഒക്കെ കണ്ട് കണ്ണ് തുറക്കട്ടെ )
ഇനി ഇന്ത്യയുടെ പരമ്പരാഗത കുടില്‍ വ്യവസായമെന്നൊക്കെ നമ്മള്‍ പുകഴ്ത്തിപ്പാടിയ ''കാഞ്ചീപുരം'' സാരി... അതിന്‍റെ കാര്യവും ''തിത്തൈ തകതൈ''!!!
ഇന്ന് ലോകത്തിലെ നാല്പത്തിയേഴ് രാജ്യങ്ങളിലേക്ക് കാഞ്ചീപുരം സാരി കയറ്റുമതി ചെയ്യപ്പെടുന്നത് ചൈനയില്‍ നിന്നാണ്...
ഇരുമ്പുരുക്കിന്‍റെയും ഇലക്ട്രോണിക് സാധനങ്ങളുടെയും സ്ഥിതി മറ്റൊന്നല്ല ...
ബഹിരാകാശ ഗവേഷണ രംഗത്തും ഒരു 'പുപ്പുലി' ആകാന്‍ ഉള്ള ശ്രമങ്ങള്‍ ചൈന തുടങ്ങിക്കഴിഞ്ഞു എന്നാണു സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത് !
'ദൈവത്തിന്റെ സ്വന്തം നാട്
' എന്ന് ചെറിയാന്‍ ഫിലിപ്പും കെ.ടി .ഡി.സി യും ഒരുപോലെ വര്‍ണ്ണിച്ച പരശുരാമണ്ണന്‍ കോടാലിക്ക് വെട്ടി പൂളിയെടുത്ത നമ്മുടെ കേരളത്തിന്‍റെ സ്ഥിതി ഓര്‍ത്താല്‍ പാര്‍ലമെന്റില്‍ മലയാലം (not മലയാളം) പാടിയ ശശി തരൂര്‍ പോലും സഹിക്കൂല്ല... അന്താരാഷ്‌ട്ര ടൂറിസം മേഖലയില്‍ ചൈന ഒരു വന്‍ ശക്തിയായിക്കൊണ്ടിരിക്കുന്നു...കഴിഞ്ഞ സീസണില്‍ കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്ന ഗണ്യമായ കുറവിന് കാരണം ഇടുക്കിയിലെ ബോട്ടപകടമോ, മുല്ലപ്പെരിയാറിലെ വെള്ളപ്പൊക്കമോ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കണ്ണുമടച്ചു വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് .

കേരളത്തെ ഇരട്ടച്ചുവപ്പ് ആക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാരും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഗ്രൂപ്പ് മാറി കളിക്കുന്ന കോണ്‍ഗ്രസ്സുകാരും ഭാരതത്തെ മത നിരപേക്ഷ രാജ്യമാക്കാന്‍ 'പാട്' പെടുന്ന താല്‍പ്പര കക്ഷികളും രണ്ടിലയുടെ വിജയത്തിനു വേണ്ടി ഇടയലേഖനങ്ങള്‍ എഴുതുന്ന ന്യൂനപക്ഷ സഭാപിതാക്കന്മാരും ഇതൊന്നു കാണണം...
ഇതെല്ലാം ഒരു കാഴ്ച്ചക്കാരനെപ്പോലെ നോക്കി നില്‍ക്കുമ്പോള്‍
മനസ്സിലേക്കോടിയെത്തുന്നത് ഓ എന്‍ വിയുടെ വരികളാണ്...


''നീയരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍ക്കൊരു ദാഹമുണ്ടായ്..
ഒടുക്കത്തെ ദാഹം..!!! നിന്‍ തിരു ഹൃദയ രക്തം കുടിക്കാന്‍ ...
............................................................................................

...... ആടിത്തിമിര്‍ക്കും ആര്‍പ്പുകളിലെങ്ങും മൃതി താളം !!!''

Friday, September 24, 2010

ഉന്നം മറന്നു തെന്നിപ്പറന്ന IELTS കിനാക്കള്‍സമീപഭാവിയില്‍ കടിഞ്ഞൂല്‍ പുത്രന്‍ പഠിച്ചു മിടുക്കനായി അമേരിക്കയ്ക്ക് പോയി സിങ്കപ്പൂര്‍ ഡോളെര്‍സ് വെറും സിമ്പതിയുടെ പേരില്‍ കേരളത്തിലേക്ക് അയച്ചു തരും എന്നാ വ്യാമോഹം സ്വപ്നം കണ്ടാണ്‌ എന്‍റെ തലയിലും എന്‍റെ വീട്ടുകാര്‍ ''നഴ്സിംഗ്'' എന്ന വല്യ ബാലികേറാമല ഫിറ്റ്‌ ചെയ്തു തന്നത്...

എന്തൊക്കെയായാലും കാരണവന്മാരുടെ പുണ്യം ഒന്ന് കൊണ്ട് മാത്രം നാല് കൊല്ലം കൊണ്ട് കമ്പ്ലീറ്റ് ചെയ്യേണ്ട കോഴ്സ് സസ്പെന്ഷനുകളും മെമ്മോകളും ഇയര്‍ ബാക്കും അടക്കം അഞ്ചു കൊല്ലം കൊണ്ട് 'പൂത്രിയാക്കി' തോല്‍വിശ്രീ ലാളിതനായി പെട്ടിയും പടവും മടക്കി തിരികെ വീട്ടിലേക്കു ചെല്ലുമ്പോള്‍ വീട്ടുകാരുടെയെല്ലാം മുഖത്ത് 'ചക്കതനാല ചുക്ക '' എന്ന മുഖഭാവം ഞാന്‍ കണ്ടു.

മേടിച്ചിട്ട് ഇത് വരെ വെള്ളം കണ്ടിട്ടില്ലാത്ത എന്‍റെ 'ന്യൂ പോര്‍ട്ട്‌ ജീന്‍സും' ട്രാന്‍സ്പോര്‍ട്ട് സ്ടാന്റിലെ മതില്‍ പോലെ അവിടവിടെ ചുവരെഴുത്തുകളുള്ള ഒരു കട്ടച്ചുവപ്പു ബനിയനും 'മുക്കാലിഞ്ച് കനത്തില്‍' ഫെയര്‍ ആന്‍ഡ്‌ ലൌലിയും തേച്ചു പിടിപ്പിച്ചു ,'അന്ന്യനെ' പ്പോലെ മുടിയും നീട്ടിവളര്‍ത്തി റീബോക്ക്(''നീ പോക്ക്'' എന്ന് പൊതുജന ഭാഷ്യം ) എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിയ ഒരു കറുത്ത shoulder ബാഗും തൂക്കി ഞാന്‍ നാട്ടില്‍ വന്നിറങ്ങിയപ്പോള്‍ എന്‍റെ അസാമാന്യ കഴിഉകളില്‍ അപാര വിശ്വാസം ഉണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു പരത്തി
''അവനു തമിഴ്നാട്ടില്‍ ''മൈക്കാട്'' പണി ആണത്രേ ...???

വടിവാളിന് വെട്ടുകൊണ്ടാവനെ പട്ടിയെ വിട്ടു കടിപ്പിച്ച അവസ്ഥ ആയിരുന്നു എനിക്കപ്പോള്‍ ...
ഡയലോഗുകള്‍ ഏറ്റുവാങ്ങാന്‍ നവീന്റെ ജീവിതം ഇനിയും ബാക്കി..

എല്ലാം ഞാന്‍ സഹിച്ചു.. എന്‍റെ അഞ്ചു കൊല്ലത്തെ തിരോധാനം നാട്ടില്‍ കുറച്ചൊന്നുമല്ല മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് ..
അയലോക്കത്തെ മുവാണ്ടന്‍ മാവേല്‍ മാമ്പഴങ്ങള്‍ പഴുത്തു നില്‍ക്കുന്നു .
അഞ്ചു കൊല്ലം മുന്‍പ് വരെ ആ മാവ് കൊതിച്ചു കാണും സ്വന്തം 'മാങ്ങ' ഒന്ന് പഴുത്തു
കാണാന്‍ !! പക്ഷെ നമ്മള്‍ അതിനു സമ്മതിക്കില്ലായിരുന്നല്ലോ...
വീടിനു മുന്നിലൂടെ കാണാന്‍ കൊള്ളാവുന്ന പെണ്പിള്ളേര്‍ അച്ഛനും ആങ്ങളമാരും
കൂട്ടിനില്ലാതെ ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങിയിരിക്കുന്നു...

ഹും അഹങ്കാരികള്‍... (സമീപവാസികളായ ഒരുമാതിരിപ്പെട്ട പെണ്‍പിള്ളേരെയെല്ലാം
തന്നെ ബസ് സ്റ്റോപ്പില്‍ ഇരുന്നു കൊണ്ട് തന്നെ വണ്ടി കയറ്റിവിടുന്നതും
വൈകിട്ട് റിസീവ് ചെയ്യുന്നതും നമ്മുടെ പ്രധാന ഡ്യൂട്ടി ഷെഡ്യൂളുകളില്‍
ഒന്നായിരുന്നല്ലോ )
ചാവാലി പട്ടികളൊക്കെ വീടിനു മുന്നില്‍ നിന്ന് കുരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു (ബ്ലഡി ഫൂള്‍സ് )
എന്‍റെ കല്ലേറ് വാങ്ങിക്കാത്ത പട്ടികളും ,
എന്നെ തെറി വിളിക്കാത്ത കുട്ടികളും നാട്ടിലില്ല
എന്നൊരു പഴംപൊരി തന്നെ സോറി പഴമൊഴി തന്നെ നിലവിലുണ്ടായിരുന്നു ഒരു കാലത്ത്...!!!
രംഭ ഉര്‍വശി മേനക തിലോത്തമമാരെ പോലെ ആട്ടക്കാരികളായിരുന്ന മൂന്നാല്
പെണ്‍പട്ടികളെ കൈസറിന്റെ ബലിഷ്ട്ടമായ കരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഒരു
പട്ടിയുടെ കഴുത്തില്‍ ''NO RAPING PLEASE''എന്ന ബോര്‍ഡ് കെട്ടിത്തൂക്കിയത് വലിയ തെറ്റായിട്ടൊന്നും എനിക്ക് തോന്നിയില്ല.
പക്ഷെ അതില്‍പിന്നെ എന്നെക്കാണൂമ്പോ ഒരു മാതിരി T.G. രവിയെ
കാണുന്നത് പോലുള്ള കാര്‍ന്നോന്മാരുടെ നോട്ടം കാണുമ്പോ കണ്ണിനു മുന്നില്‍ ഇപ്പഴും
നൊളയ്ക്കുവാ തിരുമേനീ ... ദാണ്ടേ ഈ നീളത്തിലുള്ള പുഴുക്കള്‍...


അങ്ങനെ , മറന്നു പോയ ചില കളികള്‍ കളിക്കാനും ചിലത് കാണാനും ഞാന്‍ വീണ്ടും നാട്ടില്‍...
അഞ്ചു കൊല്ലത്തെ കോയമ്പത്തൂര്‍ ജീവിതം മദ്യത്തെക്കുറിച്ചും
മദ്യപാനത്തെക്കുറിച്ചും ഒരു 'എന്‍സൈക്ലോപീഡിയ' തയ്യാറാക്കാന്‍ എന്നെ
പ്രാപ്തനാക്കിയിരുന്നു.നിപ്പന്‍ ഇരിപ്പന്‍, കിടപ്പന്‍ എന്ന് തുടങ്ങുന്ന
'മദ്യകേരള' ശൈലികള്‍ മുതല്‍ കോളേജിലെ മൂത്രപ്പുരയില്‍ നിന്ന്
വെള്ളമടിക്കുന്ന 'ഒഴി ഒന്ന് സിപ് രണ്ട്'' സ്റ്റയില്‍ അടക്കം ബ്രസീലിയന്‍
സംഭാവനകളായ ടക്കീല്‍, സ്കിന്‍ ടോഷ് , ക്രേസി കോക്ടില്‍ എന്നിങ്ങനെ നീണ്ടു
കിടക്കുന്ന പല STYLES ഓഫ്
DRINKING നാട്ടിലെ കൂട്ടുകാര്‍ക്കിടയില്‍ കാണിച്ചു കൂമ്പിനിടി വാങ്ങിക്കുന്ന ദിവസമാണ് ഞായറാഴ്ച ഈവനിംഗ് ..
രണ്ടെണ്ണം അടിച്ചാല്‍ കുറച്ചു ഇന്ഗ്ലീഷ്‌ പറയും എന്നതൊഴിച്ചാല്‍ പൊതുവേ ആര്‍ക്കും
ശല്യമുണ്ടാക്കാത്ത ഒരു നിരുപദ്രവകാരി ആയിരുന്നു ഈ ഞാന്‍,..


കഷ്ടകാലം വന്നാല്‍ പണി 'പാലും വെള്ളത്തിലും' കിട്ടും എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഇപ്പൊ ദേ ആ ''പണി'' എന്റെ മുന്നില്‍ 'ഗുഡ് മോര്‍ണിംഗ് '' പറഞ്ഞ് നില്‍ക്കുന്നു .എന്റെ ഇന്ഗ്ലീഷിലുള്ള അസാമാന്യ 'വൈഭവം' മനസ്സിലാക്കിയ കുടുംബക്കാര് എന്നെ I.E.L.T.S നു വിടാന്‍ തീരുമാനിച്ചു .
കര്‍ത്താവേ എന്തൊരു പരീക്ഷണമിത്?
ചെവി കേള്‍ക്കാത്തവനെ 'കര്‍ണാടക സംഗീതം'' പഠിപ്പിക്കാനോ?


ലാസ്റ്റ് ഡേ വീട്ടില്‍ വന്നു ക്രിക്കറ്റ് കളിക്കാന്‍ ക്ഷണിച്ച കൂട്ടുകാരനോട്
''യൂ ഗോ .. ഐ നോ ഗോ (നീ പൊക്കോ .. ഞാന്‍ വരുന്നില്ല ) എന്ന് പറഞ്ഞ എന്നോട് I.E.L.T.S പടിക്കാനേ... എന്താ ചെയ്കാ ?
(മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ ഇത്രയ്ക്കൊന്നും വിശ്വാസം പാടില്ല )

ആ രാത്രിയില്‍ ഞാന്‍ ഓസ്ട്രേലിയയില്‍ ആപ്പിള്‍ പറിച്ചു നടന്നു കങ്ങാരുക്കള്‍ക്ക് പിണ്ണാക്ക് കലക്കി കൊടുക്കുന്ന എന്നെ സ്വപ്നം കണ്ടു...
ആ ഓസ്ട്രേലിയന്‍ സ്വപ്നങ്ങളുമായി അടുത്ത ദിവസം രാവിലെ ..മ്മടെ 2002 മോഡല്‍ പാഷന്‍ പ്ളെസ്സിന്റെ പുറത്തു കയറി 2004 മോഡല്‍ male nurse ഒരെണ്ണം I.E.L.T.S ക്ലാസ്സിലേക്ക് ...

ക്ലാസ്സിലേക്ക് കേറിയപാടെ കണ്ണ് തള്ളിപ്പോയി ...
ക്ലാസ് റൂമില്‍ 'ഒരു വണ്ടി' ചരക്കുകള്‍ (ഐ മീന്‍ ഗേള്‍സ്‌ )
കര്‍ത്താവേ ..,നീ മലയാളി പെണ്പില്ലേര്‍ക്ക് ഇത്രയും ഗ്ലാമര്‍ കൊടുക്കല്ലേ...

പുതിയ ഇരയായ എന്നെ ക്ലാസ്സില്‍ പരിചയപ്പെടുത്താനായി സ്ഥാപനത്തിന്റെ ഓണര്‍ കം നടത്തിപ്പുകാരന്‍ എത്തി ., കണ്ടാലറിയാം എട്ടാം ക്ലാസ് വിത്ത്‌ ഗുസ്തി failed ആണെന്ന്...
അങ്ങേര്: നവീന്‍, ഇതാണ് മിസ്സ്‌ കരോള്‍ ഫ്രം വെസ്റ്റ്‌ ബങ്കാള്‍ , നിങ്ങളുടെ I.E.L.T.S മിസ്‌ , മലയാളം ഒരു വാക്ക് പോലും അറിയത്തില്ല ...
ആ കേസ് ഞാനേറ്റു എന്നര്‍ത്ഥത്തില്‍ ഞാനൊന്ന് ഇരുത്തി മൂളി .

മാഡം ഒരു 70 mm ചിരി തന്നു കൊണ്ട് പറഞ്ഞു ..'' ടുഡെ ഐ വില്‍ ടീച് യൂ ബേസിക്സ് ഓഫ് ഇന്ഗ്ലിഷ്.. ഓക്കേ ? ''
ഞാന്‍: മാഡം കുറച്ചു പാട് പെടും
മാഡം: വാത്റ്റ്‌?
ഞാ: എയ്യ് നോട്ട് നോട്ട് ... ഒന്നൂല്ല.
മുന്നില്‍ നിരന്നിരിക്കുന്ന സുന്ദരികളുടെ മുന്നില്‍ നിന്ന് കൊണ്ട് നമ്മുടെ '' ഐ ഗോ .. യൂ നോ ഗോ '' സ്റ്റാന്‍ഡര്‍ഡ് പുറത്തു വിടാന്‍ എന്‍റെ അഭിമാനം എന്നെ അനുവദിച്ചില്ല .
''മൗനം വിദ്വാനു ഭൂഷണം, മണ്ടനും'' എന്നല്ലേ !!
കമാന്ന് ഒരക്ഷരം മിണ്ടാതെ ആദ്യദിവസം കടന്നു പോയി ...!രണ്ടാം ദിനം സ്പീകിംഗ് സെക്ഷന്‍ ആണ് .എല്ലാവരും ഓരോ ടോപ്പിക്കിനെ കുറിച്ച് മൂന്നു മിനിറ്റ് സംസാരിക്കണം ..
അതും ഇന്ഗ്ലീഷില്‍ (ഇത്തിരി പുളിക്കും )
പെട്ടന്നുള്ള ആക്രമണം തടയാന്‍ ഏറ്റവും പുറകിലുള്ള സീറ്റില്‍ ഞാനിരുന്നു..
മാഡം വന്നു ടോപിക് തന്നു '' ടുഡെ വീ വില്‍ ഡിസ്കസ് എബൌട്ട്‌ ആനിമല്‍സ്''
'''ഹോ .., ഈ ജന്തൂന് ജന്തുക്കളോട് എന്താ സ്നേഹം? '''' എന്നൊരു കമന്റ് അടുത്തിരുന്നവനോട് പാസ്സാക്കി ഞങ്ങള്‍ അടക്കിച്ചിരിച്ചു..
മാഡം അത് കണ്ടു.., ഫസ്റ്റ് ബുള്ളെറ്റ് എന്‍റെ നെഞ്ചത്ത് തന്നെ...

''നവീന്‍.., ടോക്ക് സംതിംഗ് എബൌട്ട്‌ LION..!!!!''

(പടച്ചവനെ ...,എന്തിതു? സാമ്പത്തിക മാന്ദ്യം അടിച്ചു ഷഡ്ജം കീറിയവനോട്‌ പള്ളിപണിക്ക് പിരിവു ചോദിക്കുന്നോ ..???)
ഉത്തരം പറയാനും വയ്യ പറയാതിരിക്കാനും വയ്യ ..
മാഡം.., അത് പിന്നെ...
ടോക്ക് ഇന്‍ ഇന്ഗ്ലിഷ് _.. അവര്‍ അലറി...
പിന്നെ എനിക്കൊന്നും ചിന്തിക്കാനില്ലായിരുന്നു...

''മാഡം ., ലയണ്‍ ഈസ് ദി ടൈഗര്‍ ഓഫ് ദി ജെങ്കിള്‍ & ഇറ്റ്‌ ഈസ് എ ബിഗ്‌ ഈവെന്റ്റ് ഇന്‍ ദി ജെങ്കിള്‍...''
മാഡം: വാട്ട് യൂ മീന്‍?
''സിംഗം കാട്ടിലെ പുലിയാന്ന്.. അത് കാട്ടിലെ ഒരു സംഭവമാന്ന്‍ ...''
പൊട്ടന്‍ ബിസ്കറ്റ് കണ്ടത് പോലെ എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു .!
(അല്ലേലും ഞാന്‍ സീരിയസ് ആയിട്ട എന്തേലും പറഞ്ഞാ എല്ലാവര്‍ക്കും തമാശയാ...വാട്ട് ടു ഡു ? )

എല്ലാവരും ചിരി നിര്‍ത്തിയിട്ടും എന്‍റെ തൊട്ടടുത്തിരുന്ന ഒരു ''ബുദ്ദിസ്റ്റ്'' മാത്രം ''ഫ്രെണ്ട്സ് '' സിനിമയില്‍ ശ്രീനിവാസന്‍ ചിരിക്കുന്നത് പോലെ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നു . അവനു 'എട്ടിന്റെ പണി' ഒരെണ്ണം കൊടുക്കണം എന്ന് അപ്പഴേ തീരുമാനിച്ചു ഞാന്‍...
ബ്രേക്ക് ടൈമില്‍ എല്ലാവരും കേള്‍ക്കെ അവനോട ചോദിച്ചു ..!
''അളിയാ.. വാട്ട് ഈസ് ദി ഇംഗ്ലീഷ് വേര്‍ഡ് ഫോര്‍ ''കാട്ടുപോത്ത്'' ....???
ഉത്തരം പെട്ടന്നായിരുന്നു...
'' ഫോറസ്റ്റ് ബീഫ് ''
(....അതുശരി പിടിച്ചതിലും വലുതാ മാളത്തില് .....!!!)
കര്‍ത്താവേ ..,ഇത് പോലൊരു തങ്കക്കുടത്തിനെയാനല്ലോ ഞാന്‍ ''ബുദ്ദിസ്റ്റ്'' എന്ന് തെറ്റിദ്ധരിച്ചത്?

അങ്ങനെ ഒരുപാട് പൊട്ടലുകള്‍ക്കും ചീറ്റലുകള്‍ക്കുമപ്പുറം എല്ലാവരും രണ്ടു മാസം കൊണ്ട് പഠിക്കുന്ന IELTS ഞാന്‍ ആറ് മാസം കഴിഞ്ഞിട്ടും പഠിച്ചു തീര്‍ന്നില്ല.പിന്നെ മൂന്നും കല്‍പ്പിച്ച് അങ്ങെഴുതി..
ജയിക്കാന്‍ 6.5 സ്കോര്‍ വേണം ...
റിസള്‍ട്ട്‌ വന്നു ടോട്ടല്‍ ബാന്‍ഡ് സ്കോര്‍ 6.5 (എന്ത് ...മെഴുകുതിരിയിലും മായമോ? )
എനിക്ക് എന്നെത്തന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ല...
അല്ലേലും ഈ ''കുരുത്തം കെട്ടവന്മാര്‍'' മൊട്ടയടിക്കുമ്പോഴുള്ള ഒരു ശീലമാണല്ലോ ഈ ''കല്ലുമഴ പെയ്ത്ത്''

ഞാന്‍ പരീക്ഷ എഴുതി മൂന്നിന്റന്നു മിനിമം സ്കോര്‍ '7' ആക്കി ഉയര്‍ത്തിയിരിക്കുന്നത്രേ ... സന്തോഷം!!!

എക്സാമിന്റെ അന്ന് കലൂര്‍ പള്ളിയില്‍ കത്തിച്ച ആറ് രൂപ അമ്പതു പൈസയുടെ ഒരു കൂട മെഴുകുതിരിയുടെ കൂടെ എന്റെ ഓസ്ട്രേലിയന്‍ സ്വപ്‌നങ്ങള്‍ ഉരുകിത്തീര്‍ന്നു...
ഇന്ന് ഞാന്‍ പാവങ്ങളുടെ അമേരിക്കയും ഓസ്ട്രേലിയയുമൊക്കെ ആയ കുവൈറ്റില്‍ .
..
ഓസ്ട്രേലിയന്‍ സ്വപ്‌നങ്ങള്‍ കണ്ടു കൊണ്ട് കഴിക്കുമ്പോള്‍ കുബ്ബൂസിനിപ്പോ ആപ്പിളിന്റെ ടേസ്റ്റ് ആണ് ....
ഒട്ടകങ്ങളെ കാണുമ്പോ കങ്കാരുക്കളായിട്ടും തോന്നും !!

എന്തും സഹിക്കാം..
എല്ലാ കൊല്ലവും മുടങ്ങാതെ നാട്ടില്‍ ചെന്ന് കൊണ്ടിരുന്ന എന്നെ നോക്കി നാട്ടുകാര്‍ ഈ പ്രാവശ്യം പറഞ്ഞതെന്താന്നറിയുവോ?
''അവനിപ്പോ തമിഴ്നാട്ടില്‍ മേസ്തിരിപ്പണി ആണത്രേ... ''
നന്ദിയുണ്ട് നാട്ടുകാരെ .. ''മൈക്കാട് പണിയില്‍'' നിന്നും ''മേസ്തിരി '' വരെ എത്തിച്ചല്ലോ? ഇനി എന്നാണാവോ ''മൂത്താശാരി'' ആകുന്നതു?
എന്തായാലും ഇനി രണ്ടു കൊല്ലം കഴിയാതെ നാട്ടിലേക്കില്ല ... എപ്പഴും അങ്ങോട്ട്‌ വലിഞ്ഞു കയറി ചെല്ലുമ്പോ നാട്ടുകാര്‍ക്കൊന്നും ഒരു വിലയുമില്ലെന്നേയ് ...

Tuesday, August 24, 2010

ഞാറാട്ടിക്കാവിലെ ഗുലാന്‍ പരിശുകള്‍''ഇന്ന് മൂന്നാം ഓണം തലേ ദിവസത്തെ ഓണാഘോഷത്തിന്റെ കെട്ടെറങ്ങി വരുന്നതേയുള്ളൂ ...
അതിരാവിലെ പത്തരയ്ക്ക് എഴുന്നേറ്റു...
ഒരു കട്ടനും കുടിച്ചു കൊണ്ട് നേരെ ടീവിയുടെ മുന്നില്‍ വന്നിരുന്നു .
ഏതോ ഒരു ചാനലില്‍ നല്ല ഓണപ്പാട്ടുകള്‍ കേള്‍ക്കുന്നു...
പൂവിളി പൂവിളി പൊന്നോണമായി...
അപ്പോഴേക്കും എന്‍റെ മുറിയന്‍ ഒരു ... മോന്‍ വന്നു ചാനല്‍ മാറ്റി...

മലയാള സിനിമയിലെ മംഗ്ലിഷ് പറയുന്ന നായികമാരുടെ സ്പെഷ്യല്‍ പ്രോഗ്രാം ''ഓര്‍മ്മകളിലെ ഓണം'' ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍..,

അതിനിടയില്‍ സില്മാനടി എന്നവകാശപ്പെടുന്ന ഒരു 'കുഞ്ഞാവ'' പറഞ്ഞ വാക്കുകള്‍ കേട്ടു എന്‍റെ ലിവറിന്റെയുള്ളില്‍ വേള്‍ഡ് ട്രേഡ് ഇടിച്ചിറക്കിയത് പോലെ തോന്നി...

'' എന്‍റെ കുട്ടിക്കാലത്തെ ഓനം എന്ന് പരയുംപോള്‍ എനിക്കിശ്ടം എന്‍റെ സ്കൂള്‍ലെ ഓനമാന്‍... മൈ ടീചെര്സിനോടും പിന്നെ മൈ ഫ്രെണ്ട്സിനോടും പിന്നെ എന്‍റെ ഹെട്മാസ്റെരോടും ഒപ്പമുള്ള ഓനം,,, ''

അല്ല എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഇവളുമാര്‍ക്കൊന്നും ഓണപ്പരീക്ഷയും പത്തു ദിവസത്തെ അവധിയുമോന്നും ഇല്ലായിരുന്നോ?

പൊടുന്നനെ എന്‍റെ മനസ്സും എന്‍റെ കുട്ടിക്കാലത്തിലേക്ക് ഒന്ന് റിവേര്‍സ് ഗിയര്‍ ഇട്ടു നോക്കി...

സ്കൂളില്‍ ഓണമാഘോഷിക്കാനോ ഞാനോ?
നല്ല കഥയായി..
ഓണപ്പരീക്ഷയ്ക്ക് അവസാനത്തെ മൂന്നു 5 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമായിരുന്നിട്ടും 'വീട്ടില്‍ പോകാന്‍ മുട്ടി' എന്നാ ഒറ്റക്കാരണം കൊണ്ട് എഴുതാതെ പുറത്തു ചാടിയ ബ്രേവ് ബോയ്‌ ആയിരുന്നു ഈ ഞാന്...
പരീക്ഷ കഴിഞ്ഞ ആദ്യം പുറത്തിറങ്ങുന്നത് രണ്ടു ഗ്രൂപിലുള്ള ആളുകളായിരിക്കും , ഒന്ന്, പാട്യവിഷയങ്ങളെല്ലാം അന്നന്ന് തന്നെ പഠിച്ചു ടീച്ചെര്‍മാരുടെ കണ്ണിലുണ്ണികളായ സേതു വിജയന്‍, മനു മാത്യൂ തുടങ്ങിയവരും, പിന്നെ ഒന്നാം ക്ലാസ്സില്‍ പൂജ വയ്പ്പിനു അടച്ചു വച്ച പുസ്തകം ദൈവാരൂപി നഷ്ടപ്പെടാതെ മുന്നൂറ്റി അറുപത്തിയഞ്ചെകാല്‍ ദിവസവും അടച്ചു വച്ച് സൂക്ഷിക്കുന്ന മാഷുംമാരുടെ കണ്ണി'ലുള്ളി''കളായ നവീന്‍ ജെ ജോണ്‍ , ജോമി വര്‍ഗീസ്‌ ,സുഗേഷ് KN എന്നിവരും ആയിരുന്നു...
ഇതില്‍ നമ്മുടെ വോട്ട് എന്നും രണ്ടാമത്തെ ഗ്രൂപ്പുകാര്‍ക്ക് ആയിരുന്നു..

ചോര കൊടുത്തും നീര് കൊടുത്തും വാങ്ങിയതാണീ .................
{പണ്ടാരം.... ദേ രോമം തെളച്ചു , ചോര പൊങ്ങി നില്‍ക്കുന്നത് കണ്ടാ }

പരീക്ഷ കഴിഞ്ഞ ആദ്യം പുറത്തിറങ്ങുന്നവരെ എല്ലാവരും 'നോട്ട്' ചെയ്യും {നോട്ട് ദി പോയിന്റ്‌ }
ആ ഒരു കാരണം കൊണ്ട് മാത്രം രണ്ട് മണിക്കൂര്‍ ഉള്ള പരീക്ഷ മാക്സിമം ഒന്നര മണിക്കൂര്‍ കൊണ്ട് തീര്‍ക്കുന്നത് എന്റെ ഒരു അഭിമാന പ്രശ്നമായിരുന്നു അക്കാലത്ത് ....കൂട്ടിനു വാല് പോലെ കുട്ടനും ഉണ്ടാവും !
ഹെഡ്മാസ്ടെറുടെ റൂമിന് മുന്നിലൂടെ നടന്നു വേണം സ്കൂളിനു പുറത്തെത്താന്‍ ,സോ.., കറക്റ്റ് ഓഫീസ് റൂമിന് മുന്നിലെത്തുമ്പോള്‍ ഹെഡ് കേള്‍ക്കുമാര്‍ ഉച്ചത്തില്‍ വിരലില്‍ എണ്ണിക്കൊണ്ട് ഒരു ഡയലോഗ് പറയണം...!

'' 28 ഉം പത്തും 38, 38ഉം പത്തും നാപ്പത്തെട്ട്... ഡാ കുട്ടാ ഒരു മാര്‍ക്കും കൂടെ കിട്ടിയിരുന്നെങ്കില്‍ അമ്പതു മാര്‍ക്കായേനെ ... ഷിറ്റ് .!!! ബുള്‍ ഷിറ്റ് !!!!!''

കുട്ടന്‍ 'മിണ്‌ങ്ങസ്യാ' എന്ന് എന്റെ മുഖത്തേയ്ക്ക് ഒരു നോട്ടം !
അളിയാ ചിരിപ്പിക്കല്ലേ... ബീ സീരിയസ് ... ഐ മീന്‍ കട്ട സീരിയസ് ..!
ഓണപ്പരീക്ഷയ്ക്ക് ഒരു വിഷയത്തിനെങ്കിലും പതിനെട്ട് കിട്ടാന്‍ അന്തോനീസു പുണ്യാളന് പത്തു മെഴുകുതിരിയും പനക്കലമ്മയ്ക്ക്‌ ഒരു ചുറ്റുവിളക്കും ഒരുമിച്ചു നേര്‍ന്നവനാ .. ഒരു മാര്‍ക്ക് കൂടെ കിട്ടിയിരുന്നെങ്കില്‍ അങ്ങ് മറിച്ചേനെ എന്ന്....


വാട്ട് മാന്‍? ടോക്കിംഗ് ഫുള്‍ കൂതറ !
!!!

അല്ലേലും ഈ കുട്ടന്‍ ഇങ്ങനാ എന്തേലും ഒരു തമാശ പറഞ്ഞാല്‍ പെട്ടന്നങ്ങ് സീരിയസ് ആക്കിക്കളയും .. ഒറ്റ അടി വച്ച് തന്നാലുണ്ടല്ലോ...?

ഡാ കുട്ടാ എടങ്ങേറ് മോനെ .. 'ഡോണ്ട് ഹിയര്‍ മൈ മൌത്ത് സിറ്റിംഗ് .'ഓക്കേ
അതായത് എന്റെ വായിലിരിക്കുന്നത് കേള്‍ക്കരുത്‌ എന്ന്...

യൂ നോ നോ ഇന്ഗ്ലിഷ് വാട്ട് മാന്‍ ഫുള്‍ കൂതറ... !!

(പണ്ടേ ഇംഗ്ലിഷില്‍ ഞാന്‍ പുലിയാ.. അല്ല പിന്നെ )


ഇനി അര മണിക്കൂര്‍ നടന്നു വേണം വീട്ടിലെത്താന്‍ ,
ഇടവഴികളിലെല്ലാം കശുമാങ്ങകള്‍ പഴുത്തു നില്‍ക്കുന്നു ...
നെഞ്ചു ഉരഞ്ഞ് എക്സ്റേ പോലായെകിലും വലിഞ്ഞു കയറി കുറെ മാങ്ങകള്‍ പറിച്ചെടുത്ത്..
ഉന്നം കാശുമാങ്ങയാണെങ്കിലും ലക്‌ഷ്യം കശുവണ്ടിയാണ്. ഇനിയത് ചുട്ടു തിന്നണം .


നടന്നു നടന്നു കൃഷ്ണന്‍കുട്ടിച്ചേട്ടന്റെ ചാരായ ഷാപ്പിനു മുന്നിലെത്തി.
പൂത്തു നില്‍ക്കുന്ന രണ്ടു വാക മരങ്ങള്‍ക്ക് ചുവട്ടില്‍ മസാലദോശയായി ഛെ... മദാലസയായി നില്‍ക്കുന്ന പൂത്തോട്ടയുടെ 'വിശ്വസ്ത സ്ഥാപനം '
പാതിയടച്ച പലകവാതിലിനിടയിലൂടെ അടുക്കി വച്ചിരിക്കുന്ന ചാരായക്കുപ്പികളും പൊളിച്ചു വച്ചിരിക്കുന്ന താറാമ്മുട്ടകളും കാണാം....!!!
അകത്തും പുറത്തും എല്ലാം പരിചയക്കാര്‍ മാത്രം ..
ചിലര്‍ അരാഷ്ട്രീയം പുലമ്പുന്നു...
മറ്റു ചിലര്‍ I.S.R.O ചാരവൃത്തി കേസിലെ മറിയം റഷീദയെയും നമ്പി നാരായണനെയും ചേര്‍ത്തു വച്ച് വാഗ്വാദങ്ങള്‍ കൊണ്ട് വിചാരണ ചെയ്യുന്നു..കുറച്ചു മാറി ചിലര്‍ പൂത്തോട്ട പാലത്തിന്റെ കൈവരിയില്‍ കട്ടന്‍ബീടിയും വലിച്ച് കടലയും കൊറിച്ചിരിക്കുന്നു...!!!

കാക്ക രാജു ചേട്ടന്റെ തട്ടുകടയിലെ ഓംലെറ്റിന്റെ മണം
പരിസരമാകെ നിറഞ്ഞു നില്‍ക്കുന്നു ..

രഹ്മാനിക്കായുറെ കടയുടെ ഭിത്തിയില്‍ ചുണ്ണാമ്പ് തേച്ചു വച്ച് മുറുക്കി ചുവപ്പിച് കുശലം പറയുന്ന കാരണവന്മാര്‍...
റേഷന്‍ കടയുടെ മതിലില്‍ കണ്ണന്‍ ദേവന്‍ ചായയുടെ പരസ്യം പച്ച നിറത്തില്‍..
മറ്റേ അരികില്‍ പാതി കീറിയ ഒരു സിനിമാ പോസ്റ്റര്‍ ''നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍... ''
അതിനു മുന്നിലായി ഒരു നാടോടി ലാടവൈദ്യന്‍ അഞ്ചു രൂപാ തൈല വില്‍പ്പന പൊടിപൊടിക്കുന്നു ..!!
കിഴക്ക് വശത്തായി ഞങ്ങള്‍ കപ്പല്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന വൈക്കം ബസ് KRO 615 വിര്‍ജിന്‍ മേരി .

പെട്ടന്ന് ഒരു ഉച്ച ഭാഷിണിയുടെ സ്വരം അടുത്തു വരുന്നത് പോലെ ..

കാട്ടിക്കുന്നു തരംഗിണി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ് ആഭിമുഖത്തില്‍ നടത്തുന്ന ഓണം ഘോഷയാത്ര നാളെ കൃത്യം പത്തു മണിക്ക് പനയ്ക്കല്‍ ക്ഷേത്ര മൈതാനിയില്‍ നിന്നും ആരംഭിക്കുന്നു... അനുഗ്രഹിക്കൂ.. ആശിര്‍വദിക്കൂ..

ജയന്‍ ചേട്ടന്റെ ലാമ്പി ഓട്ടോറിക്ഷയില്‍ രണ്ടു കോളാമ്പി മൈക്കുകള്‍ കെട്ടി വച്ച് വാചക കസര്‍ത്ത് നടത്തുന്ന ക്ലബ്ബ് സെക്രട്ടറി .
ഓണം പടിക്കലെത്തിയതിന്റെ പ്രാരംഭ ലക്ഷണം!!!
ഇനിയിപ്പോ 'ഞാറാട്ടില്‍ കാട്ടില്‍' ചീട്ടുകളി മുറുകും ,
ഞാറാട്ടില്‍ എന്നത് മരങ്ങളും ചോലകളും നിറഞ്ഞ ഒരു കൊച്ചു കാടാണ്,കുന്നിക്കുരുവും മഞ്ചാടിയും മരോട്ടിയും ഏഴിലം പാലയും പേരാലുമൊക്കെയുള്ള ഒരു ടിപ്പിക്കല്‍ കാട്!!!!
അവിടെ ഒരു സര്‍പ്പക്കാവുണ്ട്...
അതിനോട് ചേര്‍ന്ന് ഒരു മൈതാനവും ..
ആ ചോലയ്ക്കുള്ളില്‍ കാട്ടുവള്ളികള്‍ നിറഞ്ഞ ഒരു ഗുഹാസദ്രിശ്യമായ ഒരു ഇടമുണ്ട് .
അവിടെയാണ് നമ്മുടെ നാട്ടിലെ ചീട്ടു കളിയുടെ 'ഹെഡ് ഓഫീസ്‌'

ഓണക്കാലമായാല്‍ അയാള്‍ രാജ്യങ്ങളായ മുറിഞ്ഞപുഴ , ചെമ്പ് , അരയന്കാവ് എന്നിവിടങ്ങളില്‍ നിന്നെല്ലാം കണ്ടസ്ടന്റ്സ് ഇവിടെ കളിക്കാനെത്തും ..
നോട്ടു കെട്ടുകള്‍ നിരത്തി വച്ചുള്ള സാക്ഷാല്‍ ചൂതാട്ടം !!!
ചിലപ്പോഴൊക്കെ പോലീസ് റെയ്ഡും ഉണ്ടാകും ..
അപ്പൊ നാല് പാടും എല്ലാവരും ചിതറിയോടും..
പിന്നെ കുറച്ചു സമയത്തേയ്ക്ക് അവിടെ സ്മശാന മൂകതയായിരിക്കും ..
അതാണ്‌ നമ്മുടെ സമയം .. കലക്ക വെള്ളത്തിലെ മീന്‍ പിടുത്തം പോലെ കളിക്കാര്‍ ഉപേക്ഷിച്ചു പോയ ചീട്ടു പെറുക്കാന്‍ കുട്ടിപ്പട്ടാളം ഗോധയിലിറങ്ങും..
ആ ചീട്ടു കൊണ്ട് ഞാറാട്ടിക്കാവിന്റെ മുറ്റത്ത് ചീട്ടു കൊട്ടാരവും തീവണ്ടിയുമൊക്കെ ഉണ്ടാക്കി കളി തുടങ്ങിയിരിക്കും!!
പിന്നെ വൈകിട്ട വാഴയില കുമ്പിളുകളില്‍ തുമ്പപ്പൂവും കാക്കപ്പൂവുമെല്ലാം നുള്ളാനുള്ള പാച്ചില്‍ ആയിരിക്കും !
പിന്നെ വീടിന്റെ മുറ്റത്ത് മണ്ണ് കെട്ടിപ്പൊക്കി പൂക്കളത്തിനുള്ള തറയുണ്ടാക്കും ..
എന്നിട്ട് അതിരാവിലെ എഴുന്നേറ്റു പൂക്കളങ്ങളിടും..

തറവാട്ടില്‍ പോകുമ്പോഴെല്ലാം അമ്മൂമ്മയോട് മാവേലിത്തമ്പുരാന്റെ കഥകള്‍ കേട്ടറിയും..
പൂക്കളങ്ങള്‍ കാണാന്‍ മാവേലി വരുമത്രേ..
ഒന്നാം ഓണവും മൂന്നാം ഓണവും കഴിഞ്ഞു എന്നിട്ടും എന്റെ കുഞ്ഞിപ്പൂക്കളം കാണാന്‍ മാവേലി വന്നില്ലെന്ന സങ്കടത്തില്‍ ഞാനുറങ്ങി ...
അടുത്ത ദിവസം രാവിലെ എഴുന്നേറ്റു പൂക്കളത്തിനടുത്തെത്തിയപ്പോള്‍ എന്റെ തുമ്പ പൂക്കളത്തില്‍ ഒരു കാല്‍പ്പാട്.!!!!
എന്നെ സമാധാനിപ്പിക്കാന്‍ മമ്മി പറഞ്ഞു.

ഇന്നലെ രാത്രി മാവേലി വന്നിരുന്നു അപ്പൊ മാവേലി അറിയാതെ ചവുട്ടിയതാണത്രെ...
ഞാനത് വിശ്വസിച്ചു മാവേലി എന്റെ പൂക്കളം കണ്ടല്ലോ എന്ന് ഞാനാശ്വസിച്ചു... അപ്പോഴും കുട്ടന്‍ വേലിക്കരികില്‍ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു...

(ആ പന്നിയാണ് എന്റെ പൂക്കളം ചവിട്ടി മുടിപ്പിച്ചതെന്നു ഞാന്‍ മനസ്സിലാക്കിയത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു... )
.
.
.

.
.
.

Friday, August 20, 2010

മലയാളി ...ഈസ് ഈക്വല്‍ ടൂ ....മലയാളി


ഓണം മലയാളിക്ക് സമ്പല്‍സമൃദ്ധിയുടെ പ്രതീകമാണ്..
പകരം വയ്ക്കാനില്ലാത്ത ഗൃഹാതുരതയുടെ ഉത്സവക്കാലം !!!
പഞ്ഞക്കര്‍ക്കിടകത്തെ ഇരുളിട്ടു മൂടി,
കൊയ്ത്തുകാലത്തിന്റെ നിറക്കാഴ്ച്ചകളും,ഉത്സാഹത്തിന്റെ ആര്‍പ്പു വിളികളുമായി ചിങ്ങം പിറക്കുമ്പോള്‍ മലയാളികള്‍ക്കെന്നും ആവേശമായിരുന്നു...

പച്ചവിരിച്ച ഞാറ്റുപാടങ്ങള്‍ ‍...
നാണം കുണുങ്ങി തലകുനിച്ചു നില്‍ക്കുന്ന തുമ്പപ്പൂക്കള്‍....
ചുവപ്പിന്റെ പ്രൌടിയില്‍ ചെത്തിപ്പൂ ....
മഞ്ഞില്‍ കുളിച്ച മന്ദാരങ്ങള്‍..
നീലപൊട്ടു കുത്തിയ നന്ദ്യാര്‍വട്ടം...
കണ്കുളിര്‍പ്പിക്കുന്ന ഈ കാഴ്ചകളെല്ലാം മലയാളിയുടെ മനസ്സില്‍ വാരി വിതറിയത് ഒരായിരം വര്‍ണ്ണങ്ങളായിരുന്നു..
ആ വര്‍ണ്ണങ്ങള്‍ പൊട്ടി മുളച്ച് നമുക്ക് മുന്നില്‍ തുറന്നിട്ടത് ആശയ പ്രപഞ്ചങ്ങളുടെ വാതായനങ്ങള്‍ ആയിരുന്നു..
അതൊക്കെ തന്നെയായിരുന്നു വേറിട്ട വഴികളില്‍ മലയാളിയെ ചിന്തിപ്പിച്ചതും ചരിപ്പിച്ചതും ...

കാലം മാറി .. കോലവും ....,

കാക്കപ്പൂവും തുമ്പപ്പൂവുമെല്ലാം മലയാളിക്ക് ഇന്ന് തീണ്ടാപ്പാടകലെയാണ്...
പൂവട്ടികളില്‍ പൂക്കളിറുത്തു നടക്കുന്ന കുസൃതി ബാല്യങ്ങളും കുമ്മാടിയും പുലികളിയും നന്തുണിപ്പാട്ടും എല്ലാം നാട്ടിന്‍പുറങ്ങളില്‍ അന്യമായിരിക്കുന്നു...ഇത്തവണയും മലയാളിക്ക് ഓണമാഘോഷിക്കാന്‍
'തോവാള'യില്‍ നിന്നും ചെണ്ട്‌മല്ലിയും ജമന്തിപ്പൂക്കളും ലോറി കയറി വരും ...
അതില്‍ നിന്ന് ഒരു പിടി പൂക്കള്‍ വിലയിട്ടു വാങ്ങി ഉമ്മറക്കോലായില്‍ നമ്മള്‍ പൂക്കളങ്ങളൊരുക്കും ...
ടിവിയില്‍ ഓണം സ്പെഷ്യല്‍ 'കോക്രികള്‍' കണ്ടു നമ്മള്‍ പൊട്ടിച്ചിരിക്കും ..
അതുകണ്ട് വീട്ടിലെ ഇംഗ്ലിഷ് പൈതലുകള്‍ പാടും ''ഹാപ്പി ഓണം...''
അത് കേട്ട് ഓണത്തപ്പന്‍ വരാന്‍ മടിച്ചു നില്‍ക്കും പടിപ്പുരയ്ക്ക് വെളിയില്‍ .....


ഓണം മനസ്സില്‍ നഷ്ടസ്മൃതികള്‍ ഉണര്‍ത്തുന്നതിന് മുന്‍പേ നമുക്കാഘോഷിക്കാം ..
........ഒരുമയുടെ..
........സാഹോദര്യത്തിന്റെ ...
........മതസൌഹാര്‍ദ്ദത്തിന്റെ....
സര്‍വ്വോപരി സമാധാനത്തിന്റെ......,
ഒരു പൊന്നോണം കൂടി..

ആ വ്യത്യസ്തത ആണല്ലോ മലയാളിയെ മലയാളിയാക്കുന്നതും...എല്ലാ മലയാളികള്‍ക്കും പൊന്നോണാശംസകള്‍ ...
.
.
.
.
.

.

Friday, July 30, 2010

ഷുക്കൂര്‍ കാ ദോസ്ത് @ പൂത്തോട്ട പി. ഓ.1988 റാം തീയതിയിലെ ഒരു ജൂണ്‍ മാസം. എല്ലാ കൊല്ലത്തെയും പോലെ അന്നും സ്കൂള്‍ തുറന്നു .
ചറ പറെ ചറ പറെ എന്ന് കോരിച്ചൊരിയുന്ന മഴ . പുതുമണം മാറാത്ത യൂണിഫോമും പുതിയ അലൂമിനിയം പെട്ടിയും വാട്ടര്‍ ബോട്ടിലും കല്ലുപെന്‍സിലും സ്ലേറ്റും പിടിച്ചു ലൂണാര്‍സിന്റെ വള്ളിച്ചെരുപ്പും ഇട്ടു സെന്റ്‌ ജോര്‍ജ് കുടയും ചൂടി മദറിന്റെ കയ്യും പിടിച്ചു എന്‍റെ ആദ്യ സ്കൂള്‍ ദിനം.

ഞാന്‍ സ്കൂളില്‍ ചേരുന്ന വിവരം എങ്ങനെയോ ലീക്ക് ഔട്ട്‌ ആയിരിക്കുന്നു. എന്നോട് വാശി തീര്‍ക്കാനെന്നോണം തകര്‍ത്ത് പെയ്യുന്ന മഴ.പറവൂര്‍ അങ്ങാടി സ്റ്റോപ്പില്‍ ഇറങ്ങി അഞ്ചു മിനിറ്റ് നടന്നു വേണം സ്കൂളില്‍ എത്താന്‍ .പൂഴി കലങ്ങി ചെളിഞ്ഞു കിടക്കുന്ന റോഡുകള്‍, ഇരുവശത്തും പെട്ടിക്കടകള്‍, അവിടന്ന് വരുന്ന അങ്ങാടി മരുന്നിന്റെയും പുകയിലയുടെയും മണം എന്നെ വല്ലാതെ മത്തു പിടിപ്പിച്ചു .ബോസേട്ടന്റെ കടയിലെ ജീരക മിട്ടായിയും നാരങ്ങ മിട്ടായിയും എന്‍റെ വായില്‍ കപ്പല്‍ ഓടിക്കാനുള്ള നീരുറവകള്‍ സമ്മാനിച്ചു... റോഡിന്റെ പടിഞ്ഞാറെ അരികിലുള്ള കുരിശു പള്ളിയില്‍ 'റോഡരികിലെ പോസ്റ്റില്‍ ചാരി നില്‍ക്കുന്ന അച്ചായന്മാരുടെ' രൂപ സാദ്രിശ്യം തോന്നിക്കുന്ന പൊസിഷനില്‍ മരക്കൊമ്പില്‍ കെട്ടിയിട്ട ഒരു രൂപം .
നെഞ്ചത്തും നെറ്റിയിലും അമ്പ്‌ കൊണ്ട പാടുകള്‍ ..
'' ഇതാരപ്പാ'' എന്ന് വണ്ടര്‍ അടിച്ചു ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മമ്മി ഒരു കൂട മെഴുകുതിരി എന്‍റെ നേരെ നീട്ടി കത്തിക്കാന്‍ ഉത്തരവിടുന്നത്...
ശേഷം എന്‍റെ നെറ്റിയില്‍ കുരിശു വരച്ചു മമ്മി പ്രാര്‍ത്തിച്ചു..
(കര്‍ത്താവേ , നാട്ടുകാരുടെ കൈ കൊണ്ട് ഇവന്‍ തീരല്ലേ !!! എന്നായിരിക്കണം )

റോഡിനിരുവശവും കെട്ടിക്കിടക്കുന്ന വെള്ളം തട്ടിത്തെറിപ്പിച്ചു നീങ്ങുന്ന സീനിയേഴ്സ്..
ഓടി വെള്ളത്തിലിറങ്ങണം എന്ന എന്റെ ആഗ്രഹത്തെ മമ്മി മൂക്ക് കയറിട്ട് പിടിച്ചു നിര്‍ത്തി.
അപ്പഴേ ഞാന്‍ മനസ്സില്‍ കരുതി , നാളെ മുതല്‍ മമ്മിയെ സ്കൂളില്‍ കൊണ്ട് വരുന്ന പ്രശ്നമില്ല..അല്ല പിന്നെ ..

''സ്വാതന്ത്ര്യം തന്നെ O.P.R.....!! സ്വാതന്ത്ര്യം തന്നെ O.C.R....!
പാരതന്റ്രം പാപികള്‍ക്ക് ഷാപ്പിനേക്കാള്‍ ഭയാനകം ..
. എന്നാണല്ലോ? ഏതു?

സ്കൂളിന്റെ കിഴക്കേ മൂലയ്ക്കുള്ള പഞ്ചായത്ത് പൈപ്പിന്‍ ചുവട്ടില്‍ കാലു കഴുകാന്‍ കുട്ടികള്‍ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു..
എനിക്കും കാലു കഴുകണം എന്നൊരു പൂതി .
നമ്മടെ ഇത്തിരിക്കാലും നീട്ടി വച്ച് പൈപ്പിന്‍ ചുവട്ടിലേക്ക്‌ നടക്കുമ്പോള്‍ പെടലിക്ക്‌ പിടി വീണു..

'' നിനക്കല്ലേ... ..? ഇത്രയും വൃത്തിയൊക്കെ ധാരാളം'' എന്ന രീതിയില്‍ മമ്മി എന്നെ തറപ്പിച്ചൊരു നോട്ടം !!
ഞാനുരുകി പണ്ടാരമടങ്ങിപ്പോയി.

സ്കൂളിന്റെ ഭിത്തിയില്‍ സുകുചെട്ടന്റെ തയ്യക്കടയിലെ വെട്ടു കഷ്ണങ്ങള്‍ പോലെ കടും നീല നിറത്തില്‍ എഴുതി വച്ച കുറച്ചു അക്ഷരങ്ങള്‍..
(പില്‍ക്കാലത്ത് അത് വെട്ടു കഷണങ്ങളല്ല H.F.L.P.S south paravoor എന്നാണു എഴുതിയിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി... എങ്ങനുണ്ട്? മുറ്റല്ലേ ഞാന്‍ )

സ്കൂളിന്റെ ഗെയ്റ്റ് കടക്കും നേരം മമ്മി പറഞ്ഞു തന്നു ..

'' മോനെ.., ആദ്യായിട്ട് സ്കൂളില്‍ പോകുവാ .. വലതു കാല്‍ വച്ച് കയറണം''

ഓക്കേ .. അത് ഞാനേറ്റു..

അത് പിന്നെ മമ്മീ ''ഈ വലതു കാല്‍ എന്ന് പറയുമ്പോ ... ചൊറി വന്നു പൊട്ടിയ കാലാണോ? അതോ മാവേന്ന് വീണു മുറിഞ്ഞ കാലാണോ''?

മാങ്ങാത്തൊലി ... മമ്മി അലറി..

ടാ.. നീ ചോറുണ്ണുന്ന കൈ ഏതാടാ..?

ഞാന്‍ മമ്മീടെ കൈ ചൂണ്ടി കാണിച്ചു കൊടുത്ത് ..
''എന്‍റെ വ്യാകുല മാതാവേ .. ഇവനേം കൊണ്ട് തോറ്റു ഞാന്‍..
ടാ... നിനക്കൊക്കെ ഇപ്പഴും ചോറു വാരി തരുന്ന എന്നെ തല്ലണം ആദ്യം... ''
മമ്മീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ ?
ഡിഡ് ഐ ടോള്‍ഡ്‌ എനിതിംഗ് റോന്ഗ് ??

പൊക്കോണം ......

അങ്ങനെ രണ്ടു കാലിനും വിഷമമാകേണ്ട എന്ന് കരുതി ചെളിവെള്ളത്തില്‍ നിന്ന് ഡയരക്റ്റ് സ്കൂളിന്റെ ഒന്നാം പടിയിലേക്ക് ഒരു ചാട്ടം !!!
safe landing...!!!
but എന്‍റെ ചെരുപ്പിലെ ചെളി മുഴുവന്‍ തൊട്ടു പുറകില്‍ ഫ്ലയിങ്ങിനു തയ്യാറായി നിന്നിരുന്ന ജൈമോന്റെ നെഞ്ചത്ത്..
കടവുളേ .. പെട്ട്..(അവന്റെ അമ്മൂമ്മ എന്നെ കൊന്നില്ല എന്നേയുള്ളൂ..)

'പണി മത്താകുന്നു' സോറി 'മണി പത്താകുന്നു' സ്കൂളിന്റെ കഴുക്കോലില്‍ തൂക്കിയിട്ടിരിക്കുന്ന ദോശക്കല്ലില്‍ കിണി കിണി എന്ന് മണി മുഴങ്ങി ..
എന്‍റെ കൂടെ '' ജോയിന്‍ '' ചെയ്ത ഭൂരിപക്ഷം സഹപാടികളും സഹപാടിനികളും നെഞ്ജത്തടിച്ചു കരച്ചിലായി... നമ്മള്‍ കുറച്ചു കഠിന ഹൃദയര്‍ മാത്രം കരയുന്നുമില്ല ചിരിക്കുന്നുമില്ല..

മമ്മി മാറി മാറി എന്‍റെ മുഖത്തേയ്ക്കു നോക്കി, ''ഇപ്പൊ കരയും... ഇപ്പൊ കരയും...'' എന്ന പ്രതീക്ഷയില്‍ ... (എബിടെ കരയാന്‍ , ''മമ്മി വീട്ടില്‍ പോയിട്ട് വേണം ഒന്ന് മഴയത്ത് ഇറങ്ങാന്‍'' എന്ന് ഹൈപ്പര്‍ പ്ലാന്‍ ഇട്ടു കൊണ്ടിരിക്കുന്ന ഞാന്‍ കരയാനോ? എന്‍റെ പട്ടി കരയും)
പാവം മമ്മി... ഞാന്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ സ്റോക്ക് ചെയ്തു വച്ചിരുന്ന ഡയലോഗുകള്‍ എല്ലാം ചീറ്റിപ്പോയി... ടണ്‍ ടാണ്ട ടാന്ഗ് ...
മൂന്നാം മണി അടിച്ചു എല്ലാവരേം ക്ലാസ്സിലിരുത്തി അമ്മമാര് പുറത്തിറങ്ങി . പണ്ട് മുതലേ നമുക്ക് 'ആറര അടി പൊക്കം' ഉണ്ടായിരുന്നതിനാല്‍ ഇരിപ്പിടം ഫസ്റ്റ് ബെഞ്ചില്‍ തന്നെ കിട്ടി .
തൊട്ടരുകില്‍ ഒരുത്തന്‍ മൂക്കളയും ഒലിപ്പിച്ച് ..,മൂക്കില്‍ വിരലിട്ടു കളിക്കുന്നു..
എങ്ങനെയാ ഒന്ന് പരിചയപ്പെടുക?

''അളിയാ.. വൈകിട്ടെന്താ പരിപാടി'' എന്ന് ചോദിച്ചാലോ?

വേണ്ട അത് ജാടയാകും ..

അപ്പോളാണ് മനസ്സില്‍ വീണ്ടും ഒരു ''ലഡ്ഡു'' പൊട്ടിയത്.. അപ്പോളോ?

തോണ്ടി വിളിക്കാം (അന്നത്തെ നമ്മുടെ ഒരു തോണ്ടല്‍ എന്നൊക്കെ പറയുമ്പോ ഇന്നത്തെ ഒരു ഇടിയുടെ അത്രയും വരും)
അവന്‍ മൂക്കിലിട്ടിരുന്ന കൈക്കാണ് 'തോണ്ട്' കൊണ്ടതെന്ന് നമ്മളറിഞ്ഞില്ല..
നഖം കൊണ്ട് മൂക്കില്‍ നിന്നും രക്തം ധാര ധാരയായി ഒഴുകി..(ചുമ്മാ ഒരു ഓളത്തിന് പറഞ്ഞതാ... ശരിക്കും രണ്ടു തുള്ളിയെ വന്നുള്ളൂ... സത്യായിട്ടും.. )

ചോര കണ്ട അവന്‍ ദേ .. കാറിപ്പൊളിച്ച് കരയുന്നു !!!

ടാ... ചക്കര മുത്തെ , തേനേ പാലേ.. കണ്ണേ കരളേ... കരഞ്ഞു ''ബളഹം'' ഉണ്ടാക്കല്ലെടാ .!!

പെട്ടന്നാണ് പോരും നേരം പപ്പാ എന്‍റെ പോക്കറ്റില്‍ ഇട്ടു തന്ന ''പ്യാരി മിട്ടായി'' എന്‍റെ ശ്രദ്ധ ക്ഷണിച്ചത്...

''കൊച്ചു കുട്ടികള്‍ കുറ്റം ചെയ്‌താല്‍ പ്യാരി മിട്ടായി ഡായ് ഡായ്'' എന്നാണല്ലോ മഹാകവി ഇന്നസെന്റ് പറഞ്ഞിരിക്കുന്നത്?

ആ പച്ചപ്യാരി മിട്ടായി അവന്റെ നേരെ നീട്ടിക്കൊണ്ടു ആ ''അമിതാബച്ച മന്ത്രം'' ഞാനുരുവിട്ടു..

''മച്ചൂ.. മധുരം കഴിക്കേണമിന്നോന്നാം തീയതിയായ്...
മധുരം കഴിക്കേണമിന്നോന്നാം തീയതിയായ്.. ഒന്നാം തീയതിയായ്..''


അതേറ്റു .. എനിക്ക് ശകലം പോലും തരാതെ ആ കാലമാടന്‍ ആ മിട്ടായി മുഴുവന്‍ തിന്നു തീര്‍ത്തു..
അങ്ങനെ ആ രക്തബന്ധത്തില്‍ തുടങ്ങിയ സൌഹൃതം ഇന്നും തുടരുന്നു .. മുറിവേല്‍ക്കാതെ..!!!


വല്ലപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ ചുളുവിലയ്ക്ക് നേവല്‍ ബേസില്‍ നിന്ന് xxx ഇറക്കി തരുന്ന സോഴ്സ് അവനായത് കൊണ്ട് മാത്രം പേര് വെളിപ്പെടുത്തി അവന്റെ പണി കളയുന്നില്ല...
നിര്‍ബന്ധമാണെങ്കില്‍ നിങ്ങള്‍ അവനെ സാബുവെന്നോ ഷുക്കൂറെന്നോ വിളിച്ചോ... നോ പ്രോബ്ലം !!!

Sunday, July 18, 2010

ലവനെപ്പോലെ ലവന്റെ അയല്‍ക്കാരനെയും ...


''മമ്മീ ... ഇനി ചെമ്പീപ്പള്ളീല്‍ പെരുന്നാളിന് പോകുമ്പോ എനിക്ക് വെള്ളം ചീറ്റിക്കുന്ന തോക്കൊരണ്ണം വാങ്ങിത്തരണം'' അതിരാവിലെ അലാറം വച്ചെഴുന്നേറ്റു ഡിമാന്റുകള്‍ നിരത്തുകയാണ് ഏഴു വയസുകാരന്‍ നവീന്‍ കുട്ടന്‍.
എന്നാത്തിനാ? ഇപ്പൊ ഒള്ളതോന്നും പോരെ ?, ഇനി ആതൂടെ മേടിച്ചിട്ട് വേണം പെരയ്ക്കകം മുഴുവന്‍ മെഴുകി നാറ്റിക്കാന്‍... ഉടന്‍ വന്നു റെസ്പോന്‍സ്‌ മദറിന്റെ വായീന്ന്..

അല്ലേലും ഈ മദേര്‍സ് ഒക്കെ ഇങ്ങനാ...
എന്ത് നല്ല കാര്യം പറഞ്ഞാലും കടിച്ചു കീറാന്‍ വരും...
കൊക്കെത്ര കൊളം കണ്ടതാ, നമ്മളോടാ കളി .തോക്കില്ലെങ്കില്‍ 'കവണ' തന്നെ ആശ്രയം,
അല്ല പിന്നെ...

പേരക്കൊമ്പില്‍ സൈക്കിള്‍ ട്യൂബിന്റെ കഷ്ണം കെട്ടിയുണ്ടാക്കിയ സ്വയം നിര്‍മ്മിത തെറ്റാലിയുമായി നേരെ മാവിന്ച്ചുവട്ടിലെക്കോടി... എന്നും മിനിമം ഒരു അഞ്ചു കാക്കയെങ്കിലും കല്ലെറിഞ്ഞില്ലെങ്കില്‍ എനിക്ക് ഉറക്കം വരത്തില്ലായിരുന്നു. ആറു മാസത്തോളം മരുന്ന് കഴിച്ചിട്ടും മാറിയില്ല ആ അസുഖം.
കിഴക്കൊര്‍ത്തെ മൂവാണ്ടന്‍ മാവേല്‍ കിഴക്കോട്ടു നോക്കി കടവിലെ കുളിസീന്‍ കണ്ടു കൊണ്ടിരുന്ന ഒരു കാക്കയുടെ 'മെടുല ഒബ്ലാന്ഗെട്ട' നോക്കി ഞാന്‍ ഒരു കീറു കൊടുത്തു.ആഹാ... ആഹാഹ... കിറു കൃത്യം ഇന്നും ഉന്നം തെറ്റിയില്ല..,

അയലോക്കത്തെ കുട്ടന്റെ വീട്ടിലെ മണ്‍കലം ഒരെണ്ണം ഠിം !!!

കുട്ടന്റച്ചാ... കുട്ടന്റച്ചാ... എന്നെ തെറി വിളിക്കണ്ടാ കഴിഞ്ഞയാഴ്ച പൊട്ടിച്ച ജനലിന്റെ ചില്ലും കൂടെ ചേര്‍ത്തു പെനാല്‍റ്റി വൈകിട്ട് പപ്പാ വരുമ്പോള്‍ പണമടച്ചു രസീത് വാങ്ങിക്കൊള്ളാമേ ...

കുട്ടന്റച്ചന്‍ എന്നെ തറപ്പിച്ചൊന്നു നോക്കി..

സത്യായിട്ടും... പപ്പാ വരുമ്പോള്‍ പൈസ തരും, പപ്പാ കഷ്ട്ടപ്പെടുന്നതു ഞങ്ങള്‍ക്കുവേണ്ടിയാണെന്നു ഇന്നലെയും കൂടി പറഞ്ഞായിരുന്നു..


ഡാ... മുടിയനായ പുത്രാ വന്നിട്ട് ഈ പുട്ടും കടലയും കഴിച്ചിട്ട് തെണ്ടാന്‍ പോടാ...
ഇതെന്നതാ മദറെ ... ഇന്നും പുട്ടാണോ?
ഇത് കേട്ടതും മദര്‍ അടുക്കളയില്‍ നിന്നും 60 KM/hr സ്പീഡില്‍ ഒരു കയ്യില്‍ ചട്ടകവുമായി പാഞ്ഞു വന്നു എന്‍റെ മോന്തയ്ക്ക് നോക്കി കണ്ണ് കൊണ്ട് '' വക്കാ വക്കാ'' കളിക്കുന്നു..
എന്‍റെ പോന്നു മമ്മീ ,ഇങ്ങനെ തുറിച്ചു നോക്കാന്‍ എന്‍റെ മുഖത്തെന്നാ കമ്പോള നിലവാരം എഴുതിയൊട്ടിച്ചിട്ടുണ്ടോ ?
നിനക്കൊക്കെ എന്നും സമയത്തിനു തിന്നാന്‍ കിട്ടുന്നതിന്റെ കുഴപ്പമാ... [മമ്മീ പ്ലീസ് വേണ്ടാ... പുരാണ കഥകള്‍ ഇനിയും പറയരുത്... ]

പുട്ടെങ്കില്‍ പുട്ട് ഒരു കുറ്റി പോരട്ടെ..!

ഡാ.. നിന്‍റെ അനിയനെ കണ്ടു പഠിക്കെടാ ,
അവന്‍ അടുക്കളയില്‍ മമ്മിയെ സഹായിക്കുന്നത് കണ്ടോ ?
പിന്നെ പിന്നെ ... പറയണ്ട താമസം അവന്‍ കടുകിന് വരെ 'തുള' ഇട്ടു തരും .
കഴിഞ്ഞ ദിവസം സവോള പൊളിക്കാന്‍ കൊടുത്തിട്ട് പൊളിച്ച് പൊളിച്ച് പൊളിച്ച് പൊളിച്ച് ''ഇത് മൂത്തെട്ടില്ല മമ്മീ '' എന്ന് വാദിച്ച മൊതലാണ് എന്റനിയന്‍ തമ്പുരാന്‍,,..


മമ്മീ ഞാന്‍ കളിക്കാന്‍ പോകുവാ .. എന്നും പറഞ്ഞ് അടുക്കള വഴി ഇറങ്ങുമ്പോള്‍ ഒരു കൈ ഞാനറിയാതെ പഞ്ചാരഭരണിയിലേക്ക് നീണ്ട് ഒരു കുത്ത് പഞ്ചസാരയുമായി പൊങ്ങി .നേരെ അഞ്ചു വിരലുള്‍പ്പെടെ വായിലേക്ക് കേറ്റി , കൈ നക്കിത്തുടചെടുത്തു.
ഛെ.. ഈ പഞ്ചസാരയ്ക്കൊക്കെ ഭയങ്കര മധുരമാ ഇപ്പൊ...
മമ്മി: ഡാ നീ പിന്നേം കട്ടോ?
ഇങ്ങനെ പഞ്ചാര തിന്നാല്‍ വല്ല പിത്തവും പിടിക്കുംടാ... എന്നുപറഞ്ഞതും ഒരു ചിരട്ടയെടുത്തു എന്നെ എറിഞ്ഞതും ഒരുമിച്ചായിരുന്നു... പറക്കുന്ന ചിരട്ടയ്ക്ക്‌ അഞ്ചിഞ്ച് താഴെ എന്നാണല്ലോ പഴമൊഴി..
ജസ്റ്റ് ഒന്ന് കുനിഞ്ഞു കൊടുത്തു, ചിരട്ട കൃത്യം പെടലിക്ക് !! എന്‍റെയല്ല, മുറ്റത്തെ തെങ്ങ് ഒറ്റക്കാല് കൊണ്ട് ചവിട്ടി മറിച്ചിടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ജിമ്മിയുടെ [പട്ടിയാ] .. അവന്‍ ഭ്രാക്ക് ഭ്രാക്ക് എന്ന് ശബ്ദമുണ്ടാക്കി കൊണ്ട് അടുത്ത തെങ്ങിഞ്ചുവട്ടിലെക്കോടി ... ഞാന്‍ നേരെ അയലോക്കത്തെയ്ക്കും..


കറക്റ്റ് മാവിഞ്ചുവട്ടിലെത്തിയപ്പോള്‍ ന്യൂട്ടന്‍റെ തിയറി ശരിയാണോ എന്നൊരു തംശയം? അത് തീര്‍ക്കാന്‍ വേണ്ടി മാത്രം ഒരു കല്ലെടുത്ത് മുകളിലേക്ക് എറിഞ്ഞു.എല്ലാ വസ്തുക്കളെയും ഭൂമി അതിന്‍റെ അച്ചുതണ്ടിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നു അന്നെനിക്ക് മനസ്സിലായി , കല്ലിനൊപ്പം മൂന്നാല് കണ്ണിമാങ്ങകളും ന്യൂട്ടന്‍ അണ്ണന് ഐക്യധാര്‍ദ്ദ്യം പ്രഖ്യാപിച്ചു കൊണ്ട് താഴെയെത്തി... ഒരെണ്ണം കയ്യിലെടുത്തു ബാക്കി നിക്കറിന്‍റെ പോക്കറ്റിലിട്ടു, ഞെട്ട് കരിങ്കല്ലില്‍ ഉരച്ച് കറ കളഞ്ഞ് കല്ലുപ്പ് കൂട്ടിയത് തിന്നു തീര്‍ത്തു ....ച്ച്രക്കെ പ്രക്കെ... ച്ച്രക്കെ പ്രക്കെ..
നല്ല പുളിയാ തിന്നുമ്പോള്‍ കണ്ണടച്ചു പോകുന്ന പുളി.

പൂത്ത് നില്‍ക്കുന്ന ചെമ്പകത്തിന്റെ ചുവട്ടിലൂടെ വേലി നൂണ്ട് കുട്ടന്റെ വീട്ടിലേക്ക് .ഒരു പറമ്പ് കഴിഞ്ഞാണ് കുട്ടന്റെ വീട്. പറമ്പില്‍ മുഴുവനും തുമ്പയും കാക്കപ്പൂവുമൊക്കെയാണ് ..


ടാ കുട്ടാ നീ ചൂണ്ടയിടാന്‍ വരുന്നുണ്ടോ?
നെക്സ്റ്റ് സെക്കന്റില്‍ കുട്ടന്‍ പ്രസെന്റ്‌ വിത്ത്‌ എ ''പനങ്കണ ചൂണ്ട''
നമ്മളന്നും(ഇന്നും)ലോക്കല്‍ ആയിരുന്നു .എന്‍റെ ചൂണ്ട ഇല്ലിക്കമ്പില്‍ തീര്‍ത്തതായിരുന്നു.അവിടെ നിന്ന് കടവിലേക്ക് നടക്കുമ്പോള്‍ നടക്കുന്ന വഴിയിലെ തൊട്ടാവാടികളെല്ലാം എന്‍റെ ചൂണ്ടത്തലപ്പുകൊണ്ട് കണ്ണ് ചിമ്മുന്നുണ്ടായിരുന്നു...


ഇനിയിപ്പോ ചെമ്മീന്‍ തപ്പണം ,ഒരു ഓലക്കീറുമായി പയ്യെ കായലിലെക്കിറങ്ങി, വേലിയിറക്കമാണ് , ചെമ്മീനുകളെല്ലാം 'സെറ്റപ്പുകളു'മൊത്ത് മോര്‍ണിംഗ് വാക്ക് നടത്തുന്നു... കൂട്ടത്തില്‍ ഗ്ലാമറസ് ആയ ഒരു ചെമ്മീന്‍ സുന്ദരിയെ പെടലി ചേര്‍ത്ത് പിടിച്ച് വാലിനടിയിലൂടെ കൊളുത്ത് കയറ്റി പുറകോട്ടു വലിച്ചു.ആ സുന്ദരി 'റ ' പോലെ വളഞ്ഞു ഒരുമാതിരി സിറ്റ്അപ്പ് എടുക്കുന്ന പൊസിഷനില്‍ (കൂതറ അല്ല ക്രൂരത ) എന്‍റെ ചെമ്മീന്‍കുളത്തപ്പാ ക്ഷമീര്‍...

ടാ .. കുട്ടാ ഒന്നും കൊത്തുന്നില്ലല്ലോ?
ഈ മുടിഞ്ഞവനെയും കൊണ്ട് വന്നപ്പഴേ ഞാന്‍ പ്രതീക്ഷിച്ചതാ..(ഞാനല്ല അവനാ ഇത് പറഞ്ഞത് എന്നേ നോക്കി..)
ബാടാ പോകാം.... കുട്ടന്‍
നില്ലെടാ ഒരു രണ്ടു ''കിന്റല്‍'' മീനെങ്കിലും കിട്ടിയിട്ട് പോയാല്‍ പോരെ ??..... ഞാന്‍
എന്തോന്നെന്തോന്നു?..... ലവന്‍
അല്ല സുഗുണാ ... ഒരു രണ്ടു പിടി ചോറ് കഴിച്ചിട്ട് വന്നിട്ട് പോരെ മീന്‍പിടുത്തം എന്ന്...
ഓ.. എന്നാപ്പിന്നെ അഭിലാഷിന്റെ വീട് വഴി പോകാം .മുറ്റത്തെത്തിയപ്പോള്‍ അവന്റെ ' ദി മദര്‍ '
അടുക്കളക്കകത്തിരുന്നു എന്തിനെയോ തല്ലിക്കൊല്ലുന്ന സൌണ്ട് കേട്ടു .

..പൊദ്ധോം പോദ്ദോം ........

ശ്യാമളചേച്ചീ ..,വല്ല പാമ്പോ മറ്റോ ആണോ? എന്ന് ചോദിച്ചു ജനല്‍ വഴി എത്തി നോക്കി .

അതുശരി ,ഒരു ചക്ക പൊളിച്ച സീനാണോ കണ്ടത്?

പ്യാടിച്ചു പോയല്ല് ....

ചേച്ചീ എനിക്ക് വേണ്ടാ...
കുട്ടന്‍: അതിനു നിന്നോടാരും ചോദിച്ചില്ലല്ലോ?
എന്നാലും അതല്ലല്ലോ...മാനേഴ്സ് ഓഫ് ദി സ്റ്റേറ്റ് ബാങ്ക് ഓഫ് ബറോഡ .!!! ഏത്????

ചേച്ചി: ടാ.. രണ്ടു ചോള തിന്നിട്ടു പോടാ...
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് വേദപാoക്ലാസ്സില്‍ ഇന്നലെയും കൂടി ലിറ്റിസിസ്റ്റര്‍ പറഞ്ഞതാ..
എന്നാപ്പിന്നെ അയലോക്കക്കാരെ സ്നേഹിച്ചു കുത്തുപാളയെടുപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം.,
ഞാനും കുട്ടനും ഒരു സൈഡീന്നു അങ്ങ് തുടങ്ങി.
കുട്ടന്‍ നിര്‍ത്തുന്ന ലക്ഷണം ഒന്നും കാണുന്നില്ല ,ഞങ്ങള്‍ നസ്രാണികളും തീറ്റയുടെ കാര്യത്തില്‍ അത്ര മോശക്കാരോന്നുമല്ല എന്ന രീതിയില്‍ ഞാനും വിട്ടു കൊടുത്തില്ല...
വിശപ്പില്ലായ്മ്മ എന്ന ബാലരോഗം എനിക്ക് പണ്ടേ ഇല്ലാ ... പിന്നാ ഇപ്പൊ ...
നിമിഷങ്ങള്‍ക്കുള്ളില്‍ ചക്കക്കുള്ളില്‍ ഒരു ''ട്രെഷര്‍ ഹണ്ട്'' നടത്തി .
ചേച്ചിയേ.. ചായയില്ലേ?
എന്തോത്തിനു?
അല്ല ,ചുമ്മാ ഒരു ടച്ചിങ്ങ്സിന് ..
ശ്യാമളചേച്ചി ഇഞ്ചി തിന്ന മങ്കിയെപ്പോലെ ഞങ്ങളെയൊന്നു നോക്കി.
പിന്നെ അകത്തു കിടന്നുറങ്ങുന്ന പുന്നാര മോന്‍ അഭിലാഷിനേയും .
ശേഷം വൈലോപ്പിള്ളിയുടെ മാമ്പഴത്തിന് പണി കൊടുത്തു...

''ചക്കപ്പഴം മുറിക്കുമ്പോള്‍ ആക്രാന്തിച്ചെടുക്കെണ്ടോന്‍ -
കൂര്‍ക്കം വലിച്ചുറങ്ങുന്നത് തല്ലു കൊള്ളാഞ്ഞിട്ടല്ലേ?


അനുപല്ലവിയിലേക്ക് കടക്കും മുന്‍പേ ഒരു തുടം വെള്ളം സ്ലോ മോഷനില്‍ അവന്റെ തലയിലേക്ക്...

''പൈതലിന്‍ ഭാവം മാറി വദനാംബുജം വാടി
ചക്കപ്പഴം കാണാക്കണ്ണ്‍ കണ്ണുനീര്‍ തടാകമായ്
''

അഭിലാഷ് കണ്ണും തിരുമ്മി അടുക്കളയിലേക്കോടി വന്ന് തറയിലേക്കു നോക്കി
ഞെട്ടിത്തരിച്ചു നിന്നു.
അവന്‍ കാത്തു കാത്തു വച്ച ചക്കപ്പഴം കുഞ്ഞാലിക്കുട്ടിയെയും രെജീനയേയും പോലെ
തുണി വേറെ .... ലത് വേറെ ആയി കിടക്കുന്നു..
ഇതൊന്നും 'എന്‍റെ സിലബസ്സിലേ ഇല്ലാ' എന്നാ ഭാവത്തില്‍ ഞങ്ങള്‍ അവിടന്നു സ്കൂട്ട് ആയി നടന്നു നീങ്ങുമ്പോള്‍ ഏതോ റേഡിയോയിലൂടെ ഗാനഗന്ധര്‍വ്വന്റെ സ്വരം അവിടെ ഒഴുകിയെത്തിയിരുന്നു ..


'' കാറ്റടിച്ചു കൊടും കാറ്റടിച്ചു.... ... കായലിലെ വിളക്കുമരം ......സൈറ്റടിച്ച് ...''
ഇക്കഴിഞ്ഞ ലീവിന് പോയപ്പഴും ഞാന്‍ അതെ സ്ഥലത്ത് ചൂണ്ടയിടാന്‍ പോയിരുന്നു, പോരും വഴി അഭിലാഷിന്റെ വീട്ടില്‍ കയറി ചായയും കുടിച്ചു.അന്നും ഈ ചക്കക്കഥ പറഞ്ഞ് ശ്യാമളചേച്ചി എന്നെ കളിയാക്കി.
ആ നിമിഷം വെറുതെയാണെങ്കിലും ഞാനൊന്ന് കൊതിച്ചു പോയി....
കണ്ണിമാങ്ങ കടിച്ചു നടന്ന ആ നല്ല ബാല്യം തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന്...
എന്‍റെ ചെമ്പകവും മന്ദാരങ്ങളും ഒരികല്‍ കൂടി പൂത്തിരുന്നെങ്കില്‍ എന്ന് ....

കൊറ്റിക്കൂട്ടങ്ങള്‍ ഇപ്പൊ അത് വഴി വരാറുണ്ടോ ആവോ?
എന്റെ തോട്ടാവാടിചെടികളെ ആരെങ്കിലും തൊട്ടുണര്‍ത്താറണ്ടോ ??
ആവോ................ആര്‍ക്കറിയാം !!!


NB:തീര്‍ന്നിട്ടില്ല..

Friday, June 11, 2010

മാങ്ങപറി ചെളികുത്ത് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്ഒരു ബ്ലോഗ്ഗില്‍ ഇങ്ങനെയൊക്കെ എഴുതാമോ എന്നറിയത്തില്ല.. എങ്കിലും എത്ര നാളെന്നു വച്ചാ ഇങ്ങനെ ഒരു ഭാരം മനസ്സില്‍ കൊണ്ട് നടക്കുന്നത്?
അതുകൊണ്ടു മാത്രം എഴുതാതെ നിവൃത്തിയില്ല ...
ഒരു കടിഞ്ഞൂല്‍ പൊട്ടന്റെ അറിവില്ലായ്മ്മയായി കണ്ടു ആരും ഇത് ക്ഷമിച്ചു തള്ളരുതെയെന്നും കഴിയാവുന്നത്ര പണി നേരിട്ടും അല്ലാതെയും എനിക്ക് തരണമേഎന്നും താഴ്മ്മയോടെ അപേക്ഷിക്കുന്നു..

കുറച്ചു വര്‍ഷങ്ങളായി രാവിലെ കണ്ണ് തിരുമ്മി എഴുന്നേറ്റാല്‍ പ്രഭാതകൃത്യങ്ങളോടൊപ്പം ചെയ്തു പോരുന്ന ഒരു ക്രൂരക്രിത്യമാണ് ഓര്‍ക്കുട്ടില്‍ കമ്മന്റ് ചെക്ക് ചെയ്യുക എന്നത്... എന്നും മുടങ്ങാതെ കമ്മന്റ് ചെയ്തില്ലേല്‍ ദുര്വ്വാസ മഹര്‍ഷി ശാപം ഉണ്ടാകുമത്രേ...

ആദ്യകാലത്ത് കമ്പ്യൂട്ടറിന്റെ കീപാടില്‍ എ ബി സി ഡി തപ്പി നടക്കുന്നതായിരുന്നു എന്‍റെ പ്രധാന വിനോദം .. ഏതു വിവരദോഷിയാണോ കീപാഡ് കണ്ടു പിടിച്ചത്? എ ബി സി ഡി നേരെ ചൊവ്വേ അറിയാന്‍ മേലാത്ത ഒരുത്തനാണ് ആ കൃത്യം ചെയ്തതെന്ന് ഉറപ്പ് .
കയ്യില്‍ കിട്ടിയ അക്ഷരങ്ങളെല്ലാം പെറുക്കിക്കൂട്ടി ഒട്ടിച്ചു വച്ചതാണെന്നു തോന്നും?
'''' കടവന്ത്രയിലും ''ബി'' ചമ്പക്കരയിലും... ഒരു പരസ്പര ബന്ധമില്ലാതെ.. അല്ല പിന്നെ..


പണ്ടൊക്കെ നാട്ടിലോരുത്തനു കല്യാണമായാല്‍ ഓട്ടോക്കാരന്‍ ജയന്‍ ചേട്ടനോ ബാര്‍ബര്‍ ഷോപ്പിലെ പൊന്നപ്പന്‍ ചേട്ടനോ പറഞ്ഞായിരിക്കും ലോകം അറിയുന്നത്... ബട്ട് ഇന്നത്‌ പാടെ മാറി ..,
ഓര്‍ക്കുട്ട് ആ ദൌത്യം ഏറ്റെടുത്തു കഴിഞ്ഞു .
ഒരാള്‍ ഓര്‍ക്കുട്ട് അക്കൌന്റ് തുടങ്ങുമ്പോള്‍ മിക്കവാറും റിലേഷന്‍ഷിപ്‌ സ്ടാറ്റസ് ''സിംഗിള്‍'' എന്നായിരിക്കും... SSLC book ലെ ഫോട്ടോയെക്കാളും വൃത്തികെട്ട ഒരു പ്രൊഫൈല്‍ ഫോട്ടോയും ,
videos മുഴുവന്‍ ബൈക്ക് RACEകളും ''ഷക്കീര'' പാട്ടുകളും ,
albums മുഴുവന്‍ കോളേജിലെ വെള്ളമടി പാര്‍ട്ടികളുടെയും കൂതറ ഡാന്സുകളുടെയും പടങ്ങള്‍ കൊണ്ടും നിറയും ,
''ഈശ്വരി'' ബാറില്‍ വെള്ളമടിച്ച്ചു വാളുവച്ചു കിടന്ന പടം മുതല്‍ ഹോസ്റ്റെലിന്റെ വരാന്തയില്‍ തോര്‍ത്തുടുത്ത്‌ പല്ല് തേച്ചു നില്‍ക്കുന്ന പടങ്ങള്‍ വരെ അങ്ങ് പോസ്ടിക്കളയും അതാണ്‌ ''ബാച്ചി'' ലൈഫ് ..
.
പിന്നെ ഒരു കൊല്ലത്തിനുള്ളില്‍ നിര്‍ത്താതെ 'പച്ച ലൈറ്റ്' കത്തിച്ചും പെണ്‍പിള്ളേരുടെ 'വാക്കത്തി' മോഡല്‍ ഫോട്ടോസിനു വരെ '' നൈസ്'' എന്ന് കമ്മന്റിട്ടും ഏതേലും ഒരുത്തി വലയിലായാല്‍ പിന്നെ relationship satus , committed എന്നാകും , videos എല്ലാം ഹിന്ദി ഇന്ഗ്ലിഷ് റൊമാന്റിക് ആല്‍ബം പാട്ടുകള്‍ കയ്യേറും , പഴയ SSLC ഫോട്ടോയ്ക്ക് പകരം കൂളിംഗ് ഗ്ലാസ് പിടിപ്പിച് പൂച്ചെണ്ട് പിടിച്ച ഒരു പ്രൊഫൈല്‍ ഫോട്ടോയും പ്രത്യക്ഷപ്പെടും..

പിന്നെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു കല്യാണക്കുറിയും വരും ഹോം പേജില്‍... എന്നിട്ട് പഴയ കൂതറ ഫോട്ടോസ് എല്ലാം നിഷ്ക്കരുണം ഡിലീറ്റ് ചെയ്ത് ചരിഞ്ഞും തിരിഞ്ഞും നില്‍ക്കുന്ന കുറച്ചു ബുജി ലുക്ക് ഫോട്ടോസ് ആഡ് ചെയ്യും , [കണ്ടാല്‍ പേടിച്ചു പോകും ]
ചിന്തകന്മാര്‍ വരെ വണ്ടര്‍ അടിച്ചു ചിന്തിച്ചുപോകുന്ന ഒരു ഇടിവെട്ടു ചിന്ത header ആയും പോസ്റ്റും..

പിന്നെ നാലഞ്ച് കൂട്ടുകാര്‍ക്ക് പൊറോട്ടയും കടലക്കറിയും വാങ്ങിക്കൊടുത്തു മൂന്നാല് testimonial ഒപ്പിചെടുക്കും... പിന്നീടങ്ങോട്ട് സകല കളികളും invisible ആയിട്ടായിരിക്കും , പെട്ടന്നൊരു സുപ്രഭാതത്തില്‍ relationship status .., married എന്നാവും പിന്നെ ഒരാഴ്ചത്തേയ്ക്ക് ഒരനക്കവും ഉണ്ടാവില്ല. [busy with honeymoon]
അതിനു ശേഷം പയ്യെ പ്രൊഫൈല്‍ ഫോട്ടോ മാറും , കൊടിമരം പോലെ നെഞ്ചു വിരിച്ചു നിന്നിരുന്ന ഒറ്റരൂപത്തിന്റെ സ്ഥാനത്തു ''താങ്ങായി'' ഒരു സ്ത്രീരൂപവും പ്രത്യക്ഷപ്പെടും..
സ്വന്തം പേരിന്റെ കൂടെ കണ്ടു കിട്ടിയ വാരിയെല്ലിന്റെ പേരും കൂടി എഴുതിച്ചേര്‍ത്താല്‍ ഏറെക്കുറെ പ്രാരംഭ നടപടികളെല്ലാം പൂര്‍ത്തിയാകും..
വരും ദിവസങ്ങളില്‍ സൗകര്യം പോലെ നിര നിരയായി ഫോട്ടോകള്‍ വീണ്ടും അപ്‌ലോഡ്‌ ആയിതുടങ്ങും .
മുടി ചീകുന്നത് മുതല്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതും മസ്സില് പിടിച്ചു താലി കെട്ടുന്നതും കരിക്കിന്‍ വെള്ളം കുടിക്കുന്നതും കോഴിക്കാലുമായി ഗുസ്തി പിടിക്കുന്നതുമടക്കം എന്തിനു , ഫാന്‍ കറങ്ങുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാന്‍ ഒന്ന് മുകളിലേക്ക് നോക്കിയാല്‍ അത് വരെ വരും ഫോട്ടോസില്‍..ഇതെല്ലാം നാട്ടുനടപ്പാനെന്നു കരുതി സഹിക്കാം... ഈ തിരക്കെല്ലാം കഴിഞ്ഞു outdoor photo shoot എന്നൊരു പരിപാടിയുണ്ട്
അതാണ്‌ അണ്‍സഹിക്കബിള്‍ .ഇതിനു വേണ്ട minimum യോഗ്യതകള്‍ ഫോര്‍ 'ദി വരന്‍ ':


1. ഫ്രെണ്ടില്‍ ആളെ ഇരുത്തി വാഗമണ്‍ , മൂന്നാര്‍ എന്നീ മലയോര പ്രദേശങ്ങളില്‍ സൈക്കിള്‍ ചവിട്ടിയുള്ള മുന്‍പരിചയം .
2. സ്ലോ മോഷനില്‍ ഓടാനുള്ള കഴിവ്
3. കാലുകൊണ്ടു വെള്ളം തെറിപ്പിക്കാന്‍ അറിഞ്ഞിരിക്കണം
4 . മഴവില്‍ നിറങ്ങളുള്ള കുട പിടിച്ചു പോതുജനമാദ്യത്തിലൂറെ നടക്കാനുള്ള ചങ്കൂറ്റം
5. ഭിത്തിയില്‍ കാലു കുത്തി നിന്ന് വയലിനോ ഗിത്താറോ വായിക്കുന്നത് പോലെ അഭിനയിക്കാന്‍ അറിയണം [പോസ്റ്റിലോ തെങ്ങിലോ ചാരിനിന്നായാലും മതി]
6. മണ്ട പോയ തെങ്ങില്‍ ചൂണ്ടി കാണിച്ചു താജ്മഹാല്‍ നേരില്‍ കണ്ട മുഖഭാവം വരുത്തണം [ബാക്കി പണി studio ക്കാര് ചെയ്തോളും ]
7. വഴിയില്‍ കാണുന്ന മൈല്‍കുറ്റിയിലും ബസ്ടോപ്പിലും ഒറ്റയ്ക്ക് ചിരിച്ചു കൊണ്ട് നില്‍ക്കാനുള്ള അപാര കഴിവ് അഭികാമ്യം ...യോഗ്യതകള്‍ ഫോര്‍ ദി വധു :


1. ഫോടോഗ്രഫെര്‍ എന്ത് പറഞ്ഞാലും അനുസരിക്കുന്ന തങ്കപ്പെട്ട സ്വഭാവം.
2. കുചിപ്പിടി, മോഹിനിയാട്ടം , സിനിമാറ്റിക് ഡാന്‍സ് , 100 meter ഓട്ടം . ഹൈജമ്പ് എന്നിവയിലെല്ലാം പ്രാവീണ്യം തെളിയിച്ച സപ്രിട്ടിക്കറ്റ് [ഗസട്ടെറ്റ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്.. ]
3. എത്ര തെറി കേട്ടാലും '' ഒന്ന് പോ പ്രിഥ്വിരാജേ..'' എന്ന മുഖഭാവം വരുത്തി ചിരിക്കാനുള്ള കഴിവ് മസ്റ്റ്.
4. 5 മീറ്റര്‍ ദൂരത്തു നിന്ന് ഓടി വന്നു കെട്ടിയോന്റെ നെഞ്ചത്ത് വീഴാനുള്ള പരിശീലനം നിര്‍ബന്ധം.
5. പവന് പന്തീരായിരം ആയാലും രണ്ടരക്കിലോയില്‍ കുറയാത്ത സ്വര്‍ണാഭരണങ്ങള്‍ പെടലിയില്‍ കെട്ടിതൂക്കിയിരിക്കണം.
6. സ്വരം പുറത്തു വരാതെ പാടാനുള്ള കഴിവ് അഭികാമ്യം
7. കെട്ടിയോന്റെ തല മടിയില്‍ കിടത്തി ''പേന്‍ '' നോക്കാന്‍ അറിഞ്ഞിരിക്കണം

അങ്ങനെ സ്ടുടിയോക്കാരന്റെ 'ഭാവന''യ്ക്കും 'റോമ'യ്ക്കും 'ശോഭനയ്ക്കുമെല്ലാം' അനുസരിച്ച് ഈ യോഗ്യതകള്‍ കൂടിയും കുറഞ്ഞുമിരിക്കും
ഇപ്പോള്‍ താങ്കള്‍ ചിന്തിക്കുന്നുണ്ടാവും ഈ ഫോട്ടോഗ്രാഫിയും മാങ്ങപറി ചെളികുത്ത് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് എന്ന headingum തമ്മില്‍ എന്താ ബന്ധം എന്ന് ? മേല്‍പ്പറഞ്ഞ യോഗ്യതകള്‍ എല്ലാം പുഷ്പ്പം പോലെ മറികടക്കാന്‍ പാകത്തിന് കുരുട്ടു വിദ്യകളുമായി ഒരു സ്ഥാപനം കുവൈറ്റില്‍ തുറന്നു പ്രവര്‍ത്തിച്ച കാര്യം സസന്തോഷം അറിയിച്ചു കൊള്ളട്ടെ...

അതാണ്‌
''മാങ്ങപറി ചെളികുത്ത് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്''

മൂന്നും നാലും തവണ പെണ്ണ് കെട്ടി വീഡിയോയില്‍ അഭിനയിച്ചു കൂതറ danceലും കൊലചിരിയിലും പരിശീലനം സിദ്ധിച്ച 'മുറ്റ്' അധ്യാപകര്‍ .
വിദ്യാര്‍തികളുടെ സൌകര്യാര്‍ത്ഥം രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായി ദിവസേന മൂന്നു ക്ലാസ്സുകള്‍
നേരിട്ട് വരാന്‍ മുന്‍ ഭാര്യമാരും അഭിമാനവും അനുവദിക്കാത്തവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ...
സീറ്റുകള്‍ പരിമിതം കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപിക്കുക
പ്രൊപ്രൈറ്റര്‍,
മാങ്ങപറി ചെളികുത്ത് ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബ് ,
കുവൈറ്റ്‌ ജങ്ക്ഷന്‍.

[ഈയിടെ വിവാഹിതാരായതും ഇനി ആകാന്‍ പോകുന്നതുമായ എന്റെ എല്ലാ കൂട്ടുകാര്‍ക്കും ആശംസകളോടെ സമര്‍പ്പണം
]

Sunday, May 30, 2010

എന്‍റെ വിശ്വാസങ്ങള്‍(NB:എന്‍റെ വിശ്വാസങ്ങള്‍ എന്‍റെ മാത്രം വിശ്വാസങ്ങളാണ്
വിശ്വാസികള്‍ ആരും ഇത് കാര്യമായിട്ടെടുക്കരുത്..)

സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ തന്നെ എന്ന് അടിയുറച്ചു വിശ്വസിക്കുന്നു....
നമ്മുടെ ചുറ്റുപാടുകളെ സ്വന്തം പ്രവര്‍ത്തികളും ഇടപെടലുകളും കൊണ്ട് സ്വര്‍ഗ്ഗവും നരകവും ആക്കി മാറ്റാന്‍ നമുക്ക് കഴിയും എന്നും വിശ്വസിക്കുന്നു...
ഇനിയും ഒരു മനുഷ്യജന്മം ഭൂമിയില്‍ ഉണ്ടാവില്ല എന്ന് മനസ്സിനെ ചൊല്ലിപ്പടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു..

അനുയായികളുടെ സ്തുതിവചനങ്ങള്‍ കേട്ടു ഉന്മത്തനായി ചാരുകസേരയില്‍ ചമ്രം പടഞ്ഞിരിക്കുന്ന അഭിനവ രാഷ്ട്രീയക്കാരുടെ മുതലാളിത്ത ഭാവം ''ഒറിജിനല്‍ ദൈവത്തി'നുണ്ടാവില്ല എന്നും മനസാക്ഷിയെ പറഞ്ഞാശ്വസിപ്പിച്ചു..

അതുകൊണ്ട് തന്നെ എന്‍റെ പ്രാര്‍ഥനകള്‍ രണ്ടര മണിക്കൂര്‍ നീണ്ടു പോകാറില്ല...
നന്ദി എന്നാ രണ്ടക്ഷരങ്ങളില്‍ എന്‍റെ പ്രാര്‍ഥനകള്‍ എന്നും ചുരുങ്ങും..
വായ കീറിയവന്‍ അന്നം തരും എന്ന വിശ്വാസം മനസ്സിലെപ്പോഴും ഉണ്ട്..
അത് തന്നെയാണ് പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു നയിക്കുന്നതും..

.
മനോബലം നഷ്ടപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ ഒത്തു ചേരലുകള്‍ ആണ് കൂട്ടായ്മ്മകള്‍ എന്ന് ഞാന്‍ വാദിക്കും...
പ്രാര്‍ത്ഥന എന്ന വാക്കിനര്‍ത്ഥം '' പ്രവര്‍ത്തികളുടെ അര്‍ത്ഥന '' എന്നല്ലേ ..?
ആ വാക്കിനെ 'ദൈവവുമായുള്ള സംഭാഷണം' എന്ന് വ്യാഖ്യാനിച്ചത് ആരാണാവോ?

നമ്മുടെ പ്രവര്‍ത്തികളുടെ മൂല്യനിര്‍ണ്ണയം ആണ് പ്രാര്തനയിലൂടെ ഞാന്‍ അര്‍ത്ഥമാക്കുന്നത്..
ദൈവത്തെ ഒരു മീഡിയം ആക്കുന്നു എന്ന് മാത്രം..
.
ഞാന്‍ ഒരു നിരീശ്വരവാദി അല്ല ..തിയോളജി എന്‍റെ വിഷയവുമല്ല...

അമിതാരാധനയിലും അത്രയ്ക്ക് വിശ്വാസം പോര...
പ്രമുഖവ്യക്തികളും മതപന്‍ടിതന്മാരും പറയുന്നതെല്ലാം അത് പോലെ തന്നെ അരച്ചു കുടിക്കാരുമില്ല..
ഒരുപാട് ചിന്തിക്കാരുണ്ട്...,
സ്വന്തം യുക്തിക്കും ബുദ്ധിക്കും യോജിക്കുന്നതാനെങ്കില്‍ കുറച്ചൊക്കെ പ്രവര്‍ത്തിയില്‍ കൊണ്ട് വരാന്‍ ശ്രമിക്കാറുമുണ്ട്...
ദൈവം മനുഷ്യന് മാത്രം 'ചിന്തിക്കാനുള്ള കഴിവ്' തന്നതും അതിനാണല്ലോ?

നന്മ ചെയ്യുന്ന മനസ്സുകളില്‍ ഞാന്‍ എന്നും ദൈവത്തെ കാണാറുണ്ട്‌...
നല്ലത് ചിന്തിക്കുക നല്ലത് പ്രവര്‍ത്തിക്കുക എന്നതിലപ്പുറം മറ്റൊരു ഗൂടലക്ഷ്യവും എനിക്കില്ല...

HELPING HANDS ARE BETTER THAN PRAYING LIPS..
.
.
.
.
.

Monday, May 17, 2010

ഒരു ടാക്സിക്കാരന്‍റെ ക്രൂരതകള്‍


രണ്ടു കൊല്ലം എന്നെ തീറ്റിപ്പോറ്റിയ കുവൈറ്റിനു തല്‍ക്കാലം ലാല്‍സലാം.. ഒരു മാസത്തെ അവധിക്കായി ഞാന്‍ വീണ്ടും നാട്ടിലേക്ക്..
കുവൈറ്റിലെ മുടിഞ്ഞ ചൂടിനോടും പൊടിക്കാറ്റിനോടും തല്‍ക്കാലം വിട ..

രാവിലെ ഡ്യൂട്ടിക്ക് കയറിയപ്പോള്‍ തന്നെ 'മനസ്സിലും മസിലിലും' അസാധാരണമായ സന്തോഷം കാണാനുണ്ടെന്ന് പറഞ്ഞത് incharge ആയിരുന്നു..
കണ്ണില്‍ കണ്ട എല്ലാവരെയും മോണ കീറി ചിരിച്ചു കാണിച്ച് യാത്ര പറഞ്ഞ് ഞാനാ പടികളിറങ്ങുമ്പോള്‍ ഏതേലും ഒരു തരുണീമണി വന്നു കെട്ടിപ്പിടിച്ചു ''ഐ വില്‍ മിസ്സ്‌ യൂ ഡാ നവീനെ'' എന്ന് പറയുമെന്ന് ഒരുപാട് ആശിച്ചു .. ബട്ട് എന്‍റെ ആശയ്ക്ക് ഒരു തട്ട് ദോശയുടെ വില പോലും തന്നില്ല ആരും.. കുറച്ചു അമ്മച്ചിമാര്‍ ടാറ്റ എന്ന് പറഞ്ഞു [കൊണ്ട് പോയി കൈസറിനു കൊടുക്ക്‌ .., എനിക്കെങ്ങും വേണ്ടാ]

എല്ലാവരോടുമായി പറഞ്ഞു.., ഒരു മാസം എല്ലാവരും സുഗിച്ചോ ഞാന്‍ പിന്നേം വരും...
എല്ലാവരുടെയും മുഖത്തു ഒരു ബാധ ഒഴിഞ്ഞു പോയ സന്തോഷം .

രണ്ടു മണിക്കാണ് ഡ്യൂട്ടി കഴിയുന്നതെങ്കിലും പതിനൊന്നു കഴിഞ്ഞപ്പോള്‍ ഇന്ചാര്‍ജിന്റെ റൂമിന്റെ വാതില്‍ക്കല്‍ പോയി തല ചൊറിഞ്ഞ് കഴുത്തു നീട്ടി ഞാന്‍ നിന്നു...

വാറ്റ് യൂ വാണ്ട്‌ നവീന്‍...?

സാര്‍.., അത് പിന്നെ.. ഞാന്‍ വന്നിട് പോയിട്ട്.. നിന്നിട്ട്...

വാട്ട് ????

ഐ വാണ്ട്‌ to ഗോ ഏര്‍ലി ?

ഓഹോ... യു ര്‍ ഗോയിംഗ് ഹോം ടുഡേ ?

എസ് ബോസ്സ്..

`ഓക്കേ ഹാപ്പി ജേര്‍ണി എന്ജോയ്‌ വെല്‍... [പിന്നേ.. അങ്ങേരു പറഞ്ഞിട്ട് വേണം എനിക്ക് കള്ള് കുടിച്ചു മറിയാന്‍... ഒന്ന് പോടാപ്പാ...]

താക്യൂ താങ്ക്യൂ..

ഒരു വിധത്തില്‍ ആ ഇറാനിയുടെ കാലു പിടിച്ചു ഞാന്‍ പുറത്തു ചാടി . പണ്ടാരം അത്യാവശ്യത്തിനു നോക്കിയാല്‍ ഒരു ടാക്സിക്കാരനെയും കാണത്തില്ല അല്ലെങ്കില്‍ ചുമ്മാ തെക്കോട്ടും വടക്കോട്ടും തെണ്ടിത്തിരിഞ്ഞു സ്ടിയരിങ്ങില്‍ കമന്നു കിടന്നു ഓടുന്നത് കാണാം...
ദോണ്ട്രാ ഒരു ടാക്സി വരുന്നു , നെഞ്ച് വിരിച്ചു നിന്ന് കൈ കാണിച്ചു .
[പണ്ട് ഇത് പോലെ നാട്ടില്‍ വിരിച്ചു പിടിച്ചു ഒരു കൊറോളയ്ക്ക് കൈ കാണിച്ചതാ .. ഒരാഴ്ച്ചയാ ഞാന്‍ തുണി മാലയിട്ടു കൈ ലോക്കറ്റാക്കി ആശുപത്രിയില്‍ കിടന്നത്...ആ മണ്ടന്‍ ഡ്രൈവര്‍ക്ക് ബ്രേക്ക് പിടിക്കാന്‍ അറിയില്ലായിരുന്നു ]

ബട്ട്‌ കുവൈറ്റിലെ കാറുകാര്‍ക്ക്‌ ആ പണി അറിയാം. .[എന്‍റെ ഫാഗ്യം ]
അവന്‍ ആഞ്ഞൊരു ചവിട്ട്.. ആ വണ്ടി 'കുണ്ടി' കുലുക്കി 'മുഞ്ഞി' കുത്തി എന്‍റെ മുന്നില്‍ വന്നു നിന്നു.ഡ്രൈവര്‍ സീറ്റില്‍ ഒരു തൊപ്പിക്കാരന്‍ , ടി യാന്റെ ചുണ്ടിനു ചുറ്റും ആറും നാലും അറുപത്തി നാല് രോമങ്ങള്‍ , ബുള്‍ഗാന്‍ ആണത്രേ ബുള്‍ഗാന്‍ !!!
പെരപ്പുറത്തു കറുത്ത 'ജോക്കി ' ഉണക്കാനിട്ടത്‌ പോലുണ്ട് ...
വിന്‍ഡോ ഗ്ലാസ്‌ പയ്യെ താഴ്ത്തി '' എങ്ങോട്ടാടാ പട്ടീ പോകേണ്ടത്'' എന്നര്‍ഥം വരുന്ന രീതിയില്‍ ലയാള്‍ പുരികം ഉയര്‍ത്തിക്കാണിച്ചു .

ബാബാ .. ഭയ്യാ., അണ്ണാ .. ചേട്ടാ.., ബ്രതര്‍ .. ഇതില്‍ ഏതു യുസ് ചെയ്യും !! കാന്പൂഷന്‍

ഭയ്യാ ഫര്‍വാനിയ ജാനാ ഹേ.. !!

എത്ര ആകും ഹേ.. ഹോ... ഹൈ... ഹം... ഹ ...!!!

പണ്ട് നാല് കൊല്ലം കോയമ്പത്തൂര് മൈക്കാടു പണി ( ഐ മീന്‍ നഴ്സിംഗ് .. രണ്ടിനും ഫലം ഒന്നാ.. ) പഠിച്ചത് കൊണ്ട് അറബിയും ആരാമിയയും (യേശു ക്രിസ്തു സംസാരിച്ചിരുന്ന ഫാഷ ) നല്ല ജ്ഞാനമാണ്... ബട്ട് ഹിന്ദി അത്ര പോര ..

ആ കാലന്‍ ഭയ്യ തിരിച്ചു വച്ചു...

'' ഫര്‍വാനിയ ജാനേ കേലിയെ...
യതി വാര്‍ത്താ ഹേ സുയന്താം ,, പ്രവാച്ചകു വിശ്വനാഥ് ശര്‍മ്മ ബാലദീവാനന്ദ സാഗരാ..
. [അത് പോലെ എന്തോ ഒരു ഡയലോഗ് ]

ഓക്കേ ഭയ്യാ സമ്മതിച്ചിരിക്കുന്നു .. കുച്ച് കുച്ച് ഹോതാ ഹേ..

ഐ വന്‍ ദിനാര്‍ ദേദൂങ്ങാ.. ആപ് ഓക്കേ... [ഞാന്‍ ഒരു ദിനാര്‍ തരാം ലേലം സ്ഥിരപ്പെടുത്തട്ടെ എന്നാണു ഞാന്‍ ഉദ്ദേശിച്ചത് ]

ആ കേറ് കേറ്.. മണ്ട് .. ഓരോ ചീള് കേസുകള് രാവിലെ പോന്നോളും മനുഷ്യനെ മെനക്കെടുത്താന്‍ '' എന്നര്‍ത്ഥം വരുന്ന ഒരു മെനകെട്ട നോട്ടം ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഇരു കയ്കളും നീട്ടി സ്വീകരിച്ചു .

എന്തായാലും പിന്‍ സീറ്റില്‍ ചാടി കയറി ഡോര്‍ വലിച്ചടച്ചു .. ദേ അപ്പൊ എന്നെ തുറിച്ചു നോക്കി കൊണ്ട് നെക്സ്റ്റ് ഡയലോഗ്..

'' ഡപ്പ് ഡപ്പ് ഡപ്പ് ടപ്സ്കനക്യാ...
ടിപ് ടിപ് ടിപ് ടിപ്സ്കണക്യ ...
എവെരി ടൈം ഐ വാന്റ് ടൂ സീ മൈ ഗേള്‍ ''


കര്‍ത്താവേ ദേ പിന്നേം കണ്പൂശന്‍ , ഏതാണ്ട് ഇത് പോലൊരു ഡയലോഗ് അല്ലെ ശ്രീമാന്‍ ''ജാസ്സി ഗിഫ്റ്റ് '' എല്ലാ പാട്ടിന്‍റെയും ഇടയ്ക്കു തിരുകുന്നത്...

എന്തായാലും പുള്ളി പറഞ്ഞതിന്റെ സാരാംശം '' നക്കാപ്പിച്ച ഒരു ദിനാര് തന്നിട്ട് നാലായിരം ദിനാറിന്റെ വണ്ടി മുടിപ്പിക്കല്ലെടാ തെണ്ടീ'' എന്നാണു എന്ന് ഞാന്‍ ഊഹിച്ചു [ശരിക്കും എന്നെ സമ്മതിക്കണം അല്ലെ...]

വണ്ടി റൌണ്ട് അബൗട്ടും കടന്നു മെയിന്‍ റോട്ടില്‍ കയറി .

ആരും കണ്ടില്ലെങ്കില്‍ മലമ്പുഴയിലെ '' യക്ഷിയോടു'' വരെ ''ഹൌ ഓള്‍ഡ്‌ ആര്‍ യൂ '' ചോദിക്കുന്നവരാണല്ലോ നമ്മള്‍ മലയാളികള്‍ . ഇനി ഇപ്പൊ ഞാനായിട്ട് ആ പാരമ്പര്യം കളഞ്ഞു കുളിക്കുന്നില്ല ...

ഭയ്യാ, ആപ്പ് ''ഇന്‍ഡ്യന്‍'' ഹേ..???

നോ രെസ്പോന്‍സ്...

ആപ്പിനു പകരം ''കോപ്പ്'' എന്ന് ചേര്‍ത്താലോ?
എന്നാലോചിച്ചു അടുത്ത സെന്‍റന്‍സിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്‍റെ തലയില്‍ പുരോഗമിക്കുന്നു..

പെട്ടെന്ന് ഒരു ഗര്‍ജനം ' ഹം പാക്കിസ്ഥാനീ ഹേ..''


പന്നീ.. ഞങ്ങടെ 'സാനിയാ മിര്‍സയെ' അടിച്ചോണ്ട് പോയിട്ട് ഇരുന്നു കിളിക്കുന്നോടാ .. എന്ന് ചോദിക്കനമെന്നുണ്ടായിരുന്നു .
പിന്നെ വെറുതെ എന്തിനാ ഒരു ഇന്ത്യാ പാക് യുദ്ധം ഉണ്ടാക്കുന്നത്‌ എന്ന് കരുതി ഞാനങ്ങു ക്ഷമിച്ചു (അല്ലെ ഞാനങ്ങു മറിച്ചേനെ )
എടോ.. താനറിഞ്ഞോ.. നിങ്ങടെ അജ്മല്‍ കസബിനെ ഞങ്ങള്‍ ''പനാമര്‍'' കൊടുത്ത് കൊല്ലാന്‍ പോകുവാ.. ഞങ്ങളോട് കളിച്ചാല്‍ അങ്ങനെയിരിക്കും .. ജിംഗ് ജിക്കാ..

പടച്ചോനെ.. പെട്ട്..

അവനു എന്തോ മനസ്സിലായി എന്ന് തോന്നുന്നു,,,

കാറിന്റെ സ്പീഡ് കൂടുന്നുണ്ടോ ..?

ഒരു തമിശയം !!!

സ്പീഡോ മീറ്റെറില്‍ സൂചി നൂറ്റി അമ്പതു കടന്നിരിക്കുന്നു ...

ഡാ മൂക്കട്ട മോന്താ... നീയെന്നെ കൊല്ലാന്‍ കൊണ്ട് പോകുവാണോ?
ഭയ്യാ, മേരെ കോ ധൃതി (അതിന്‍റെ ഹിന്ദി എന്താണാവോ )നഹീ ഹൈ ഹോ ഹൌ ഹം ഹാ...
ആപ്പ് സ്ലോലി ജാവോ...


ഒന്ന് പോടാപ്പനെ... {അയാള്‍ ആങ്ങ്യ ഭാഷയില്‍ }

ആ നിമിഷം ആക്സിലെട്ടറിന്റെ സ്ഥാനത്തു എന്നെ അയാള്‍ സങ്കല്പ്പിചിരിക്കണം ..
അമ്മാതിരി ചവിട്ടല്ലായിരുന്നോ..
മുന്‍ സീറ്റില്‍ അള്ളിപ്പിടിച്ചു 'ക്രേസി ഫ്രോഗി'' ലെ തവളയെപ്പോലെ ഞാന്‍ ...
എനിക്കിപ്പോ മമ്മിയെ കാണണം ...
മുള്ളാനും മുട്ടുന്നു..
ഒരു വിധം ഫര്‍വാനിയ ജങ്ക്ഷന്‍ എത്തി തൊട്ടടുത്താണ് ഹോസ്ടല്‍..

ഇധര്‍ സെ കിധര്‍ ജാനാ ഹേ ഭായ് സാബ് ??(അയാള്‍ )

ഇധര്‍ മതീ ഹേ .. ബാക്കി മേം നടന്നു ജാത്തിക്കൊളാം...

ചേട്ടന് വിരോധം ഒന്നും തോന്നരുത് ഒരു പ്രാവശ്യം കൂടെ ''കരുണാകരന്‍ വല്യപ്പന്‍'' മുഖ്യ മന്ത്രി ആയി കണ്ടിട്ട് മരിച്ചാല്‍ കൊള്ളാമെന്നുണ്ട് .. അത് കൊണ്ട് മാത്രമാണ്.. ആപ്പ് ജാവോ..

എന്‍റെ പഴയ സ്വഭാവം (1982 ലെ ) ആയിരുന്നെങ്കില്‍ കാറില്‍ മുള്ളി വച്ചിട്ട് പോരേണ്ടിയിരുന്നതാണ്.. ഇപ്പൊ എന്തോ .. status അനുവദിക്കുന്നില്ല (അത്താഴം ഇപ്പോഴും കഞ്ഞീം പയറും തന്നെയാ !! അവന്റെയൊരു status.. ഭും ) ഗള്‍ഫ്കാരനല്ലേ.. മുടിഞ്ഞ ഗള്‍ഫ്കാരന്‍..

ആ പാക്കി ചേട്ടന്റെ ഫോണ്‍ നമ്പര്‍ എങ്ങാനും എന്‍റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ missed call അടിപ്പിച്ചു കൊന്നു കളഞ്ഞേനെ ഞാന്‍ ആ പന്നിയെ!! (പഞ്ച് ഡയലോഗ്: സുരേഷ് ഗോപി സ്ടയിലില്‍ വായിക്കുക ) ..
അല്ല പിന്നെ...

മലയാളിയോടാ അവന്റെ കളി...


{ഈ ബ്ലോഗിലെ ഏതെങ്കിലും വാക്കുകള്‍ ആരുടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള മത രാഷ്ട്രീയ വികാരങ്ങളെ വൃണപ്പെടുത്തിയെന്ന് തോന്നുന്ന പക്ഷം , അത് വെറും തോന്നല്‍ മാത്രമാണെന്ന് തോന്നി ക്ഷമിക്കാന്‍ തോന്നുമാറാകണം ... താമസിച്ചതിനു ക്ഷമാപണം .. ഒരു വിശ്വാസി.}

Saturday, January 02, 2010

പ്രവാസത്തിന്റെ മഞ്ഞു വീണ ക്രിസ്മസ്

എന്‍റെ ഓര്‍മ്മകളിലെ ക്രിസ്മസ്സിനു മഞ്ഞില്‍ കുതിര്‍ന്ന വൈക്കോലിന്റെ ഗന്ധമാണ്...
നെല്ല് പാകി പുല്ലു കെട്ടി ഞാന്‍ തീര്‍ത്ത എന്‍റെ പുല്‍ക്കൂടും
അതിനുള്ളില്‍ മഞ്ഞു കൊണ്ട് കിടന്ന എന്‍റെ ഉണ്ണീശോയും...

പിന്നെ മുറ്റത്തെ പൂവരശിന്റെ ഒറ്റക്കൊമ്പില്‍ കേടാവിളക്കേന്തിയ എന്‍റെ കുഞ്ഞു നക്ഷത്രവും....
ഏച്ചു കെട്ടിയ കാറ്റാടി മരക്കൊമ്പില്‍ അങ്ങിങ്ങായി നാട്ടിയ എന്‍റെ കടലാസ് പൂക്കളും ...

ഞാനേറെ ഭയപ്പെട്ടിരുന്ന ക്രിസ്മസ് അപ്പൂപ്പനും ,
അപ്പൂപ്പന്‍ സമ്മാനിച്ച പച്ച പ്യാരി മിട്ടായികളും..

എല്ലാം ഇന്നെനിക്കു നഷസ്വപ്നങ്ങളുടെ ഓര്‍മ്മകള്‍ മാത്രമാവുന്നു...

പ്രവാസത്തിന്റെ മഞ്ഞു വീണ എന്‍റെ മനസ്സിലെ കാലിത്തൊഴുത്തിലും ഇന്ന് ഉണ്ണി പിറക്കുകയാണ്...
ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍...