Friday, October 12, 2012

''ഈ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ ?..!!! ''


''ഭൂമിയുടെ സ്പന്ദനം  നേഴ്സിംഗി ലാണ്... വിത്തൌട്ട് നേഴ്സിംഗ് ഭൂമി ഒരു വട്ടപ്പൂജ്യം  .... ''എന്ന് ആയിരത്തിയൊന്നു വട്ടം ഇമ്പോസിഷന്‍ എഴുതിപ്പടിപ്പിച്ച ഘടാ'കടി'യന്മാരായ   ചാക്കൊമാഷുമാരും മാഷിമാരും അരങ്ങു  വാഴുന്ന    ഒരു മടയിലായിരുന്നു ആടുതോമായുടെ   സ്റ്റാന്‍ഡേര്‍ഡ്‌ പോലുമില്ലാതിരുന്ന നവീന്‍ ജെ  ജോണ്‍ എന്ന റോള്‍ നമ്പര്‍ പതിമൂന്നുകാരന്റെ  നേഴ്സിംഗ്പ0നം. ജോയിന്‍ ചെയ്ത് ഫസ്റ്റ് ഡേ തന്നെ കിട്ടി പണി പുലിപ്പാലില്‍.... ക്ലാസ് ടീച്ചര്‍ എന്ന് സ്വയംഭൂ  അടിച്ച്‌ കരിഞ്ഞ പൊറോട്ടയുടെ കളറുള്ളഒരു തമിഴത്തി .  ഹും മാഡം ആണത്രേ   മാഡം . ആദ്യം സെല്‍ഫ് ഇന്‍ട്രോഡക്ഷന്‍ ആണ്... ഞാന്‍ സെക്കണ്ട് ബെഞ്ചില്‍ രണ്ടാമതിരിക്കുന്നു....  തൊട്ടടുത്ത് ഷര്‍ട്ട്   ഇന്‍ ചെയ്ത്  നെക്ക് ബട്ടനുമിട്ട്  രണ്ട്
കെ. റ്റി. മിറാഷുമാര്‍ .ഇന്‍ട്രോഡക്ഷന്‍ എന്ന് കേട്ടതും  പണ്ട് അമൃതാ ടി വിയില്‍ വാര്‍ത്ത വായിച്ചിരുന്ന ഒരു ചേട്ടനെപ്പോലെ  കണമുണാ കണമുണാ കണമുണാന്നു  എന്തൊക്കെയോ പറയുന്നു . ശ്രോതാക്കള്‍ക്ക് മാത്രം ഒന്നും മനസിലായില്ല...  സ്വഭാവദൂഷ്യം പോയിട്ട് കെ. റ്റി. മിറാഷിന്റെ ഐക്യൂ സ്കെയിലിന്റെ എഴയിലത്ത് പോലും വരാത്ത നമ്മളോടാ ച്വാദ്യം....

ഇന്‍ട്രോഡ്യൂസ്  യുവര്‍സെല്‍ഫ്‌... ?

മാഡം...  അങ്ങനെയൊന്നുമില്ല ... പേര് നവീന്‍... വീട് എര്‍ണാളം...!!

ഹേ മാന്‍.. ടോക്ക് ഇന്‍ ഇംഗ്ലീഷ്...!!

കോപ്പ് ... അത്രയ്ക്കും വിവരമുണ്ടായിരുന്നെങ്കില്‍ ഞാന്‍ IAS ന്‌ പോകൂല്ലാര്‍ന്നോ? 

മാഡം കലിപ്പിച്ചു..'' ടുഡേ ഓണ്‍വേര്‍ഡ്സ്    ഇഫ്‌ എനിബഡി  ഈസ് ടോക്കിംഗ്  ഇന്‍ മലയാളം ദേ   ഹാവ് ടു  പേ  ഫൈവ് റുപ്പീസ് ഫൈന്‍   ...''.

ഈക്കണക്കിനു പോയാല്‍ എന്‍റെ കോഴ്സ് കഴിയുമ്പോ  മാഡം 'കോയമ്പത്തൂര് ജില്ല'  സ്വന്തമായിട്ട് മേടിക്കുവല്ലോ?
പറഞ്ഞു തീരുന്നതിനു മുന്നേ എന്ടടുത്തിരുന്ന അനൂപിന് സംശയം കൊണ്ട് മുട്ടി.... !!!
പച്ചപ്പാവമായിരുന്ന അവന്‍ പച്ച മലയാളത്തില്‍ തുറന്നടിച്ചു...

''മാഡം, പുറത്ത് ബ്രേക്കിന് പോകുമ്പോ മലയാളം പറയാവോ? ''

ജസ്റ്റ് നവ് ഐ ടോള്‍ഡ്‌ യൂ ടു ടോക് ഇന്‍ ഇന്ഗ്ലിഷ്...  യൂ ഹാവ് ടു പേ ഫൈവ് റുപ്പീസ് ഫൈന്‍ ,,,!!

മാഡം..., ആ പൈസ എപ്പഴാ അടയ്ക്കണ്ടേ?  മാസാവസാനം തന്നാ മതിയോ? അതോ? ഇപ്പ  തര്ണാ?

അപ്പൊ തലയില്‍ കൈ വച്ചു കൊണ്ട് മാഡം പിറുപിറുത്ത  ഇംഗ്ലീഷ് വാക്കുകള്‍ക്ക് മലയാളത്തിലെ 'സുല്ല്'  എന്ന വാക്കിനോട് എന്തെന്നില്ലാത്ത ഒരു സാമ്യം ഞാന്‍ തിരിച്ചറിഞ്ഞു...
അടുത്ത അവറില്‍ വേറൊരു മാഡം വന്ന് എല്ലാര്‍ക്കുംക്കും ഓരോ നോട്ടീസ് തന്നു...
പെഴ്സണല്‍ ഐഡന്റിഫിക്കെഷന്‍ ഫോം...
പേരും അഡ്രസ്സും  അപ്പന്റെ പേരും അമ്മയുടെ പേരും ജോലിയും വാര്‍ഷിക വരുമാനവും എല്ലാം എഴുതണം അതില്‍...
അരമണിക്കൂറെടുത്ത് എല്ലാവരും ഫില്‍ ചെയ്തു തിരിച്ചു കൊടുത്തു...
അഞ്ചു മിനിട്ടിനുള്ളില്‍ മറു ചോദ്യം വന്ന് മാടത്തിന്റെ വായീന്ന്...
ഹൂ ഈസ്‌ നവീന്‍ ജെ ജോണ്‍ ?
അടിയന്‍.... !! ഇതിപ്പോ കൊല്ലാനാണോ? വളര്‍ത്താനാണോന്ന് ആര്‍ക്കറിയാം ? രണ്ടും കല്‍പ്പിച്ചു ചാടിയെണീറ്റു ..
വാറ്റ് ഈസ് യുവര്‍ ഫാദേര്‍സ് ഒക്കുപ്പേഷന്‍?
'ബിസിനസ്'
ഒക്കെ... വാറ്റ് ഈസ് ദ സ്പെല്ലിംഗ് ഓഫ് ദാറ്റ്‌?
ബി ഐ സി സി എന്‍ ഇ എസ് എസ് (biccness )   എന്നായിരിക്കുമോ?  ഏയ്‌   അതാവാന്‍ വഴിയില്ല....
ദേര്‍  ഈസ്  വണ്‍   ''എസ്'' ഈസ്‌ എക്സ്ട്ര ഇന്‍ യുവര്‍  സ്പെല്ലിംഗ്....
ഒരു എസ് കൂടുതലല്ലേ ഉള്ളൂ.... കുറവൊന്നും ഇല്ലല്ലോ? ഞാനങ്ങു പേടിച്ചു പോയി...
നാട്ടുകാരൊക്കെ പറയുന്നത് എനിക്കൊരു 'എല്ല്' കൂടുതലാന്നാ... ഇതിപ്പോ 'എസ്' അല്ലേ... ഷമി മാഡം... !!!
സമയം പന്ത്രണ്ടോടടുക്കുന്നു... ഒരു മാഡം വന്ന് എല്ലാവരോടും ലൈബ്രറിയിലോട്ട് വിട്ടോളാന്‍ ആജ്ഞാപിച്ച് കളഞ്ഞ്  ... ..
ഹായ് ലൈബ്രറി...
ദോഷം പറയരുതല്ലോ? മുന്നില്‍ തന്നെ ഒരു ചരക്ക്  ലൈബ്രേറിയത്തി...കൂടെ ഒരു 'തൊലിഞ്ഞ' ലൈബ്രേറിയനും... !
കുറെ വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു വായനയാണ്...
ഒരു വലിയ ഹാള്‍ നിറയെ പല വലിപ്പത്തില്‍ പുസ്തകങ്ങള്‍... ഇതില്‍ പമ്മന്റെ കൃതികള്‍ എവിടെയാണാവോ?
ഞാന്‍ മനസ്സില്‍ കണ്ടപ്പോ വേറൊരുത്തന്‍ മാനത്ത്‌ കണ്ടു...  
നേരെ ലൈബ്രെറിയന്റെ അടുത്ത്...

ചേട്ടാ ''ഡ്രാക്കുള'' ഉണ്ടോ?

എന്തോന്ന് ?

 ആ... ഈ ചോര കുടിക്കുന്ന 'ഡ്രാക്കുളയില്ലേ? ആ ബുക്ക് ഉണ്ടോ?

ലൈബ്രെറിയന്‍സ് തലകുത്തിയിരുന്നു ചിരിക്കുന്നത് കണ്ടപ്പോഴാണ്... ആ ലൈബ്രറിയല്ല ഈ ലൈബ്രറി എന്ന് മനസിലായത്.
ഛെ... ചമ്മിപ്പോയി....!! പാവം  ഞാന്‍ ....!!
 
പിന്നെ ഗെതി  കെട്ട്  ഒരു അമേരിക്കന്‍ ജേര്‍ണല്‍  എടുത്ത്  കുട്ടിക്കുപ്പായങ്ങളിട്ട  കുട്ടിച്ചരക്കുകളുടെ 'പടം' കണ്ടിരുന്നു കളഞ്ഞ്‌ ഞാന്‍...
സമയം ഒന്നാവുന്നു ..  ചെറുതല്ലെങ്കിലും  വലുതാല്ലാതൊരു വിശപ്പ്  അണ്ടകടാഹങ്ങളെ  മരവിപ്പിച്ചു കൊണ്ടിരിക്കുന്നു..
രാവിലെ  കേറ്റിയ  4 ഇഡലിക്ക് രാസമാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു... എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ ശരിയാവില്ല , ബാല്യം മുതലേ എനിക്ക് വിശപ്പിന്റെ അസുഖമുള്ളതാണെന്ന  കാര്യം ഞാന്‍  മറന്നു കൂടല്ലോ .  പണ്ട് വീട്ടുകാരുടെ സിമ്പതി പിടിച്ചുപറ്റാന്‍ ബെര്‍തെ പട്ടിണി കിടക്കുന്നതായി  അഫിനയിച്ച്  എങ്ങലടിച്ച കൊണ്ട്ആരുംകാണാതെ തൊട്ടപ്പറേയുള്ള
 കൊച്ചപ്പന്റെ  വീട്ടില്‍പ്പോയി ഉപ്പുമാവിന്‍ പാത്രം ക്ലീനാക്കിക്കൊടുത്ത  വൃത്തികെട്ട ഒരു ഫ്ലാഷ്ബാക്ക് ഉളള എനിക്ക് അഭിനിവേശം എന്നും വിശപ്പിനോടായിരുന്നു   അതൊരു  വികാരമായി  പരിണമിച്ചതില്‍ ഡാര്‍വിന്റെ പരിണാമ സിദ്ദാദ്ധം  എന്ത് പിഴച്ചു ...(ശൊ ..ദേ  ... ഞാന്‍ പിന്നേം ഓവറായി  ...)
  ഇനി  ഒരു മൂന്നാം മഹാലോക മഹായുദ്ധമുണ്ടാകുന്നുവെങ്കില്‍ അത് വിശപ്പിന്റെ പേരിലായിരിക്കും  എന്ന് അരുളിച്ചെയ്ത മഹാത്മാവിനെ മനസ്സില്‍ ധ്യാനിച്ച്‌ നേരെ കാന്റീനിലേക്ക് ... മുന്നില്‍ തന്നെ  പരിപ്പുവടയ്ക്ക്  കണ്ണ് കിട്ടാതിരിക്കാന്‍ പാകത്തിന്  പറ്റിയ ഒരു പീസ്‌ , കാഷ്യര്‍ തമിഴത്തി .
''അക്കാ...  ചിക്കന്‍ ബിരിയാണി  ഇറുക്കാ ?
ഊം ..  ഇറുക്ക് ..
മട്ടന്‍ ബിരിയാണിയോ?
അതുമിരുക്ക്...
എന്നാപ്പിന്നെ ഒരു പ്ലേയ്റ്റെടുത്ത്    കഴിക്കാന്‍ മേലാരുന്നോ?

എനിക്ക്  ഒരു  'സാദാ വെജിറ്റബിള്‍ മീല്‍സ്' എടുത്തോ  കഴിച്ചേക്കാം ... :)
നിമിഷങ്ങള്‍ക്കകം മീല്‍സ് റെഡി ..
സൈഡില്‍ ഒരു ബക്കറ്റില്‍ സാമ്പാറാണെന്ന്‍ സപ്ലയര്‍ അവകാശപ്പെടുന്ന ഒരു വക ദ്രാവകം  ഇരിക്കുന്നു..
''അക്കാ ഒരു തോര്‍ത്ത് കിട്ടുവോ?'' ഇതിനകത്തൂന്ന്‍  ഒരു വെണ്ടയ്ക്ക  കിട്ടുവോന്ന് നോക്കാനാ.. !!!

അക്കാ ബിക്കേയ്മ്  ലുക്ക്സ് കലിപ്പ് ...സൊ  അയാം ദി  സ്റ്റോപ്പ്‌ഡ്‌  ടോക്കിംഗ് ..

അടി കിട്ടിയിട്ട്  ഡെസ്പാവുന്നതിലും  നല്ലതാണല്ലോ അടി കിട്ടാതെ  ഡെസ്പാവുന്നത് ...
 പെട്ടെന്ന് മൂന്നാല് പേര്‍ കാന്റീനിലേക്ക് ..അവന്മാരുടെ     ലുക്ക്  കണ്ടാല്‍   തോന്നും    ഇത്രയും നേരം ആ കോളേജ്   മുഴുവന്‍ അവന്മാരുടെ തോളത്തായിരുന്നു എന്ന് .
. വഴിയെ പോകുന്ന വള്ളിക്കേസുകളെല്ലാം  പിടിച്ചു  നടന്നിരുന്ന ഒരു ഭൂതകാലം  എനിക്ക് ഉണ്ടായിരുന്നുവെങ്കില്‍ അത് കേരളത്തിലായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കണം... ഇത് കോയമ്പത്തൂരാണ് . പരിചയമില്ലാത്ത കളം .  എന്തേലും കലിപ്പുണ്ടായാല്‍ എനിക്കു വേണ്ടി വാദിക്കാന്‍ ഞാന്‍ മാത്രമേ  ഉണ്ടാകൂ എന്ന നഗ്ന സത്യം സത്യമെങ്കിലും  ഞാന്‍ ഓര്‍ക്കണമായിരുന്നു.

വരാനുള്ളത്  വഴിയില്‍ തങ്ങില്ലാന്ന്‍ പറഞ്ഞത് പോലെയാണ് തല്ലിന്റെ കാര്യവും  , അത്   കിട്ടാനുള്ളതായാലും കൊടുക്കാനുള്ളതായാലും അതാതിന്റെ സമയത്ത്  വന്നു കേറിക്കോളും , യൂ ഡോണ്ട് ഹാവ്  ടു  ഗെറ്റ് വറി  ഫോര്‍ ദാറ്റ് ...!!

രണ്ടു പേരെ കണ്ടാല്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക് ഒക്കെ ഉണ്ട്..കൂടെ രണ്ടു നാറികളും (ഐ മീന്‍ മലയാളീസ് )
''പുതിയ അഡ്മിഷന്‍ ആണല്ലേ?

ഞാന്‍: ഊം ..!!

#എന്തോന്നാടാ മൂളുന്നെ ?

ഞാ:    ങ്ങായീ  ന്മാന്‍ബാവും  ന്ഗോവുമാ...

#എന്തോന്ന്? തെറി പറയുന്നോ?

ഞാ:      അയ്യോ തെറ്റിദ്ധരിച്ച് ............ 'വായില്‍ സാമ്പാറും ചോറുമാന്നാ'  ഉദ്ദേശിച്ചത്...!!

  # ഊം ഊം .. (അവന്മാര്‍ക്ക് മൂളുന്നതിന്  ഒരു  കുഴപ്പവുമില്ലല്ലേല്ലലല്ലല്ലേ ല്ലല്ലേ) 

കൂടെയുണ്ടായിരുന്ന മലയാളി , ഹിന്ദിക്കാരനെ ചൂണ്ടിക്കാണിച്ച്  എന്നോട് ച്വാദിച്ച്..

''നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടാ?''

ഞാ : ഇല്ല്യാ .., 'നീരാവി നീരാവി' എന്ന് കേട്ടിട്ടുണ്ട് ..
പെട്ടെന്ന് മുഖത്ത്  തെളിഞ്ഞു വന്ന ചമ്മലിനെ ഏതോ ഇക്വേഷന്‍ ഉപയോഗിച്ച് പുച്ചത്തിലേക്ക്  കണ്‍വേര്‍ട്ട്  ചെയ്ത്  , ഊണ് കഴിഞ്ഞു തേര്‍ഡ് ഇയറിലെ ക്ലാസിലോട്ട്  പോരാന്‍ ഒരു ഇന്‍വിറ്റേഷന്‍ തന്നിട്ട്  അവന്മാര് കടന്നു കളഞ്ഞു ..

എന്റന്തോനീസു പുണ്യാളാ   .. എന്തിനായിരിക്കും അവന്മാര്‍ എന്നെ തേര്‍ഡ് ഇയറിലോട്ടു വിളിപ്പിച്ചത് .  ഒരു ദിവസം  കൊണ്ട്  രണ്ടു കൊല്ലം പ്രമോഷന്‍ കിട്ടാനുള്ള എന്ത് യോഗ്യതയാണ് പത്താം ക്ലാസ്സില്‍ ഇരുന്നൂറ്റമ്പത്തിരണ്ട്  കിട്ടിയ അടിയനില്‍ അങ്ങ് കണ്ടത് .?

എന്നിലെ സംശയാലു  എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... നേരെ തേര്‍ഡ് ഇയര്‍ ക്ലാസിന്റെ മുന്നിലെത്തി...
''കര്‍ത്താവേ എന്നെയങ്ങെടുത്തോ ....!!''
ക്ലാസ്രൂമിന്റെ  കട്ടിളപ്പടിയില്‍  കീഴ്ക്കാം തൂക്കായി  കെട്ടിത്തൂക്കിയിരിക്കുന്നു 'എന്റെ ബാഗ്‌ '
''ഏതു മറ്റേ മോനാടാ ഈപ്പണി കാണിച്ചേ?'' എന്ന് ചോദിക്കാനും മാത്രം ധൈര്യം എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആരായേനെ?
എന്നെക്കണ്ടതും എല്ലാരും കൂടെ ക്ലാസിലേക്ക് ആനയിച്ചു കളഞ്ഞ് ... എന്റെ പരമ്പര'ഗതാഗത'  ദൈവങ്ങളേ ... ഞാനെന്തായീ കാണുന്നത് ..
ഒരു ലോഡ് പെണ്ണുങ്ങള്‍ സാക്ഷിയായി  എന്റെ സഹപാഠികള്‍ യൂത്ത്  ഫെസ്റ്റിവല്‍ കളിക്കുന്നു . ഒരുത്തന്‍ പാടുന്നു,വേറൊരുത്തന്‍ ആടുന്നു....  അതും ഒരു വണ്ടി ചരക്കുകള്‍ക്ക് മുന്നില്‍ നിന്ന്...!!
 എന്റെ നമ്പര്‍ വന്നു... ഒരു കിടുക്കന്‍ പീസ്‌ ഒരെണ്ണം വന്ന് എന്റെ മുന്നില്‍ നിന്നു ...''സത്യം പറഞ്ഞാ എന്റെ സാറേ , അവളാ തട്ടമിട്ടു കഴിഞ്ഞാ...പിന്നെ   ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല ..''  ( ഈ പഞ്ച്  ഡയലോഗ്  പില്‍ക്കാലത്ത് നിവിന്‍ പോളി  യൂസ് ചെയ്യുകയുണ്ടായി....:) )

ആ സുന്ദരിയെ ഞാന്‍ എന്തിനോടുപമിക്കുമെന്ന്  എനിക്ക് തന്നെ കണ്പൂഷനായി.....
 
''രംഭ ......, മറിയ.......... , രേഷ്മ .....ഷക്കീല .... !!''
ച്ചേ ... ലവളുടെ എഴയിലത്ത് വരില്ല ,ഇവരൊന്നും...

ലവള്‍ : വാട്സ് യുവര്‍ നെയിം ?
(''അയാമെ  മല്യാലി '' എന്ന് ലവളുടെ നെറ്റിയില്‍ എഴുതി വച്ചിട്ടുണ്ട് ... ആ ലവള്‍  എന്നോട് കുണു കുണാന്ന് ...'')
ഞാന്‍: പേര് നവീന്‍ , ജനിച്ചത്‌ എര്‍ണാളം  ജില്ലയില്‍ വളര്‍ന്നത്‌ കോട്ടയം ജില്ലയില്‍ ,   പഠിച്ചത്‌  ആലപ്പുഴ ജില്ലയില്‍ ....!!
(ഞാന്‍ പറഞ്ഞത് സത്യമാണ് .. ഈ മൂന്നു ജില്ലകളുടേയും  സംഗമ സ്ഥലമാണ് എന്റെ സ്വദേശമായ പൂത്തോട്ട എന്ന് എനിക്ക് മാത്രമല്ലേ അറിയൂ ..)

ആക്കുവാണോ ?

അല്ല സത്യമാണ് ...

ലവള്‍: വാട്ട് എക്സ്ട്രാ കരികുലര്‍ ആക്ട്‌വിറ്റി  യൂ ഹാവ്?

ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു ...
ഒരുത്തന്‍ ഹരിമുരളീരവത്തിന്റെ
 '' കളയമുനെ  ഞാന്‍ നിന്നെ തേടീ ീ ീ  ീ ീ ീ ീ ീ ീ ീ ീ ീ ീ ീ ീ ീ......'' 
എന്ന് പാടിതകര്‍ക്കുന്നു . അതിനൊത്ത് ഡാന്സുകളിക്കുന്നവന്റെ  സ്റെപ്പ് കണ്ടാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ മണ്ണെണ്ണ കുടിച്ച്   ചത്തു കളയും ..!!
അപ്പൊ  ചോദിച്ചു പണി മേടിച്ചതാണല്ലേ  ചേട്ടന്‍മാര്‍....!!!

 ലവള്‍: (വിത്ത്‌  കലിപ്പ് ) ഐ  ആസ്ക്ഡ്‌  യൂ വാട്ട് എക്സ്ട്രാ കരികുലര്‍ ആക്ട്‌വിറ്റി  യൂ ഹാവ്?

പാട്ടും ഡാന്‍സും എന്റെ സിലബസിലേ  ഇല്ല.. ഇനി കയ്യിലുള്ള തുരുപ്പു ചീട്ട്  പെന്‍സില്‍ ഡ്രോയിംഗ് ആണ് .. ..ല്ല പിന്നെ....
യെസ് ... ഐ  ഡു  ഡ്രോയിംഗ് ???    (''ബ്രില്യന്റ് ആന്‍സര്‍'' നവീന്‍ സ്വയം അഹങ്കരിച്ചു... വാവ് ..!! )
പുറകില്‍ നിന്ന്  ഒരു കാട്ടുമാക്കാന്‍ ഒരു ചോക്കുകഷണം എറിഞ്ഞു തന്നു . ബോര്‍ഡില്‍ ഒരു ഈസിജി ലൈന്‍ വരയ്ക്കാന്‍  പറഞ്ഞു.
ശൊ .. സില്ലി ഗയ്സ് ...  പെറ്റ്  വീണ   കൊച്ചിനോട്  പറഞ്ഞാല്‍ പോലും ചീള് പോലെ വരയ്ക്കാവുന്നതാണ് ഈസിജി ലൈന്‍ .
ഒരു ഈസിജി ലൈനല്ലേ കുറച്ചു ആര്ഭാടമായിരുന്നോട്ടെ  എന്നുകരുതി സ്വന്തമായി കുറച്ചു സംഗതികളും ഷട്ജങ്ങളുമൊക്കെ ഇട്ട്  രണ്ടു മീറ്റര്‍ വീതിയുള്ള ബോര്‍ഡിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ച് ഒരൊന്നൊന്നര  ഈസിജി  അങ്ങ് വരച്ചതിന്  ശേഷം 'മോണോലിസ'  റിമേക്ക്  ചെയ്ത ജാടയോടെ  പുറകോട്ട്  തിരിഞ്ഞു  നിന്ന് മിസ്ടര്‍ ബീനിനെ പോലെ ഒരു 72.8 mm ല്‍ ഒരു ചിരി അങ്ങട് വച്ച് കൊടുത്തു... അല്ല പിന്നെ...!!
അപ്പൊ  വേദിയിലിഴുന്നുമുള്ളി    .... ഛെ , വേദിയിലേക്കെഴുന്നള്ളി  എന്റെ കാലന്‍  ... കാന്റീനിലെ ''നീരാവി''

''ആരുടെ എന്ത് കണ്ടിട്ടാടാ നീ ചിരിക്കുന്നെ?''

''ഊമ്ഹൂം''  ബെര്‍തെ ...!!

''തിരിഞ്ഞു നിന്ന്  ചിരിക്കെടാ ...''

''വേണ്ടാ''

''വേണോ  വേണ്ടയോ എന്ന് നീയാണോ തീരുമാനിക്കുന്നെ ?''

''ഹി ഹി ഹി ''  (ഞാനിങ്ങനെയാ ചിരിക്കുന്നെ  )

''എന്തോന്ന്  കി കി കി ...''

ആ ഈസിജി ലൈന്‍ പോലെ പിച്ച്  കൂട്ടിയും കുറച്ചും ചിരിക്കെടാ...!!!

''കടവുളേ  പെട്ട് ''

ആ ലഞ്ച് ബ്രെയ്ക്ക് മുഴുവന്‍ ലൈലാന്റ് വണ്ടി പാലം കയറുന്നത് പോലെ 
\\ഹി ഹി ഹി കി കി കി ...ഹി ഹി ഹി കി കി കി ...ഹി ഹി ഹി കി കി കി ...ഹി ഹി ഹി കി കി കി ...ഹി ഹി ഹി കി കി കി ...ഹി ഹി ഹി കി കി കി ...ഹി ഹി ഹി കി കി കി ...ഹി ഹി ഹി കി കി കി .............................................................!!! എന്ന അപശബ്ദം പുറപ്പെടുവിച്ചതിന്  ക്ലാസ് ടീച്ചര്‍ ഫസ്റ്റ്  ഡേ  തന്നെ  എന്നെ ക്ലാസീന്ന് ഇറക്കി വിടേണ്ട  കാര്യമൊന്നും ഇല്ലായിരുന്നു... അല്ലേ ?

സത്യം എവിടെയും തോല്‍പ്പിക്കപ്പെടുന്നത്  മെറ്റീരിയല്‍ ഫാക്റ്റെഴ്സ്  ആയ  സര്‍കംസ്റ്റന്‍സസും  തെളിവുകളും കൊണ്ടാണല്ലോ? ഏത് ? അതന്നേ .....!!!!

Thursday, August 16, 2012

മൂരാച്ചി നേഴ്സുമാര്‍ സ്റ്റാന്റ് വിട്ടു പോകണം ..അതേ... നേഴ്സുമാരോട് തന്നെയാണ്... സമൂഹത്തിലെ മാന്യന്മാര്‍ തുട്ടിറക്കി പണിതുയര്‍ത്തിയിട്ടുള്ള ആശുപത്രികളുടെ ടെറസ്സിലിരുന്നു മഴയ്യും വെയിലും കൊണ്ട് പനി പിടിപ്പിച്ച് ഇനി ആ പേരും കൂടി നിഷ്കളങ്കരായ ആശുപത്രി മാനേജ്മെന്റിന് ഉണ്ടാക്കാതെ മൂരാച്ചികളായ നേഴ്സുമാര്‍ കുടുംബത്ത് പോകണം . നേഴ്സുമാര്‍ക്ക് അഹങ്കാരമാണ് .തങ്ങളില്ലാതെ ഒരു ആശുപത്രികള്‍ക്കും പ്രവര്‍ത്തിക്കാനാവില്ലെന്ന പ്രബോധനങ്ങളില്‍ നിന്നും മാത്രം ഊറ്റം കൊണ്ട ഒരുതരം തേര്‍ഡ് റേറ്റ് അഹന്ത... നേഴ്സുമാരുടെ പ്രശ്നത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രിക്കു എന്ത് കാര്യമാണുള്ളത്? നേഴ്സിംഗ് ഒരു തോഴിലല്ലല്ലോ? അതൊരു സേവനം മാത്രമാണെന്ന് സംസ്കാരശ്യൂന്യരായ നേഴ്സുമാര്‍ മനസിലാക്കണം. നേഴ്സുമാരുടെ മദ്ധ്യസ്ഥയായ സാക്ഷാല്‍ ഫ്ലോറന്‍സ് നൈറ്റിoഗ്ഗേല്‍ മുതല്‍ അവിടുന്നിങ്ങോട്ട് മദര്‍ തെരേസ വഴി ലേക്ക്ഷോറിലെ നേഴ്സിംഗ് സൂപ്രണ്ട് വരെ നേഴ്സിംഗ് ഒരു സേവനമായി കണ്ടവരാണ്. പിന്നെ ഏതു കോപ്പിലെ അവകാശത്തിന്റെ പേരിലാണ് ഈ കൂറ നേഴ്സുമാര്‍ നടുറോട്ടിലും മച്ചിന്‍ മുകളിലും കയറി നിന്ന് അലമ്പുണ്ടാക്കുന്നത് ? കേരളത്തിലെ ആശുപത്രികളിലെ ' 1500 കുണുവാ' ശമ്പള സമ്പ്രദായം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കൊല്ലങ്ങളായി ഈ ആയിരത്തഞ്ഞൂറിനു തത്തുല്യമായ സംഖ്യ എണ്ണി മേടിച്ച് നെറ്റിയില്‍ കുരിശും വരച്ച്‌ ആശുപത്രി വരാന്തയിലൂടെ കല്ലിവല്ലി പറഞ്ഞു നടന്ന അന്നമ്മ സിസ്ടര്‍മാരും തങ്കമ്മ സിസ്ടര്‍മാരും ജീവിച്ച നാടാണിത്.. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അന്ന് വൈകിട്ട് ഒരു 'സ്വര്‍ഗസ്ഥനായ പിതാവേ' കൂടുതല്‍ ചൊല്ലുന്നതിലപ്പുറം പ്രത്യക്ഷത്തില്‍ മറ്റൊരു തരത്തിലുള്ള സമരമുറകളും സ്വീകരിക്കാതിരുന്ന വിശുദ്ധരുടെ പിന്‍തലമുറക്കാര്‍ ഇന്ന് ഇമ്മാതിരി 'മണാ കുണാ ' വര്‍ത്താനം പറയുന്നത് നേഴ്സുമാരുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല... ആരെന്തു തെറി വിളിച്ചാലും പ്രതികരിക്കാതെ മുറിയില്‍ പോയി തലയിണ കെട്ടിപ്പിടിച്ചു പൊട്ടിക്കരയണം. അതാവണം കുടുംബത്തില്‍ പിറന്ന നേഴ്സുമാരുടെ സംസ്കാരം...
അതല്ലാതെ ഒരു മാതിരി 'നടത്തറ ശാന്തയെപ്പോലെ' നടുറോഡിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നത്‌ പ്രോഫഷനലിസത്തിനു ചേര്‍ന്നതല്ല... പ്രൊഫഷനലിസം എന്താണെന്നറിയണമെങ്കില്‍ സെന്‍സുണ്ടാവണം അതല്ലെങ്കില്‍ സെന്‍സിറ്റിവിറ്റി ഉണ്ടാവണം അതുമല്ലെങ്കില്‍ കുറഞ്ഞ പക്ഷം സെന്‍സിറ്റിബിലിറ്റി എങ്കിലും ഉണ്ടാവണം എന്നെങ്കിലല്ലേ സമരങ്ങള്‍ക്കൊക്കെ ഒരു ക്രിയേറ്റിവിറ്റിയും ക്യൂരിയോസിറ്റിയും ഒക്കെ കൈ വരൂ...( ഏത്? )
തിരുവഞ്ചൂരിന്റെ പോലീസ് വടി വിഴുങ്ങിയത് പോലെ നില്‍ക്കുന്നത് എന്തിനാണ്? അടിച്ചോതുക്കണം സാര്‍ .. കരിങ്കല്ലിന്റെ മനസുള്ള നെഴ്സുമാരെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന ചീപ് നാട്ടുകാരെയും... !!
നെഴ്സുമാരുടെ കാര്യത്തെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോ 'ഏതപ്പാ കോതമംഗലം' എന്ന് ആത്മഗതം മുഴക്കിയ മുഖ്യന്റെ നാമം പൂജിതമാകട്ടെ .... തിരുവഞ്ചൂരിന്റെ രാജ്യം വരണമേ.... !!! ആമേന്‍...
(വി എസ് ഇനി ഇതെന്താക്കുമോ ആവോ? )

പാവം ജില്ലാ കലക്ടര്‍മാരുടെയും RDO യുടെയുമോക്കെ ഒരു അവസ്ഥയേ... ? നട്ടപ്പാതിരായ്ക്ക് പുള്ള കുട്ടി കുടുംബത്തോടൊപ്പം സുഖമായി കിടന്നുറങ്ങേണ്ട ടീമൊക്കെ ഉറക്കമിളച്ചു ചര്‍ച്ച വയ്ക്കുന്നത് കാണുമ്പോ 'ചിര്‍ച്ച് ചിര്‍ച്ച്' മണ്ണ് കപ്പുകയാണ് പൊതു ജനം...!! അവസാനം ചര്‍ച്ച ഒട്ടു നടന്നതുമില്ല . ഒറക്കം കളഞ്ഞത് മിച്ചം.... !!
ഈ ബ്ലഡി നേഴ്സുമാര്‍ സമരം നിര്‍ത്തുന്നുമില്ല . മാനെജ്മെന്റ് ചര്‍ച്ചിക്കുന്നുമില്ല .
അവസാനം 'ശശി' ആരാകും? ആ...

(ഒരു സ്റ്റുപ്പിഡ് നേഴ്സിന്റെ ബ്ലോഗിന് ഇത്രയൊക്കെയേ പവര്‍ കാണൂ ക്ഷമിക്യാ... )

Thursday, July 19, 2012

ജൂറിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും...
ജൂറിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും...
ആയിക്കോട്ടെ... പക്ഷെ ആ തീരുമാനങ്ങൾ ഒരിക്കലും ‘അന്തി‘മയമാകരുത്...

ജൂറിയേ... ഇതൊരു മാതിരി കോപ്പിലെ പരിപാടിയായിപ്പോയി.. ദിലീപ് എന്ന നടനുമായി എനിക്കു പേഴ്സണലായിട്ട് ഒരു വിരോധവുമില്ല. ദിലീപ് എന്ന ജനപ്രിയ നടന് അവാർഡ് കിട്ടിയ സന്തോഷത്തിൽ ഞാനും പങ്കുചേരാം പക്ഷേ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ ദിലീപിന്റെ പ്രകടനത്തിൽ നിന്നും പ്രണയത്തിലെ മോഹൻലാലിന്റെ പ്രകടനത്തിലേക്കുള്ള ദൂരം നോക്കിയ ആ അളവുകോൽ ഒന്നു കിട്ടാൻ വല്ല സ്കോപ്പുമുണ്ടെങ്കിൽ ജൂറിയുടെ മുറ്റത്ത് ചെന്നു കുട്ടിയും കോലും കളിച്ചാൽ കൊള്ളാമെന്നുണ്ട് . ജൂറി മെംബേഴ്സിന്റെ നിലവാരമോ ഇപ്പറഞ്ഞ ടീമിന്റെ വിധിനിർണയത്തിലെ ആധികാരികതയേയോ ചോദ്യം ചെയ്യാനുള്ള വിവരമോ വിദ്യാഭ്യാസമോ അടിയനില്ല...... എങ്കിലും ഈ പാഴ്മനസ്സിൽ തോന്നിയ ചെറിയൊരു അഭിപ്രായം ഒന്നു തുറന്നു പറഞ്ഞോട്ടെ... അടുത്ത കൊല്ലം മുതൽ ഈ ജൂറിയുടെ പണി മലയാളത്തിലെ ഏതെങ്കിലും ഒരു റിയാലിറ്റി ഷോയുടെ ജഡ്ജസ്സിന് നൽകണം .
അവര് ചെയ്യും ഈ പണി... ഇതിലും നീറ്റ് ആയിട്ട്....
ഇൻഡ്യൻ റുപ്പിയിലെ തിലകൻ ചേട്ടന്റെ അഭിനയത്തിന് ഒരു ഷവർമ്മയുടെ വിലയെങ്കിലും കൊടുക്കാരുന്നില്ലേ എന്റെ ജൂറീമക്കളേ....
ഇതൊക്കെ എന്റെ മാത്രം അഭിപ്രായമൊന്നുമല്ല.... ദേ... എന്ന പേരിൽ യൂറ്റ്യൂബിൽ കറങ്ങുന്ന ഈ ചോരത്തിളപ്പുള്ള കേരളശബ്ദമൊന്നു കേട്ടുനോക്കൂ....


അഭിപ്രായം പബ്ലിക്കായി തുറന്നു പറയാൻ ചങ്കൂറ്റം കാണിച്ച നിക്കുബായിക്ക് ഒരു സ്പെഷ്യൽ ഷേയ്ക് ഹാൻഡ്...

Monday, June 18, 2012

ഓ മൈ ലൈഫ്ബോയ്.., അയാം തിങ്കിങ്ങ് ഓഫ് യൂ....ഒൻപതാം വയസിൽ അകാലത്തിൽ പൊലിഞ്ഞ എന്റെ ആദ്യ പ്രണയത്തിന്റെ ഹാങ്ങോവർ മാലോകരെ അറിയിക്കാനുള്ള ഏക മാർഗ്ഗമായിരുന്നു എബ്രഹാം ലിങ്കൺ മോഡെൽ ‘താടി‘ ഒരെണ്ണം.
ആ സംഭവം വളരാൻ വേണ്ടി അന്തോനീസു പുണ്യാളന് ഒരു പാക്കറ്റ് മെഴുകുതിരി കത്തിച്ച വകയിൽ സംഭവിച്ച ആറുരൂപയുടെ തീരാനഷ്ട്ടം എന്നെസംബന്ധിച്ചിടത്തോളം റിസെർവ് ബാങ്കിന്റെ റിവേഴ്സ് റിപ്പോ നിരക്കിലും കൂടുതലായിരുന്നു...
സ്വന്തമായി ഷേവിങ് സെറ്റ് മേടിച്ച് ഷേവ് ചെയ്യുവാനുള്ള സാമ്പത്തിക ഭദ്രത എനിക്കു അക്കാലത്ത് ഇല്ലെന്നിരിക്കെ പപ്പയുടെ ഷേവിങ് സെറ്റ് എടുത്ത് പെരുമാറിയാൽ ഉണ്ടായേക്കാമായിരുന്ന ശിക്ഷാനടപടികളും തദ്വാരാ അയലോക്കക്കാരുടെ ഇടയിൽ എനിക്കുണ്ടാവുന്ന മാനഹാനിയും ഭയന്ന് മമ്മീടെ പേഴ്സീന്ന് അടിച്ചു മാറ്റിയ ഒരു രൂപ അൻപതു പൈസ കൊണ്ട് ഞാനൊരു ‘’സൂപ്പെർമാക്സ്’ ബ്ലേഡ് മേടിച്ചു...
നേരെ ബാത്രൂമിലേക്ക്..
ഷേവിങ് സെറ്റ് കൈ കൊണ്ട് തൊടാൻ ധൈര്യം പോരാ....
'ലൈഫ്ബോയ് സോപ്പ്' നനച്ച് മോന്ത മുഴുവൻ കുതിർത്തു..
വിറയാർന്ന കൈകളൊടെ ബ്ലേഡ് കൈയ്യിലെടുത്തു...
....
....‘’പുതിയ കുടുംബത്തിൽ കതിരുകളുയരുമ്പോൾ....
തിരുസഭ വിജയത്തിൻ തൊടുകുറിയണിയുന്നു.....‘’
......
ഡിം...
..
...
പിന്നെ കേട്ടതു ബാത്രൂമീന്ന് ഒരലർച്ചയായിരുന്നു....
അയ്യോ....എന്റംച്ചീ..............!!
ഓടിവായോ...

ഓർമ്മവരുമ്പോൾ ഞാൻ പുത്തങ്കാവ് ആശൂത്രിയുടെ അത്യാഹിത വിഭാഗത്തിലെ ഡ്രെസ്സിങ്ങ് ടേബിളിൽ...
കുമ്മായത്തിൽ വീണ കരിവണ്ടിന്റെ ഷേയ്പ്പ് ഉള്ള ഒരു നേഴ്സ് എന്റെ കാലു പിടിച്ചു. പ്രത്യേകിച്ചു റീസണൊന്നും ഉണ്ടായിട്ടല്ല... ചുമ്മാ നടുവിന് ചവിട്ട് മേടിക്കണ്ടല്ലോ എന്ന് കരുതിയായിരിക്കണം.. അറ്റെണ്ടർ ചന്ദ്രൻ ചേട്ടൻ കൈ രണ്ടും കൂച്ചിപ്പിടിച്ചു....
തെന്മാവിൻ കൊമ്പത്തിൽ മരത്തിൽ കെട്ടിയിട്ട മോഹൻലാലിന്റെ അവസ്ഥ ഞാനന്ന് അനുഭവിച്ചു...
ചക്രവാളങ്ങൾ കേൾക്കുമാറുച്ചത്തിൽ ഞാനലറി...
ലേലു അല്ലൂ...ലേലു അല്ലൂ.... എന്നെ തുറന്നു വിടൂ.....

എന്റെ വാക്കിനു ഇൻഡ്യൻ റുപ്പിയുടെ വില പോലും നൽകാതെ ഡ്യൂട്ടി ഡോക്ടർ പ്രസന്നകുമാർ എന്റെ തിരുനെറ്റി ലക്ഷ്യമാക്കി സൂചിയുമായടുക്കുന്നു...
വേറൊന്നും ചിന്തിക്കാനില്ല....
പരിസരമോ സമീപവാസികളെയോ ഒന്നും മൈൻഡ് ചെയ്യാതെ വിളിച്ചു ഞാൻ ഡോക്റ്ററെ,
‘’....പോടാ പട്ടീ.....’‘

അതോടെ തുറന്നിരുന്ന എന്റെ വായ് ഏതോ ഒരു അദ്രിശ്യ കരം വന്ന് അടച്ചു പിടിച്ചു...

പിന്നീട് രാമലിംഗപിള്ളയുടെ ഡിക്ഷ്ണറിയിൽ പോലും ഇല്ലാത്ത ഒന്നു രണ്ട് മലയാള പദങ്ങൾ മലയാളത്തിന് സംഭാവന ചെയ്യാൻ എനിക്കായി...
കേന്ദ്ര സാഹിത്യ അക്കാദമി ‘അപ്പൊത്തന്നെ‘ വിളിച്ച് എനിക്ക് ഒരു അവാർഡ് തന്ന് കളഞ്ഞ്....
വിശ്വവിഖ്യാതമായ ആ രണ്ട് വാക്കുകൾ ഇപ്രകാരമായിരുന്നു..


1. മ്മ്മ്മ്മ്മൊഓ ആആ മക്കീഎ....
2. ങ്ഗ് ങ്ഗ്ഗ്ഗ്ഗാ യെ ങോനെ....


എല്ലാം പൂർത്തിയായി..
ഡ്രെസ്സിങ്ങ് റൂമിൽ ഒരു കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ പ്രതീതി...
രക്തക്കറ വീണ ബെഡ്ഷീറ്റ്...
അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പഞ്ഞിക്കഷ്ണങ്ങൾ...
‘’തീർന്നോ ..അതോ ഇനീംണ്ടോ’‘ എന്ന മുഖഭാവത്തോടെ നടുവിന് കയ്യും കൊടുത്തിരിക്കുന്ന ചന്ദ്രൻ ചേട്ടൻ...
’എന്ജിനീയറിങ്ങിന് പോയാ മതിയാർന്നു ‘’ എന്ന ആത്മഗതത്തോടെ എം ബി ബിസ്സുകാരൻ ഡോ: പ്രസന്നകുമാർ
ഘടാഘടിയന്മാരായ മൂന്നാല് ആമ്പിള്ളേരെ ഒറ്റയിരുപ്പിന് പ്രസവിച്ചതു പോലുള്ള കലിപ്പ് ലുക്കിൽ മ്മടെ കരിവണ്ട് ഓഫ് ദ കുമ്മായം..
എല്ലാറ്റിനും ഒടുവിൽ ‘ഒഴുക്കിൽ പെട്ട ഉണ്ടമ്പൊരി‘ പോലെ സർവ്വവും നഷ്ട്ടപ്പെട്ട് ഈ പാവം ഞാനും...

നേരെ വീട്ടിലേക്ക്...
കണ്ണാടീൽ നോക്കി .. ഞെട്ടിപ്പോയി... സത്യക്രിസ്ത്യാനിയായ എന്റെ നെറ്റിയിൽ ശാന്തിക്കാരന്റെ ചന്ദനക്കുറി പോലെ ഹൊറിസോണ്ടലായി മൂന്ന് വെള്ള പ്ലാസ്റ്റെറുകൾ...!!
വാട്ട് ദ ഹെൽ......???
അപ്പോഴും ആശങ്ക വിട്ടുമാറാതിരുന്ന മമ്മി ചോദിച്ചു...
ബൈ ദ ബൈ...നവീങ്കുട്ടാ... ആക്ച്വലി എന്താണ് സംഭവിച്ചത്?

വെൽ..,. മമ്മീ... ഞാനൊന്ന് ഷേവ് ചെയ്യാൻ ട്രൈ ചെയ്തതാ.... !!!

മമ്മി: ഷേവ് ചെയ്യുന്നത് മീശയും താടിയുമല്ലേ? ഇതിപ്പൊ നിന്റെ നെറ്റിയെങ്ങനെ?

എന്റെ പൊന്നു മമ്മീ... ആദ്യവായിട്ട് എന്തു ചെയ്താലും കുരിശ് വരയ്ക്കണം എന്നു മമ്മി തന്നെയല്ലേ പറഞ്ഞു തന്നത്....
ബ്ലേഡ് കയ്യിലെടുത്തപ്പോ കുരിശ്ശ് വരയ്ക്കാൻ തോന്നിയത് എന്റെ തെറ്റാണോ? പറ...

മമ്മി: കർത്താവെ എന്നെയങ്ങെടുത്തോ.....!!!

ഇനി നിനക്ക് ഷേവ് ചെയ്യണമെന്ന് തോന്നുമ്പോ ബ്ലേഡ് അന്വേഷിച്ചു ബുദ്ധിമുട്ടണ്ടാ...
ആ ബാത്രൂമിൽ കിടക്കുന്ന നനഞ്ഞ തോർത്തിട്ട് ഒന്നു പിടിച്ചാ മതി.... നിനക്കു അത്രെയൊക്കെ മതി.....(ഗോൾ ഓഫ് ദ് മമ്മി)


(ഒന്നു കുരിശ് വരച്ചതിനു മൂന്ന് സ്റ്റിച്ചൊക്കെ ഇടേണ്ട കാര്യമുണ്ടൊ? )

തല തറയിലിടിച്ച് ചത്താ മതി എന്നു തോന്നി എനിക്ക്....
ലൈഫ് ബൊയ് സോപ്പിനെ ഞാൻ അത്രയ്ക്ക് വെറുത്തു പോയി....

Saturday, June 02, 2012

‘’വി എസ്സേ ഞാനൊരുമ്മ തരട്ടെ’‘രാഷ്ട്രീയം പറയാൻ ഞാനില്ല. വി എസ് ഇന്ന് ടി . പി. യുടെ വീടു സന്ദർശിച്ചതിലെ നിഗൂഡരാഷ്ട്രീയമോ,വി എസിന്റെ സന്ദർശനം നെയ്യാറ്റിങ്കരയിൽ വോട്ടായി മാറിയേക്കാവുന്ന ‘സിമ്പതെ‘റ്റിക് തിയറിയോ ഒന്നും എനിക്കറിയില്ല.... പക്ഷെ ഒന്നറിയാം താങ്കളൊരു മനുഷ്യനാണ്.... മനുഷ്യത്വം അസ്തമിച്ചു തുടങ്ങിയ കേരള രാഷ്ട്രീയത്തിൽ നിലപാടുകളിൽ നെറിവുള്ള ഒരു കിടിലൻ മനുഷ്യൻ..
ടി . പി. ചന്ദ്രശേഖരൻ എന്ന വ്യക്തിയെക്കുറിച്ച് കേട്ടുകേൾവി മാത്രമേ എനിക്കുള്ളൂ...അതും ആ അരുംകൊലയ്ക്ക് ശേഷം മാത്രം...
സി പി എമ്മുകാർ ഒഞ്ചിയത്തെത്തിയാൽ മുട്ടുകാല് തല്ലിയൊടിക്കും എന്നൊക്കെ വീരവാദം മുഴക്കിയ ആർ എം പി പ്രവർത്തകരുടെയെല്ലാം വായിൽ നിന്ന് മുഴങ്ങിക്കേട്ടതെല്ലാം താങ്കൾക്കുള്ള അഭിവാദ്യങ്ങളായിരുന്നില്ലേ... താങ്കളുടെ ഈ സന്ദർശനം ആർ എം പിക്ക് ഗുണം ചെയ്താലും ഇല്ലേലും സി പി എമ്മിനു ഗുണകാരമാവില്ല എന്നത് ഫസ്റ്റ് ലുക്കിൽ തന്നെ എതു പൊട്ടനും മനസിലാകുന്ന കാര്യമാണ്... !!

കേരളത്തിലെ അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസികളിൽ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് എന്ന വാസ്തവം ആരും മറക്കരുത്...
പകലന്തിയോളം ചോര നീരാക്കി പണിയെടുത്ത് അതിലൊരു പങ്ക് മിച്ചം പിടിച്ചും ചോരയും നീരും കൊടുത്ത് ധീരസഖാക്കൾ പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ നെറുകയിലാണ് കേരളത്തിൽ ചെങ്കൊടി പാറുന്നത്... കേരളത്തിലെ പാവപ്പെട്ടവന്റെ ചോരയുടേയും കൊടിയുടേയും നിറം ഒന്നായതിന്റെ പിന്നിലെ ചരിത്രം പാർട്ടിയുടെ അഭ്യുദയ കാംഷികൾ ഓർക്കണം. പുന്നപ്രയിലും വയലാറിലുമെല്ലാം നിറതോക്കിനു നേരെ വിരിമാറ് കാണിച്ചു കൊണ്ട് ‘തന്തയ്ക്കു പിറന്നവന്മാരെന്ന്‘ തെളിയിച്ചു കൊടുത്ത ഒരേയൊരു പ്രസ്ഥാനത്തിന്റെ പിൻ തലമുറക്കാർ ഒരു വികാരത്തിനു മുന്നിൽ മുട്ടുമടക്കാതിരിക്കുന്നെങ്കിൽ അതു ആദർശത്തിനു മുന്നിൽ മാത്രമായിരിക്കണം...
രക്തച്ചൊരിച്ചിലില്ലാതെ ലോകചരിത്രത്തിൽ ഒരു വിപ്ലവവും വിജയിച്ചിട്ടില്ല...
പക്ഷെ അതിനു മുന്നിലെല്ലാം ഏതെങ്കിലുമൊരു നല്ല ലക്ഷ്യമുണ്ടായിരുന്നു...
ഇന്നലെകളിലെ യുവാക്കളെ പ്രസ്ഥാനങ്ങളിലേക്കടുപ്പിച്ച തുറുപ്പു ചീട്ടുകളായിരുന്നു അവ...
നിർഭാഗ്യവശാൽ ഇന്ന് നിങ്ങൾ യുവാക്കൾക്ക് പകർന്നു തരുന്നതെന്താണ്... ??
സംഘടനകൾ സംഘട്ടനങ്ങൾക്ക് മാത്രമുള്ളതാണെന്ന ഒരു തലതിരിഞ്ഞ ഒരു തിരിച്ചറിവ് ....
ആ അറിവ് ഞങ്ങളെ നയിക്കുന്നത് നാശത്തിലേക്കാണെങ്കിൽ നഷ്ട്ടം രാഷ്ട്രത്തിനല്ലേ?

പ്രിയപ്പെട്ട വി എസ് താങ്കളെ ഞാൻ ആരാധിച്ചു പോകുന്നു...
പ്രായമുള്ളവരെ ബഹുമാനിക്കണം എന്ന് എന്നെ പടിപ്പിച്ച പുസ്തകങ്ങളിലെ നിർവചനങ്ങൾക്കപ്പുറം
ഏതോ ഒരു പോളാർ ബലം എന്നെ അങ്ങിലേക്കടുപ്പിക്കുന്നു...
അടിച്ചമർത്തപ്പെട്ടവർക്ക് ശബ്ദമായി മാറിയ ക്രിസ്തു ഒരു വിപ്ലവകാരിയാണെങ്കിൽ
വി എസ്സേ... അങ്ങയെ ഞാൻ അന്തിക്രിസ്തുവെന്ന് വിളിക്കും ...
കുറഞ്ഞ പക്ഷം സഖാവ് എന്ന വാക്കിന്റെ അർഥം നല്ലവണ്ണം അറിയാവുന്ന ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ....

ഇന്നു വരെ ആണായിപിറന്ന ഒരുത്തനോടും ഞാൻ ചോദിക്കാത്ത ഒരു ചോദ്യം ഒന്നു ചോദിച്ചോട്ടെ...
‘’വി എസ്സേ ആ കവിളിൽ ഞാനൊരുമ്മ തരട്ടെ’‘
NB: ഒരു എല്ലിൻ കഷ്ണം കിട്ടിയതിന്റെ പേരിൽ പട്ടികൾ കുരച്ച് കല്ലേറ് മേടിച്ചാൽ ഞാൻ ഉത്തരവാദിയല്ല.

Tuesday, May 01, 2012

ദില്ലാ..., ഞാനും വരും ത്രിശൂർ പൂരം കാണാൻ...


ഛെ... ഇന്നും എഴുന്നേറ്റപ്പൊ മണി ഒൻപത് കഴിഞ്ഞു..
നേരത്തേ എഴുന്നേറ്റ് ത്രിശൂർ പൂരത്തിന്റെ ലൈവ് ടെലിക്കാസ്റ്റ് തുടക്കം മുതലേ കാണണം എന്ന ദുർവാശി മനസ്സിലിട്ടാണ് ഇന്നലെ ഉറങ്ങാൻ കിടന്നത്..
ക്ഷീണം , മടി, തണുപ്പ്, ബ്ലാങ്കറ്റ് ഇതൊക്കെ തന്നെ ഇന്നും വില്ലന്മാരായി...
ജനൽ പാളിയിലൊട്ടിച്ച അലൂമിനിയം ഫോയിലിനിടയിലൂടെ  സൂര്യൻ പെറ്റിട്ട  പ്രഭാതകിരണങ്ങൾ  വൈറ്റമിൻ ‘ഡി‘  അടക്കം പിന്നാമ്പുറത്ത് പതിച്ചപ്പോഴാണ് ബോധം നേരെ വീണത്... ഈ ഒറക്കം കണ്ടുപിടിച്ചതാരാണാവോ? ലവനെയെങ്ങാനും എന്റെ കയ്യീക്കിട്ടിയാൽ...... ####@@@@!!!%%%%%

കാലുകൾ മെല്ലെ അനക്കി നോക്കി.. ഊം... അനങ്ങ്ൺണ്ട്
കയ്യൊ... അതും അനങ്ങ്ൺണ്ട് ....  ഹ്രിദയം മിടിക്കുന്നുമുണ്ട് ,,, അപ്പൊ ജീവൻണ്ട്....
ഒരു ദിവസം കൂടി എനിക്കു തന്ന സഖാവ് ദൈവത്തിന് നന്ദി  പറഞ്ഞ് കണ്ണ് തുറക്കാതെ ലാപ്പ് തുറന്ന് മ്മടെ കട അങ്ങ് തൊറന്നൂ.. (ഫേസൂക്കേ)
കോപ്പ്... രാവിലെ തന്നെ മനം മടുത്തു... ഒരൊറ്റ ലൈക്ക് പോലും ഇല്ല... 881 ഫ്രണ്ട്സിനെ ഞാൻ ചുമ്മാ തീറ്റിപ്പോറ്റുന്നതാ... ഒരെണ്ണത്തിനെങ്കിലും ഒരു ലൈക്ക് അടിച്ചൂടെ?  ... ഇങ്ങനെയാണെങ്കിൽ ഞാൻ ഈ കളിക്കില്ല.... ആര് എന്ത് കൂറ പോസ്റ്റ് ഇട്ടാലും എക്സലന്റ് എന്ന് മാത്രം കമന്റിടുന്ന എന്നോട് തന്നെ ഇതു ചെയ്യണം... ‘’ഒരു കമന്റ് ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും‘’ എന്നൊക്കെയല്ലേ .....വർഗ്ഗ സ്നേഹമില്ലാത്ത കൂതറ വർഗ്ഗം....!!! ഫ്രണ്ട്സ് ആണത്രേ ഫ്രണ്ട്സ്...!

കട്ടിലേന്ന് ചാടിയെഴുന്നേറ്റു...
പല്ലു തേയ്ക്കണോ? ആ .. തേച്ചേക്കാം ... ഞാൻ കാരണം കോൾഗേറ്റ് മുതലാളി പട്ടിണിയാവരുതല്ലോ?
പിന്നെ പതിവു പോലെ നാലു ഗ്ലാസ്സ് പച്ച വെള്ളം... ഒരു കട്ടൻ ചായ... പുറകെ ഷുക്കൂറിന്റെ കടേലെ 4 ഇടിയപ്പവും മുട്ടക്കറിയും.., പിന്നെ ഷോയ്ക്ക് രണ്ട്  ഏത്തപ്പഴവും ജാഡയ്ക്ക് മൂന്നാല് ഈന്തപ്പഴവും റൂം മേറ്റ്സ് നിർബന്ധിച്ചാൽ മാത്രം ഒരു ചായയും.... ബ്രേക്ക് ഫാസ്റ്റ് കലാസ്.... !! സോ സിമ്പിൾ....!
ഹാളിലെ സെറ്റിയിൽ ചാരിക്കിടന്ന് റ്റീവി വച്ചു...
ത്രിശൂർപൂരം ലൈവ്.....
സന്തോഷായിരിക്ക്ണൂ....
പെരുവനം കുട്ടന്മാരാരും ശിഷ്യന്മാരും ചെണ്ടപ്പുറത്ത് പെരുക്കുന്ന പെരുക്ക് കണ്ടാൽ  ബോധമുള്ളവർ നോക്കിനിന്നുപോകും.....
അതേ ഞാനും ചെയ്തുള്ളൂ....
സമയം നാലുമണിയോടടുക്കുന്നു... ഇലഞ്ഞിത്തറ മേളം തകർക്കുന്നു.
തലയെടുപ്പോടെ ഗജരാജന്മാർ....!!!
പൂരങ്ങളുടെ പൂരം... പൊടിപൂരം....
ത്രിശൂർ പൂരത്തിന്റെ  നിഴൽ വീഴുമ്പോഴേ എന്റെ മനസിൽ ആദ്യം തെളിയുന്ന ത്രിശൂർക്കാരായ  രണ്ട് മനുഷ്യരുണ്ട്
 ദില്ലൻ എന്നു വിളിപ്പേരുള്ള ദിലീപും പിന്നെ  അരവിന്ദേട്ടനും....
ഓർമ്മകൾക്ക് പത്തു കൊല്ലത്തോളം പഴക്കമുണ്ടാകും...
കോയമ്പത്തൂര് പടിക്കുമ്പോഴാണ് ഞാൻ ആദ്യമായി ത്രിശൂർ പൂരം കാണാൻ പോകുന്നത്.
ദില്ലന്റെ ക്ഷണം സ്വീകരിച്ചാണ് പൂരത്തലേന്ന് രാത്രി വടക്കാഞ്ചേരിക്കടുത്തുള്ള അവന്റെ വീട്ടിലേക്ക് വച്ചു പിടിക്കുന്നത്..

അന്നു വൈകിട്ടാണ് അരവിന്ദേട്ടൻ എന്ന വലിയ മനുഷ്യനെ അവൻ എനിക്കു പരിചയപ്പെടുത്തുന്നത്...
ബസ്റ്റോപ്പിനരികിൽ ഒരു ഫോൺ ബൂത്ത് നടത്തുകയാണ് അദ്ദേഹം..ഒരു വാകമരത്തണലിൽ മഞ്ഞയും ചുവപ്പും പെയിന്റടിച്ച ഒരു പെട്ടിക്കട അതാണ് അരവിന്ദേട്ടന്റെ സാമ്രാജ്യം. ഇരുനിറം, മെലിഞ്ഞുണങ്ങിയ ശരീരം, ഒരു കൈലി മുണ്ടും വെള്ള ഷർട്ടും വേഷം. ഒരു ചിമ്മിനി വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ മുഖം കുനിച്ച് വച്ച് ഒരു കുഞ്ഞു മുറത്തിൽ ബീഡി തെറുക്കുകയാണ് കക്ഷി...

കുറച്ചകലെ നിന്നു തന്നെ ദില്ലൻ വിളിച്ചു പറഞ്ഞു..
‘’അരവിന്ദേട്ടാ കൊച്ചീന്ന് എന്റെ ചങ്ങായി വന്നീട്ട്ണ്ട് ട്ടാ... പൂരം കാണാൻ,,,!!
ആര്ഡാ... ദില്ലനാണ്ട്രാ?
ഊം...
മുഖം മുറത്തിൽ നിന്നെടുക്കാതെ അരവിന്ദേട്ടൻ ‘’ആട്ടെ ചങ്ങായ്ടെ പേരെന്തൂട്ടാ?‘’

‘’നവീൻ’‘
(സാധാരണ ഞാൻ പേരു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ 90 ശതമാനം പേരും ചോദിക്കാറുള്ള ഒരു ചോദ്യം അരവിന്ദേട്ടൻ ചോദിച്ചില്ല, ‘’എന്റെ പേരിന്റെ ബാക്കി‘’ ...!!  നവീൻ നസ്രാണിയാണോ ഹിന്ദുവാണോ മുസ്ലീമാണോ, എന്ന് അറിയാൻ ഒരു പാഴ്ശ്രമം)

ആ ചോദ്യം വിഴുങ്ങിയപ്പഴേ എനിക്ക് ആളെ നന്നായി ബോധിച്ചു...

ഇതിനൂമ്പ് ത്രിശൂപ്പൂരം കണ്ട്ട്ട്ണ്ടാ?

ഞാൻ: ഇല്ലാ.. ആദ്യായിട്ടാണ്...

എങ്കിൽ രാവിലെപോയി അതൊന്നു കാണണം ..മരിക്കുന്നതിന് മുൻപ് എല്ലാവരും കണ്ടിരിക്കേണ്ട കാഴ്ച്ചയാണ് മോനേ...
ഞാൻ: അരവിന്ദേട്ടൻ വരുവോ നാളെ  പൂരം കാണാൻ...
എന്തോ അരുതാത്തത് കേട്ടതു പോലെ അരവിന്ദേട്ടൻ  മുഖം മെല്ലെയൊന്നുയർത്തി ...
ഒരു നിമിഷം ഞാനൊന്നു തരിച്ചു പോയി,,, കണ്ണുകളുടെ സ്ഥാനത്ത് വെളുത്ത രണ്ട് പാടുകൾ മാത്രം..
ഞാൻ ദില്ലനെ നോക്കി.... ഞെട്ടണ്ടാ... അരവിന്ദേട്ടന് കണ്ണ് കാണില്ല...
ഈശ്വരാ... ഞാൻ ചോദിച്ചു പോയല്ലോ എന്നായിപ്പോയി....
അരവിന്ദേട്ടാ എനിക്കറിയില്ലാരുന്നു,,,...

അരവിന്ദേട്ടൻ: ഓ... സാരില്ല്യാ...!

വടക്കുന്നാഥ ക്ഷേത്രത്തിന്റെ ഉൽ‌പ്പത്തി മുതൽ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ കുടമാറ്റത്തിനുള്ള കുട നിർമ്മിക്കുന്ന സ്ഥലമടക്കം ഒത്തിരി കാര്യങ്ങൾ അരവിന്ദേട്ടൻ പറഞ്ഞു തന്നു...
 ‘ത്രിശൂർ പൂരത്തിന്റെ ഒരു എൻസൈക്ലോപ്പീഡിയ‘ എടുത്തു വായിച്ചാൽ പോലും കിട്ടാത്ത ഒരു പാട് കാര്യങ്ങൾ
ആ നാവിൽ നിന്നു ഞാൻ കേട്ടു...

രാത്രി ഏറെ വൈകിയാണ് ഞങ്ങൾ അവിടം വിട്ടത്...
മനസിൽ ചെറിയൊരു കുറ്റബോധം ഉടലെടുത്തിരിക്കുന്നു.... !
രാവിലെ എഴുന്നേറ്റ്  ദില്ലനോടൊപ്പം പൂരപ്പറമ്പിലെത്തി....
അരവിന്ദേട്ടൻ പറഞ്ഞത് എത്രയോ ശരിയാണ്..
മനുഷ്യനായിപ്പിറന്നാൽ ഒരു തവണയെങ്കിലും കാണേണ്ട സംഭവം തന്നെ....!!

ഇതൊന്നും നേരിൽ കാണാതെ, പുസ്തകങ്ങൾ വായിക്കാതെ അരവിന്ദേട്ടൻ എത്ര ക്രിത്യമായിട്ടാണ് കാര്യങ്ങൾ വിവരിച്ചത്...

ഉച്ചയൂണ് കഴിക്കാൻ വീട്ടിൽ ചെല്ലെണമെന്ന് ദില്ലന്റെ അമ്മയുടെ ഓർഡർ ഉണ്ട്...
ഊണ് കഴിഞ്ഞിറങ്ങി സ്റ്റോപ്പിലെത്തിയപ്പോ അരവിന്ദേട്ടൻ കടയിലുണ്ട്...

മനസ്സു മുഴുവൻ അരവിന്ദേട്ടന്റെ ആ വാക്കുകളായിരുന്നു...‘’മരിക്കുന്നതിന് മുൻപ് എല്ലാവരും കണ്ടിരിക്കേണ്ട കാഴ്ച്ചയാണ് മോനേ പൂരം...‘’

പക്ഷേ അരവിന്ദേട്ടൻ......!!!

ഞാൻ ദില്ലനെ നോക്കി...
നമുക്ക് അരവിന്ദേട്ടനെ പൂരത്തിനു കൊണ്ടുപോയാലോ?
ദില്ലൻ കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു...
ഡാ...ഞാൻ കാര്യമായിട്ട് പറഞ്ഞതാ....
നമ്മൾ രണ്ട് പേരില്ലേ...
ഒരുപാട് തിരക്കിനിടയിലേക്ക്  പോകാതിരുന്നാൽ പോരെ?

ദില്ലൻ: നിനക്ക് വെറെ പണിയൊന്നൂല്ല്യെ? അങ്ങേര് വരില്ല്യാ...

ഞാൻ: നമുക്കൊന്ന് ശ്രമിച്ചാലോ?
എന്റെ നിർബന്ധത്തിനു വഴങ്ങി അവൻ വന്നു...
 നീ ചോദിക്കണം അരവിന്ദേട്ടനോട്...

അരവിന്ദേട്ടാ പൂരം കാണാൻ വരുന്നോ?
നിസംഗതയുടെ ഒരു പുഞ്ചിരിയാണ് എനിക്ക് മറുപടിയായി കിട്ടിയത്..
ഞങൾ രണ്ട് പേരില്ലേ....
നമക്കങ്ങട് പെരുക്കാന്ന്...

ബുദ്ദിമുട്ടാവും കുട്ട്യെ...

 ആ ബുദ്ദിമുട്ട് ഞങ്ങൾ സഹിച്ചു...

അങ്ങനെ അരമണിക്കൂറിലേറെ നീണ്ട ബ്രെയിൻ വാഷിങ്ങിനൊടുവിൽ  അരവിന്ദേട്ടൻ സമ്മതം മൂളി..
പെട്ടിക്കട അടച്ചു....
പൂരപ്പരിസരവും റൌണ്ടുമെല്ലാം ജനനിബിഡമാണ്....
രണ്ട് പേരുടേയും കൈ പിടിച്ച്  അധികം തിരക്കില്ലാത്ത ഒരു സ്ഥലത്ത് ഞങ്ങൾ നിന്നു...
അങ്ങ് ദൂരെ അവ്യക്തമായി  നെറ്റിപ്പട്ടമണിഞ്ഞ ആനകളെ മാത്രം കാണാം,,
ഇലഞ്ഞിത്തറ മേളം കൊഴുക്കുന്നു....

മുറുക്കെപ്പിടിച്ചിരുന്ന കൈ പതിയെ അഴിയുന്നതു പോലെ തോന്നി എനിക്ക്...
അതേ... എന്റെ ഉള്ളം കയ്യിൽ അരവിന്ദേട്ടൻ താളം പിടിക്കുകയാണ്..
കുടമാറ്റത്തിന്റെ നിറങ്ങൾ അറിയാത്തവന്റെ താളം....
വൈകിട്ട് കുടമാറ്റത്തിനിടയിലെ ജനങ്ങളുടെ ഹർഷാരവങ്ങൾക്ക് കാതോർത്ത്  ആ മനുഷ്യൻ ഉത്സവം ആഘോഷിക്കുകയാണ്...

ഇരുട്ടുന്നതിനു മുന്നേ ഞങ്ങൾ അവിടെ നിന്നും തിരിച്ചു...
അരവിന്ദേട്ടൻ ഞങ്ങളെ കെട്ടിപ്പിടിച്ചു....

അരവിന്ദേട്ടനെ വീട്ടിലാക്കി ഞാൻ അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോ
 ആകാശത്ത് വർണ്ണങ്ങൾ വാരി വിതറി വെടിക്കെട്ട് തുടങ്ങിയിരുന്നു...
കണ്ണിമ ചിമ്മാതെ ആ വിസ്മയം നോക്കി നിൽക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നനഞ്ഞോ? ആ ആർക്കറിയാം....!!
                     ‘’കണ്ണ് നൽകിയവനേ .... നന്ദി.......!!!!‘’

(അരവിന്ദേട്ടാ... അപ്പൊ എങ്ങനാ... അട്ത്ത കൊല്ലം മ്മള് വീണ്ടും പൂവല്ലേ.. പൂരത്തിന് . ദൈവം ആയുസ്സ് തന്നാൽ ഞാൻ വരും അടുത്ത പൂരത്തിന് ... :)    )

Thursday, April 19, 2012

യാഹൂ എൽദോസ് ഈസ് ബാക്ക് ...!!!


കോതമംഗലത്തും മൂവാറ്റുപുഴയിലും  എത്ര എൽദോസുമാരുണ്ട് എന്നത് പരിപ്പുവടയ്ക്കകത്ത് എത്ര പരിപ്പുകളുണ്ട് എന്ന ചോദ്യത്തോളം ബാലിശമാണ്. പ്രസ്തുത സ്ഥലങ്ങളിലെ പത്തു വീടുകളെടുത്താൽ അവയിൽ രണ്ടിൽ കുറയാത്ത വീടുകളിലെങ്കിലും എൽദോസ് എന്ന പേരുകാർ ഉണ്ടെന്നിരിക്കെ മൂവാറ്റുപുഴയിലെയും പരസരപ്രദേശങ്ങളിലേയും എൽദോസുമാരുടെ സെൻസസ് എടുക്കുക എന്നത് ഒഴിച്ചു വച്ച പെഗ്ഗിൽ നിന്നു സോഡ വേർതിരിക്കുന്നതിനെക്കാൾ ശ്രമകരമാണ്. മൂവാറ്റുപുഴ താലൂക്കിലെ ശരാശരി മലയാളികളെല്ലാം ഇതൊരു ആഗൊള പ്രശ്നമായി കാണാതെ ജെസ്റ്റ് കരിങ്ങാലി വെള്ളം കുടിക്കുന്ന ലാഘവത്തോടെ കൂളായി സോൾവ് ചെയ്യുന്നത് കണ്ട് വണ്ടർ അടിച്ചു  നിന്ന ഒരു സാദാ കണയന്നൂർ താലൂക്കുകാരനായ ഞാൻ ആദ്യമായി ഒരു എൽദോസിനെ  പരിചയപ്പെട്ട ഒരു കഥനകഥയാണിത്...ഇവൻ എന്റെ കൂടെ പ‌‌‌‌ടിച്ചിട്ടില്ല, ഒരുമിച്ചു കളിച്ചിട്ടില്ല... എന്തിന് ചന്തയിൽ വച്ചു പൊലും ഞാനീ മൊതലിനെ കണ്ടിട്ടില്ല... അപ്പൊ പിന്നെ വല്ലിടത്തും കിടന്നു കിട്ടിയതാണോ എന്നു നിങ്ങൾ ചോദിക്കും... സത്യം അതാണ്, എനിക്കു കിടന്നു കിട്ടിയതാ...''ട്രിച്ചി സേ കൊച്ചിൻ ജാനേ വാലി റ്റീ ഗാർഡൻ എക്സ്പ്രെസ്സിന്റെ'' ബെർത്തിൽ കിടന്നാണ് ഈ ഐറ്റത്തിനെ എനിക്കു കിട്ടുന്നത്.. ബൈ ദ ബൈ ..., കോയമ്പത്തൂര് നെഴ്സിങ് പടിക്കുന്ന കാലം.. രണ്ടാഴ്ച്ചയിൽ കൂടുതലെങ്ങാനും  വീട്ടിൽ പോകാതെയിരുന്നാൽ  ഉറക്കത്തിൽ നെഞ്ചത്തടിച്ച് ‘എനിക്കിപ്പൊ മമ്മിയെക്കാണണം ‘ എന്നു ചുമ്മാ വിളിചു കൂവുന്ന ഒരു മാതിരി  വ്രിത്തി കെട്ട  സ്വഭാവം ഉണ്ടായിരുന്ന ഒരു പച്ചപ്പാവമായിരുന്നു ഞാൻ (അമ്മച്ച്യാണേ) . സോ  മിക്കവാറും വെള്ളിയാഴ്ചകളിൽ  ഒരു ജീൻസിനകത്തു കയറിയിരുന്ന് റെയിൽ മാർഗ്ഗം  ഭവനസന്ദർശനം നടത്തുന്നത് മ്മടെ റൊട്ടീൻ വർക്ക് ആയിത്തീർന്നു... റ്റീ ഗാർഡൻ കോയമ്പത്തൂര് വരുമ്പൊ രാത്രി പന്ത്രണ്ടര കഴിയും. ഏകദേശം ഒൻപതു മണിയോടു കൂടി റെയിൽവെ സ്റ്റേഷനിലെത്തിയാൽ പിന്നെ നമുക്ക് രണ്ട് ഒപ്ഷനുകളുണ്ട് ഒന്നുകിൽ പ്ലാറ്റ്ഫോമിൽ പോയിരുന്നു കൊതുകുകടി കൊള്ളാം അല്ലെങ്കിൽ തൊട്ടടുത്തുള്ള റോയൽ തിയേറ്ററിൽ പോയി റ്റിക്കറ്റെടുത്ത് മൂട്ട കടി കൊള്ളാം...രണ്ടായാലും നമുക്ക് ചോരയാണ് നഷ്ട്ടം...
റൂമിന്റെ മുന്നിലെ ബസ്റ്റോപ്പിൽ നിന്നും മൂന്നു രൂപാ റ്റിക്കറ്റെടുത്ത് സൈഡ് സീറ്റിലിരുന്നു. ബസ് റോയൽ തീയേറ്ററിനു മുന്നിലെത്തി.നടുറോട്ടിൽ കമലഹാസൻ ബൈസെപ്സ് കാണിച്ചു നിൽക്കുന്ന കട്ടൌട്ട് ഒരെണ്ണം... വേറെയൊന്നും ചിന്തിച്ചില്ല. ഓടുന്ന ബസീന്ന് വാണം പോലെ  ചാടിയിറങ്ങി നേരെ ക്യൂവിൽ കേറി നിന്നു...(നാൻ വന്ത് ഒരു ക്രോണിക്ക് കമൽ രസികൻ) റിലീസ് കഴിഞ്ഞ് ഒരാഴ്ച ആയിട്ടും തിരക്കിനു മാത്രം കുറവൊന്നും ഇല്ല....


ഒരു വിധം ക്യൂവിന്റെ നടുവിൽ എത്തിപ്പെട്ടു.പുട്ടുകുറ്റിക്കകത്തെ തേങ്ങാപ്പീരയുടെയൊക്കെ ബുദ്ധിമുട്ട് ഞാൻ ശരിക്കും മനസിലാക്കുന്നത് അന്നാണ്.ഫ്രണ്ടീന്നും ബാക്കീന്നും ഒരു പോലെ സമ്മർദ്ദമുണ്ടായാൽ സെന്ററിൽ നിൽക്കുന്ന ഒബ്ജെക്റ്റ് അതിന്റെ പ്രതലത്തിൽ നിന്നും വഴിമാറി മറ്റൊരു പ്രതലത്തിൽ എത്തിച്ചേരുമെന്ന ആർക്കമെഡീസ് തത്വം ഞാനന്ന് പൊളിച്ചെഴുതി. മുന്നിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ എത്രയൊക്കെ സമ്മർദ്ദമുണ്ടായാലും സെന്റെർ ഓഫ് ഒബ്ജെക്റ്റിന്റെ വികാരം ശ്വാസമ്മുട്ടൽ മാത്രമായിരിക്കും എന്നെനിക്കു മനസിലായ സുദിനമായിരുന്നു അത്.... ഓർക്കുമ്പൊ ഇപ്പഴും നടുവിനു വേദനയാ.... ഹാവൂ.... ഹമ്മച്ചീ....അങ്ങനെ മേൽ‌പ്പറഞ്ഞ പീഡാനുഭവങ്ങളൊക്കെ ഡീൽ ചെയ്തു കൊണ്ട് ക്യൂവിൽ നിൽക്കുമ്പോഴാണ്
സൈഡീന്ന്

 ‘അണ്ണാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ...’ ന്ന് ഒരു വിളി...ചില്ലറ ഒന്നുമില്ല പോഡെയ്...

 അണ്ണാ അദല്ല....

 അണ്ണാ ഏദല്ല?

 അണ്ണെയ് ഒരു ഉപകാരം ചെയ്യുവൊ?


ച്ചെയ്... വാട്ട് ദ ഹെൽ ആർ യു ടോക്കിങ്....
തമിഴമ്മാരൊക്കെ ബിസിനസ് പടിച്ചു പോയി...
ദേ.. ഇപ്പൊ തെണ്ടുന്നതു വരെ മലയാളത്തിലാ....
മുരുഹാ‍ാ‍ാ‍ാ‍ാ...... കാപ്പാത്തുങ്കൊ...


അതിരിക്കട്ടെ.., തമ്പി ഇന്നു കാർഡ് കൊണ്ടുവന്നില്ലേ?

കാർഡോ?

ഊം... സാധാരണ പിച്ചക്കാരെല്ലാം ‘എന്റെ അച്ചൻ ‘ഒരുലോറി‘ ഡ്രൈവറായിരുന്നു,ഒരിക്കൽ അമ്മ സവോള അരിഞ്ഞു കൊണ്ടിരിക്കെ ചെറു വിരലൊന്നു മുറിഞ്ഞതിൽ പിന്നെ  അച്ചന്  ലോറി ഓടിക്കാനാവാതെ ഇപ്പൊ  കെ എസ് ആർ റ്റി സിയുടെ ഡ്രൈവർമ്മാർക്കുള്ള പി എസ് സി ടെസ്റ്റ് എഴുതിയിരിക്കുന്നതിൽ മനം നൊന്ത് മൂന്നാമത്തെ പെങൾ നാലാമതും ഗർഭിണിയായി...  ആകെയുള്ള മൂന്നളിയന്മാരും ഗൾഫിലായതിനാൽ ഈ വലിയ കുടുംബത്തിനു വേണ്ട ബസ്മതി റൈസ് വാങ്ങുന്ന ഫാരിച്ച ഉത്തരാവാദിത്വം ഇപ്പൊ എന്റെ നെഞ്ചത്താണ്.. സൊ ആസ് സൂൺ ആസ് പോസ്സിബിൾ എന്തെങ്കിലും തന്ന് സഹായിച്ച് ഒരു കുടുംബത്തെ മുഴുവനായി ആത്മഹത്യയിൽ നിന്ന് കരകയറ്റണമേയെന്ന് വിനയകുനയനായി അപേക്ഷിക്കുന്നു’‘
ഈ സൈസ് ഡയലോഗുകൾ ഒന്നും ഇല്ലയോ ഭിക്ഷക്കാരാ?


ചേട്ടാ ശവത്തിൽ കുത്തരുത്...ഒരു ടിക്കറ്റ് എടുത്തു തരാൻ പറ്റുവൊ?
ലവൻ അൻപതിന്റെ നോട്ടൊരെണ്ണം നീട്ടി...


വൌ...  മലയാളിയായിരുന്നൊ?
എന്നിലെ സഹായമനസ്ക്കൻ എതാണ്ടൊക്കെ കുടഞ്ഞെഴുന്നേറ്റു...
അൻപതിന്റെ നോട്ട് ഞാൻ മേടിച്ചു.
എന്നിട്ടു ആ മൊതലിനെ  അടി മുടിയൊന്നു നോക്കി....
ഒരു തൊണ്ണൂറ് കിലോയിൽ കുറയാത്ത ശരീര ഭാരം.
ജീൻസിന്റെ സൈസ് 38 ൽ കുറയില്ല...
ആ അവൻ എന്നെ ‘ചേട്ടാ‘ന്ന്......
കളിയാക്കുന്നതിനുമില്ലേഡേയ് ഒരു ന്യായം?
എന്റെ അന്നത്തെ വേസ്റ്റ് സൈസ് കേവലം 28 ഉം ഭാരം ഹാഫ് സെഞ്ച്വറിയുമായിരുന്നു എന്നോർക്കണം....


    റ്റിക്കറ്റെടുത്ത ശേഷം ലവൻ ലവന്റെ വഴിക്കും ഞാൻ എന്റെ വഴിക്കും പോയി...


സിൽമ തുടങ്ങി...
‘കടവുൾ പാതി മിറുഗം പാതി... കലൈന്ത് സേർന്ത കടവുൾ ഞാൻ....  ‘’

വൌ.... സെക്സി സോങ്ങ്...കൂടെ ഉലകനായകന്റെ  മ്യൂസിക് വിത്ത് ബോഡി മസിൽ ഷോയും.....
പടം നന്നായി ബോധിച്ചിരിക്കുണൂ...
പടം വിട്ടപ്പൊ മണി പന്ത്രണ്ട് കഴിഞ്ഞു ...റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന ഒരു കുറുക്കു വഴിയുണ്ട്.. തമിഴ്നാട്ടിലെ എല്ലാ കുറുക്കു വഴികളിലെയും പോലെ മൂത്രനിബിഡമായിരുന്നു... ആ വഴിയും....
ചാടിയോടി പ്ലാറ്ഫോമിലെത്തിയപ്പോഴെക്കും ഞാനൊരു ഫോമിലായി...
കറക്റ്റ് റ്റൈമിങ് ആണ്.. മൈക്കിൽ വിളിച്ചു പറയുന്ന ചേച്ചി കട തുറന്ന് പരിപാടി തുടങ്ങി...
‘’പയനികളിൻ കനിവാന ഗവനത്തുക്ക്.. വണ്ടി എൺ 2204 ട്രിച്ചിയിലിരുന്ത് കൊച്ചി വരെ പോഹും റ്റീ ഗാർഡൻ എക്സ്പ്രെസ് ഇന്നും സില നേരങ്കൾക്കുൾ എത്തിസ്സേരുമെന്നു എതിർപാക്കപ്പെടുകിറത്....’‘
യാത്രിയൊം ക്രിപയാ ധ്യാൻ കീജിയെ... ട്രിച്ചി സെ കൊച്ചിൻ ജാനെ വാലി റ്റീ ഗാർഡൻ എക്സ്പ്രെസ് ഒന്നാം നമ്പർ പ്ലാറ്റ്ഫോം മെ വന്നു കിടക്കുന്നു... (ഹിന്ദി പറയുന്ന പെൺപിള്ളെരെ പണ്ടേ എനിക്കു കണ്ടൂടാ)

ട്രെയിൻ നിർത്തുന്നതിനു മുന്നെ നമ്മൾ ചാടിക്കേറി.പ്രത്യേകിച്ച് ഒരുപകാരവുമുണ്ടായിട്ടല്ല... റ്റീ ഗാർഡനിലെ ജനറൽ കമ്പാർട്ട്മെന്റ്റിൽ കാലു കുത്താൻ പോലും ഇടം ഉണ്ടാവില്ലെന്നുള്ളത് ഏതു പൊട്ടനും അറിയാവുന്ന കാര്യമാണ്. ഇതറിഞ്ഞിട്ടും ചാടിക്കയറണമെങ്കിൽ രണ്ടിൽ കുറയാത്ത സുന്ദരിമാർ ആ കമ്പാർട്ട്മെന്റ്റിൽ ഉണ്ടാവണം... ച്ചെയ്... വായ്നോക്കാനൊന്നുമല്ലാട്ടോ... ആ മുല്ലപ്പൂവിന്റെ മണമടിച്ച് ഇരിക്കുമ്പോ ഒരു ബല്ലാത്ത നൊസ്റ്റാൾജിയ ആണേ...
ഒരു ബർത്തിൽ ഒരു തമിഴൻ കിടന്നുറങ്ങുന്നു... ജെസ്റ്റ് ഓപ്പൊസിറ്റ് രണ്ട് ബാഗുകൾ നിരത്തി വച്ചിരിക്കുന്നു...
എന്റെ തോളത്ത് കിടന്നിരുന്ന ഷോൾഡർ     ബാഗ് ആ ബെർത്തിലേക്കെറിഞ്ഞു ആദ്യം .. പിന്നെ പയ്യെ സ്വയം അങ്ങു കയറിയിരുന്ന്  ചുമ്മാ കുറെ നേരം നിർവ്രിതിയടഞ്ഞു... താഴെ ജനൽക്കമ്പിയിൽ തൂങ്ങിക്കിടന്നിരുന്ന ഒരു ചേട്ടൻ ‘എനിക്കീ  ‘പുത്തി’ നേരത്തേ തോന്നിയില്ലല്ലോ എന്നോർത്ത് സ്വയം ശപിച്ചു.. ബാഗിൽ തല വെച്ച് ഞാൻ പയ്യെ മയങ്ങിത്തുടങ്ങിയതേയുള്ളൂ... താഴെ നിന്നും മലയാളത്തിൽ ചില കൂതറ ശബ്ദങ്ങൾ..


‘’ഡോ.. അണ്ണാച്ചീ... ബെർത്തിൽ കയറി നീണ്ടു നിവർന്ന്      ഉറങ്ങുവാണോ? അതും ഞങ്ങൾ കുറെപ്പേര് ഇവിടെ നിൽക്കാൻ പോലും സ്ഥലമില്ലാതെ ബുദ്ധിമുട്ടുമ്പോൾ.... എണീക്ക്ഡോ.... ഡോ.. എണീക്കാൻ... !!!

നല്ല പരിചയമുള്ള സമുണ്ട്...  കർത്താവെ... ദേ.. കുറച്ച് മുന്നെ തീയേറ്ററിൽ വച്ച് റ്റിക്കറ്റിന് കരഞ്ഞവൻ ....
പാവം അണ്ണാച്ചിയെ എഴുന്നേൽ‌പ്പിച്ച് ലവൻ അവിടെ ചാടിക്കയറി...വൌ... വാട്ട് ആൻ ഐഡിയ സർജീ....
ഡാ... നീ...
യാ.. ഞാൻ...
നീയെന്താ ഇവ്ടെ? എങ്ങോട്ടാ?വീടെബ്ടാ? എന്തു ചെയ്യുന്നു?


എന്തൊന്നെഡെയ് ഇത്?

ചോദ്യം ഓരൊന്ന് ചോദീരെഡെയ്...

ന്റെ പേര് എൽദോസ്, വീട് മ്വാറ്റുപുഴ...

എന്തോന്ന്? മ്വാറ്റുപുഴയോ?

അങ്ങനെയൊരു സ്ഥലം എറണാകുളം ജില്ലയിൽ ഉള്ളതായി എനിക്കറിവില്ല...

ങാ... മ്വാറ്റുപുഴയേ... മ്മടെ ഗോദോങ്കലത്തിനിപ്പ്രെ....

എന്തൊന്ന് ഗോദോങ്കലമൊ?

അല്ലാ ആക്ച്ച്വലി എതാ ചേട്ടന്റെ രാജ്യം?

പിന്നെ പറഞ്ഞു വന്നപ്പൊഴാണ് സംഗതി മനസിലായത്.. കോതമംഗലത്തിനപ്പറെയുള്ള മൂവാറ്റുപുഴയാണ്  രാജാവ് ഉദ്ദേശിച്ച സ്ഥലം...


ഇപ്പൊ കോയമ്പത്തൂര് എം എസ് ഡബ്ലിയൂന് പടിക്കുന്നു...
ഒരുറക്കം കഴിഞ്ഞപ്പൊ നേരം പരപരാ വെളുത്തു..
ട്രെയിൻ ഇടപ്പള്ളി കഴിഞ്ഞു..
പച്ചാളം ഗേറ്റ് ആകുമ്പൊ സിഗ്നലിനു വേണ്ടി വണ്ടി സ്ലോ ചെയ്യും...
പെട്ടെന്ന് തൊട്ടടുത്തുള്ള കമ്പാർട്ടുമെന്റിൽ ഒരാളനക്കം...
എൽദോസ് ‘യാഹൂ‍ൂ‍ൂ‍ൂ‍ൂ’‘ എന്നൊരു സൌണ്ട് പുറപ്പെടുവിച്ച് കൊണ്ട് ആദ്യം താഴെക്കും പിന്നെ ട്രെയിനു പുറത്തെയ്ക്കും ഒറ്റച്ചാട്ടം...
 ഒന്നും പിടികിട്ടീല്ല,,,
പെട്ടെന്നു അടുത്ത കമ്പാറ്ട്ടുമെന്റിൽ നോക്കിയപ്പൊ എനിക്കും കാര്യം മനസിലായി....
സെയിം സ്റ്റെപ്സ്... യാഹൂ‍ൂ‍ൂ‍ൂ... പുറത്തെയ്ക്ക്....ഞാനും....
എല്ലാം പെട്ടന്നായിരുന്നു...
കുറച്ചു മാറി മ്മടെ യാഹൂ എൽദൊസ് നടന്നടുക്കുന്നു....
അളിയാ യാഹൂ‍ൂ.. നീയെന്തിനാ ചാടിയെ?
അതു പിന്നെ റ്റീ റ്റീ ആർ.... ടിക്കെറ്റ്.... ഞാൻ ... എട്ത്തില്ല.......മറന്നുപൊയി..

ഉവ്വ ഉവ്വ... ടിക്കറ്റെടുക്കാൻ മലന്നു പൊയി.... .

പെട്ടെന്നു ഞാൻ വികാരാധീനനായി ഇന്ഡ്യൻ റെയിൽ വേയുടെ വളർത്തച്ചനെപ്പോലെ സംസാരിക്കാൻ തുടങ്ങി...
‘നമ്മൾ റ്റിക്കെറ്റെടുക്കാതെ യാത്ര ചെയ്താൽ നഷ്ട്ടം നമ്മുടെ ഇന്ദ്യക്കാണ്?‘
അവനാണോ അതൊ എനിക്കാണൊ വട്ടായത് എന്ന സംശയഭാവത്തിൽ അവനെന്നെ ഇരുത്തിയൊന്ന് നോക്കി..

അവൻ: അപ്പൊ അളിയൻ ടിക്കെറ്റെടുത്തായിരുന്നല്ലെ?

പിന്നില്ലാതെ...
 അവന്റെ സംശയം തീർക്കാൻ എന്റെ പോക്കറ്റിൽ കിടന്ന റ്റിക്കറ്റെടുത്ത് അവന്റെ കയ്യിൽ വച്ചു കൊടുത്തു...
ഒന്നും വിശ്വാസമാകാതെ ആ ചുവന്ന റ്റിക്കറ്റ് അവൻ വിടർത്തി വായിച്ചു....
റോയൽ സിനിമ
കൊയമ്പത്തൂർ -14
ഡീലക്സ് സർക്കിൾ 30 രൂപാ..


ഹും...റ്റിക്കറ്റേ....അതും ജെനറൽ കമ്പാർട്ട്മെന്റിൽ.....  എന്റെ നല്ല പ്രായത്തിൽ എട്ത്തിട്ടില്ല .. പിന്നല്ലെ ഇപ്പൊ... എന്റെ പട്ടി എടുക്കും....


എന്നാലും MSW ന് പടിക്കുന്നവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൽ പാവം മെയിൽ നെഴ്സുമാരുടെ കാര്യം പറയണൊ?
ഇൻഡ്യൻ റെയിൽവെയെ ഈശ്വരൻ കാക്കട്ടെ.... ആമേൻ.... !!!

Tuesday, March 20, 2012

നേഴ്സുമാരുടെ നെഞ്ചത്ത്‌ കാറിടിച്ച് കയറ്റാമോ?

പിറവത്ത് തോറ്റതിന് വികാരിയച്ചനെ തെറി വിളിക്കുന്നത് പോലെയാണ് ഇവിടെ ഇപ്പോള്‍ കാര്യങ്ങളുടെ നീക്ക് പോക്കുകള്‍... പാവപ്പെട്ട ഒരു ടാക്സിക്കാരന്‍ സ്കൂള്‍ ബസിനു സൈഡ് കൊടുക്കവേ അറിയാതെ വഴിയാത്രക്കാരനെ ഇടിച്ചിട്ടാല്‍ നരഹത്യ ശ്രമത്തിനു കേസെടുക്കാന്‍ നിയമുമുള്ള നാടാണ് നമ്മുടേത്‌.... ആ നിയമം നിലവിലിരിക്കെ ഒരു കൂട്ടം നെഴ്സുമാര്‍ക്കിടയിലേക്ക് ഡോക്ടര്‍ മോഹന്‍ സി മഞ്ഞക്കര എന്ന് പേരിട്ട ഒരു 'മഹാനുഭാവന്‍' മനപ്പൂര്‍വ്വം കാറിടിച്ച് കയറ്റുന്നതിനെ 'താളിയോലത്തരം'(മനപ്പൂര്‍വ്വമുള്ള spelling mistake ക്രിമിനല്‍ കുറ്റമാണോ എന്തോ? ) എന്നതില്‍ കുറച്ചു മറ്റൊരു പേരിട്ടു വിളിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല . മഞ്ഞക്കരക്കാരന്‍ ക്ഷമിക്കണം ,
നെഴ്സുമാര്‍ക്കിടയിലേക്ക് കാറിടിച്ച് കയറ്റരുത് എന്ന വ്യവസ്ഥ ഇന്ത്യന്‍ പീനല്‍ കോഡില്‍ എങ്ങും ഞാന്‍ കണ്ടില്ല... പക്ഷെ ഇതില്‍ വ്യക്തമായി പറയുന്ന മറ്റൊരു കാര്യമുണ്ട് അതിങ്ങനെയാണ്

Aggravated assault is, in some jurisdictions, a stronger form of assault, usually using a deadly weapon.[5] A person has committed an aggravated assault when that person:

attempts to cause serious bodily injury to another person such as in the case of kidnapping
attempts to have sexual activity with another person under the age of consent
ifattempts or causes bodily injury to another person with a deadly weapon.

Aggravated assault can also be charged in cases of attempted harm against police officers or other public servants, or for bodily harm stemming from the reckless operation of a motor vehicle. The latter is often referred to as either vehicular assault or aggravated assault with a motor vehicle.
ആസ് ഫാര്‍ ആസ് ഐ നോ ,,, i20 എന്ന കാര്‍ ഒരു ഡെഡ്ലി വെപ്പണ്‍ ആയി ഹ്യുണ്ടായ് യുടെ വെബ്സൈറ്റിലൊന്നും പറയുന്നില്ല...

ഈ നിയമമനുസരിച്ച് നെഴ്സുമാരാരും മഞ്ഞക്കരയെ പിടിച്ചു കൂമ്പിനിടിച്ചതായോ കിഡ്നാപ്പ് ചെയ്തതായോ 'മറ്റേപ്പണിക്ക്‌' കൊണ്ട് പോയതായോ അറിവില്ല... അപ്പൊ പിന്നെ യാതൊരു പ്രകോപനവുമില്ലാതെ വട്ടം കൂടിയിരുന്നു മുദ്രാവാക്യം വിളിച്ചിരുന്ന നെഴ്സുംമാരെ നെട്ടോട്ടമോടിക്കാന്‍ വേണ്ടി മാത്രമായി ശ്രീമാന്‍ മഞ്ഞക്കര ഇത് ചെയ്യുമ്പോള്‍ എനിക്കൊര്‍മ്മവരുന്നത്‌ കല്യാണരാമന്‍ എന്ന സിനിമയിലെ മിസ്റ്റര്‍ പോഞ്ഞിക്കര എന്നാ കഥാ പാത്രത്തെയാണ്... ഈ മഞ്ഞക്കരയ്ക്കുമുണ്ടോ പുറത്തു കാണിക്കാന്‍ വയ്യാത്ത മറ്റേ മസില്‍? അറിയാന്‍ മേലാത്തത് കൊണ്ട് ചോദിച്ചതാണ് .. മഞ്ഞക്കരയുടെ വല്യമ്മച്ചിയുടെ കുടുംബം വീതം വച്ച വകയിലെ നാല് സെന്റ്‌ ഭൂമി ഇരന്നു വാങ്ങാനല്ല നേഴ്സുമാര്‍ അവിടെ സമരം നടത്തുന്നത് എന്ന് മിസ്ടര്‍ പോഞ്ഞിക്കര മനസിലാക്കണം...

mbbs ഞാന്‍ പഠിച്ചിട്ടില്ല പഠിക്കണം പഠിക്കണം എന്ന് വല്യ ആഗ്രഹം ആയിരുന്നു . ഇനി എനിക്ക് ആ സങ്കടം ഇല്ല. നിങ്ങളെപ്പോലുള്ള കുലനാറികളുടെ ഭാഗമായി മാറാന്‍ കഴിയാതിരുന്നതില്‍ ദൈവത്തിനു സ്തുതി...
ശ്രീമാന്‍ പോഞ്ഞിക്കര mbbs പഠിച്ചതാണോ അതോ ചില്ലറ കൊടുത്തു ഒപ്പിച്ചതാണോ എന്നെനിക്കറിഞ്ഞൂടാ.... എന്തായാലും ഗ്രാജുവേഷന്‍റെ സമയത്ത് വൈദ്യസാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസിന്റെ ഒരു പ്രതിജ്ഞ കാണാപ്പാഠം പഠിച്ചു ചൊല്ലിയത് ഓര്‍മ്മയുണ്ടാവും എന്ന് വിശ്വസിക്കുന്നു... അതിലെ രണ്ടു വാചകങ്ങള്‍ ഇങ്ങനെയാണ്...
I will apply dietic measures for the benefit of the sick according to my ability and judgment; I will keep them from harm and injustice.

I will neither give a deadly drug to anybody if asked for it, nor will I make a suggestion to this effect. In purity and holiness I will guard my life and my art.

ഇങ്ങനെ തന്നെ സെവിക്കണം താങ്കള്‍ പഠിച്ച പ്രോഫഷനെയും കൂടെയുള്ളവരെയും...
താങ്കള്‍ ചെയ്ത പ്രവര്‍ത്തികളിലെ പ്യൂരിറ്റിയും ഹോളിനെസ്സും എവിടെയാണെന്ന് കൂടി ഒന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു... ഞങ്ങള്‍ നേഴ്സുമാര്‍ അറിവില്ലാത്തവരാണല്ലോ?
ഇന്നലെ ബട്ജറ്റ് പ്രഖ്യാപിച്ച കൂട്ടത്തില്‍ മാണിച്ചായന്‍ ഡോക്ടര്‍മ്മാര്‍ക്ക് കൂടി എന്തെങ്കിലും ഒക്കെ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കേണ്ടതായിരുന്നു... പിറവത്തെ 'തിരിഞ്ഞ്'എടുപ്പ് കഴിഞ്ഞു 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പേ ലേക് ഷോറിലെ നെഴ്സുമ്മാര്‍ക്കുള്ള ഗിഫ്റ്റ് കിട്ടിബോധിച്ച വിവരം ബഹുമാനപ്പെട്ട മുഖ്യനെ അറിയിച്ചു കൊള്ളുന്നു....


ഇന്നലെ മുതല്‍ മെമൂ എന്ന പേരില്‍ കുറെ സൈലന്റ് ട്രെയിനുകള്‍ കേരളത്തില്‍ വന്നു എന്ന് കേട്ടു . ഇനി അതും കൂടി ലേക് ഷോറിലെ നെഴ്സുമ്മാരുടെ നെഞ്ജത്തോട്ട് ഓടിച്ചു കേറ്റുന്ന നല്ലകാലത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു...

ഇപ്പൊ കിട്ടിയ വാര്‍ത്ത: ഡല്‍ഹി അശോക്‌ വിഹാറിലെ സുന്ദര്‍ലാല്‍ ജെയിന്‍ ഹോസ്പിറ്റലില്‍ മാനെജ്മെന്റ് പ്രധിനിധി മനീഷ് ജെയിന്‍ നെഴ്സുമാര്‍ക്കിടയിലേക്ക് കാറിടിച്ച് കയറ്റി...
മനീഷണ്ണാ ഒരു സംശയം '' താങ്കളും പോഞ്ഞിക്കരയ്ക്ക് പഠിക്കുവാണോ? ''

Tuesday, March 06, 2012

തോല്‍ക്കാന്‍ മനസ്സില്ലാത്തവന് ഇന്ന് മൂന്ന് വയസ്സ്...
'ബ്ലോഗ്‌ എന്താണെന്നറിയാത്തവന്‍റെ ചക്രശ്വാസം വലിയാണ് എന്‍റെ ബ്ലോഗ്‌' എന്ന് റൂം മേറ്റ്സിനിടയില്‍ പരക്കെ ആക്ഷേപമുണ്ടെങ്കിലും 'ആരോപണങ്ങള്‍ക്ക് മാത്രം നവീനെ തോല്‍പ്പിക്കാനാവില്ല' എന്ന തെല്ലഹങ്കാരം കലര്‍ന്ന മറുപടിയോടെ തന്നെ തുടങ്ങട്ടെ....
സ്കൂള്‍ വിദ്യാഭ്യാസ കാലം മുതലേ കഥാരചന, ഉപന്യാസം, കവിതാരചന , പെന്‍സില്‍ ഡ്രോയിംഗ് , പെയിന്റിംഗ്, കാര്‍ട്ടൂണ്‍ എന്തിനേറെ പറയുന്നു കാരിക്കേച്ചര്‍ മത്സരത്തിനു വരെ നവീന്‍ ജെ ജോണ്‍ പേര് കൊടുത്തിരുന്നു... ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഈ കോപ്പന്‍റെ ജാഡ കണ്ടോ ചുമ്മാ ഞാന്‍ വലിയ സംഭവമാണെന്ന് അറിയിക്കാന്‍ ചിത്രരചന ഉപന്യാസം എന്നൊക്കെ വാരിക്കോരി എഴുതിയതാണെന്ന്...
കണക്കു ടീച്ചറിന്‍റെയും ഹിന്ദി ടീച്ചറിന്‍റെയും ക്ലാസ്സില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി മാത്രമാണ് ഞാനീ കടും കൈയൊക്കെ ചെയ്തു പോന്നിരുന്നത് എന്ന് എനിക്കും പിന്നെ എനിക്കും മാത്രമല്ലേ അറിയത്തൊള്ളൂ... നിങ്ങള്‍ക്കൊക്കെ അങ്ങ് ചുമ്മാ വിചാരിച്ചാ മതിയല്ലോ... എന്തും..!!!
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോ കവിതാരച്ചനക്കെന്നും പറഞ്ഞു പോയി മോഹന്‍ലാലിന്‍റെ ''ഉണ്ണികളേ ഒരു കഥ പറയാം'' എന്ന ''കവിത'' എഴുതി വച്ച 'വിച്രുതി കഥ' എന്നെ ഇപ്പൊ കണ്ടാലും ലീലാമ്മ ടീച്ചര്‍ പറഞ്ഞു ചിരിക്കാറുണ്ട്..
പിന്നെ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ കഥാരചനക്ക് ''ഭ്രാന്തി'' എന്ന വിഷയത്തില്‍ ഞാനെഴുതിയ കഥക്ക് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'കിലുക്കം'' എന്ന ചലച്ചിത്രവുമായി അഭേദ്യമായ അവിഹിതബന്ധം ഉണ്ടെന്ന് ജഡ്ജസ്സും ടീച്ചര്‍മ്മാരും ഒരുപോലെ വിധിയെഴുതിയെങ്കിലും ജൂറിയുടെ(എന്‍റെ മസാക്ഷിയാ ) പ്രത്യേക പരാമര്‍ശം എന്‍റെ ''ഭ്രാന്തിക്ക്'' ലഭിച്ചു..

സഹപാടികളും മനോജ്‌ സാറും അത് ചിരിച്ചു തള്ളിയെങ്കിലും എന്‍റെ മനസ്സില്‍ അതൊരു മുറിവായി കിടന്നു .
മനോജ്‌ സാര്‍ മഞ്ചൂന്‍റെയും സൌമ്യയുടെയും മുന്നില്‍ വച്ചാണ് എന്നെ കളിയാക്കി ചിരിച്ചത്... പിന്നെ സങ്കടം വരാതിരിക്കുവോ?
ആ സംഭവത്തിനു ശേഷം സ്കൂള്‍ ജീവിതത്തില്‍ ഞാന്‍ കഥാരചനക്ക് പേര് കൊടുത്തിട്ടില്ല...
മനസ്സില്‍ വാശിയായിരുന്നു... സ്വന്തമായി ഒരു കഥ എഴുതണം എന്ന ദുര്‍വാശി...
പിന്നീട് നാലഞ്ചു വര്‍ഷക്കാലം ജീവിതത്തിലെ ഓരോ സംഭവങ്ങളും നോക്കിക്കണ്ടു..ഓരോ യാത്രകളും ജീവിതത്തിന്‍റെ വ്യത്യസ്തമായ മുഖങ്ങളെ എനിക്ക് കാണിച്ചു തന്നു... ആ മുഖങ്ങളെല്ലാം അക്ഷരങ്ങള്‍ കൊണ്ടും പെന്‍സില് കൊണ്ടും എന്‍റെ ഡയറിത്താളുകളില്‍ കുറിച്ചിടാന്‍ ശ്രമങ്ങള്‍ നടന്നു..
പലപ്പോഴും പരാജയമായിരുന്നു ഫലം...
പക്ഷെ തോല്‍ക്കാന്‍ മനസ്സില്ലാത്തവനെ തോല്‍പ്പിക്കാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്ന സത്യം ഞാന്‍ അന്ന് മനസ്സിലാക്കി...
ഭാവനയില്‍ ഒരു നായകനെയും നായികയെയും സൃഷ്ട്ടിച്ച് കഥ എഴുതുവാനുള്ള കഴിവ് എനിക്കില്ല എന്ന തിരിച്ചറിവ് എന്നെ ഒരു പാട് വേദനിപ്പിച്ചു..
അങ്ങനെ ആ ചിന്താ ഭാരവും പേറി 1999 മാണ്ടില്‍ ഞാന്‍ കോയമ്പത്തൂരിലേക്ക് വണ്ടി കയറി... (തെറ്റിദ്ധരിക്കണ്ട .. പഠിക്കാന്‍ പോയതാ... പലതും... )
അങ്ങനെ രണ്ടായിരാമാണ്ടിലെ ഓണക്കാലത്ത് കോയമ്പത്തൂര്‍ മലയാളി സമാജം സംഘടിപ്പിച്ച രചനാ മത്സരത്തിനു ഞാന്‍ പേര് കൊടുത്തു . ഞാന്‍ നേരില്‍ കണ്ട ജീവിതങ്ങള്‍ ആ കടലാസ്സില്‍ കുറിച്ചു വച്ചു.
റിസള്‍റ്റ് വന്നു... എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു...
.,
,
,
,
,
,

.
.
.അതും ചീറ്റി... ഒരു പ്രോത്സാഹന സമ്മാനം പോലും കിട്ടീല്ല അവിടന്ന്...

അവര്‍ തന്ന വിഷയം 'ഓര്‍മ്മയിലെ ഓണം' ഞാന്‍ എഴുതിയത്'' ഭ്രാന്തി''
പിന്നെ ചീറ്റാതിരിക്കുവോ?
അതോടു കൂടി എന്‍റെ പ്രഖ്യാപിത വികാരങ്ങള്‍ പൂര്‍ണ്ണമായും ഡയറിത്താളുകളില്‍ ഒതുങ്ങി..
അങ്ങനെയിരിക്കെയാണ് ദേശാഭിമാനിയുടെ കിളിവാതില്‍ എന്ന സപ്ലിമെന്‍ടിലൂടെ ബ്ലോഗ്‌ എന്ന മാധ്യമത്തെക്കുറിച്ച് ഞാനറിയുന്നത്..
ഒരുപാട് കാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ 2009 മാര്‍ച്ചില്‍ നവീന്‍ ജെ ജോണിന്‍റെ പേരില്‍ ഒരു ബ്ലോഗ്‌ പേജ് നിലവില്‍ വന്നു.
ഒറ്റ ദിവസം കൊണ്ട് എട്ടു കവിതകള്‍ ഉള്‍പ്പെടെ പതിനഞ്ചു ആര്‍ട്ടിക്കിളുകള്‍ ഞാന്‍ പോസ്റ്റി... മനസ്സില്‍ മൂന്നാല് പെണ്മക്കളെ കെട്ടിച്ചു വിട്ട പിതാവിന്‍റെ സന്തോഷമായിരുന്നു എനിക്കപ്പോള്‍...
കമന്‍റിനു വേണ്ടി ചൂണ്ടക്കാരനെപ്പോലെ ഞാന്‍ കാത്തിരുന്നു..
ഒരു പൂച്ച പോലും അത് വഴി വന്നില്ല..
ബെര്‍ലിച്ചായന്റെയും പോങ്ങുംമൂടന്‍റെയും വിശാലമനസ്ക്കന്‍റെയും വികടന്‍റെയും നട്ടപ്പിരാന്തന്‍റെയുമൊക്കെ ബ്ലോഗുകള്‍ ഒരു പാട് പ്രചോദനം നല്‍കി എന്ന സത്യം ഞാന്‍ മറച്ചു വയ്ക്കുന്നില്ല...
എങ്കിലും സ്വന്തം ഐഡന്റിറ്റി വിട്ട് ഒരു കളിയും ഇത് വരെ കളിച്ചിട്ടില്ല എന്ന് വിശുദ്ധ ബാലരമ സാക്ഷിയാക്കി ഞാന്‍ സത്യം ചെയ്യുന്നു...

എന്തൊക്കെയായാലും പൊട്ടക്കണ്ണന്‍റെ മാവേലേറ് പോലെ തുടങ്ങിയ ഈ ബ്ലോഗിങ്ങ് യജ്ഞം ഇന്നെനിക്കു ഒരുപാട് സംതൃപ്തി നല്‍കുന്നുണ്ട്...
ഇക്കണ്ട കാലം മുഴുവന്‍ എന്നെ പ്രോത്സാഹിപ്പിച്ച കൂട്ടുകാരെ വെറും ഒരു നന്ദി പറഞ്ഞു കൊച്ചാക്കാന്‍ ഞാനില്ല...
ഒരുപാട് പേരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും ആണ് ഈ ഇമ്മിണി ബ്ലോഗിന്‍റെ വിജയം...
ഇന്നു നവീനിസത്തിന് 3 വയസ്സ് പൂര്‍ത്തിയാവുകയാണ്... ഈ ചുരുങ്ങിയ കാലം കൊണ്ട് 44 രാജ്യങ്ങളില്‍ നിന്നായി 15603 പേര്‍ ഇവിടെ വന്നു പോയി .
ഏകദേശം 72 പേരോളംഎന്നെ തെറി വിളിച്ചു . (എല്ലാം എന്‍റെ ഹോസ്റ്റലിലെ തെണ്ടികളാ . )(എല്ലാത്തിനുമുള്ള പണി ഞാന്‍ വെച്ചിട്ടുണ്ട്രാ ..)
ഏഴോളം വധ ഭീഷണികള്‍ ,ഒരു ഡസനോളം ഭീഷണിക്കത്തുകള്‍ , ഇമെയില്‍ വഴി വൈറസുകള്‍ അയച്ച്‌ എന്‍റെ ലാപ്പിന്‍റെ കൊണാപ്ലിക്കെഷന്‍ തകര്‍ക്കാന്‍ ശ്രമിച്ച നാറികളോട് ഒരു വാക്ക്...
ഞാന്‍ നോര്‍ട്ടന്‍ ആന്‍റി വൈറസ് വാങ്ങിച്ചു മക്കളെ...

തോല്‍ക്കാന്‍ മനസില്ലാത്തവനെ തോല്‍പ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെ
ന്ന് ഒരിക്കല്‍ കൂടെ പ്രഖ്യാപിച്ചു കൊണ്ട് നിര്‍ത്തുന്നു...
ഞാന്‍ മൂലം ആരെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ്..
എനിക്ക് സന്തോഷം പകര്‍ന്നു നല്‍കാനായെങ്കില്‍ എന്‍റെ പൂര്‍വ്വ ജന്മ സുകൃതം ...

Tuesday, February 21, 2012

ആലഞ്ചേരി തമ്പ്രാക്കള്‍ ഫ്രം ഇറ്റലി...


വീട്ടില്‍ ആരു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്ന അവസ്ഥയാണ് ഇപ്പൊ കേരള കത്തോലിക്കാ സഭയ്ക്ക്... ഇന്നലെ വരെ നെഴ്സുംമാരുടെ പേരും പറഞ്ഞായിരുന്നു വാചക കസര്‍ത്തും ഭരണിപ്പാട്ടും.... അതൊക്കെ ചെയ്തു കൂട്ടിയത് 'ലോക്കല്‍' പള്ളീലച്ചന്മാരല്ലേ . അരമനയില്‍ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ലല്ലോ ഫാഗ്യം എന്ന് ശരാശരി കത്തോലിക്കര്‍ ആശ്വാസം കണ്ടെത്തി വരികയായിരുന്നു . ഇന്നിപ്പോ ദേ സാക്ഷാല്‍ ആലഞ്ചേരി തമ്പ്രാന്‍ എന്തൊക്കെയാ വിളിച്ചു പറയുന്നേ? പിതാവേ എന്താ ഇത്? കര്‍ത്താവിന്റെ പ്രതിപുരുഷന്മാര്‍ സത്യം വെടിയരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃക ആകണം എന്നൊക്കെയാ പ്രമാണം... പിതാവ് ഒന്നാലോചിച്ചു നോക്കണം നെറ്റിയിലെ വിയര്‍പ്പു കൊണ്ട് ഭക്ഷിക്കുന്ന പട്ടിണി പാവങ്ങളായ രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്... ഈ സ്ഥാനത്ത് ചങ്ങനാശേരി തുരുത്തിയിലെ അച്ചായന്മാര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ അങ്ങ് ഈ ഡയലോഗുകള്‍ പറയുമായിരുന്നോ? ഉവ്വ എങ്കില്‍ കാണാമായിരുന്നു.. ആലഞ്ചേരി തറവാട് നിന്ന് കത്തുന്നത്? പ്രതികരണശേഷി നഷ്ട്ടപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ശബ്ദമായി മാറേണ്ടവരല്ലേ നിങ്ങള്‍ സഭാപിതാക്കന്മാര്‍.... തൊലി വെളുപ്പിന്റെയും സ്വാര്‍ഥലാഭത്തിന്റെയും പേരില്‍ ഇതുപോലുള്ള വിവേചനങ്ങള്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്ന വികാരം സഹതാപമാണ്....
കര്‍ദിനാള്‍ പദവി കിട്ടിയത് ഇറ്റലിയില്‍ വച്ചായത് കൊണ്ടായിരിക്കാം ഇലയ്ക്കും മുള്ളിനും കേടില്ലാതെ എന്ന ഉദ്ദേശ ശുദ്ധിയോടെ അങ്ങ് ഈ പ്രസ്താവന നടത്തിയത്... പക്ഷെ ഇലയ്ക്ക് നല്ലോണം കൊണ്ടു കേട്ടോ? വെടി വച്ചവനും വെടി കൊണ്ടവനും ക്രിസ്ത്യാനികള്‍ ആണെന്നിരിക്കെ ഒരു മത മേലദ്ധ്യക്ഷന്‍ എന്ന നിലയിലുള്ള അങ്ങയുടെ ഈ പ്രസ്താവനയിലെ രാഷ്ട്രീയം മനസിലാക്കാന്‍ തക്ക വണ്ണം വിവേചന ബുദ്ധി അടിയങ്ങള്‍ക്ക്‌ ലഭിക്കുവാന്‍ അങ്ങ് മുട്ടിപ്പായി പ്രാര്‍തിക്കണം..
ചോരയുടെ നിറം ചുവപ്പാണച്ചോ.... അതിപ്പോ ഇന്ത്യക്കാരനായാലും ഇറ്റലിക്കാരനായാലും.... !!!
വേര്‍പാടിന്റെ വേദനകള്‍ അനാവശ്യ പ്രസ്താവനകള്‍ കൊണ്ട് നിര്‍വീര്യമാക്കരുത്....
ആണ്ടിനും സംക്രാന്തിക്കുമൊക്കെയേ കേരള പോലീസ് ഇതുപോലുള്ള ചങ്കുറപ്പുള്ള തീരുമാനങ്ങളെടുക്കൂ....
അവരെ നിരുല്സാഹപ്പെടുതരുത് പ്ലീസ്....
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടനം... പാപത്തിന്റെ ശമ്പളം മരണമാണെന്ന് കര്‍ത്താവ്‌ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?
'മന്‍മോഹന്‍ സിംഗ് അദ്ദേഹത്തിന്' പോലും ഇല്ലാതിരുന്ന ഈ നയതന്ത്രബോധം അങ്ങേയ്ക്ക് ഇതെവിടെന്നു കിട്ടി എന്ന് മനസിലാവുന്നില്ലച്ചോ....
യുക്തിക്ക് നിരക്കാത്ത എന്ത് പ്രസ്താവനകളിറക്കിയാലും പറഞ്ഞതിന്റെ മൂന്നാം നാള്‍ മുതല്‍ കോണ്ടസ്സായേലും ബെന്‍സേലും അങ്ങ് കേരളത്തില്‍ വന്നിറങ്ങുമ്പോള്‍ സ്തുതി ചൊല്ലാനും കൈ മുത്താനും പളുപളുത്ത കുപ്പായങ്ങളിട്ട കുറച്ച് അച്ചായന്മാര് ഇവിടുണ്ടാകും... ജന്മ തന്ന അമ്മയേക്കാളും ജനിച്ച മണ്ണിനെക്കാളും ഞങ്ങള്‍ക്ക് വലുത് സ്വേച്ചാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മതങ്ങളും തമ്മിലടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമാണല്ലോ ??
(ഇനി മേലാല്‍ അച്ഛന്മാര്‍ക്കെതിരെ ഒരക്ഷരം ബ്ലോഗില്ല എന്ന് തീരുമാനിച്ചാണ് കഴിഞ്ഞയാഴ്ച ഞാന്‍ വീട്ടീന്ന് പോന്നത്... എന്ത് ചെയ്യാനാ... ഗോള്‍ പോസ്റ്റില്‍ കയ്യും കെട്ടി നില്‍ക്കാന്‍ എനിക്കറിയില്ല.... അവസര വാദികള്‍ ക്ഷമിക്കണം... )

Thursday, January 12, 2012

അവരുടെ നാമം പൂജിതമാകട്ടെ ... ആമേന്‍... !!അച്ചന്മാര് എന്തൂട്ടാ ഈ കാട്ട്ണേ?
എനിക്കങ്ങട് വിശ്വാസാകണില്യാ... പള്ളീലച്ചന്മാര് റോഡിലിറങ്ങി മുദ്രാവാക്യം വിളിക്യേ? അതും കുഞ്ഞാടുകളുടെ മനസുള്ള പാവം നേഴ്സുമാര്‍ക്കെതിരെ ? ശിവ ശിവ... പള്ളിപ്പെരുന്നാളിന്റെ പ്രദക്ഷിണത്തിനല്ലാതെ ഭൂരിഭാഗം അച്ഛന്മാരെയൊന്നും നടുറോട്ടിലിറങ്ങി ഞാന്‍ കണ്ടിട്ടില്ല...
കലികാലം എന്നല്ലാതെ എന്തുട്ടായിപ്പ പറയാ... ഇക്കഴിഞ്ഞ മാസങ്ങളില്‍ മുല്ലപ്പെരിയാര്‍ ഇപ്പപ്പൊട്ടും എന്ന് നിലവിളിച്ചു കൊണ്ട് പ്രതിഷേധവുമായി കേരളത്തിലെ ആപ്പ ഊപ്പ സംഘടനകള്‍ ഉള്‍പ്പെടെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം തന്നെ തെരുവിലിറങ്ങിയപ്പോ മരുന്നിനു പോലും ഒരച്ചനെയോ കന്യാസ്ത്രീയെയോ ഞാന്‍ കണ്ടില്ലായിരുന്നു?
കേരളത്തിലെ ഭൂരിഭാഗം ക്രിസ്ത്യാനികളില്‍ നല്ലൊരു പങ്കും ജീവിക്കുന്നത് കോട്ടയം എറണാകുളം ജില്ലകളിലാണെന്നിരിക്കെ മുല്ലപ്പെരിയാര്‍ പൊട്ടി ചത്തുമലക്കുന്ന കത്തോലിക്കരുടെ കാര്യത്തില്‍ ഒരു വാക്കുപോലും മിണ്ടാതിരുന്ന പാതിരിമാര്‍ ഇപ്പൊ കൊടി പിടിച്ചിറങ്ങിയിരിക്കുന്നതിന്റെ ഉദ്ദേശശുദ്ധിയില്‍ എനിക്ക് സംശയമുണ്ട്...
തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് യേശൂര്‍സ്തു പഠിപ്പിച്ചത് അപ്പാടെ അങ്ങ് പ്രാവര്‍ത്തികമാക്കുന്ന തിരക്കിനിടയില്‍ സ്വന്തം കൂട്ടത്തിലുള്ള ഈ ഇടയ കന്യകമാരെ കര്‍ത്താവിന്റെ പ്രതിപുരുഷന്മാര്‍ മറന്നു പോയോ? അല്ലെങ്കില്‍ പിന്നെന്തിനാണ് ഭൂരിപക്ഷം ക്രിസ്ത്യാനികള്‍ അടക്കിവാഴുന്ന കേരളത്തിലെ നേഴ്സുമാര്‍ക്കെതിരെ ഈ ഉറഞ്ഞ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്.... അച്ചന്മാരുടെ അത്രയും പരിജ്ഞാനം ഒന്നുമില്ലെങ്കിലും ബൈബിള്‍ കുറച്ചൊക്കെ ഞാനും വായിച്ചിട്ടുണ്ട് '' ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു '' എന്ന് നമ്മളെ പഠിപ്പിച്ചത് നക്സലുകളോ തീവ്രവാദികളോ മതമൌലികവാദികളോ അല്ല . മറിച്ച് രണ്ടായിരമാണ്ടുകള്‍ക്ക് മുന്‍പ് പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ചു മരിച്ച് മൂന്നാം ദിവസം ഉയിര്‍ക്കപ്പെട്ടു എന്ന് നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ച 'യേശുക്രിസ്തു' എന്ന് പേരുള്ള ഒരു മനുഷ്യപുത്രന്‍ ആയിരുന്നു.
( പരിചയമുണ്ടോ ആവോ? )
ആ ഒരു ലൈനില്‍ വച്ച് നോക്കുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ ചെയ്തത് വല്ലാത്ത ചെയ്ത്ത് ആയിപ്പോയി . മടക്കു കട്ടിലില്‍ ചുരുണ്ട് കൂടിക്കിടന്ന വല്യപ്പന്മാരടങ്ങുന്ന വിശ്വാസികളെയെല്ലാം
തെരുവിലിറക്കി നിങ്ങള്‍ കാട്ടിക്കൂട്ടിയത് ഒരു മാതിരി നാലാം കൂലി നമ്പറായിപ്പോയി ...
നെഞ്ചില്‍ നാലാള് കാണ്‍കെ കുരിശും തൂക്കിയിട്ട് അഭിമാനത്തോടെ നടന്നിരുന്നു ഞാന്‍ ഇന്നലെ വരെ.. ഇന്ന് ഞാന്‍ ആ കുരിശു ശകലം താഴ്ത്തിക്കെട്ടുകയാണ്... കത്തോലിക്കനായിപ്പിറന്നതില്‍ ഞാന്‍ ഇന്ന് ലജ്ജിക്കുകയാണച്ചോ...
എല്ലാം നിങ്ങളുടെ പിഴ ... നിങ്ങളുടെ പിഴ ... നിങ്ങളുടെ വലിയ പിഴ .
ഭാരതചരിത്രം എടുത്തു നോക്കിയാല്‍ വിദ്യാഭ്യാസ രംഗത്തും ആതുരസേവനരംഗത്തും മിഷനറിമാര്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല... അതിനോടൊന്നും കൂട്ടി വച്ചില്ലെങ്കിലും ഉള്ള സല്‍പ്പേര് കളഞ്ഞു കുളിക്കാതെ നോക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ ക്രിസ്യാനികള്‍ക്കെല്ലാം ഉണ്ട്.. അതുകൊണ്ട് അച്ചന്മാര് പറഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് ഇതുപോലുള്ള മണ്ടത്തരങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടുമ്പോ ബഹുമാനപ്പെട്ട വിശ്വാസികള്‍ ഒന്നോര്‍ക്കുക... 'മരിക്കേണ്ടി വന്നാലും സത്യവും വെടിയരുത്.. ദൈവമായ കര്‍ത്താവ്‌ നിനക്ക് വേണ്ടി പോരുതിക്കൊള്ളും...( പ്രഭാഷകന്‍ 4:28 ) ''
കേരള കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ kcym ന്‍റെ ഒരു പൂര്‍വ്വകാല പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു caption ഓര്‍മ്മ വരുന്നു... അനീതിക്കെതിരെ ശബ്ദമുയര്ത്താനും തച്ചുടയ്ക്കാനുമുള്ള പ്രസ്ഥാനമാണ് kcym . ഈ അനീതികള്‍ നിങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ പ്രസ്ഥാനം എന്ന നിലയില്‍ നിങ്ങള്‍ ഒരു പരാജയം ആണ്...
മതങ്ങള്‍ മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി സൃഷ്ട്ടിക്കപ്പെട്ടവയാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും... അതിനു കളങ്കം വരുത്തുന്നവര്‍ പൂജാരിയായാലും പുരോഹിതനായാലും തിരുത്തേണ്ടവര്‍ അതിനു തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ നേഴ്സുമാര്‍ അതിനും തയ്യാര്‍.........
ഇതാ മതത്തിനു മീതെ മനുഷ്യന്റെ വിജയം അങ്കമാലിയില്‍ ...
അച്ഛന്മാരോട് ഇത്തിരി ബഹുമാനമൊക്കെയുണ്ടായിരുന്നു ... അത് ഏകദേശം തീരുമാനമായി....

(എല്ലാവരുമല്ല .. സത്യത്തിനും നീതിക്കും വേണ്ടി വര്‍ത്തിച്ച് , സ്വന്തം ഭക്ഷണത്തിന്റെ പങ്കു പോലും പാവങ്ങള്‍ക്ക് കൊടുക്കുന്ന നല്ല അച്ചന്മാരെയും എനിക്കറിയാം .. അവരെപ്പോലുള്ളവരുടെ നാമം പൂജിതമാകട്ടെ.. ആമ്മേന്‍... )