Saturday, January 22, 2011

ചന്ദ്രനില്‍ ഒരു മാതാവും കുഞ്ഞും.....



ചന്ദ്രനില്‍ ഒരു മാതാവും കുഞ്ഞും......നാട്ടില്‍ മുഴുവന്‍ കോലാഹലം...
അന്തപ്പന്‍ ചേട്ടന്‍ ഒരു അന്തവുമില്ലാതെ നടുറോട്ടില്‍ നിന്ന് കൈ വിരിച്ചു നിന്ന് പ്രാര്‍ഥിച്ചു...

''കര്‍ത്താവേ അങ്ങ് വലിയവനാകുന്നു..''

ദൈവമേ ഇനി ഞാന്‍ കേട്ടത് സത്യമാണോ?
പുറത്തേക്കിറങ്ങി ചന്ദ്രനിലേക്ക് നോക്കി മാതാവിനെയും കുഞ്ഞിനേയും പോയിട്ട് പെറ്റിക്കോട്ടിട്ട ഒരു പെങ്കോചിനെപ്പോലും ഞാന്‍ കണ്ടില്ല... ഇനിയിപ്പോ കുവൈറ്റിലെ ചന്ദ്രനില്‍ മാത്രം ഈ അല്ഫുത പ്രതിഭാസം ഇല്ലാത്തതാണോ?

സത്യം അറിയണമല്ലോ.... നാട്ടിലേക്ക് കൂട്ടുകാരെ വിളിച്ചു...
കുട്ടന്‍ ഓണ്‍ലൈന്‍....

'ഡാ..നവീനെ .., ദേ , ചന്ദ്രനില്‍ നിങ്ങടെ മാതാവും ഉണ്ണീശോയും... '

ഞാന്‍: ഡാ കുട്ടാ .., നീ കണ്ടോ...

കുട്ടന്‍: ബി ബി സിയില്‍ ന്യൂസ് ഉണ്ടായിരുന്നെന്ന്...

ഞാന്‍:...........######?????

എന്‍റെ കര്‍ത്താവേ അങ്ങ് ഇപ്പൊ ഡയറക്റ്റ് പ്രത്യക്ഷപ്പെടുന്ന പരിപാടിയൊക്കെ നിര്‍ത്തിയോ?
ഈ ചന്ദ്രനിലൊക്കെ ചെന്ന് പ്രത്യക്ഷപ്പെട്ടാല്‍ പഴയ പോലെ പബ്ലിസിറ്റിയൊന്നും കിട്ടത്തില്ല... കേട്ടോ.. പറഞ്ഞേക്കാം...

ഏതായാലും കേരളത്തിലൊക്കെ നേരിട്ട് പ്രത്യക്ഷപ്പെടാതിരിക്കുന്നതാണ് അങ്ങേക്ക് നല്ലത്...
അവിടെ മുഴുവനും ഇപ്പൊ മുക്കാല്‍ കളസവും ഇട്ട് ജോക്കിയും കാണിച്ച് പാന്‍പരാഗും ചവച്ചു നടക്കുന്ന 'യോ യോ' പിള്ളേരാ മുഴുവന്‍...
അങ്ങയെക്കണ്ടാലും അവന്മാര് 'അളിയാന്നേ' വിളിക്കൂ...

ഏതായാലും ബി ബി സിയിലോക്കെ വന്നെങ്കില്‍ ഈ 'അവതാരത്തില്‍' എന്തെങ്കിലും കാര്യമില്ലാതിരിക്കില്ലല്ലോ?
നേരെ ടീവിക്ക് മുന്നില്‍ കുത്തിയിരുന്നു ബി ബി സിയും സി എന്‍ എന്നുമെല്ലാം മാറി മാറി വച്ച് നോക്കി...

ബി ബി സിയുടെ അദ്യോഗിക വെബ്സൈറ്റില്‍ അനൌദ്യോഗികമായി
കയറി മുള്ള്, മുരട്‌ ,മൂര്‍ഖന്‍ പാമ്പ് മുതല്‍ കള്ള് ,കരട് ,കരിമ്പിന്‍ പട്ട വരെ അരിച്ചു പെറുക്കി...

'നോ മാതാവ് .. നോ കുഞ്ഞ്... !!!!'

ഉത്തരം കിട്ടാത്ത ചോദ്യങ്ങളെയെല്ലാം ദൈവമെന്നു വിളിക്കുന്ന മനുഷ്യന്‍റെ നിസഹായതയ്ക്ക് ഏറ്റവും പുതിയ ഉദാഹരണം...
'ചന്ദ്രനിലെ ഈ അമ്മയും കുഞ്ഞും... '
ഈ അമ്മയെയും കുഞ്ഞിനേയും കന്യാമറിയവും ഉണ്ണീശോയും ആയി വ്യാഖ്യാനിച്ച ആദ്യത്തെ മനുഷ്യന് ഒരു നമസ്കാരമുണ്ട്ട്ടോ...

എന്നാലും മതസൌഹാര്‍ദ്ദത്തിന്റെ ആപ്തവാക്യങ്ങള്‍ പൊക്കിപ്പിടിച്ച് കൊണ്ട് നടക്കുന്ന നമ്മള്‍ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ മാതാവിനെയും ഉണ്ണീശോയെയും മാത്രം വരച്ചു കാണിച്ചത് ഒരു മാതിരി മറ്റേ പരിപാടിയായിപ്പോയി...... അത് കൊണ്ട് അടുത്ത തവണയെങ്കിലും ഇത് പോലെ അമ്മയെയും കുഞ്ഞിനേയും 'കണ്ടു പിടിക്കുമ്പോള്‍'' അത് 'യശോദയും കണ്ണനും' ആയി വ്യാഖ്യാനിക്കാനുള്ള സന്മനസ്സ് ഉണ്ടാവണം...

നമ്മുടെ നാട്ടിലെ മതസൌഹാര്‍ദ്ദത കാത്തുസൂക്ഷിക്കാന്‍ ഒബാമയ്ക്കും കോണ്ടലീസ റൈസിനുമൊന്നും വരാന്‍ ഒക്കത്തില്ലല്ലോ... നമ്മളല്ലേ ഇതെല്ലാം കണ്ടറിഞ്ഞു നടത്തേണ്ടത്...

വിശ്വാസങ്ങള്‍ എന്നും നല്ലതാണ് ...
വിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും ദേവസ്വം ബോര്‍ഡിനും സഭയ്ക്കും പോലും ഉത്തരമില്ലാത്ത പ്രതിഭാസങ്ങള്‍ക്ക് മുന്നില്‍ കൈ കൂപ്പുകയും കണ്ണീരോഴുക്കുകയും ചെയ്യുന്ന ശരാശരി മലയാളികള്‍ക്ക് മുന്നില്‍ എന്‍റെ പ്രണാമം...

സഹഅയ്യപ്പന്മാരുടെ ചവിട്ടേറ്റ് മരിച്ച 106 അയ്യപ്പന്മാര്‍ക്ക് ആത്മശാന്തി നേര്‍ന്നു കൊണ്ട് നിര്‍ത്തുന്നു...

ഇക്കണക്കിന് പോയാല്‍ അധികം താമസിയാതെ സാന്‍ടിയാഗോ മാര്‍ട്ടിനും , ഫാരിസ് അബൂബക്കറുമെല്ലാം ചന്ദ്രനില്‍ പ്രത്യക്ഷപ്പെട്ടേക്കാം ..
അവര്‍ക്ക് മുന്നിലും മെഴുകുതിരി കത്തിച്ച് വച്ച് നമുക്ക് പ്രാര്‍ഥിക്കാം...

സകല വിശുദ്ധരെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ...

കര്‍ത്താവേ.., ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ... ആമേന്‍ .


.
.
.

.
[ഈ ബ്ലോഗ്‌ ആരുടേയും വിശ്വാസങ്ങളെ വൃണപ്പെടുത്താന്‍ കരുതിക്കൂടിയെഴുതിയതല്ല... ചിലതൊക്കെ കാണുമ്പോള്‍ വിളിച്ചു പറയാതിരിക്കാന്‍ പറ്റുന്നില്ല ... ഇഷ്ട്ടപ്പെടാത്തവര്‍ ക്ഷമിക്കുക...[

Thursday, January 13, 2011

നാലാം ക്ലാസ്സിലെ വിശുദ്ധ പ്രണയങ്ങള്‍...



''എന്‍റെ പ്രിയേ, എഴുന്നേൽക്കൂ,
എന്‍റെ സുന്ദരീ, വന്നാലും;
നോക്കൂ, തണുപ്പുകാലം കഴിഞ്ഞു,
മഴയും നിലച്ചുപോയി. പൂവുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നു,
പാട്ടുകാലം വന്നെത്തി.
മാടപ്രാവുകളുടെ കൂജനം നാട്ടിലെങ്ങും കേട്ടുതുടങ്ങി.
അത്തിക്കായ്കൾ പഴുക്കുന്നു,
മുന്തിരിവള്ളികൾ പൂവണിയുന്നു;
അവ പരിമളം പരത്തുന്നു.
എഴുന്നേൽക്കൂ, എന്റെ പ്രിയേ, എന്റെ സുന്ദരീ, വന്നാലും.
പാറയുടെ പിളർപ്പുകളിലും ചെങ്കുത്തായ മലയുടെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ,
നിന്‍റെ സ്വരമൊന്നു കേൾക്കട്ടെ.
നിന്‍റെ സ്വരം മധുരവും നിന്‍റെ മുഖം മനോജ്ഞവുമല്ലോ.''
'''

ഒരു കൈ ആകാശത്തേക്കുയര്‍ത്തി മറുകൈ കൊണ്ട് അവളുടെ കവിളില്‍ തലോടി...കണ്ണിമ ചിമ്മാതെ അവളുടെ മുഖത്തേയ്ക്ക് നോക്കി വീണ്ടും മന്ത്രിച്ചു ..

പ്രിയേ... എണീക്കെടീ... ഡീ... എഴുന്നേല്‍ക്കാന്‍,,,

എന്‍റെ പ്രിയയുടെ കണ്മഷിപാടുകള്‍ കാണുന്നില്ലല്ലോ?
പ്രിയേ നിന്‍റെ കണ്ണുകള്‍ക്കെന്തു പറ്റി???

പെട്ടെന്നവള്‍ ഒരു കണ്ണിറുക്കിപ്പിടിച്ച് മറുകണ്ണ് തുറന്നു ..!!!
പ്രിയേ .., നിന്‍റെ പേടമാന്‍കണ്ണുകള്‍ക്കെന്തു പറ്റി?

ഇപ്പോഴത്‌ മത്തങ്ങാക്കണ്ണായി മാറിയിരിക്കുന്നു ...
ഇടതൂര്‍ന്നു പനങ്കുല പോലെ കിടന്നിരുന്ന മുടി നീ 'നേവി കട്ട്' ചെയ്തതെന്തിനായിരുന്നു...?

പറ പ്രിയേ പറ ...
.
ആറു നിലകളിലായി വെണ്‍പട്ടില്‍ തീര്‍ത്ത നിന്‍റെ ഫ്രോക്കെവിടെ?
പകരം നീയണിഞ്ഞിരിക്കുന്നത് കിറ്റെക്സ് ലുങ്കിയും ഒരു ലോക്കല്‍ ബനിയനും...
മൃദുലമായ നിന്‍റെ താടിയില്‍ കുറ്റിരോമങ്ങള്‍ വളര്‍ന്നത്‌ എന്നായിരുന്നു പ്രിയേ,,..
പറയൂ.. പറയാന്‍...
''പറ'' യ്ക്ക് ശകലം ബാസ്സ് കൂടിപ്പോയത്‌ കൊണ്ടാവണം ,
എന്‍റെ തൊട്ടരുകില്‍ ഭിത്തിയില്‍ നോക്കി ചിരിച്ചു കൊണ്ടുറങ്ങുകയായിരുന്ന എന്‍റെ അനിയന്‍ തമ്പ്രാന്‍ ചാടിയെണീറ്റു. ..

ഡാ.. എന്നാ കോപ്പാടാ ഈ കാണിക്കുന്നേ?
നട്ടപ്പാതിരയ്ക്ക് എഴുന്നേറ്റിരുന്ന്‍ എന്‍റെ കണ്ണിലും കവിളിലും തോണ്ടുന്നോ? ചുമ്മാ പിച്ചും പേയും പറയാതെ അറിയാവുന്ന കുരിശും വരച്ച് കെടന്നൊറങ്ങടാ പിശാശെ...


ആഹാ.. അത് ശരി.. അപ്പൊ സ്വപ്നമായിരുന്നല്ലേ... ചുമ്മാ കൊതിപ്പിച്ചു .

അല്ലേലും ആത്മാര്‍ഥതയുള്ള കാമുകന്മാരോട് നാട്ടുകാര്‍ക്കും വീടുകാര്‍ക്കും എന്നും പുച്ചം ആണല്ലോ?

ബൈ ദി വേ .. പറഞ്ഞു വന്നത് എന്‍റെ പ്രിയയെക്കുറിച്ച് .. (എന്‍റെ 'കന്നി' ലൈന്‍ ആയിരുന്നു ,അതും 'വണ്‍വേ'... )
1989-മാണ്ടിന്‍റെ പകുതിയോടെയാണ് അതായത് 'ചാച്ച്സ് ' രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്‍റെ സ്വപ്നങ്ങളില്‍ പുതുമഴ പെയ്യിച്ചു കൊണ്ട് അവള്‍ എന്‍റെ ക്ലാസ്സിലേക്ക് വലതുകാല്‍ വച്ച് കയറിവന്നത്...
നല്ല സേലം മാങ്ങ പോലുള്ള മുഖം ,ചാമ്പങ്ങ്യാ മൂക്ക് ,താടിയുടെ ഒരു വശത്തായി ഒരു മറുക്... (ഏതു വശമാനെന്നു മറന്നു പോയീട്ടോ... )
ഒനീഡയുടെ പരസ്യത്തിലെ ചെകുത്താന്‍റെ കൊമ്പു പോലെ ഇരു വശങ്ങളിലേക്കും കെട്ടി വച്ച കേശഭാരത്തില്‍ ഒരു ചുവന്ന റോസാപ്പൂ..നെറ്റിയില്‍ നിന്നും ഉച്ചി വരെ NH 47 ല്‍ നിന്നും ചേര്‍ത്തലയ്ക്ക് തിരിയുന്ന പഞ്ചായത്ത് റോഡിനെ അനുസ്മരിപ്പിക്കും വിധം മുടി ചീകിയൊതുക്കിയ പാടുകള്‍... കഴുത്തില്‍ വെള്ള മുത്തുമാല.. കയ്യില്‍ കുപ്പിവള..
അവളെ കണ്ട അന്ന് തന്നെ എന്‍റെ മനസ്സിന്റെ ഇരുന്നൂറ്റി അന്‍പത്തി രണ്ടാമത്തെ താളില്‍ ഞാന്‍ കുറിച്ചിട്ടു..

നീയാണെന്‍റെ 'ജൂലിയറ്റ്'

പ്രേമിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭാഷ മൌനമാണെന്ന് ഞാന്‍ രണ്ടാം ക്ലാസ്സില്‍ വച്ച് പഠിച്ചു .
മനസ്സില്‍ ഒരു പെണ്ണ് വന്നു കയറിയതോടെ അന്ന് വരെ ഉമിക്കരിയും നമ്പൂതിരിപ്പൊടിയും കൊണ്ട് പല്ല് തേച്ചിരുന്ന ഞാന്‍ വീട്ടുകാരോട് കോള്‍ഗേറ്റ് പേസ്റ്റിന് റിക്വസ്റ്റ് സമര്‍പ്പിച്ചു...
മമ്മിയുടെ സഹായമില്ലാതെ കുളിക്കാനും മുഖത്ത് പൌഡര്‍ ഇടാനും രാവിലെ കുറച്ചേറെ സമയം കണ്ണാടിയുടെ മുന്നില്‍ സെല്‍ഫ് അസ്സസ്സ്മെന്‍റ് നടത്താനും തുടങ്ങി .
മമ്മീ ഇങ്ങോട്ടൊന്നു നോക്കിക്കേ...
ഈ ''കുട്ടിക്കൂറ '' പൌഡര്‍ ഇട്ടിട്ടു ഞാന്‍ വെളുത്തോന്നു ഒന്നു നോക്യേ...

'' നീ വെളുത്തില്ലേലും കുടുംബം വെളുക്കുന്നുണ്ടല്ലോടാ അത് മതിയല്ലോ? ''
(ഹും.. ആളില്ലാത്ത പോസ്റ്റില്‍ ഗോള്‍ അടിക്കുന്നത് മമ്മിയുടെ സ്ഥിരം പരിപാടിയാ )


അങ്ങനെ കണ്ണും കണ്ണും കൊള്ളയടിച്ച് രണ്ടാം ക്ലാസ് കഴിഞ്ഞു ..
മധ്യവേനലവധിയായിട്ടും എങ്ങനെയെങ്കിലും സ്കൂള്‍ തുറന്നാല്‍ മതിയെന്നായി..
എന്‍റെ കൂട്ടുകാരെല്ലാം കശുമാങ്ങ പറിച്ചു നടന്നപ്പോള്‍ ഞാന്‍ അവളുടെ കുപ്പി വലകളും തലയിലെ റോസാപ്പൂക്കളും എല്ലാം ഓര്‍ത്തോര്‍ത്ത് വിജ്രുംബിച്ചിരുന്നു...

പിന്നെയൊരു മഴയുള്ള ദിവസം വീണ്ടും സ്കൂള്‍ തുറന്നു...
അന്ന് എന്‍റെത്രയും സന്തോഷത്തോടെ സ്കൂളില്‍ പോയ മറ്റൊരു വ്യക്തി ഉദയംപേരൂര്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്നിരിക്കില്ല...
സ്കൂളിന്‍റെ വരാന്തയില്‍ അവളെയും കാത്ത് പ്രസവവാര്‍ഡിന് മുന്നില്‍ ദ്യുംനിച്ചു നില്‍ക്കുന്ന ഭര്‍ത്താക്കന്മാരെ പോലെ സര്‍വ്വംസഹനായി ഞാന്‍ നിന്നു..
അവസാനം മഴവില്‍ നിറങ്ങളുള്ള ഒരു സൂര്യമാര്‍ക്ക് കുടയും ചൂടി അവള്‍ വന്നു..
എന്‍റെ മനസ്സില്‍ ഒരു പിടി കുളിര് വാരിയിട്ട് ഫസ്റ്റ് ബെഞ്ചില്‍ അവളിരുന്നു.... ഓട്ടോ മോഡില്‍ ഇട്ട ടേബിള്‍ ഫാന്‍ തിരിയുന്നത് പോലെ അവള്‍ പോകുന്ന ദിശകളിലെല്ലാം എന്‍റെ തലയും തിരിഞ്ഞു കൊണ്ടിരുന്നു...
ഞാന്‍ പ്രണയബന്ധിതനായി കഴിഞ്ഞിരിക്കുന്നു..പക്ഷെ അത് അവതരിപ്പിക്കാനുള്ള വിവരവും
വിദ്യാഭ്യാസവും നമുക്കന്ന് ഇല്ലായിരുന്നല്ലോ?

ഒന്നു സൈറ്റടിച്ച് കാണിക്കാന്നു വച്ചാല്‍ അവളൊന്നു നേരെ നോക്കണ്ടേ?

അങ്ങനെ ഏഷ്യാ ഭൂഖണ്ടത്തില്‍ ആദ്യമായി വള്ളിചെരുപ്പില്‍ ലവ് ലെറ്റര്‍ എഴുതിയ ഗിന്നസ് റെക്കോര്‍ഡും നവീന്‍ ജെ ജോണിന് സ്വന്തം... ബു ഹ ഹ ഹ...
ലവ് ലെറ്റര്‍ എന്ന് പറഞ്ഞാല്‍ വല്യ ഡയലോഗുകള്‍ ഒന്നുമില്ല . എന്‍റെ ലൂണാര്‍സ് ചെരുപ്പിന്‍റെ ഒത്ത നടുവില്‍ ഒരു ലവ് ചിഹ്ന്നവും അതിനുള്ളില്‍ അവളുടെ പേരും !!!
അതാണ്‌ എന്‍റെ ആദ്യത്തെ LOVE ലെറ്റര്‍ ..
അതൊരു നല്ല തുടക്കമായിരുന്നു ... അങ്ങനെ എത്രയെത്ര 'പ്രിയ'മാര്‍ ഏതൊക്കെ ക്ലാസ്സില്‍ വച്ച് ..(അതെല്ലാം ഒരു കാലം )

സപ്പനോം കി സിന്തഗി കഭി കഥം ഹോ ജാത്തീ ഹേ...(എന്ന് വച്ചാല്‍ സ്വപ്നം കാണുമ്പോള്‍ കഥ തനിയെ പൊക്കോളും ന്ന് )


ഊണ് കഴിഞ്ഞൊരു ഇടവേള സമയം , 'എന്‍റെ ' പ്രിയയും തോഴിമാരും കുശലം പറഞ്ഞ് കൊണ്ടിരിക്കുന്നു...
എങ്ങനെയെങ്കിലും അവളെ എന്‍റെ ചെരുപ്പ് കാണിക്കണം അങ്ങനെ എന്‍റെ ഹൃദയം അവള്‍ക്കു കൈമാറണം അതാണ്‌ എന്‍റെ ലക്‌ഷ്യം .
തിരിച്ചറിയപ്പെടാത്ത സ്നേഹം മനസ്സിന്‍റെ വിങ്ങലാണെന്ന് ആരോ പറഞ്ഞത് എത്രയോ ശരിയാണ്..

ജോബിയും ലിജോയും എന്‍റെ ഉദ്ദേശത്തെ സപ്പോര്‍ട്ട് ചെയ്തു (തല തെറിച്ച കൂട്ടുകാരുള്ള എല്ലാ തെണ്ടികള്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ )
മനസ്സില്‍ ധൈര്യം സംഭരിച്ച് ഞാനവളുടെ അടുത്ത് ചെന്ന് ചെരുപ്പില്‍ ചൂണ്ടി കാണിച്ചു... നോക്ക് നോക്ക്...
അവള്‍ എന്‍റെ കാലില്‍ നോക്കിയിട്ട് ചോദിച്ചു...

തള്ള വിരലില്‍ എന്നാ പറ്റിയതാ നവീനെ ?
കുഴിനഖമാണോ?


വാട്ട് ദി ഹെല്‍? ഡീ ചെരുപ്പേല്‍ നോക്കാന്‍ ...

അവളൊന്നും മിണ്ടീല്ല...
മിണ്ടിയത്‌ കൂടെയുണ്ടായിരുന്ന ഒരു 'കുടുംബം കലക്കി' ആയിരുന്നു..
അതും എന്നോടല്ല.., നേരെ ടീച്ചറിനോട് ചെന്ന് പറഞ്ഞു.
ടീച്ചര്‍ വന്നു..
കുട്ടികള്‍ വട്ടം കൂടി ..
തെളിവെടുപ്പിന് കൊണ്ട് വന്ന സ്ത്രീപീഡനത്തിലെ പ്രതിയെപ്പോലെ ഞാന്‍ തല കുനിച്ചു നിന്നു..
നവീനെ ആ ചെരുപ്പൊന്നൂരിക്കേ ... (ടീച്ചര്‍ )
കട്ടയ്ക്കിടിച്ചാല്‍ പോലും ചെരിപ്പൂരില്ല എന്ന വാശിയില്‍ ഞാനും...
എന്തിനധികം പറയുന്നു , എല്ലാരുടെയും മുന്നില്‍ എന്നിലെ കാമുകന്റെ ഇമേജ് ചളുങ്ങി പണ്ടാരമടങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ?
ഈശ്വരാ ഇനി ഈ ക്ലാസ്സില്‍ നിന്നു എങ്ങനെ ഞാനൊരു ലൈന്‍ വലിക്കും.. ശിവ ശിവ,,..

ആദ്യപ്രണയത്തിന്‍റെ ഹെഡ് ഓഫീസ് പൂട്ടിപ്പോയതിന്‍റെ ഹാങ്ങ്‌ ഓവറില്‍ അന്ന് വൈകിട്ട് രണ്ടു കട്ടന്‍ ചായ ഞാന്‍ കൂടുതല്‍ കുടിച്ചു .
പിന്നെ കുറെ നാള്‍ അവശകാമുകന്‍റെ റോള്‍ ആയിരുന്നു എനിക്ക് .
ആരോടും മിണ്ടാട്ടമില്ല...എപ്പോഴും എന്‍റെ സ്ലേറ്റില്‍ ഒരു റോസാപ്പൂവും ഒനീടയുടെ പടവും വരച്ചു കൊണ്ട് ഞാന്‍ സമയം തള്ളി നീക്കി..
അങ്ങനെയിരിക്കെ ഒരു ദിവസം അവളെന്‍റെ അടുത്ത് വന്നു ചോദിച്ചു..''എന്നോട് പിണക്കമാണോ നവീനെ?
പോടീ ഇവിടുന്ന്...ഇനിയും എന്നെ നാറ്റിക്കാനുള്ള പരിപാടിയാ അല്ലെ...?

''നീ ഉടായിപ്പ് പഠിച്ച കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്നെടീ ഈ ഞാന്‍... ''
എന്‍റെ അടുത്ത് ഉടായിപ്പ് ഇറക്കല്ലേ..പൊക്കോണം... പന്നീ...


കുറേക്കാലം പിണങ്ങിയിരുന്നു എങ്കിലും നാലാം ക്ലാസ്സിലെത്തിയപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃതുക്കളായിക്കഴിഞ്ഞിരുന്നു...
പള്ളിക്കമ്മിറ്റിക്കാരുടെ ചീത്ത കേട്ടിട്ടാണെങ്കിലും പള്ളിപ്പറമ്പിലെ ഒട്ടുമാവില്‍ നിന്ന് ഞാനവള്‍ക്ക് കണ്ണിമാങ്ങകള്‍ എറിഞ്ഞു വീഴ്ത്തിക്കൊടുത്തു ..പല ദിവസങ്ങളിലും ഞങ്ങള്‍ നാരങ്ങ മിട്ടായിയും ജീരക മിട്ടായിയുമെല്ലാം പകുത്തു തിന്നു .
അന്നനുഭവിച്ച സന്തോഷം ഇന്നിതുവരെ ഞാന്‍ അനുഭവിച്ചിട്ടില്ല...

പതിവ് പോലെ ആ കൊല്ലവും സേവനവാരം വന്നെത്തി .സ്കൂള്‍ മുറ്റത്തെ പുല്ലെല്ലാം പറിക്കണം ഓരോ ക്ലാസ്സുകള്‍ക്കുമായി അനുവദിച്ച സ്ഥലത്ത് ഓരോരുത്തരും ഓരോ ചെടി നടണം...
പ്രിയ ഒരു ചെമ്പകത്തൈ കൊണ്ടുവന്നു . അത് നടാന്‍ ചിരട്ട കൊണ്ട് മാന്തി ഞാന്‍ അവള്‍ക്കു വേണ്ടി ഒരു കുഴി ഉണ്ടാക്കി കൊടുത്തു... അവള്‍ ആ തൈ അവിടെ നട്ടു... (ഞാനൊരുക്കിയ കുഴിയില്‍ അവളും വീണു..)
ഞാന്‍ കൊണ്ട് നട്ട സൂര്യകാന്തിചെടി സ്കൂളിനടുത്ത വീട്ടിലെ മേരിച്ചേച്ചിയുടെ ആട് തിന്നു..ആടിനും സന്തോഷം മേരിച്ചേച്ചിക്കും സന്തോഷം.. എനിക്ക് മാത്രം സങ്കടം...

(റിസ്കെടുത്ത് അമ്പല പറമ്പീന്ന് അടിച്ചോണ്ട് വന്ന ചെടിയാ , അത് ആട് തിന്നാല്‍ പിന്നെ സങ്കടം വരാതിരിക്കുവോ? )

പിറ്റേ ദിവസം അവള്‍ അച്ഛനോടൊപ്പമാണ്‌ സ്കൂളില്‍ വന്നത് ...
രണ്ടാളും നേരെ ഹെട്മിസ്ട്രെസ്സിന്റെ റൂമില്‍ പോയി എന്തൊക്കെയോ സംസാരിക്കുന്നു ...
പ്രിയ തിരിച്ചു ക്ലാസ്സില്‍ വന്നിരുന്നു ..
മുഖത്ത് നല്ല വിഷമമുണ്ട് ..
എന്ത് പറ്റിയെന്നു ആര്‍ക്കുമറിയില്ല...
കുറച്ചു കഴിഞ്ഞപ്പോ സിസിലി ടീച്ചര്‍ വന്നു പറഞ്ഞു '' പ്രിയയുടെ അച്ഛന്‍ വേറെങ്ങോട്ടോ ട്രാന്‍സ്ഫര്‍ ആയിപ്പോവുകയാണ്‌'' അത് കൊണ്ട് പ്രിയയും നമ്മുടെ സ്കൂളീന്ന് പോകുവാണ്...
ഇത് പറഞ്ഞു തീര്‍ന്നതും അവള്‍ പൊട്ടിക്കരയുന്നത്‌ ഞാന്‍ കണ്ടു...

രക്തബന്ധത്തെക്കാള്‍ വിലയുള്ളത് പിഞ്ചു മനസ്സുകളിലെ സ്നേഹബന്ധങ്ങള്‍ക്കാണെന്ന് എന്നെ ജീവിതം ഉദാഹരണ സഹിതം പഠിപ്പിച്ച ദിവസമായിരുന്നു അത്...
കരയുന്ന പ്രിയയെ സമാധാനിപ്പിക്കാന്‍ അവളുടെ അച്ഛന്‍ കൊടുത്ത 'പോപ്പിന്‍സ്‌' മിട്ടായിയില്‍ നിന്നും ഒരെണ്ണം എനിക്ക് തരാന്‍ അന്നും അവള്‍ മറന്നില്ല...'' ഞാന്‍ പോവാടാ'' എന്ന് പറഞ്ഞു കണ്ണും തിരുമിക്കൊണ്ട് അവള്‍ നടന്നു നീങ്ങി...
വശങ്ങളിലേക്ക് പിന്നിക്കെട്ടിയ അവളുടെ മുടിയില്‍ അന്നും ഒരു കുഞ്ഞു റോസാപ്പൂ ഉണ്ടായിരുന്നു...

''പ്രിയേ' എന്‍റെ ആദ്യത്തെ കൂട്ടുകാരീ ...
നീ ഇത് വായിക്കുമോ ഇല്ലയോ എന്നെനിക്കറിഞ്ഞു കൂടാ !
എങ്കിലും നീയറിയുക...
4 A യുടെ മുന്നില്‍ നമ്മള്‍ അന്ന് നട്ട ചെമ്പകത്തില്‍ ഇപ്പൊ നിറയെ പൂക്കളാണ്...
കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോഴും ഞാന്‍ സ്കൂളില്‍ പോയിരുന്നു .ആ ചെമ്പകത്തിന്റെ ചുവട്ടില്‍ നിന്ന് എനിക്ക് കിട്ടിയ ചുവന്ന വളപ്പൊട്ട് ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..
അത് നിന്‍റെതാണെന്നു ഞാന്‍ വിശ്വസിച്ചോട്ടെ...

ആ വളപ്പൊട്ടിന് കാലം ഇട്ട പേരാണ് നൊസ്റ്റാള്‍ജിയ.

എവിടെയാണെങ്കിലും നീ സന്തോഷമായിരിക്കുക...,

നിന്‍റെ മക്കള്‍ വളര്‍ന്നു വരുമ്പോള്‍ നീ പറഞ്ഞു കൊടുക്കണം ...!!!

കാമത്തിന്‍റെയും ലാഭത്തിന്‍റെയും കറ പുരളാത്ത നമ്മുടെ വിശുദ്ധ പ്രണയത്തെക്കുറിച്ച്...


Saturday, January 08, 2011

നവീനിസം ഇന്ന് മുതല്‍ 17 ഭാഷകളില്‍ ...



49 രാജ്യങ്ങളിലായി ഇരുപത്തിരണ്ടോളം ഭാഷകള്‍ സംസാരിക്കുന്ന ചാച്ചന്‍റെ മാന്യ ആരാധകരുടെ നിരന്തരമായ ആവശ്യം മാനിച്ച് നവീനിസം ഇന്ന് മുതല്‍ 17 ഭാഷകളില്‍ ...
നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ 'അട്ടപ്പാടി'യിലുള്ള ആരാധകര്‍ തല്‍ക്കാലം നേപ്പാളി ഭാഷയിലോ ബങ്കാളി ഭാഷയിലോ ബ്ലോഗ്‌ വായിച്ചു പണ്ടാരമടങ്ങുക...

അപ്പൊ എല്ലാം പറഞ്ഞത് പോലെ...ഇത്തിരി തിരക്കുണ്ടേ...
ദേ..., ഗ്രീക്കിലെ രാജകുമാരി ഓണ്‍ ലൈനില്‍ ...

''ആ.. പറയെടീ മോളൂ.. ... നിന്‍റെ നവീനച്ചാച്ചനാ...''

ഞങ്ങള്‍ ഒരു വീഡിയോ ചാറ്റ് നടത്തിയിട്ട് വരാമേ... ഡോണ്ട് ഡിസ്റ്റര്‍ബ് മീ ഇന്‍ ബിറ്റ്വീനേ ...pleeeeeese...

just click on any languages to read....

ഇംഗ്ലിഷ്
ഗ്രീക്ക്
ഗുജറാത്തി
ഹിന്ദി
കന്നഡ
മറാത്തി
നേപ്പാളി
പേര്‍ഷ്യന്‍
പഞ്ചാബി
റഷ്യന്‍
സംസ്കൃതം
സെര്‍ബിയന്‍
തമിഴ്
തെലുങ്ക്
ഉര്‍ദു
ബംഗാളി.
.
.
.
വിവരങ്ങള്‍ക്ക് കടപ്പാട്.. ഗൂഗിള്‍ ആന്‍ഡ്‌ ബെര്‍ലിച്ചായന്‍...

Wednesday, January 05, 2011

അടുത്ത ബെല്ലോടു കൂടി 'ഞങ്ങ തൊഡങ്ങ്യെണ് കെട്ടാ'



ഉത്സവപ്പറമ്പുകളിലെ നാടകങ്ങള്‍ എന്‍റെ മെയിന്‍ വീക്നെസ്സുകളില്‍ ഒന്നായിരുന്നു ഒരുകാലത്ത് ..അതുകൊണ്ട് തന്നെ വീട്ടുകാരുടെ വായീന്ന് എത്ര ചീത്ത കേട്ടിട്ടാണെങ്കിലും കരഞ്ഞു പിഴിഞ്ഞ് അനുവാദം വാങ്ങിച്ച് സമീപപ്രദേശങ്ങളിലെ അമ്പലങ്ങളിലും പള്ളികളിലും ഉത്സവത്തിനും പെരുന്നാളിനും നാടകം കാണാന്‍ പോകുന്നത് എന്‍റെ ഒരു ദുശീലമായിരുന്നു... ആ നാടക വേദികളില്‍ നിന്നാണ് വില്ല്യം ഷേക്ക്സ്പിയര്‍ എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നതും ,ഷേക്ക്‌ സ്പിയര്‍ മാനിയ എന്ന മാറാരോഗം എനിക്ക് പിടിപെടുന്നതും !
പിന്നെ അത് ഒരു ആവേശമായി മാറി ..

ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് എന്‍റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ, മമ്മിയാണ് എവിടെ നിന്നോ ഷേക്ക്‌സ്പിയറിന്‍റെ വിഖ്യാത നാടകമായ 'ഒഥല്ലോ ''യുടെ മലയാള പരിഭാഷ എനിക്ക് വാങ്ങിച്ച് തരുന്നത്...

ഒരാഴ്ചയോളം 'ഒഥല്ലോയും' 'ഡസ്ഡിമോണയും' 'കാഷ്യോയും' 'ഇയാഗോക്കുമെല്ലാം' എന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു.
ഒഥല്ലോയുടെ ദുരന്ത കഥയ്ക്ക്‌ മുന്നില്‍ അറിയാതെ ഒരിറ്റു കണ്ണീര്‍ ഞാനും പൊഴിച്ചു.
അന്ന് എന്‍റെ മനസ്സില്‍ കയറിക്കൂടിയതാണ് ഈ നാടകം എന്ന ഭ്രാന്ത്..


അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് സ്കൂളിലെ 'ആനിവേഴ്സറി ഡേ'' വന്നു കയറിയത്...
.മേരിക്കുട്ടി ടീച്ചര്‍ ഐഡിയ പറഞ്ഞു തന്നു...
6 c യില്‍ നിന്ന് ഒരു നാടകം വേണം .അത് കേട്ടതും എന്‍റെ മനസ്സ് സന്തോഷം കൊണ്ട് അഴിഞ്ഞാടി .
പിറ്റേ ദിവസം പള്ളിയിലെ ലൈബ്രറിയില്‍ നിന്ന് കുട്ടികള്‍ക്കുള്ള ലഘു നാടകങ്ങള്‍ എന്ന പുസ്തകവുമായി ടീച്ചറെത്തി.ഏതോ ഒരു കഥ സെലക്ട്‌ ചെയ്തു. ക്രിസ്മസ്സിനോടനുബന്ധിച്ച് ഒരു വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് കഥാ തന്തു..

''ഛെ.., എന്നാ കോപ്പിലെ കഥയാ ടീച്ചറെ ഇത്?
നമുക്ക് 'ഒഥല്ലോ'' കളിച്ചാലോ
? എന്ന് ഒരു അഭിപ്രായം ടീച്ചറിനോട് തുറന്നു പറയാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട് മാത്രം ഞാന്‍ ഒരക്ഷരം പോലും മിണ്ടീല്ല.

ആ.. പുല്ല്..ക്രിസ്മസ്സെങ്കില്‍ ക്രിസ്മസ് ഒള്ളതാകട്ടെ..

അടുത്തത് കഥാപാത്രങ്ങളെ തീരുമാനിക്കലാണ്..
ഒരു അപ്പന്‍, ഒരു അമ്മ.,ഒരു മോന്‍ ,ഒരു മോള്‍ ,
ഒരു പള്ളീലച്ചന്‍ ഒരു ക്രിസ്മസ് അപ്പൂപ്പന്‍ ,ഒരു അയല്‍വക്കക്കാരന്‍, ഒരു കള്ളുകുടിയന്‍ ഇത്രയും കഥാപാത്രങ്ങള്‍ വേണം..
ഇതില്‍ അമ്മയും മോളും ഒഴികെ ബാക്കി എല്ലാ കഥാപാത്രങ്ങളും എല്ലാവരും വീതിച്ചെടുത്തു. അമ്മയും മോളും ആരോക്കെയാവും?

ഞങ്ങടെ ക്ലാസ്സിലെ ബോയ്സും ഗേള്‍സും തമ്മില്‍ ജിലേബിയും മത്തിക്കറിയും പോലെ നല്ല പൊരുത്തമായിരുന്നു..

സൌമ്യേ.. സൌമ്യേ.. അടുത്ത പിരീഡ് ഏതു ടീച്ചറിന്‍റെ ക്ലാസ്സാണ്? എന്നൊരു സംശയം ചോദിച്ചാല്‍ 'ഇന്നലെ അത്താഴത്തിനു പൊറോട്ടയായിരുന്നു' എന്നുത്തരം പറയുന്ന നിഷ്കളങ്കരായ പെണ്‍പിള്ളേരുള്ള ക്ലാസ്സിലായിരുന്നു എന്‍റെ U P സ്കൂള്‍ പഠനം .
ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ അടി ഉണ്ടാക്കാത്ത ദിവസങ്ങള്‍ തിരുവോണവും ക്രിസ്മസ്സും മാത്രമായിരുന്നു..
അവരെപ്പറഞ്ഞിട്ടു കാര്യമൊന്നും ഇല്ല .., എത്ര നാളെന്നു വച്ചാ ഉച്ചയ്ക്ക് പച്ചച്ചോര്‍ കഴിക്കുന്നത്‌?

രാവിലെ കേറ്റിയ പുട്ടും പഴവുമെല്ലാം ഏകദേശം പതിനൊന്നു മണിയോടെ ദഹിച്ചു കഴിയും .പിന്നെ ഒരു ആനയെ തിന്നാനുള്ള വിശപ്പാണ് എനിക്ക് .ഊണ് കഴിക്കണമെങ്കില്‍ ഒരു മണി ആകണം..
അതിനിടയിലുള്ള ഗ്യാപ് ഫില്‍ ചെയ്യാന്‍ രതീഷ്‌ കണ്ട് പിടിച്ച മാര്‍ഗ്ഗമാണ് ഇന്‍റെര്‍വെല്‍ ടൈമില്‍ ഗേള്‍സ്‌ കൂട്ടത്തോടെ ടോയിലെറ്റില്‍ പോകുന്ന സമയം അവളുമാരുടെ ലഞ്ച് ബോക്സ്‌ തുറക്കുക എന്നത്..
മുതല്‍ മുടക്കില്ലാത്ത സംരഭമായത് കൊണ്ടും തരക്കേടില്ലാത്ത ലാഭവിഹിതം ഉള്ളതുകൊണ്ടും ഞാന്‍ ആ ഐഡിയയെ സപ്പോര്‍ട്ട് ചെയ്തു..
അങ്ങനെ പതിനൊന്നു മണിയോടെ പൊരിച്ചത്, പുഴുങ്ങിയത് , റോസ്റ്റ് എന്നിങ്ങനെ വിവിധ രീതിയിലുള്ള മുട്ട വിഭവങ്ങള്‍ കടലക്കറി, ബീന്‍സ് തോരന്‍, നാരങ്ങ അച്ചാര്‍ തുടങ്ങിയ ടച്ചിങ്ങ്സ് കൂട്ടി ഞങ്ങള്‍ കഴിച്ചു പോന്നിരുന്നു..(കട്ടുതിന്നാല്‍ എക്കിള്‍ വരും എന്നൊക്കെ കാര്‍ന്നോന്മാര് ചുമ്മാ പറയുന്നതാ,എക്കിള്‍ പോയിട്ട് ഒരു ഏമ്പക്കം പോലും എനിക്ക് വന്നില്ല )
മോഷ്ട്ടിച്ചു കഴിക്കുന്ന കരിക്കിന് മധുരം കൂടും എന്നല്ലേ പുരാണം..
കറികളുടെ കാര്യത്തിലും സെയിം അനുഭവമാണ്..
പക്ഷെ ആ സുവര്‍ണ കാലം അധിക നാള്‍ നീണ്ടു പോയില്ല..ഒരു ദിവസം ജയശ്രീയുടെ കറി കട്ട് തിന്നുന്നത് അവള്‍ കയ്യോടെ പൊക്കി . കിറിയില്‍ കൂടെ കടലക്കറിയും ഒലിപ്പിച്ച് രതീഷ്‌ അവളുടെ മുഖത്തുനോക്കി പറഞ്ഞു .
'' മുളകുപൊടി ചുമ്മാ കിട്ടുന്നതാണോടീ...എന്തൊരു എരിവാടീ ഇതിന്?
പിന്നെ അവിടെ നടന്നത് 'നാരായണ ജയ നാരായണ ജയ..''
എന്തായാലും അന്നുമുതല്‍ അവളുമാര് കൂട്ടത്തോടെയുള്ള 'ഒന്നിന് പോക്ക്' നിര്‍ത്തുകയും ഞങ്ങള്‍ സ്കൂള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ കോണ്‍സെന്ട്രെഷന്‍ കൂട്ടുകയും ചെയ്തു.

അങ്ങനെ മോഷണക്കുറ്റത്തില്‍ പിടിക്കപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഞങ്ങള്‍ എങ്ങനെ വാദിക്കൂട്ടില്‍ നില്‍ക്കുന്ന അവരോടു നാടകത്തില്‍ അഭിനയിക്കാന്‍ പറയും.. എല്ലാപ്പെണ്‍പിള്ളാര്‍ക്കും ഇപ്പൊ വീരപാണ്ട്യ കട്ടബൊമ്മന്‍റെ സ്വഭാവവും ജാന്‍സീ റാണിയുടെ നാക്കും ആണ്. ഇനിയിപ്പോ നമ്മുടെ നാടകത്തില്‍ അമ്മയെയും മകളെയും കിട്ടാന്‍ എന്ത് ചെയ്യും ?

ജെയ്മോന്‍ തെക്കോട്ടും ,ജോബി കിഴക്കോട്ടും ,മനോജ്‌ പടിഞ്ഞാറോട്ടും ,
ലിജോ വടക്കോട്ടും, ശിവദാസന്‍ മുകളിലേക്കും ജിജോ താഴേക്കും ഞാന്‍ വഴിയെ പോയ ജയശ്രീയുടെ കണ്ണിലേക്കും നോക്കി ചിന്തിച്ചു...
ചിന്തിച്ചു കൊണ്ടേയിരുന്നു..
കൊറേ ചിന്തിച്ചു കഴിഞ്ഞപ്പോള്‍ അനാവശ്യ സമയത്ത് എന്‍റെ മനസ്സില്‍ പൊട്ടാറുള്ള ലഡ്ഡു വീണ്ടും പൊട്ടി...

ഹേ.. അലവലാതികളെ കാതോര്‍ക്കൂ..
ഞാനൊരു ഐഡിയ പറയാം സ്കൂളിനു പുറകില്‍ താമസിക്കുന്ന അന്നമ്മ ചേച്ചിയുടെ വിഗ്ഗ്.., പിന്നെ ഏതെങ്കിലും പെങ്ങന്മാരുടെ ഒരു പാവാടയും ബ്ലൌസും.., കുറച്ചു ലിപ്സ്ടിക്കും കണ്മഷിയുമുണ്ടെങ്കില്‍ ഞാന്‍ പെണ്‍ വേഷം കെട്ടാം...


എല്ലാര്‍ക്കും സമ്മതം..
അങ്ങനെ 'മോള്' റെഡി .
ഇനി അമ്മയ്ക്ക് എന്ത് ചെയ്യും ?
പിന്നേം പൊട്ടി ഒരു ലഡ്ഡു കൂടി ..

ഈ അമ്മയെ നമുക്കങ്ങോട്ട് കൊന്നുകളഞ്ഞാലോ?

അതും ഏറ്റു...
അങ്ങനെ അമ്മ എന്ന കഥാപാത്രവും ഡയലോഗുകളും എല്ലാം ഡിലീറ്റെഡ് ..
പകരം അച്ഛന് ഒരു ഡയലോഗ് എക്സ്ട്രാ..

'' അമ്മയില്ലാത്ത നിങ്ങളെ വളരെ ഗഷ്ട്ടപ്പെട്ടാണ് ഞാന്‍ വളര്‍ത്തിയത്‌.''.

എല്ലാദിവസവും ഞങ്ങള്‍ പ്രാക്ടീസ് ചെയ്തു തുടങ്ങി..
''ആനി'' എന്നായിരുന്നു എന്‍റെ കഥാപാത്രത്തിന്റെ പേര് .
മണിചിത്രതാഴിലെ ഗൌരിയില്‍ നാഗവള്ളി കൂടിയത് പോലെ ആനിക്കുള്ളില്‍ ഞാന്‍ പോലുമറിയാതെ ഒഥല്ലോ യിലെ ഡസ്ഡിമോണ എന്ന സ്ത്രീ കഥാപാത്രം ജന്മമെടുത്തു കഴിഞ്ഞിരുന്നു...
അങ്ങനെ പ്രാക്ടീസ് കഴിഞ്ഞ് തട്ടില്‍ കയറുന്ന സുദിനം വന്നു..
നാടകത്തില്‍ കേക്ക് മുറിക്കുന്ന ഒരു സീന്‍ ഉണ്ട് .അപ്പൊ മുറിക്കാനായി മേരിക്കുട്ടി ടീച്ചര്‍ ഒരു ഐസിംഗ് കേക്ക് വാങ്ങി ഗ്രീന്‍ റൂമിലെ മേശപ്പുറത്തു വച്ചിരിക്കുന്നു..
എല്ലാവരും മേക്കപ്പ് തുടങ്ങി . സ്റെജില്‍ 5 A യിലെ റംലത്ത് മാപ്പിളപ്പാട്ട് പാടി തകര്‍ക്കുന്നു.. അവസാനമാണ് നമ്മുടെ പരിപാടി .
സമയം സന്ധ്യയോടടുക്കുന്നു .
വിശന്നിട്ടാണെങ്കില്‍ കണ്ണും കാണുന്നില്ല..
അപ്പൊ പിന്നേം പൊട്ടി ആ ലഡ്ഡു...

ഗ്രീന്‍ റൂം ... കേക്ക്... ഏമ്പക്കം... ശുഭം..


എല്ലാം വളരെ പെട്ടെന്നായിരുന്നു .. കേക്കിന്റെ അന്ത്യകൂദാശ അവിടെ നടന്നു..


പെട്ടെന്ന് ഒരു അനൌണ്‍സ്മെന്റ്..
'' അടുത്തതായി 6 C അവതരിപ്പിക്കുന്ന നാടകം..''
സ്റ്റേജ് അറേഞ്ച് ചെയ്യാന്‍ കേക്കെടുക്കാന്‍ ഓടിയെത്തിയ ടീച്ചര്‍ കവര്‍ തുറന്നു ..
നക്കി ക്ലീന്‍ ആക്കി വച്ചിരിക്കുന്ന കേക്കിന്‍റെ പലക മാത്രം ബാക്കി..

ശിവദാസനെയാണ് നാടകത്തിന്‍റെ introduction പറയാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്..അതിനു മുന്‍പേ ശിവദാസനെക്കുറിച്ച് ചെറിയൊരു introduction പറഞ്ഞോട്ടെ..
അഞ്ചാം ക്ലാസ്സുവരെ കൊച്ചിയിലെ ഏതോ ഇന്ഗ്ലീഷ്‌ മീഡിയം സ്കൂളില്‍ പഠിച്ചതിനു ശേഷം അവിടന്ന് ഡീപ്രോമോഷന്‍ കിട്ടിയാണ് നമ്മുടെ കൂടെ മലയാളം മീഡിയത്തില്‍ വന്നു ചേരുന്നത്..(സ്വഭാവ ഗുണം കൊണ്ട് അവിടന്ന് പറഞ്ഞു വിട്ടതാണെന്ന് ഞങ്ങള്‍ക്കല്ലേ അറിയൂ.. )
ബൈ ദ വെ ... പറഞ്ഞു വന്നത്...,അവന്‍റെ സംസാരത്തില്‍ ആ കൊച്ചീ'ചുവ '' തിരിച്ചറിയാം..(സലിം കുമാറിന്‍റെയും ടിനി ടോമിന്‍റെയും സംസാര ശൈലി പോലെ )
ലൈറ്റുകളെല്ലാം ഓഫ്‌ ആയി..
ശിവന്‍ അനൌണ്‍സ്മെന്റ് തുടങ്ങി..
''അടുത്ത ബെല്ലോടു കൂടി 'ഞങ്ങ തൊഡങ്ങ്യെണ് കെട്ടാ'....''
സദസ്സില്‍ കൂട്ടച്ചിരി...
എന്‍റെ ഗീവര്‍ഗീസ്‌ പുണ്യാളാ സീരിയസ് ടച്ചുള്ള ഈ നാടകം ഇവന്‍ കോമഡിയാക്കുമോ ?

കര്‍ട്ടന്‍ പൊങ്ങി..
ആദ്യം രംഗപ്രവേശം ചെയ്യുന്നത് ജെയ്മോനാണ് (അപ്പന്‍ )
അവന്‍റെ കുറച്ചു ഡയലോഗ് കഴിഞ്ഞ് 'ആനി മോളേ..'' എന്ന് വിളിക്കുമ്പോഴാണ് ഞാന്‍ സ്റേജില്‍ കയറെണ്ടത് ... ഒരു വിധം ബ്ലൌസ് ഞാനിട്ടു.. പണ്ടാരം പാവാട കാണുന്നില്ല..
ഇപ്പൊ ഈ ബഞ്ചില്‍ വച്ചിരുന്നതാണല്ലോ...
ഈശ്വരാ എന്തൊരു പരീക്ഷനമിത്..,
ഇനിയിപ്പോ നിക്കറും ബ്ലൌസുമിട്ട് സ്റേജില്‍ കയറേണ്ടി വരുമോ?

പെട്ടന്ന് മൈക്കില്‍ കൂടി ജെയ്മോന്റെ വിളി ..
ആനിമോളെ...

ആനിമോളേയ് ...

ആനിമോളേയ് ..പൂയ്..

അപ്പച്ചാ.. ജെസ്റ്റ് വെയിറ്റ് ., ആനിമോളുടെ പാവാട കാണ്മാണ്ടായി എന്ന് ഞാനെങ്ങനാ പറയുന്നത്...
അപ്പോഴേക്കും ടീച്ചര്‍ ബെന്ചിനടിയില്‍ നിന്നും പാവാട തപ്പിയെടുത്ത് കൊണ്ട് തന്നു..
ഞാന്‍ സ്പീഡില്‍ അത് വലിച്ചു കേറ്റി അര വരെ എത്തിച്ചു..
നേരെ ഓടിക്കിതച്ച് സ്റ്റേജിലേക്ക് ...
ഡിം ലൈറ്റ് ആണ് ..
ഞാന്‍: അപ്പനെന്നെ വിളിച്ചാരുന്നോ?
ജെയ്മോന്( ചുണ്ടനക്കാതെ പയ്യെ ): ഏതു കൊത്താഴത്ത് പോയി കെടക്കുവായിരുന്നെടാ..

അടുത്തത് ഒരു senti സീന്‍ ആണ്..''

'' അമ്മയില്ലാത്ത നിങ്ങളെ വളരെ ഗഷ്ട്ടപ്പെട്ടാണ് ഞാന്‍ വളര്‍ത്തിയത്‌.''.

അപ്പൊ ഞാന്‍ ഒരു റൌണ്ട് കറങ്ങി നടന്നു മുകളിലേക്ക് നോക്കി ''എല്ലാം വിധിയല്ലേ അപ്പാ'' എന്ന് പറഞ്ഞു നെടുവീര്‍പ്പിടണം..

ഞാന്‍ ഈ ഡയലോഗ് പറഞ്ഞു തീര്‍ന്നതും ഓഡിയന്‍സ് എല്ലാരും തിരമാല തല്ലുന്നത് പോലെ ചിരിക്കുന്നു.. ഞാന്‍ തിരിഞ്ഞു നോക്കി സൈഡില്‍ കര്‍ട്ടന്‍ വലിക്കാനിരിക്കുന്ന സജു അടക്കം എല്ലാരും ചിരിയാണ്..
senti ഡയലോഗ് അടിക്കുമ്പോള്‍ കി കി കി എന്ന് ചിരിക്കുന്ന പരിസരബോധമില്ലാത്ത ശവങ്ങള്..(ഞാന്‍ മനസ്സില്‍ പറഞ്ഞു )
പെട്ടന്ന് കര്‍ട്ടന്‍ വീണു..

ഇപ്പൊ ഈ സീനില്‍ കര്‍ട്ടന്‍ ഇടേണ്ട ഒരു കാര്യവുമില്ലല്ലോ..അപ്പോള്‍ മേരിക്കുട്ടി ടീച്ചര്‍ സ്റ്റെജിലെക്ക് ഓടിവന്ന് എന്നോട് ചോദിച്ചു..

'' എടാ കൊച്ചേ.., നീയെന്നതാ ഈ ഇട്ടിരിക്കുന്നേ.. ?

ഞാന്‍:എന്‍റെ കൊച്ചപ്പന്‍റെ മോളുടെ പാവാടയും ബ്ലൌസും !!!
അത് കേട്ടു എല്ലാരും പിന്നേം ചിരിക്കുന്നു..
ആ ഗ്യാപ്പില്‍ ജെസ്റ്റ് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് എനിക്ക് ഗുട്ടന്‍സ് പിടി കിട്ടിയത് .

ധൃതി പിടിച്ച് പാവാട വലിച്ചു കയറ്റിയപ്പോള്‍ പാവാടയുടെ പുറകു വശം മുഴുവന്‍ ഇലാസ്റ്റിക്കിന്‍റെ കൂടെ ചുരുണ്ട് കേറി അരയ്ക്കു മുകളില്‍ ഇരിക്കുകയാണ്..

ഓഡിയന്‍സിന്റെ നേരെ, പുറം തിരിഞ്ഞു നിന്ന് തുണി പൊക്കി എന്‍റെ 'വണ്‍ ബൈ ടു ' (1/2)കാണിച്ചു കൊണ്ട് 'എല്ലാം വിധിയല്ലേ അപ്പാ എന്ന് ഡയലോഗ് അടിച്ചതും പോരാഞ്ഞ് ഒരു നെടുവീര്‍പ്പും കൂടി ഇട്ടാല്‍ ചിരിക്കാത്തവനെ തല്ലിയാല്‍ മതിയല്ലോ...

ഛെ.. എന്നാലും... മോശമായിപ്പോയി.. എന്‍റെ വലത്തേ തുടയിലെ പണ്ട് വരട്ടു ചൊറി വന്ന പാട് സിമിയും സൌമ്യയുമൊക്കെ കണ്ടോ ആവോ?
.

.
.
.
.
.