Thursday, March 31, 2011

കുവൈറ്റില്‍ ബ്ലോഗ്‌ നിരോധിക്കുന്നു...വളരെയധികം ദുഖത്തോടെയും അതിലതികം വേദനയോടും കൂടിയാണ് ഞാനിത് തുടങ്ങുന്നത്.... രണ്ടു കൊല്ലത്തിലേറെയായി അഞ്ചു പൈസ മുടക്കില്ലാതെ ഗൂഗിളിന്‍റെ ഔദാര്യത്തില്‍ കണ്ട കൂതറ ബ്ലോഗുകളൊക്കെ എഴുതി നാട്ടുകാരെയും കുടുംബക്കാരെയും കൊല്ലാതെ കൊന്നു കൊണ്ടിരുന്ന എനിക്ക് ഈ വാര്‍ത്ത താങ്ങാവുന്നതിലും അധികമാണ്...
ആഭ്യന്തര സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് ഇന്ന് മുതല്‍ കുവൈറ്റില്‍ ബ്ലോഗ്‌ എന്ന സംഭവം നിരോധിക്കാന്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്‍റ് യോഗം തീരുമാനിച്ചു...
ഇനി എന്‍റെ വികാരങ്ങള്‍ എങ്ങനെ ഞാന്‍ പുറം ലോകത്തെ അറിയിക്കും .... ശിവാസ് ശിവാസ്... !!!
രണ്ടു മാസത്തിനുള്ളില്‍ അമ്പതു ബ്ലോഗുകള്‍ എഴുതിതീര്‍ക്കണം എന്ന എന്‍റെ സ്വപ്നം ചീറ്റിപ്പോയല്ലോ എന്‍റെ പരദൈവങ്ങളെ...
കേരളത്തിലെ ഇലക്ഷന്‍ സമയത്ത് തന്നെ ഇങ്ങനെ ഒരു സംഘടിത തീരുമാനം എടുക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ യു ഡി എഫുകാരുടെ ഗൂഡാലോചന ഇല്ലേ ? എന്നും സംശയിക്കേണ്ടിയിരിക്കുന്നു..

ലോക രാജ്യങ്ങളുടെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ചാച്ചന്‍റെ ഫാന്‍സിന്‍റെ കാര്യം ഇനി എന്താവുമോ എന്തോ?
.
.
.
എന്തൊക്കെയായാലും ഒന്നു കാണാതെ ദൈവം മറ്റൊന്ന് ചെയ്യത്തില്ലല്ലോ , ഏതായാലും ഗൂഗിളിന്‍റെ സ്ഥലം പാട്ടത്തിനെടുത്ത് ബ്ലോഗ്‌ എഴുതുമ്പഴല്ലേ എല്ലാവര്‍ക്കും നമ്മളോട് ഇത്ര കുന്നായ്മ്മ...
അത് കൊണ്ട് സ്വന്തമായി ഒരു ഡൊമൈന്‍ മേടിച്ച് ഇനി അതില്‍ ബ്ലോഗാന്‍ ഞാന്‍ തീരുമാനിച്ച വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു....(എന്‍റെ എന്‍ ആര്‍ ഐ അക്കൌണ്ടിലെ വരവില്‍ കവിഞ്ഞ ബാലന്‍സ് മൂലം നാട്ടിലെ പ്രമാണിമാര്‍ക്കൊന്നും പൈസ ഇടാന്‍ ഫെഡറല്‍ ബാങ്കില്‍ സ്ഥലമില്ലാത്രേ , കുറെ നാളായി മാനെജേര്‍ വിളിച്ചു പറയുന്നു കുറച്ചു പൈസ മാറ്റിക്കൊടുക്കാന്‍,,, ..
പാവങ്ങളല്ലേ ജീവിച്ചു പോട്ടെന്ന് ഞാനും വച്ചു.. പത്ത് രണ്ടായിരം രൂഫാ പോയാലും വേണ്ടൂല്ല .. സ്വന്തമായിട്ടൊരു വെബ്സൈറ്റ് ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം... )
കുഞ്ഞാലിക്കുട്ടിക്ക് വരെ ഉണ്ട് സ്വന്തം വെബ്സൈറ്റ് .. പിന്നെ എനിക്കായാല്‍ എന്താ കൊയപ്പം?
ഒന്നുകില്‍ ഞാന്‍.....!!! അല്ലെങ്കിലും ഞാന്‍,... !!!
വിടമാട്ടേന്‍ ... ഒന്നിനേം ഞാന്‍ സുമ്മാ വിടമാട്ടേന്‍...
ഇതാ എന്‍റെ പുതിയ വെബ്സൈറ്റ്(CLICK HERE) ... അര്‍മാദിക്കൂ ഓരോ നിമിഷവും......

Sunday, March 27, 2011

മുന്‍പേ പറക്കുന്ന മണവാട്ടിമാര്‍ ..!!1982 മുതല്‍ ഏകദേശം 1986 വരെ കേവലം വീട്ടിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഞാന്‍ എന്ന സംരംഭത്തെ കുറച്ചു കൂടി വിപുലീകരിക്കാനും മര്യാദ പഠിപ്പിക്കാനുമായി ഞങ്ങടെ നാട്ടിലെ LKG കം UKG യായ പള്ളിവക നേഴ്സറി സ്കൂളില്‍ എന്നെ കൊണ്ട് ചേര്‍ക്കാന്‍ പപ്പയും മമ്മിയും തീരുമാനമെടുത്തു... എന്നും വീട്ടുകാരുടെയും നാട്ടുകാരുടെയും ആഭ്യന്തര പ്രശ്നങ്ങള്‍ കൂലം കുഷമായി ചിന്തിച്ചു വശം കെട്ട എനിക്ക് ആ തീരുമാനം ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു... ഞാന്‍ സ്കൂളില്‍ പോയാല്‍ പിന്നെ ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് ആര് പ്ലാവില പെറുക്കും? പാരിജാതത്തിന് ആര് വെള്ളമൊഴിക്കും..
ഹോ .. അണ്‍ ചിന്തിക്കബിള്‍ ...
ഇങ്ങനെ ബോള്‍ഡായ കുറെ പോയിന്‍റുകള്‍ നിരത്തി ഞാന്‍ എന്‍റെ നേഴ്സറില്‍ പോക്കിന് തടയിടാന്‍ ശ്രമിച്ചെങ്കിലും എന്‍റെ അനുവാദമില്ലാതെ ജീവിതത്തിലെ പ്രഥമ പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി എന്നെ നേഴ്സറിയില്‍ വിടാന്‍ തീരുമാനിച്ചു . അതോടു കൂടി അന്ന് വരെ വീട്ടുകാര് മാത്രം എന്നെ വിളിച്ചിരുന്ന ''കുരുത്തം കേട്ടവനെ, അധിക പ്രസങ്ങീ.., അലവലാതീ..'' മുതലായ സര്‍ നെയിമുകള്‍ നാട്ടുകാരും വിളിച്ചു തുടങ്ങി...

ഫസ്റ്റ് ഡേ ഒരു 2400 ഡെസിബല്‍ ശബ്ദത്തില്‍ വരെ ഞാന്‍ കരഞ്ഞു നോക്കിയെങ്കിലും വീട്ടുകാരുടെ ക്രൂരമായ തീരുമാനത്തില്‍ യാതൊരു മാറ്റവും കാണാഞ്ഞതില്‍ തുടര്‍ന്ന് നിലത്തു കുത്തിയിരുന്നു പ്രതിഷേധിക്കാന്‍ ഞാന്‍ തീരുമാനിച്ചു.. പെട്ടന്ന് മമ്മി ഓടി വന്ന് എന്‍റെ രണ്ടു കയ്യേലും കൂട്ടിപ്പിടിച്ച് ഒരു മാതിരി എയര്‍പോര്‍ട്ടില്‍ കൂടി ട്രോള്ളി വലിച്ചു കൊണ്ട് പോകുന്നത് പോലെ മുറ്റത്ത് കൂടി എന്നെയും വലിച്ചു കൊണ്ട് നേഴ്സറിയിലെക്ക് .
ഫേഷ്യലി ആന്‍ഡ്‌ ഫിസിക്കലി 'കരിയോയിലില്‍ വീണ കാണ്ടാമൃഗത്തിന്‍റെ' ലുക്ക് ഉള്ള ഒരു ടീച്ചറിന്‍റെ കയ്യിലേക്ക് നവീന്‍ ജെ ജോണ്‍ എന്ന 'പിഞ്ചു' കുഞ്ഞിനെ എറിഞ്ഞിട്ടു കൊടുത്തിട്ട് '' ഹമ്മേ രക്ഷപെട്ടു'' എന്ന ഭാവത്തില്‍ മമ്മി കടന്നു കളഞ്ഞു... കഷ്ടം തന്നെ കാഷ്ടം..
കുറച്ചൊക്കെ കരഞ്ഞു നോക്കിയെങ്കിലും 'ഗ്രൌണ്ട് സപ്പോര്‍ട്ട്' കുറവായത് കൊണ്ട് ഞാനതങ്ങ് നിര്‍ത്തി .

അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് നേഴ്സറിയിലെ ക്രമസമാധാന നില പാടേ തകര്‍ന്നതിനും കാരണക്കാരന്‍ നവീനായി... എന്‍റെ കണ്ണില്‍ മണ്ണ് വാരിയെറിഞ്ഞ ജെയ്മോനെ പാട്ട സ്ലേറ്റ്‌ കൊണ്ട് ഇടിച്ചത് തെറ്റാണോ? നിങ്ങള്‍ പറയൂ..ഞാന്‍ ചെയ്തത് തെറ്റാണോ?
ആദ്യമാദ്യമൊക്കെ വൈകിട്ട് എന്നെ കൂട്ടിക്കൊണ്ടു വരാന്‍ പപ്പയുടെ കൂട്ടുകാര്‍ ആരെങ്കിലുമൊക്കെ വരുമായിരുന്നു... പിന്നെ മാനഹാനി മൂലം അവരും വരാതായി... ഇതിനൊക്കെ വീട്ടുകാര്‍ എനിക്ക് ഒരു ശിക്ഷ വിധിച്ചു .. വൈകിട്ട് നാല് മണിക്ക് നേഴ്സറി വിട്ടാലും എന്നെ കൊണ്ട് പോകാന്‍ ആരും വരില്ല ഏകദേശം അഞ്ചു മണിയോടു കൂടെ കൊച്ചപ്പന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കൂടെക്കേറിപ്പോരണം... ശിക്ഷ വിധിച്ചത് എനിക്കാണെങ്കിലും പ്രത്യക്ഷത്തില്‍ ശിക്ഷ മുഴുവനും അനുഭവിച്ചത് ആ കോണ്‍വെന്റിലെ സിസ്ടര്‍മാര്‍ ആയിരുന്നു.. .. ഒരു മണിക്കൂര്‍ എക്സ്ട്രാ സഹിക്കണ്ടെ?
ഇതിനിടയില്‍ ഗാര്‍ഡനില്‍ ചെടി നനയ്ക്കാനും പൂ പറിക്കാനുമൊക്കെ ഞാന്‍ സിസ്റര്‍മാരെ ''ഒത്തിരി ''സഹായിക്കും . സഹായമെന്ന് പറഞ്ഞാല്‍ ചുമ്മാ ആപ്പ ഊപ്പ സഹായമൊന്നും അല്ല... മൊട്ട് വന്ന റോസചെടിക്ക് വേര് വന്നോ എന്ന് നോക്കുക , കൂട്ടത്തില്‍ ഏറ്റവും ഭംഗിയുള്ള പൂ പറിച്ചെടുത്തു മണത്തിട്ട് ദൂരോട്ടെറിയുക

ഇതൊക്കെയാണ് നമ്മുടെ മെയിന്‍ ഹോബീസ്... അഞ്ചു മണിയോട് കൂടി കൊച്ചപ്പന്‍ തന്‍റെ ഔദ്യോകിക വാഹനമായ ലാമ്പി സ്കൂട്ടറില്‍ എത്തും .എന്നെ പൊക്കിയെടുത്ത് അതിന്‍റെ ഫ്രെണ്ടിലേക്കിടും . പൂച്ച മീന്‍ വണ്ടിയേല്‍ തൂങ്ങിക്കിടക്കുന്നത് പോലെ ഹാന്റിലില്‍ അള്ളിപ്പിടിച്ചു ഞാന്‍ നില്‍ക്കും . വഴിയില്‍ കാണുന്ന മീന്‍കാരെയും യൂണിയന്‍കാരെയുമെല്ലാം (പണ്ടേ മ്മടെ കമ്പനി മുഴുവന്‍ ലോക്കല്‍സാ) കയ്യും കാലുമൊക്കെ പൊക്കിക്കാണിച്ചു നേരെ വീട്ടിലേക്ക്. വീട്ടിലേക്ക് കയറുമ്പഴെ
'' തമ്പുരാനെ , കുരിശ്ശു വീണ്ടും വന്നോ'' എന്നൊരു മുഖഭാവം മമ്മീടെ മുഖത്തൂന്നും വായിച്ചെടുക്കാം...
പിന്നെ വീട്ടിലെ രൂപക്കൂട്ടിലേക്ക്‌ നോക്കി ഒരു ഡയലോഗ്
കര്‍ത്താവേ.., മുജ്ജന്മത്തിലെ ശത്രുക്കളെയാണല്ലോ നീ എനിക്ക് മക്കളായിട്ട് തന്നത്?
അതിനും കാരണമുണ്ട് എന്‍റെ ബാക്കി പത്രം (അനിയനാ ) അടുക്കളയില്‍ അപ്പിയിട്ടു വച്ചിട്ട് ആ 'വണ്‍ ബൈ ടു ' കൊണ്ടേ ഭിത്തിയിലിട്ടുരക്കുന്നു ...
ആഹാ മാര്‍വലസ് ... വാട്ട് ആന്‍ ഐഡിയ സര്‍ ജീ...
വെള്ളവും വേണ്ട ടിഷ്യൂ പേപ്പറും വേണ്ട..
നീ പുരോഗമന ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ടാടാ,...

അങ്ങനെ ഞങള്‍ രണ്ടു പേരും കൂടി ഷിഫ്റ്റടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ പണികള്‍ മമ്മിക്കും പപ്പയ്ക്കുമായി കൊടുത്തു കൊണ്ടിരുന്നു... രാവിലെ അന്ന് ചെയ്തു തീര്‍ക്കുവാനുള്ള കുരുത്തക്കേടുകളുടെ ഹാന്‍ഡ് ഓവര്‍ ഞാനവന് കൊടുത്തിട്ടു പോകും വൈകുന്നേരമാകുമ്പോള്‍ കക്ഷി ഒരു മൂലക്കിരുന്ന് മോങ്ങുന്നുണ്ടെങ്കില്‍ മനസ്സിലാക്കാം
'' ഓപ്പറെഷന്‍ ഫെയില്‍ഡ് ...''
അങ്ങനെ പതിവ് പോലെ ഞാന്‍ നേഴ്സറിയില്‍ പോയി ..
വൈകിട്ട് എല്ലാവരും പോയി ഞാനൊറ്റയ്ക്കായി .., എന്നെ കൊണ്ട് പോകാന്‍ അഞ്ച് മണിക്കല്ലേ കൊച്ചപ്പന്‍ വരത്തുള്ളൂ ...മഠത്തിന്‍റെ വരാന്തയിലിരുന്ന് ഞാനെന്തോ കളിച്ചു കൊണ്ടിരുന്നു... കുറച്ചു കഴിഞ്ഞ് പരിചയമില്ലാത്ത ഒരു കന്യാസ്ത്രീ എന്‍റെ അടുക്കല്‍ വന്നു ഒരു അച്ചപ്പം എന്‍റെ നേര്‍ക്ക്‌ നീട്ടി...
ഞാന്‍ വേണ്ടാന്നു പറഞ്ഞു (പുറത്ത് നിന്നും ആര് എന്ത് തന്നാലും വാങ്ങിക്കഴിക്കരുത് എന്ന് മമ്മിയുടെ സ്പെഷ്യല്‍ ഓര്‍ഡര്‍ ഉണ്ട് )
സിസ്റ്റര്‍ ഒരു പാട് നിര്‍ബന്ധിച്ചപ്പോള്‍ ഞാനത് വാങ്ങിക്കഴിച്ചു .സിസ്റ്റര്‍ എന്തൊക്കെയോ കഥകളൊക്കെ എനിക്ക് പറഞ്ഞു തന്നു..
.
.ഓരോ ദിവസവും എന്നെ അക്ഷരങ്ങള്‍ കൈ പിടിച്ചെഴുതിച്ചു ..
ഒരുപാട് പാട്ടുകള്‍ പഠിപ്പിച്ചു തന്നു..
ആരോടും വഴക്ക് കൂടരുതെന്നും എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറാവൂ എന്നും സിസ്റ്റര്‍ എനിക്ക് പറഞ്ഞു തന്നു..
മറ്റേ കാണ്ടാമൃഗ ടീച്ചര്‍ പഠിപ്പിച്ചിട്ടും പഠിക്കാതിരുന്ന പാട്ടുകള്‍ വൈകുന്നേരങ്ങളില്‍ ഞാനേറ്റു പാടി...

കര്‍ത്താവിന്‍റെ മണവാട്ടിമാര്‍ സ്നേഹ സമ്പന്നരാണെന്ന് ഞാന്‍ മനസ്സിലാക്കിയ നാളുകള്‍ .
പില്‍ക്കാലത്ത് ഞാന്‍ ഒത്തിരി അനുസരണാ ശീലമുള്ളവനായി മാറി.. (സത്യായിട്ടും )
കാലം പിന്നെയും കടന്നു പോയി... ഒരിക്കല്‍ ഒരു വേനലവധിക്കാലത്ത് മമ്മിയുടെ മടിയില്‍ കിടന്ന് ഏതോ ഒരു സിംഹത്തിന്‍റെ കഥ കേട്ടു കൊണ്ടിരുന്നപ്പോള്‍ പള്ളിയില്‍ നിന്നും അസമയത്ത് ഒരു മണി മുഴങ്ങി...
.
,
. എല്ലാവരും എന്തൊക്കെയോ പിറ് പിറുക്കുന്നുണ്ട്...
കൂട്ടത്തില്‍ ആനി സിസ്റ്റെറിന്‍റെ പേരും വരുന്നത് ഞാന്‍ കേട്ടു...
ഞാനൊരിക്കലും കേള്‍ക്കാനിഷ്ട്ടപ്പെടാത്ത ആ വാര്‍ത്ത മമ്മിയാണ് എന്നോട് പറഞ്ഞത്
'' മോന്‍റെ ആനി സിസ്റ്റര്‍ ഈശോന്‍റെയടുത്തെയ്ക്ക് പോയി''
എനിക്കും പോണമെന്ന് ഞാന്‍ വാശി പിടിച്ചു കരഞ്ഞു..
പിന്നീടാണ് ഇനി ആനി സിസ്റ്റര്‍ ഒരിക്കലും എനിക്ക് അച്ചപ്പം കൊണ്ട് തരത്തില്ല എന്ന സത്യം എനിക്ക് മനസിലായത്...
ബ്ലഡ് കാന്‍സര്‍ ആയിരുന്നു...പെട്ടെന്നാണ് മരിച്ചത്..
പിറ്റേ ദിവസം പള്ളിയില്‍ നിറയെ മുല്ലപ്പൂ കൊണ്ടലങ്കരിച്ച ഒരു ശവമഞ്ചത്തില്‍ ഒരു വെളുത്ത പുഷ്പ്പ കിരീടമോക്കെ വച്ച് ചിരിച്ചു കൊണ്ട് കണ്ണടച്ച് എന്‍റെ ആനി സിസ്റ്റര്‍...
ഇപ്പഴുമുണ്ട് എന്‍റെ കണ്ണിനു മുന്നില്‍ ആ മുഖം...
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച കര്‍ത്താവിന്‍റെ മണവാട്ടിയുടെ ആ ചിരിക്കുന്ന മുഖം...

മറക്കാന്‍ ഒരു പാട് ശ്രമിച്ചിട്ടും മായ്ഞ്ഞു പോകുന്നില്ല .. ആ ചിരിക്കുന്ന മുഖവും .. വെളുത്ത റോസാ പൂക്കളും ഒന്നും...
..
.
.
.
.

Thursday, March 24, 2011

കന്യാ മറിയമേ... അങ്ങ് ഇതൊന്നും കാണുന്നില്ലേ?s f i ഒരു രാജ്യമാണെങ്കില്‍ ആ രാജ്യത്തെ രാജ്ഞി ആര് എന്നതിന് ഒരൊറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ... ഇന്നലെ വരെ...
സിന്ധു ജോയ്.. സഹന സമരങ്ങളില്‍ നിറ സാന്നിധ്യമായി
തീപ്പൊരി പ്രസംഗങ്ങളിലൂടെ മലയാളി യുവത്വങ്ങളെ ത്രസിപ്പിച്ച 70 mm പുഞ്ചിരി ഇനി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇല്ല... ഇന്ന് മുതല്‍ സിന്ധു ജോയ് എന്ന എക്സ് സഖാവ് കോണ്‍ഗ്രസ്സുകാര്‍ക്ക് സ്വന്തം... കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടി തന്നെ അവഗണിച്ചു എന്നതാണ് സിന്ധു ചേച്ചിയുടെ പ്രധാന ആരോപണം...
sfi യുടെ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട്‌ സ്ഥാനവും നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ സ്ഥാനവും സിപിഎം ലെ ജില്ലാക്കമ്മിറ്റി മെമ്പര്‍ സ്ഥാനവും ഒക്കെ ഈ ചേച്ചിക്ക് കിട്ടിയത് തികഞ്ഞ അവഗണന ആയി തന്നെ നമുക്ക് കാണാം... ഒരു പ്രാവശ്യം പാര്‍ലമെന്റിലെക്കും പിന്നെ പിന്നെ അസ്സംബ്ലിയിലെക്കും മത്സരത്തിനുള്ള സീറ്റ് കൊടുത്ത് k.v തോമസിനോടും ഉമ്മന്‍ ചാണ്ടിയോടുമൊക്കെ 'പൊരുതി' എട്ടു നിലയില്‍ പൊട്ടിയതിനും പ്രധാന കാരണം പാര്‍ട്ടിയുടെ അവഗണന ആവാനാണ് സാധ്യത...


അസംബ്ലി ഇലക്ഷന്‍റെ ആ വേളയില്‍ അല്ലെങ്കില്‍ ആ സമയത്ത് അതുമല്ലെങ്കില്‍ ആ ടൈമില് ബിഷപ്പിന്‍റെ അരമനയിലും കന്യാസ്ത്രീ മഠത്തിലുമൊക്കെ കയറിയിറങ്ങി ''നിത്യവിശുദ്ധയാം കന്യാമറിയമേ '' ഒക്കെ പാടി നടന്നപ്പോഴേ ഞാന്‍ കരുതിയതാ.., ഈ വണ്ടി അധിക കാലം ചുവന്ന കളറില്‍ കിടന്ന് ഓടൂല്ലാന്ന് ... എന്നിട്ടിപ്പോ എന്തായി...
പള്ളിമേടയിലിരുന്നു ചിരിച്ചു കാണിച്ച അച്ചന്മാരും കന്യാസ്ത്രീകളും എല്ലാവരും കൂടെ ആ ചേച്ചിക്ക് എട്ടിന്‍റെ പണി കൊടുത്തു... റിസള്‍ട്ട്‌ വന്നപ്പോ എഗൈന്‍ ചങ്കരി ഈസ് ഓണ്‍ ഥ കോക്കൊനട് ട്രീ...
2003 മുതല്‍ sfi യിലെ സജീവ സാന്നിധ്യമായിരുന്ന നട്ടെല്ലുള്ള ഒരു വനിതാ നേതാവ് ഒരു M.L.A സ്ഥാനം മോഹിച്ചത് അത്ര വലിയ തെറ്റായി എനിക്ക് തോന്നുന്നില്ല... അല്ലേലും കുരുട്ടു ബുദ്ധിയ്ക്കും കാലുവാരലിനും തോലിക്കട്ടിയിലുണ്ടായ ജാരസന്തതിയാണല്ലോ ഇന്നത്തെ രാഷ്ട്രീയം... സിന്ധു ചേച്ചിക്ക് കുരുട്ടു ബുദ്ധി ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞു കൂടാ പക്ഷെ തൊലിക്കട്ടി സമ്മതിച്ചു കൊടുത്തേ മതിയാവൂ... ഇന്നലെ വരെ ഉമ്മന്‍ ചാണ്ടി ചേട്ടനെ കൊഞ്ഞനം കുത്തി നടന്നിട്ട് ഇന്ന് ഒരു വേദിയില്‍ ഒരുമിച്ചിരുന്ന് കുശലം പറഞ്ഞ് ചിരിക്കുന്നതിന്‍റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ സിന്ധു ചേച്ചിയെപ്പോലെ പോളിറ്റിക്കല്‍ സയന്‍സില്‍ PHD യും എംഫില്ലുമൊന്നും എടുക്കണമെന്നില്ല... എന്‍റെ പത്താം ക്ലാസ് ബുദ്ധി തന്നെ ധാരാളം... ആരെയും വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല , എങ്കിലും അഭിപ്രായം തുറന്നു പറയുന്നതില്‍ തെറ്റുണ്ടോ? പറയുമ്പോ എല്ലാം പറയണമല്ലോ..,കേരളത്തിലെ 140 സീറ്റുകള്‍ വീതിച്ചെടുക്കാന്‍ കൊണഗ്രസ്സുകാര്‍ മാക്രോ മാക്ക്രോം കളിക്കുമ്പോഴാണ് കലിയുഗ വരദാനം പോലെ ഈ ചേച്ചിയുടെ എഴുന്നുള്ളത്ത്... ഊമ്മന്‍ ചാണ്ടി ആദ്ദേഹം ഇന്ന് ചിരിച്ചു കളിച്ചു ചേച്ചിയുടെ കൂടെ സ്റ്റേജില്‍ ഇരിക്കുന്നത് കാണാന്‍ നല്ല ചന്തമൊക്കെയുണ്ട് ... ഒന്നോര്‍ക്കുക KSU എന്ന യുവ സംഘടനയുടെ പുറകില്‍ എക്സ്പയറി കഴിഞ്ഞ(COURTESY TO Hibi Eden ) കൊണ്ഗ്രസ്സുകാര്‍ക്ക്‌ എതിരെ ഒരു പാട് പല്ലുകടികള്‍ ഉയര്‍ന്നു വരുന്നുണ്ട്... ടി. സിദ്ദിക്കുമാര്‍ വെറുതെയിരിക്കില്ല...
സിന്ധു ജോയ് ഇന്ന് KPCC യുടെ ഒരു തുറുപ്പു ചീട്ടായിരിക്കാം... സിണ്ടിക്കേറ്റ് മാധ്യമങ്ങള്‍ക്ക് ഇതൊരു ആഘോഷവുമായിരിക്കാം ... കൊണഗ്രസ്സിലെ എക്സ്പയറി കഴിഞ്ഞ അണ്ണന്മാര്‍ ഇതൊന്നും കണ്ട് അഹങ്കരിക്കരുതേ..പണി വരുന്ന വഴികള്‍ നമുക്ക് കണ്ടറിയാം...

സഖാവ് ഏമ്കല്‍സും മാര്‍ക്സും കുത്തിയിരുന്നെഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും പ്രത്യയ ശാസ്ത്രങ്ങളുമെല്ലാം കോഴി കൂവുന്നതിനു മുന്നേ മൂന്നു വട്ടം തള്ളിപ്പറഞ്ഞ സിന്ധു ചേച്ചിയെ ആര്‍ക്കും കണ്ണുമടച്ച് വിശ്വസിക്കാം... ഇനിയും..
ആവശ്യമാണല്ലോ സൃഷ്ട്ടിയുടെ മദര്‍...
സിന്ധു ചേച്ചിയുടെ ആവശ്യങ്ങള്‍ നിത്യ വിശുദ്ധയായ കന്യാമറിയം നടത്തിക്കൊടുക്കുമാറാകട്ടെ... ആമേന്‍..
ആരെന്തു പറഞ്ഞാലും സിന്ധു ചേച്ചി നന്നായി പാടുന്നുണ്ട്... ഇനി ഫാവിയില്‍ 'കൊണ്ഗ്രസ്സുകാരുടെ അവഗണന' സഹിക്ക വയ്യാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായാലും കേരളത്തിലെ ഭക്തിഗാന മേഖലയില്‍ KESTER ന്‍റെയും മാര്‍ക്കൊസിന്‍റെയുമൊക്കെ പിന്‍ഗാമിയായി ടിയാന് ശോഭിക്കാം...
വിപ്ലവാഭിവാദ്യങ്ങളോടെ ആശംസകളോടാശംസകള്‍...

Sunday, March 20, 2011

എന്‍റെ കന്നി ആത്മഹത്യാക്കുറിപ്പ്...നാലാം ക്ലാസ്സില്‍ വച്ച് ഫസ്റ്റ് ലൈന്‍ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ ഞാന്‍ ചുമ്മാ ഒരു VARIETYക്ക് ആത്മഹത്യ ചെയ്യാന്‍ ഒരു തീരുമാനമെടുത്തു...
ആ ആത്മഹത്യക്കുറിപ്പാണ് ഈ കവിത...
എന്‍റെ മരണത്തെക്കുറിച്ച് ഒരുപാട് 'സ്വപ്നങ്ങളു'ണ്ടായിരുന്നു എനിക്ക്...
എന്‍റെ മരണം മധുരമുള്ളതായിരിക്കണം എന്നെനിക്കു നിര്‍ബന്ധമുണ്ടായിരുന്നു അപ്പോള്‍...
അതുകൊണ്ട് തന്നെ ആത്മഹത്യക്ക് ഞാന്‍ തിരഞ്ഞെടുത്ത മാര്‍ഗവും അതി മധുരമുള്ളതായിരുന്നു...
'പഞ്ചസാര വാരിത്തിന്നാല്‍ പിത്തം പിടിച്ചു മരിച്ചു പോകുമെന്ന്' മമ്മി പറഞ്ഞ് കേട്ടറിവുള്ളത്‌ കൊണ്ട് എനിക്ക് മറ്റൊരു മാര്‍ഗ്ഗത്തെ പറ്റി ആലോചിച്ചു തല പുണ്ണാക്കേണ്ടി വന്നില്ല... വീട്ടിലെ പഞ്ചസാര ഭരണി തുറന്ന് ഒരു സൈടീന്ന് അങ്ങ് തൊടങ്ങി... അഞ്ചാറു പിടി തിന്നതൊക്കെ ഓര്‍മയുണ്ട്... (പിറ്റേ ദിവസം എഴുന്നേറ്റപ്പോ ആ സത്യം ഞാന്‍ മനസ്സിലാക്കി... മരിക്കണമെങ്കില്‍ കുരുടാന്‍ (FURADAN) തന്നെ കഴിക്കണം ന്ന്... )
{കുരുടാന്‍ കഴിക്കാന്‍ എന്‍റെ പട്ടി വരും..}


ഇതാ ആ വിവാദ കവിത...


ഇന്നാദ്യമായെന്‍റെ തൂലികത്തുമ്പത്ത്
നിന്നെക്കുറിച്ചുള്ള പാട്ട് മാത്രം...
കളവല്ലിതൊന്നും ഒരു കുപ്പിക്കള്ളിന്‍റെ
മത്തില്‍ കുറിക്കുന്ന കാവ്യമല്ല...

തേങ്ങുന്ന കരളിന്‍റെ വിടരുന്ന ചുണ്ടത്ത്
താനേ കിളിര്‍ത്ത പൂങ്കിനാവുകളിലെ
എന്‍റെ ഓര്‍മ്മകളില്‍ നിന്‍റെ
വദനാംബുജത്തിനു ഒരായിരം വര്‍ണ്ണങ്ങളുണ്ടായിരുന്നു...

അറിഞ്ഞു ഞാനാ സത്യം എന്നുടെ
ചികഞ്ഞ ഹൃത്തിന്‍ വേരുകളില്‍
തിരഞ്ഞു ഞാനെന്‍ ആത്മാവിനെയെന്‍
കരിഞ്ഞ കരളിന്‍ ചാരത്തില്‍ ..

മൃത്യു മടങ്ങും വീഥികളില്‍
ഓര്‍മ്മ നശിക്കും പാതകളില്‍
വഴിയോര കരി ശാഖികളില്‍
ആവി പറക്കും പാറകളില്‍

കാലം നല്‍കിയ കാല്‍പ്പനികതയുടെ
കായം നല്‍കിയ പാടുകളില്‍
ഒട്ടിയ വയറാല്‍ തീര്‍ത്തൊരു ജീവിത
ഗാഥ രചിച്ചൊരു കൈകളാല്‍
കൊറ്റിനു നീട്ടുകയാണിപ്പോഴും..

പുഞ്ചിരി വറ്റിയ ചുണ്ടുകളാല്‍
വലിഞ്ഞു നീണ്ടൊരു ജീവിത വീണ
തന്ത്രി മുറുക്കും നാളുകളില്‍
ഉടഞ്ഞു പോയെന് മണിവീണ
തകര്‍ന്നു പോയെന്‍ സംഗീതം..!!

വരിനെല്ലിന്‍ വാടാ മലരുകള്‍ കൊണ്ടൊരു
മാല തീര്‍ക്കുന്നു ഞാന്‍ നിനക്ക് ചൂടാന്‍
മരണം നിശ്ചയം നിശ്ചയമെങ്കിലും
നഞ്ചിന്‍ രുചിക്കായ് തപിക്കയാണെന്‍ മനം..

ഒരു നോക്ക് കാണുവാന്‍ ഒരു വാക്ക് കേള്‍ക്കുവാന്‍
കൊതിയൂറും നെഞ്ചിലെ നീറുന്ന വേദന
നിന്നിലേക്കൂഷ്മള വാക്കയോഴുക്കവേ
ശോകാഗ്നിഎത്തിപ്പിടിച്ചു വിഴുങ്ങിയീ
പാവം പഥിതന്‍റെ തൂലികത്തുമ്പിനെ..

ആനന്ദമാത്രയിലരുതാത്ത വേദന
അശ്രു ബിന്ദുക്കളില്‍ ശോണ മുദ്ര
മന്ദസ്മേരങ്ങളില്‍ മാന്ത്രിക വശ്യത
മഞ്ജീര ധ്വനികളില്‍ മായാത്ത കുടിലത!!

ശാന്തമായ് വന്നോരാലാപന സീമയില്‍
ശോകം മറന്നു ഞാനാടിടട്ടെ..
പഞ്ചഭൂതങ്ങള്‍ വിഘടിച്ചു നിന്നെന്‍റെ
പഞ്ചെന്ദ്രിയങ്ങള്‍ ക്രിയ മറന്നു ...

നെഞ്ചകം പൊട്ടിതളര്‍ന്നു വീണീടവേ
ദുഖമില്ലായശ്രുബിന്ദുവില്ല
ആത്മാവിനായ്‌ മണ്ണ് തീര്‍ത്ത രൂപത്തെ
ഞാന്‍ മണ്ണിനായ് തന്നെ തിരിച്ചു നല്‍കി ..

ശാന്തനായ് ഉല്ലാസ ചിത്തനായ്
പോകുന്നു ശോകം നിറഞ്ഞ കുടമിറക്കാന്‍
ഇല്ല ഞാനിങ്ങോട്ടിനിയില്ലോരിക്കലും
ദുഖത്തിന്‍ പാത്രം തിരിച്ചെടുക്കാന്‍...!!!കടപ്പാട്: ഗുണാജി .......!!!

Thursday, March 17, 2011

കേരളത്തില്‍ രാജഭരണം വരുന്നു...രാജാധിരാജന്‍ വീരശൂരന്‍ മൂന്നാറില്‍ മന്നന്‍ കേരളദേശം വാണരുളും ജെ സീ ബി പറമ്പില്‍ അച്ചു മഹാരാജാവ് എഴുന്നുള്ളൂന്നേയ്....
അന്നൊരു ബുധനാഴ്ചയായിരുന്നു..
സെക്രട്ടേറിയെറ്റ് കൊട്ടാരമുറ്റം ആശ്രിത വല്സിതരും തൊഴുത്തില്‍ കുത്തികളുമായ മന്ത്രി കുങ്കവന്മാരെക്കൊണ്ട് നിറഞ്ഞു...
കൊട്ടാരത്തിന്‍റെ പടിക്ക് പുറത്ത് ആദിവാസി ക്ഷേമനിധി ബോര്‍ഡിലെ മൂപ്പന്മാര്‍ കുടില് കെട്ടി ഡപ്പാംകൂത്ത് കളിച്ചു...
പേരൂര്‍ക്കട കവലയില്‍ കാക്കിയിട്ട കൊട്ടാരം ഭടന്മാര്‍ വെടി വച്ചും കണ്ണീര്‍ വാതകം പൊട്ടിച്ചും പൂണ്ടു വിളയാടുന്നു.... തൊട്ടപ്പറെ
ആളില്ലെന്നുറപ്പാക്കിയ സര്‍ക്കാരോഫിസിനു മുന്നില്‍ ഖദറിന്‍ കുഞ്ഞുങ്ങള്‍ ള്ളേ .. ള്ളേ എന്ന് ശബ്ദം വയ്ക്കുന്നു...ചിലര്‍ ഇടി വെട്ടേറ്റ തെങ്ങിനെ നോക്കി വെല്ലു വിളിക്കുന്നു . മറ്റു ചിലര്‍ പല്ലി ചിലക്കുമാറുച്ചത്തില്‍ വാ വിട്ടു കരഞ്ഞു
'' അടിക്കും ഞങ്ങ പൊളിക്കും ഞങ്ങ.... കരിക്കൊഴിച്ചു കുടിക്കും ഞങ്ങ..'' വാട്ട് ദ ഹെല്‍?
പെട്ടെന്ന് അന്തപ്പുരത്തിലേക്ക് നാല് വെള്ളക്കുതിരകളെ പൂട്ടിയ കൊട്ടാരം വക ട്രിവാണ്ട്രം രജിസ്ട്രെഷന്‍ രഥം മന്ദം മന്ദം ഒഴുകിയെത്തി . രഥത്തിന്‍റെ വാതില്‍ ആറാം തമ്പുരാന്‍ സ്റ്റൈലില്‍ ചവിട്ടിത്തുറന്നു പയ്യെ രാജാവ് വെളിക്കിറങ്ങി... ഐ മീന്‍ വെളിയിലേക്കിറങ്ങി...
പ്രജകളെല്ലാം ആര്‍ത്തു വിളിച്ചു
'' തലൈവര്‍ വാഴ്കെ ''
തലൈവര്‍ വാഴ്കെ ''

ഇത് കേട്ട പ്രധാനമന്ത്രി ഷിബു പിണങ്ങാറായി ..
പിണങ്ങാറായ ഷിബു മന്ത്രിയും കുറച്ചു കൂതറ അനുയായികളും കൂടെ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തി... ക്ലക്ക് ക്ലക്ക് ക്ലക്ക്..!!!
അച്ചു രാജാവിനെ ഏതു വിധേനയും കുത്തുപാളയെടുപ്പിച്ച് പണ്ടാരമടക്കി നാടുകടത്തി രാജ്യം സ്വന്തമാക്കുക എന്നതാണ് പിണങ്ങാറായ ഷിബു മന്ത്രിയുടെ തന്ത്രം...!!!
അതിനു വേണ്ടി ടിയാന്‍ നടത്തിയ ഉടായിപ്പ് പരിപാടികളെല്ലാം നമ്മുടെ ജനപ്രിയ രാജാവ് എട്ടു നിലയില്‍ പൊട്ടിച്ച് എട്ടായിട്ട്‌ മടക്കി ഷിബു മന്ത്രിയുടെ കുവൈറ്റില്‍ വച്ചു കൊടുത്തു...
അങ്ങനെ രാസാവും മന്ത്രിയും തമ്മിലുള്ള സത്രുത നാള്‍ക്കു നാള്‍ വര്‍ധിച്ചു വന്നു .. രാസാവിന് വയസ്സ് 89 കഴിഞ്ഞെങ്കിലും ഇപ്പോഴും പത്തൊന്‍പതു വയസ്സിന്‍റെ ചുറു ചുറുക്കാണ്... ഷിബുവിന്‍റെ കാര്യമാണെങ്കില്‍ പണ്ടേ ഗര്‍ഭിണി ഇപ്പം നിത്യഗര്‍ഭിണി എന്നവസ്ഥയാണ്...
പാര വരുന്ന വഴികള്‍ ഏതൊക്കെയാണെന്ന് ഷിബുവിന് തന്നെ നിശ്ചയമില്ല... M C റോഡ്‌ വഴി വെറുതെ പോകുന്ന പാരകള്‍ ടാക്സി പിടിച്ചു ഷിബുവിനെ തേടിയെത്തും . അങ്ങനെ ഇപ്പൊ പ്രജകള്‍ക്കൊന്നും ഷിബുവിനെ കണ്ണെടുത്താല്‍ കാണാണ്ടായി...
കാര്യം രാജാവൊക്കെയാണെങ്കിലും നയതന്ത്രവും ഭരണതന്ത്രവും കൈകാര്യം ചെയ്യുന്നത് വേറെയാരൊക്കെയോ ചേര്‍ന്നാണെന്ന് ശത്രുക്കള്‍ക്കിടയില്‍ പരക്കെ ആക്ഷേപമുണ്ട്.. ഈ അര്‍ത്ഥമില്ലാത്ത ആക്ഷേപങ്ങള്‍ക്ക് ഇപ്പൊ രാജാവ് നേരിട്ട് പണി കൊടുത്തു തുടങ്ങി...
ഇടമലയാര്‍ വിഷയത്തില്‍ മുന്‍ മന്ത്രി പിള്ളേച്ചനെ തുറങ്കിലടച്ചു..
ഭാഗ്യക്കുറി വിഷയത്തില്‍ സ്വന്തം കൊട്ടാരത്തിലെ മന്ത്രി തോമാച്ചായനെതിരെ പരസ്യ പ്രസ്താവന... .
ലാവലിന്‍ ഇപ്പൊ തിളച്ച് മറിഞ്ഞു കൊണ്ടിരിക്കുന്നു..
എന്തൊക്കെയായാലും അച്ചു രാജാവിന് പ്രജകള്‍ക്കിടയിലിപ്പോ ഒരു സേതു രാമയ്യര്‍ പരിവേഷമാണ്...
കൈ പുറകില്‍ കെട്ടി മുറുക്കിച്ചുവപ്പിച്ചു ട ട്ട ട്ട ട ട ട്ടാന്‍ഗ്... എന്ന് ബാക്ക് ഗ്രൌണ്ട് മ്യൂസിക്കൊക്കെ ഇട്ട് അച്ചു രാമയ്യര്‍ ജനസമക്ഷത്തിലേക്ക് ഇറങ്ങുകയാണ് ചില കളികള്‍ കാണാനും ചില നമ്പറുകള്‍ കാണിക്കാനും...
കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു പക്കാ കമ്യൂണിസ്റ്റ് രാജാവിന്‍റെ റീലോഡെഡ് പരിവേഷവുമായി...
ആരൊക്കെ തള്ളിപ്പറഞ്ഞാലും ജനങ്ങള്‍ അങ്ങയുടെ പക്ഷത്താണ് ..
ഒരു പോളിറ്റ് ബ്യൂറോയും ജില്ലാക്കമ്മിറ്റിയും വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നതല്ല അങ്ങയുടെ സ്ഥാനം...
ഒരു സീറ്റ് പോയെങ്കില്‍ നമുക്ക് മ... മ... മ... മ....മത്തായി പറഞ്ഞ ആ സാധനമാ...
അങ്ങയെ ഒഴിവാക്കിയവര്‍ അങ്ങേയെയോര്‍ത്ത് വിലപിക്കുന്ന ഒരു കാലം വരും ... അത് വിദൂരമല്ല.. ... ഇലക്ഷന്‍ ഒന്ന് കഴിഞ്ഞോട്ടെ...


.

(തള്ളേ കലിപ്പ് തീരണില്ലല്ലാ... ഹും ഹും ഹും...).
.
.
..
ഈ രാജാവിനും പരിവാരങ്ങള്‍ക്കും ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ആരെങ്കിലുമായി സാമ്യം തോന്നിയാല്‍ അത് വായിക്കുന്നവരുടെ മനസ്സിലിരുപ്പ് കൊണ്ട് മാത്രമായിരിക്കും
.
.
.NB:TODAYS(18.03.2011)NEWS UPDATEഅച്യുതാനന്ദന്‍ മത്സരിക്കും പി ബി തിരുമാനം.
സത്യം ജയിക്കട്ടെ സാമ്രാജ്യത്വം തുലയട്ടെ.... .
..
.
.
.

Tuesday, March 15, 2011

സില്‍സിലയ്ക്കെന്താ കൊമ്പുണ്ടോ?

സില്‍സിലയ്ക്കെന്താ കൊമ്പുണ്ടോ?
ആരൊക്കെ ഇല്ലെന്നു പറഞ്ഞാലും ഇനിയിപ്പോ ഉണ്ടെന്നു തന്നെ പറഞ്ഞു പഠിക്കാം നമുക്ക്... പടച്ചവന്‍ ഓരോരുത്തന്മാരുടെ തലയില്‍ ഓരോന്ന് വരച്ചിട്ടുണ്ട്...
അതിപ്പോ ആരൊക്കെ എത്രയൊക്കെ തെറി വിളിച്ചാലും കാലാന്തരേ ആ വര തെളിഞ്ഞു കൊണ്ടേയിരിക്കും...
ഇവന്‍റെയൊക്കെ തലയില്‍ കൂടി വരച്ചത് എന്‍റെ വേറെയെവിടെയെങ്കിലും വരച്ചിരുന്നെങ്കില്‍ ഞാന്‍ എപ്പഴേ ഫേമസ് ആയിപ്പോയേനെ... ...!!!

കഴിഞ്ഞ നവംബറില്‍ സില്സിലയെ ന്യായീകരിച്ചു കൊണ്ട് ഞാനൊരു ബ്ലോഗെഴുതിയപ്പോ കുറ്റം പറഞ്ഞവരൊക്കെ ഇതൊന്നു കേള്‍ക്കണേ...
നാളിതു വരെ യൂട്യൂബില്‍ മ്മടെ സില്സിലയ്ക്കു കിട്ടിയ ഹിറ്റുകള്‍ എട്ടുലക്ഷം കവിഞ്ഞു (കൃത്യമായി പറഞ്ഞാല്‍; 835812) എണ്ണം , ഇതും പോരാഞ്ഞു 4,912 കമന്‍റുകള്‍... സമീപകാല മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്‌ പാട്ടുകളില്‍ ഒന്നായ ''ലജ്ജാവതി'' യുടെ ഹിറ്റ്‌ കേവലം 30949 മാത്രമാണെന്നോര്‍ക്കുക..

ഇത് കൊണ്ടൊന്നും 'കദീസ' വാതില്‍ തുറക്കൂല്ല മോനെ...

ഇപ്പൊ ദേ സില്‍സില സിനിമയിലേക്ക്... വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന
ത്രീ കിങ്ങ്സ് എന്ന സിനിമയിലൂടെയാണ് മ്മടെ സില്‍സില 70 MM ആകാന്‍ പോകുന്നത്... ഞാന്‍ പറഞ്ഞിട്ട് വിശ്വാസമായില്ലെങ്കില്‍ ദേ ജയസൂര്യ പറയുന്നത് കേള്‍ക്ക്...

മലയാളത്തില്‍ ആദ്യമായി സാറ്റലൈറ്റിന്‍റെ സഹായത്തോടെ സിനിമ റിലീസ് ചെയ്ത വല്യ പുള്ളിയാണ് ശ്രീമാന്‍ വി കെ പ്രകാശ്‌.. ഇത് വരെ പുറപ്പെടുവിച്ച പടങ്ങള്‍ ഒന്നും തന്നെ കാര്യമായ സാമ്പത്തിക ലാഭം നേടിക്കൊടുക്കാത്തത് കൊണ്ടാവണം ഇപ്പൊ അങ്ങേരു സില്‍സിലയും കൊണ്ട് ഇറങ്ങിയിരിക്കുന്നത് . സംഗതി ഏതായാലും തമാശല്ല ബില്‍സില എന്നാക്കി രൂപമാറ്റം വരുത്തിയ സില്‍സിലയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മ്മടെ ഔസേപ്പച്ചന്‍ ചേട്ടനാണ്...


എന്തായാലും മലയാള സിനിമ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും ..വ്യത്യസ്തമായി ചിന്തിക്കുന്ന ധാരാളം സംവിധായകര്‍ ഇനിയും മലയാളത്തില്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
വിശ്വവിഖ്യാതമായ സില്‍സിലയിലെ ഒരു വരി കടമെടുത്തു കൊണ്ട് നിര്‍ത്തുന്നു...

ആസ്വദിക്കുക ജീവിതം ആസ്വദിക്കുക ജീവിതം ..
മുത്തമിട്ടേ... മനം മുത്തമിട്ടേ... ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ...
സില്‍ സിലാ ഹേ സില്‍സിലാ...

.
.
.
.
ഇപ്പൊ കിട്ടിയ വാര്‍ത്ത
: സില്‍സിലയ്ക്കും SMS കുട്ടനും ശേഷം ഒരു ശിവരാത്രി കൂടി നമ്മളെ കരയിപ്പിക്കാന്‍ ഇറങ്ങിയ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു .. ദോണ്ടേ കണ്ടു മരിക്ക് ..
http://www.youtube.com/watch?v=eukTLuJr8Pk

Wednesday, March 09, 2011

തോല്‍ക്കാന്‍ മനസ്സില്ലാത്തവന് ഇന്ന് രണ്ടു വയസ്സ്...'ബ്ലോഗ്‌ എന്താണെന്നറിയാത്തവന്‍റെ ചക്രശ്വാസം വലിയാണ് എന്‍റെ ബ്ലോഗ്‌' എന്ന് റൂം മേറ്റ്സിനിടയില്‍ പരക്കെ ആക്ഷേപമുണ്ടെങ്കിലും 'ആരോപണങ്ങള്‍ക്ക് മാത്രം നവീനെ തോല്‍പ്പിക്കാനാവില്ല' എന്ന തെല്ലഹങ്കാരം കലര്‍ന്ന മറുപടിയോടെ തന്നെ തുടങ്ങട്ടെ....
സ്കൂള്‍ വിദ്യാഭ്യാസ കാലം മുതലേ കഥാരചന, ഉപന്യാസം, കവിതാരചന , പെന്‍സില്‍ ഡ്രോയിംഗ് , പെയിന്റിംഗ്, കാര്‍ട്ടൂണ്‍ എന്തിനേറെ പറയുന്നു കാരിക്കേച്ചര്‍ മത്സരത്തിനു വരെ നവീന്‍ ജെ ജോണ്‍ പേര് കൊടുത്തിരുന്നു... ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഈ കോപ്പന്‍റെ ജാഡ കണ്ടോ ചുമ്മാ ഞാന്‍ വലിയ സംഭവമാണെന്ന് അറിയിക്കാന്‍ ചിത്രരചന ഉപന്യാസം എന്നൊക്കെ വാരിക്കോരി എഴുതിയതാണെന്ന്...
കണക്കു ടീച്ചറിന്‍റെയും ഹിന്ദി ടീച്ചറിന്‍റെയും ക്ലാസ്സില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി മാത്രമാണ് ഞാനീ കടും കൈയൊക്കെ ചെയ്തു പോന്നിരുന്നത് എന്ന് എനിക്കും പിന്നെ എനിക്കും മാത്രമല്ലേ അറിയത്തൊള്ളൂ... നിങ്ങള്‍ക്കൊക്കെ അങ്ങ് ചുമ്മാ വിചാരിച്ചാ മതിയല്ലോ... എന്തും..!!!
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോ കവിതാരച്ചനക്കെന്നും പറഞ്ഞു പോയി മോഹന്‍ലാലിന്‍റെ ''ഉണ്ണികളേ ഒരു കഥ പറയാം'' എന്ന ''കവിത'' എഴുതി വച്ച 'വിച്രുതി കഥ' എന്നെ ഇപ്പൊ കണ്ടാലും ലീലാമ്മ ടീച്ചര്‍ പറഞ്ഞു ചിരിക്കാറുണ്ട്..
പിന്നെ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ കഥാരചനക്ക് ''ഭ്രാന്തി'' എന്ന വിഷയത്തില്‍ ഞാനെഴുതിയ കഥക്ക് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'കിലുക്കം'' എന്ന ചലച്ചിത്രവുമായി അഭേദ്യമായ അവിഹിതബന്ധം ഉണ്ടെന്ന് ജഡ്ജസ്സും ടീച്ചര്‍മ്മാരും ഒരുപോലെ വിധിയെഴുതിയെങ്കിലും ജൂറിയുടെ(എന്‍റെ മസാക്ഷിയാ ) പ്രത്യേക പരാമര്‍ശം എന്‍റെ ''ഭ്രാന്തിക്ക്'' ലഭിച്ചു..

സഹപാടികളും മനോജ്‌ സാറും അത് ചിരിച്ചു തള്ളിയെങ്കിലും എന്‍റെ മനസ്സില്‍ അതൊരു മുറിവായി കിടന്നു .
മനോജ്‌ സാര്‍ മഞ്ചൂന്‍റെയും സൌമ്യയുടെയും മുന്നില്‍ വച്ചാണ് എന്നെ കളിയാക്കി ചിരിച്ചത്... പിന്നെ സങ്കടം വരാതിരിക്കുവോ?
ആ സംഭവത്തിനു ശേഷം സ്കൂള്‍ ജീവിതത്തില്‍ ഞാന്‍ കഥാരചനക്ക് പേര് കൊടുത്തിട്ടില്ല...
മനസ്സില്‍ വാശിയായിരുന്നു... സ്വന്തമായി ഒരു കഥ എഴുതണം എന്ന ദുര്‍വാശി...
പിന്നീട് നാലഞ്ചു വര്‍ഷക്കാലം ജീവിതത്തിലെ ഓരോ സംഭവങ്ങളും നോക്കിക്കണ്ടു..ഓരോ യാത്രകളും ജീവിതത്തിന്‍റെ വ്യത്യസ്തമായ മുഖങ്ങളെ എനിക്ക് കാണിച്ചു തന്നു... ആ മുഖങ്ങളെല്ലാം അക്ഷരങ്ങള്‍ കൊണ്ടും പെന്‍സില് കൊണ്ടും എന്‍റെ ഡയറിത്താളുകളില്‍ കുറിച്ചിടാന്‍ ശ്രമങ്ങള്‍ നടന്നു..
പലപ്പോഴും പരാജയമായിരുന്നു ഫലം...
പക്ഷെ തോല്‍ക്കാന്‍ മനസ്സില്ലാത്തവനെ തോല്‍പ്പിക്കാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്ന സത്യം ഞാന്‍ അന്ന് മനസ്സിലാക്കി...
ഭാവനയില്‍ ഒരു നായകനെയും നായികയെയും സൃഷ്ട്ടിച്ച് കഥ എഴുതുവാനുള്ള കഴിവ് എനിക്കില്ല എന്ന തിരിച്ചറിവ് എന്നെ ഒരു പാട് വേദനിപ്പിച്ചു..
അങ്ങനെ ആ ചിന്താ ഭാരവും പേറി 1999 മാണ്ടില്‍ ഞാന്‍ കോയമ്പത്തൂരിലേക്ക് വണ്ടി കയറി... (തെറ്റിദ്ധരിക്കണ്ട .. പഠിക്കാന്‍ പോയതാ... പലതും... )
അങ്ങനെ രണ്ടായിരാമാണ്ടിലെ ഓണക്കാലത്ത് കോയമ്പത്തൂര്‍ മലയാളി സമാജം സംഘടിപ്പിച്ച രചനാ മത്സരത്തിനു ഞാന്‍ പേര് കൊടുത്തു . ഞാന്‍ നേരില്‍ കണ്ട ജീവിതങ്ങള്‍ ആ കടലാസ്സില്‍ കുറിച്ചു വച്ചു.
റിസള്‍റ്റ് വന്നു... എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു...
.,
,
,
,
,
,

.
.
.അതും ചീറ്റി... ഒരു പ്രോത്സാഹന സമ്മാനം പോലും കിട്ടീല്ല അവിടന്ന്...

അവര്‍ തന്ന വിഷയം 'ഓര്‍മ്മയിലെ ഓണം' ഞാന്‍ എഴുതിയത്'' ഭ്രാന്തി''
പിന്നെ ചീറ്റാതിരിക്കുവോ?
അതോടു കൂടി എന്‍റെ പ്രഖ്യാപിത വികാരങ്ങള്‍ പൂര്‍ണ്ണമായും ഡയറിത്താളുകളില്‍ ഒതുങ്ങി..
അങ്ങനെയിരിക്കെയാണ് ദേശാഭിമാനിയുടെ കിളിവാതില്‍ എന്ന സപ്ലിമെന്‍ടിലൂടെ ബ്ലോഗ്‌ എന്ന മാധ്യമത്തെക്കുറിച്ച് ഞാനറിയുന്നത്..
ഒരുപാട് കാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ 2009 മാര്‍ച്ചില്‍ നവീന്‍ ജെ ജോണിന്‍റെ പേരില്‍ ഒരു ബ്ലോഗ്‌ പേജ് നിലവില്‍ വന്നു..
ഒറ്റ ദിവസം കൊണ്ട് എട്ടു കവിതകള്‍ ഉള്‍പ്പെടെ പതിനഞ്ചു ആര്‍ട്ടിക്കിളുകള്‍ ഞാന്‍ പോസ്റ്റി... മനസ്സില്‍ മൂന്നാല് പെണ്മക്കളെ കെട്ടിച്ചു വിട്ട പിതാവിന്‍റെ സന്തോഷമായിരുന്നു എനിക്കപ്പോള്‍...
കമന്‍റിനു വേണ്ടി ചൂണ്ടക്കാരനെപ്പോലെ ഞാന്‍ കാത്തിരുന്നു..
ഒരു പൂച്ച പോലും അത് വഴി വന്നില്ല..
പോങ്ങുംമൂടന്‍റെയും വിശാലമനസ്ക്കന്‍റെയും വികടന്‍റെയും നട്ടപ്പിരാന്തന്‍റെയുമൊക്കെ ബ്ലോഗുകള്‍ ഒരു പാട് പ്രചോദനം നല്‍കി എന്ന സത്യം ഞാന്‍ മറച്ചു വയ്ക്കുന്നില്ല...
എങ്കിലും സ്വന്തം ഐഡന്റിറ്റി വിട്ട് ഒരു കളിയും ഇത് വരെ കളിച്ചിട്ടില്ല എന്ന് വിശുദ്ധ ബാലരമ സാക്ഷിയാക്കി ഞാന്‍ സത്യം ചെയ്യുന്നു...
ഇക്കാലമത്രയും പവിയന്‍ എന്ന പേരില്‍ മലയാളത്തിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ കൂട്ടം ഡോട്ട് കോമിലും, ബൂലോകം ഓണ്‍ ലൈനിലും ബ്ലോഗുകള്‍ എഴുതി വരുന്നതും ഞാന്‍ തന്നെയാണെന്ന സത്യം ക്ഷമാപണത്തോടെ അറിയിക്കുന്നു...
എന്തൊക്കെയായാലും പൊട്ടക്കണ്ണന്‍റെ മാവേലേറ് പോലെ തുടങ്ങിയ ഈ ബ്ലോഗിങ്ങ് യജ്ഞം ഇന്നെനിക്കു ഒരുപാട് സംതൃപ്തി നല്‍കുന്നുണ്ട്...
ഇക്കണ്ട കാലം മുഴുവന്‍ എന്നെ പ്രോത്സാഹിപ്പിച്ച കൂട്ടുകാരെ വെറും ഒരു നന്ദി പറഞ്ഞു കൊച്ചാക്കാന്‍ ഞാനില്ല...
പ്രോത്സാഹനത്തിന്റെ കാര്യം വരുമ്പോള്‍ എടുത്തു പറയേണ്ട രണ്ടു മൂന്നു പേരുകള്‍ അജി ചേച്ചി , റോജോ പുറപ്പന്താനം, സാബു ചേട്ടന്‍ ,ബിജു ബായ്,ജിയോ , ടോണി, വിജേഷ്, സര്‍വ്വോപരി എന്‍റെ മമ്മി അങ്ങനെയൊരുപാട് പേരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും ആണ് എന്‍റെ ഈ ഇമ്മിണി ബ്ലോഗിന്‍റെ വിജയം...
ഇന്നു (മാര്‍ച്ച്‌ പത്ത് ) നവീനിസത്തിന് രണ്ടു വയസ്സ് പൂര്‍ത്തിയാവുകയാണ്... ഈ ചുരുങ്ങിയ കാലം കൊണ്ട് 22 രാജ്യങ്ങളില്‍ നിന്നായി 3492 പേര്‍ ഇവിടെ വന്നു പോയി .
ഏകദേശം 72 പേരോളംഎന്നെ തെറി വിളിച്ചു . (എല്ലാം എന്‍റെ ഹോസ്റ്റലിലെ തെണ്ടികളാ . )(എല്ലാത്തിനുമുള്ള പണി ഞാന്‍ വെച്ചിട്ടുണ്ട്രാ ..)
ഏഴോളം വധ ഭീഷണികള്‍ ,ഒരു ഡസനോളം ഭീഷണിക്കത്തുകള്‍ , ഇമെയില്‍ വഴി വൈറസുകള്‍ അയച്ച്‌ എന്‍റെ ലാപ്പിന്‍റെ കൊണാപ്ലിക്കെഷന്‍ തകര്‍ക്കാന്‍ ശ്രമിച്ച നാറികളോട് ഒരു വാക്ക്...
ഞാന്‍ നോര്‍ട്ടന്‍ ആന്‍റി വൈറസ് വാങ്ങിച്ചു മക്കളെ...

തോല്‍ക്കാന്‍ മനസില്ലാത്തവനെ തോല്‍പ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെ
ന്ന് ഒരിക്കല്‍ കൂടെ പ്രഖ്യാപിച്ചു കൊണ്ട് നിര്‍ത്തുന്നു...
ഞാന്‍ മൂലം ആരെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ്..
എനിക്ക് സന്തോഷം പകര്‍ന്നു നല്‍കാനായെങ്കില്‍ എന്‍റെ പൂര്‍വ്വ ജന്മ സുകൃതം ...