Monday, July 27, 2009

ഷിഞ്ചുമോന്‍റെ ആദ്യത്തെ ബീമാനയാത്ര .....!!!



ബ്ലോഗിലെ നിറമുള്ള ബ്ലോഗുകള്‍ കണ്ടപ്പോള്‍ എനിക്കും ബ്ലോഗണം എന്ന് തോന്നിയത് തെറ്റാണോ ചേട്ടന്മാരെ, ചേച്ചിമാരെ ...

പക്ഷെ ഗള്‍ഫിന്റെ ശീതീകരിച്ച മുറിയിലിരുന്ന് എന്തെഴുതാന്‍...????

ഞാന്‍ ജനല് തുറന്നു പുറത്തേക്കു നോക്കി....

മണലാരണ്യന്ങ്ങളും ചീറിപ്പായുന്ന ഹൈടെക് സകടങ്ങളും ...

വെളുപ്പു തുണി കൊണ്ട് മുടി മറച്ച അറബികളും ...,

കറുപ്പ് തുണി കൊണ്ട് മുഖം മറച്ച അറബിച്ചികളും മാത്രം ....



.സൂര്യന്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തുകയാണ് .



പുറത്തു പൊരിവെയിലില്‍ പണിയെടുക്കുന്ന ബെന്കാളികള്‍ എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നുണ്ട്‌ ...

ഈ ഏറ്റുമുട്ടുന്ന കണ്ണുകള്‍ കൊണ്ടെങ്ങനെ കവിത കുറിക്കും ???

മനസ്സിന്‍റെ പ്രതിഷേധം ചുളിവുകളായി എന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ടു


....

കമ്പിളി കൊണ്ട് മൂടിപ്പുതച്ചു കവിത തേടി ഞാന്‍ മലയാളത്തിന്‍റെ പടിപ്പുരയും കടന്നു പോകാന്‍ തീരുമാനിച്ചു .

മോഹങ്ങളുടെ AIRCRAFT ല്‍ സങ്കല്‍പ്പങ്ങളുടെ AIRHOSTESS -മാരുമായി ഞാന്‍ പറന്നു തുടങ്ങി ... മുണ്ടും നേര്യതും ആയിരുന്നു AIRHOSTESS ന്‍റെ വേഷം

. കൈലി മുണ്ടും തലേക്കെട്ടും അണിഞ്ഞ രാഘവേട്ടന്മാര്‍ ഇടയ്ക്കിടയ്ക്ക് അന്തിക്കള്ളുമായി ഇടയ്ക്കിടയ്ക്ക് ഓരോ സീറ്റിലും SUPPLY നടത്തുന്നുണ്ട്
.
ബെല്‍ബോട്ടം പാന്‍റും പട്ടിനാക്ക് പോലെ കോളറുള്ള ഷര്‍ട്ടും , കറുത്ത കണ്ണടയും ലാടം ഫിറ്റ് ചെയ്ത ഷൂസും ഇട്ട ''മാന്യന്‍'' ആവാന്‍ ഞാന്‍ നന്നേ ശ്രമിച്ചിരുന്നു ...

''ചേട്ടാ ഒരു കുപ്പീ കള്ള് ഇവിടെ ''...............

ഓര്‍ഡര്‍ ഇട്ടതു എന്‍റെയുള്ളില്‍ ഞാന്‍ തന്നെ വായില്‍ പ്ലാസ്റ്റെര്‍ ഇട്ടു സൂക്ഷിക്കുന്ന '' കുടിയന്‍'' ആയിരുന്നു...

ആ വിവരം കേട്ടവനെ എന്നിലെ ''മാന്യന്‍'' കടിഞ്ഞാണിട്ടു നിര്‍ത്തി ....
ആകെ അറിയാവുന്ന മുറി ഇന്ഗ്ലിഷില്‍ 'നെക്സ്റ്റ് ഡയലോഗ്'............

excuse me one കുപ്പി കള്ള് പ്ലീസ് .....

കൊച്ചു പട്ടി 'അമേധ്യം' കണ്ടത് പോലെ സഹയാത്രികര്‍ എന്നെ നോക്കി.പൊട്ടന്‍ ബിസ്കെറ്റ് കണ്ടത് പോലെ രാഘവേട്ടനും ....

പിന്നെ കയ്യിലുള്ള മന്കുടത്തിലെക്ക് നാല് തുടം കള്ലോഴിച്ചു തന്നു .

വളരെ മാന്യനായി ഞാനത് കുടിച്ചു തീര്‍ത്തു . പിന്നെ അടിച്ചു ''പിമ്പിരി'' ആയി നൂറേ നൂറില്‍ എണീറ്റ്‌ നിന്ന് നിര്‍ദാക്ഷിണ്യം എന്‍റെ ഉള്ളിലെ കുടിയനെ കെട്ടഴിച്ചങ്ങു വിട്ടു ........

പിന്നെ പാട്ടും ഡാന്‍സും മിമിക്രിയുമോക്കെയായി അവനവിടെ ഒരു റിയാലിറ്റി ഷോ തന്നെ നടത്തി ''അഴിഞാടുകയായിരുന്നു'' ....

...............''''എന്‍റെ ഖല്ബിലെ സോടയാണ് നീ നല്ല വാറ്റുകാരാ... '''.............

അന്നാണ് ഞാന്‍ ആദ്യമായി എന്റെയുള്ളിലെ ആ ''വലിയ'' കലാകാരനെ തിരിച്ചറിയുന്നത്‌ .

പെട്ടന്നായിരുന്നു ആ കലാകാരന് മൂത്രശന്ക അനുഭവപ്പെട്ടത് ...!!!
ഒട്ടും മടിച്ചില്ല .... ''കുഞ്ഞിക്കൂനനിലെ'' വിമല്‍കുമാരിനെ പോലെ ഒരുകാല് മലപ്പൊറത്തും മറ്റേതു കളമശ്ശേരിയിലുമായി അവന്‍ ''മൂത്രപ്പുരയില്‍ '' പോയി കാര്യം സാധിച്ചു.....

പുറത്തിറങ്ങിയ എന്നെ താങ്ങി നിറുത്തിയത് ഏതോ ''കറുത്ത '' കരങ്ങള്‍ ആയിരുന്നു ... ഞാന്‍ സൂക്ഷിച്ചു ആ മുഖത്തേയ്ക്ക് നോക്കി ...????.!!

'' തള്ളെ ... കുടം പുളിക്ക് പുക കൊടുത്തത് പോലുള്ള കളര്‍ .....!

കയ്യില്‍ ഒരു ചട്ടകവും ഒരു ഗ്ലാസ് മോരും ........................ ;;;;????

ആ ബീമാനത്തിലെ '' പൊറോട്ട മാസ്റ്റര്‍'' ആണെന്ന് തോന്നുന്നു ....,

നീല കള്ളിമുണ്ടും തലയില്‍ ചുവന്ന തോര്‍ത്ത്‌ കെട്ടുമാണ്‌ യൂണിഫാറം....
ഗാന്ധിജീടെ ആളാണ് (ഷര്‍ട്ട്‌ ഇട്ടിട്ടില്ല )... വയറു കണ്ടാല്‍ ''ഗര്‍ഭണന്‍ '' അല്ലെന്നു ആരും പറയില്ല ..., ചുണ്ടില്‍ പാതി കത്തി തീര്‍ന്ന ഒരു ദിനേശ് ബീഡി ഉണ്ട്... (''കാജാ ബീടിയാണോ എന്ന് വര്‍ണത്തില്‍ ആശന്ക'')
കാലില്‍ തേഞ്ഞു തീരാറായ പഴയ ഒരു റബ്ബര്‍ ചെരിപ്പാണ് (ആലുവാ ശിവരാത്രിക്ക് ഫുത്പാത്തില്‍ നിന്നു മേടിച്ചതാണെന്ന് തോന്നുന്നു )....

കാതടപ്പിക്കുന്ന ഒച്ച കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത് ....

ഭ.... കുടിയെടാ ******####@@@@####മോനേ ....

അപ്പോഴാണ്‌ അങ്ങേരുടെ കഴുത്തില്‍ കിടക്ക്‌ുന്ന രുദ്രാക്ഷ മാലയുടെ അറ്റത്ത്‌ തിളങ്ങുന്ന ഒരു ബോര്‍ഡ് കണ്ടത് ...'' ക്യാബിന് ക്രൂ ''....
........................ എന്‍റെ മദറേ.... .....

കൊച്ചു പിള്ളേരെ ''പനിമരുന്നു'' കഴിപ്പിക്കും പോലെ മൂക്കടച്ചുപിടിച്ചു , വായില്‍ സ്പൂണ്‍ തിരുകി അവര്‍ ആ മോരുംവെള്ളം എന്നെക്കൊണ്ട് കുടിപ്പിച്ചു ....

മനസ്സു കൊണ്ടു ''മായാവി'' യെയും , ''ഡിന്കനെയും'', ''നമ്പോലനെയും'' എല്ലാം മാറിമാറി വിളിച്ചു ....

ഒരു ഡാഷ് മോനും രക്ഷിക്കാന്‍ വന്നില്ല...

\പിന്നീടാണ്‌ അവമാരും അവരുടെ ആളുകളാണെന്ന് മനസ്സിലായത് ഈ പറഞ്ഞവന്മാര്‍ക്കെല്ലാം ''ഷര്‍ട്ട്‌ '' അലര്‍ജി ആണല്ലോ????

എന്റെയുള്ളില്‍ ആളിക്കത്തിയ ആ ''തീ '' എല്ലാവരും കൂടി ''തല്ലിക്കെടുത്തി''
ഏറു കൊണ്ട പട്ടിയെ പോലെ ഞാന് അടുത്ത ബീമാനത്തില് കേറി തിരിച്ചു പൊന്നു...

അതോടെ ഈ '''കവിത എഴുത്ത് ''' എനിക്ക് പറ്റിയ പരിപാടി അല്ലെന്നു എനിക്ക് ബോധ്യമായി...


ഒരു മണിയടി ശബ്ദം കേട്ടാണ് ഞെട്ടിയുണര്ന്നത് ..... ബീമാനത്തില് ബോംബ് വച്ചതായിരിക്കുമോ ???

എനിക്ക് ഡ്യൂട്ടിക്കു പോകാനുള്ള അലാറം ആയിരുന്നു അത് എന്ന് തിരിച്ചറിഞ്ഞപ്പോള് സ്വപ്നത്തില് കഴിച്ച കള്ളിന്റെ കെട്ട് ഒന്ന് കൂടെ മുറുകുന്നത് പോലെ തോന്നി.....

നന്ദി ...

സമ്ഭവബഹുലമായ ഒരു സ്വപ്നം കാണിച്ച്
എന്നെ സന്തോഷിപ്പിച്ച എന്റെ ഉപബോധമനസ്സിന്......
എഴുതാന് വാക്കുകള് തന്ന്
എന്നെ സഹായിച്ച എന്റെ ബോധ മനസ്സിന് ...

കുറച്ചു നന്ദി ബാക്കിയുണ്ട് ... അത് നിങ്ങളെല്ലാവരും കൂടി എടുത്തോട്ടോ....(അടികൂടല്ലേ ചേട്ടന്മാരെ...എല്ലാവര്ക്കും തരാം .. )

.വില്‍പ്പനയ്ക്ക് ... ഒരു ലോഡ് പരാതികളും ശകലം.... പേര് ദോഷങ്ങളും ....... .(ചെറുകഥ)


സാറുംമാരെ .., ഓര്‍മ്മയുണ്ടോ എന്നെ ?

ഞാന്‍ VHS [video Home System] പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ''വീഡിയോ കാസ്സെറ്റ്‌''.

ഒരു കാലത്ത് നിങ്ങടെ വീട്ടിലെ TV STAND ന്‍റെ സൈടുകളില്‍ നെഞ്ച് വിരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഈയുള്ളവന് ...

...മ്മടെ നാട്ടില്‍ VCP ഉം VCRഉം ഒന്നും അത്ര ഫേമസ് അല്ലാതിരുന്ന കാലത്ത് ...
ഒരു സിനിമ കാണാന്‍ ചെമ്പ്‌ സരിഗ , വൈക്കം സ്ടാര്‍, പെരുമ്പളം സുനില്‍ തുടങ്ങിയ തേര്‍ഡ് ക്ലാസ്സ്‌ സിനിമ കൊട്ടകകളില്‍ മൂട്ട കടി കൊണ്ട് നടന്ന ആ കാലം....


ആഴ്ചയിലൊരിക്കല്‍ മാത്രം പ്രക്ഷേപണം ചെയ്യുന്ന മലയാള സിനിമ കാണാന്‍ ദൂരദര്‍ശന് മുന്നില്‍ വേഴാമ്പല്‍ ആയി കാത്തിരുന്ന അതെ കാലം...


ആക്കാലത്ത്‌ ഗള്‍ഫുകാരുടെ സ്വീകരണ മുറികളായിരുന്നു എന്റെ മെയിന്‍ വിഹാര കേന്ദ്രം ...


പിന്നെ VCP ദിവസ വാടകയില്‍ വിപണിയിലെത്തി അരങ്ങു തകര്‍ത്തപ്പോള്‍ ഞാന്‍ ജനപ്രിയ താരമായി മാറി..


നാട്ടിലെ ക്ലബ്ബ്‌ മുറികളിലും കൊച്ചു മുതലാളി മാരുടെ ഉമ്മറത്തും ഒഴിവു ദിനങ്ങളും ഹര്‍ത്താല്‍ ദിനങ്ങളും ഉത്സവമാക്കാന്‍ ഈ ''ഞാന്‍ '' വേണമായിരുന്നു .


എന്തിനു ഏറെ പറയുന്നു ....
ഞാനില്ലാത്ത കല്യാണ രാവുകള്‍ ഉണ്ടായിരുന്നോ?

കലവരയിലും അടുക്കളയിലുമെല്ലാം ഓടിനടന്നു ബഹളമുണ്ടാക്കിയിരുന്ന കല്യാണ ഉണ്ണികളെ എന്നിലേക്ക്‌ ആകര്‍ഷിച്ചു ഞാന്‍ രക്ഷിച്ച തന്തമാരുടെയും തള്ളമാരുടെയും എണ്ണം ഏതാണ്ട് കാക്കത്തൊള്ളായിരം വരും...


ടൌണിലെ ടൂറിസ്റ്റ്‌ ബസ്സുകള്‍ക്ക് വീഡിയോ കോച്ച് എന്നാ ഡിഗ്രി നല്‍കിയത് ഞാന്‍ തന്നെയായിരുന്നല്ലോ ???


കലാലയങ്ങളില്‍ ''തുണ്ട്'' പടങ്ങളായി ഞാന്‍ ഒരുപാടു കയ്യടികള്‍ വാങ്ങിക്കൂട്ടി(പള്ളിക്കൂടങ്ങളിലെ കൊച്ചു പുസ്തക വിപണിക്ക് ഏറ്റ കനത്ത അടി ആയിരുന്നു അത് ..., എന്‍റെ വിദ്യാഭ്യാസ മന്ത്രീ ....ക്ഷമിക്കണേ ) വൈകിട്ട് വലിയ വായില്‍ കൊച്ചുവര്‍ത്തമാനം പറയാനെത്തുന്ന ചെത്ത്‌ പയ്യന്മാരുടെ സൈക്കിളിന്റെ കാരിയറിലും ചിലപ്പോള്‍ മടിക്കുത്തിലും കക്ഷത്തിലുമെല്ലാം ഇനിയും തിരിച്ചറിയപ്പെടാത്ത സുകുമാരക്കുറുപ്പിന്റെ അഹങ്കാരത്തോടെ ഞാന്‍ വിലസി നടന്ന കാലം ...


കവലകളിലെ കടമുറികളില്‍ എനിക്ക് വേണ്ടി മാത്രം കൊച്ചു കൊച്ചു ഷെല്‍ഫുകള്‍ ഉണ്ടായി... തിരുവോണ ദിനത്തിലെ ബിവരേജിലെ നീണ്ട ക്യൂ പോലെ ഞാന്‍ എണ്ണത്തിലും വര്‍ണ്ണത്തിലും പെറ്റു പെരുകി .മമ്മൂട്ടിയെയും ലാലെട്ടനെയുമെല്ലാം ഞാന്‍ നെഞ്ചിലോട്ടിച്ചു നടന്നു ...




പിന്നീട് ചില ഡാഷ് മക്കള്‍ എന്നിലൂടെ വ്യാജസിനിമകളും തിയേറ്റര്‍ പ്രിന്‍റുകളും വിപണിയില്‍ എത്തിച്ചു ... ആ പേരില്‍ പലതവണ ഞാന്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങി സിനിമാക്കാര്‍ക്ക് പേരുദോഷം കേള്‍പ്പിച്ചു .. പിന്നെ തമ്മനം ഷാജി, ഗുണ്ടുകാട് സാബു ,''പൂത്തോട്ട നവീന്‍'' എന്നിവരെപ്പോലെ ഞാനും കുപ്രസിധനായി ...



എന്റെയാ നല്ല കാലം അനിക്സ്പ്രയുടെ പരസ്യം പോലെയും ആയി ''..... പൊടി പോലുമില്ല ,കണ്ടുപിടിക്കാന്‍...''


പെട്ടന്നായിരുന്നു എന്റെ അന്തകന്റെ റോളില്‍ സീഡി ചേട്ടന്‍റെ രംഗപ്രവേശം ...
തകര്‍ന്നു പോയി ഞാന്‍ ...


അവസാനം ഞാന്‍ വെറും ''ശശി'' ആയി..


ഞാന്‍ എല്ലായിടത്തു നിന്നും '' ഗെറ്റ് ഔട്ട്‌ ഹൌസ്'' ആയി ...


എന്‍റെ വയറു കീറി കുടല്മാല പുറത്തെടുത്ത് നിങ്ങള്‍ ഗരുഡന്‍ തൂക്കം നടത്തി...


പിന്നെ അത് വെറും കൊന്നപ്പത്തലില്‍ നാട്ടിവച്ചു നിങ്ങള്‍ ചെമ്മീന്‍ ഉണക്കിയെടുത്തു ... ഹും...പെറ്റ തള്ള സഹിക്കൂല്ല ....



അതും പോരാഞ്ഞു തെക്കോട്ടും വടക്കോട്ടും വലിച്ചു കെട്ടി നിങ്ങള്‍ കാക്കയില്‍ നിന്നും കൊപ്രക്കൊത്തുകള്‍ സംരക്ഷിച്ചു ..


ഇപ്പൊ ആക്രിക്കാര്‍ക്കു പോലും വേണ്ടാതായി എന്നെ ...


''വെടിക്കെട്ടിനിടയില്‍ പെട്ടു പോയ പട്ടിയുടെ അവസ്ഥയായി എനിക്ക്... എങ്ങോട്ട് ഓടണമെന്ന് അറിയില്ല''




..ന്‍റെ സബരിമല മുരുഹാ ...

ഇത്രയൊക്കെ അനുഭവിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു?


ഇത് ആ ദൂരദര്ശന്റെയും ആകാശവാനിയുടെയും പ്രാക്ക് തന്നെ .

.. നോ സംശയം ....

ഇതെല്ലാം കണ്ടു സീഡിച്ചേട്ടന്‍ എന്നെനോക്കി കളിയാക്കി പാടി ...

''...ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം .....''

സീഡി ചേട്ടാ ചിരിക്കണ്ടാ...

''ഇന്ന് ഞാന്‍ നാളെ നീ...''

style="text-align: left;">

അടി വരുന്ന ഊടുവഴികള്‍ (നര്‍മ്മം ആണോ അല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കുക

< അന്നും മാറ്റങ്ങളൊന്നും ലവലേശം ഇല്ലാതെ പൂര്‍വാധികം ശക്തിയോടെ തന്നെ പ്രഭാതം പൊട്ടി വിടര്‍ന്നു...

'' മണി എഴായടാ ...... എണീറ്റ്‌ പള്ളിക്കൂടത്തില്‍ പോടാ ചെറുക്കാ...''


...ന്റെ മദറിന്റെ ഭീഷണി കേട്ടാണ് അന്നും ഞാനുണര്‍ന്നത്...


ഉച്ചി മുതല്‍ പാദം വരെ മൂടിയിരുന്ന പുതപ്പു പയ്യെ ഒന്ന് പൊക്കി നോക്കി...

പണ്ടാരമടങ്ങാന്‍... ''ദിവാകരേട്ടന്‍ '' രാവിലെ കണ്ണിലേക്കു തന്നെയാണ് ഫോക്കസ്‌ ചെയ്യുന്നത്...



പുറത്തു ആരോ മുറ്റമടിക്കുന്ന ''സവുണ്ട് '' കേള്‍ക്കാം...

''പൊത്തോം പൊത്തോന്നു '' മടല് തല്ലുന്ന കോമള ചേച്ചീടെ ''പളുക്കോ പളുക്കോ'' എന്നുള്ള സൌണ്ട് കേള്‍ക്കുന്നുണ്ട്‌...

''ക്രോം...കിരോം ക്രോം...കിരോം'' ഡോള്‍ബി സൌണ്ടില്‍ അമ്മ മുറത്തില്‍ ഇട്ടു അരി പേറ്റുകയാ‌ണൂ..

ബ ബ ബ്ബ...... ബ ബ്ബ ബ ... ഇടയ്ക്ക് താവല്‍ കൊടുക്കാന്‍ കോഴികളെ വിളിക്കുന്നുണ്ട്...ചക്കപ്പു‌ഴുക്ക് കണ്ട ഗ്രഹണി പിള്ളാരെപ്പോലെ ഗിരിരാജന്‍ കോഴികള്‍ കുലുക്കി കുലുക്കി ഓടിവന്നു...


'' ....നിങ്ങള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ആകാശവാണിയില്‍ നിന്ന്.... ''
''ഫാതര്‍ജി'' അപ്പരെ റേഡിയോ വച്ചിട്ടുണ്ട്...


കിരി കിരി കിരി ...........കിര്‍ കിര്‍ ........... പോധോം...
ചേച്ചി കിണട്ടീന്നു വെള്ളം കോരുകയാണ് ....


തുരുമ്പെടുതിട്ടും അഹങ്കാരം തീരെയില്ലാതെ ''കപ്പി'' ഇന്നും വല്ലാതെ ബഹളമുണ്ടാക്കി... തൊട്ടി ആണെങ്കിലോ തനി തൊട്ടി.(bucket).....

(കണക്കിന്റെ കാര്യത്തില്‍ ഞാന്‍ ''സുല്ല്'' പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അപ്പുചേട്ടന്റെ ചായക്കടെലെ അപ്പതിലെ കുഴികലോടും..., ഈ തൊട്ടിയിലെ ഓട്ടകളോടും മാത്രമാണ്... ആ ഓട്ട വഴി നോക്കിയാല്‍ അത്യാവശ്യം ഒരു സൂര്യ ഗ്രഹണമൊക്കെ SAFE ആയിട്ട് കാണാം..)

12 റിങ്ങുള്ള കിണട്ടീന്നു ഒരു തൊട്ടി വെള്ളം MAXIMUM EFFORT എടുത്തു കഴിയാവുന്നത്ര സ്പീഡില്‍ കൊരിയാലെ അര തുടമെങ്കിലും മുകളിലെത്തൂ... കപ്പി കാറി കൂവുന്നത് ചുമ്മാതാണോ? ....




ഇനിയും കിടന്ന്‍ ഉറങ്ങിയാല്‍ അമ്മേടെ വായീന്ന് '' സംഗതികള്‍'' തവണ വ്യവസ്ഥയില്‍ കിട്ടുമെന്ന് ബോധം ഉള്ളത് കൊണ്ട്...ഞാന്‍ എന്റെ ''പള്ളിയുറക്കത്തില്‍'' നിന്ന് ഉണരാന്‍ ധ്രിടപ്രതിന്ഞ എടുത്തു..
പുതപ്പു കൈ കൊണ്ട് തട്ടി മാറ്റി....


ന്റെ CONTROL മാതാവേ ..., എവിടെപ്പോയത് ????



കിടന്നപ്പോള്‍ അരയിലുണ്ടായിരുന്നതാണല്ലോ.....?


ആ... ദാണ്ടേ...കട്ടിലിനു കീഴെ ഏറു കൊണ്ട പട്ടിയെപ്പോലെ ചുരുണ്ടു കിടക്കുന്നു...(തെറ്റിദ്ധരിക്കണ്ട... എന്‍റെ ഒറ്റ മുണ്ടാണ് താരം )


മൃഗീയമായ ആ മുണ്ട് പൈശാചികമായി എടുത്തു ... മേ...ക്കോ ..ന്ന് ഞാനങ്ങ് എടുത്തുടുത്തു...


നേരെ കിഴക്കോര്‍ത്തെ ഗവുളിത്തെങ്ങിന്റ്റെ മൂട്ടില്‍ മുണ്ട് പൊക്കി നിന്ന് സകല പാപങ്ങളും ''ഒഴിച്ച് '' കളഞ്ഞു...


നന്ദി സൂചകമായി തെങ്ങ് ഒരു വെള്ളയ്ക്കാ പൊഴിച്ചു..



'' നന്ദിയൊക്കെ കൊള്ളാം... തലയിലെങ്ങാനും വീണിരുന്നെങ്കില്‍ കുനിച്ചു നിര്‍ത്തി ഒരു ''ചാമ്പ്'' തന്നേനെ ഞാന്‍...''


പാവം തെങ്ങ് പേടിച്ചു പോയെന്ന് തോന്നുന്നു...
ക്ഷമാപണമായി, ''കോള്‍ഗെറ്റ് പേസ്റ്റിന്റെ '' കൂടെ കിട്ടുന്ന ''25 ശതമാനം ഫ്രീ'' പോലെ ഒരു പത്തു ശതമാനം പൂക്കുലകള്‍ ലവന്‍ വര്‍ഷിച്ചു....



ഊം... ഗുരുത്വം മനസ്സില്‍ വച്ചാ മതി... പുറത്തു കാണിക്കണ്ട... ഒക്കേ...
(തെങ്ങിനോടാണ് )




പട പട പട..... ശബ്ദം ഉന്നതങ്ങളില്‍ നിന്നാണ് ....
ഞാന്‍ മേലോട്ട് നോക്കി... ഹായ്‌ ചെത്ത് കാരന്‍ ചന്ദ്രേട്ടന്‍...


ചന്ദ്രേട്ടാ... ചെട്ടനെന്തെങ്കിലും കണ്ടോ???


ഇല്ലെടാ...(ഞാനിതെത്ര കണ്ടതാ എന്നാ മട്ടില്‍ )


ഒരു കാലത്ത് ചെത്ത് കാരന്‍ ചന്ദ്രേട്ടന്‍ എന്റെ ആരാധനാ പുരുഷന്‍ ആയിരുന്നു ... വേറൊന്നും കൊണ്ടല്ല .. പുള്ളീടെ SUN SHADE പോലുള്ള മീശയും തടവി അണ്ണാന്‍ കുഞ്ഞിനെ പോലെ തെങ്ങേല്‍ കയറിപ്പോകുന്ന അങ്ങേരു
എന്‍റെ ഹരമായിരുന്നു... ഒരിക്കല്‍ തെങ്ങേല്‍ കേറുന്ന തിയറി ചന്ദ്രേട്ടന്‍ പറഞ്ഞു തന്നു...

കേട്ട പാതി കേള്‍ക്കാത്ത പാതി... ഞാനും വലിഞ്ഞു കയറി ... ഒരു ചില്ലിത്തെങ്ങേല്‍... ഏതാണ്ട് കാല്‍ ഭാഗത്തോളം ചെന്നപ്പോളാണ് ഇറങ്ങാനുള്ള ''തിയറി'` ചോദിയ്ക്കാന്‍ മറന്ന കാര്യം ഓര്‍ത്തത്....


ഇനി ഞാനത് ഒരിക്കലും മറക്കുകയുമില്ല... കവിളെലും നെഞ്ചത്തും ഇപ്പഴുമുണ്ട് ദേശീയ പാത പോലെ നീണ്ടു കിടക്കുന്ന കുറച്ചു സ്മാരകങ്ങള്‍ ...


(അതിന്‍റെ സങ്കടം തീര്‍ക്കാന്‍ ചന്ദ്രേട്ടന്റെ കള്ളും കുടത്തില്‍ കല്ലുപ്പ് വാരിയിട്ടിട്ടുണ്ട് ഞാന്‍...)


ഡാ.... ദോണ്ട്രാ...മ്മടെ മുവാണ്ടന്‍ പൂത്തു... അനിയന്റെതായിരുന്നു അനൌണ്‍സ്മെന്റ് .......


വെറുതെയല്ല മുറ്റത്തു നല്ല മാമ്പൂ മണം.... അത് ഒരു പ്രത്യേക സുഖമാണ് ..''


കിളിന്തു മാവില എന്നും രണ്ടെണ്ണം കഴിച്ചാല്‍ ''സ്വരശുദ്ധി'' വരുമെന്ന് ആരോ പറഞ്ഞത് കേട്ട് ഞാനും തള്ളിക്കീറ്റി അണ്ണാക്കിലേക്ക്.... കൊറേ മാവിലകള്‍ ...!!!


അവസാനം വീട്ടിലെ ''അമ്മുവാട്'' പട്ടിണി ആയതു മാത്രം മിച്ചം...,



എന്‍റെ സ്വരം ഇന്നും ''layland'' വണ്ടി പാലം കയറുന്നത് പോലെ തന്നെ...




കുളക്കരയിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന മൂത്ത മാവെല ഒരെണ്ണം എടുത്ത്‌ ചുരുട്ടി അറ്റം ചവച്ചരച്ചു ഞാന്‍ പല്ലിനോട് വൈരാഗ്യം തീര്‍ത്തു... പിന്നെ പച്ച ഈര്‍ക്കിലി നടുവേ പോളന്നു നാക്കും വടിച്ചു... കുളത്തിലിറങ്ങി വാ കഴുകി നീട്ടിത്തുപ്പി... പരല്‍മീനുകള്‍ പഞ്ചാമ്രിതം കണക്കെ അത് വെട്ടിയടിച്ചു ...ഹായ്‌...



ഹായ്‌... കുളത്തിന്‍റെ ഒത്ത നടുക്ക് ഒരു ആമ്പല്‍ വിരിഞ്ഞു നില്‍ക്കുന്നു...
പിന്നെ അത് പറിക്കാന്‍ കരയില്‍ കിടന്ന പുല്ലില്‍ പിടിച്ചു തൂങ്ങിക്കിടന്ന് ആമ്പലുമായി ''തൊട്ടു തൊട്ടില്ല'' കളിക്കുകയാണ് ഞാന്‍.


പെട്ടന്ന് ഒരു ''പിന്‍വിളി..''.



ടാ...................................



(കുട്ടനായിരുന്നു അത് ,.........ന്റെ ബെസ്റ്റ് ഫ്രെന്ടാ..).




ഓര്‍ക്കാപ്പുറത്തുള്ള ആ ''അപാര വിളി'' കേട്ട് ''A B T parcel service '' ലോറിയുടെ സൈഡില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹനുമാന്‍ജിയെ പ്പോലെ ഒരു ''പുല്ലു'' മലയും കയ്യിലേന്തി ഞാന്‍ ഞാന്‍ കുളത്തിനെ ആഴങ്ങളില്‍ പറക്കുകയായിരുന്നു...ഒരു വിധത്തില്‍ എങ്ങനെയോ തപ്പി തടഞ്ഞു കരയ്ക്ക്‌ കയറിപ്പറ്റി... ശകലം വെള്ളം കുടിച്ചു എന്നത് സത്യം...

മുണ്ട് മുഴുവന്‍ നനഞ്ഞു. അക്കാലത്ത് ''ഷഡ്ജം'' ഇടുന്ന ദുശീലം എനിക്കില്ലാതിരുന്നതിനാല്‍ അത് മാത്രം നനഞ്ഞില്ല... !!!



ഞാന്‍ ചുറ്റും നോക്കി..'' ഈ കുട്ടനെവിടെപ്പോയി ....?''


പിന്നെ ഞാന്‍ എന്നെത്തന്നെ ഒന്ന് നോക്കി ... ''മഴ' നനഞ്ഞ കോഴിയെ'' ആണ് എന്‍റെ ''പര്യായ പദമായി'' എനിക്ക് തോന്നിയത്????

കര്‍ത്താവേ...!! ഈ കോലത്തില്‍ വീട്ടില്‍ ചെന്നാല്‍ മുറ്റത്തെ പേരവടിക്കു പണിയാകും എന്നറിയാവുന്നതിനാല്‍., ഓടി ഞാന്‍ അഭിലാഷിന്റെ വീട്ടിലേക്കു...(...ന്‍റെ വേറൊരു ഫ്രെന്ടാ )

അവന്റെ അമ്മ പിന്നാമ്പുറത്തു നിന്ന് തേങ്ങ അരയ്ക്കുന്നുണ്ട്... ആശ (ലവന്‍റെ പെങ്ങ്ലാ ) അലക്ക് കല്ലേല്‍ ഇരുന്നു ആരോ നിര്‍ബന്ദിച്ചു ചെയ്യിക്കുന്ന മുഖ ഭാവത്തോടെ പല്ല് തെയ്ക്കുന്നുണ്ട്...

ഈ രണ്ടു ശത്രുക്കളും കാണാതെ വേലി നൂണ്ടു കയറി അവനെ വിളിച്ചു തോര്‍ത്തു സങ്കടിപ്പിച്ച് തല തോര്‍ത്തി... പിന്നെ വിശാലമായ ''പള്ളിക്കുളിക്ക്'' വേണ്ടി ഒരു ലൈഫ് ബോയ്‌ സോപ്പിന്‍ കഷ്ണവും ചകിരിയുമായി പഴയ ലോക്കെഷനിലെക്ക്....



പെട്ടന്നാണ് ഒരു ബഹളം ശ്രദ്ധയില്‍ പെട്ടത്... അയലോക്കക്കരെല്ലാം മ്മടെ കുളക്കടവിലോണ്ട്...


''കുട്ടന്‍'' കാറിപ്പൊളിച്ചു കരയുന്നുമുണ്ട് . ......!!!


എന്ത് പറ്റി...!! ഇനി അവന്റെ അമ്മൂമ്മയോ മറ്റോ?????


ഏയ്‌ ... അതാവാന്‍ വഴിയില്ല... !!


എന്തായാലും കാര്യം അറിഞ്ഞിട്ടു തന്നെ ...ബാലരമയിലെ ശിക്കാരി ശമ്പുവിനെപ്പോലെ മൂക്കത്ത്‌ വിരലും വച്ച് ആള്കൂട്ടത്തിനിടയിലൂടെ തലയിട്ടു നോക്കി...


മൂന്നാലു പേര്‍ കുളത്തില്‍ ''മുങ്ങാംകുഴി'' ഇട്ടു കളിക്കുകയാണ്...


പക്ഷെ കുട്ടന്‍ കരയുന്നതിന്റെ ''ഗുട്ടന്‍സ്‌'' പിടി കിട്ടിയില്ലല്ലോ?


ടാ... കുട്ടാ...

.(
ഇടറിയ സ്വരത്തില്‍; ഞാന്‍ പിന്നീന്ന് വിളിച്ചു... )

പെട്ടെന്ന് ചിലരൊക്കെ തിരിഞ്ഞു നോക്കി...



നോക്കിയവരെല്ലാം ഏതാണ്ട് ''ഐസ്സക് ന്യൂട്ടനെ'' നേരില്‍ കണ്ട പോലെ എന്നെ നോക്കുന്നു...



ഡാ... തോമാച്ചാ,,,,. അലീ..കേറിപ്പോരെടാ... ''മൊതല് '' ഇങ്ങെത്തി...

പറഞ്ഞത് അമ്മാവനായിരുന്നു... ...




പെട്ടന്ന് ''ടമാര്‍ .. പടാര്‍'' എന്നൊരു ഒച്ച കേട്ടാണ് തിരിഞ്ഞു നോക്കിയത്...

സംശയിക്കേണ്ട കീറ് കൊണ്ടത് കുട്ടനായിരുന്നു.... ( by അവന്‍റെ അച്ഛന്‍)


''കളം കലിപ്പാണ്‌'' എന്ന് മനസ്സിലായതും ''തോമസ്സുകുട്ടീ... വിട്ടോടാ '' എന്നും പറഞ്ഞു കിഴക്കോട്ടു ഒടനമെന്നുണ്ടായിരുന്നു... ബട്... അതിനു മുന്നേ പെടലിക്ക്‌ പിടി വീണു...


പിന്നെയെല്ലാം നാരായണ ജയ..... നാരായണ ജയ...!!!!


ഓര്‍മ്മ വന്നപ്പോള്‍ തുടയില്‍ നല്ല നീറ്റലുണ്ടായിരുന്നു..
കവിളത്ത് കണ്ണീര്‍ ഉണങ്ങിയ പാടും....



മുട്ടത്തു കുറച്ചു ഉതിര്‍ത്തിട്ട പച്ച പേരയിലകള്‍ കണ്ടപ്പോള്‍ താടിക്ക് കയ്യും കൊടുത്തിരുന് അന്ന് ഞാനാലോചിച്ച ആ ഡയലോഗ് ആണ്..., ഇന്ന് ''അയ്യപ്പ<</b>i>ബൈജു'' ഫേമസ് ആക്കിയത്...



''അടി വരുന്ന ഓരോ വഴികളെ ''


(എന്നാലും കുട്ടന്‍ എന്‍റെ വീട്ടില്‍ ചെന്ന് പറഞ്ഞ ആ ടയലോഗ് എന്തായിരിക്കും ???????) suspense... hihi hi hi/.....




ഇന്ന് ആ കുളം അവിടെയില്ല... എല്ലാം മണ്ണിട്ട് നികത്തി...
പക്ഷെ എന്നെ തല്ലു കൊള്ളിച്ച ആ പേരമരം ഇന്നും അവിടെയുണ്ട്....
അതീന്നു ഒരു പെരയില പോലും പറിച്ചു തിന്നാനാവാതെ ...
'ഇന്നിവിടെ 'കുബ്ബൂസ്'' കായ്ക്കുന്ന മരുപ്പച്ചകള്‍ക്കിടയില്‍ ''ഷവര്‍മ്മ''യും കടിച്ചിരിക്കുമ്പോള്‍ വീണ്ടും തെളിഞ്ഞു വരുന്നു എന്‍റെ കവിളത്ത്

''ആ കണ്ണീര്‍ ഉണങ്ങിയ പാട്
''



..

.''''അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു... നല്ലതാണെങ്കിലും ചീത്തയാണെങ്കിലും''''

കുഞ്ഞളിയനും രാജീവ്‌ഗാന്ധിയും പിന്നെ ഒരു തോര്‍ത്തും ... 1



''ദൂരെക്കിഴക്കുധിച്ചു മാണിക്യചെമ്പഴുക്ക.... ഞാനോന്നെടുത്തു വച്ചു........ ''

കോളാമ്പിയിലൂടെയുള്ള പാട്ട് കേട്ടാണ്‌ കലിന്കിന്റെ മേലെ കാലിന്‍റെ മേലെ കാലും കേറ്റി മൂക്കില്‍ വിരലും ഇട്ടു പാക്കരന്‍ റോട്ടിലേക്ക് നോക്കിയത് .....

...... രണ്ടു സൈഡിലും മുട്ടന്‍ ബാനരുകളുമായി ഒരു ഒറ്റക്കണ്ണന്‍ ലാമ്പി ഓട്ടോറിക്ഷ ..... മുകളില്‍ പുറം തിരിഞ്ഞിരിക്കുന്ന രണ്ടു കോളാമ്പി മൈക്കുകള്‍... അതിര്‍ത്തിയില്‍ ഉന്നം പിടിച്ചു നില്‍ക്കുന്ന പട്ടാളക്കാരെപ്പോലെ ഹാന്‍ഡില്‍ പിടിച്ചു ... നെഞ്ചും കുഴി കാണാന്‍ പാകത്തിന് ഷര്‍ട്ടിന്റെ ബട്ടന്‍ തുറന്നിട്ട് വളരെ ശ്രദ്ധയോടെയാണ് പാച്ചു ഓട്ടോ ഓടിക്കുന്നത് ‌ ....ഇടയ്ക്ക് ACCILARATORIL ഒന്ന് പിടി മുറുക്കും . APPO കണക്കു സാറുമ്മാര്‍ പിള്ളാരുടെ ചെവിക്കു പിടിക്കുമ്പോള്‍ സറുമ്മാരുടെ മുഖത്ത്‌ തെളിഞ്ഞു വരുന്ന മാതിരി ഒരു മ്ലേച്ച ഭാവം പാച്ചൂന്‍റെ മോന്തയിലും കാണാം...

പുറകിലെ സീറ്റില്‍ അന്നൌന്സര്‍ വിമലന്‍ ചേട്ടന്‍ ഡിക്ഷ്ണറി കണ്ടിട്ടില്ലാത്ത വാക്കുകളുമായി വാചക കസര്‍ത്ത് നടത്തുകയാണ്...


'' ഇന്ന് മൂന്നു മണിക്കുള്ള മാറ്റിനിയോടു കൂടെ ചരിത്രം ഉറങ്ങുന്ന സിനിമാക്കൊട്ടകയായ ചെമ്പു ''സരിഗ'' യുടെ തിരശീലകളെ പുലകച്ചാര്‍ത്തനിയിച്ചു കൊണ്ട് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ചിരിയുടെ മാലപ്പടക്കങ്ങളുമായി വീണ്ടും..



;;....എന്റെ വെറ്റില തമ്പ്പോലത്തില്‍ ..................................''

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരു കമനീയ ചലച്ചിത്രകാവ്യം ..
.
...ചിത്രം ... ചിത്രം... ചിത്രം....'

കാണുവിന്‍ കണ്ടാസ്വതിക്കുവിന്‍...

ഇടയ്ക്കിടയ്ക്കിടയ്ക്ക് ഓരോ പിടി നോടീസ്‌ വിമലണ്ണന്‍ പുറത്തേയ്ക്ക്‌ ഇടുന്നുണ്ടായിരുന്നു ... ഫുഡ്‌ കണ്ട സോമാലിയക്കാരെ പ്പോലെ വള്ളിക്കളസം ഇട്ട കൊറേ പിള്ളാര് ഒരു ജാഥ പോലെ തൊട്ടു പുറകില്‍.....


അതിന്റെയും പുറകിലായി ദാണ്ടേ വരുന്നു നമ്മുടെ ഗധാനായകന്‍...


സീസി അടഞ്ഞു തീരാറായ ഒരു റാലി സൈക്കിളില്‍ ''മോഹിനിയട്ടികള്‍'' പിടലി വെട്ടിക്കുന്നത് പോല്‍ ശരീരം മുഴുവന്‍ റൈറ്റും ലെഫ്ടും ഇട്ട് കഷ്ടപ്പെട്ട് ചവിട്ടി വരുന്ന P.K വാസു അതായത് പോക്കപ്പരമ്പില്‍ കുമാരന്‍ മകന്‍ വാസു.... '''കുഞ്ഞളിയന്‍''' എന്ന തൂലികാ നാമത്തില്‍ പ്രശസ്തന്‍ , പതിഞ്ഞ മൂക്കും എണ്ണ വറ്റാത്ത ചുരുളന്‍ തലമുടിയും മാസ്റ്റര്‍ പീസ്‌ ആയിട്ടുള്ള കക്ഷിക്ക് നന്നേ പൊക്കം കുറവാണ്... എന്നാലും കോണി വച്ചാണെങ്കിലും സൈകിളില്‍ എന്തിക്കയറും... രണ്ടു പെടലിലും ഒരുമിച്ചു കാല്‍എത്തത്തില്ല എന്നാലും പാടത്ത് ചക്രം ചവിട്ടികറക്കുന്നത്‌ പോലെ റൈറ്റ്‌ കാലു കൊണ്ട് ഒരു പെഡല്‍ തള്ളിയങ്ങു വിടും ... അറ്റ്‌ ദ സെയിം ടൈം മറ്റേ പെഡല്‍ ലെഫ്റ്റ് കാലില്‍ ടചിയിട്ടുണ്ടാവും...

.... ഒത്താ ഒത്തു.... അതെ പറയാന്‍ പറ്റൂ...

കുഞ്ഞളിയന്റെ സൈക്കിള്‍ പ്രകടനം കാണാന്‍ നമ്മടെ അയാള്‍ സംസ്ഥാനങ്ങളായ പുത്തന്‍കാവ്‌ . കാഞ്ഞിരമറ്റം, കാരപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നും ആരാധകര്‍ എത്തിയിരുന്ന കാലം ഉണ്ടായിരുന്നു... സൈക്കിള്‍ ചവിട്ടിപ്പോകുന്ന കുഞ്ഞളിയന്റെ പുറകില്‍ നിന്നുള്ള ഒരു WIDE ANGLE SHOT കണ്ടാല്‍ ബെല്ലി ഡാന്‍സ്കാര്‍ താടിക്ക് കൈ കൊടുത്ത് പോകും... ഒരിക്കല്‍ ഈ പെര്‍ഫോമന്‍സ്‌ കണ്ട ഒരു മദാമ്മ അഭിപ്രായപ്പെട്ടത്...

''ഈവെന്‍ ദ DELIVERED മദര്‍ കാണ്ട് അഫോര്ട്ട് ദിസ്‌ '' എന്നാണു... (പെറ്റ തള്ള പോലും സഹിക്കൂല്ല എന്നാണ് ഉദേശിച്ചത്‌... )

സമുദ്രനിരപ്പില്‍ നിന്നും മിനിമം ഒരു രണ്ടടി ഉയരത്തിലായിരിക്കും കുഞ്ഞളിയന്റെ GROUND ക്ലിയറന്‍സ് ബട്ട്‌ എന്തൊക്കെ പറഞ്ഞാലും കുഞ്ഞളിയന്റെ മൈലേജിന്റെ കാര്യത്തില്‍ CT 100 വരെ സുല്ല് പറഞ്ഞു പോകും . സൈക്കിളില്‍ അന്റാര്‍ട്ടിക്കയ്ക്ക് പോകാനും പുള്ളി റെഡി ... ബട്ട്‌ ഒരു കണ്ടീഷന്‍ ഷര്‍ട്ട് ഇടത്തില്ല... കൊല്ലത്തില്‍ രണ്ടേ രണ്ടു തവണ മാത്രമേ കുഞ്ഞളിയന്‍ ഷട്ടിടൂ... ഒന്ന് വൈക്കത്തഷ്ടമിക്കും പിന്നെ പാര്‍ടീടെ ജില്ല സമ്മേളനത്തിന് പോകുമ്പോളും ...

.ജന്മം കൊണ്ട് ഒരു കറതീര്‍ന്ന സഖാവാണ് എങ്കിലും , LTT ക്കാര്‍ക്ക് വരെ കാര്യമാണ് അളിയനെ..

പണ്ട് രാജീവ്‌ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ നാട്ടുകാരിലൊരാള്‍ ഒരു പൂമാലയും കൂടെ ഒരു വെള്ള തോര്‍ത്തും സമ്മാനിച്ചു... അദ്ദേഹം അത് വിനയ പൂര്‍വ്വം സ്വീകരിച്ച ശേഷം തോര്‍ത്തു ജനങ്ങളുടെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തു...

ആ തോര്‍ത്തിന്റെ സമയദോഷം നോക്കണേ...? ചെന്ന് വീണത്‌ മുറുക്കി ചുവപ്പിച്ചുകൊണ്ടിരുന്ന കുഞ്ഞളിയന്റെ നെഞ്ചത്ത്.. തനിക്കു രാജീവ്‌ ഗാന്ധി പെഴ്സനലായിട്ടു തന്നതാണ് എന്നാണ് കക്ഷിയുടെ വാദം.

അടിച്ചു പൂസായി പൂത്തോട്ട ഷാപ്പിന്റെ കഞ്ഞികോണില്‍ താടിയും വച്ചു ഡോബര്‍ മാനെ പ്പോലെ നിലം പറ്റിക്കിടന്നാലും ''ഗാന്ധി'' എന്ന പേര് കേട്ടാല്‍ കുഞ്ഞളിയന്‍ ആ നിമിഷം ഉയിര്‍ത്തെഴുന്നേല്‍ക്കും... തോര്‍ത്തിന്റെ രീലോടെട് കഥയുമായി ......


''എന്റെ പോന്നു രാജീവ്‌ ഗാന്ധീ നിങ്ങക്ക് ആ തോര്‍ത്ത്‌ കയ്യിലെങ്ങാന്‍ വച്ചാല്‍ പോരായിരുന്നോ.. എന്തിനാ വെറുതെ അളിയന് കൊടുത്തത്.. നാട്ടുകാര് ആ തോര്‍ത്തു കഥ കേട്ട് മടുത്തു...

ഈയിടയ്ക്ക് വിവാദ പ്രസംഗത്തില്‍ പെട്ട വരുണ്‍ ഗാന്ധിയെ മുടിവെട്ടുകാരന്‍ ചെല്ലപ്പന്‍ ചേട്ടനും പാല്‍ക്കാരന്‍ പിള്ലെച്ചനുമെല്ലാം തള്ളിപറഞ്ഞപ്പോള്‍ സപ്പോര്‍ട്ട് ചെയ്യാന്‍ കുഞ്ഞളിയനെ ഉണ്ടായിരുന്നുള്ളൂ... അതാണ്‌ ആ തോര്‍ത്ത്‌ ബന്ധം...

പാസ്പോര്‍ട്ടില്‍ OCCUPATION എന്നൊരു കോളം ഉണ്ടായിരുന്നെങ്കില്‍ പാസ്പോര്‍ട്ട് ഓഫീസ്‌കാര് തെണ്ടിപ്പോയേനെ...

കുഞ്ഞളിയന്റെ കുലത്തൊഴില്‍ തെങ്ങുകയറ്റം ആണെങ്കിലും
കക്ഷി രാവിലെ വാസുവണ്ണന്റെ ഷാപ്പില്‍ ഞണ്ട് കറി വയ്ക്കും ,
അവരാച്ചന്റെ വാഴത്തോട്ടം നനയ്ക്കും,
ഉച്ചയ്ക്ക് കക്കാ വാരാന്‍ പോകും .,
വൈകിട്ട് ചൂണ്ടയിടാന്‍ പോകും ,
പിന്നെ പപ്പനാഭന്‍ ചേട്ടന്റെ കൊപ്രക്കളത്തില്‍ തേങ്ങ പൊതിക്കും...
പിന്നെ ഉത്സവത്തിനും പെരുന്നാളിനും കതിനാ നിറയ്ക്കും ..
നാടകത്തിനിടയ്ക്കു ഇന്ജിമ്ട്ടായ്... ഇന്ജിമ്ട്ടായ്... ഇന്ന് വിളിച്ചു നടന്നു ഇഞ്ചി മിട്ടായി വില്‍ക്കും....
സിനിമാ പോസ്റ്റര്‍ ഒട്ടിക്കും...
അങ്ങനെ നീണ്ടു പോകുന്നു കുഞ്ഞളിയന്റെ job discriptions...


എന്തൊക്കെ ആയാലും ഒരു O P R നുള്ള ചില്ലറ ഒത്താല്‍ കക്ഷി അപ്പൊ പണി നിര്‍ത്തും...

ഇതിനിടയില്‍ ഒരു STUDENT ട്രാന്‍സ്പോര്‍ട്ട് സര്‍വീസും ഉണ്ട് അളിയന്... അത് നാട്ടുകാര്‍ക്ക് വേണ്ടിയല്ല... പുള്ളിക്ക് ആണായിട്ടും പെണ്ണായിട്ടും ഒരുത്തനേയുള്ളൂ....(എന്തിനാ അധികം ഇത് പോലൊരെണ്ണം ധാരാളം .എന്ന് പൊതുജന ഭാഷ്യം. )

P.V. ANEESH എന്നാണു സ്കൂള്‍ രെജിസ്റെരിലെ പേര് എങ്കിലും അറിയപ്പെടുന്നത് '' വല്യളിയന്‍'' എന്നാണു... (ഈ പേരില്‍ നിന്നും ഏകദേശം സ്വഭാവം പിടികിട്ടിക്കാനും എന്ന് വിശ്വസിക്കുന്നു.. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ ? )


ഒരുകാലത്ത് നാട്ടിലെ 'തലതെറിച്ച പിള്ളേര്‍'' എന്ന ഒമനപ്പെരുണ്ടായിരുന്ന നമ്മുടെ ഗ്യാങ്ങിനു അവന്റെ ജനനത്തോടെ ഒരു മോചനമായി...

ലവന്റെ പെര്‍ഫോമന്‍സ്‌ വച്ചു നോക്കുമ്പോള്‍ ബോബനും മോളിയും എത്രയോ ഭേതം...???


''തലതെറിച്ചവന്‍ THE WHOLE SQUAIR'' എന്നാണ് വിവരമുള്ളവര്‍ അവനെ വിളിക്കുന്നത്‌...

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മ്മടെ നാട്ടില്‍ ചൂരല്‍ വില്‍ക്കുന്ന ശശി അണ്ണനെ കടയില്‍ കയറി ''വധഭീഷണി'' മുഴക്കിയത്തോട്‌ കൂടി വല്യളിയന്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു കീരിക്കാടനായി മാറി ..

നാലാം ക്ലാസ്സ്‌ വരെ അവനു എസ്കോര്‍ട്ട് ആയി സ്കൂള്‍ വരെ കുഞ്ഞളിയന്‍ വരും (രാവിടെ സുബോധാവസ്ഥയിലും വൈകിട്ട് അബോധാവസ്ഥയിലും )
അച്ഛന്റെ എസ്കോര്‍ട്ട് അവന്റെ സ്വാതന്ത്രത്തിനു ഭീഷണി ആയപ്പോള്‍ സഹാപാടികലായ സജീവ്‌ പി ആര്‍ . രഞ്ജിത് എസ് എന്നിവരടങ്ങുന്ന കൊട്ടേഷന്‍ ടീമിന്റെ ബാന്നെറില്‍ സ്വന്തം അച്ഛന് തന്നെ അവന്‍ ഒരു നൈസ് പണി വച്ചു ..

അന്ന് സ്കൂള്‍ തുറക്കുന്ന ദിവസ്സമായിരുന്നു...
കൊട്ടഷന്‍ സംഖം സ്പോട്ടിലെത്തി കുഞ്ഞളിയന്റെ അടുത്ത്‌ ഭാവ്യതെയോടെ ചോദിച്ചു...?
സാറേ സാറേ ..., സാറ് ഇതു വിഷയമാ പഠിപ്പിക്കുന്നത്?
കുഞ്ഞളിയന്‍ ഇടിവെട്റെട്ട ചില്ലിത്തെങ്ങു പോലെ നിന്ന നില്‍പ്പില്‍ കരിഞ്ഞുണങ്ങി ഒന്ഞു തേഞ്ഞു തൊലിയുരിഞ്ഞു നിന്ന് പോയി...
പക്ഷെ തോല്‍ക്കാന്‍ മനസ്സില്ലതിരുന്നത് കൊണ്ട് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പെട്ടന്നായിരുന്നു..

''മക്കളെ ഞാന്‍ മലയാളം എടുക്കും കണക്കും എടുക്കും ...... പിന്നെ ആളില്ലെങ്കില്‍ രണ്ടു മൂന്നു തെങ്ങേലും കയറും...''.

പോളിറ്റ്‌ ബ്യൂറോയുടെ തെറി കേട്ട പിണറായി അണ്ണന്റെ ജാള്യതയോടെ കൊട്ടഷന്‍ ടീം വലിഞ്ഞു...
അതോടെ കുഞ്ഞളിയനും വല്യളിയനും ''അക്ഷാംശ രേഖാംശ'' രേഖകള്‍ പോലെ രണ്ടു ദ്രുവങ്ങളിലായി ഭ്രമണം തുടങ്ങി..

എന്തൊക്കെയായാലും അതോടെ കുഞ്ഞളിയന്‍ എസ്കോര്‍ട്ട് പണി നിര്‍ത്തി...




തുടരണോ?

...ന്‍റെ ഖല്‍ബിന്‍റെ 'ഫാഗ്യം' ..!!! .ഒരു ഫ്ലാഷ് ബാക്ക്‌!!!



3 ദിവസ്സത്തെ നൈറ്റ്‌ duty യുടെ HANG OVER ല്‍ ഇന്ന് പകല്‍ മുഴുവന്‍ ഞാന്‍ കിടന്നുറങ്ങി... കണ്ണ് തിരുമ്മി മോബീല് എടുത്ത്‌ നോക്കി ''സമയന്‍'' 10.30 PM .

എന്റെ മാതാവേ രാവിലെ പത്തിന് തൊടങ്ങിയതാ .... ഏതാണ്ട് 12 മണിക്കൂറിലധികം ഉറങ്ങിയിരിക്കുന്നു ഈ ഞാന്‍ ...
റൂമില്‍ നല്ല ഇരുട്ടുണ്ട്... പുതച്ചിരുന്ന ബ്ലാന്കെറ്റ്‌ പെരുവിരല് കൊണ്ട് തള്ളി മാറ്റി സമയത്തെ പ്രാകിക്കൊണ്ട്‌ കട്ടിലില്‍ കുത്തി ഇരുന്നു...

അടിവയറ്റിലൊരു വേദന ...????

ഇത് മറ്റേ ശങ്ക തന്നെ... മീശമാധവനില്‍ കൊച്ചിന്‍ ഹനീഫ ചേട്ടന് ഫീല്‍ ചെയ്ത കാറ്റടിച്ചു വീഴുന്ന ആ രണ്ടോ മൂന്നോ തുള്ളി കാറ്റ്‌ അടിക്കാതെ തന്നെ ഞാന്‍ ''അന്തര്‍ധാരയില്‍'' ഫീല്‍ ചെയ്തു തുടങ്ങി...

പിന്നെയും ഉറങ്ങണം എന്നുണ്ടായിരുന്നു... എങ്കിലും ചുമ്മാതെ ''ബെഡില്‍ മുള്ളി '' എന്നാ പേര് ദോഷം കേള്‍ക്കണ്ടല്ലോ എന്നാ ഒറ്റക്കാരണം കൊണ്ട് ഇരുട്ടില്‍ തപ്പിത്തടഞ്ഞു ബത്ത്രൂമിലേക്ക് കാറ്റ് വാക്കി... പിന്നെ കൊടിച്ചി DOG മുള്ളുന്നത് പോലെ ഒരു കാലു പൊക്കി വച്ച് അങ്ങ് തൊടങ്ങി ... ......????

പണ്ടാരം ഇത് തീരുന്നില്ലല്ലോ?

ROOM MATES അറിഞ്ഞാല്‍ ആ സെക്കന്റില്‍ ഒരു ''അവിശ്വാസപ്രമേയം'' വരെ പാസ്സാക്കിക്കളയും...
ആകംഷ മൂത്ത് ക്ലോസ്സെട്ടിലെക്കൊന്നു കണ്ണോടിച്ചു ...

ഒരുമാതിരി കട്ടന്ചായയില്‍ ക്ലബ്‌ സോഡാ ഒഴിച്ചത് പോലുള്ള കളര്‍...

എന്റെ മതരെ... ദിസ്‌ മച്ച് കോന്‍സെന്‍ട്രേറ്റേഡ് ... അണ്‍വിശ്വസിക്കബിള്‍.....

ആരോഗ്യവിചാരം മൂത്ത് നേരെ അടുക്കളയിലേക്കോടി... ആരോ പകുതിയാക്കി വച്ചിരുന്ന ഒരു കുപ്പി ''പച്ച''വെള്ളം തോള്ളയിലെക്കൊഴിച്ചു ...
റേഷന്‍ കടയിലെ ഗോപിയേട്ടന്‍ ചോര്‍പ്പ് വച്ച് മണ്ണെണ്ണ അളന്നു ഒഴിക്കും പോലെ ആ H2O എന്റെ അന്നനാളവും പരിസരപ്രദേശങ്ങളും കടന്നു ആമാശയത്തില്‍ എത്തി..

ആരാണ്ട്രാ ... അബിടെ ALUMINIUM FOIL PAPER കീറുന്നത്? ചോദ്യം എന്റെ സഹമുറിയന്‍ ശരഫൂന്റെതായിരുന്നു...

എന്റെ പോന്നു സുഹൃത്തെ പേപ്പര്‍ കീറിയതല്ല ''ഒരേമ്പക്കം'' വിട്ടതാണേ..
ക്ഷീണം കൊണ്ടാവണം എമ്പക്കത്തിനൊന്നും പഴയപോലെ ഒരു ''ദ്യുംനത'' കിട്ടുന്നില്ല...

ഹാളില്‍ ആരോ ടിവി വച്ചിട്ടുണ്ട്... ഇന്ത്യാവിഷന്‍ ചരിതം നാലാം ദിവസം ആണ് ഗത... ആട്ടക്കാരന്‍ നികേഷ്‌ കുമാര്‍ അണ്ണന്‍ ഒരു തോള് ചരിച്ചിട്ട് മുട്ടുകൈ മേശപ്പുറത്തു പാര്‍ക്ക്‌ ചെയ്ത് കിടക്കുവാണോ ഇരിക്കുവാണോ എന്ന് കൃത്യമായി പറയാന്‍ പറ്റാത്ത ഒരു വല്ലാത്ത പൊസിഷനില്‍ വാര്‍ത്ത വായിക്കുന്നു..
.
പിണറായി അങ്കിളാണ് ഇന്നത്തെ ഇര..
.
വാഗ്വാദം പൊടിപൊടിക്കുന്നു.
..
ടിവിക്ക് മുന്നിലെ കാര്‍പെറ്റില്‍ ഹച്ചിന്റെ പരസ്യത്തിലെ പട്ടിയെപ്പോലെ താടി തറയോടു ചേര്‍ത്തുവച്ചു പേര് വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത എന്റെ വേറൊരു സഹമുറിയന്‍ അനൂപ്‌...


ഒടുക്കത്തെ രാഷ്ട്രീയ വിഞാനമാണ് ഈ അളിയന്..
.
എട്ടാംക്ലാസ്സിലെ ഉപന്യാസമല്സരത്തില്‍ '' കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായിരുന്നു സഖാവ് ഇന്ദിരാഗാന്ധി'' എന്നെഴുതി ജനശ്രദ്ധ ചോദിച്ചു മേടിച്ച മൊതലാണ് ഇദ്ദേഹം...

സ്കൂള്‍ പരീക്ഷയിലെ ചേരുംപടി ചേര്‍ക്കുക എന്നാ പംക്തിയിലൂടെ സി.വി. രാമനെ ''വനംവകുപ്പ് മന്ത്രി'' ആക്കിയതും ഈ.റ്റി.. മുഹമ്മദ്‌ ബഷീറിനെ ''ഗണിതശാസ്ത്രന്ജന്‍'' ആക്കിയതും മറ്റാരുമല്ലായിരുന്നു...

NATIONAL എന്ന വാക്ക് നാട്ടിയോനാല്‍ എന്ന് വായിക്കാന്‍ അവനു മാത്രമേ പറ്റൂ...
അവന്റെ കൂടെ അഞ്ചു മിനിട്ട് തികച്ചിരുന്നാല്‍ സാക്ഷാല്‍ സലിംകുമാറിന്റെ വരെ ചിരിവള്ളി പൊട്ടിപ്പോകും... എന്നറിയാവുന്നതിനാല്‍ ഞാന്‍ നേരെ അടുക്കളയിലേക്കു കയറി...
നല്ല വിശപ്പുണ്ട്...
ചോരിരിപ്പുണ്ട്... ബട്ട്‌ കറി ഒരു .''......''റിയും ഇല്ല...
ഇനി അടുത്ത റൂമില്‍ പോയി തെണ്ടണം...
ഉല്ലാസ്സിന്റെ മീന്‍ കറിയെ വായ്തോരാതെ പുകഴ്ത്തി അവന്റെ റൂമില്‍ ചെന്ന് ശകലം ഒപ്പിച്ചെടുത്തു...
ശകലം തൈര് കിട്ടാന്‍ വഴി എന്തെങ്കിലും... ..?????
ആകാഷ്മയോടുള്ള എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് കൊടുങ്ങല്ലൂര് കാരന്‍ പ്രശാന്ത്‌ ആയിരുന്നു...

''ഉവ്വ ഉവ്വ ... നേരെ താഴോട്ടിറങ്ങി വടക്കോട്ട്‌ നടന്നാല്‍ ബക്കാല ആയി ...
തൈരും .''....'' രും എല്ലാം കിട്ടും...

ഇനിയും അവിടെ നിന്നാല്‍ ലവന്‍ ദേശസ്നേഹം കൂടി ഭരണി പ്രയോഗങ്ങള്‍ നടത്തും എന്നറിയാവുന്നതിനാല്‍ മെല്ലെ അബിടന്നു സ്കൂട്ട് ആയി...(വേറെഒരു റൂമിലും തൈര്ഇല്ലെങ്കില്‍ പിന്നെ സ്വന്തം റൂം തന്നെ ശരണം ... അല്ല പിന്നെ. . )
സ്വറൂമിലും എന്റെ തൈരന്വേഷണ പരീക്ഷണങ്ങള്‍ തുടര്‍ന്ന്... ഫ്രിഡ്ജ്‌ തൊറന്നു നോക്കി...
ടോണ്ട്രാ... സൈഡ് ഡോറില്‍ നിന്നും ഒരു പട്ടക്കുപ്പി എന്നെ ഏറു കണ്ണിട്ടു നോക്കുന്നു...
''വെള്ളാനകളുടെ നാട് '' എന്ന സിനിമയിലെ പപ്പു അണ്ണന്റെ ദയലോഗ് ആണ് ആദ്യം പറയാന്‍ തോന്നിയത്...


'' ഇപ്പ സ്സരിയാക്കിത്തരാം...

നവീനെ നീയാ ചെറിയേ ഗ്ലാസ്സിങ്ങേടുത്തെ...

പണ്ടേ EXTRA അനുസ്സരണ ശീലമുള്ള നവീന്കുട്ടന്‍ ഗ്ലാസ്‌ കൂടാതെ ഐസും സ്പ്രൈറ്റും എല്ലാം നിരത്തി...

പിന്നെയങ്ങോട്ട്... MY DIL GOES HMMM HMMM HMMM ....

കണ്ണിറുക്കി അടച്ചു നാക്ക് കൊണ്ട് അണ്ണാക്കില്‍ ഒരു പടക്കം പൊട്ടിച്ചു പിന്നെ നടുവിരല് കൊണ്ട് മീന്‍ ചാര്‍ തോണ്ടി നാക്കിന്റെ മര്‍മ്മത്ത് തേച്ചു..

സപ്പനോം കി സിന്തകി കഭി കഥം ഹോ ജാതീ ഹി...

വായീന്ന് ഹിന്ദിയും ഇന്ഗ്ലീഷും നല്ല പുട്ട് പോലെ വരുന്നു...

''നോ അവൈലബിള്‍ മദ്യം ഇന്‍ ദ ജങ്ക്ഷന്‍ ഓഫ് കുവൈറ്റ്‌ സര്‍ക്കാര്‍ യുവര്‍ ഫാതെര്‍ യുവര്‍ ഫാതര്‍'' ...(മദ്യനിരോദനം നടപ്പിലാക്കിയ കുവെയിറ്റ് സര്‍ക്കാരിന്റെ തന്തയ്ക്കു വിളിച്ചതാണ് )


വാറ്റ് ഡ്രിങ്കി ഡ്രിങ്കി മൈ വിഷന്‍ പോയാല്‍ ഹൂ വില്‍ സെ പീസ്‌?( വാറ്റ്കുടിച്ചു കുടിച്ചു എന്റെ കാഴ്ച പോയാല്‍ ആര് സമാധാനം പറയും...)
കാട്ടറബികളുടെ ഓരോ നിയമങ്ങള്‍ ....

സമയം കൊറേ ആയീന്നു തോന്നുന്നു... റൂമിലെ ലൈറ്റ് ഓഫായിരിക്കുന്നു... (ഞാനും )


ബെട്രൂമില്‍ നിന്ന് കേട്ട ശര്ഫൂന്റെ കൂര്‍ക്കം വലി എന്നെ അങ്ങോട്ട് ആകര്‍ഷിച്ചു . ഞാന്‍ ലൈറ്റ് ഇട്ടു .. ലവന്റെ മുഘത്ത്‌ വല്ലാത്ത ഒരു നിരാശ . ബെടിന്റെ അരികില്‍ ''ലാപ്‌'' ഓണായി കിടക്കുന്നുണ്ട്‌... ഞാന്‍ സ്ക്രീനിലേക്ക് നോക്കിയപ്പോ കണ്ട മെസ്സജ് ഇതാണ്...

''PROHIBITTED ACCESS ''


ചുമ്മാതല്ല .. നിരാശ..... ഗൊച്ചു ഗള്ളന്‍ ...


തൊട്ടപ്പുറത്തെ ബെഡ്ഡില്‍ ജോബി ഒരു തലയിണയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നു... അവനെ DISTURB ചെയ്യണോ അതോ തലയിണയെ ദിസ്ടുര്ബ് ചെയ്യണോ എന്ന കണ്പൂശനില്‍ ആയിരുന്നു ഞാന്‍...

പെട്ടെന്ന് പോക്കറ്റീന്നു ഒരു ബഹളം...
''തോമസ്സ് കുട്ടീ ... വിട്ടോടാ... ''(റിംഗ് ടോണ്‍ ആണ്...)

'' KUTTAN CALLING...''

നാട്ടിലെ എന്റെ ബെസ്റ്റ് ഫ്രെന്റാണ് ഈ നട്ടപ്പാതിരാത്രിക്ക് മിസ്കാള്‍ വിട്ടു കളിക്കുന്നത്...

ഈ ക്നാപ്പന് ഒറക്കം ഒന്നും ഇല്ലേ?

എന്റെ ... ''യാഹൂ മെസ്സെന്ചെര്‍'' മുത്തപ്പന് ഉച്ചത്തില്‍ ഒരു ശരണം കൊടുത്ത് തിരിച്ചു വിളിച്ചു...

ഡാ എന്ത് പട്ടീടാ കുട്ടാ... ?
...................................

മറുപടിയില്ല....


നല്ല വെള്ളവാണല്ലേ ?

അവിടന്നും ഇവിടന്നും ചോദ്യം ഒരുമിച്ചായിരുന്നു,,,

ഉത്തരം ഞാന്‍ പറയണ്ടല്ലോ?

പിന്നെ അവന്റെ പതിവ് പരിഭവങ്ങള്‍... പരാതികള്‍..
.
നീ ഭാഗ്യവാനാടാ ... നിനക്ക് ഗള്‍ഫില്‍ സുഗവാസമല്ലേ?

ഞാനിപ്പഴും ഇവിടെ പശൂനേം കറന്നു തോടും കണ്ടവും നെരങ്ങി
മഴയും വെയിലും കൊണ്ട് തെണ്ടിത്തിരിഞ്ഞു നടപ്പാ അളിയോ...???

എനിക്ക് പറയാന്‍ മറുപടികള്‍ ഒന്നും ഇലായിരുന്നു...

അവന്റെ ഭാഗ്യ സങ്കല്‍പ്പങ്ങളില്‍ ലയിച്ചു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..
.
കഴിച്ച പട്ടയുടെതാണോ എന്നറിയില്ല ഖല്ബ് എന്ന ആ സാധനത്തിനുള്ളില്‍ ഒരു വിങ്ങല്‍...
ബെഡിന്റെ അടിയില്‍ നിന്ന് എന്റെ ഡയറി എടുത്ത്‌
ജൂലൈ 18 ലെ വരയിട്ട താളുകളില്‍ ഞാനിങ്ങനെ കുറിച്ച് വച്ചു...

എത്രയും പ്രിയപ്പെട്ട കുട്ടന്‍ അറിയുന്നതിന്...
നീ പറഞ്ഞത് ശരിയാ....
ഞാന്‍ ഭാഗ്യവാനാ....
ഗള്‍ഫില്‍ ജോലി , AC മുറിയില്‍ താമസ്സം
തിളങ്ങുന്ന കുപ്പായങ്ങള്‍...
നിന്റെ നോട്ടത്തില്‍ ആഡംബര ജീവിതം അറ്മ്മാതം...

പക്ഷെ..., ഇവിടെ എനിക്ക്
കാലത്തെ വിളിചെഴുന്നെല്‍പ്പിക്കാന്‍ അമ്മയില്ല...
നല്ലത് പറഞ്ഞു തരാന്‍ അച്ഛനില്ല...
ഇവിടെ ഞാന്‍ ഉണരാന്‍
കോഴി കൂവാറില്ല... കിളികള്‍ കരയാറില്ല...


ഇവിടെ.....,
എനിക്ക് വേണ്ടി ചെമ്പിപ്പശു പാല്‍ ചുരത്തില്ല...
കടം പറഞ്ഞു കുടിക്കാന്‍ ഇവിടെനിക്ക്
അപ്പൂചെട്ടന്റെ കടയിലെ കട്ടന്‍ചായയും നെയ്യപ്പവും ഒന്നും ഇല്ല....

ഇവിടെ എനിക്ക്.....,
നനയാന്‍ മഴയില്ല .. കുളിര് പുതച്ചുറങ്ങാന്‍ മഞ്ഞില്ല..,
ആരും കാണാതെ ബീഡി വലിച്ചു സൊറ പറഞ്ഞിരിക്കാന്‍
ഇവിടെ പഞ്ചായത്ത് വക കലിന്കുകളില്ല ...
വായനോക്കി നടക്കാന്‍ തുളസ്സിക്കതിര് ചൂടിയ പെണ്പില്ലേരില്ല ..

.
ഇവിടെ എനിക്ക്...,

നീന്തിക്കളിക്കാന്‍ കായലുകളും കുളങ്ങളുമില്ല...,
തോര്‍ത്തിട്ടു പിടിക്കാന്‍ പരല്‍ മീനുകളും...
കൊരിക്കുടിക്കാന്‍ കിണര്‍ വെള്ളമില്ല
കല്ലെറിഞ്ഞു വീഴ്ത്താന്‍ കണ്ണിമാങ്ങകളും...

കുട്ടാ... നീയെങ്കിലും അറിയുക... എന്റെയീ ഇല്ലായ്മ്മകള്‍...

ശീതീകരിച്ച മുറിയുടെ വെള്ളയടിച്ച്ച നാല് ചുവരുകള്‍ക്കുള്ളില്‍ എനിക്ക് സ്വന്തമായുള്ളതും ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നതും എന്റെ തലയിണ മാത്രമാണ് ...
ചിലപ്പോ ഞാനതിനു അമ്മയെന്ന് പേരിടും ... ചിലപ്പോ അച്ഛനെന്നും... പിന്നെ കുട്ടനെന്നും അമ്മുവെന്നും എല്ലാം...

ചിലപ്പോ തലയിണ ചേര്‍ത്ത് വച്ചു ഞാന്‍ പൊട്ടി ചിരിക്കും ...
ചിലപ്പോ പൊട്ടിക്കരയും...

എന്നിട്ടും നീ പറയുന്നു ഞാന്‍ ഭാഗ്യവാനെന്നു...
എന്റെ കണ്ണില്‍ നീയാടാ ഭാഗ്യവാന്‍,,, ...
നിന്റെ കണ്ണില്‍ ഞാനും...
അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരപ്പച്ച.........

അളിയാ... എന്റെ കെട്ടറങ്ങി... സമയം 5.30 am.
ഇനി ഞാനുറങ്ങട്ടെ ... ന്റെ തലയിണയും കെട്ടിപ്പിടിച്ചു...
bye ....good morning... hi hi hi hi...

Monday, July 13, 2009

മഴയുടെ കാമുകന്..


b>

പ്രിയപ്പെട്ട വിക്ടര്‍...

അന്നും മഴ പെയ്തു.. ഇടി വെട്ടി കൊള്ളിയാന്‍ മിന്നി... ഉരുള്‍ പൊട്ടി...

അതൊന്നും വക വയ്ക്കാതെ
മഴയുടെ നെഞ്ചിടിപ്പുകള്‍ തേടി നീ നടന്നു നീങ്ങിയപ്പോള്‍
കൂടി വന്നത് എന്റെ നെഞ്ചിടിപ്പുകളായിരുന്നു..

എങ്കിലും എന്‍റെ കണ്ണുകള്‍ ഇത് വരെ കാണാത്ത
മഴച്ചിത്രങ്ങള്‍ കട്ടെടുത്തു നീ വരും എന്ന് ഞാന്‍ പ്രതീക്ഷിച്ചു ..

പക്ഷെ .

.. നീ....

പറ്റിച്ചില്ലേ....

അന്നും മഴ പെയ്തു .... വെണ്ണിയാനി മലയിലല്ല .... എന്‍റെ കണ്ണില്‍...
അത് നിര്‍ത്താതെ പെയ്തു... ആ ദിവസം മുഴുവന്‍..

നിന്നെ തേടി പോലീസും പട്ടാളവുമെല്ലാം ദിവസ്സങ്ങള്‍ നടന്നപ്പോളും ഞാന്‍ പ്രാര്‍ത്തിച്ചു... ഈശ്വരാ... കാത്തോണേ...

എന്തെ ഈശ്വരന്‍ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാഞ്ഞേ?

പിറ്റേ ദിവസ്സത്തെ മനോരമ പത്രത്തില്‍ ഞാന്‍ കണ്ടു ഒരു കാലില്‍ മാത്രം ഷൂസുമായി നിന്‍റെ വിറങ്ങലിച്ച ശരീരം... !!!

ആ ചിത്രങ്ങളിലൂടെയും നീ മലയാളിക്കു സമ്മാനിച്ചത്‌ ആത്മസമര്‍പ്പണത്തിന്‍റെ ബാലപാഠങ്ങളായിരുന്നു...

ഒരു പിടി നനവാര്‍ന്ന ഓര്‍മ്മകള്‍ ബാക്കിയാകി നീ മാഞ്ഞു പോയിട്ട്
കൊല്ലം എട്ടു കഴിയുമ്പോഴും

വീണ്ടും എന്‍റെ കണ്ണില്‍ മഴ പെയ്യുന്നു... ചങ്കില്‍ ഉരുള് പൊട്ടുന്നു..
.
നീ കടം തന്ന മഴചിത്രങ്ങള്‍ക്ക് പകരം തരാന്‍ ഈ നിസ്സഹായന്‍റെ കയ്യില്‍ നന്ദി എന്നാ രണ്ടക്ഷരം മാത്രം ബാക്കിയാവുന്നു..
.
ഇനി നീ എന്നെ ഒളികണ്ണിട്ടു നോക്കല്ലേ ഞാന്‍ ഒന്ന് കരഞ്ഞോട്ടെ...