Friday, June 11, 2010

മാങ്ങപറി ചെളികുത്ത് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്



ഒരു ബ്ലോഗ്ഗില്‍ ഇങ്ങനെയൊക്കെ എഴുതാമോ എന്നറിയത്തില്ല.. എങ്കിലും എത്ര നാളെന്നു വച്ചാ ഇങ്ങനെ ഒരു ഭാരം മനസ്സില്‍ കൊണ്ട് നടക്കുന്നത്?
അതുകൊണ്ടു മാത്രം എഴുതാതെ നിവൃത്തിയില്ല ...
ഒരു കടിഞ്ഞൂല്‍ പൊട്ടന്റെ അറിവില്ലായ്മ്മയായി കണ്ടു ആരും ഇത് ക്ഷമിച്ചു തള്ളരുതെയെന്നും കഴിയാവുന്നത്ര പണി നേരിട്ടും അല്ലാതെയും എനിക്ക് തരണമേഎന്നും താഴ്മ്മയോടെ അപേക്ഷിക്കുന്നു..

കുറച്ചു വര്‍ഷങ്ങളായി രാവിലെ കണ്ണ് തിരുമ്മി എഴുന്നേറ്റാല്‍ പ്രഭാതകൃത്യങ്ങളോടൊപ്പം ചെയ്തു പോരുന്ന ഒരു ക്രൂരക്രിത്യമാണ് ഓര്‍ക്കുട്ടില്‍ കമ്മന്റ് ചെക്ക് ചെയ്യുക എന്നത്... എന്നും മുടങ്ങാതെ കമ്മന്റ് ചെയ്തില്ലേല്‍ ദുര്വ്വാസ മഹര്‍ഷി ശാപം ഉണ്ടാകുമത്രേ...

ആദ്യകാലത്ത് കമ്പ്യൂട്ടറിന്റെ കീപാടില്‍ എ ബി സി ഡി തപ്പി നടക്കുന്നതായിരുന്നു എന്‍റെ പ്രധാന വിനോദം .. ഏതു വിവരദോഷിയാണോ കീപാഡ് കണ്ടു പിടിച്ചത്? എ ബി സി ഡി നേരെ ചൊവ്വേ അറിയാന്‍ മേലാത്ത ഒരുത്തനാണ് ആ കൃത്യം ചെയ്തതെന്ന് ഉറപ്പ് .
കയ്യില്‍ കിട്ടിയ അക്ഷരങ്ങളെല്ലാം പെറുക്കിക്കൂട്ടി ഒട്ടിച്ചു വച്ചതാണെന്നു തോന്നും?
'''' കടവന്ത്രയിലും ''ബി'' ചമ്പക്കരയിലും... ഒരു പരസ്പര ബന്ധമില്ലാതെ.. അല്ല പിന്നെ..


പണ്ടൊക്കെ നാട്ടിലോരുത്തനു കല്യാണമായാല്‍ ഓട്ടോക്കാരന്‍ ജയന്‍ ചേട്ടനോ ബാര്‍ബര്‍ ഷോപ്പിലെ പൊന്നപ്പന്‍ ചേട്ടനോ പറഞ്ഞായിരിക്കും ലോകം അറിയുന്നത്... ബട്ട് ഇന്നത്‌ പാടെ മാറി ..,
ഓര്‍ക്കുട്ട് ആ ദൌത്യം ഏറ്റെടുത്തു കഴിഞ്ഞു .
ഒരാള്‍ ഓര്‍ക്കുട്ട് അക്കൌന്റ് തുടങ്ങുമ്പോള്‍ മിക്കവാറും റിലേഷന്‍ഷിപ്‌ സ്ടാറ്റസ് ''സിംഗിള്‍'' എന്നായിരിക്കും... SSLC book ലെ ഫോട്ടോയെക്കാളും വൃത്തികെട്ട ഒരു പ്രൊഫൈല്‍ ഫോട്ടോയും ,
videos മുഴുവന്‍ ബൈക്ക് RACEകളും ''ഷക്കീര'' പാട്ടുകളും ,
albums മുഴുവന്‍ കോളേജിലെ വെള്ളമടി പാര്‍ട്ടികളുടെയും കൂതറ ഡാന്സുകളുടെയും പടങ്ങള്‍ കൊണ്ടും നിറയും ,
''ഈശ്വരി'' ബാറില്‍ വെള്ളമടിച്ച്ചു വാളുവച്ചു കിടന്ന പടം മുതല്‍ ഹോസ്റ്റെലിന്റെ വരാന്തയില്‍ തോര്‍ത്തുടുത്ത്‌ പല്ല് തേച്ചു നില്‍ക്കുന്ന പടങ്ങള്‍ വരെ അങ്ങ് പോസ്ടിക്കളയും അതാണ്‌ ''ബാച്ചി'' ലൈഫ് ..
.
പിന്നെ ഒരു കൊല്ലത്തിനുള്ളില്‍ നിര്‍ത്താതെ 'പച്ച ലൈറ്റ്' കത്തിച്ചും പെണ്‍പിള്ളേരുടെ 'വാക്കത്തി' മോഡല്‍ ഫോട്ടോസിനു വരെ '' നൈസ്'' എന്ന് കമ്മന്റിട്ടും ഏതേലും ഒരുത്തി വലയിലായാല്‍ പിന്നെ relationship satus , committed എന്നാകും , videos എല്ലാം ഹിന്ദി ഇന്ഗ്ലിഷ് റൊമാന്റിക് ആല്‍ബം പാട്ടുകള്‍ കയ്യേറും , പഴയ SSLC ഫോട്ടോയ്ക്ക് പകരം കൂളിംഗ് ഗ്ലാസ് പിടിപ്പിച് പൂച്ചെണ്ട് പിടിച്ച ഒരു പ്രൊഫൈല്‍ ഫോട്ടോയും പ്രത്യക്ഷപ്പെടും..

പിന്നെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു കല്യാണക്കുറിയും വരും ഹോം പേജില്‍... എന്നിട്ട് പഴയ കൂതറ ഫോട്ടോസ് എല്ലാം നിഷ്ക്കരുണം ഡിലീറ്റ് ചെയ്ത് ചരിഞ്ഞും തിരിഞ്ഞും നില്‍ക്കുന്ന കുറച്ചു ബുജി ലുക്ക് ഫോട്ടോസ് ആഡ് ചെയ്യും , [കണ്ടാല്‍ പേടിച്ചു പോകും ]
ചിന്തകന്മാര്‍ വരെ വണ്ടര്‍ അടിച്ചു ചിന്തിച്ചുപോകുന്ന ഒരു ഇടിവെട്ടു ചിന്ത header ആയും പോസ്റ്റും..

പിന്നെ നാലഞ്ച് കൂട്ടുകാര്‍ക്ക് പൊറോട്ടയും കടലക്കറിയും വാങ്ങിക്കൊടുത്തു മൂന്നാല് testimonial ഒപ്പിചെടുക്കും... പിന്നീടങ്ങോട്ട് സകല കളികളും invisible ആയിട്ടായിരിക്കും , പെട്ടന്നൊരു സുപ്രഭാതത്തില്‍ relationship status .., married എന്നാവും പിന്നെ ഒരാഴ്ചത്തേയ്ക്ക് ഒരനക്കവും ഉണ്ടാവില്ല. [busy with honeymoon]
അതിനു ശേഷം പയ്യെ പ്രൊഫൈല്‍ ഫോട്ടോ മാറും , കൊടിമരം പോലെ നെഞ്ചു വിരിച്ചു നിന്നിരുന്ന ഒറ്റരൂപത്തിന്റെ സ്ഥാനത്തു ''താങ്ങായി'' ഒരു സ്ത്രീരൂപവും പ്രത്യക്ഷപ്പെടും..
സ്വന്തം പേരിന്റെ കൂടെ കണ്ടു കിട്ടിയ വാരിയെല്ലിന്റെ പേരും കൂടി എഴുതിച്ചേര്‍ത്താല്‍ ഏറെക്കുറെ പ്രാരംഭ നടപടികളെല്ലാം പൂര്‍ത്തിയാകും..
വരും ദിവസങ്ങളില്‍ സൗകര്യം പോലെ നിര നിരയായി ഫോട്ടോകള്‍ വീണ്ടും അപ്‌ലോഡ്‌ ആയിതുടങ്ങും .
മുടി ചീകുന്നത് മുതല്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതും മസ്സില് പിടിച്ചു താലി കെട്ടുന്നതും കരിക്കിന്‍ വെള്ളം കുടിക്കുന്നതും കോഴിക്കാലുമായി ഗുസ്തി പിടിക്കുന്നതുമടക്കം എന്തിനു , ഫാന്‍ കറങ്ങുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാന്‍ ഒന്ന് മുകളിലേക്ക് നോക്കിയാല്‍ അത് വരെ വരും ഫോട്ടോസില്‍..ഇതെല്ലാം നാട്ടുനടപ്പാനെന്നു കരുതി സഹിക്കാം... ഈ തിരക്കെല്ലാം കഴിഞ്ഞു outdoor photo shoot എന്നൊരു പരിപാടിയുണ്ട്
അതാണ്‌ അണ്‍സഹിക്കബിള്‍ .



ഇതിനു വേണ്ട minimum യോഗ്യതകള്‍ ഫോര്‍ 'ദി വരന്‍ ':


1. ഫ്രെണ്ടില്‍ ആളെ ഇരുത്തി വാഗമണ്‍ , മൂന്നാര്‍ എന്നീ മലയോര പ്രദേശങ്ങളില്‍ സൈക്കിള്‍ ചവിട്ടിയുള്ള മുന്‍പരിചയം .
2. സ്ലോ മോഷനില്‍ ഓടാനുള്ള കഴിവ്
3. കാലുകൊണ്ടു വെള്ളം തെറിപ്പിക്കാന്‍ അറിഞ്ഞിരിക്കണം
4 . മഴവില്‍ നിറങ്ങളുള്ള കുട പിടിച്ചു പോതുജനമാദ്യത്തിലൂറെ നടക്കാനുള്ള ചങ്കൂറ്റം
5. ഭിത്തിയില്‍ കാലു കുത്തി നിന്ന് വയലിനോ ഗിത്താറോ വായിക്കുന്നത് പോലെ അഭിനയിക്കാന്‍ അറിയണം [പോസ്റ്റിലോ തെങ്ങിലോ ചാരിനിന്നായാലും മതി]
6. മണ്ട പോയ തെങ്ങില്‍ ചൂണ്ടി കാണിച്ചു താജ്മഹാല്‍ നേരില്‍ കണ്ട മുഖഭാവം വരുത്തണം [ബാക്കി പണി studio ക്കാര് ചെയ്തോളും ]
7. വഴിയില്‍ കാണുന്ന മൈല്‍കുറ്റിയിലും ബസ്ടോപ്പിലും ഒറ്റയ്ക്ക് ചിരിച്ചു കൊണ്ട് നില്‍ക്കാനുള്ള അപാര കഴിവ് അഭികാമ്യം ...



യോഗ്യതകള്‍ ഫോര്‍ ദി വധു :


1. ഫോടോഗ്രഫെര്‍ എന്ത് പറഞ്ഞാലും അനുസരിക്കുന്ന തങ്കപ്പെട്ട സ്വഭാവം.
2. കുചിപ്പിടി, മോഹിനിയാട്ടം , സിനിമാറ്റിക് ഡാന്‍സ് , 100 meter ഓട്ടം . ഹൈജമ്പ് എന്നിവയിലെല്ലാം പ്രാവീണ്യം തെളിയിച്ച സപ്രിട്ടിക്കറ്റ് [ഗസട്ടെറ്റ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്.. ]
3. എത്ര തെറി കേട്ടാലും '' ഒന്ന് പോ പ്രിഥ്വിരാജേ..'' എന്ന മുഖഭാവം വരുത്തി ചിരിക്കാനുള്ള കഴിവ് മസ്റ്റ്.
4. 5 മീറ്റര്‍ ദൂരത്തു നിന്ന് ഓടി വന്നു കെട്ടിയോന്റെ നെഞ്ചത്ത് വീഴാനുള്ള പരിശീലനം നിര്‍ബന്ധം.
5. പവന് പന്തീരായിരം ആയാലും രണ്ടരക്കിലോയില്‍ കുറയാത്ത സ്വര്‍ണാഭരണങ്ങള്‍ പെടലിയില്‍ കെട്ടിതൂക്കിയിരിക്കണം.
6. സ്വരം പുറത്തു വരാതെ പാടാനുള്ള കഴിവ് അഭികാമ്യം
7. കെട്ടിയോന്റെ തല മടിയില്‍ കിടത്തി ''പേന്‍ '' നോക്കാന്‍ അറിഞ്ഞിരിക്കണം

അങ്ങനെ സ്ടുടിയോക്കാരന്റെ 'ഭാവന''യ്ക്കും 'റോമ'യ്ക്കും 'ശോഭനയ്ക്കുമെല്ലാം' അനുസരിച്ച് ഈ യോഗ്യതകള്‍ കൂടിയും കുറഞ്ഞുമിരിക്കും
ഇപ്പോള്‍ താങ്കള്‍ ചിന്തിക്കുന്നുണ്ടാവും ഈ ഫോട്ടോഗ്രാഫിയും മാങ്ങപറി ചെളികുത്ത് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് എന്ന headingum തമ്മില്‍ എന്താ ബന്ധം എന്ന് ? മേല്‍പ്പറഞ്ഞ യോഗ്യതകള്‍ എല്ലാം പുഷ്പ്പം പോലെ മറികടക്കാന്‍ പാകത്തിന് കുരുട്ടു വിദ്യകളുമായി ഒരു സ്ഥാപനം കുവൈറ്റില്‍ തുറന്നു പ്രവര്‍ത്തിച്ച കാര്യം സസന്തോഷം അറിയിച്ചു കൊള്ളട്ടെ...

അതാണ്‌
''മാങ്ങപറി ചെളികുത്ത് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്''

മൂന്നും നാലും തവണ പെണ്ണ് കെട്ടി വീഡിയോയില്‍ അഭിനയിച്ചു കൂതറ danceലും കൊലചിരിയിലും പരിശീലനം സിദ്ധിച്ച 'മുറ്റ്' അധ്യാപകര്‍ .
വിദ്യാര്‍തികളുടെ സൌകര്യാര്‍ത്ഥം രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായി ദിവസേന മൂന്നു ക്ലാസ്സുകള്‍
നേരിട്ട് വരാന്‍ മുന്‍ ഭാര്യമാരും അഭിമാനവും അനുവദിക്കാത്തവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ...
സീറ്റുകള്‍ പരിമിതം കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപിക്കുക
പ്രൊപ്രൈറ്റര്‍,
മാങ്ങപറി ചെളികുത്ത് ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബ് ,
കുവൈറ്റ്‌ ജങ്ക്ഷന്‍.









[ഈയിടെ വിവാഹിതാരായതും ഇനി ആകാന്‍ പോകുന്നതുമായ എന്റെ എല്ലാ കൂട്ടുകാര്‍ക്കും ആശംസകളോടെ സമര്‍പ്പണം
]