Sunday, April 21, 2013

കുങ്കുമപ്പൂ ഒരു ചെറിയ പൂവല്ല ....!!! ഒരൊറ്റ ചോദ്യം മതി നിങ്ങടെ ജീവിതം മാറ്റി മറിക്കാന്‍ ' എന്ന് സുരേഷ് ഗോപി പറഞ്ഞത് എത്രയോ  ശരിയായിരുന്നു.... 

AD 2012 കളിലാണെന്ന് തോന്നുന്നു , 
കേവലം ഒരു വായുഗുളികയുടെ പോലും വലിപ്പം ഇല്ലാത്ത  ബിക്കി  എന്ന  കോ -ർക്കനാട്ടില്‍ പോയി പെണ്ണ് കെട്ടി  കുവൈറ്റില്തിരിച്ചുന്നിട്ട് പിറ്റേ ദിവസം പള്ളീല്കളക്ഷന്‍ എടുത്തു കൊണ്ടിരുന്ന പരിശുദ്ധനായ  
എന്നെ നോക്കി പുറപ്പെടുവിച്ച  '' നീ ഇങ്ങനെ നടന്നോട്ട്രാ  '' എന്ന പുച്ചത്തോടെയുള്ള  സ്റ്റേറ്റ്മെന്റ് ആണ് 'വിവാഹത്തെ' കുറിച്ച് എന്നെ ഗാഢമായി ചിന്തിപ്പിച്ചത്

മെൻസ് ഹോസ്റ്റലിലെ  ദാരിദ്ര്യം വന്ന അടുക്കളയും സഹമുറിയന്മാർ ഊതിവിട്ട  മാൾബറോയുടെ കടുപ്പം കൂടിയ പുകച്ചുരുളുകളും എം ബി സി ചാനലിലെ ആക്ഷൻ  മൂവീസും എല്ലാം മടുത്തു തുടങ്ങിയിരിക്കുന്നു . ഒന്ന് പെണ്ണ് കെട്ടിയിട്ടു വേണം കുങ്കുമപ്പൂവും അമ്മക്കിളിയുമൊക്കെ  കണ്ട് അർമ്മാദിക്കാൻ , തൊണ്ണൂറ്റിയെട്ടിലെ  വേൾഡ് കപ്പിന്റെ സമയത്തായിരുന്നു ഞങ്ങടെ വീട്ടിൽ ടീവി മേടിച്ചത് . അപ്പൊ    അർജന്റീനയുടെ  കളി കാണാൻ ട്യൂഷൻ ക്ലാസ് കട്ട് ചെയ്ത് ഓടിപ്പാഞ്ഞ് വീട്ടിലെത്തിയപ്പോ അയലോക്കക്കാരെയും കൂട്ടി  മധു മോഹൻ  ചേട്ടന്റെ 'മാനസി' സീരിയൽ കണ്ടോണ്ടിരുന്ന മമ്മിയെ കണ്ടപ്പോ എന്റെ മനസ്സിൽ പൊട്ടിയത് ലഡുവും ജിലേബിയുമൊന്നുമല്ലായിരുന്നു . മമ്മിയുണ്ടാക്കിയ  പഴംപൊരി മുഴുവൻ ഒറ്റയ്ക്ക് തിന്നു തീർത്താണ് അന്ന്  ഞാനാ കലിപ്പ് തീർത്തത് . അപ്പോഴെങ്ങാനും മധു മോഹനെ എന്റെ കയ്യിൽ കിട്ടണമായിരുന്നു ,ഉമ്മ വെച്ച് കൊന്നേനെ ഞാൻ . എന്റെ ഒറ്റയൊരുത്തന്റെ  പ്രാക്ക് കൊണ്ട് മാത്രമല്ലേ   ചേട്ടന്റെ സീരിയലുകളൊന്നും പിന്നീട്  ക്ലച്ച് പിടിക്കാതെ പോയത്  എന്നെനിക്ക് സംശയമില്ലാതില്ലാതില്ലാതില്ല ...  

പണ്ട് ജയന്റ് റോബോട്ടും  ജംഗിൾ ബുക്കുമൊക്കെ  ഞാനും കുത്തിയിരുന്ന് കണ്ടിട്ടുണ്ട് . ഇന്നതുപോലാണോ..?  അത്തിമുറ്റത്തെ പ്രഫസർ ജയന്തിയും രണ്ടരക്കൊല്ലം   സ്വന്തം ബർത്ത്ഡേ   വയറ്റിൽ കിടന്നു തന്നെ ആഹോഷിക്കേണ്ട ഗതികേട്  വന്ന മെഗാ കുഞ്ഞു വാവയുമൊക്കെ ഇത്തിരി ഓവറല്ലേ ?   അപ്പൊ പറഞ്ഞു വന്നത് ഇത് പോലെ   കണ്ടൻപൂച്ച  ടൈഗർ ബിസ്കറ്റ് കണ്ടത് പോലെ  സീരിയലിന് മുന്നിൽ  കുത്തിയിരിക്കുന്ന ഒരുവളായിരിക്കരുത്  എന്റെ  ഫ്യൂച്ചർ  ഫാര്യ  എന്നെനിക്കു ചെറ്യോരു ആഗ്രഹോണ്ടാർന്നു . അത് കൊണ്ട് തന്നെ കല്യാണത്തിന് മുന്നേ ഫ്യൂഫ യോട്  (ഫ്യൂച്ചർ  ഫാര്യ- ഷോർട്ട് ഫോർമാ ഇപ്പഴത്തെ പാഷൻ  :P  )ചോദിച്ചു?
''ഫവതി കുങ്കുമപ്പൂവ് കണ്ടിട്ടൊണ്ടോ ?''
ഫ്യൂഫ:-ഊം കണ്ടിട്ടൊണ്ട് ... ലുലൂല് !!!
ലുലൂലോ?എന്ത് ഫാഷയാടീ ഇത്? ലുലൂൽ ...! lol

ഫ്യൂഫ:ഹയ്യോ , മ്മടെ സവോളേം   ബിസ്കറ്റുമൊക്കെ മേടിക്കുന്ന കടയില്ലേ? ലുലു ...!!!
ഹോ ആ ലുലൂൽ ...!!! ഐ തോട്ട് വേറെ ലുലൂൽ ...!
ലുലൂല്  സവോളയ്ക്കും  ബിസ്കറ്റിനും എന്നും ഓഫറുണ്ടെന്നുവച്ച് ഇങ്ങനെയൊക്കെ പറയാവോ?
ആ പോട്ടെ , നീ അത്തിമുറ്റത്തെ  പ്രൊഫസറെ  അറിയുവോ?
ഫ്യൂഫ:ഊം .. കോട്ടയം കുഞ്ഞച്ചനിലെ മമ്മൂട്ടിയല്ലേ ?
ഹയ്യോ ഹതല്ല  അത് പ്രൊപ്രൈറ്റർ , ഇത് പ്രൊഫസർ ... !
ഫ്യൂഫ:എന്നെയെന്തിനാ സംശയിക്കുന്നെ ?ഏതു പ്രൊഫസർ? എനിക്കാരേം അറിയത്തില്ല ...!
ഛെ . ബെർതെ  തെറ്റിദ്ധരിച്ച്  !
 '' മദ്യ വിമുക്തമായ ഒരു കിനാശേരി ആയിരുന്നു ഗാന്ധിജിയുടെ സ്വപ്നമെങ്കിൽ സീരിയൽ വിമുക്തമായ ഒരു കുടുംബം അതായിരുന്നു  നവീൻ ജെ ജോണിന്റെ സ്വപ്നം ''
ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം നിന്നെ ഉറങ്ങാൻ അനുവദിക്കാത്തത് എന്താണോ അതായിരിക്കണം നിന്റെ സ്വപ്നം എന്ന് അബ്ദുൽ കലാം  സർ പറഞ്ഞത് എത്രയോ സത്യം .
സീരിയൽ കാണാത്ത സാമൂഹിക വിഷയങ്ങളിലും സമകാലിക രാഷ്ട്രീയത്തിലും താൽപര്യമുള്ള
അത്യാവശ്യം കഞ്ഞിയൊക്കെ വയ്ക്കാനറിയാവുന്ന ദൈവഭയമുള്ള  ഒരു നിഷ്കളങ്കയായ പെണ്‍കുട്ടി ,ഇത്രയേ ഞാനാഗ്രഹിച്ചുള്ളൂ .

അങ്ങനെ 2013 ജനുവരി പന്ത്രണ്ടാം എന്റെ കല്യാണവും ഉറപ്പിച്ചു . കല്യാണത്തിന് രണ്ടാഴ്ച മുന്നേ നാട്ടിലെത്തി . കല്യാണക്കുറിയുമായി  കൂട്ടുകാരുടെ അടുത്ത് ചെന്നപ്പോ പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി
- ' കല്യാണമോ  , ആരടെ ''?
@ എന്റെ . അല്ലാണ്ടാരുടെ ?
- പോടാ.  നീ ഈ കാര്ഡ് ഫോട്ടോഷോപ്പിൽ ചെയ്തതല്ലേ . സത്യം പറ . ബെർതെ മൻഷ്യനെ പറ്റിക്കാൻ !! ഇനി ഞങ്ങ ബീഴൂല്ല . പണ്ട്  പഴനിക്കു പോയ അനീഷിനെ കാണാനില്ലാന്ന് പറഞ്ഞ് നീ സ്കൂളിന്റെ മതിലിൽ കൊണ്ടേ പോസ്റ്റർ ഒട്ടിച്ചതും സ്കൂൾ ബസിന്റെ കിളി വഴക്ക് പറഞ്ഞതിന്  ബസിന്റെ ബെല്ലിൽ  ബബിൾഗം  ഒട്ടിച്ചു വച്ചതുമൊന്നും ഇവിടെ ആരും മറന്നിട്ടില്ല . 
@ എടാ അത് പണ്ട് ഇപ്പൊ ഞാൻ ഡീസന്റ്റാഡാ  . ദേ ഷർട്ടൊക്കെ ഇൻ ചെയ്തെക്കുന്നത് കണ്ടില്ലേ ?
സത്യമായിട്ടും എന്നെ കെട്ടിക്കാൻ പോവാടാ ..! വേണേ വന്ന്  ബിരിയാണി കഴിച്ചിട്ട് പോടേയ് ... ! അല്ല  പിന്നെ ..!!


തിരിച്ചു വീട്ടില് വന്നപ്പോ മമ്മിയുടെ പുതിയ ഓർഡർ ''കല്യാണം ഉറപ്പിച്ചു കഴിഞ്ഞാപ്പിന്നെ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു കൊണ്ട് നടക്കരുത്  '' വേണമെങ്കിൽ കൂട്ടിന് അനിയനെ കൂട്ടണമത്രെ !
എന്നാപ്പിന്നെ ഞങ്ങൾ രണ്ടു പേർക്കും കൂട്ടിന്‌ ഒരാഴ്ച്ചത്തെയ്ക്ക് തമ്മനം ഷാജിയോട് വരാൻ പറഞ്ഞാലോ?
മമ്മി: #്്#₹₹$$$#@@  ആമേൻ കർത്താവേ ഷെമിക്കണേ ...!   (മമ്മി ഇങ്ങനാണ് ബായ് , അതെന്താണ് ബാായ് )
അതും പോരാത്തതിന് എന്റെ ലൈസൻസും അറസ്റ്റ് ചെയ്തു മേടിച്ചു .
അവിടെയെങ്കിലും പോകണമെങ്കിൽ അനിയന്മാർ ആരെയെങ്കിലും വിളിച്ചോണ്ട് പോയ്ക്കോണം .
അങ്ങനെ ആദ്യദിവസം കല്യാണം വിളി തകൃതിയായി നടന്നു .
 ദർബാർ ഹാൾ റോഡിലെത്തിയപ്പോ കൊച്ചിക്കാരുടെ ഓർമ്മകൾക്ക്  ബിരിയാണിയുടെ മണം  പകർന്ന ''കായീസ്'' എന്ന ബോർഡ് കണ്ടു . എന്റെ ഓർമ്മകളിലെ  ഫോർട്ട് കൊച്ചിയിലെ കായീസിന് പഴമയുടെ പുക  കൊണ്ട് മങ്ങിയ ഒരു രാജകീയ  നിറമാണ് .  ഹൈദരാബാദി  ബിരിയാണി കഴിച്ച് കായിക്കാന്റെ ബിരിയാണീടെ രുചി   മറന്നു തുടങ്ങിയിയിക്കുന്നു . അതൊന്ന് പുതുക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ കായീസിനു മുന്നിൽ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് . കൊച്ചിയിലെ ട്രാഫിക്‌ ബ്ലോക്കിന് കാരണം 'യോ യോ' പിള്ളേരുടെ റാഷ് ഡ്രൈവിംഗ് ആണെന്ന് മനസിലായ ദിവസമായിരുന്നു അത് . ക്യൂവിനിടയിലും വണ്ടി കുത്തിക്കേറ്റി ഗേറ്റിനു മുന്നിലെത്തി , അവിടെ നിന്നിരുന്ന താടിക്കാരാൻ ചേട്ടന്റെ കയ്യിലെ ബോർഡ് കണ്ടപ്പോ സന്തോഷമായി . ''പാർക്കിംഗ് ഫുൾ'' അരമണിക്കൂർ വെയ്റ്റ് ചെയ്യണം . അതിനുള്ള ക്ഷമയൊന്നും നുമ്മക്കില്ലേയ് . ലിനു കുരുട്ടുബുദ്ധി ഉപദേശിച്ചു തന്നു . നമുക്ക് മുല്ലപ്പന്തൽ ഷാപ്പിൽ പോയി എന്തേലും കഴിക്കാം . 
ഓക്കെ .. ആയിക്കോട്ടെ .!
കായീസിൽ നിന്ന് മുല്ലപ്പന്തലിലേക്ക്  ഇരുപത്  മിനിറ്റ് ദൂരമുണ്ട് . ലവൻ അത് പന്ത്രണ്ട് മിനിറ്റ് കൊണ്ട് എത്തിച്ചു . 


ചെന്ന് കൈ കഴുകി ഇരുന്നു. !!!
ഒരുത്തൻ  പോലും മൈൻഡ് ചെയ്യുന്നില്ല .
ചേട്ടാ എങ്കിൽ നമുക്ക് പടിപ്പുരയിൽ (ഷാപ്പാ )പോയാലോ?
എപ്പോ പോയെന്നു ചോദിച്ചാ മതി ..!
പടിപ്പുരയെത്തി ....!
കേരളത്തിന്റെ വളര്ച്ച കണ്ട് ഞാനൊന്ന് ഞെട്ടി . ഷാപ്പിനു മുന്നില് ഒരു യമഹ R -1 ബൈക്ക് .
ഷാപ്പിനകത്ത് കേറിയപ്പോ പിന്നേം ഞെട്ടി . രണ്ടുകുപ്പിക്കള്ളിനും കരിമീനിനുമിടയിൽ സൊറ പറഞ്ഞിരിക്കുന്നത്  രണ്ടു യുവമിഥുനങ്ങൾ  . വാട്ട്‌ എ ബ്രേവ് യൂത്ത് !! സദാചാര വിചാരണ ഇല്ലാത്തൊരിടം , കള്ളുഷാപ്പ് എ ബ്രില്ല്യൻറ്റ്  ഐഡിയ !!!  അവിടെ നമുക്കെന്തു കാര്യം ?


മുഖത്ത് ഒരു എക്സ്ക്ലമേഷൻ സ്മൈലി ഫിറ്റ്‌ ചെയ്ത് സപ്ലയർ എത്തി .
ചേട്ടാ ഞണ്ടുകറിയുണ്ടോ ?
ഉണ്ട്
കരിമീനോ ?
അതും ഉണ്ട് ...കരിമീൻ പറ്റിച്ചത് ..!!
രണ്ടും ഓരോ പ്ലേറ്റ് ... !!!
മിനറൽ വാട്ടർ വേണ്ടേ?
ഊം പിന്നേ ... വേണം .
സിഗരെറ്റ്‌ ??
അത് വേണ്ട . ഇനി അതും കൂടിയേ പഠിക്കാനുള്ളൂ . 

ഷാപ്പുകറിയുടെ  എരിവു നുകർന്നിരിക്കുന്നതിനൊടുവിൽ  ബില്ല്  വന്നു .
സന്തോഷായി . അത്രേം എരിവു വേണ്ടാർന്നു .
ചേട്ടാ .., കരിമീനൊക്കെ ഇപ്പൊ കുവൈറ്റീന്നാണോ  വരുന്നേ?
എന്താ വില. ???
 ഇപ്പഴാ മനസിലായത് കരിമീൻ 'പറ്റിച്ചത്'  ആരെയാണെന്ന് !!!

തിരിച്ചു വീട്ടിലെത്തിയപ്പോ സന്ധ്യയായി ,നല്ലോണം ചാഞ്ചി.
രാവിലെ ആറുമണിക്ക് എഴുന്നേറ്റു . എന്റെ വായ്ക്കൊട്ട കേട്ടപ്പഴേ അടുക്കളെന്ന്  മമ്മി ഓർഡർ തുടങ്ങി . ഡാ എറച്ചി മേടിച്ചോണ്ട് വാടാ ... !!
അയ്യൊ.. മമ്മാ വായ്ക്കൊട്ട ഇട്ടത് ഞാനല്ല. അനിയനാ. ! ഞാനിപ്പഴും ഉറങ്ങുവാ !!
''ഉറക്കത്തിലും പണി തരുന്നോടാ പന്നീ '' എന്നാ വൃത്തികെട്ട അർത്ഥത്തിൽ അവന്റെ കാൽ ഒന്ന് ഉയർന്നു താണു . ഉന്നം ഒട്ടും തെറ്റിയില്ല . എന്റെ നടുവിന് തന്നെ കിട്ടി '
''... ഹംച്ചീ .... ''
ആര്ടാ രാവിലെ തുമ്മുന്നെ ?
ഹയ്യോ .. മുച്ചേ മാലൂം ... മുച്ചേ മാലൂം. എനിക്കറിയില്ലേ ...!!!
അതിരാവിലെ പോലീസ് ചെക്കിങ്ങ് ഉണ്ടാവില്ല ഹെല്മെറ്റും ലൈസന്സും ഒന്നും വേണ്ടാ !
മമ്മി കാണാതെ അനിയന്റെ വണ്ടിയുമെടുത്ത് ഇറച്ചി മേടിക്കാൻ കാഞ്ഞിരമറ്റത്തിന് പോയി . ഞങ്ങടെ നാട്ടിലെ ആദ്യത്തെതും ഇപ്പൊ ആകെയുള്ളതുമായ ബാറും  പ്രസ്തുത  ഇറചിക്കടയും  സ്ഥിതിചെയ്യുന്നത് ഒരു അരക്കിലോമീറ്റർ ഗ്യാപ്പിലാണെന്ന്  വ്യസന സമേതം അറിയിച്ചു കൊള്ളട്ടെ . !!
കറക്റ്റ് വഴിയുടെ പകുതിയായപ്പോ   ബൈക്കിന്റെ ബാക്കിൽ ആരോ കവിളം മടല്  കൊണ്ടടിച്ച ഫീലിംഗ് . ഒരു ചാട്ടം, ഒരു മൂളൽ .ആലുക്കാസ് ജ്വല്ലറിയുടെ പരസ്യത്തിലെ പെണ്ണിനെപ്പോലെ   ''പൾസർ 220''  നാണം കുണുങ്ങി നിന്നു. ടാങ്ക് തുറന്നു  നോക്കി വെയിലത്ത് വച്ചുണക്കിയ വാഴയില പോലെ  കമ്പ്ലീറ്റ് ഡ്രൈ ... !!!
എന്നോടീ ചതി വേണ്ടായിരുന്നു , മൂത്തോരുടെ വാക്കും 'Mc  റമ്മും' ആദ്യം കയ്ക്കും പിന്നേം കയ്ക്കും എന്ന് പറയുന്നത് എത്രയോ ശരിയായിരുന്നു. സമയം എഴാകുന്നു , ജെൻസ് ചേട്ടന്റെ ഓട്ടോ ആ വഴിയിലൂടെ പതിവിലും വേഗത്തിൽ പാഞ്ഞു പോയി . കൂടെ ഒരു ഡയലോഗും 'ഡാ അത് തൊറക്കുമ്പോ എട്ടു മണി കഴിയും  '' . ഞാൻ മുകളിലേക്ക് നോക്കിയപ്പോഴാണ് ബോർഡ് കണ്ടത് 'സെൻട്രൽ ഗാർഡൻസ്  ' ബാർ  & റെസ്റ്റൊറന്റ് ....!!!
പണി പാളി ....!!!
ദൂരെ നിന്നും ഒരാൾ സൈക്കിളിൽ വരുന്നുണ്ട് . പരിചയമുള്ള  മുഖം , ഹായ് വല്യപ്പച്ചനാണ് .
വല്യപ്പച്ചാ ഒരു കുപ്പി കിട്ടാൻ വല്ല മാർഗവും ഉണ്ടോ ?
അതിരാവിലെ ബാറിന്റെ ഫ്രെണ്ടിൽ നിന്ന് സ്വന്തം വല്യപ്പനോടാണോഡാ  ഡാഷ് മോനെ കുപ്പി ചോദിക്കുന്നത് ? നാട്ടുകാര് കണ്ടാൽ  കുടുംബപ്പേര് പോകൂല്ലെടാ ? കല്യാണമൊക്കെ അടുത്ത് വരികയാണ് , നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കരുത് ,നിനക്ക് വേണോങ്കീ  വൈകിട്ട് ചെത്തുകാരൻ ഉണ്ണീടെ കയ്യീന്ന് ഒരു കപ്പ്  അന്തി മേടിച്ചു കുടിച്ചോണം ..അല്ലാതെ ബാറിന്റെ പരിസരത്ത് കണ്ടു പോകരുത് ...  കേട്ട്രാ?

കോപ്പ് ...  ഹയ്യോ വല്യപ്പൻ തെറ്റിദ്ധരിച്ച് ...!!

വല്യപ്പച്ചാ ആ കുപ്പിയല്ല , ഒരു കാലിക്കുപ്പി കിട്ടുമോന്നാ ചോദിച്ചേ? പെട്രോൾ മേടിക്കാൻ !!!

വല്യപ്പൻ  സാധാരണ ചമ്മുമ്പോൾ ഇടുന്ന  സ്മൈലി ഇട്ടു .
ഞാൻ പുച്ചിച്ച്  നാക്ക്‌ നീട്ടിക്കാണിച്ചു . വല്യപ്പൻ പിന്നേം ചമ്മി. . !!


 അങ്ങനെ ആ ജനുവരി പതിനൊന്നാം തീയതി അന്ന് വരെ 12  വോൾട്ടിൽ  തെളിഞ്ഞു നിന്നിരുന്ന എന്റെ ബാച്ചി ലൈഫിന്റെ മദർ ബോർഡിന് അതിക്രൂരമായി ഡയറക്റ്റ് ac സപ്ലൈ  കൊടുത്ത് അവസാനമായി ഞാൻ മനസമാധാനത്തോടെ  കിടന്നുറങ്ങി . നേരമൊന്നു വെളുത്തിട്ടു വേണം എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് 'മാരീഡ് ' എന്നാക്കാൻ .!!!
ജനുവരി പന്ത്രണ്ട് : കല്യാണമാർന്നു  ന്റെ?  (post will b releasing soon )

അങ്ങനെ ഗല്യാണമൊക്കെ  കഴിഞ്ഞ് 26 ന്  ഫാര്യാസമേതം തിരിച്ച് കുവൈറ്റിലേക്ക് ബീമാനം കേറി .
ശ്രീലങ്കൻ  എയർ ലൈൻസ് ആണ് , ഫുഡിംഗ്  ടൈമാണ് . ഹോട്ട് ആൻഡ്‌ കോൾഡ്‌ ഡ്രിങ്ക്സുമായി  എയർഹോസ്റ്റസ്സ് എത്തി.  ആദ്യമായി ഫാര്യയുടെ കൂടെയുള്ള യാത്രയാണ്  ഹോട്ട് അടിച്ച് കൂതറയാകാൻ പാടില്ലല്ലോ? പക്ഷെ 168 ദിനാർ കൊടുത്ത് എടുത്ത ടിക്കറ്റ് എങ്ങനെയെങ്കിലും മുതലാക്കണമെന്നുള്ള  എന്നിലെ 'ബ്ലഡി മല്ലു ബ്രെയിൻ' ഉണർന്നു .
സർ എനി  ഡ്രിങ്ക്സ് പ്ലീസ്?
പണ്ട് എയർടെല്ലിന്റെ കസ്റ്റമർ കെയറിലെ പെണ്ണ് സാറെന്നു വിളിച്ചതിൽ പിന്നെ ആദ്യമായിട്ടാണ് വേറൊരു  പെണ്ണ് എന്നെ സാറെന്ന് വിളിക്കുന്നത് . ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ഒന്നും വേണ്ടാന്ന് പറയാൻ തോന്നീല്ല .
യെസ് ... ടു റെഡ് വൈൻ പ്ലീസ് .....!!! (ഫാര്യയുടെ പേരിൽ  ഒരെണ്ണം കൂടുതൽ കിട്ടുമല്ലോ )
ഒരു ഗ്ലാസ് നിറച്ച് ലവളുടെ ടേബിളിൽ വച്ചു . അടുത്തതിനായി കുപ്പിയിൽ നോക്കിയിരിക്കുകയായിരുന്നു ഞാൻ . രണ്ടാമത്തെ ഗ്ലാസ് എന്റെ മുന്നില് വച്ചു .
ഇപ്പോശരിയാക്കിത്തരാം .... !!!

ഡീ കൊച്ചെ .. ആ വൈനെടുത്ത് ഇങ്ങോട്ട് നീക്കി വച്ചേ ...!

# ഏത് വൈൻ ?

ഹംച്ചീ ... അത് മിണുങ്ങിയാ ...?

ഡീ അത് വൈനായിരുന്നു ...!!

#സോ  വാട്ട് ? വൈനല്ലേ വാറ്റൊന്നുമല്ലല്ലൊ ?

ഈശോയേ  മുച്ചേ ഈ പിശാശിൽ നിന്ന് രക്ഷാ കരോ ....!!!

ടേപ്പ് റെക്കോർഡറിൽ കാസറ്റിന്റെ വള്ളി കുരിങ്ങിയത് പോലെ എന്തോ അപശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് ആ മരം സീറ്റിലേക്ക്  ചാഞ്ഞു .

കോപ്പ് ... !!! ചക്ദേ  ഇന്ത്യ ....!!!

കുവൈറ്റിലെത്തി .
പുതിയ ഫ്ലാറ്റിൽ താമസം തുടങ്ങി . കേബിൾ കണക്ഷൻ തരാൻ വന്ന ചേട്ടനോട് ലവൾ ... !!
''ചേട്ടാ സണ്‍ ടിവി കിട്ട്വോ?
ഇല്ലാട്ടോ അത് പേ ചാനലാ .... !!!
അയ്യോ ആണോ ?
sslc ക്ക് ഒന്നര മാർക്കിന്  ഡിസ്റ്റിംഗ്ഷൻ  പോയ മാതിരി വിഷമത്തിൽ ഫാര്യ അടുക്കളയിലേക്ക് പോയി .
''എന്നാച്ചിങ്കേ  തൂക്കം വരില്ലെയാ? കൊഞ്ചം കോഫി പോട്ടു തരട്ടുമാ?''
ഉച്ചയുറക്കത്തിന്റെ ഹാങ്ങോവറിൽ നിന്നും അന്ന് ഞാനെഴുന്നെറ്റത് ഈ ഡയലോഗ്  കേട്ടാണ് ...
വാട്ട് ദി ഹെൽ ? നാഗവല്ലി  ഇൻ  മൈ റൂം ????
ഒളിഞ്ഞും പാത്തും ഹാളിലേക്ക് ചെന്നപ്പോഴാണ് കമ്പ്യൂട്ടറിൽ നിന്നാണ് സമുണ്ട് ..!!
ഫസ്റ്റ് ഇയറിൽ സപ്ലി കിട്ടിയ സബ്ജക്റ്റ് സെക്കന്ഡ് ഇയറിൽ വീണ്ടും പോയ നേഴ്സിംഗ് സ്റ്റുഡന്റ്സിനെപ്പോലെ താടിക്ക് കയ്യും കൊടുത്ത് എന്റെ 'വെറുതേ ഒരു   ഫാര്യ' . തമിഴ് സീരിയൽ ഡൌണ്‍ ലോഡ് ചെയ്തു കാണുന്നു .
ഇതിലും ഭേതം കുങ്കുമപ്പൂവ് തന്നെയാർന്നു ... !!!! (ആത്മഗതം )
അടുക്കളയിലേക്ക് പോയ എന്നോട് '' ഇന്നലെ മേടിച്ച പടക്കവട തീർന്നായിരുന്നൊ ?''
പടക്കവടയല്ലെടീ  പക്കാവട ...!!! എന്തൊരു അച്ചരപ്പുടത എന്തൊരു ലോക വിവരം .. മാർവലസ് ..!
എന്നാ വടിയായാലും തീർന്നോ ?
എന്തൊക്കെപ്പറഞ്ഞാലും ഒരു കാര്യത്തിൽ മാത്രം ലവൾ പക്കാ ഡീസന്റ് ആണ് . പ്രാർഥനയുടെ കാര്യത്തിൽ നല്ല ദൈവഭയമുള്ള കുട്ടിയാണ് . എവിടെപ്പോയാലും പ്രാർഥിച്ചിട്ടേ വീട്ടീന്നിറങ്ങൂ ,,,
ഇന്നലെ ഡ്യൂട്ടിക്ക് പോകും മുൻപ് രൂപത്തിന്  മുന്നില് നിന്ന് പ്രാർഥിക്കുന്നത് കേട്ടു ...
''പരമ കാരുണ്യവാനായ ദൈവമേ , കണ്ണെഴുതാൻ മറന്നു പോയി ''
യൂണിഫോം തേച്ചു കൊണ്ടിരുന്ന ഞാൻ അറിയാതെ കൈ കൂപ്പി പോയി ...
എന്തുവാടീ ഇത് ?
പരമകാരുണ്യവാനായ ദൈവം കണ്ണെഴുതാൻ മറന്നു പോയെന്നോ ?
അത് വന്ത് ... കണ്ണെഴുതാൻ മറന്നു പോയത് ഞാൻ ... പ്രാർഥിക്കാൻ തുടങ്ങിയപ്പഴാ ഓർത്തെ ..!!!
പെട്ടെന്ന് രണ്ടും കൂടെ കൊളാബ്രിക്കേഷൻ ഓഫ് ദ ....... ഏത് ?

പ്രാർഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ടല്ലോ ''സൈക്കിൾ ശുദ്ധ അഗർബത്തികൾ;''