Friday, July 30, 2010

ഷുക്കൂര്‍ കാ ദോസ്ത് @ പൂത്തോട്ട പി. ഓ.



1988 റാം തീയതിയിലെ ഒരു ജൂണ്‍ മാസം. എല്ലാ കൊല്ലത്തെയും പോലെ അന്നും സ്കൂള്‍ തുറന്നു .
ചറ പറെ ചറ പറെ എന്ന് കോരിച്ചൊരിയുന്ന മഴ . പുതുമണം മാറാത്ത യൂണിഫോമും പുതിയ അലൂമിനിയം പെട്ടിയും വാട്ടര്‍ ബോട്ടിലും കല്ലുപെന്‍സിലും സ്ലേറ്റും പിടിച്ചു ലൂണാര്‍സിന്റെ വള്ളിച്ചെരുപ്പും ഇട്ടു സെന്റ്‌ ജോര്‍ജ് കുടയും ചൂടി മദറിന്റെ കയ്യും പിടിച്ചു എന്‍റെ ആദ്യ സ്കൂള്‍ ദിനം.

ഞാന്‍ സ്കൂളില്‍ ചേരുന്ന വിവരം എങ്ങനെയോ ലീക്ക് ഔട്ട്‌ ആയിരിക്കുന്നു. എന്നോട് വാശി തീര്‍ക്കാനെന്നോണം തകര്‍ത്ത് പെയ്യുന്ന മഴ.പറവൂര്‍ അങ്ങാടി സ്റ്റോപ്പില്‍ ഇറങ്ങി അഞ്ചു മിനിറ്റ് നടന്നു വേണം സ്കൂളില്‍ എത്താന്‍ .പൂഴി കലങ്ങി ചെളിഞ്ഞു കിടക്കുന്ന റോഡുകള്‍, ഇരുവശത്തും പെട്ടിക്കടകള്‍, അവിടന്ന് വരുന്ന അങ്ങാടി മരുന്നിന്റെയും പുകയിലയുടെയും മണം എന്നെ വല്ലാതെ മത്തു പിടിപ്പിച്ചു .ബോസേട്ടന്റെ കടയിലെ ജീരക മിട്ടായിയും നാരങ്ങ മിട്ടായിയും എന്‍റെ വായില്‍ കപ്പല്‍ ഓടിക്കാനുള്ള നീരുറവകള്‍ സമ്മാനിച്ചു... റോഡിന്റെ പടിഞ്ഞാറെ അരികിലുള്ള കുരിശു പള്ളിയില്‍ 'റോഡരികിലെ പോസ്റ്റില്‍ ചാരി നില്‍ക്കുന്ന അച്ചായന്മാരുടെ' രൂപ സാദ്രിശ്യം തോന്നിക്കുന്ന പൊസിഷനില്‍ മരക്കൊമ്പില്‍ കെട്ടിയിട്ട ഒരു രൂപം .
നെഞ്ചത്തും നെറ്റിയിലും അമ്പ്‌ കൊണ്ട പാടുകള്‍ ..
'' ഇതാരപ്പാ'' എന്ന് വണ്ടര്‍ അടിച്ചു ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മമ്മി ഒരു കൂട മെഴുകുതിരി എന്‍റെ നേരെ നീട്ടി കത്തിക്കാന്‍ ഉത്തരവിടുന്നത്...
ശേഷം എന്‍റെ നെറ്റിയില്‍ കുരിശു വരച്ചു മമ്മി പ്രാര്‍ത്തിച്ചു..
(കര്‍ത്താവേ , നാട്ടുകാരുടെ കൈ കൊണ്ട് ഇവന്‍ തീരല്ലേ !!! എന്നായിരിക്കണം )

റോഡിനിരുവശവും കെട്ടിക്കിടക്കുന്ന വെള്ളം തട്ടിത്തെറിപ്പിച്ചു നീങ്ങുന്ന സീനിയേഴ്സ്..
ഓടി വെള്ളത്തിലിറങ്ങണം എന്ന എന്റെ ആഗ്രഹത്തെ മമ്മി മൂക്ക് കയറിട്ട് പിടിച്ചു നിര്‍ത്തി.
അപ്പഴേ ഞാന്‍ മനസ്സില്‍ കരുതി , നാളെ മുതല്‍ മമ്മിയെ സ്കൂളില്‍ കൊണ്ട് വരുന്ന പ്രശ്നമില്ല..അല്ല പിന്നെ ..

''സ്വാതന്ത്ര്യം തന്നെ O.P.R.....!! സ്വാതന്ത്ര്യം തന്നെ O.C.R....!
പാരതന്റ്രം പാപികള്‍ക്ക് ഷാപ്പിനേക്കാള്‍ ഭയാനകം ..
. എന്നാണല്ലോ? ഏതു?

സ്കൂളിന്റെ കിഴക്കേ മൂലയ്ക്കുള്ള പഞ്ചായത്ത് പൈപ്പിന്‍ ചുവട്ടില്‍ കാലു കഴുകാന്‍ കുട്ടികള്‍ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു..
എനിക്കും കാലു കഴുകണം എന്നൊരു പൂതി .
നമ്മടെ ഇത്തിരിക്കാലും നീട്ടി വച്ച് പൈപ്പിന്‍ ചുവട്ടിലേക്ക്‌ നടക്കുമ്പോള്‍ പെടലിക്ക്‌ പിടി വീണു..

'' നിനക്കല്ലേ... ..? ഇത്രയും വൃത്തിയൊക്കെ ധാരാളം'' എന്ന രീതിയില്‍ മമ്മി എന്നെ തറപ്പിച്ചൊരു നോട്ടം !!
ഞാനുരുകി പണ്ടാരമടങ്ങിപ്പോയി.

സ്കൂളിന്റെ ഭിത്തിയില്‍ സുകുചെട്ടന്റെ തയ്യക്കടയിലെ വെട്ടു കഷ്ണങ്ങള്‍ പോലെ കടും നീല നിറത്തില്‍ എഴുതി വച്ച കുറച്ചു അക്ഷരങ്ങള്‍..
(പില്‍ക്കാലത്ത് അത് വെട്ടു കഷണങ്ങളല്ല H.F.L.P.S south paravoor എന്നാണു എഴുതിയിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി... എങ്ങനുണ്ട്? മുറ്റല്ലേ ഞാന്‍ )

സ്കൂളിന്റെ ഗെയ്റ്റ് കടക്കും നേരം മമ്മി പറഞ്ഞു തന്നു ..

'' മോനെ.., ആദ്യായിട്ട് സ്കൂളില്‍ പോകുവാ .. വലതു കാല്‍ വച്ച് കയറണം''

ഓക്കേ .. അത് ഞാനേറ്റു..

അത് പിന്നെ മമ്മീ ''ഈ വലതു കാല്‍ എന്ന് പറയുമ്പോ ... ചൊറി വന്നു പൊട്ടിയ കാലാണോ? അതോ മാവേന്ന് വീണു മുറിഞ്ഞ കാലാണോ''?

മാങ്ങാത്തൊലി ... മമ്മി അലറി..

ടാ.. നീ ചോറുണ്ണുന്ന കൈ ഏതാടാ..?

ഞാന്‍ മമ്മീടെ കൈ ചൂണ്ടി കാണിച്ചു കൊടുത്ത് ..
''എന്‍റെ വ്യാകുല മാതാവേ .. ഇവനേം കൊണ്ട് തോറ്റു ഞാന്‍..
ടാ... നിനക്കൊക്കെ ഇപ്പഴും ചോറു വാരി തരുന്ന എന്നെ തല്ലണം ആദ്യം... ''
മമ്മീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ ?
ഡിഡ് ഐ ടോള്‍ഡ്‌ എനിതിംഗ് റോന്ഗ് ??

പൊക്കോണം ......

അങ്ങനെ രണ്ടു കാലിനും വിഷമമാകേണ്ട എന്ന് കരുതി ചെളിവെള്ളത്തില്‍ നിന്ന് ഡയരക്റ്റ് സ്കൂളിന്റെ ഒന്നാം പടിയിലേക്ക് ഒരു ചാട്ടം !!!
safe landing...!!!
but എന്‍റെ ചെരുപ്പിലെ ചെളി മുഴുവന്‍ തൊട്ടു പുറകില്‍ ഫ്ലയിങ്ങിനു തയ്യാറായി നിന്നിരുന്ന ജൈമോന്റെ നെഞ്ചത്ത്..
കടവുളേ .. പെട്ട്..(അവന്റെ അമ്മൂമ്മ എന്നെ കൊന്നില്ല എന്നേയുള്ളൂ..)

'പണി മത്താകുന്നു' സോറി 'മണി പത്താകുന്നു' സ്കൂളിന്റെ കഴുക്കോലില്‍ തൂക്കിയിട്ടിരിക്കുന്ന ദോശക്കല്ലില്‍ കിണി കിണി എന്ന് മണി മുഴങ്ങി ..
എന്‍റെ കൂടെ '' ജോയിന്‍ '' ചെയ്ത ഭൂരിപക്ഷം സഹപാടികളും സഹപാടിനികളും നെഞ്ജത്തടിച്ചു കരച്ചിലായി... നമ്മള്‍ കുറച്ചു കഠിന ഹൃദയര്‍ മാത്രം കരയുന്നുമില്ല ചിരിക്കുന്നുമില്ല..

മമ്മി മാറി മാറി എന്‍റെ മുഖത്തേയ്ക്കു നോക്കി, ''ഇപ്പൊ കരയും... ഇപ്പൊ കരയും...'' എന്ന പ്രതീക്ഷയില്‍ ... (എബിടെ കരയാന്‍ , ''മമ്മി വീട്ടില്‍ പോയിട്ട് വേണം ഒന്ന് മഴയത്ത് ഇറങ്ങാന്‍'' എന്ന് ഹൈപ്പര്‍ പ്ലാന്‍ ഇട്ടു കൊണ്ടിരിക്കുന്ന ഞാന്‍ കരയാനോ? എന്‍റെ പട്ടി കരയും)
പാവം മമ്മി... ഞാന്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ സ്റോക്ക് ചെയ്തു വച്ചിരുന്ന ഡയലോഗുകള്‍ എല്ലാം ചീറ്റിപ്പോയി... ടണ്‍ ടാണ്ട ടാന്ഗ് ...
മൂന്നാം മണി അടിച്ചു എല്ലാവരേം ക്ലാസ്സിലിരുത്തി അമ്മമാര് പുറത്തിറങ്ങി . പണ്ട് മുതലേ നമുക്ക് 'ആറര അടി പൊക്കം' ഉണ്ടായിരുന്നതിനാല്‍ ഇരിപ്പിടം ഫസ്റ്റ് ബെഞ്ചില്‍ തന്നെ കിട്ടി .
തൊട്ടരുകില്‍ ഒരുത്തന്‍ മൂക്കളയും ഒലിപ്പിച്ച് ..,മൂക്കില്‍ വിരലിട്ടു കളിക്കുന്നു..
എങ്ങനെയാ ഒന്ന് പരിചയപ്പെടുക?

''അളിയാ.. വൈകിട്ടെന്താ പരിപാടി'' എന്ന് ചോദിച്ചാലോ?

വേണ്ട അത് ജാടയാകും ..

അപ്പോളാണ് മനസ്സില്‍ വീണ്ടും ഒരു ''ലഡ്ഡു'' പൊട്ടിയത്.. അപ്പോളോ?

തോണ്ടി വിളിക്കാം (അന്നത്തെ നമ്മുടെ ഒരു തോണ്ടല്‍ എന്നൊക്കെ പറയുമ്പോ ഇന്നത്തെ ഒരു ഇടിയുടെ അത്രയും വരും)
അവന്‍ മൂക്കിലിട്ടിരുന്ന കൈക്കാണ് 'തോണ്ട്' കൊണ്ടതെന്ന് നമ്മളറിഞ്ഞില്ല..
നഖം കൊണ്ട് മൂക്കില്‍ നിന്നും രക്തം ധാര ധാരയായി ഒഴുകി..(ചുമ്മാ ഒരു ഓളത്തിന് പറഞ്ഞതാ... ശരിക്കും രണ്ടു തുള്ളിയെ വന്നുള്ളൂ... സത്യായിട്ടും.. )

ചോര കണ്ട അവന്‍ ദേ .. കാറിപ്പൊളിച്ച് കരയുന്നു !!!

ടാ... ചക്കര മുത്തെ , തേനേ പാലേ.. കണ്ണേ കരളേ... കരഞ്ഞു ''ബളഹം'' ഉണ്ടാക്കല്ലെടാ .!!

പെട്ടന്നാണ് പോരും നേരം പപ്പാ എന്‍റെ പോക്കറ്റില്‍ ഇട്ടു തന്ന ''പ്യാരി മിട്ടായി'' എന്‍റെ ശ്രദ്ധ ക്ഷണിച്ചത്...

''കൊച്ചു കുട്ടികള്‍ കുറ്റം ചെയ്‌താല്‍ പ്യാരി മിട്ടായി ഡായ് ഡായ്'' എന്നാണല്ലോ മഹാകവി ഇന്നസെന്റ് പറഞ്ഞിരിക്കുന്നത്?

ആ പച്ചപ്യാരി മിട്ടായി അവന്റെ നേരെ നീട്ടിക്കൊണ്ടു ആ ''അമിതാബച്ച മന്ത്രം'' ഞാനുരുവിട്ടു..

''മച്ചൂ.. മധുരം കഴിക്കേണമിന്നോന്നാം തീയതിയായ്...
മധുരം കഴിക്കേണമിന്നോന്നാം തീയതിയായ്.. ഒന്നാം തീയതിയായ്..''


അതേറ്റു .. എനിക്ക് ശകലം പോലും തരാതെ ആ കാലമാടന്‍ ആ മിട്ടായി മുഴുവന്‍ തിന്നു തീര്‍ത്തു..
അങ്ങനെ ആ രക്തബന്ധത്തില്‍ തുടങ്ങിയ സൌഹൃതം ഇന്നും തുടരുന്നു .. മുറിവേല്‍ക്കാതെ..!!!


വല്ലപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ ചുളുവിലയ്ക്ക് നേവല്‍ ബേസില്‍ നിന്ന് xxx ഇറക്കി തരുന്ന സോഴ്സ് അവനായത് കൊണ്ട് മാത്രം പേര് വെളിപ്പെടുത്തി അവന്റെ പണി കളയുന്നില്ല...
നിര്‍ബന്ധമാണെങ്കില്‍ നിങ്ങള്‍ അവനെ സാബുവെന്നോ ഷുക്കൂറെന്നോ വിളിച്ചോ... നോ പ്രോബ്ലം !!!

Sunday, July 18, 2010

ലവനെപ്പോലെ ലവന്റെ അയല്‍ക്കാരനെയും ...


''മമ്മീ ... ഇനി ചെമ്പീപ്പള്ളീല്‍ പെരുന്നാളിന് പോകുമ്പോ എനിക്ക് വെള്ളം ചീറ്റിക്കുന്ന തോക്കൊരണ്ണം വാങ്ങിത്തരണം'' അതിരാവിലെ അലാറം വച്ചെഴുന്നേറ്റു ഡിമാന്റുകള്‍ നിരത്തുകയാണ് ഏഴു വയസുകാരന്‍ നവീന്‍ കുട്ടന്‍.
എന്നാത്തിനാ? ഇപ്പൊ ഒള്ളതോന്നും പോരെ ?, ഇനി ആതൂടെ മേടിച്ചിട്ട് വേണം പെരയ്ക്കകം മുഴുവന്‍ മെഴുകി നാറ്റിക്കാന്‍... ഉടന്‍ വന്നു റെസ്പോന്‍സ്‌ മദറിന്റെ വായീന്ന്..

അല്ലേലും ഈ മദേര്‍സ് ഒക്കെ ഇങ്ങനാ...
എന്ത് നല്ല കാര്യം പറഞ്ഞാലും കടിച്ചു കീറാന്‍ വരും...
കൊക്കെത്ര കൊളം കണ്ടതാ, നമ്മളോടാ കളി .തോക്കില്ലെങ്കില്‍ 'കവണ' തന്നെ ആശ്രയം,
അല്ല പിന്നെ...

പേരക്കൊമ്പില്‍ സൈക്കിള്‍ ട്യൂബിന്റെ കഷ്ണം കെട്ടിയുണ്ടാക്കിയ സ്വയം നിര്‍മ്മിത തെറ്റാലിയുമായി നേരെ മാവിന്ച്ചുവട്ടിലെക്കോടി... എന്നും മിനിമം ഒരു അഞ്ചു കാക്കയെങ്കിലും കല്ലെറിഞ്ഞില്ലെങ്കില്‍ എനിക്ക് ഉറക്കം വരത്തില്ലായിരുന്നു. ആറു മാസത്തോളം മരുന്ന് കഴിച്ചിട്ടും മാറിയില്ല ആ അസുഖം.
കിഴക്കൊര്‍ത്തെ മൂവാണ്ടന്‍ മാവേല്‍ കിഴക്കോട്ടു നോക്കി കടവിലെ കുളിസീന്‍ കണ്ടു കൊണ്ടിരുന്ന ഒരു കാക്കയുടെ 'മെടുല ഒബ്ലാന്ഗെട്ട' നോക്കി ഞാന്‍ ഒരു കീറു കൊടുത്തു.ആഹാ... ആഹാഹ... കിറു കൃത്യം ഇന്നും ഉന്നം തെറ്റിയില്ല..,

അയലോക്കത്തെ കുട്ടന്റെ വീട്ടിലെ മണ്‍കലം ഒരെണ്ണം ഠിം !!!

കുട്ടന്റച്ചാ... കുട്ടന്റച്ചാ... എന്നെ തെറി വിളിക്കണ്ടാ കഴിഞ്ഞയാഴ്ച പൊട്ടിച്ച ജനലിന്റെ ചില്ലും കൂടെ ചേര്‍ത്തു പെനാല്‍റ്റി വൈകിട്ട് പപ്പാ വരുമ്പോള്‍ പണമടച്ചു രസീത് വാങ്ങിക്കൊള്ളാമേ ...

കുട്ടന്റച്ചന്‍ എന്നെ തറപ്പിച്ചൊന്നു നോക്കി..

സത്യായിട്ടും... പപ്പാ വരുമ്പോള്‍ പൈസ തരും, പപ്പാ കഷ്ട്ടപ്പെടുന്നതു ഞങ്ങള്‍ക്കുവേണ്ടിയാണെന്നു ഇന്നലെയും കൂടി പറഞ്ഞായിരുന്നു..


ഡാ... മുടിയനായ പുത്രാ വന്നിട്ട് ഈ പുട്ടും കടലയും കഴിച്ചിട്ട് തെണ്ടാന്‍ പോടാ...
ഇതെന്നതാ മദറെ ... ഇന്നും പുട്ടാണോ?
ഇത് കേട്ടതും മദര്‍ അടുക്കളയില്‍ നിന്നും 60 KM/hr സ്പീഡില്‍ ഒരു കയ്യില്‍ ചട്ടകവുമായി പാഞ്ഞു വന്നു എന്‍റെ മോന്തയ്ക്ക് നോക്കി കണ്ണ് കൊണ്ട് '' വക്കാ വക്കാ'' കളിക്കുന്നു..
എന്‍റെ പോന്നു മമ്മീ ,ഇങ്ങനെ തുറിച്ചു നോക്കാന്‍ എന്‍റെ മുഖത്തെന്നാ കമ്പോള നിലവാരം എഴുതിയൊട്ടിച്ചിട്ടുണ്ടോ ?
നിനക്കൊക്കെ എന്നും സമയത്തിനു തിന്നാന്‍ കിട്ടുന്നതിന്റെ കുഴപ്പമാ... [മമ്മീ പ്ലീസ് വേണ്ടാ... പുരാണ കഥകള്‍ ഇനിയും പറയരുത്... ]

പുട്ടെങ്കില്‍ പുട്ട് ഒരു കുറ്റി പോരട്ടെ..!

ഡാ.. നിന്‍റെ അനിയനെ കണ്ടു പഠിക്കെടാ ,
അവന്‍ അടുക്കളയില്‍ മമ്മിയെ സഹായിക്കുന്നത് കണ്ടോ ?
പിന്നെ പിന്നെ ... പറയണ്ട താമസം അവന്‍ കടുകിന് വരെ 'തുള' ഇട്ടു തരും .
കഴിഞ്ഞ ദിവസം സവോള പൊളിക്കാന്‍ കൊടുത്തിട്ട് പൊളിച്ച് പൊളിച്ച് പൊളിച്ച് പൊളിച്ച് ''ഇത് മൂത്തെട്ടില്ല മമ്മീ '' എന്ന് വാദിച്ച മൊതലാണ് എന്റനിയന്‍ തമ്പുരാന്‍,,..


മമ്മീ ഞാന്‍ കളിക്കാന്‍ പോകുവാ .. എന്നും പറഞ്ഞ് അടുക്കള വഴി ഇറങ്ങുമ്പോള്‍ ഒരു കൈ ഞാനറിയാതെ പഞ്ചാരഭരണിയിലേക്ക് നീണ്ട് ഒരു കുത്ത് പഞ്ചസാരയുമായി പൊങ്ങി .നേരെ അഞ്ചു വിരലുള്‍പ്പെടെ വായിലേക്ക് കേറ്റി , കൈ നക്കിത്തുടചെടുത്തു.
ഛെ.. ഈ പഞ്ചസാരയ്ക്കൊക്കെ ഭയങ്കര മധുരമാ ഇപ്പൊ...
മമ്മി: ഡാ നീ പിന്നേം കട്ടോ?
ഇങ്ങനെ പഞ്ചാര തിന്നാല്‍ വല്ല പിത്തവും പിടിക്കുംടാ... എന്നുപറഞ്ഞതും ഒരു ചിരട്ടയെടുത്തു എന്നെ എറിഞ്ഞതും ഒരുമിച്ചായിരുന്നു... പറക്കുന്ന ചിരട്ടയ്ക്ക്‌ അഞ്ചിഞ്ച് താഴെ എന്നാണല്ലോ പഴമൊഴി..
ജസ്റ്റ് ഒന്ന് കുനിഞ്ഞു കൊടുത്തു, ചിരട്ട കൃത്യം പെടലിക്ക് !! എന്‍റെയല്ല, മുറ്റത്തെ തെങ്ങ് ഒറ്റക്കാല് കൊണ്ട് ചവിട്ടി മറിച്ചിടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ജിമ്മിയുടെ [പട്ടിയാ] .. അവന്‍ ഭ്രാക്ക് ഭ്രാക്ക് എന്ന് ശബ്ദമുണ്ടാക്കി കൊണ്ട് അടുത്ത തെങ്ങിഞ്ചുവട്ടിലെക്കോടി ... ഞാന്‍ നേരെ അയലോക്കത്തെയ്ക്കും..


കറക്റ്റ് മാവിഞ്ചുവട്ടിലെത്തിയപ്പോള്‍ ന്യൂട്ടന്‍റെ തിയറി ശരിയാണോ എന്നൊരു തംശയം? അത് തീര്‍ക്കാന്‍ വേണ്ടി മാത്രം ഒരു കല്ലെടുത്ത് മുകളിലേക്ക് എറിഞ്ഞു.എല്ലാ വസ്തുക്കളെയും ഭൂമി അതിന്‍റെ അച്ചുതണ്ടിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നു അന്നെനിക്ക് മനസ്സിലായി , കല്ലിനൊപ്പം മൂന്നാല് കണ്ണിമാങ്ങകളും ന്യൂട്ടന്‍ അണ്ണന് ഐക്യധാര്‍ദ്ദ്യം പ്രഖ്യാപിച്ചു കൊണ്ട് താഴെയെത്തി... ഒരെണ്ണം കയ്യിലെടുത്തു ബാക്കി നിക്കറിന്‍റെ പോക്കറ്റിലിട്ടു, ഞെട്ട് കരിങ്കല്ലില്‍ ഉരച്ച് കറ കളഞ്ഞ് കല്ലുപ്പ് കൂട്ടിയത് തിന്നു തീര്‍ത്തു ....ച്ച്രക്കെ പ്രക്കെ... ച്ച്രക്കെ പ്രക്കെ..
നല്ല പുളിയാ തിന്നുമ്പോള്‍ കണ്ണടച്ചു പോകുന്ന പുളി.

പൂത്ത് നില്‍ക്കുന്ന ചെമ്പകത്തിന്റെ ചുവട്ടിലൂടെ വേലി നൂണ്ട് കുട്ടന്റെ വീട്ടിലേക്ക് .ഒരു പറമ്പ് കഴിഞ്ഞാണ് കുട്ടന്റെ വീട്. പറമ്പില്‍ മുഴുവനും തുമ്പയും കാക്കപ്പൂവുമൊക്കെയാണ് ..


ടാ കുട്ടാ നീ ചൂണ്ടയിടാന്‍ വരുന്നുണ്ടോ?
നെക്സ്റ്റ് സെക്കന്റില്‍ കുട്ടന്‍ പ്രസെന്റ്‌ വിത്ത്‌ എ ''പനങ്കണ ചൂണ്ട''
നമ്മളന്നും(ഇന്നും)ലോക്കല്‍ ആയിരുന്നു .എന്‍റെ ചൂണ്ട ഇല്ലിക്കമ്പില്‍ തീര്‍ത്തതായിരുന്നു.അവിടെ നിന്ന് കടവിലേക്ക് നടക്കുമ്പോള്‍ നടക്കുന്ന വഴിയിലെ തൊട്ടാവാടികളെല്ലാം എന്‍റെ ചൂണ്ടത്തലപ്പുകൊണ്ട് കണ്ണ് ചിമ്മുന്നുണ്ടായിരുന്നു...


ഇനിയിപ്പോ ചെമ്മീന്‍ തപ്പണം ,ഒരു ഓലക്കീറുമായി പയ്യെ കായലിലെക്കിറങ്ങി, വേലിയിറക്കമാണ് , ചെമ്മീനുകളെല്ലാം 'സെറ്റപ്പുകളു'മൊത്ത് മോര്‍ണിംഗ് വാക്ക് നടത്തുന്നു... കൂട്ടത്തില്‍ ഗ്ലാമറസ് ആയ ഒരു ചെമ്മീന്‍ സുന്ദരിയെ പെടലി ചേര്‍ത്ത് പിടിച്ച് വാലിനടിയിലൂടെ കൊളുത്ത് കയറ്റി പുറകോട്ടു വലിച്ചു.ആ സുന്ദരി 'റ ' പോലെ വളഞ്ഞു ഒരുമാതിരി സിറ്റ്അപ്പ് എടുക്കുന്ന പൊസിഷനില്‍ (കൂതറ അല്ല ക്രൂരത ) എന്‍റെ ചെമ്മീന്‍കുളത്തപ്പാ ക്ഷമീര്‍...

ടാ .. കുട്ടാ ഒന്നും കൊത്തുന്നില്ലല്ലോ?
ഈ മുടിഞ്ഞവനെയും കൊണ്ട് വന്നപ്പഴേ ഞാന്‍ പ്രതീക്ഷിച്ചതാ..(ഞാനല്ല അവനാ ഇത് പറഞ്ഞത് എന്നേ നോക്കി..)
ബാടാ പോകാം.... കുട്ടന്‍
നില്ലെടാ ഒരു രണ്ടു ''കിന്റല്‍'' മീനെങ്കിലും കിട്ടിയിട്ട് പോയാല്‍ പോരെ ??..... ഞാന്‍
എന്തോന്നെന്തോന്നു?..... ലവന്‍
അല്ല സുഗുണാ ... ഒരു രണ്ടു പിടി ചോറ് കഴിച്ചിട്ട് വന്നിട്ട് പോരെ മീന്‍പിടുത്തം എന്ന്...
ഓ.. എന്നാപ്പിന്നെ അഭിലാഷിന്റെ വീട് വഴി പോകാം .മുറ്റത്തെത്തിയപ്പോള്‍ അവന്റെ ' ദി മദര്‍ '
അടുക്കളക്കകത്തിരുന്നു എന്തിനെയോ തല്ലിക്കൊല്ലുന്ന സൌണ്ട് കേട്ടു .

..പൊദ്ധോം പോദ്ദോം ........

ശ്യാമളചേച്ചീ ..,വല്ല പാമ്പോ മറ്റോ ആണോ? എന്ന് ചോദിച്ചു ജനല്‍ വഴി എത്തി നോക്കി .

അതുശരി ,ഒരു ചക്ക പൊളിച്ച സീനാണോ കണ്ടത്?

പ്യാടിച്ചു പോയല്ല് ....

ചേച്ചീ എനിക്ക് വേണ്ടാ...
കുട്ടന്‍: അതിനു നിന്നോടാരും ചോദിച്ചില്ലല്ലോ?
എന്നാലും അതല്ലല്ലോ...മാനേഴ്സ് ഓഫ് ദി സ്റ്റേറ്റ് ബാങ്ക് ഓഫ് ബറോഡ .!!! ഏത്????

ചേച്ചി: ടാ.. രണ്ടു ചോള തിന്നിട്ടു പോടാ...
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് വേദപാoക്ലാസ്സില്‍ ഇന്നലെയും കൂടി ലിറ്റിസിസ്റ്റര്‍ പറഞ്ഞതാ..
എന്നാപ്പിന്നെ അയലോക്കക്കാരെ സ്നേഹിച്ചു കുത്തുപാളയെടുപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം.,
ഞാനും കുട്ടനും ഒരു സൈഡീന്നു അങ്ങ് തുടങ്ങി.
കുട്ടന്‍ നിര്‍ത്തുന്ന ലക്ഷണം ഒന്നും കാണുന്നില്ല ,ഞങ്ങള്‍ നസ്രാണികളും തീറ്റയുടെ കാര്യത്തില്‍ അത്ര മോശക്കാരോന്നുമല്ല എന്ന രീതിയില്‍ ഞാനും വിട്ടു കൊടുത്തില്ല...
വിശപ്പില്ലായ്മ്മ എന്ന ബാലരോഗം എനിക്ക് പണ്ടേ ഇല്ലാ ... പിന്നാ ഇപ്പൊ ...
നിമിഷങ്ങള്‍ക്കുള്ളില്‍ ചക്കക്കുള്ളില്‍ ഒരു ''ട്രെഷര്‍ ഹണ്ട്'' നടത്തി .
ചേച്ചിയേ.. ചായയില്ലേ?
എന്തോത്തിനു?
അല്ല ,ചുമ്മാ ഒരു ടച്ചിങ്ങ്സിന് ..
ശ്യാമളചേച്ചി ഇഞ്ചി തിന്ന മങ്കിയെപ്പോലെ ഞങ്ങളെയൊന്നു നോക്കി.
പിന്നെ അകത്തു കിടന്നുറങ്ങുന്ന പുന്നാര മോന്‍ അഭിലാഷിനേയും .
ശേഷം വൈലോപ്പിള്ളിയുടെ മാമ്പഴത്തിന് പണി കൊടുത്തു...

''ചക്കപ്പഴം മുറിക്കുമ്പോള്‍ ആക്രാന്തിച്ചെടുക്കെണ്ടോന്‍ -
കൂര്‍ക്കം വലിച്ചുറങ്ങുന്നത് തല്ലു കൊള്ളാഞ്ഞിട്ടല്ലേ?


അനുപല്ലവിയിലേക്ക് കടക്കും മുന്‍പേ ഒരു തുടം വെള്ളം സ്ലോ മോഷനില്‍ അവന്റെ തലയിലേക്ക്...

''പൈതലിന്‍ ഭാവം മാറി വദനാംബുജം വാടി
ചക്കപ്പഴം കാണാക്കണ്ണ്‍ കണ്ണുനീര്‍ തടാകമായ്
''

അഭിലാഷ് കണ്ണും തിരുമ്മി അടുക്കളയിലേക്കോടി വന്ന് തറയിലേക്കു നോക്കി
ഞെട്ടിത്തരിച്ചു നിന്നു.
അവന്‍ കാത്തു കാത്തു വച്ച ചക്കപ്പഴം കുഞ്ഞാലിക്കുട്ടിയെയും രെജീനയേയും പോലെ
തുണി വേറെ .... ലത് വേറെ ആയി കിടക്കുന്നു..
ഇതൊന്നും 'എന്‍റെ സിലബസ്സിലേ ഇല്ലാ' എന്നാ ഭാവത്തില്‍ ഞങ്ങള്‍ അവിടന്നു സ്കൂട്ട് ആയി നടന്നു നീങ്ങുമ്പോള്‍ ഏതോ റേഡിയോയിലൂടെ ഗാനഗന്ധര്‍വ്വന്റെ സ്വരം അവിടെ ഒഴുകിയെത്തിയിരുന്നു ..


'' കാറ്റടിച്ചു കൊടും കാറ്റടിച്ചു.... ... കായലിലെ വിളക്കുമരം ......സൈറ്റടിച്ച് ...''




ഇക്കഴിഞ്ഞ ലീവിന് പോയപ്പഴും ഞാന്‍ അതെ സ്ഥലത്ത് ചൂണ്ടയിടാന്‍ പോയിരുന്നു, പോരും വഴി അഭിലാഷിന്റെ വീട്ടില്‍ കയറി ചായയും കുടിച്ചു.അന്നും ഈ ചക്കക്കഥ പറഞ്ഞ് ശ്യാമളചേച്ചി എന്നെ കളിയാക്കി.
ആ നിമിഷം വെറുതെയാണെങ്കിലും ഞാനൊന്ന് കൊതിച്ചു പോയി....
കണ്ണിമാങ്ങ കടിച്ചു നടന്ന ആ നല്ല ബാല്യം തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന്...
എന്‍റെ ചെമ്പകവും മന്ദാരങ്ങളും ഒരികല്‍ കൂടി പൂത്തിരുന്നെങ്കില്‍ എന്ന് ....

കൊറ്റിക്കൂട്ടങ്ങള്‍ ഇപ്പൊ അത് വഴി വരാറുണ്ടോ ആവോ?
എന്റെ തോട്ടാവാടിചെടികളെ ആരെങ്കിലും തൊട്ടുണര്‍ത്താറണ്ടോ ??
ആവോ................ആര്‍ക്കറിയാം !!!


NB:തീര്‍ന്നിട്ടില്ല..