Friday, July 30, 2010

ഷുക്കൂര്‍ കാ ദോസ്ത് @ പൂത്തോട്ട പി. ഓ.



1988 റാം തീയതിയിലെ ഒരു ജൂണ്‍ മാസം. എല്ലാ കൊല്ലത്തെയും പോലെ അന്നും സ്കൂള്‍ തുറന്നു .
ചറ പറെ ചറ പറെ എന്ന് കോരിച്ചൊരിയുന്ന മഴ . പുതുമണം മാറാത്ത യൂണിഫോമും പുതിയ അലൂമിനിയം പെട്ടിയും വാട്ടര്‍ ബോട്ടിലും കല്ലുപെന്‍സിലും സ്ലേറ്റും പിടിച്ചു ലൂണാര്‍സിന്റെ വള്ളിച്ചെരുപ്പും ഇട്ടു സെന്റ്‌ ജോര്‍ജ് കുടയും ചൂടി മദറിന്റെ കയ്യും പിടിച്ചു എന്‍റെ ആദ്യ സ്കൂള്‍ ദിനം.

ഞാന്‍ സ്കൂളില്‍ ചേരുന്ന വിവരം എങ്ങനെയോ ലീക്ക് ഔട്ട്‌ ആയിരിക്കുന്നു. എന്നോട് വാശി തീര്‍ക്കാനെന്നോണം തകര്‍ത്ത് പെയ്യുന്ന മഴ.പറവൂര്‍ അങ്ങാടി സ്റ്റോപ്പില്‍ ഇറങ്ങി അഞ്ചു മിനിറ്റ് നടന്നു വേണം സ്കൂളില്‍ എത്താന്‍ .പൂഴി കലങ്ങി ചെളിഞ്ഞു കിടക്കുന്ന റോഡുകള്‍, ഇരുവശത്തും പെട്ടിക്കടകള്‍, അവിടന്ന് വരുന്ന അങ്ങാടി മരുന്നിന്റെയും പുകയിലയുടെയും മണം എന്നെ വല്ലാതെ മത്തു പിടിപ്പിച്ചു .ബോസേട്ടന്റെ കടയിലെ ജീരക മിട്ടായിയും നാരങ്ങ മിട്ടായിയും എന്‍റെ വായില്‍ കപ്പല്‍ ഓടിക്കാനുള്ള നീരുറവകള്‍ സമ്മാനിച്ചു... റോഡിന്റെ പടിഞ്ഞാറെ അരികിലുള്ള കുരിശു പള്ളിയില്‍ 'റോഡരികിലെ പോസ്റ്റില്‍ ചാരി നില്‍ക്കുന്ന അച്ചായന്മാരുടെ' രൂപ സാദ്രിശ്യം തോന്നിക്കുന്ന പൊസിഷനില്‍ മരക്കൊമ്പില്‍ കെട്ടിയിട്ട ഒരു രൂപം .
നെഞ്ചത്തും നെറ്റിയിലും അമ്പ്‌ കൊണ്ട പാടുകള്‍ ..
'' ഇതാരപ്പാ'' എന്ന് വണ്ടര്‍ അടിച്ചു ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മമ്മി ഒരു കൂട മെഴുകുതിരി എന്‍റെ നേരെ നീട്ടി കത്തിക്കാന്‍ ഉത്തരവിടുന്നത്...
ശേഷം എന്‍റെ നെറ്റിയില്‍ കുരിശു വരച്ചു മമ്മി പ്രാര്‍ത്തിച്ചു..
(കര്‍ത്താവേ , നാട്ടുകാരുടെ കൈ കൊണ്ട് ഇവന്‍ തീരല്ലേ !!! എന്നായിരിക്കണം )

റോഡിനിരുവശവും കെട്ടിക്കിടക്കുന്ന വെള്ളം തട്ടിത്തെറിപ്പിച്ചു നീങ്ങുന്ന സീനിയേഴ്സ്..
ഓടി വെള്ളത്തിലിറങ്ങണം എന്ന എന്റെ ആഗ്രഹത്തെ മമ്മി മൂക്ക് കയറിട്ട് പിടിച്ചു നിര്‍ത്തി.
അപ്പഴേ ഞാന്‍ മനസ്സില്‍ കരുതി , നാളെ മുതല്‍ മമ്മിയെ സ്കൂളില്‍ കൊണ്ട് വരുന്ന പ്രശ്നമില്ല..അല്ല പിന്നെ ..

''സ്വാതന്ത്ര്യം തന്നെ O.P.R.....!! സ്വാതന്ത്ര്യം തന്നെ O.C.R....!
പാരതന്റ്രം പാപികള്‍ക്ക് ഷാപ്പിനേക്കാള്‍ ഭയാനകം ..
. എന്നാണല്ലോ? ഏതു?

സ്കൂളിന്റെ കിഴക്കേ മൂലയ്ക്കുള്ള പഞ്ചായത്ത് പൈപ്പിന്‍ ചുവട്ടില്‍ കാലു കഴുകാന്‍ കുട്ടികള്‍ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു..
എനിക്കും കാലു കഴുകണം എന്നൊരു പൂതി .
നമ്മടെ ഇത്തിരിക്കാലും നീട്ടി വച്ച് പൈപ്പിന്‍ ചുവട്ടിലേക്ക്‌ നടക്കുമ്പോള്‍ പെടലിക്ക്‌ പിടി വീണു..

'' നിനക്കല്ലേ... ..? ഇത്രയും വൃത്തിയൊക്കെ ധാരാളം'' എന്ന രീതിയില്‍ മമ്മി എന്നെ തറപ്പിച്ചൊരു നോട്ടം !!
ഞാനുരുകി പണ്ടാരമടങ്ങിപ്പോയി.

സ്കൂളിന്റെ ഭിത്തിയില്‍ സുകുചെട്ടന്റെ തയ്യക്കടയിലെ വെട്ടു കഷ്ണങ്ങള്‍ പോലെ കടും നീല നിറത്തില്‍ എഴുതി വച്ച കുറച്ചു അക്ഷരങ്ങള്‍..
(പില്‍ക്കാലത്ത് അത് വെട്ടു കഷണങ്ങളല്ല H.F.L.P.S south paravoor എന്നാണു എഴുതിയിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി... എങ്ങനുണ്ട്? മുറ്റല്ലേ ഞാന്‍ )

സ്കൂളിന്റെ ഗെയ്റ്റ് കടക്കും നേരം മമ്മി പറഞ്ഞു തന്നു ..

'' മോനെ.., ആദ്യായിട്ട് സ്കൂളില്‍ പോകുവാ .. വലതു കാല്‍ വച്ച് കയറണം''

ഓക്കേ .. അത് ഞാനേറ്റു..

അത് പിന്നെ മമ്മീ ''ഈ വലതു കാല്‍ എന്ന് പറയുമ്പോ ... ചൊറി വന്നു പൊട്ടിയ കാലാണോ? അതോ മാവേന്ന് വീണു മുറിഞ്ഞ കാലാണോ''?

മാങ്ങാത്തൊലി ... മമ്മി അലറി..

ടാ.. നീ ചോറുണ്ണുന്ന കൈ ഏതാടാ..?

ഞാന്‍ മമ്മീടെ കൈ ചൂണ്ടി കാണിച്ചു കൊടുത്ത് ..
''എന്‍റെ വ്യാകുല മാതാവേ .. ഇവനേം കൊണ്ട് തോറ്റു ഞാന്‍..
ടാ... നിനക്കൊക്കെ ഇപ്പഴും ചോറു വാരി തരുന്ന എന്നെ തല്ലണം ആദ്യം... ''
മമ്മീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ ?
ഡിഡ് ഐ ടോള്‍ഡ്‌ എനിതിംഗ് റോന്ഗ് ??

പൊക്കോണം ......

അങ്ങനെ രണ്ടു കാലിനും വിഷമമാകേണ്ട എന്ന് കരുതി ചെളിവെള്ളത്തില്‍ നിന്ന് ഡയരക്റ്റ് സ്കൂളിന്റെ ഒന്നാം പടിയിലേക്ക് ഒരു ചാട്ടം !!!
safe landing...!!!
but എന്‍റെ ചെരുപ്പിലെ ചെളി മുഴുവന്‍ തൊട്ടു പുറകില്‍ ഫ്ലയിങ്ങിനു തയ്യാറായി നിന്നിരുന്ന ജൈമോന്റെ നെഞ്ചത്ത്..
കടവുളേ .. പെട്ട്..(അവന്റെ അമ്മൂമ്മ എന്നെ കൊന്നില്ല എന്നേയുള്ളൂ..)

'പണി മത്താകുന്നു' സോറി 'മണി പത്താകുന്നു' സ്കൂളിന്റെ കഴുക്കോലില്‍ തൂക്കിയിട്ടിരിക്കുന്ന ദോശക്കല്ലില്‍ കിണി കിണി എന്ന് മണി മുഴങ്ങി ..
എന്‍റെ കൂടെ '' ജോയിന്‍ '' ചെയ്ത ഭൂരിപക്ഷം സഹപാടികളും സഹപാടിനികളും നെഞ്ജത്തടിച്ചു കരച്ചിലായി... നമ്മള്‍ കുറച്ചു കഠിന ഹൃദയര്‍ മാത്രം കരയുന്നുമില്ല ചിരിക്കുന്നുമില്ല..

മമ്മി മാറി മാറി എന്‍റെ മുഖത്തേയ്ക്കു നോക്കി, ''ഇപ്പൊ കരയും... ഇപ്പൊ കരയും...'' എന്ന പ്രതീക്ഷയില്‍ ... (എബിടെ കരയാന്‍ , ''മമ്മി വീട്ടില്‍ പോയിട്ട് വേണം ഒന്ന് മഴയത്ത് ഇറങ്ങാന്‍'' എന്ന് ഹൈപ്പര്‍ പ്ലാന്‍ ഇട്ടു കൊണ്ടിരിക്കുന്ന ഞാന്‍ കരയാനോ? എന്‍റെ പട്ടി കരയും)
പാവം മമ്മി... ഞാന്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ സ്റോക്ക് ചെയ്തു വച്ചിരുന്ന ഡയലോഗുകള്‍ എല്ലാം ചീറ്റിപ്പോയി... ടണ്‍ ടാണ്ട ടാന്ഗ് ...
മൂന്നാം മണി അടിച്ചു എല്ലാവരേം ക്ലാസ്സിലിരുത്തി അമ്മമാര് പുറത്തിറങ്ങി . പണ്ട് മുതലേ നമുക്ക് 'ആറര അടി പൊക്കം' ഉണ്ടായിരുന്നതിനാല്‍ ഇരിപ്പിടം ഫസ്റ്റ് ബെഞ്ചില്‍ തന്നെ കിട്ടി .
തൊട്ടരുകില്‍ ഒരുത്തന്‍ മൂക്കളയും ഒലിപ്പിച്ച് ..,മൂക്കില്‍ വിരലിട്ടു കളിക്കുന്നു..
എങ്ങനെയാ ഒന്ന് പരിചയപ്പെടുക?

''അളിയാ.. വൈകിട്ടെന്താ പരിപാടി'' എന്ന് ചോദിച്ചാലോ?

വേണ്ട അത് ജാടയാകും ..

അപ്പോളാണ് മനസ്സില്‍ വീണ്ടും ഒരു ''ലഡ്ഡു'' പൊട്ടിയത്.. അപ്പോളോ?

തോണ്ടി വിളിക്കാം (അന്നത്തെ നമ്മുടെ ഒരു തോണ്ടല്‍ എന്നൊക്കെ പറയുമ്പോ ഇന്നത്തെ ഒരു ഇടിയുടെ അത്രയും വരും)
അവന്‍ മൂക്കിലിട്ടിരുന്ന കൈക്കാണ് 'തോണ്ട്' കൊണ്ടതെന്ന് നമ്മളറിഞ്ഞില്ല..
നഖം കൊണ്ട് മൂക്കില്‍ നിന്നും രക്തം ധാര ധാരയായി ഒഴുകി..(ചുമ്മാ ഒരു ഓളത്തിന് പറഞ്ഞതാ... ശരിക്കും രണ്ടു തുള്ളിയെ വന്നുള്ളൂ... സത്യായിട്ടും.. )

ചോര കണ്ട അവന്‍ ദേ .. കാറിപ്പൊളിച്ച് കരയുന്നു !!!

ടാ... ചക്കര മുത്തെ , തേനേ പാലേ.. കണ്ണേ കരളേ... കരഞ്ഞു ''ബളഹം'' ഉണ്ടാക്കല്ലെടാ .!!

പെട്ടന്നാണ് പോരും നേരം പപ്പാ എന്‍റെ പോക്കറ്റില്‍ ഇട്ടു തന്ന ''പ്യാരി മിട്ടായി'' എന്‍റെ ശ്രദ്ധ ക്ഷണിച്ചത്...

''കൊച്ചു കുട്ടികള്‍ കുറ്റം ചെയ്‌താല്‍ പ്യാരി മിട്ടായി ഡായ് ഡായ്'' എന്നാണല്ലോ മഹാകവി ഇന്നസെന്റ് പറഞ്ഞിരിക്കുന്നത്?

ആ പച്ചപ്യാരി മിട്ടായി അവന്റെ നേരെ നീട്ടിക്കൊണ്ടു ആ ''അമിതാബച്ച മന്ത്രം'' ഞാനുരുവിട്ടു..

''മച്ചൂ.. മധുരം കഴിക്കേണമിന്നോന്നാം തീയതിയായ്...
മധുരം കഴിക്കേണമിന്നോന്നാം തീയതിയായ്.. ഒന്നാം തീയതിയായ്..''


അതേറ്റു .. എനിക്ക് ശകലം പോലും തരാതെ ആ കാലമാടന്‍ ആ മിട്ടായി മുഴുവന്‍ തിന്നു തീര്‍ത്തു..
അങ്ങനെ ആ രക്തബന്ധത്തില്‍ തുടങ്ങിയ സൌഹൃതം ഇന്നും തുടരുന്നു .. മുറിവേല്‍ക്കാതെ..!!!


വല്ലപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ ചുളുവിലയ്ക്ക് നേവല്‍ ബേസില്‍ നിന്ന് xxx ഇറക്കി തരുന്ന സോഴ്സ് അവനായത് കൊണ്ട് മാത്രം പേര് വെളിപ്പെടുത്തി അവന്റെ പണി കളയുന്നില്ല...
നിര്‍ബന്ധമാണെങ്കില്‍ നിങ്ങള്‍ അവനെ സാബുവെന്നോ ഷുക്കൂറെന്നോ വിളിച്ചോ... നോ പ്രോബ്ലം !!!

4 comments:

  1. അടിപൊളി അളിയാ അടിപൊളി ഒന്ന് കുഞായതുപോലെ തോന്നുന്നു !!!

    ReplyDelete
  2. "ligo" annenannu aunty ude ooham...!!!

    ReplyDelete
  3. തോണ്ടി വിളിക്കാം (അന്നത്തെ നമ്മുടെ ഒരു തോണ്ടല്‍ എന്നൊക്കെ പറയുമ്പോ ഇന്നത്തെ ഒരു ഇടിയുടെ അത്രയും വരും)
    അവന്‍ മൂക്കിലിട്ടിരുന്ന കൈക്കാണ് 'തോണ്ട്' കൊണ്ടതെന്ന് നമ്മളറിഞ്ഞില്ല..
    നഖം കൊണ്ട് മൂക്കില്‍ നിന്നും രക്തം ധാര ധാരയായി ഒഴുകി..(ചുമ്മാ ഒരു ഓളത്തിന് പറഞ്ഞതാ... ശരിക്കും രണ്ടു തുള്ളിയെ വന്നുള്ളൂ... സത്യായിട്ടും.. )valiyil irunna pampine eduthu kadi kolluka ennu parayunnathu.

    ReplyDelete