
അതേ ഉദ്ദേശിച്ചത് ലത് തന്നെയാണ്,,, ചിലര്‍ക്കെങ്കിലും ഒരു വിചാരമുണ്ട് നേഴ്സുമാര്‍ക്ക് ലതില്ല എന്ന് . അത് കൊണ്ടാണല്ലോ ശങ്കേര്‍സ് ഹോസ്പിറ്റലിലും അമൃതയിലുമെല്ലാം നേഴ്സുമാര്‍ക്കെതിരെ കയ്യേറ്റങ്ങള്‍ നടക്കുന്നത്... എന്തുപറഞ്ഞാലും സര്‍വ്വം സഹയായി കേട്ടു കൊണ്ട് നെറ്റിയില്‍ കുരിശും വരച്ച് 'സ്വര്‍ഗസ്ഥനായ പിതാവേ' ചൊല്ലിക്കൊണ്ടിരുന്ന നേഴ്സുമാരായ ശോശാമ്മച്ചിയുടെയും അന്നമ്മച്ചിയുടെയുമൊക്കെ കാലം കഴിഞ്ഞു പോയ കാര്യവും പകരം നട്ടിന് ഉറപ്പുള്ള ആമ്പിള്ളേര് നേഴ്സിങ്ങിനു പോയ കാര്യം മാനേജ്മെന്റുകള്‍ മറന്നുപോയോ? അതോ MBA എന്ന പേരില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രെഷനും ഫിനാന്‍ഷ്യല്‍ അഡ്ജസ്റ്റ്മെന്റും പടിച്ചകൂട്ടത്തില്‍ ഹ്യൂമന്‍ റിസോഴ്സ് മാനെജ്മെന്റ് എന്ന ക്ലാസ് എടുത്തപ്പോ നിങ്ങളൊക്കെ 'രതി നിര്‍വ്വേദം' കാണാന്‍ പോയോ ? അതോ പന്നിപ്പനി പിടിച്ചു കിടപ്പിലായിരുന്നോ? അറിയാന്മേലാത്തത് കൊണ്ട് ചോദിച്ചതാണ്... അതുമല്ലെങ്കില്‍ പിന്നെ എന്തിന്റെ കേടു തീര്‍ക്കാനാണ് പാവം നേഴ്സുമാരുടെ നെഞ്ചത്തോട്ട് (കടപ്പാട്: പി സി ജോര്‍ജങ്കിള്‍ ) കേറുന്നത്...
പണ്ട് നേഴ്സിംഗ് കണ്ടുപിടിച്ച ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ആത്മാവ് ഇപ്പൊ വിലപിക്കുന്നുണ്ടാവും കേരളത്തിലെ നേഴ്സുമാരുടെ അവസ്ഥ ഓര്‍ത്ത്...
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒരു മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ മുറിവുകള്‍ വച്ച് കെട്ടി കാരുണ്യം എന്ന ഒരു പുണ്യം മാത്രം പ്രതിഫലം വാങ്ങി ആതുരസേവനം എന്ന മഹത്തായ ഒരു പ്രസ്ഥാനത്തിന് തിരി തെളിയിച്ചപ്പോള്‍ നൈറ്റിംഗേല്‍ ചിന്തിച്ചിരിക്കില്ല , തന്റെ പിന്‍ഗാമികളുടെ കണ്ണീരൊപ്പാന്‍ ആരുമുണ്ടാവില്ലെന്ന സത്യം...
കാലചക്രം തിരിയുന്നത് മുന്നോട്ടു തന്നെയാണ് , സഹതാപവും കാരുണ്യവും മാത്രം മുന്നില്‍ കണ്ട് നേഴ്സിംഗ് പഠിച്ചവരല്ല 95 ശതമാനം മലയാളികളും ... അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ഞാനുള്‍പ്പെടുന്ന നേഴ്സുമാരാരും ദൈവത്തിന്റെ സ്വന്തം നാട് വിട്ട് യൂറോപ്പ് -അറബ് രാജ്യങ്ങള്‍ തേടി പോകുമായിരുന്നില്ല...
എല്ലാം ഒരു നല്ല നാളയെ സ്വപ്നം കണ്ട്...
അതിനു വേണ്ടി മാത്രമാണല്ലോ പലിശയ്ക്കു കടമെടുത്തും ആധാരം പണയം വച്ചും ഞങ്ങള്‍ നേഴ്സിംഗ് പഠിച്ചത്... ചിലതൊക്കെ ഓര്‍ക്കുമ്പോ കണ്ണ് നിറഞ്ഞു പോകാറുണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നികുതിപ്പണം മുടക്കി പഠിപ്പിച്ച ഡോക്ടര്‍മാര്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുമ്പോള്‍ സ്വന്തം അമ്മയുടെ കെട്ടുതാലി വിറ്റും പറമ്പ് പണയം വച്ചും നേഴ്സിംഗ് പഠിച്ചവരുടെ കേരളത്തിലെ പ്രതിമാസ വരുമാനം 2700 കുണുവ...( വേമ്പനാട്ട് കായലില്‍ ചെള്ള വാരാന്‍ പോയാല്‍ കിട്ടും 500 രൂപാ ഡെയിലി... )
ഇനി മറ്റൊരു സത്യം പറയാം ,കേരളത്തിലെ നല്ലൊരു ഭാഗം സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരും ചിരിച്ചു കൊണ്ട് നിങ്ങളെ ശുശ്രൂശിക്കുന്നുണ്ടെങ്കില്‍ അത് ഹോസ്പിറ്റല്‍ എത്തിക്സിന്റെ കോളം നിറയ്ക്കാന്‍ വേണ്ടി മാത്രമാണ്... എഴുപതു ശതമാനത്തിലധികം പേരും സ്വയം ശപിക്കുന്നുണ്ടാവും സ്വന്തം നാട്ടിലെ ഈ അവഗണനയെ ഓര്‍ത്ത്...രണ്ടു വര്‍ഷത്തെ ഒരു എക്സ്പീരിയന്‍സ് സര്ട്ടിഫിക്കെറ്റിന് വേണ്ടി മാത്രമാണ് ചെറുതല്ലാത്ത ഒരു സമൂഹം വണ്ടിക്കൂലിക്ക് പോലും തികയാത്ത ഇത്തിരി ശമ്പളവും പറ്റി മൂകസാക്ഷികളായി തുടരുന്നത്... കേരളത്തില്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ വളരെകുറച്ച് മാത്രം സംഭവിക്കുന്ന ഈ മേഖലയില്‍ നേഴ്സുമാരുടെ ക്ഷേമത്തിനും സംഘടനകള്‍ നിലവിലുണ്ട്... പക്ഷെ അതിന്റെ തലപ്പത്തിരിക്കുന്നവര്‍ 'സ്വന്തം' കിറിക്കിട്ടു കുത്താന്‍ വരുന്നവരോടും 'ഗുഡ് മോര്‍ണിംഗ്' പറയുന്നവരായാല്‍ മാനേജ്മെന്റുകള്‍ നമ്മുടെ ചെവി കടിച്ചാല്‍ ആരെ കുറ്റം പറയാനാകും?
കൊച്ചിയിലെ വളരെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഒന്നരക്കൊല്ലത്തോളം ജോലി ചെയ്തതിന്റെ ഒറ്റ അഹങ്കാരത്തില്‍ സ്നേഹസമ്പന്നരായ എന്റെ കൂട്ടുകാരോട് ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ?
NABH ന്റെയും JCI യുടെയുമൊക്കെ അംഗീകാരമുള്ള ഈ ആതുരാലയങ്ങളിലെ ബില്‍ ആരെങ്കിലും ശ്രദ്ദിച്ചിട്ടുണ്ടോ? നേഴ്സിംഗ് ചാര്‍ജെസ് എന്ന പേരില്‍ ആയിരങ്ങളാണ് ഓരോ ദിവസവും നിങ്ങള്‍ എണ്ണി കൊടുക്കുന്നത്... നേഴ്സുമാരല്ലാതെ അവിടെ ബ്ലാക്കില്‍ ആരെങ്കിലും നേഴ്സിംഗ് നടത്തുന്നുണ്ടോ എന്നെനിക്കറിയില്ല? എന്തായാലും ഒന്നുറപ്പിക്കാം നേഴ്സുമാര്‍ ഈ പൈസ കുടുംബത്ത് കൊണ്ടു പോകുന്നില്ല...
എന്തൊക്കെയായാലും ആവശ്യത്തിനു തൊഴിലുറപ്പ് പദ്ധതികളും ആവശ്യത്തിലേറെ തൊഴിലാളി സംഘടനകളുമുള്ള ഒരു നാട്ടില്‍ ചെറുതല്ലാത്തതും ഒഴിവാക്കാനാവാത്തതുമായ അഭ്യസ്തവിദ്യരായ ഒരു തൊഴിലാളി സമൂഹം അരക്ഷിതാവസ്ഥ നേരിടുന്നെങ്കില്‍ അത് നമ്മുടെ നിയമവ്യവസ്ഥയുടെ പരാജയമാണ്... ചെയ്യാത്ത വേലയ്ക്കു നോക്കുകൂലി വാങ്ങിച്ചിരുന്ന ഒരു നാട്ടില്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം കിട്ടുന്നില്ല എങ്കില്‍ ആരെയാണ് കുറ്റം പറയേണ്ടത്?
കേരളത്തിലെ നേഴ്സിംഗ് കൌണ്സിലുകള് ആരുടെ എന്ത് കാണാന്‍ സ്ഥാപിക്കപ്പെട്ടവയാണ് എന്ന് മനസ്സിലാവുന്നില്ല ? മാസാമാസം വാടക കൊടുക്കാന്‍ വേണ്ടി മാത്രമാണോ 'കേരള നേഴ്സിംഗ് കൌണ്‍സില്‍' എന്ന പേരില്‍ ഒരു ഇരു നില മന്ദിരം തലസ്ഥാനത് സ്ഥിതി ചെയ്യുന്നത്.... ശബ്ദമുയിര്‍ത്തേണ്ടിടത്ത് മൌനം പാലിക്കുന്നത് ഷണ്ഡത്തമാണ്. അതിനു അധികാരികള്‍ തയ്യാറാവട്ടെ എന്ന പ്രാര്‍ഥനയോടെ
............................. ഒരു മെയില്‍ നേഴ്സ് .
This is what we called democracy..നമ്മുടെ നേതാക്കന്മാര് കാണേണ്ടവ കാണാതിരിക്കാന്‍ ഉള്ള കഴിവിന് ലോകത്തിന്റെ പരമോന്നത ബഹുമതി ലഭിച്ചവര്‍ അന്ന് ഇന്നാണോ മണ്ടാ നീ അറിയുന്നത് !!!!
ReplyDeleteതൂവെള്ള വസ്ത്രത്തിൽ പുഞ്ചിരി തൂകുന്ന മുഖവുമായി നിൽക്കുന്ന പാവം നഴ്സുമാരുടെ രോദനം ആരും കാണാതെ പോകുന്നു. കഷ്ടം.
ReplyDeleteനഴ്സുമാര്‍ ചെയ്യുന്നത് അക്ഷരാര്‍ത്ഥത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനമാണ്. ഓരോ മനുഷ്യജീവിക്കും അവരുടെ പരിചരണം ആവശ്യമായി വരും. നഴ്സുമാരുടെ സഹായം സ്വീകരിക്കാത്ത ആരും മനുഷ്യ കുലത്തില്‍ ജീവിച്ചിരിപ്പുണ്ടാവില്ല. അങ്ങനെയുള്ള ഒരു വിഭാഗത്തെ തെരുവിലിട്ട് തല്ലിച്ചതയ്ക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കുന്നവരെ മനുഷ്യരായി പരിഗണിക്കാനാവുമോ? ഒരുപാടു പ്രതീക്ഷകളുമായി നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവതീ യുവാക്കള്‍ക്കു മുന്നില്‍ നിരന്നു കിടക്കുന്ന വഴി ക്രൂരമര്‍ദനത്തിന്റേതും നിറഞ്ഞ അനീതിയുടേതുമാകുന്നത് ഏതു ന്യായവിധിയുടെ അടിസ്ഥാനത്തിലാണു നീതീകരിക്കാനാവുക?
ReplyDeleteഇത്തരം കാടത്തം കേരളത്തില്‍ വേണ്ട. ശക്തരായ മാനേജ്മെന്റുകള്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും കുട പിടിക്കുന്ന ശൈലി സര്‍ക്കാര്‍ ഉടന്‍ ഉപേക്ഷിക്കണം. നഴ്സുമാരെ മര്‍ദിച്ചത് ആരെന്നു കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയാണുണ്ടാകേണ്ടത്. ഇത്തരം ആശുപത്രികളിലെ സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കാനും സര്‍ക്കാര്‍ ഇടപെടണം. അത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ആശുപത്രികള്‍ ഉടന്‍ അടച്ചുപൂട്ടിക്കുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ ചെയ്യണം. അതിനുള്ള നട്ടെല്ല് കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ആര്‍ക്കെങ്കിലുമുണ്ടോ?
http://anilphil.blogspot.com/2011/12/blog-post_09.html
ചെയ്യാത്ത വേലയ്ക്കു നോക്കുകൂലി വാങ്ങിച്ചിരുന്ന ഒരു നാട്ടില്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം കിട്ടുന്നില്ല എങ്കില്‍ ആരെയാണ് കുറ്റം പറയേണ്ടത്?
ReplyDeleteവാങ്ങിക്കുന്ന എന്ന് തിരുത്തൂ..ഇപ്പോഴും നോക്കുകൂലി ഉണ്ട്.
നല്ല എഴുത്ത് ..രോക്ഷം തിളക്കട്ടേ..ഇനിയും, അനീതിക്കെതിരെയുള്ള പ്രതികരണത്തില്‍ പങ്കുചേരുന്നു.
ആശംസകള്‍സ്..!
HRIDAYAM NIRANJA XMAS,PUTHUVALSARA AASHAMSAKAL..............
ReplyDelete