Saturday, December 31, 2011

മൗനം പേശുതേയ് ........

എന്‍റെ ജീവിതത്തിന്റെ പുസ്തകതാളുകള്‍ക്കിടയില്‍ മാനം കാണാതെ സൂക്ഷിക്കാന്‍
ഒരു മയില്‍ പീലി കൂടി ബാക്കിയാക്കി ഇന്ന് നീയും വിട വാങ്ങുന്നു...

ഒരുപാട് പൊട്ടിച്ചിരികളും പേരിന് കണ്ണീര്‍മുത്തുകളും സമ്മാനിച്ച്
പരിഭവങ്ങളില്ലാതെ നീ പടിയിറങ്ങുമ്പോള്‍ എന്‍റെ ഭാഷ മൗനമായി മാറുന്നു...

ലോകത്തിനു മുന്‍പില്‍ ഞാന്‍ വെറും കയ്യോടെ നിന്നപ്പോള്‍
അനുഭവങ്ങള്‍ കൊണ്ട് നീ എന്നെ പഠിപ്പിച്ചു ജീവിതത്തിന്റെ ബാലപാoങ്ങള്‍...

പ്രതിസന്ധികള്‍ക്കെതിരെ നിവര്‍ന്നു നിന്ന്
'കല്ലിവല്ല്ലി' പറയാന്‍ എന്നെ പഠിപ്പിച്ചത് നീയാണ്..

പ്രശ്നങ്ങളുടെ കുത്തൊഴുക്കില്‍ നില്‍ക്കുമ്പോഴും തളരാതെ
ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ എന്നെ പഠിപ്പിച്ചതും നീ തന്നെ...

എടുത്തു പറയാനാണെങ്കില്‍ ഒരുപാട് ബന്ധങ്ങള്‍ ഞാനും നീയും തമ്മില്‍ ..
എന്നിട്ടും ഒരു യാത്ര പോലും പറയാതെ ഇന്ന് നീയും എന്നെ വിട്ടകലുന്നു ....
2011 എന്ന എന്‍റെ പ്രിയ സുഹൃത്ത് ...

കടപ്പാടുകള്‍ വാക്കിലൊതുക്കാനാവില്ലല്ലോ....
നന്ദി എന്നെ ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും ........!!!എന്താ ജോബെ എന്റെ കണ്ണീന്ന് വെള്ളം വരുന്നേ?

i really missing my kochi very very very very very very badly...........
happy new year to all.....

Thursday, December 29, 2011

ഒരു ക്രിസ്മസ് കുമ്പസാരത്തിന്റെ ഓര്‍മ്മയ്ക്ക്‌...


കുമ്പസാരം എന്ന കൂദാശ കണ്ടു പിടിച്ചതാരാണെന്നോ അത് എന്നായിരുന്നെന്നോ ഒന്നും എനിക്കറിയില്ല... എങ്കിലും തിരുസഭയുടെ കല്‍പ്പനകള്‍ അനുസരിക്കുന്ന ഒരു ശരാശരി കത്തോലിക്കന്‍ എന്ന നിലയില്‍ കുറഞ്ഞ പക്ഷം കൊല്ലത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും ഞാന്‍ നടത്തിവന്നിരുന്ന ഒരു അനുഷ്ടാനമായിരുന്നു ആണ്ടു കുമ്പസാരം അഥവാ annual confession .സാധാരണ ഗതിയില്‍ ഒരുമാതിരിപ്പെട്ട ഉടായിപ്പ് ക്രിസ്ത്യാനികളെല്ലാം ഈ കൃത്യം നടത്തുന്നത് പെസഹാക്കാലത്താണെങ്കിലും എന്‍റെ ഒരു നടപ്പുവശവും ഇരുപ്പു വശവും വച്ച് നമ്മള്‍ സെലക്ട്‌ ചെയ്തത് ക്രിസ്മസ് കാലമാണ്... അത് കൊണ്ട് രണ്ടുണ്ട് ഗുണം, ന്യൂ ഇയറിനു പിന്നെ വേറെ കുമ്പസാരിക്കേണ്ട ആവശ്യകത ഉദിക്കുന്നില്ല....
ഇപ്പറഞ്ഞതൊക്കെ ഒരു അഞ്ചാറു കൊല്ലം മുമ്പുള്ള ആചാരാനുഷ്ടാനങ്ങളാണ്... പിന്നീടിങ്ങോട്ട്‌ നാട്ടിലുള്ള എല്ലാ യുവാക്കളെയും പോലെ ഞാനും വ്യത്യസ്തമായി ചിന്തിച്ചു തുടങ്ങി.... എപ്പോഴും ചെന്ന് കുമ്പസാരിച്ച് ക്യൂവിന്റെ നീളം കൂട്ടുന്നതില്‍ ഒരര്‍ത്ഥവും ഇല്ലെന്ന് സാമാന്യ ബുദ്ധിയില്‍ ഞാനും ചിന്തിച്ചു... (ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ഇപ്പൊ എന്‍റെ പ്രായം ഇതാണ് എല്ലാത്തിനെയും എതിര്‍ക്കുന്ന ചോരത്തിളപ്പുള്ള യൌവ്വനം , ഇതൊന്നും വായിച്ചു ആരും ഉപദേശിക്കാന്‍ വന്നേക്കരുത്... ഞാന്‍ നന്നാവും ഒരു രണ്ടു മൂന്നു കൊല്ലം കൂടി കഴിഞ്ഞോട്ടെ... )

ചുരുക്കിപ്പറഞ്ഞാല്‍ കുമ്പസാരിച്ചിട്ട് ഇപ്പൊ കൊല്ലം നാല് കഴിഞ്ഞു. ഈ വിവരമെങ്ങാനും വികാരിയച്ചനറിഞ്ഞാല്‍ കുമ്പസാരക്കൂട്ടീന്ന്‍ ഇറങ്ങി വന്ന് കാലു മടക്കി തോഴിക്കുവേ ഉള്ളൂ... ഇനിയിപ്പോ എന്തോന്ന് ചെയ്യാന്‍.... മര്യാദയ്ക്ക് കഴിഞ്ഞതിന്റെ മുമ്പത്തെ ക്രിസ്മസ്സിന് കുമ്പസാരിക്കാന്‍ ഞാന്‍ ക്യൂവില്‍ കയറി നിന്നതാ... അപ്പൊ പണ്ടാരം പിടിക്കാന്‍ നാട്ടീന്നൊരു ബ്രോക്കര്‍ ഫോണില്‍ വിളിച്ചിരിക്കുന്നു ' അരയങ്കാവില്‍ മുപ്പതു ലക്ഷത്തിനു ഒരു വീടും സ്ഥലവും വില്‍പ്പനയ്ക്ക്... എങ്ങനാ നവീനെ നോക്കുന്നോന്ന്... ''
എന്നാപ്പിന്നെ ആ സ്ഥലം കൂടി എടുത്ത് 'മറിച്ചിട്ട്' ആ പാപം കൂടി ചേര്‍ത്ത് പിന്നെ കുമ്പസാരിക്കാം എന്നൊരു ബോധോദയം എനിക്കുണ്ടായി... അന്ന് പോന്നതാ കുമ്പസാരക്കൂടിന്റെ സൈഡീന്ന് , പിന്നെ കുര്‍ബാനയ്ക്ക് പോകുമ്പോള്‍ പോലും ആ ഏരിയയിലേക്ക് പോയിട്ടില്ല...

എന്‍റെ പിഴ... എന്‍റെ പിഴ.... എന്‍റെ വലിയ പിഴ...
ഇത്രേം പിഴയോക്കെ ഏറ്റു പറയുമ്പോ നിങ്ങള്‍ വിചാരിക്കും ഞാനെന്തോ മാരക പാപം ചെയ്തിട്ടാണ് ഇവിടെ നിന്ന് ഇങ്ങനെ പ്രസംഗിക്കുന്നത് എന്ന്... നിങ്ങള്ക്ക് തെറ്റി...
നിങ്ങടെ പിഴ നിങ്ങടെ പിഴ നിങ്ങളുടെ വലിയ പിഴ....
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോ ആദ്യകുര്‍ബാന സ്വീകരണത്തിന് ബനീഞ്ഞ സിസ്റ്റര്‍ പറഞ്ഞു തന്ന സാമ്പിള്‍ പാപങ്ങള്‍ മൂന്നാലെണ്ണമല്ലാതെ ഇന്ന് വരെ ഒരു പാപവും ഞാന്‍ ആരോടും ചെയ്തിട്ടുമില്ല കുമ്പസാരക്കൂട്ടില്‍ ചെന്ന് പറഞ്ഞിട്ടുമില്ല... (മുഖത്തൊരു തരികിട ലക്ഷണം ഉണ്ടെന്നെയുള്ളൂ... ഞാനൊരു പച്ചപ്പാവമാന്നേയ് ... )
അങ്ങനെയിരിക്കെ ശാലോം ടീവിയില്‍ ഒരച്ചന്‍ പറയുന്നത് കേട്ടു.... 'ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളുമായി വ്യഭിചരിച്ചു കഴിഞ്ഞു എന്ന്... ''
ആ ഒരു ലൈനില്‍ വച്ച് നോക്കുകയാണെങ്കില്‍ ഫര്‍വാനിയ,അബ്ബാസിയ ഏരിയയിലുള്ള ഒരുമാതിരിപ്പെട്ട കുവൈറ്റിപ്പെണ്ണുങ്ങളെയെല്ലാം ഞാന്‍ ......... ഛെ... ഞാന്‍ അതെങ്ങനെ പറയും.... മ്ലേച്ചം... !!!(ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രതെര്‍സ് ആന്‍ഡ് സിസ്റ്റെര്സ് .... ബട്ട്‌ ഒണ്‍ലി ഇന്ത്യന്‍സ് ..ok..)
ഹോ സന്തോഷായി... ആ ഒരു പ്രമാണം മാത്രമേ തെറ്റിക്കാതുണ്ടായിരുന്നുള്ളൂ ...
തിരുപ്പതി ആയി... തിറുപ്പതി....
ഹോ ഇനി മുതല്‍ കുമ്പസാരിക്കുമ്പോ ലതും പറയേണ്ടി വരുമല്ലോ ഫഹവാനെ...
ഛെ.. വികാരിയച്ഛന്‍ എന്ത് വിചാരിക്കും...
അച്ചനെന്തെങ്കിലും തിരിച്ചു ചോദിച്ചാല്‍ അമ്മച്ചിയാണേ ഞാന്‍ പറയും''
നേഴ്സിംഗ് ഇപ്പൊ വല്യ മെച്ചമൊന്നും ഇല്ലച്ചോ സൊ ഇപ്പൊ ലോറി ഡ്രൈവറാണച്ചോ ഞാന്‍''
'കക്കാത്ത കണ്ടക്ടര്‍മാരും വ്യഭിചരിക്കാത്ത മെയില്‍ നേഴ്സുമാരും ഇല്ലെ'ന്നൊരു ചൊല്ല് കോയമ്പത്തൂര് നിലവിലിരിക്കെ കുമ്പസാരിക്കേണ്ടി വരുമല്ലോ എന്ന ഒറ്റക്കാരണം കൊണ്ട് ഇന്നും ചരിത്രവും ചാരിദാര്ത്യവും ചരല് പോലെ(ചരലിനിപ്പോ പൊന്നിനെക്കാളും വിലയാ...) സൂക്ഷിച്ചു കൊണ്ട് നടക്കുന്ന എനിക്കിത് തന്നെ വരണം ...

ഈ അവസരത്തിലൊക്കെയാണ് പെണ്ണായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നത്... അവര്‍ക്കൊക്കെ അവസാനത്തെ കല്‍പ്പന ( അന്യന്റെ ഭാര്യയെ മോഹിക്കരുത്..)മൈന്‍ഡ് ചെയ്യണ്ടല്ലോ? അന്യന്റെ ഭാര്യമാരെ നമ്മള്‍ മോഹിക്കാന്‍ പാടില്ല... അന്യന്റെ ഭാര്യമാര്‍ക്കൊക്കെ നമ്മളോട് എന്തുമാവാല്ലോ?
എന്തൊക്കെ ആയാലും ഇക്കൊല്ലം ഞാന്‍ കുമ്പസാരിക്കും എന്നൊരു ഉറച്ച തീരുമാനം ഞാനെടുത്തു .
ശോ.. ഓണ്‍ ലൈനില്‍ എങ്ങാനും കുമ്പസാരമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഡെയിലി കുമ്പസാരിച്ചു മരിച്ചേനെ...
അങ്ങനെ കഴിഞ്ഞ ആഴ്ച അത് സംഭവിച്ചു . അച്ഛന്‍ ഒരു ലോഡ് ഉപദേശം ഒരു മാതിരി പറവൂര്‍ പീടനക്കേസിലെ പ്രതിയോടെന്ന പോലെ...
'ഞാന്‍ അച്ചനുദ്ദേശിക്കുന്നത് പോലെ ഉടായിപ്പല്ല ...'' എന്ന് പറയണമെന്നുണ്ടായിരുന്നു...
ബട്ട്‌ എന്ത് ചെയ്യാം? തിരിച്ചൊരു വാക്ക് മിണ്ടാന്‍ അവസരം കിട്ടണ്ടേ?
പ്രായശ്ചിത്തവും പാപമോചനവും എല്ലാം കിട്ടി ബോധിച്ചു... കൂടെ ഒരു പണിയും കൂടി കിട്ടി ' പാപ സാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്നും കൊന്ത ചൊല്ലി പ്രാര്‍ത്തിക്കണംന്ന് ..
ഒരു കൊന്ത എന്ന് പറയുന്നത് രണ്ടു പേജോളം വരും, ചൊല്ലിത്തീര്‍ക്കണമെങ്കില്‍ കുറഞ്ഞത്‌ അരമണിക്കൂറെങ്കിലും വേണം , അതിനുള്ള പോംവഴി ഇന്നലെ ഞാന്‍ കണ്ട് പിടിച്ചു .ജപമാലയുടെ പേജ് തുറന്നു വച്ചിട്ട് 'ഈ രണ്ടു പേജിലുള്ള പുണ്യാളന്മാരെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണേ 'എന്നൊരൊറ്റ പ്രാര്‍ത്ഥന... അച്ഛനും സന്തോഷം പുണ്യാളന്‍മാര്‍ക്കും സന്തോഷം സര്‍വ്വോപരി എനിക്കും സന്തോഷം....
ഒരു വെടിക്ക് ഒരു പത്തിരുന്നൂറ്റമ്പത് പക്ഷികള്‍...


ഒരു പ്രത്യേക അറിയിപ്പ് എന്‍റെ ഫെയ്സ്ബുക്കിലുള്ള അച്ചന്മാര്‍ ആരും ഇത് വായിച്ചു ക്ഷുഭിതരാകരുത്... ഇതെന്റെ ജീവിതമാണ് ആരും ഇത് തമാശായിട്ടെടുക്കരുത്... ആര്‍ക്കെങ്കിലും എന്തെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് ഈ പോസ്റ്റ്‌ മൂലം ഉണ്ടായാല്‍ ഒരു കാരണവശാലും ഇത് ഡിലീറ്റ് ചെയ്യുന്നതല്ല എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുതിക്കൊള്ളുന്നു...


NB: കോപ്പ്... മുല്ലപ്പെരിയാര്‍ ഇനി പൊട്ടുമെന്ന് തോന്നുന്നില്ല... ഇനി നമുക്കുള്ള ഒറ്റ പ്രതീക്ഷ 2012 ല്‍ ലോകം അവസാനിക്കും എന്നുള്ളതാണ്... ലോകം അവസാനിച്ചില്ലെങ്കില്‍ ഇനിയും കാണാമെന്ന പ്രതീക്ഷയോടെ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍....

Wednesday, December 07, 2011

നേഴ്സുമാര്‍ക്കെന്താ ലതില്ലേ?
അതേ ഉദ്ദേശിച്ചത് ലത് തന്നെയാണ്,,, ചിലര്‍ക്കെങ്കിലും ഒരു വിചാരമുണ്ട് നേഴ്സുമാര്‍ക്ക് ലതില്ല എന്ന് . അത് കൊണ്ടാണല്ലോ ശങ്കേര്‍സ് ഹോസ്പിറ്റലിലും അമൃതയിലുമെല്ലാം നേഴ്സുമാര്‍ക്കെതിരെ കയ്യേറ്റങ്ങള്‍ നടക്കുന്നത്... എന്തുപറഞ്ഞാലും സര്‍വ്വം സഹയായി കേട്ടു കൊണ്ട് നെറ്റിയില്‍ കുരിശും വരച്ച് 'സ്വര്‍ഗസ്ഥനായ പിതാവേ' ചൊല്ലിക്കൊണ്ടിരുന്ന നേഴ്സുമാരായ ശോശാമ്മച്ചിയുടെയും അന്നമ്മച്ചിയുടെയുമൊക്കെ കാലം കഴിഞ്ഞു പോയ കാര്യവും പകരം നട്ടിന് ഉറപ്പുള്ള ആമ്പിള്ളേര് നേഴ്സിങ്ങിനു പോയ കാര്യം മാനേജ്മെന്റുകള്‍ മറന്നുപോയോ? അതോ MBA എന്ന പേരില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രെഷനും ഫിനാന്ഷ്യല്‍ അഡ്ജസ്റ്റ്മെന്റും പടിച്ചകൂട്ടത്തില്‍ ഹ്യൂമന്‍ റിസോഴ്സ് മാനെജ്മെന്റ് എന്ന ക്ലാസ് എടുത്തപ്പോ നിങ്ങളൊക്കെ 'രതി നിര്‍വ്വേദം' കാണാന്‍ പോയോ ? അതോ പന്നിപ്പനി പിടിച്ചു കിടപ്പിലായിരുന്നോ? അറിയാന്മേലാത്തത് കൊണ്ട് ചോദിച്ചതാണ്... അതുമല്ലെങ്കില്‍ പിന്നെ എന്തിന്‍റെ കേടു തീര്‍ക്കാനാണ് പാവം നേഴ്സുമാരുടെ നെഞ്ചത്തോട്ട് (കടപ്പാട്: പി സി ജോര്‍ജങ്കിള്‍ ) കേറുന്നത്...
പണ്ട് നേഴ്സിംഗ് കണ്ടുപിടിച്ച ഫ്ലോറന്‍സ് നൈറ്റിംഗേലിന്‍റെ ആത്മാവ് ഇപ്പൊ വിലപിക്കുന്നുണ്ടാവും കേരളത്തിലെ നേഴ്സുമാരുടെ അവസ്ഥ ഓര്‍ത്ത്...
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒരു മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ മുറിവുകള്‍ വച്ച് കെട്ടി കാരുണ്യം എന്ന ഒരു പുണ്യം മാത്രം പ്രതിഫലം വാങ്ങി ആതുരസേവനം എന്ന മഹത്തായ ഒരു പ്രസ്ഥാനത്തിന് തിരി തെളിയിച്ചപ്പോള്‍ നൈറ്റിംഗേല്‍ ചിന്തിച്ചിരിക്കില്ല , തന്‍റെ പിന്‍ഗാമികളുടെ കണ്ണീരൊപ്പാന്‍ ആരുമുണ്ടാവില്ലെന്ന സത്യം...

കാലചക്രം തിരിയുന്നത് മുന്നോട്ടു തന്നെയാണ് , സഹതാപവും കാരുണ്യവും മാത്രം മുന്നില്‍ കണ്ട് നേഴ്സിംഗ് പഠിച്ചവരല്ല 95 ശതമാനം മലയാളികളും ... അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ഞാനുള്‍പ്പെടുന്ന നേഴ്സുമാരാരും ദൈവത്തിന്‍റെ സ്വന്തം നാട് വിട്ട് യൂറോപ്പ് -അറബ് രാജ്യങ്ങള്‍ തേടി പോകുമായിരുന്നില്ല...
എല്ലാം ഒരു നല്ല നാളയെ സ്വപ്നം കണ്ട്...
അതിനു വേണ്ടി മാത്രമാണല്ലോ പലിശയ്ക്കു കടമെടുത്തും ആധാരം പണയം വച്ചും ഞങ്ങള്‍ നേഴ്സിംഗ് പഠിച്ചത്... ചിലതൊക്കെ ഓര്‍ക്കുമ്പോ കണ്ണ് നിറഞ്ഞു പോകാറുണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നികുതിപ്പണം മുടക്കി പഠിപ്പിച്ച ഡോക്ടര്‍മാര്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുമ്പോള്‍ സ്വന്തം അമ്മയുടെ കെട്ടുതാലി വിറ്റും പറമ്പ് പണയം വച്ചും നേഴ്സിംഗ് പഠിച്ചവരുടെ കേരളത്തിലെ പ്രതിമാസ വരുമാനം 2700 കുണുവ...( വേമ്പനാട്ട് കായലില്‍ ചെള്ള വാരാന്‍ പോയാല്‍ കിട്ടും 500 രൂപാ ഡെയിലി... )

ഇനി മറ്റൊരു സത്യം പറയാം ,കേരളത്തിലെ നല്ലൊരു ഭാഗം സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരും ചിരിച്ചു കൊണ്ട് നിങ്ങളെ ശുശ്രൂശിക്കുന്നുണ്ടെങ്കില്‍ അത് ഹോസ്പിറ്റല്‍ എത്തിക്സിന്‍റെ കോളം നിറയ്ക്കാന്‍ വേണ്ടി മാത്രമാണ്... എഴുപതു ശതമാനത്തിലധികം പേരും സ്വയം ശപിക്കുന്നുണ്ടാവും സ്വന്തം നാട്ടിലെ ഈ അവഗണനയെ ഓര്‍ത്ത്...രണ്ടു വര്‍ഷത്തെ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കെറ്റിന് വേണ്ടി മാത്രമാണ് ചെറുതല്ലാത്ത ഒരു സമൂഹം വണ്ടിക്കൂലിക്ക് പോലും തികയാത്ത ഇത്തിരി ശമ്പളവും പറ്റി മൂകസാക്ഷികളായി തുടരുന്നത്... കേരളത്തില്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ വളരെകുറച്ച് മാത്രം സംഭവിക്കുന്ന ഈ മേഖലയില്‍ നേഴ്സുമാരുടെ ക്ഷേമത്തിനും സംഘടനകള്‍ നിലവിലുണ്ട്... പക്ഷെ അതിന്‍റെ തലപ്പത്തിരിക്കുന്നവര്‍ 'സ്വന്തം' കിറിക്കിട്ടു കുത്താന്‍ വരുന്നവരോടും 'ഗുഡ് മോര്‍ണിംഗ്' പറയുന്നവരായാല്‍ മാനേജ്മെന്റുകള്‍ നമ്മുടെ ചെവി കടിച്ചാല്‍ ആരെ കുറ്റം പറയാനാകും?
കൊച്ചിയിലെ വളരെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഒന്നരക്കൊല്ലത്തോളം ജോലി ചെയ്തതിന്‍റെ ഒറ്റ അഹങ്കാരത്തില്‍ സ്നേഹസമ്പന്നരായ എന്‍റെ കൂട്ടുകാരോട് ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ?
NABH ന്‍റെയും JCI യുടെയുമൊക്കെ അംഗീകാരമുള്ള ഈ ആതുരാലയങ്ങളിലെ ബില്‍ ആരെങ്കിലും ശ്രദ്ദിച്ചിട്ടുണ്ടോ? നേഴ്സിംഗ് ചാര്‍ജെസ് എന്ന പേരില്‍ ആയിരങ്ങളാണ് ഓരോ ദിവസവും നിങ്ങള്‍ എണ്ണി കൊടുക്കുന്നത്... നേഴ്സുമാരല്ലാതെ അവിടെ ബ്ലാക്കില്‍ ആരെങ്കിലും നേഴ്സിംഗ് നടത്തുന്നുണ്ടോ എന്നെനിക്കറിയില്ല? എന്തായാലും ഒന്നുറപ്പിക്കാം നേഴ്സുമാര്‍ ഈ പൈസ കുടുംബത്ത് കൊണ്ടു പോകുന്നില്ല...

എന്തൊക്കെയായാലും ആവശ്യത്തിനു തൊഴിലുറപ്പ് പദ്ധതികളും ആവശ്യത്തിലേറെ തൊഴിലാളി സംഘടനകളുമുള്ള ഒരു നാട്ടില്‍ ചെറുതല്ലാത്തതും ഒഴിവാക്കാനാവാത്തതുമായ അഭ്യസ്തവിദ്യരായ ഒരു തൊഴിലാളി സമൂഹം അരക്ഷിതാവസ്ഥ നേരിടുന്നെങ്കില്‍ അത് നമ്മുടെ നിയമവ്യവസ്ഥയുടെ പരാജയമാണ്... ചെയ്യാത്ത വേലയ്ക്കു നോക്കുകൂലി വാങ്ങിച്ചിരുന്ന ഒരു നാട്ടില്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം കിട്ടുന്നില്ല എങ്കില്‍ ആരെയാണ് കുറ്റം പറയേണ്ടത്?

കേരളത്തിലെ നേഴ്സിംഗ് കൌണ്‍സിലുകള്‍ ആരുടെ എന്ത് കാണാന്‍ സ്ഥാപിക്കപ്പെട്ടവയാണ് എന്ന് മനസ്സിലാവുന്നില്ല ? മാസാമാസം വാടക കൊടുക്കാന്‍ വേണ്ടി മാത്രമാണോ 'കേരള നേഴ്സിംഗ് കൌണ്‍സില്‍' എന്ന പേരില്‍ ഒരു ഇരു നില മന്ദിരം തലസ്ഥാനത് സ്ഥിതി ചെയ്യുന്നത്.... ശബ്ദമുയിര്‍ത്തേണ്ടിടത്ത് മൌനം പാലിക്കുന്നത് ഷണ്‍ഡത്തമാണ്. അതിനു അധികാരികള്‍ തയ്യാറാവട്ടെ എന്ന പ്രാര്‍ഥനയോടെ
............................. ഒരു മെയില്‍ നേഴ്സ് .