Thursday, January 12, 2012

അവരുടെ നാമം പൂജിതമാകട്ടെ ... ആമേന്‍... !!



അച്ചന്മാര് എന്തൂട്ടാ ഈ കാട്ട്ണേ?
എനിക്കങ്ങട് വിശ്വാസാകണില്യാ... പള്ളീലച്ചന്മാര് റോഡിലിറങ്ങി മുദ്രാവാക്യം വിളിക്യേ? അതും കുഞ്ഞാടുകളുടെ മനസുള്ള പാവം നേഴ്സുമാര്‍ക്കെതിരെ ? ശിവ ശിവ... പള്ളിപ്പെരുന്നാളിന്റെ പ്രദക്ഷിണത്തിനല്ലാതെ ഭൂരിഭാഗം അച്ഛന്മാരെയൊന്നും നടുറോട്ടിലിറങ്ങി ഞാന്‍ കണ്ടിട്ടില്ല...
കലികാലം എന്നല്ലാതെ എന്തുട്ടായിപ്പ പറയാ... ഇക്കഴിഞ്ഞ മാസങ്ങളില്‍ മുല്ലപ്പെരിയാര്‍ ഇപ്പപ്പൊട്ടും എന്ന് നിലവിളിച്ചു കൊണ്ട് പ്രതിഷേധവുമായി കേരളത്തിലെ ആപ്പ ഊപ്പ സംഘടനകള്‍ ഉള്‍പ്പെടെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം തന്നെ തെരുവിലിറങ്ങിയപ്പോ മരുന്നിനു പോലും ഒരച്ചനെയോ കന്യാസ്ത്രീയെയോ ഞാന്‍ കണ്ടില്ലായിരുന്നു?
കേരളത്തിലെ ഭൂരിഭാഗം ക്രിസ്ത്യാനികളില്‍ നല്ലൊരു പങ്കും ജീവിക്കുന്നത് കോട്ടയം എറണാകുളം ജില്ലകളിലാണെന്നിരിക്കെ മുല്ലപ്പെരിയാര്‍ പൊട്ടി ചത്തുമലക്കുന്ന കത്തോലിക്കരുടെ കാര്യത്തില്‍ ഒരു വാക്കുപോലും മിണ്ടാതിരുന്ന പാതിരിമാര്‍ ഇപ്പൊ കൊടി പിടിച്ചിറങ്ങിയിരിക്കുന്നതിന്റെ ഉദ്ദേശശുദ്ധിയില്‍ എനിക്ക് സംശയമുണ്ട്...
തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് യേശൂര്‍സ്തു പഠിപ്പിച്ചത് അപ്പാടെ അങ്ങ് പ്രാവര്‍ത്തികമാക്കുന്ന തിരക്കിനിടയില്‍ സ്വന്തം കൂട്ടത്തിലുള്ള ഈ ഇടയ കന്യകമാരെ കര്‍ത്താവിന്റെ പ്രതിപുരുഷന്മാര്‍ മറന്നു പോയോ? അല്ലെങ്കില്‍ പിന്നെന്തിനാണ് ഭൂരിപക്ഷം ക്രിസ്ത്യാനികള്‍ അടക്കിവാഴുന്ന കേരളത്തിലെ നേഴ്സുമാര്‍ക്കെതിരെ ഈ ഉറഞ്ഞ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്.... അച്ചന്മാരുടെ അത്രയും പരിജ്ഞാനം ഒന്നുമില്ലെങ്കിലും ബൈബിള്‍ കുറച്ചൊക്കെ ഞാനും വായിച്ചിട്ടുണ്ട് '' ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു '' എന്ന് നമ്മളെ പഠിപ്പിച്ചത് നക്സലുകളോ തീവ്രവാദികളോ മതമൌലികവാദികളോ അല്ല . മറിച്ച് രണ്ടായിരമാണ്ടുകള്‍ക്ക് മുന്‍പ് പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ചു മരിച്ച് മൂന്നാം ദിവസം ഉയിര്‍ക്കപ്പെട്ടു എന്ന് നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ച 'യേശുക്രിസ്തു' എന്ന് പേരുള്ള ഒരു മനുഷ്യപുത്രന്‍ ആയിരുന്നു.
( പരിചയമുണ്ടോ ആവോ? )
ആ ഒരു ലൈനില്‍ വച്ച് നോക്കുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ ചെയ്തത് വല്ലാത്ത ചെയ്ത്ത് ആയിപ്പോയി . മടക്കു കട്ടിലില്‍ ചുരുണ്ട് കൂടിക്കിടന്ന വല്യപ്പന്മാരടങ്ങുന്ന വിശ്വാസികളെയെല്ലാം
തെരുവിലിറക്കി നിങ്ങള്‍ കാട്ടിക്കൂട്ടിയത് ഒരു മാതിരി നാലാം കൂലി നമ്പറായിപ്പോയി ...
നെഞ്ചില്‍ നാലാള് കാണ്‍കെ കുരിശും തൂക്കിയിട്ട് അഭിമാനത്തോടെ നടന്നിരുന്നു ഞാന്‍ ഇന്നലെ വരെ.. ഇന്ന് ഞാന്‍ ആ കുരിശു ശകലം താഴ്ത്തിക്കെട്ടുകയാണ്... കത്തോലിക്കനായിപ്പിറന്നതില്‍ ഞാന്‍ ഇന്ന് ലജ്ജിക്കുകയാണച്ചോ...
എല്ലാം നിങ്ങളുടെ പിഴ ... നിങ്ങളുടെ പിഴ ... നിങ്ങളുടെ വലിയ പിഴ .
ഭാരതചരിത്രം എടുത്തു നോക്കിയാല്‍ വിദ്യാഭ്യാസ രംഗത്തും ആതുരസേവനരംഗത്തും മിഷനറിമാര്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല... അതിനോടൊന്നും കൂട്ടി വച്ചില്ലെങ്കിലും ഉള്ള സല്‍പ്പേര് കളഞ്ഞു കുളിക്കാതെ നോക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ ക്രിസ്യാനികള്‍ക്കെല്ലാം ഉണ്ട്.. അതുകൊണ്ട് അച്ചന്മാര് പറഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് ഇതുപോലുള്ള മണ്ടത്തരങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടുമ്പോ ബഹുമാനപ്പെട്ട വിശ്വാസികള്‍ ഒന്നോര്‍ക്കുക... 'മരിക്കേണ്ടി വന്നാലും സത്യവും വെടിയരുത്.. ദൈവമായ കര്‍ത്താവ്‌ നിനക്ക് വേണ്ടി പോരുതിക്കൊള്ളും...( പ്രഭാഷകന്‍ 4:28 ) ''
കേരള കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ kcym ന്‍റെ ഒരു പൂര്‍വ്വകാല പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു caption ഓര്‍മ്മ വരുന്നു... അനീതിക്കെതിരെ ശബ്ദമുയര്ത്താനും തച്ചുടയ്ക്കാനുമുള്ള പ്രസ്ഥാനമാണ് kcym . ഈ അനീതികള്‍ നിങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ പ്രസ്ഥാനം എന്ന നിലയില്‍ നിങ്ങള്‍ ഒരു പരാജയം ആണ്...
മതങ്ങള്‍ മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി സൃഷ്ട്ടിക്കപ്പെട്ടവയാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും... അതിനു കളങ്കം വരുത്തുന്നവര്‍ പൂജാരിയായാലും പുരോഹിതനായാലും തിരുത്തേണ്ടവര്‍ അതിനു തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ നേഴ്സുമാര്‍ അതിനും തയ്യാര്‍.........
ഇതാ മതത്തിനു മീതെ മനുഷ്യന്റെ വിജയം അങ്കമാലിയില്‍ ...




അച്ഛന്മാരോട് ഇത്തിരി ബഹുമാനമൊക്കെയുണ്ടായിരുന്നു ... അത് ഏകദേശം തീരുമാനമായി....

(എല്ലാവരുമല്ല .. സത്യത്തിനും നീതിക്കും വേണ്ടി വര്‍ത്തിച്ച് , സ്വന്തം ഭക്ഷണത്തിന്റെ പങ്കു പോലും പാവങ്ങള്‍ക്ക് കൊടുക്കുന്ന നല്ല അച്ചന്മാരെയും എനിക്കറിയാം .. അവരെപ്പോലുള്ളവരുടെ നാമം പൂജിതമാകട്ടെ.. ആമ്മേന്‍... )