Thursday, September 25, 2014

തിരഞ്ഞെടുത്ത ചില ബിവറേജ് ചിന്തകൾ ...!!!


34 ബിവറേജ്  ഔട്ട്‌ ലെറ്റുകൾ  പൂട്ടുന്നു . അതിൽ പൂത്തോട്ടയും ഉൾപ്പെടുന്നു എന്നറിയുമ്പോൾ ഒരു മിഡിൽ ക്ലാസ്  പൂത്തോട്ടക്കാരനായ ഞാൻ ചിരിക്കണോ അതോ കരയണോ ?
 മദ്യത്തെ ഒരു ലഹരിയായി മാത്രം കാണാതെ ഒരു പാനീയമായി കണ്ട് കൂമ്പ് വാട്ടിയ ഒരു തലമുറയ്ക്ക്  മുന്നിൽ നിന്നുകൊണ്ട് വിഡ്ഢിച്ചിരി ചിരിക്കുന്നതിൽ  കഴമ്പില്ല. ലഹരിയുടെ കുത്തേറ്റു ചീർത്ത കൗമാര യൗവ്വനങ്ങൾക്ക് ചിരിയുടെയും കരച്ചിലിന്റെയും അർഥവ്യത്യാസങ്ങൾ മനസിലാകണമെന്നുമില്ല .ചിരിയും കരച്ചിലും മാറ്റിവച്ച്  തല്ക്കാലം ചിന്തിക്കാനാണ് തീരുമാനം.
'ടൂ മച്ച് ഓഫ് എനിതിംഗ് ഈസ്‌ ഗുഡ് ഫോർ  നത്തിംഗ് ' 
അഥവാ 'കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കീ '' എന്നാ അവസ്ഥയാണ് കേരളത്തിൽ സംഭവിച്ചത്. കേരളത്തിലെ ബീ ടെക്കും  ഫേസ്ബുക്ക് ഫോട്ടോഗ്രാഫിയും പോലെ തന്നെ ആവശ്യത്തിലധികം
മണ്ടന്മാർ ഇടിച്ചു കയറിയത് മൂലം അന്യം നിന്ന് പോകുന്ന ഒരു കലാരൂപമാണ്‌ 'മദ്യപാനവും'.  മദ്യവും മദ്യപാനവും ഇന്നോ ഇന്നലയോ പൊട്ടി മുളച്ച ഒന്നല്ല. പുരാണങ്ങളിലെ  സോമരസവും കാനായിലെ വീഞ്ഞുമൊന്നും കുടിച്ച് ആരും വീലായതായോ  ഉടുമുണ്ട് അഴിച്ച്  തലയിൽ  കെട്ടി മതി വരാതെ വീണ്ടും ഷെയറിട്ട് അടിച്ചതായോ എങ്ങും പ്രതിപാദിക്കുന്നില്ല.പക്ഷെ സാമൂഹികമോ വ്യക്തിപരമോ ആയ ഏതോ ഒരു നിയന്ത്രണം എല്ലാറ്റിനും ഉപരിയായി സ്വയം പാകപ്പെടുത്തിയെടുത്ത ഒരു മനസിന്റെ കടിഞ്ഞാണ്‍ അതൊക്കെയായിരുന്നു  ലഹരിയുടെ മാരക പ്രഹരങ്ങളിൽ നിന്നും അവരെ സംരക്ഷിച്ചു പോന്നത് .
മദ്യപാനം ഒരു പകർച്ചവ്യാധിയൊ പരമ്പരാഗത രോഗമോ അല്ല .ആയിരുന്നെങ്കിൽ  ആസ്ഥാന മദ്യവിരുദ്ധരുടെ മക്കൾസ്   ഷാപ്പിലെ പറ്റുകാരാകുകയും  മുഴുക്കുടിയന്മാരുടെ  സന്തതികൾ സുവിശേഷ പ്രാസംഗകർ ആകുകയും  ചെയ്യില്ലായിരുന്നു. ഏതൊരു വിഷയത്തിലേയും പോലെ ശരിയായ വിദ്യാഭ്യാസത്തിന്റെയും  പ്രോപ്പർ പാരന്റിംഗ് -ന്റെയും കുറവ് തന്നെയാണ് ഹെൽമെറ്റ്‌ വച്ച കൌമാരങ്ങളെ ബിവറേജ് ക്യൂവിൽ കൊണ്ടെത്തിക്കുന്നത് .  മദ്യപാനം സ്റ്റാറ്റസിന്റെ ഭാഗമാണെന്ന് മലയാളിയെ തെറ്റിദ്ധരിപ്പിച്ച നാറിയുടെ തലയിൽ ഇടിത്തീ വീഴട്ടെ. വല്ലപ്പോഴും രണ്ടെണ്ണം അടിക്കുന്ന സോഷ്യൽ ഡ്രിങ്കിംഗിനും കുടുംബത്ത് പോലും പോകാതെ ബാറിൽ  കിടന്നടിക്കുന്ന ക്രൂഷ്യൽ ഡ്രിങ്കിങ്ങിനും അമ്പും അമ്പഴങ്ങയും തമ്മിലുള്ള വ്യത്യാസമുണ്ട് . എന്നിരുന്നാലും ഈ കോപ്പിലെ  ന്യൂ  ജെനറേഷൻ കുടിയന്മാർ കാരണം ഈ രണ്ടു കാറ്റഗറിക്കും താരതമ്യേന ഒരേ വിലയാണ് ഇന്ന് കേരളത്തിൽ. വീടുപണിയുമ്പോഴും  കൂട്ടത്തിൽ മദ്യപിക്കുമ്പോഴും  ഒരുതരം 'അറ്റെൻഷൻ  സീക്കിങ്ങ്  ബിഹേവിയർ' (ASB )ആണ് പുതുതലമുറയ്ക്കിപ്പോൾ .സ്വന്തം ആവശ്യത്തിനുമപ്പുറം ഞാൻ എന്തൊക്കെയോ ആണ് എന്ന് പുറം ലോകത്തെ അറിയിക്കണം എന്ന കുന്തളിപ്പ് . അതൊരു തരം മാനസിക രോഗമാണ് . ആവശ്യം ചികിത്സ വേണ്ട ഗുരുതര രോഗം. ഗാർഹിക തലത്തിലും സ്കൂൾ തലത്തിലും ബോധവൽക്കരണം  വേണ്ടുന്ന ഒരു ഗുരുതര വിഷയമായി മാറിയിരിക്കുന്നു മദ്യപാനം .മദ്യത്തെ ശത്രുവായി ചിത്രീകരിക്കാതെ അതൊരു ആപത്തായും സാമൂഹിക വിപത്തായും അവതരിപ്പിക്കാനുള്ള കെൽപ്പും  കൂറും സമൂഹത്തിനുണ്ടാവണം. പൊതുസമൂഹത്തിൽ ആവശ്യത്തിലധികം അവസരങ്ങളും അത് പ്രോത്സാഹിപ്പിക്കാൻ കുറെ വിവര ദോഷികളും കൂട്ടിനുണ്ടെങ്കിൽ  പ്രൈമറി ക്ലാസ്സുകളിലെ കുഞ്ഞുങ്ങൾ  പോലും മദ്യപന്മാരായാൽ അത്ഭുതപ്പെടാനില്ല . മത്സരിച്ച് കഴിവ് തെളിയിക്കാനുള്ള ഒരു കൊമ്പറ്റീഷൻ ഐറ്റം അല്ല മദ്യപാനം എന്ന  ബോധമാണ് ആദ്യമുണ്ടാവേണ്ടത് .എന്തിനും ഏതിനും മദ്യം എന്ന ചിന്തയും ശീലവും മാറേണ്ടതുണ്ട് . സ്വബോധമില്ലാതെ സന്തോഷിക്കുന്നതിലും എത്രയോ മധുരമുള്ള ലഹരിയാണ് സുബോധത്തോടെ സന്തോഷിക്കുന്നത് . ജീവിതമാണ് ലഹരി..., അതില്ലാതാകുമ്പോഴേ അതിന്റെ വില മനസിലാകൂ ...!!! എല്ലാ ലഹരിക്കും മേലെ  ജീവിതം കൊതിപ്പിക്കട്ടെ....!!!
പൂത്തോട്ടയെ സംബന്ധിച്ചിടത്തോളം അതിനെ വളർത്തിയതും തളർത്തിയതും മണലും  മദ്യവുമായിരുന്നു , അതുമൂലം പൊലിഞ്ഞു വീണത്‌ അനിയന്മാരുടെ  പോലും പ്രായമില്ലാത്ത എത്രയെത്ര കുരുന്നു കൌമാരങ്ങൾ ...!!! പരിസരപ്രദേശങ്ങളിൽ നടന്ന ഒട്ടുമിക്ക അപകട മരണങ്ങൾക്കും പ്രത്യക്ഷമായ കാരണം  മദ്യമായിരുന്നു.വാശിക്ക് എറിഞ്ഞുടച്ച ചേതനയറ്റ ശരീരം, അതിൽ കെട്ടിപ്പിടിച്ച് അവരുടെ അമ്മമാരുടെ കരച്ചിൽ ,
 എത്ര ശ്രമിച്ചിട്ടും ഇപ്പോഴും മറക്കാനായിട്ടില്ല  മക്കളേ ..രണ്ടും.,!!

ഓരോ വിപ്ലവങ്ങൾ കാണുമ്പോഴും കാതിലിപ്പോഴും മുഴങ്ങുന്നുണ്ട് അതിലൊരമ്മയുടെ നെഞ്ച് തുളയ്ക്കുന്ന നിലവിളി ''അമ്മയ്ക്ക് ഇനി  ആരുണ്ടെടാ മക്കളേ '' ...!!!


.
.
.
.എല്ലാ ലഹരിക്കും മേലെ  ജീവിതം കൊതിപ്പിക്കട്ടെ....!!!

Tuesday, May 13, 2014

'ജൂലൈ 3' കടമുള്ള ദിവസമാണ്...!!

പൂട്ടിപ്പോയ ബാറുകൾ    പറയാൻ ബാക്കി വച്ച കഥകൾ ഒരുപാടുണ്ട്.
കൃത്യമായിപ്പറഞ്ഞാൽ 1999 ആം  ആണ്ട് ജൂലൈ മാസം മൂന്നാം തീയതി . ജൂലൈ മൂന്ന് എന്നത് ശരാശരി നസ്രാണികളെ സംബന്ധിച്ചിടത്തോളം കടമുള്ള* ദിവസമാണ് എങ്കിലും എനിക്കത് ചെമ്പ്  പള്ളിയിലെ പെരുന്നാളും അവിടെ നിന്നും ആദായവിലയ്ക്ക്‌ തെങ്ങിൻ  തൈയ്യും പച്ചക്കറി വിത്തുകളും കിട്ടുന്ന ഒരു ദിവസമായിരുന്നു . തിരുസഭ ഭക്തിപുരസരം ആചരിക്കുന്ന ഈ ദിവസത്തെ കച്ചവടവൽക്കരിക്കാൻ ശ്രമിച്ചത്‌ എന്റെ തെറ്റാണെങ്കിൽ  എന്റെ പിഴ, എന്റെ പിഴ ,എന്റെ വലിയ പിഴ...!!!

താരതമ്യേന ഇടുങ്ങിയ റോഡുകൾ ഉള്ള ചെമ്പ് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത അനുഭവിച്ചറിയാൻ കഴിയുന്ന ദിവസമാണ് പ്രസ്തുത പള്ളിയിലെ പെരുന്നാൾ ദിനം. പ്രദക്ഷിണം ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ കുറച്ചു നേരത്തേയ്ക്ക് റോഡ്‌ മുഴുവൻ തിരക്കായിരിക്കും , ഈ ഗ്യാപ്പ് ആണ്  വിനയകുനയന്മാരായ യുവജനത പ്രദക്ഷിണം കൂടാതെ മുങ്ങാൻ പ്രയോജനപ്പെടുത്തുന്നത്.

പണ്ടൊക്കെ വീട്ടില് നിന്നും രാവിലെ മുതൽ കരഞ്ഞു കൂവിയാൽ മാക്സിമം പത്തു രൂപാ തരും , നേർച്ച ഇടാനെന്ന പേരിൽ , നാളിതു വരെ എനിക്ക് നേര്ച്ചയിടാൻ കിട്ടിയ പൈസയിൽ നിന്നും അഞ്ചിന്റെ പൈസ പോലും അനുഭവിക്കാനുള്ള യോഗം ചെമ്പീപ്പള്ളിയിലെ  തോമാസ്ലീഹായ്ക്ക് ഉണ്ടായിട്ടില്ല . ആ പൈസയ്ക്ക്  വർഷാവർഷം  മുടങ്ങാതെ ഞാൻ സ്വന്തമാക്കിയിരുന്ന  കളിപ്പാട്ടമായിരുന്നു  പൊട്ടാസ് തോക്ക് . (ചെറുപ്പത്തിൽ ഞാനൊരു 'കൊടും' ഭീകരനായിരുന്നു )  വച്ചുവാണിഭക്കാരുടെ കടയിലെ കളിപ്പാട്ടങ്ങൾ, ആപ്പിൾ  ബലൂണ്‍, അമ്മാവൻ പീപ്പി , കളർ മിട്ടായി , പൊരി , ഇതൊക്കെ കൊതിച്ച് നടക്കുകയും വള വില്ക്കുന്ന കടയിൽ പോയി പെമ്പിള്ളേരുടെ  കയ്യിൽ  പിടിച്ച്  വളയിട്ടുകൊടുക്കുന്ന  ചേട്ടനെ ആരാധനയോടെയും   അതിടുന്ന കൊച്ചിനെ നിരാശയോടെയും  നോക്കി നിന്നിരുന്ന വൈകാരിക കാലമുണ്ടായിരുന്നു പണ്ട് . 
 
അതൊക്കെ പണ്ട് .. ഇന്ന് കഥ മാറി ,SSLC  പാസായ,  അതും  ഒന്നും രണ്ടും ക്ലാസ്സൊന്നുമല്ല , 'തേർഡ്' ക്ലാസ്സിൽ (ഒന്നിനേക്കാൾ വലുത് മൂന്നാണെന്ന് രാമാനുജൻ പറഞ്ഞിട്ടുണ്ടല്ലോ ) പത്താം ക്ലാസ് പാസായ ഒരു ഒന്നൊന്നര യുവാവാണ് ഞാൻ. ആ ഞാൻ കേവലം ഒരു ചെമ്പീപ്പള്ളിയുടെ ഇത്തിരിപോന്ന മുറ്റത്ത് ഒതുങ്ങി നിൽക്കേണ്ടവനല്ല  എന്ന  തിരിച്ചറിവാണ് . കുറച്ചുമാറി വട്ടം കൂടിനിന്ന ചേട്ടന്റെയും കൂട്ടുകാരുടെയും കൂടെ കൂടാൻ  എന്നെ പ്രേരിപ്പിച്ചത് ...!!
 പള്ളിമുറ്റത്തെ  ചർച്ചകൾക്കുള്ള ഗുണവും ദോഷവും  'അത് ഒരിക്കലും  നടക്കാത്ത കാര്യങ്ങളായിരിക്കും' എന്നതാണ് .
 'ചെമ്പീപ്പള്ളിക്ക് കുറച്ചൂടെ പൊക്കം ആകാർന്നു ''.
കൊയറിൽ പാടുന്ന ലില്ലിക്കുട്ടി നേഴ്സിങ്ങിനു പോയാ പിന്നെ എന്റെ പട്ടി വരും പള്ളീല്...'' ,
 ''ചെമ്പ് അങ്ങാടീടെ സൈഡീക്കൂടി ഒരു സിമ്പിൾ ഓവർ  ബ്രിഡ്ജ് പണിതിരുന്നെങ്കിൽ ഇക്കാണുന്ന ഗതാഗതക്കുരുക്ക് ഉണ്ടാകുമായിരുന്നോ?'' , '' പഞ്ചായത്ത് പ്രസിഡന്ടിന്  ഒരു പുണ്ണാക്കും അറിയത്തില്ല.,'' 
 ''  മെട്രോ റെയിൽ ചെമ്പ് വരെ പണിതില്ലെങ്കിൽ കൊച്ചി നിന്ന് കത്തും ''
എന്നൊക്കെ വരെ വീരവാദങ്ങൾ അടിച്ചു കളയും  ചിലർ .
ഇനി പള്ളി കൊമ്പൌണ്ടിന് പുറത്ത് നടക്കുന്ന ചില ചർച്ചകളുണ്ട്, അവാര്ഡ് പടത്തിന്റെ  സ്ക്രിപ്റ്റ് പോലെയാണത്   പുറത്തുനിന്നും കേൾക്കുന്നയാൾക്ക് ഒരു കോപ്പും മനസിലാവില്ല.
'വന്നോ'
ഊം.. വന്നു ..
'എന്നാ പോകാം ''
എത്ര പേരുണ്ട് ...
'നാല് '
എങ്കിൽ പോയേക്കാം ..
എന്റെ കയ്യിൽ ആകെ ഇരുപതേയുള്ളൂ

കൂ  .. കു .. കു..കൂട്ടിൽ  നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ ..( ബീപ് ബീപ് സൌണ്ട് ) .... ബാ .!!! 
 
 
(വെള്ളമടിക്കാൻ ഷെയർ ഇടുന്നതാണ് രംഗം)


അങ്ങനെ ആ ജൂലൈ മൂന്നിന്  ഞാനും ആ സ്ക്രിപ്റ്റിലെ കഥാപാത്രമായി , ഒരാവശ്യവുമില്ലായിരുന്നു.  പണ്ടെങ്ങാണ്ട്  നേഴ്സറി സ്കൂളിൽ എന്റെ കൂടെ പഠിച്ചെന്ന് അവകാശപ്പെടുന്ന ഒരുത്തനും എന്റെ കസിൻ  ബ്രദറും  അടക്കം അഞ്ചു പേരുണ്ട് . വൈക്കത്ത് വേമ്പനാട്ട് ബാർ ആണ് ലക്ഷ്യം .  ബ്രദറും  കൂട്ടത്തിൽ ഒരുത്തനും അവിടത്തെ  ഒരു പ്രൈവറ്റ് കോളേജിൽ 'പഠിക്കുന്നുണ്ടെ'ന്നും   ഡെയിലി 'ക്ലാസിൽ' കയറാറുണ്ടെന്നും ബാറിലെ സെക്ക്യൂരിറ്റി  കൈ പൊക്കി കാണിച്ചപ്പഴെ  എനിക്ക് ബ്വാധിച്ച് . 
സാധാരണ സില്മേൽ കാണുന്ന ബാറിന്റെ സെറ്റപ്പൊക്കെ വെറും ക്ലീഷേകളാണ് , വേമ്പനാട്  വ്യത്യസ്ഥമാണ് . ഒരു മേശയിലിരുന്നാൽ  അപ്പ്രത്തെ ടേബിളിന്റെ അറ്റത്തിരിക്കുന്ന ചേട്ടൻ  മൂന്നാമത്തെ  പെഗ്ഗിൽ നാലാമത്തെ ഐസ് ക്യൂബിടുന്നത് വരെ കൃത്യമായിട്ട്‌ കാണാം.
സപ്ലയെർ വന്നു  . തല മൂത്ത കാരണവർ തലയെണ്ണി ,
 
 ''ഒന്ന് രണ്ട് മൂന്ന്  നാല് ....അ .. അ !!! ''

ഞാനിടപെട്ടു : ''അയ്യോ അഞ്ചല്ലേ .. അഞ്ചല്ലേ ...!!! നാലിയാൽ  മതി...!!!''
എന്തോന്ന് ? അഞ്ചല്ലേന്നോ ? ചുമ്മാ കൊഞ്ചല്ലേട്ടോ ...!!!
അയ്യോ .. ഐ മീൻ .. നാല് പേർക്കുള്ളത്  പറഞ്ഞാ മതി , ഞാൻ കഴിക്കൂല്ല..., 
ഞാനിവിടെ സോഡായൊക്കെ കുടിച്ച്,   മിക്ച്ചറൊക്കെ തിന്ന്  , അച്ചാറു പ്ലേറ്റിൽ പടമൊക്കെ വരച്ച്  ബെർതെ ഇരുന്നോളാം ....!!!
പോടെർക്കാ എറങ്ങി ....!!
ബ്രദറേറേറേറേറേറേറേറേറേറേ ....!!
ചുമ്മാ പൊർത്തേയ്ക്ക് നോക്കീതാ ..., ഈസരന്മാരെ പെരുമ്പളംകാരൻ കൊണ്ട്രക്ടർ ബാബു ചേട്ടൻ, ഞങ്ങടെ കടയിലെ സ്ഥിരം കസ്റ്റമർ ..!!  പുള്ളി എന്നെ കണ്ടാൽ  തീർന്നു , കടം പറഞ്ഞിട്ടാണെങ്കിലും  എസ്  റ്റി  ഡി  ബൂത്തിൽ പോയി എന്റെ വീട്ടില് വിളിച്ചു പറഞ്ഞു കളയും .
പെരുമ്പളത്തൊക്കെ എന്തോരം ഷാപ്പൊള്ളതാ .., അതൊന്നും പറ്റാതെ വന്നേക്കുവാ ഓട്ടോയും പിടിച്ച് ...!!
മേശപ്പൊറത്തിരുന്ന  ഓപ്പീയാർ  പൈന്റിന്  മറവിൽ ഒളിച്ചിരിക്കാനുള്ള എന്റെ ശ്രമം വിഫലമായി.   കണ്ണ് സൈടിലേക്ക് വലിച്ചു പിടിച്ച് നാക്ക് കൊണ്ട് മൂക്കിൽ തൊട്ട് ഞാൻ വിരൂപനാകാൻ ശ്രമിച്ചു കൊണ്ടേയിരുന്നു . അന്ന് എനിക്ക് 'ശനിദശ' ആയിരുന്നതുകൊണ്ട് ബാബുച്ചേട്ടൻ  കറക്റ്റ് എന്നെത്തന്നെ കണ്ടു. (ഇങ്ങേർക്കൊക്കെ വെള്ളമടിച്ച് ടിപ്പും കൊടുത്ത് പോയാപ്പോരെ ... !!!)
എന്റെ മുന്നിൽ  സീബിഐ ഡയറിക്കുറിപ്പിലെ  മമ്മൂട്ടിയെപ്പോലെ ബാബുച്ചേട്ടൻ , നന്ദനത്തിലെ ജഗതിയെപ്പോലെ ചിക്കൻ കാലും കടിച്ചു കൊണ്ട് ഞാനും ...!!
''ചതിക്കരുത്  ജീവിതമാണ്...!!''
എന്നൊന്നും പറയാനുള്ള ഗ്യാപ്പ് കിട്ടിയില്ല..
ഡാ.. നീ കൊപ്രമ്പിലെ  ഔസേപ്പിന്റെ  മോനല്ലേ ?
അല്ലാ ,, ഞാൻ ആലീസിന്റെ മോനാ....!!
വാട്ട്  ദ  ഹെൽ ... !!!
ഞാൻ നിന്റപ്പനെ  വിളിച്ച്  പറഞ്ഞു കൊടുക്കും ഡാ...!!
ഓപ്പിയാറിന്റെ കഴുത്ത്  പൊട്ടിച്ച് അടി തുടങ്ങിയ ചേട്ടനായിരുന്നു മറുപടി പറഞ്ഞത്... !!
''വീട്ടീ വിളിച്ചു പറയുവല്ലേയുള്ളൂ , അല്ലാതെ കൊല്ലത്തൊന്നുമില്ലല്ലൊ ?
വാവ് .. വാട്ട് എ ബ്രില്ല്യന്റ്  ഫീഡ്ബാക്ക് ...!!!
ലേറ്റ് ആയിരുന്താലും ലേറ്റസ്റ്റ് ആയിരുക്ക് ..!!!





എന്റെ  ബ്രദറേറേ റേ റേ റേ,,, എരിതീയിൽ എണ്ണ  കോരിയോഴിക്കുക എന്നൊക്കെ കേട്ടിട്ടെയുള്ളൂ ..!!
എന്നോടിത് വേണ്ടാർന്നു ...!!!

ഇനി എത്രയും വേഗം വീട്ടിലെത്തണം അതേയുള്ളൂ , മാർഗ്ഗം !
ചേട്ടന്റെ സുസുക്കി സാമുറായിലാണ് യാത്ര , ഞാനും ചേട്ടനും പിന്നെ വഴിയിൽ വേറൊരു അനിയനെ കണ്ടു . അവനെയും വിളിച്ചു കേറ്റി .
 
,ബൈക്കിൽ  ട്രിപ്പിൾസ്  പോകുന്നവരെ ഓടിച്ചിട്ട്‌ പിടിക്കുന്നത്‌ പൊലീസുകാർക്കൊക്കെ  ഒരു ഹരമാണല്ലോ ? പിടിച്ചു...!!  
ചേട്ടൻ പറഞ്ഞു എന്ത് ചോദിച്ചാലും ഉത്തരം പറഞ്ഞോണം...!!
ഊരും പേരും അഡ്രസ്സും ഒക്കെ എഴുതിമേടിച്ചു ... !!

പോലീസുകാരൻ : ബൈക്കിൽ  ട്രിപ്പിൾസ് പോയാൽ  ശിക്ഷ എന്താന്ന് അറിയാവോടാ?
(ദൈവമേ... ബ്രദർ കേറി '' പാക്കിസ്ഥാനിലേക്ക് കേറ്റി  വിടത്തൊന്നുമില്ലല്ലോ ' എന്ന് ചോദിക്കരുതേ എന്നായിരുന്നു എന്റെ പ്രാര്ത്ഥന ...!!)
ഐപീസീ  ഏതോ വകുപ്പിന്റെ നമ്പറൊക്കെ പറഞ്ഞ് പേടിപ്പിച്ചു. ..
ഊം.,,: എന്തുണ്ട് കയ്യിൽ ?
എനിക്ക് ആകെ സ്വന്തമെന്ന്‌  പറയാനുള്ളത് പ്രൈവറ്റ് ബസിലെ കണ്‍സഷൻ   കാർഡാണ് ..!!
അതിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന 100 രൂപയുണ്ട് .

സാറേ നൂറുണ്ട് ...!!

അതുപോരല്ലോ ...!!

ചേട്ടനെ നോക്കി .., കണ്ണടച്ച് കാണിച്ചു ..!! സന്തോഷം...!!!

ഇനിയുള്ള  ബലിമൃഗം അനിയനാണ് .പാവം ചുമ്മാ വഴിയിൽ നിന്നതാ ...!!
 കരഞ്ഞു പിഴിഞ്ഞിട്ടാണ് അവന്റെ കയ്യിലുണ്ടായിരുന്ന 50 രൂപാ തന്നത്...!!
നിയമലംഘനത്തിന് 150 രൂപാ കൈമടക്ക് വാങ്ങി ' മൂന്നു പേരും കൂടി സൂക്ഷിച്ചു പോകണം'  എന്ന ശാസനയും നല്കി കേരളാ പോലീസിന്റെ മാനം ആ രണ്ട്  പോലീസുകാർ കാത്തു.
ഒരു കാതം നീങ്ങി കഴിഞ്ഞപ്പോൾ ചേട്ടൻ
 'അളരലോടലരൽ' സോറി 'അലറലോടലറൽ'
പോലീസുകാരാത്രേ പോലീസുകാർ ..പൊട്ടന്മാർ !!
വെള്ളമടിച്ചത് അറിഞ്ഞില്ല ...!! (അന്ന് ഊത്ത് മെഷീൻ നിലവിലില്ല )


തിരിച്ചു പോരുമ്പോൾ ചെമ്പീപ്പള്ളിയുടെ മുന്നിലെത്തിയപ്പോഴാണ് '' രാവിലെ മമ്മി പറഞ്ഞതോർമ്മ  വന്നത് '' പള്ളിയിൽ  പോകണം , ഇന്ന് കടമുള്ള ദിവസമാണ്...!!
എന്റെ പൊന്നേ ..പള്ളീൽ പോയിട്ട് ഇത്രേം കടം ...!!! അപ്പൊ പോയില്ലായിരുന്നെങ്കിലോ?
തിരിച്ചു വീട്ടിലെത്തി , വളരെ  മാന്യനായി അകത്തു കേറി ..!!
പോലീസുകാര് ചെയ്യാതിരുന്നത് വീട്ടുകാര് ചെയ്തു :
 മമ്മി : ഊത്രാ .. ഊതാൻ ...!!!
ഓഹോ നിഷ്കളങ്കനായ എന്നെ നോക്കി ഊതാൻ പറയാൻ എങ്ങനെ ധൈര്യം വന്നു ?
അപ്പൊ .. മമ്മി ഇതൊക്കെ പ്രതീക്ഷിക്കുന്നുണ്ട് ല്ലേ?
ആ കാര്യം ഞാനേറ്റു ...!!
വൈകിട്ട് കടയിൽ ചെന്നപ്പോ സ്വന്തം നഖം കടിച്ചു തീർക്കുന്ന ബാബുച്ചേട്ടനെ കണ്ടപ്പോ ഞാൻ ചുമ്മാ ചോദിച്ചു ..
ചേട്ടാ ഊതണോ ?
നീ ..ഒരുപാട് ഊതല്ലേ ... ഊതല്ലേ ...!!!
എന്തൊക്കെയായാലും  പുള്ളിക്കാരനെ കുറേ നാളത്തേക്ക് ആ ഏരിയായിൽ  കണ്ടിട്ടില്ല .
വർഷങ്ങൾക്ക്  ശേഷം കഴിഞ്ഞ കൊല്ലം  ആ ചേട്ടനെ പൂത്തോട്ടയിൽ വച്ച് കണ്ടു ...!!
ചേട്ടാ ഊതട്ടെ ? മുഷ്ട്ടി ചുരുട്ടി തോളിൽ ഒരു ഇടിയും ഒരു കെട്ടിപ്പിടിയുമായിരുന്നു , മറുപടി ...!!
ബന്ധങ്ങൾ വളരട്ടെ ..!! സ്വാർഥ താൽപ്പര്യങ്ങൾ മാത്രം അടവിരിഞ്ഞുണ്ടാകുന്ന ആധുനിക മദ്യസംസ്കാരം തുലയട്ടെ ...!!

സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തുനിന്നും എൽ  ഇ ഡി  ബൾബിന്റെ ആഡംബരങ്ങളിലേക്ക് ഒരു വ്യവസായം പറിച്ചു നടപ്പെട്ടപ്പോൾ  നഷ്ട്ടപ്പെട്ട് പോയത്  ഒരു സംസ്കാരമായിരുന്നു .
മദ്യപാനത്തിന്റെ ബാലപാഠങ്ങളും അതിലുപരി  അന്തസുറ്റ സാംസ്കാരികതയുടെ നേർക്കാഴ്ചകളും  പുസ്തകങ്ങളുടെ ലോകത്തെ മാസ്മരികതയും   പകർന്നു  നല്കിയ വൈക്കത്തെ സുഹൃത് വലയങ്ങളെ  നന്ദിയോടല്ലാതെ ഓർക്കാൻ കഴിയില്ല..




 *കടമുള്ള ദിവസം : ക്രിസ്ത്യാനികൾ നിർബന്ധമായും പള്ളിയിൽ പോകണം എന്ന് തിരുസഭ നിഷ്കർഷിക്കുന്ന ദിവസം.