Thursday, September 22, 2011

ഇനി വിളമ്പട്ടെ ഈ അവിയല്‍ ...അവിയല്‍ എന്ന് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല...
മുരിങ്ങക്കോലും പച്ചക്കായും അച്ചിങ്ങാപ്പയറുമൊക്കെ ഇട്ട് ചതച്ചെടുത്ത തേങ്ങയും തൈരും മിക്സ് ചെയ്ത രുചികരമായ അവിയല്‍ കൂട്ടി ഉണ്ട ഓണ സദ്യയുടെ രുചി നാക്കേന്ന് പോയിത്തുടങ്ങുതെയുള്ളൂ...
ഇപ്പൊ ദേ വേറൊരു അവിയല്‍ കാരണം മലയാളം വീണ്ടും പ്രശസ്തിയിലേക്ക്... പാടത്തും പറമ്പിലുമൊക്കെ ഈരടികളായി മുഴങ്ങിയ കൊയ്തുപാട്ടുകളും നാടന്‍ പാട്ടുകളുമെല്ലാം ഇലക്ട്രിക്ക് ലെഡ് ഗിറ്റാരിന്‍റെയും ഡ്രംസിന്‍റെയുമൊക്കെ അകമ്പടിയോടെ കേള്‍ക്കുന്നത് സാദാ മലയാളിക്ക് ദഹിക്കുമോ ഇല്ലയോ എന്നറിഞ്ഞൂടാ...
മലയാളിക്ക് പ്രിയപ്പെട്ട 'ഏറ്റം പാട്ടും' കാവാലം നാരായണ പണിക്കരുടെ 'കറുകറ കാര്‍മുകില്‍ കൊമ്പനാന പുറത്ത് ...'' എന്ന് തുടങ്ങി ഒരു പിടി നല്ല പാട്ടുകള്‍ ഒരു ഓള്‍ട്ടര്‍നേറ്റിവ് റോക്കിന്‍റെ അകമ്പടിയോടെ അധികമാരും പ്രതീക്ഷിച്ചിരിക്കില്ല....

റോക്ക് മ്യൂസിക്കിന്‍റെ ലോകത്ത് ലോ വെയ്സ്റ്റ് ജീന്‍സും റ്റൈറ്റ് ബനിയന്‍സും മാത്രം കണ്ട് വളര്‍ന്നവരെ തെല്ലൊന്നമ്പരപ്പിച്ചു കൊണ്ടാണ് സ്റ്റേജില്‍ കൈലി മുണ്ടും ഉടുത്ത് ഒരു നാല്‍വര്‍ സംഘം അവിയല്‍ എന്ന പേരില്‍ പാടി തകര്‍ക്കുന്നത്.... എന്തായാലും പുത്തന്‍ തലമുറയ്ക്ക് ഇത് നല്ലോണം ബോധിച്ചു... ഇക്കഴിഞ്ഞ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന പരിപാടിയിലെ മുഖ്യ ആകര്‍ഷണം അവിയല്‍ ബാന്‍ഡ്-ന്‍റെ ഗാനമേള ആയിരുന്നു... സമീപകാലത്തെ സൂപ്പെര്‍ഹിറ്റുകളില്‍ ഒന്നായ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന സിനിമയുടെ വിജയത്തില്‍ അവിയലിന്‍റെ 'ആനക്കള്ളന്‍'' എന്ന പാട്ടിന് ചെറുതല്ലാത്ത ഒരു പങ്കുണ്ടായിരുന്നു...


2003 ല്‍ തലസ്ഥാനത്ത് നിന്ന് ആരംഭിച്ച ഈ അവിയല്‍ യാത്രയുടെ സാരഥികള്‍ റെക്സ് വിജയന്‍ , ടോണി ജോണ്‍ , മിഥുന്‍ പുത്തന്‍ വീട്ടില്‍ , ബിന്നി ഐസക് എന്നീ നാല് മലയാളി ചെക്കന്മാരാണെന്നതില്‍ നമുക്കഭിമാനിക്കാം...
വെറും തിരോന്തോരം കൊണ്ടൊന്നും ഈ കളി തീരുന്നില്ല . മൌറീഷ്യസില്‍ ലോകമെമ്പാടുമുള്ള 40 റോക്ക് ബാന്‍ഡ്-കള്‍ പങ്കെടുത്ത വേള്‍ഡ് മ്യൂസിക്ക് ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുണ്ടായിരുന്ന ഒരേ ഒരു ബാന്‍ഡ് 'അവിയല്‍' ആയിരുന്നു.. പ്രകടനം കഴിഞ്ഞ് തട്ടേന്ന് ഇറങ്ങിയപ്പോ ലോകപ്രസസ്തമായ A67 എന്ന ഇറ്റാലിയന്‍ ബാന്‍ഡ് ലെ ചേട്ടന്മാര്‍ അവരുടെ ‘Suburb’ എന്ന ആല്‍ബത്തിന് വേണ്ടി അവിയലിന്‍റെ ഒരു date തേടി ഓട്ടോ പിടിച്ചു പുറകെ പോയി എന്നാണു കേട്ടത്... എന്തൊക്കെയായാലും 2009 ലെ ജാക്ക് ഡാനിയേല്‍ ആനുവല്‍ റോക്ക് അവാര്‍ഡില്‍ കൊയ്ത്തു പാട്ട് പാടി അവിയല്‍ വിളമ്പിയെടുത്തത് ആറ് അവാര്‍ഡുകളാണ്...
രസം ഇതൊന്നുമല്ല . ഇപ്പൊ സായിപ്പന്മാര് വരെ കൈലി മുണ്ട് ഉടുത്തു തുടങ്ങിയിരിക്കുന്നു...
(കഴിഞ്ഞ ആഴ്ച ലിഫ്റ്റില്‍ വച്ച് കൈലി മുണ്ടുടുത്ത എന്നോട് ' ഈസ് ഇറ്റ്‌ എ ബെഡ് ഷീറ്റ്'' എന്ന് ചോദിച്ച ഫിലിപ്പീനി ചെറുക്കനുള്ള മറുപടിയാണ് ഇത്...)
മലയാളം കുരച്ചു കുരച്ച് മാത്രം സംസാരിക്കുന്ന സോ കോള്‍ഡ് ന്യൂ ജെനറെഷനും ഇപ്പൊ പ്രിയങ്കരം നെഞ്ചത്ത് മലയാളം എഴുതിയ ടീ ഷര്‍ട്ടുകളാണ് ...

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്....അവിയല്‍ മുംബയില്‍ നടത്തിയ ഷോയുടെ ndtv റിപ്പോര്‍ട്ട് കാണുമ്പോ അത് മനസിലാകും...


നിങ്ങള്‍ തെളിയിച്ചു സംഗീതത്തിന് ഭാഷയില്ലെന്ന് . ബോബ് മേര്ലിയുടെ പോപ്‌ സംഗീതം പോലെ അവിയലും വളരട്ടെ വാനോളം...
നമ്മുടെ സംസ്കാരവും പൈതൃകവും ലോകം മുഴുവന്‍ ഏറ്റു പാടാന്‍ അവിയല്‍ ഒരു നിമിത്തമാകട്ടെ എന്ന് പ്രാര്‍ഥിക്കാം...
ഒപ്പം തനിമയുടെ രുചിഭേദങ്ങളുമായി മലയാളി യുവത്വങ്ങള്‍ക്ക് അവിയല്‍ വിളമ്പിയ റെക്സിനും ടോണിക്കും മിഥുനും ബിന്നിക്കും അഭിനന്ദനങ്ങള്‍....

1 comment:

  1. I saw the aviyal article.. very interesting and new to me. I would say changes are good if they are decent and not misleading. This is one of that category work.By the way how come you forgot to add the most important name in Rex band.. One Alphonse, music director. Rex band is so familiar over here in Indian community youngsters because they are visiting here every year.

    By the way who put thairu in the aviyal, athu eethu nattile cooking ?

    ReplyDelete