
''മമ്മീ ... ഇനി ചെമ്പീപ്പള്ളീല്‍ പെരുന്നാളിന് പോകുമ്പോ എനിക്ക് വെള്ളം ചീറ്റിക്കുന്ന തോക്കൊരണ്ണം വാങ്ങിത്തരണം'' അതിരാവിലെ അലാറം വച്ചെഴുന്നേറ്റു ഡിമാന്റുകള്‍ നിരത്തുകയാണ് ഏഴു വയസുകാരന്‍ നവീന്‍ കുട്ടന്‍.
എന്നാത്തിനാ? ഇപ്പൊ ഒള്ളതോന്നും പോരെ ?, ഇനി ആതൂടെ മേടിച്ചിട്ട് വേണം പെരയ്ക്കകം മുഴുവന്‍ മെഴുകി നാറ്റിക്കാന്‍... ഉടന്‍ വന്നു റെസ്പോന്‍സ് മദറിന്റെ വായീന്ന്..
അല്ലേലും ഈ മദേര്‍സ് ഒക്കെ ഇങ്ങനാ...
എന്ത് നല്ല കാര്യം പറഞ്ഞാലും കടിച്ചു കീറാന്‍ വരും...
കൊക്കെത്ര കൊളം കണ്ടതാ, നമ്മളോടാ കളി .തോക്കില്ലെങ്കില്‍ 'കവണ' തന്നെ ആശ്രയം,
അല്ല പിന്നെ...
പേരക്കൊമ്പില്‍ സൈക്കിള്‍ ട്യൂബിന്റെ കഷ്ണം കെട്ടിയുണ്ടാക്കിയ സ്വയം നിര്‍മ്മിത തെറ്റാലിയുമായി നേരെ മാവിന്ച്ചുവട്ടിലെക്കോടി... എന്നും മിനിമം ഒരു അഞ്ചു കാക്കയെങ്കിലും കല്ലെറിഞ്ഞില്ലെങ്കില്‍ എനിക്ക് ഉറക്കം വരത്തില്ലായിരുന്നു. ആറു മാസത്തോളം മരുന്ന് കഴിച്ചിട്ടും മാറിയില്ല ആ അസുഖം.
കിഴക്കൊര്‍ത്തെ മൂവാണ്ടന്‍ മാവേല്‍ കിഴക്കോട്ടു നോക്കി കടവിലെ കുളിസീന്‍ കണ്ടു കൊണ്ടിരുന്ന ഒരു കാക്കയുടെ 'മെടുല ഒബ്ലാന്ഗെട്ട' നോക്കി ഞാന്‍ ഒരു കീറു കൊടുത്തു.ആഹാ... ആഹാഹ... കിറു കൃത്യം ഇന്നും ഉന്നം തെറ്റിയില്ല..,
അയലോക്കത്തെ കുട്ടന്റെ വീട്ടിലെ മണ്‍കലം ഒരെണ്ണം ഠിം !!!
കുട്ടന്റച്ചാ... കുട്ടന്റച്ചാ... എന്നെ തെറി വിളിക്കണ്ടാ കഴിഞ്ഞയാഴ്ച പൊട്ടിച്ച ജനലിന്റെ ചില്ലും കൂടെ ചേര്‍ത്തു പെനാല്‍റ്റി വൈകിട്ട് പപ്പാ വരുമ്പോള്‍ പണമടച്ചു രസീത് വാങ്ങിക്കൊള്ളാമേ ...
കുട്ടന്റച്ചന്‍ എന്നെ തറപ്പിച്ചൊന്നു നോക്കി..
സത്യായിട്ടും... പപ്പാ വരുമ്പോള്‍ പൈസ തരും, പപ്പാ കഷ്ട്ടപ്പെടുന്നതു ഞങ്ങള്‍ക്കുവേണ്ടിയാണെന്നു ഇന്നലെയും കൂടി പറഞ്ഞായിരുന്നു..
ഡാ... മുടിയനായ പുത്രാ വന്നിട്ട് ഈ പുട്ടും കടലയും കഴിച്ചിട്ട് തെണ്ടാന്‍ പോടാ...
ഇതെന്നതാ മദറെ ... ഇന്നും പുട്ടാണോ?
ഇത് കേട്ടതും മദര്‍ അടുക്കളയില്‍ നിന്നും 60 KM/hr സ്പീഡില്‍ ഒരു കയ്യില്‍ ചട്ടകവുമായി പാഞ്ഞു വന്നു എന്‍റെ മോന്തയ്ക്ക് നോക്കി കണ്ണ് കൊണ്ട് '' വക്കാ വക്കാ'' കളിക്കുന്നു..
എന്‍റെ പോന്നു മമ്മീ ,ഇങ്ങനെ തുറിച്ചു നോക്കാന്‍ എന്‍റെ മുഖത്തെന്നാ കമ്പോള നിലവാരം എഴുതിയൊട്ടിച്ചിട്ടുണ്ടോ ?
നിനക്കൊക്കെ എന്നും സമയത്തിനു തിന്നാന്‍ കിട്ടുന്നതിന്റെ കുഴപ്പമാ... [മമ്മീ പ്ലീസ് വേണ്ടാ... പുരാണ കഥകള്‍ ഇനിയും പറയരുത്... ]
പുട്ടെങ്കില്‍ പുട്ട് ഒരു കുറ്റി പോരട്ടെ..!
ഡാ.. നിന്‍റെ അനിയനെ കണ്ടു പഠിക്കെടാ ,
അവന്‍ അടുക്കളയില്‍ മമ്മിയെ സഹായിക്കുന്നത് കണ്ടോ ?
പിന്നെ പിന്നെ ... പറയണ്ട താമസം അവന്‍ കടുകിന് വരെ 'തുള' ഇട്ടു തരും .
കഴിഞ്ഞ ദിവസം സവോള പൊളിക്കാന്‍ കൊടുത്തിട്ട് പൊളിച്ച് പൊളിച്ച് പൊളിച്ച് പൊളിച്ച് ''ഇത് മൂത്തെട്ടില്ല മമ്മീ '' എന്ന് വാദിച്ച മൊതലാണ് എന്റനിയന്‍ തമ്പുരാന്‍,,..
മമ്മീ ഞാന്‍ കളിക്കാന്‍ പോകുവാ .. എന്നും പറഞ്ഞ് അടുക്കള വഴി ഇറങ്ങുമ്പോള്‍ ഒരു കൈ ഞാനറിയാതെ പഞ്ചാരഭരണിയിലേക്ക് നീണ്ട് ഒരു കുത്ത് പഞ്ചസാരയുമായി പൊങ്ങി .നേരെ അഞ്ചു വിരലുള്‍പ്പെടെ വായിലേക്ക് കേറ്റി , കൈ നക്കിത്തുടചെടുത്തു.
ഛെ.. ഈ പഞ്ചസാരയ്ക്കൊക്കെ ഭയങ്കര മധുരമാ ഇപ്പൊ...
മമ്മി: ഡാ നീ പിന്നേം കട്ടോ?
ഇങ്ങനെ പഞ്ചാര തിന്നാല്‍ വല്ല പിത്തവും പിടിക്കുംടാ... എന്നുപറഞ്ഞതും ഒരു ചിരട്ടയെടുത്തു എന്നെ എറിഞ്ഞതും ഒരുമിച്ചായിരുന്നു... പറക്കുന്ന ചിരട്ടയ്ക്ക് അഞ്ചിഞ്ച് താഴെ എന്നാണല്ലോ പഴമൊഴി..
ജസ്റ്റ് ഒന്ന് കുനിഞ്ഞു കൊടുത്തു, ചിരട്ട കൃത്യം പെടലിക്ക് !! എന്‍റെയല്ല, മുറ്റത്തെ തെങ്ങ് ഒറ്റക്കാല് കൊണ്ട് ചവിട്ടി മറിച്ചിടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ജിമ്മിയുടെ [പട്ടിയാ] .. അവന്‍ ഭ്രാക്ക് ഭ്രാക്ക് എന്ന് ശബ്ദമുണ്ടാക്കി കൊണ്ട് അടുത്ത തെങ്ങിഞ്ചുവട്ടിലെക്കോടി ... ഞാന്‍ നേരെ അയലോക്കത്തെയ്ക്കും..
കറക്റ്റ് മാവിഞ്ചുവട്ടിലെത്തിയപ്പോള്‍ ന്യൂട്ടന്‍റെ തിയറി ശരിയാണോ എന്നൊരു തംശയം? അത് തീര്‍ക്കാന്‍ വേണ്ടി മാത്രം ഒരു കല്ലെടുത്ത് മുകളിലേക്ക് എറിഞ്ഞു.എല്ലാ വസ്തുക്കളെയും ഭൂമി അതിന്‍റെ അച്ചുതണ്ടിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നു അന്നെനിക്ക് മനസ്സിലായി , കല്ലിനൊപ്പം മൂന്നാല് കണ്ണിമാങ്ങകളും ന്യൂട്ടന്‍ അണ്ണന് ഐക്യധാര്‍ദ്ദ്യം പ്രഖ്യാപിച്ചു കൊണ്ട് താഴെയെത്തി... ഒരെണ്ണം കയ്യിലെടുത്തു ബാക്കി നിക്കറിന്‍റെ പോക്കറ്റിലിട്ടു, ഞെട്ട് കരിങ്കല്ലില്‍ ഉരച്ച് കറ കളഞ്ഞ് കല്ലുപ്പ് കൂട്ടിയത് തിന്നു തീര്‍ത്തു ....ച്ച്രക്കെ പ്രക്കെ... ച്ച്രക്കെ പ്രക്കെ..
നല്ല പുളിയാ തിന്നുമ്പോള്‍ കണ്ണടച്ചു പോകുന്ന പുളി.
പൂത്ത് നില്‍ക്കുന്ന ചെമ്പകത്തിന്റെ ചുവട്ടിലൂടെ വേലി നൂണ്ട് കുട്ടന്റെ വീട്ടിലേക്ക് .ഒരു പറമ്പ് കഴിഞ്ഞാണ് കുട്ടന്റെ വീട്. പറമ്പില്‍ മുഴുവനും തുമ്പയും കാക്കപ്പൂവുമൊക്കെയാണ് ..
ടാ കുട്ടാ നീ ചൂണ്ടയിടാന്‍ വരുന്നുണ്ടോ?
നെക്സ്റ്റ് സെക്കന്റില്‍ കുട്ടന്‍ പ്രസെന്റ് വിത്ത് എ ''പനങ്കണ ചൂണ്ട''
നമ്മളന്നും(ഇന്നും)ലോക്കല്‍ ആയിരുന്നു .എന്‍റെ ചൂണ്ട ഇല്ലിക്കമ്പില്‍ തീര്‍ത്തതായിരുന്നു.അവിടെ നിന്ന് കടവിലേക്ക് നടക്കുമ്പോള്‍ നടക്കുന്ന വഴിയിലെ തൊട്ടാവാടികളെല്ലാം എന്‍റെ ചൂണ്ടത്തലപ്പുകൊണ്ട് കണ്ണ് ചിമ്മുന്നുണ്ടായിരുന്നു...
ഇനിയിപ്പോ ചെമ്മീന്‍ തപ്പണം ,ഒരു ഓലക്കീറുമായി പയ്യെ കായലിലെക്കിറങ്ങി, വേലിയിറക്കമാണ് , ചെമ്മീനുകളെല്ലാം 'സെറ്റപ്പുകളു'മൊത്ത് മോര്‍ണിംഗ് വാക്ക് നടത്തുന്നു... കൂട്ടത്തില്‍ ഗ്ലാമറസ് ആയ ഒരു ചെമ്മീന്‍ സുന്ദരിയെ പെടലി ചേര്‍ത്ത് പിടിച്ച് വാലിനടിയിലൂടെ കൊളുത്ത് കയറ്റി പുറകോട്ടു വലിച്ചു.ആ സുന്ദരി 'റ ' പോലെ വളഞ്ഞു ഒരുമാതിരി സിറ്റ്അപ്പ് എടുക്കുന്ന പൊസിഷനില്‍ (കൂതറ അല്ല ക്രൂരത ) എന്‍റെ ചെമ്മീന്‍കുളത്തപ്പാ ക്ഷമീര്‍...
ടാ .. കുട്ടാ ഒന്നും കൊത്തുന്നില്ലല്ലോ?
ഈ മുടിഞ്ഞവനെയും കൊണ്ട് വന്നപ്പഴേ ഞാന്‍ പ്രതീക്ഷിച്ചതാ..(ഞാനല്ല അവനാ ഇത് പറഞ്ഞത് എന്നേ നോക്കി..)
ബാടാ പോകാം.... കുട്ടന്‍
നില്ലെടാ ഒരു രണ്ടു ''കിന്റല്‍'' മീനെങ്കിലും കിട്ടിയിട്ട് പോയാല്‍ പോരെ ??..... ഞാന്‍
എന്തോന്നെന്തോന്നു?..... ലവന്‍
അല്ല സുഗുണാ ... ഒരു രണ്ടു പിടി ചോറ് കഴിച്ചിട്ട് വന്നിട്ട് പോരെ മീന്‍പിടുത്തം എന്ന്...
ഓ.. എന്നാപ്പിന്നെ അഭിലാഷിന്റെ വീട് വഴി പോകാം .മുറ്റത്തെത്തിയപ്പോള്‍ അവന്റെ ' ദി മദര്‍ '
അടുക്കളക്കകത്തിരുന്നു എന്തിനെയോ തല്ലിക്കൊല്ലുന്ന സൌണ്ട് കേട്ടു .
..പൊദ്ധോം പോദ്ദോം ........
ശ്യാമളചേച്ചീ ..,വല്ല പാമ്പോ മറ്റോ ആണോ? എന്ന് ചോദിച്ചു ജനല്‍ വഴി എത്തി നോക്കി .
അതുശരി ,ഒരു ചക്ക പൊളിച്ച സീനാണോ കണ്ടത്?
പ്യാടിച്ചു പോയല്ല് ....
ചേച്ചീ എനിക്ക് വേണ്ടാ...
കുട്ടന്‍: അതിനു നിന്നോടാരും ചോദിച്ചില്ലല്ലോ?
എന്നാലും അതല്ലല്ലോ...മാനേഴ്സ് ഓഫ് ദി സ്റ്റേറ്റ് ബാങ്ക് ഓഫ് ബറോഡ .!!! ഏത്????
ചേച്ചി: ടാ.. രണ്ടു ചോള തിന്നിട്ടു പോടാ...
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് വേദപാoക്ലാസ്സില്‍ ഇന്നലെയും കൂടി ലിറ്റിസിസ്റ്റര്‍ പറഞ്ഞതാ..
എന്നാപ്പിന്നെ അയലോക്കക്കാരെ സ്നേഹിച്ചു കുത്തുപാളയെടുപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം.,
ഞാനും കുട്ടനും ഒരു സൈഡീന്നു അങ്ങ് തുടങ്ങി.
കുട്ടന്‍ നിര്‍ത്തുന്ന ലക്ഷണം ഒന്നും കാണുന്നില്ല ,ഞങ്ങള്‍ നസ്രാണികളും തീറ്റയുടെ കാര്യത്തില്‍ അത്ര മോശക്കാരോന്നുമല്ല എന്ന രീതിയില്‍ ഞാനും വിട്ടു കൊടുത്തില്ല...
വിശപ്പില്ലായ്മ്മ എന്ന ബാലരോഗം എനിക്ക് പണ്ടേ ഇല്ലാ ... പിന്നാ ഇപ്പൊ ...
നിമിഷങ്ങള്‍ക്കുള്ളില്‍ ചക്കക്കുള്ളില്‍ ഒരു ''ട്രെഷര്‍ ഹണ്ട്'' നടത്തി .
ചേച്ചിയേ.. ചായയില്ലേ?
എന്തോത്തിനു?
അല്ല ,ചുമ്മാ ഒരു ടച്ചിങ്ങ്സിന് ..
ശ്യാമളചേച്ചി ഇഞ്ചി തിന്ന മങ്കിയെപ്പോലെ ഞങ്ങളെയൊന്നു നോക്കി.
പിന്നെ അകത്തു കിടന്നുറങ്ങുന്ന പുന്നാര മോന്‍ അഭിലാഷിനേയും .
ശേഷം വൈലോപ്പിള്ളിയുടെ മാമ്പഴത്തിന് പണി കൊടുത്തു...
''ചക്കപ്പഴം മുറിക്കുമ്പോള്‍ ആക്രാന്തിച്ചെടുക്കെണ്ടോന്‍ -
കൂര്‍ക്കം വലിച്ചുറങ്ങുന്നത് തല്ലു കൊള്ളാഞ്ഞിട്ടല്ലേ?
അനുപല്ലവിയിലേക്ക് കടക്കും മുന്‍പേ ഒരു തുടം വെള്ളം സ്ലോ മോഷനില്‍ അവന്റെ തലയിലേക്ക്...
''പൈതലിന്‍ ഭാവം മാറി വദനാംബുജം വാടി
ചക്കപ്പഴം കാണാക്കണ്ണ്‍ കണ്ണുനീര്‍ തടാകമായ് ''
അഭിലാഷ് കണ്ണും തിരുമ്മി അടുക്കളയിലേക്കോടി വന്ന് തറയിലേക്കു നോക്കി
ഞെട്ടിത്തരിച്ചു നിന്നു.
അവന്‍ കാത്തു കാത്തു വച്ച ചക്കപ്പഴം കുഞ്ഞാലിക്കുട്ടിയെയും രെജീനയേയും പോലെ
തുണി വേറെ .... ലത് വേറെ ആയി കിടക്കുന്നു..
ഇതൊന്നും 'എന്‍റെ സിലബസ്സിലേ ഇല്ലാ' എന്നാ ഭാവത്തില്‍ ഞങ്ങള്‍ അവിടന്നു സ്കൂട്ട് ആയി നടന്നു നീങ്ങുമ്പോള്‍ ഏതോ റേഡിയോയിലൂടെ ഗാനഗന്ധര്‍വ്വന്റെ സ്വരം അവിടെ ഒഴുകിയെത്തിയിരുന്നു ..
'' കാറ്റടിച്ചു കൊടും കാറ്റടിച്ചു.... ... കായലിലെ വിളക്കുമരം ......സൈറ്റടിച്ച് ...''
ഇക്കഴിഞ്ഞ ലീവിന് പോയപ്പഴും ഞാന്‍ അതെ സ്ഥലത്ത് ചൂണ്ടയിടാന്‍ പോയിരുന്നു, പോരും വഴി അഭിലാഷിന്റെ വീട്ടില്‍ കയറി ചായയും കുടിച്ചു.അന്നും ഈ ചക്കക്കഥ പറഞ്ഞ് ശ്യാമളചേച്ചി എന്നെ കളിയാക്കി.
ആ നിമിഷം വെറുതെയാണെങ്കിലും ഞാനൊന്ന് കൊതിച്ചു പോയി....
കണ്ണിമാങ്ങ കടിച്ചു നടന്ന ആ നല്ല ബാല്യം തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന്...
എന്‍റെ ചെമ്പകവും മന്ദാരങ്ങളും ഒരികല്‍ കൂടി പൂത്തിരുന്നെങ്കില്‍ എന്ന് ....
കൊറ്റിക്കൂട്ടങ്ങള്‍ ഇപ്പൊ അത് വഴി വരാറുണ്ടോ ആവോ?
എന്റെ തോട്ടാവാടിചെടികളെ ആരെങ്കിലും തൊട്ടുണര്‍ത്താറണ്ടോ ??
ആവോ................ആര്‍ക്കറിയാം !!!
NB:തീര്‍ന്നിട്ടില്ല..
Naveen...........Really nice.....
ReplyDeleteനവീന്‍, ഈ കുട്ടന്റെ ഒറിജിനല്‍ പേരെന്താ ?
ReplyDeleteപവിയാ കൊള്ളാംട്ടോ
ReplyDelete