
ഓണം മലയാളിക്ക് സമ്പല്‍സമൃദ്ധിയുടെ പ്രതീകമാണ്..
പകരം വയ്ക്കാനില്ലാത്ത ഗൃഹാതുരതയുടെ ഉത്സവക്കാലം !!!
പഞ്ഞക്കര്‍ക്കിടകത്തെ ഇരുളിട്ടു മൂടി,
കൊയ്ത്തുകാലത്തിന്റെ നിറക്കാഴ്ച്ചകളും,ഉത്സാഹത്തിന്റെ ആര്‍പ്പു വിളികളുമായി ചിങ്ങം പിറക്കുമ്പോള്‍ മലയാളികള്‍ക്കെന്നും ആവേശമായിരുന്നു...
പച്ചവിരിച്ച ഞാറ്റുപാടങ്ങള്‍ ...
നാണം കുണുങ്ങി തലകുനിച്ചു നില്‍ക്കുന്ന തുമ്പപ്പൂക്കള്‍....
ചുവപ്പിന്റെ പ്രൌടിയില്‍ ചെത്തിപ്പൂ ....
മഞ്ഞില്‍ കുളിച്ച മന്ദാരങ്ങള്‍..
നീലപൊട്ടു കുത്തിയ നന്ദ്യാര്‍വട്ടം...
കണ്കുളിര്‍പ്പിക്കുന്ന ഈ കാഴ്ചകളെല്ലാം മലയാളിയുടെ മനസ്സില്‍ വാരി വിതറിയത് ഒരായിരം വര്‍ണ്ണങ്ങളായിരുന്നു..
ആ വര്‍ണ്ണങ്ങള്‍ പൊട്ടി മുളച്ച് നമുക്ക് മുന്നില്‍ തുറന്നിട്ടത് ആശയ പ്രപഞ്ചങ്ങളുടെ വാതായനങ്ങള്‍ ആയിരുന്നു..
അതൊക്കെ തന്നെയായിരുന്നു വേറിട്ട വഴികളില്‍ മലയാളിയെ ചിന്തിപ്പിച്ചതും ചരിപ്പിച്ചതും ...
കാലം മാറി .. കോലവും ....,
കാക്കപ്പൂവും തുമ്പപ്പൂവുമെല്ലാം മലയാളിക്ക് ഇന്ന് തീണ്ടാപ്പാടകലെയാണ്...
പൂവട്ടികളില്‍ പൂക്കളിറുത്തു നടക്കുന്ന കുസൃതി ബാല്യങ്ങളും കുമ്മാടിയും പുലികളിയും നന്തുണിപ്പാട്ടും എല്ലാം നാട്ടിന്‍പുറങ്ങളില്‍ അന്യമായിരിക്കുന്നു...
ഇത്തവണയും മലയാളിക്ക് ഓണമാഘോഷിക്കാന്‍
'തോവാള'യില്‍ നിന്നും ചെണ്ട്‌മല്ലിയും ജമന്തിപ്പൂക്കളും ലോറി കയറി വരും ...
അതില്‍ നിന്ന് ഒരു പിടി പൂക്കള്‍ വിലയിട്ടു വാങ്ങി ഉമ്മറക്കോലായില്‍ നമ്മള്‍ പൂക്കളങ്ങളൊരുക്കും ...
ടിവിയില്‍ ഓണം സ്പെഷ്യല്‍ 'കോക്രികള്‍' കണ്ടു നമ്മള്‍ പൊട്ടിച്ചിരിക്കും ..
അതുകണ്ട് വീട്ടിലെ ഇംഗ്ലിഷ് പൈതലുകള്‍ പാടും ''ഹാപ്പി ഓണം...''
അത് കേട്ട് ഓണത്തപ്പന്‍ വരാന്‍ മടിച്ചു നില്‍ക്കും പടിപ്പുരയ്ക്ക് വെളിയില്‍ .....
ഓണം മനസ്സില്‍ നഷ്ടസ്മൃതികള്‍ ഉണര്‍ത്തുന്നതിന് മുന്‍പേ നമുക്കാഘോഷിക്കാം ..
........ഒരുമയുടെ..
........സാഹോദര്യത്തിന്റെ ...
........മതസൌഹാര്‍ദ്ദത്തിന്റെ....
സര്‍വ്വോപരി സമാധാനത്തിന്റെ......,
ഒരു പൊന്നോണം കൂടി..
ആ വ്യത്യസ്തത ആണല്ലോ മലയാളിയെ മലയാളിയാക്കുന്നതും...
എല്ലാ മലയാളികള്‍ക്കും പൊന്നോണാശംസകള്‍ ...
.
.
.
.
.
.
No comments:
Post a Comment