Thursday, January 13, 2011

നാലാം ക്ലാസ്സിലെ വിശുദ്ധ പ്രണയങ്ങള്‍...''എന്‍റെ പ്രിയേ, എഴുന്നേൽക്കൂ,
എന്‍റെ സുന്ദരീ, വന്നാലും;
നോക്കൂ, തണുപ്പുകാലം കഴിഞ്ഞു,
മഴയും നിലച്ചുപോയി. പൂവുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നു,
പാട്ടുകാലം വന്നെത്തി.
മാടപ്രാവുകളുടെ കൂജനം നാട്ടിലെങ്ങും കേട്ടുതുടങ്ങി.
അത്തിക്കായ്കൾ പഴുക്കുന്നു,
മുന്തിരിവള്ളികൾ പൂവണിയുന്നു;
അവ പരിമളം പരത്തുന്നു.
എഴുന്നേൽക്കൂ, എന്റെ പ്രിയേ, എന്റെ സുന്ദരീ, വന്നാലും.
പാറയുടെ പിളർപ്പുകളിലും ചെങ്കുത്തായ മലയുടെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ,
നിന്‍റെ സ്വരമൊന്നു കേൾക്കട്ടെ.
നിന്‍റെ സ്വരം മധുരവും നിന്‍റെ മുഖം മനോജ്ഞവുമല്ലോ.''
'''

ഒരു കൈ ആകാശത്തേക്കുയര്‍ത്തി മറുകൈ കൊണ്ട് അവളുടെ കവിളില്‍ തലോടി...കണ്ണിമ ചിമ്മാതെ അവളുടെ മുഖത്തേയ്ക്ക് നോക്കി വീണ്ടും മന്ത്രിച്ചു ..

പ്രിയേ... എണീക്കെടീ... ഡീ... എഴുന്നേല്‍ക്കാന്‍,,,

എന്‍റെ പ്രിയയുടെ കണ്മഷിപാടുകള്‍ കാണുന്നില്ലല്ലോ?
പ്രിയേ നിന്‍റെ കണ്ണുകള്‍ക്കെന്തു പറ്റി???

പെട്ടെന്നവള്‍ ഒരു കണ്ണിറുക്കിപ്പിടിച്ച് മറുകണ്ണ് തുറന്നു ..!!!
പ്രിയേ .., നിന്‍റെ പേടമാന്‍കണ്ണുകള്‍ക്കെന്തു പറ്റി?

ഇപ്പോഴത്‌ മത്തങ്ങാക്കണ്ണായി മാറിയിരിക്കുന്നു ...
ഇടതൂര്‍ന്നു പനങ്കുല പോലെ കിടന്നിരുന്ന മുടി നീ 'നേവി കട്ട്' ചെയ്തതെന്തിനായിരുന്നു...?

പറ പ്രിയേ പറ ...
.
ആറു നിലകളിലായി വെണ്‍പട്ടില്‍ തീര്‍ത്ത നിന്‍റെ ഫ്രോക്കെവിടെ?
പകരം നീയണിഞ്ഞിരിക്കുന്നത് കിറ്റെക്സ് ലുങ്കിയും ഒരു ലോക്കല്‍ ബനിയനും...
മൃദുലമായ നിന്‍റെ താടിയില്‍ കുറ്റിരോമങ്ങള്‍ വളര്‍ന്നത്‌ എന്നായിരുന്നു പ്രിയേ,,..
പറയൂ.. പറയാന്‍...
''പറ'' യ്ക്ക് ശകലം ബാസ്സ് കൂടിപ്പോയത്‌ കൊണ്ടാവണം ,
എന്‍റെ തൊട്ടരുകില്‍ ഭിത്തിയില്‍ നോക്കി ചിരിച്ചു കൊണ്ടുറങ്ങുകയായിരുന്ന എന്‍റെ അനിയന്‍ തമ്പ്രാന്‍ ചാടിയെണീറ്റു. ..

ഡാ.. എന്നാ കോപ്പാടാ ഈ കാണിക്കുന്നേ?
നട്ടപ്പാതിരയ്ക്ക് എഴുന്നേറ്റിരുന്ന്‍ എന്‍റെ കണ്ണിലും കവിളിലും തോണ്ടുന്നോ? ചുമ്മാ പിച്ചും പേയും പറയാതെ അറിയാവുന്ന കുരിശും വരച്ച് കെടന്നൊറങ്ങടാ പിശാശെ...


ആഹാ.. അത് ശരി.. അപ്പൊ സ്വപ്നമായിരുന്നല്ലേ... ചുമ്മാ കൊതിപ്പിച്ചു .

അല്ലേലും ആത്മാര്‍ഥതയുള്ള കാമുകന്മാരോട് നാട്ടുകാര്‍ക്കും വീടുകാര്‍ക്കും എന്നും പുച്ചം ആണല്ലോ?

ബൈ ദി വേ .. പറഞ്ഞു വന്നത് എന്‍റെ പ്രിയയെക്കുറിച്ച് .. (എന്‍റെ 'കന്നി' ലൈന്‍ ആയിരുന്നു ,അതും 'വണ്‍വേ'... )
1989-മാണ്ടിന്‍റെ പകുതിയോടെയാണ് അതായത് 'ചാച്ച്സ് ' രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്‍റെ സ്വപ്നങ്ങളില്‍ പുതുമഴ പെയ്യിച്ചു കൊണ്ട് അവള്‍ എന്‍റെ ക്ലാസ്സിലേക്ക് വലതുകാല്‍ വച്ച് കയറിവന്നത്...
നല്ല സേലം മാങ്ങ പോലുള്ള മുഖം ,ചാമ്പങ്ങ്യാ മൂക്ക് ,താടിയുടെ ഒരു വശത്തായി ഒരു മറുക്... (ഏതു വശമാനെന്നു മറന്നു പോയീട്ടോ... )
ഒനീഡയുടെ പരസ്യത്തിലെ ചെകുത്താന്‍റെ കൊമ്പു പോലെ ഇരു വശങ്ങളിലേക്കും കെട്ടി വച്ച കേശഭാരത്തില്‍ ഒരു ചുവന്ന റോസാപ്പൂ..നെറ്റിയില്‍ നിന്നും ഉച്ചി വരെ NH 47 ല്‍ നിന്നും ചേര്‍ത്തലയ്ക്ക് തിരിയുന്ന പഞ്ചായത്ത് റോഡിനെ അനുസ്മരിപ്പിക്കും വിധം മുടി ചീകിയൊതുക്കിയ പാടുകള്‍... കഴുത്തില്‍ വെള്ള മുത്തുമാല.. കയ്യില്‍ കുപ്പിവള..
അവളെ കണ്ട അന്ന് തന്നെ എന്‍റെ മനസ്സിന്റെ ഇരുന്നൂറ്റി അന്‍പത്തി രണ്ടാമത്തെ താളില്‍ ഞാന്‍ കുറിച്ചിട്ടു..

നീയാണെന്‍റെ 'ജൂലിയറ്റ്'

പ്രേമിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭാഷ മൌനമാണെന്ന് ഞാന്‍ രണ്ടാം ക്ലാസ്സില്‍ വച്ച് പഠിച്ചു .
മനസ്സില്‍ ഒരു പെണ്ണ് വന്നു കയറിയതോടെ അന്ന് വരെ ഉമിക്കരിയും നമ്പൂതിരിപ്പൊടിയും കൊണ്ട് പല്ല് തേച്ചിരുന്ന ഞാന്‍ വീട്ടുകാരോട് കോള്‍ഗേറ്റ് പേസ്റ്റിന് റിക്വസ്റ്റ് സമര്‍പ്പിച്ചു...
മമ്മിയുടെ സഹായമില്ലാതെ കുളിക്കാനും മുഖത്ത് പൌഡര്‍ ഇടാനും രാവിലെ കുറച്ചേറെ സമയം കണ്ണാടിയുടെ മുന്നില്‍ സെല്‍ഫ് അസ്സസ്സ്മെന്‍റ് നടത്താനും തുടങ്ങി .
മമ്മീ ഇങ്ങോട്ടൊന്നു നോക്കിക്കേ...
ഈ ''കുട്ടിക്കൂറ '' പൌഡര്‍ ഇട്ടിട്ടു ഞാന്‍ വെളുത്തോന്നു ഒന്നു നോക്യേ...

'' നീ വെളുത്തില്ലേലും കുടുംബം വെളുക്കുന്നുണ്ടല്ലോടാ അത് മതിയല്ലോ? ''
(ഹും.. ആളില്ലാത്ത പോസ്റ്റില്‍ ഗോള്‍ അടിക്കുന്നത് മമ്മിയുടെ സ്ഥിരം പരിപാടിയാ )


അങ്ങനെ കണ്ണും കണ്ണും കൊള്ളയടിച്ച് രണ്ടാം ക്ലാസ് കഴിഞ്ഞു ..
മധ്യവേനലവധിയായിട്ടും എങ്ങനെയെങ്കിലും സ്കൂള്‍ തുറന്നാല്‍ മതിയെന്നായി..
എന്‍റെ കൂട്ടുകാരെല്ലാം കശുമാങ്ങ പറിച്ചു നടന്നപ്പോള്‍ ഞാന്‍ അവളുടെ കുപ്പി വലകളും തലയിലെ റോസാപ്പൂക്കളും എല്ലാം ഓര്‍ത്തോര്‍ത്ത് വിജ്രുംബിച്ചിരുന്നു...

പിന്നെയൊരു മഴയുള്ള ദിവസം വീണ്ടും സ്കൂള്‍ തുറന്നു...
അന്ന് എന്‍റെത്രയും സന്തോഷത്തോടെ സ്കൂളില്‍ പോയ മറ്റൊരു വ്യക്തി ഉദയംപേരൂര്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്നിരിക്കില്ല...
സ്കൂളിന്‍റെ വരാന്തയില്‍ അവളെയും കാത്ത് പ്രസവവാര്‍ഡിന് മുന്നില്‍ ദ്യുംനിച്ചു നില്‍ക്കുന്ന ഭര്‍ത്താക്കന്മാരെ പോലെ സര്‍വ്വംസഹനായി ഞാന്‍ നിന്നു..
അവസാനം മഴവില്‍ നിറങ്ങളുള്ള ഒരു സൂര്യമാര്‍ക്ക് കുടയും ചൂടി അവള്‍ വന്നു..
എന്‍റെ മനസ്സില്‍ ഒരു പിടി കുളിര് വാരിയിട്ട് ഫസ്റ്റ് ബെഞ്ചില്‍ അവളിരുന്നു.... ഓട്ടോ മോഡില്‍ ഇട്ട ടേബിള്‍ ഫാന്‍ തിരിയുന്നത് പോലെ അവള്‍ പോകുന്ന ദിശകളിലെല്ലാം എന്‍റെ തലയും തിരിഞ്ഞു കൊണ്ടിരുന്നു...
ഞാന്‍ പ്രണയബന്ധിതനായി കഴിഞ്ഞിരിക്കുന്നു..പക്ഷെ അത് അവതരിപ്പിക്കാനുള്ള വിവരവും
വിദ്യാഭ്യാസവും നമുക്കന്ന് ഇല്ലായിരുന്നല്ലോ?

ഒന്നു സൈറ്റടിച്ച് കാണിക്കാന്നു വച്ചാല്‍ അവളൊന്നു നേരെ നോക്കണ്ടേ?

അങ്ങനെ ഏഷ്യാ ഭൂഖണ്ടത്തില്‍ ആദ്യമായി വള്ളിചെരുപ്പില്‍ ലവ് ലെറ്റര്‍ എഴുതിയ ഗിന്നസ് റെക്കോര്‍ഡും നവീന്‍ ജെ ജോണിന് സ്വന്തം... ബു ഹ ഹ ഹ...
ലവ് ലെറ്റര്‍ എന്ന് പറഞ്ഞാല്‍ വല്യ ഡയലോഗുകള്‍ ഒന്നുമില്ല . എന്‍റെ ലൂണാര്‍സ് ചെരുപ്പിന്‍റെ ഒത്ത നടുവില്‍ ഒരു ലവ് ചിഹ്ന്നവും അതിനുള്ളില്‍ അവളുടെ പേരും !!!
അതാണ്‌ എന്‍റെ ആദ്യത്തെ LOVE ലെറ്റര്‍ ..
അതൊരു നല്ല തുടക്കമായിരുന്നു ... അങ്ങനെ എത്രയെത്ര 'പ്രിയ'മാര്‍ ഏതൊക്കെ ക്ലാസ്സില്‍ വച്ച് ..(അതെല്ലാം ഒരു കാലം )

സപ്പനോം കി സിന്തഗി കഭി കഥം ഹോ ജാത്തീ ഹേ...(എന്ന് വച്ചാല്‍ സ്വപ്നം കാണുമ്പോള്‍ കഥ തനിയെ പൊക്കോളും ന്ന് )


ഊണ് കഴിഞ്ഞൊരു ഇടവേള സമയം , 'എന്‍റെ ' പ്രിയയും തോഴിമാരും കുശലം പറഞ്ഞ് കൊണ്ടിരിക്കുന്നു...
എങ്ങനെയെങ്കിലും അവളെ എന്‍റെ ചെരുപ്പ് കാണിക്കണം അങ്ങനെ എന്‍റെ ഹൃദയം അവള്‍ക്കു കൈമാറണം അതാണ്‌ എന്‍റെ ലക്‌ഷ്യം .
തിരിച്ചറിയപ്പെടാത്ത സ്നേഹം മനസ്സിന്‍റെ വിങ്ങലാണെന്ന് ആരോ പറഞ്ഞത് എത്രയോ ശരിയാണ്..

ജോബിയും ലിജോയും എന്‍റെ ഉദ്ദേശത്തെ സപ്പോര്‍ട്ട് ചെയ്തു (തല തെറിച്ച കൂട്ടുകാരുള്ള എല്ലാ തെണ്ടികള്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ )
മനസ്സില്‍ ധൈര്യം സംഭരിച്ച് ഞാനവളുടെ അടുത്ത് ചെന്ന് ചെരുപ്പില്‍ ചൂണ്ടി കാണിച്ചു... നോക്ക് നോക്ക്...
അവള്‍ എന്‍റെ കാലില്‍ നോക്കിയിട്ട് ചോദിച്ചു...

തള്ള വിരലില്‍ എന്നാ പറ്റിയതാ നവീനെ ?
കുഴിനഖമാണോ?


വാട്ട് ദി ഹെല്‍? ഡീ ചെരുപ്പേല്‍ നോക്കാന്‍ ...

അവളൊന്നും മിണ്ടീല്ല...
മിണ്ടിയത്‌ കൂടെയുണ്ടായിരുന്ന ഒരു 'കുടുംബം കലക്കി' ആയിരുന്നു..
അതും എന്നോടല്ല.., നേരെ ടീച്ചറിനോട് ചെന്ന് പറഞ്ഞു.
ടീച്ചര്‍ വന്നു..
കുട്ടികള്‍ വട്ടം കൂടി ..
തെളിവെടുപ്പിന് കൊണ്ട് വന്ന സ്ത്രീപീഡനത്തിലെ പ്രതിയെപ്പോലെ ഞാന്‍ തല കുനിച്ചു നിന്നു..
നവീനെ ആ ചെരുപ്പൊന്നൂരിക്കേ ... (ടീച്ചര്‍ )
കട്ടയ്ക്കിടിച്ചാല്‍ പോലും ചെരിപ്പൂരില്ല എന്ന വാശിയില്‍ ഞാനും...
എന്തിനധികം പറയുന്നു , എല്ലാരുടെയും മുന്നില്‍ എന്നിലെ കാമുകന്റെ ഇമേജ് ചളുങ്ങി പണ്ടാരമടങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ?
ഈശ്വരാ ഇനി ഈ ക്ലാസ്സില്‍ നിന്നു എങ്ങനെ ഞാനൊരു ലൈന്‍ വലിക്കും.. ശിവ ശിവ,,..

ആദ്യപ്രണയത്തിന്‍റെ ഹെഡ് ഓഫീസ് പൂട്ടിപ്പോയതിന്‍റെ ഹാങ്ങ്‌ ഓവറില്‍ അന്ന് വൈകിട്ട് രണ്ടു കട്ടന്‍ ചായ ഞാന്‍ കൂടുതല്‍ കുടിച്ചു .
പിന്നെ കുറെ നാള്‍ അവശകാമുകന്‍റെ റോള്‍ ആയിരുന്നു എനിക്ക് .
ആരോടും മിണ്ടാട്ടമില്ല...എപ്പോഴും എന്‍റെ സ്ലേറ്റില്‍ ഒരു റോസാപ്പൂവും ഒനീടയുടെ പടവും വരച്ചു കൊണ്ട് ഞാന്‍ സമയം തള്ളി നീക്കി..
അങ്ങനെയിരിക്കെ ഒരു ദിവസം അവളെന്‍റെ അടുത്ത് വന്നു ചോദിച്ചു..''എന്നോട് പിണക്കമാണോ നവീനെ?
പോടീ ഇവിടുന്ന്...ഇനിയും എന്നെ നാറ്റിക്കാനുള്ള പരിപാടിയാ അല്ലെ...?

''നീ ഉടായിപ്പ് പഠിച്ച കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്നെടീ ഈ ഞാന്‍... ''
എന്‍റെ അടുത്ത് ഉടായിപ്പ് ഇറക്കല്ലേ..പൊക്കോണം... പന്നീ...


കുറേക്കാലം പിണങ്ങിയിരുന്നു എങ്കിലും നാലാം ക്ലാസ്സിലെത്തിയപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃതുക്കളായിക്കഴിഞ്ഞിരുന്നു...
പള്ളിക്കമ്മിറ്റിക്കാരുടെ ചീത്ത കേട്ടിട്ടാണെങ്കിലും പള്ളിപ്പറമ്പിലെ ഒട്ടുമാവില്‍ നിന്ന് ഞാനവള്‍ക്ക് കണ്ണിമാങ്ങകള്‍ എറിഞ്ഞു വീഴ്ത്തിക്കൊടുത്തു ..പല ദിവസങ്ങളിലും ഞങ്ങള്‍ നാരങ്ങ മിട്ടായിയും ജീരക മിട്ടായിയുമെല്ലാം പകുത്തു തിന്നു .
അന്നനുഭവിച്ച സന്തോഷം ഇന്നിതുവരെ ഞാന്‍ അനുഭവിച്ചിട്ടില്ല...

പതിവ് പോലെ ആ കൊല്ലവും സേവനവാരം വന്നെത്തി .സ്കൂള്‍ മുറ്റത്തെ പുല്ലെല്ലാം പറിക്കണം ഓരോ ക്ലാസ്സുകള്‍ക്കുമായി അനുവദിച്ച സ്ഥലത്ത് ഓരോരുത്തരും ഓരോ ചെടി നടണം...
പ്രിയ ഒരു ചെമ്പകത്തൈ കൊണ്ടുവന്നു . അത് നടാന്‍ ചിരട്ട കൊണ്ട് മാന്തി ഞാന്‍ അവള്‍ക്കു വേണ്ടി ഒരു കുഴി ഉണ്ടാക്കി കൊടുത്തു... അവള്‍ ആ തൈ അവിടെ നട്ടു... (ഞാനൊരുക്കിയ കുഴിയില്‍ അവളും വീണു..)
ഞാന്‍ കൊണ്ട് നട്ട സൂര്യകാന്തിചെടി സ്കൂളിനടുത്ത വീട്ടിലെ മേരിച്ചേച്ചിയുടെ ആട് തിന്നു..ആടിനും സന്തോഷം മേരിച്ചേച്ചിക്കും സന്തോഷം.. എനിക്ക് മാത്രം സങ്കടം...

(റിസ്കെടുത്ത് അമ്പല പറമ്പീന്ന് അടിച്ചോണ്ട് വന്ന ചെടിയാ , അത് ആട് തിന്നാല്‍ പിന്നെ സങ്കടം വരാതിരിക്കുവോ? )

പിറ്റേ ദിവസം അവള്‍ അച്ഛനോടൊപ്പമാണ്‌ സ്കൂളില്‍ വന്നത് ...
രണ്ടാളും നേരെ ഹെട്മിസ്ട്രെസ്സിന്റെ റൂമില്‍ പോയി എന്തൊക്കെയോ സംസാരിക്കുന്നു ...
പ്രിയ തിരിച്ചു ക്ലാസ്സില്‍ വന്നിരുന്നു ..
മുഖത്ത് നല്ല വിഷമമുണ്ട് ..
എന്ത് പറ്റിയെന്നു ആര്‍ക്കുമറിയില്ല...
കുറച്ചു കഴിഞ്ഞപ്പോ സിസിലി ടീച്ചര്‍ വന്നു പറഞ്ഞു '' പ്രിയയുടെ അച്ഛന്‍ വേറെങ്ങോട്ടോ ട്രാന്‍സ്ഫര്‍ ആയിപ്പോവുകയാണ്‌'' അത് കൊണ്ട് പ്രിയയും നമ്മുടെ സ്കൂളീന്ന് പോകുവാണ്...
ഇത് പറഞ്ഞു തീര്‍ന്നതും അവള്‍ പൊട്ടിക്കരയുന്നത്‌ ഞാന്‍ കണ്ടു...

രക്തബന്ധത്തെക്കാള്‍ വിലയുള്ളത് പിഞ്ചു മനസ്സുകളിലെ സ്നേഹബന്ധങ്ങള്‍ക്കാണെന്ന് എന്നെ ജീവിതം ഉദാഹരണ സഹിതം പഠിപ്പിച്ച ദിവസമായിരുന്നു അത്...
കരയുന്ന പ്രിയയെ സമാധാനിപ്പിക്കാന്‍ അവളുടെ അച്ഛന്‍ കൊടുത്ത 'പോപ്പിന്‍സ്‌' മിട്ടായിയില്‍ നിന്നും ഒരെണ്ണം എനിക്ക് തരാന്‍ അന്നും അവള്‍ മറന്നില്ല...'' ഞാന്‍ പോവാടാ'' എന്ന് പറഞ്ഞു കണ്ണും തിരുമിക്കൊണ്ട് അവള്‍ നടന്നു നീങ്ങി...
വശങ്ങളിലേക്ക് പിന്നിക്കെട്ടിയ അവളുടെ മുടിയില്‍ അന്നും ഒരു കുഞ്ഞു റോസാപ്പൂ ഉണ്ടായിരുന്നു...

''പ്രിയേ' എന്‍റെ ആദ്യത്തെ കൂട്ടുകാരീ ...
നീ ഇത് വായിക്കുമോ ഇല്ലയോ എന്നെനിക്കറിഞ്ഞു കൂടാ !
എങ്കിലും നീയറിയുക...
4 A യുടെ മുന്നില്‍ നമ്മള്‍ അന്ന് നട്ട ചെമ്പകത്തില്‍ ഇപ്പൊ നിറയെ പൂക്കളാണ്...
കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോഴും ഞാന്‍ സ്കൂളില്‍ പോയിരുന്നു .ആ ചെമ്പകത്തിന്റെ ചുവട്ടില്‍ നിന്ന് എനിക്ക് കിട്ടിയ ചുവന്ന വളപ്പൊട്ട് ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..
അത് നിന്‍റെതാണെന്നു ഞാന്‍ വിശ്വസിച്ചോട്ടെ...

ആ വളപ്പൊട്ടിന് കാലം ഇട്ട പേരാണ് നൊസ്റ്റാള്‍ജിയ.

എവിടെയാണെങ്കിലും നീ സന്തോഷമായിരിക്കുക...,

നിന്‍റെ മക്കള്‍ വളര്‍ന്നു വരുമ്പോള്‍ നീ പറഞ്ഞു കൊടുക്കണം ...!!!

കാമത്തിന്‍റെയും ലാഭത്തിന്‍റെയും കറ പുരളാത്ത നമ്മുടെ വിശുദ്ധ പ്രണയത്തെക്കുറിച്ച്...


6 comments:

 1. എന്തയാലും അങ്ങെനെ ഒരു നിറമുള്ള സ്വപ്നം ഉണ്ടല്ലോ കൂട്ടിന്. ചിലപ്പോള്‍ നിന്‍റെ കടുത്ത നിറമുള്ള ചിത്രങ്ങളുടെ പുറകിലെ ചേതോവികാരം ഈ പൊലിഞ്ഞു പോയ സ്വപ്നം ആയിരിക്കും.പിന്നെ എനിക്ക് ഇസ്ടപെട്ട വാചകം came from your great mom. നീ വെളുത്തില്ലേലും കുടുംബം വെളുക്കുന്നുണ്ടല്ലോടാ അത് മതിയല്ലോ? ''
  (ഹും.. ആളില്ലാത്ത പോസ്റ്റില്‍ ഗോള്‍ അടിക്കുന്നത് മമ്മിയുടെ സ്ഥിരം പരിപാടിയാ ).നവീന്‍ ചോദിച്ചതും മമ്മി പറഞ്ഞതും എനിക്ക് മനസ്സില്‍ കാണാന്‍ പറ്റും..

  ReplyDelete
 2. naveene..,super daa .....really nostalgic.... kalakki.... keep it up.... v cannot forget our olden days....
  .
  .
  .
  divya dinesh....

  ReplyDelete
 3. ഞാന്‍ വായിച്ചു ട്ടോ ചേട്ടാ ..ആശംസകള്‍ .

  ReplyDelete
 4. നൊസ്റ്റാള്‍ജിയ...

  ഓര്‍മകള്‍ക്കെന്തു സുഗന്ധം

  ReplyDelete