Wednesday, January 05, 2011

അടുത്ത ബെല്ലോടു കൂടി 'ഞങ്ങ തൊഡങ്ങ്യെണ് കെട്ടാ'



ഉത്സവപ്പറമ്പുകളിലെ നാടകങ്ങള്‍ എന്‍റെ മെയിന്‍ വീക്നെസ്സുകളില്‍ ഒന്നായിരുന്നു ഒരുകാലത്ത് ..അതുകൊണ്ട് തന്നെ വീട്ടുകാരുടെ വായീന്ന് എത്ര ചീത്ത കേട്ടിട്ടാണെങ്കിലും കരഞ്ഞു പിഴിഞ്ഞ് അനുവാദം വാങ്ങിച്ച് സമീപപ്രദേശങ്ങളിലെ അമ്പലങ്ങളിലും പള്ളികളിലും ഉത്സവത്തിനും പെരുന്നാളിനും നാടകം കാണാന്‍ പോകുന്നത് എന്‍റെ ഒരു ദുശീലമായിരുന്നു... ആ നാടക വേദികളില്‍ നിന്നാണ് വില്ല്യം ഷേക്ക്സ്പിയര്‍ എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നതും ,ഷേക്ക്‌ സ്പിയര്‍ മാനിയ എന്ന മാറാരോഗം എനിക്ക് പിടിപെടുന്നതും !
പിന്നെ അത് ഒരു ആവേശമായി മാറി ..

ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് എന്‍റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ, മമ്മിയാണ് എവിടെ നിന്നോ ഷേക്ക്‌സ്പിയറിന്‍റെ വിഖ്യാത നാടകമായ 'ഒഥല്ലോ ''യുടെ മലയാള പരിഭാഷ എനിക്ക് വാങ്ങിച്ച് തരുന്നത്...

ഒരാഴ്ചയോളം 'ഒഥല്ലോയും' 'ഡസ്ഡിമോണയും' 'കാഷ്യോയും' 'ഇയാഗോക്കുമെല്ലാം' എന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു.
ഒഥല്ലോയുടെ ദുരന്ത കഥയ്ക്ക്‌ മുന്നില്‍ അറിയാതെ ഒരിറ്റു കണ്ണീര്‍ ഞാനും പൊഴിച്ചു.
അന്ന് എന്‍റെ മനസ്സില്‍ കയറിക്കൂടിയതാണ് ഈ നാടകം എന്ന ഭ്രാന്ത്..


അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് സ്കൂളിലെ 'ആനിവേഴ്സറി ഡേ'' വന്നു കയറിയത്...
.മേരിക്കുട്ടി ടീച്ചര്‍ ഐഡിയ പറഞ്ഞു തന്നു...
6 c യില്‍ നിന്ന് ഒരു നാടകം വേണം .അത് കേട്ടതും എന്‍റെ മനസ്സ് സന്തോഷം കൊണ്ട് അഴിഞ്ഞാടി .
പിറ്റേ ദിവസം പള്ളിയിലെ ലൈബ്രറിയില്‍ നിന്ന് കുട്ടികള്‍ക്കുള്ള ലഘു നാടകങ്ങള്‍ എന്ന പുസ്തകവുമായി ടീച്ചറെത്തി.ഏതോ ഒരു കഥ സെലക്ട്‌ ചെയ്തു. ക്രിസ്മസ്സിനോടനുബന്ധിച്ച് ഒരു വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് കഥാ തന്തു..

''ഛെ.., എന്നാ കോപ്പിലെ കഥയാ ടീച്ചറെ ഇത്?
നമുക്ക് 'ഒഥല്ലോ'' കളിച്ചാലോ
? എന്ന് ഒരു അഭിപ്രായം ടീച്ചറിനോട് തുറന്നു പറയാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട് മാത്രം ഞാന്‍ ഒരക്ഷരം പോലും മിണ്ടീല്ല.

ആ.. പുല്ല്..ക്രിസ്മസ്സെങ്കില്‍ ക്രിസ്മസ് ഒള്ളതാകട്ടെ..

അടുത്തത് കഥാപാത്രങ്ങളെ തീരുമാനിക്കലാണ്..
ഒരു അപ്പന്‍, ഒരു അമ്മ.,ഒരു മോന്‍ ,ഒരു മോള്‍ ,
ഒരു പള്ളീലച്ചന്‍ ഒരു ക്രിസ്മസ് അപ്പൂപ്പന്‍ ,ഒരു അയല്‍വക്കക്കാരന്‍, ഒരു കള്ളുകുടിയന്‍ ഇത്രയും കഥാപാത്രങ്ങള്‍ വേണം..
ഇതില്‍ അമ്മയും മോളും ഒഴികെ ബാക്കി എല്ലാ കഥാപാത്രങ്ങളും എല്ലാവരും വീതിച്ചെടുത്തു. അമ്മയും മോളും ആരോക്കെയാവും?

ഞങ്ങടെ ക്ലാസ്സിലെ ബോയ്സും ഗേള്‍സും തമ്മില്‍ ജിലേബിയും മത്തിക്കറിയും പോലെ നല്ല പൊരുത്തമായിരുന്നു..

സൌമ്യേ.. സൌമ്യേ.. അടുത്ത പിരീഡ് ഏതു ടീച്ചറിന്‍റെ ക്ലാസ്സാണ്? എന്നൊരു സംശയം ചോദിച്ചാല്‍ 'ഇന്നലെ അത്താഴത്തിനു പൊറോട്ടയായിരുന്നു' എന്നുത്തരം പറയുന്ന നിഷ്കളങ്കരായ പെണ്‍പിള്ളേരുള്ള ക്ലാസ്സിലായിരുന്നു എന്‍റെ U P സ്കൂള്‍ പഠനം .
ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ അടി ഉണ്ടാക്കാത്ത ദിവസങ്ങള്‍ തിരുവോണവും ക്രിസ്മസ്സും മാത്രമായിരുന്നു..
അവരെപ്പറഞ്ഞിട്ടു കാര്യമൊന്നും ഇല്ല .., എത്ര നാളെന്നു വച്ചാ ഉച്ചയ്ക്ക് പച്ചച്ചോര്‍ കഴിക്കുന്നത്‌?

രാവിലെ കേറ്റിയ പുട്ടും പഴവുമെല്ലാം ഏകദേശം പതിനൊന്നു മണിയോടെ ദഹിച്ചു കഴിയും .പിന്നെ ഒരു ആനയെ തിന്നാനുള്ള വിശപ്പാണ് എനിക്ക് .ഊണ് കഴിക്കണമെങ്കില്‍ ഒരു മണി ആകണം..
അതിനിടയിലുള്ള ഗ്യാപ് ഫില്‍ ചെയ്യാന്‍ രതീഷ്‌ കണ്ട് പിടിച്ച മാര്‍ഗ്ഗമാണ് ഇന്‍റെര്‍വെല്‍ ടൈമില്‍ ഗേള്‍സ്‌ കൂട്ടത്തോടെ ടോയിലെറ്റില്‍ പോകുന്ന സമയം അവളുമാരുടെ ലഞ്ച് ബോക്സ്‌ തുറക്കുക എന്നത്..
മുതല്‍ മുടക്കില്ലാത്ത സംരഭമായത് കൊണ്ടും തരക്കേടില്ലാത്ത ലാഭവിഹിതം ഉള്ളതുകൊണ്ടും ഞാന്‍ ആ ഐഡിയയെ സപ്പോര്‍ട്ട് ചെയ്തു..
അങ്ങനെ പതിനൊന്നു മണിയോടെ പൊരിച്ചത്, പുഴുങ്ങിയത് , റോസ്റ്റ് എന്നിങ്ങനെ വിവിധ രീതിയിലുള്ള മുട്ട വിഭവങ്ങള്‍ കടലക്കറി, ബീന്‍സ് തോരന്‍, നാരങ്ങ അച്ചാര്‍ തുടങ്ങിയ ടച്ചിങ്ങ്സ് കൂട്ടി ഞങ്ങള്‍ കഴിച്ചു പോന്നിരുന്നു..(കട്ടുതിന്നാല്‍ എക്കിള്‍ വരും എന്നൊക്കെ കാര്‍ന്നോന്മാര് ചുമ്മാ പറയുന്നതാ,എക്കിള്‍ പോയിട്ട് ഒരു ഏമ്പക്കം പോലും എനിക്ക് വന്നില്ല )
മോഷ്ട്ടിച്ചു കഴിക്കുന്ന കരിക്കിന് മധുരം കൂടും എന്നല്ലേ പുരാണം..
കറികളുടെ കാര്യത്തിലും സെയിം അനുഭവമാണ്..
പക്ഷെ ആ സുവര്‍ണ കാലം അധിക നാള്‍ നീണ്ടു പോയില്ല..ഒരു ദിവസം ജയശ്രീയുടെ കറി കട്ട് തിന്നുന്നത് അവള്‍ കയ്യോടെ പൊക്കി . കിറിയില്‍ കൂടെ കടലക്കറിയും ഒലിപ്പിച്ച് രതീഷ്‌ അവളുടെ മുഖത്തുനോക്കി പറഞ്ഞു .
'' മുളകുപൊടി ചുമ്മാ കിട്ടുന്നതാണോടീ...എന്തൊരു എരിവാടീ ഇതിന്?
പിന്നെ അവിടെ നടന്നത് 'നാരായണ ജയ നാരായണ ജയ..''
എന്തായാലും അന്നുമുതല്‍ അവളുമാര് കൂട്ടത്തോടെയുള്ള 'ഒന്നിന് പോക്ക്' നിര്‍ത്തുകയും ഞങ്ങള്‍ സ്കൂള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ കോണ്‍സെന്ട്രെഷന്‍ കൂട്ടുകയും ചെയ്തു.

അങ്ങനെ മോഷണക്കുറ്റത്തില്‍ പിടിക്കപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഞങ്ങള്‍ എങ്ങനെ വാദിക്കൂട്ടില്‍ നില്‍ക്കുന്ന അവരോടു നാടകത്തില്‍ അഭിനയിക്കാന്‍ പറയും.. എല്ലാപ്പെണ്‍പിള്ളാര്‍ക്കും ഇപ്പൊ വീരപാണ്ട്യ കട്ടബൊമ്മന്‍റെ സ്വഭാവവും ജാന്‍സീ റാണിയുടെ നാക്കും ആണ്. ഇനിയിപ്പോ നമ്മുടെ നാടകത്തില്‍ അമ്മയെയും മകളെയും കിട്ടാന്‍ എന്ത് ചെയ്യും ?

ജെയ്മോന്‍ തെക്കോട്ടും ,ജോബി കിഴക്കോട്ടും ,മനോജ്‌ പടിഞ്ഞാറോട്ടും ,
ലിജോ വടക്കോട്ടും, ശിവദാസന്‍ മുകളിലേക്കും ജിജോ താഴേക്കും ഞാന്‍ വഴിയെ പോയ ജയശ്രീയുടെ കണ്ണിലേക്കും നോക്കി ചിന്തിച്ചു...
ചിന്തിച്ചു കൊണ്ടേയിരുന്നു..
കൊറേ ചിന്തിച്ചു കഴിഞ്ഞപ്പോള്‍ അനാവശ്യ സമയത്ത് എന്‍റെ മനസ്സില്‍ പൊട്ടാറുള്ള ലഡ്ഡു വീണ്ടും പൊട്ടി...

ഹേ.. അലവലാതികളെ കാതോര്‍ക്കൂ..
ഞാനൊരു ഐഡിയ പറയാം സ്കൂളിനു പുറകില്‍ താമസിക്കുന്ന അന്നമ്മ ചേച്ചിയുടെ വിഗ്ഗ്.., പിന്നെ ഏതെങ്കിലും പെങ്ങന്മാരുടെ ഒരു പാവാടയും ബ്ലൌസും.., കുറച്ചു ലിപ്സ്ടിക്കും കണ്മഷിയുമുണ്ടെങ്കില്‍ ഞാന്‍ പെണ്‍ വേഷം കെട്ടാം...


എല്ലാര്‍ക്കും സമ്മതം..
അങ്ങനെ 'മോള്' റെഡി .
ഇനി അമ്മയ്ക്ക് എന്ത് ചെയ്യും ?
പിന്നേം പൊട്ടി ഒരു ലഡ്ഡു കൂടി ..

ഈ അമ്മയെ നമുക്കങ്ങോട്ട് കൊന്നുകളഞ്ഞാലോ?

അതും ഏറ്റു...
അങ്ങനെ അമ്മ എന്ന കഥാപാത്രവും ഡയലോഗുകളും എല്ലാം ഡിലീറ്റെഡ് ..
പകരം അച്ഛന് ഒരു ഡയലോഗ് എക്സ്ട്രാ..

'' അമ്മയില്ലാത്ത നിങ്ങളെ വളരെ ഗഷ്ട്ടപ്പെട്ടാണ് ഞാന്‍ വളര്‍ത്തിയത്‌.''.

എല്ലാദിവസവും ഞങ്ങള്‍ പ്രാക്ടീസ് ചെയ്തു തുടങ്ങി..
''ആനി'' എന്നായിരുന്നു എന്‍റെ കഥാപാത്രത്തിന്റെ പേര് .
മണിചിത്രതാഴിലെ ഗൌരിയില്‍ നാഗവള്ളി കൂടിയത് പോലെ ആനിക്കുള്ളില്‍ ഞാന്‍ പോലുമറിയാതെ ഒഥല്ലോ യിലെ ഡസ്ഡിമോണ എന്ന സ്ത്രീ കഥാപാത്രം ജന്മമെടുത്തു കഴിഞ്ഞിരുന്നു...
അങ്ങനെ പ്രാക്ടീസ് കഴിഞ്ഞ് തട്ടില്‍ കയറുന്ന സുദിനം വന്നു..
നാടകത്തില്‍ കേക്ക് മുറിക്കുന്ന ഒരു സീന്‍ ഉണ്ട് .അപ്പൊ മുറിക്കാനായി മേരിക്കുട്ടി ടീച്ചര്‍ ഒരു ഐസിംഗ് കേക്ക് വാങ്ങി ഗ്രീന്‍ റൂമിലെ മേശപ്പുറത്തു വച്ചിരിക്കുന്നു..
എല്ലാവരും മേക്കപ്പ് തുടങ്ങി . സ്റെജില്‍ 5 A യിലെ റംലത്ത് മാപ്പിളപ്പാട്ട് പാടി തകര്‍ക്കുന്നു.. അവസാനമാണ് നമ്മുടെ പരിപാടി .
സമയം സന്ധ്യയോടടുക്കുന്നു .
വിശന്നിട്ടാണെങ്കില്‍ കണ്ണും കാണുന്നില്ല..
അപ്പൊ പിന്നേം പൊട്ടി ആ ലഡ്ഡു...

ഗ്രീന്‍ റൂം ... കേക്ക്... ഏമ്പക്കം... ശുഭം..


എല്ലാം വളരെ പെട്ടെന്നായിരുന്നു .. കേക്കിന്റെ അന്ത്യകൂദാശ അവിടെ നടന്നു..


പെട്ടെന്ന് ഒരു അനൌണ്‍സ്മെന്റ്..
'' അടുത്തതായി 6 C അവതരിപ്പിക്കുന്ന നാടകം..''
സ്റ്റേജ് അറേഞ്ച് ചെയ്യാന്‍ കേക്കെടുക്കാന്‍ ഓടിയെത്തിയ ടീച്ചര്‍ കവര്‍ തുറന്നു ..
നക്കി ക്ലീന്‍ ആക്കി വച്ചിരിക്കുന്ന കേക്കിന്‍റെ പലക മാത്രം ബാക്കി..

ശിവദാസനെയാണ് നാടകത്തിന്‍റെ introduction പറയാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്..അതിനു മുന്‍പേ ശിവദാസനെക്കുറിച്ച് ചെറിയൊരു introduction പറഞ്ഞോട്ടെ..
അഞ്ചാം ക്ലാസ്സുവരെ കൊച്ചിയിലെ ഏതോ ഇന്ഗ്ലീഷ്‌ മീഡിയം സ്കൂളില്‍ പഠിച്ചതിനു ശേഷം അവിടന്ന് ഡീപ്രോമോഷന്‍ കിട്ടിയാണ് നമ്മുടെ കൂടെ മലയാളം മീഡിയത്തില്‍ വന്നു ചേരുന്നത്..(സ്വഭാവ ഗുണം കൊണ്ട് അവിടന്ന് പറഞ്ഞു വിട്ടതാണെന്ന് ഞങ്ങള്‍ക്കല്ലേ അറിയൂ.. )
ബൈ ദ വെ ... പറഞ്ഞു വന്നത്...,അവന്‍റെ സംസാരത്തില്‍ ആ കൊച്ചീ'ചുവ '' തിരിച്ചറിയാം..(സലിം കുമാറിന്‍റെയും ടിനി ടോമിന്‍റെയും സംസാര ശൈലി പോലെ )
ലൈറ്റുകളെല്ലാം ഓഫ്‌ ആയി..
ശിവന്‍ അനൌണ്‍സ്മെന്റ് തുടങ്ങി..
''അടുത്ത ബെല്ലോടു കൂടി 'ഞങ്ങ തൊഡങ്ങ്യെണ് കെട്ടാ'....''
സദസ്സില്‍ കൂട്ടച്ചിരി...
എന്‍റെ ഗീവര്‍ഗീസ്‌ പുണ്യാളാ സീരിയസ് ടച്ചുള്ള ഈ നാടകം ഇവന്‍ കോമഡിയാക്കുമോ ?

കര്‍ട്ടന്‍ പൊങ്ങി..
ആദ്യം രംഗപ്രവേശം ചെയ്യുന്നത് ജെയ്മോനാണ് (അപ്പന്‍ )
അവന്‍റെ കുറച്ചു ഡയലോഗ് കഴിഞ്ഞ് 'ആനി മോളേ..'' എന്ന് വിളിക്കുമ്പോഴാണ് ഞാന്‍ സ്റേജില്‍ കയറെണ്ടത് ... ഒരു വിധം ബ്ലൌസ് ഞാനിട്ടു.. പണ്ടാരം പാവാട കാണുന്നില്ല..
ഇപ്പൊ ഈ ബഞ്ചില്‍ വച്ചിരുന്നതാണല്ലോ...
ഈശ്വരാ എന്തൊരു പരീക്ഷനമിത്..,
ഇനിയിപ്പോ നിക്കറും ബ്ലൌസുമിട്ട് സ്റേജില്‍ കയറേണ്ടി വരുമോ?

പെട്ടന്ന് മൈക്കില്‍ കൂടി ജെയ്മോന്റെ വിളി ..
ആനിമോളെ...

ആനിമോളേയ് ...

ആനിമോളേയ് ..പൂയ്..

അപ്പച്ചാ.. ജെസ്റ്റ് വെയിറ്റ് ., ആനിമോളുടെ പാവാട കാണ്മാണ്ടായി എന്ന് ഞാനെങ്ങനാ പറയുന്നത്...
അപ്പോഴേക്കും ടീച്ചര്‍ ബെന്ചിനടിയില്‍ നിന്നും പാവാട തപ്പിയെടുത്ത് കൊണ്ട് തന്നു..
ഞാന്‍ സ്പീഡില്‍ അത് വലിച്ചു കേറ്റി അര വരെ എത്തിച്ചു..
നേരെ ഓടിക്കിതച്ച് സ്റ്റേജിലേക്ക് ...
ഡിം ലൈറ്റ് ആണ് ..
ഞാന്‍: അപ്പനെന്നെ വിളിച്ചാരുന്നോ?
ജെയ്മോന്( ചുണ്ടനക്കാതെ പയ്യെ ): ഏതു കൊത്താഴത്ത് പോയി കെടക്കുവായിരുന്നെടാ..

അടുത്തത് ഒരു senti സീന്‍ ആണ്..''

'' അമ്മയില്ലാത്ത നിങ്ങളെ വളരെ ഗഷ്ട്ടപ്പെട്ടാണ് ഞാന്‍ വളര്‍ത്തിയത്‌.''.

അപ്പൊ ഞാന്‍ ഒരു റൌണ്ട് കറങ്ങി നടന്നു മുകളിലേക്ക് നോക്കി ''എല്ലാം വിധിയല്ലേ അപ്പാ'' എന്ന് പറഞ്ഞു നെടുവീര്‍പ്പിടണം..

ഞാന്‍ ഈ ഡയലോഗ് പറഞ്ഞു തീര്‍ന്നതും ഓഡിയന്‍സ് എല്ലാരും തിരമാല തല്ലുന്നത് പോലെ ചിരിക്കുന്നു.. ഞാന്‍ തിരിഞ്ഞു നോക്കി സൈഡില്‍ കര്‍ട്ടന്‍ വലിക്കാനിരിക്കുന്ന സജു അടക്കം എല്ലാരും ചിരിയാണ്..
senti ഡയലോഗ് അടിക്കുമ്പോള്‍ കി കി കി എന്ന് ചിരിക്കുന്ന പരിസരബോധമില്ലാത്ത ശവങ്ങള്..(ഞാന്‍ മനസ്സില്‍ പറഞ്ഞു )
പെട്ടന്ന് കര്‍ട്ടന്‍ വീണു..

ഇപ്പൊ ഈ സീനില്‍ കര്‍ട്ടന്‍ ഇടേണ്ട ഒരു കാര്യവുമില്ലല്ലോ..അപ്പോള്‍ മേരിക്കുട്ടി ടീച്ചര്‍ സ്റ്റെജിലെക്ക് ഓടിവന്ന് എന്നോട് ചോദിച്ചു..

'' എടാ കൊച്ചേ.., നീയെന്നതാ ഈ ഇട്ടിരിക്കുന്നേ.. ?

ഞാന്‍:എന്‍റെ കൊച്ചപ്പന്‍റെ മോളുടെ പാവാടയും ബ്ലൌസും !!!
അത് കേട്ടു എല്ലാരും പിന്നേം ചിരിക്കുന്നു..
ആ ഗ്യാപ്പില്‍ ജെസ്റ്റ് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് എനിക്ക് ഗുട്ടന്‍സ് പിടി കിട്ടിയത് .

ധൃതി പിടിച്ച് പാവാട വലിച്ചു കയറ്റിയപ്പോള്‍ പാവാടയുടെ പുറകു വശം മുഴുവന്‍ ഇലാസ്റ്റിക്കിന്‍റെ കൂടെ ചുരുണ്ട് കേറി അരയ്ക്കു മുകളില്‍ ഇരിക്കുകയാണ്..

ഓഡിയന്‍സിന്റെ നേരെ, പുറം തിരിഞ്ഞു നിന്ന് തുണി പൊക്കി എന്‍റെ 'വണ്‍ ബൈ ടു ' (1/2)കാണിച്ചു കൊണ്ട് 'എല്ലാം വിധിയല്ലേ അപ്പാ എന്ന് ഡയലോഗ് അടിച്ചതും പോരാഞ്ഞ് ഒരു നെടുവീര്‍പ്പും കൂടി ഇട്ടാല്‍ ചിരിക്കാത്തവനെ തല്ലിയാല്‍ മതിയല്ലോ...

ഛെ.. എന്നാലും... മോശമായിപ്പോയി.. എന്‍റെ വലത്തേ തുടയിലെ പണ്ട് വരട്ടു ചൊറി വന്ന പാട് സിമിയും സൌമ്യയുമൊക്കെ കണ്ടോ ആവോ?
.

.
.
.
.
.

3 comments:

  1. ഹ ഹ എനിക്ക് ഊഹിക്കാന്‍ പറ്റും എല്ലാം .. എന്‍റെ കര്‍ത്താവെ ഇതൊക്കെ കണ്ടു ചിരിക്കാന്‍ പറ്റിയവര്‍ എന്ത് ഭാഗ്യം ച്യ്തവര്‍..പിന്നെ announcer is super " ഞങ്ങ തൊഡങ്ങ്യെണ് കെട്ടാ'....''
    എന്നെ അങ്ങ് കൊല്ല് എനിക്ക് വയ്യ ചിരിക്കാന്‍.

    ReplyDelete
  2. അര കാണിച്ച് കൊണ്ടാണ് തുടക്കം അല്ലേ..
    ഉള്ളിൽ നർമ്മത്തിന്റെ തീപ്പൊരികൾ കാണാനുണ്ട്..സൂക്ഷിക്കുക!

    ReplyDelete
  3. oru rakashayumn ille...ntammo...sammathichirikkanu ttooo

    ReplyDelete