Tuesday, December 21, 2010

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് എവിടെയാ സാറേ സമാധാനം???കോയമ്പത്തൂരില്‍ നിന്നും വൈകിട്ട് അഞ്ചു മണിക്ക് പുറപ്പെട്ടാല്‍ ഏകദേശം 10.30 മണിയോട് കൂടി എറണാകുളത്തെത്താം .കൃത്യം 10 45 നു സൌത്തില്‍ നിന്നും ഒരു വൈക്കം സൂപ്പര്‍ ഫാസ്റ്റ് ഉണ്ട് അതില്‍ കയറിയാല്‍ എന്‍റെ വീടിനു മുന്നിലിറങ്ങാം .
KSRTC യുടെ ഈ ഷെഡ്യൂളില്‍ വിശ്വാസമര്‍പ്പിചായിരുന്നു എന്‍റെ കോയമ്പത്തൂര് എറണാകുളം യാത്രകള്‍ നില നിന്ന് പോന്നിരുന്നത്...
പതിവുപോലെ തേര്‍ഡ് ഇയറിലെ ക്രിസ്തുമസ് അവധിക്കും പെട്ടിയും പടവും മടക്കി കൃത്യം 10.30 നു തന്നെ എറണാകുളത്തെത്തി. വഴിയരികിലെ മരങ്ങളിലും കടകളിലും നക്ഷത്രവിളക്കുകള്‍ മിന്നി നില്‍ക്കുന്നുണ്ടായിരുന്നു...

ചാറ്റല്‍ മഴ തൂവുന്ന ആ രാത്രിയില്‍ ഞാന്‍ അവസാനത്തെ ബസും കാത്തു ബസ്റ്റോപ്പിലെ ഒരു സിമന്റ് ബന്ച്ചില്‍ ഇരിപ്പായി,,. മനസ്സ് മുഴുവന്‍ ആകുലതകളായിരുന്നു...

''ഇനി എപ്പോഴാണാവോ വീട്ടിലെത്തുക ''? എന്റെ കാലക്കേടിന് ആ വണ്ടി എങ്ങാനും പോയിക്കാണുമോ?


എന്തായാലും വരുന്നിടത്തുവച്ച് കാണാം എന്ന ചങ്കൂറ്റത്തോടെ വീണ്ടും ദൂരേക്ക്‌ കണ്ണും നട്ട് ഇരുന്നു....


ആ നഗരത്തിലെ തിരക്കൊഴിയുന്നത് എനിക്ക് കണ്ടറിയാമായിരുന്നു. ആളൊഴിയുന്ന നിരത്തുകള്‍ വഴിയരികിലെ പെട്ടിക്കടകളെല്ലാം അടഞ്ഞു കൊണ്ടിരിക്കുന്നു . അങ്ങകലെ ഒരു മഞ്ഞ ബോര്‍ഡ് മാത്രം വ്യക്തമായിക്കാണാം .

''S.T .D I. S.D 24 HOURS ''

നെഞ്ജിനുള്ളില്‍ ചെറിയൊരു സ്വാന്തനമായി . അപ്പോഴേക്കും മഴയുടെ ശക്തി ഒന്നു കൂടി .

ഓടുമേഞ്ഞ മേല്‍ക്കൂരയ്ക്കിടയിലൂടെ മഴവെള്ളം ഇറ്റിറ്റ് veezhunnu മരംകോച്ചുന്ന തണുപ്പും മുടിഞ്ഞ കാറ്റും ...

' കുന്തം , ഈ നശിച്ച മഴയ്ക്ക്‌ പെയ്യാന്‍ കണ്ട നേരം '

മനസ്സില്‍ ആരെയൊക്കെയോ ശപിക്കുന്നുണ്ടായിരുന്നു കയ്യിലാണെങ്കില്‍ കുടയുമില്ല . എന്താ ചെയ്യുക ?


അകലെയെവിടയോ ഒരു ബസ്സിന്‍റെ ഹോണ്‍ കേട്ടാണ് ഞെട്ടിയെണീറ്റത്. ഒരുപാട് പ്രതീക്ഷകളോടെ ഞാന്‍ എഴുന്നേറ്റു കൈ ഉയര്‍ത്തി കാണിച്ചു...

'' ശ്ശെ..... നാശം പിടിക്കാന്‍ , അതൊരു ലോറി ആയിരുന്നു . ''

നേരം ഇരുട്ടുന്തോറും ഞാന്‍ ഏകാനാകുന്നത് പോലെ തോന്നി ....
അവിടെ ഞാന്‍ മാത്രമായി..


ഇരുന്നു മുഷിഞ്ഞ്‌ ഞാന്‍ , ചുമ്മാ റോഡിന്‍റെ മറുവശത്തെക്കൊന്നു തിരിഞ്ഞു നോക്കി . വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ വിറയ്ക്കുന്ന ഒരു രൂപം കാണാം . ഞാന്‍ സൂക്ഷിച്ചു നോക്കി , '' അതൊരു സ്ത്രീ ആണെന്ന് തോന്നുന്നു '' അതെ , അവരിങ്ങോട്ടാണ് നടന്നടുക്കുന്നത് ...........


മുഷിഞ്ഞ്‌ നാറിയ ഒരു സാരിയാണ് വേഷം . അതും തോരാത്ത മഴയില്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു . ജട പിടിച്ചു വികൃതമായ തലമുടിക്കെട്ടില്‍ നിന്നും മഴവെള്ളം ഇറ്റിറ്റ് വീഴുന്നു . കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ആണെന്ന് കണ്ടാലറിയാം . എങ്കിലും ആ സ്ത്രീ ചിരിക്കുകയാണ് . ഇടക്കിടക്കെന്തോ പിരുപിരുക്കുന്നുമുണ്ട്...


ഒരു തുണിക്കെട്ട്‌ നെഞ്ജോടടുക്കി പിടിച്ചിട്ടുണ്ടായിരുന്നു . വേച്ചു വേച്ചു അവരെന്‍റെ അരികിലെത്തി .

കൈകാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു .കുനിഞ്ഞിരുന്ന മുഖം മേല്ലെയോന്നുയര്‍ത്തി ആകാംഷയോടെ ആ സ്ത്രീ ചോദിച്ചു ....


അന്ജരക്കുള്ള വണ്ടി വരാറായോ മോനെ?

ഞാന്‍ വാച്ചിലെക്കൊന്നു നോക്കി , സമയം പത്തു കഴിഞ്ഞു...
ഞാന്‍ തിരിച്ചു ചോദിച്ചു...,എങ്ങോട്ടാ പോകേണ്ടത്?


അവരെന്നെയോന്നു തറപ്പിച്ചു നോക്കി, പിന്നെ ചിരിച്ചു ...അങ്ങു ദൂരെ ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി അവര് പറഞ്ഞു...

അതാ ആ കാണുന്നതാണെന്റെ വീട്.... അങ്ങോട്റെനിക്ക് പോകണം , വണ്ടി എപ്പോ വരും...

ആ മറുപടിയില്‍ വൈരാഗ്യത്തിന്റെയും സങ്കടത്തിന്റെയും സ്വരം വേറിട്ട്‌ കേള്‍ക്കാമായിരുന്നു ... പിന്നീട് അവരെന്തോക്കെയോ പിറുപിറുത്തു ....
അതില്‍ ചില വാക്കുകള്‍ക്കു മുഴക്കം കൂടുന്നതായി എനിക്ക് തോന്നി ..., ഞാനത് ശ്രദ്ധിച്ച് കേട്ടു.

ഞാനും ഒരമ്മയാണ്‌ ഞാന്‍ നെഞ്ജോടടുക്കിപ്പിടിചിരിക്കുന്നത് എന്റെ പുന്നാര മക്കളെയാണ് .എന്നെവേണ്ടാത്ത എന്‍റെ പൊന്നിന്‍ കുടങ്ങളെ ...

എന്‍റെ കുപ്പായത്തിലെ കരകളെല്ലാം എനിക്ക് നടന്നു നീങ്ങേണ്ടി വന്ന അഴുക്കു ചാലുകളാണ് .


'' എന്‍റെ കണ്ണില്‍ നിന്ന് ഒഴുകുന്നത്‌ കണ്ണീരല്ല... ചുടുചോരയാണ്

ചങ്കില്‍ ഒഴുകുന്നത്‌ ചോരയല്ല... കത്തുന്ന തീയാണ് ....

എങ്കിലും വായ കീറിയ ദൈവം അന്നം തരാതിരിക്കില്ലല്ലോ ''എങ്കിലും എന്‍റെ സിരകളില്‍ വിദ്വേഷമില്ല ., ധമനികളില്‍ വൈരാഗ്യമില്ല .ഓരോ നിമിഷവും നിര്‍ത്താതെ മിടിക്കുന്ന ഹൃദയത്തില്‍ ഒരിറ്റു സ്നേഹം മാത്രം ബാക്കി .കണ്ണീരു ഉണങ്ങാത്ത അമ്മമാരുടെ പ്രതിരൂപമാണ് ഞാന്‍ .... എന്‍റെ പേര് ലക്ഷ്മി .... മഹാലക്ഷ്മി ......


പേരില്‍ മാത്രം പ്രൌടിയുമായി ജീവിക്കുന്ന ഒരു പാവം അമ്മയാണ് ഞാനും...

അന്ന് എന്‍റെ കവിളിലൂടെ ഒഴുകി വീണത് മഴതുള്ളിയല്ലായിരുന്നു എന്ന തിരിച്ചറിവ് എന്‍റെ നാവിനു കടിഞ്ഞാണിട്ടു കഴിഞ്ഞിരുന്നു...
വീട്ടില്‍ കൊണ്ടുപോകാന്‍ ബാഗില്‍ കരുതിവച്ചിരുന്ന ഒരു ക്രിസ്ത്മസ് കേക്ക് ഞാന്‍ ആ അമ്മയ്ക്ക് നേരെ നീട്ടി... ആര്‍ത്തിയോടെ അവര്‍ ആ കടലാസ് പൊതിയഴിച്ച് കഴിക്കാന്‍ തുടങ്ങി .......

ഇത്രയുമായപ്പോള്‍ എനിക്കുള്ള ബസ് അങ്ങകലെ നിന്ന് വന്നു . മനസ്സില്‍ നിറയെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി പാതി മനസ്സോടെ ഞാന്‍ വണ്ടിയില്‍ കയറി .ഏറ്റവും പുറകിലെ സീറ്റില്‍ ഇരുന്നു . എങ്കിലും എന്‍റെ മനസ്സ് മുഴുവന്‍ ആ അമ്മയുടെ അരികിലായിരുന്നു...ഒരു ഭ്രാന്തിയുടെതാനെന്കിലും ആ വാക്കുകള്‍ എന്‍റെ നെഞ്ചില്‍ കനല് പോലെ എരിഞ്ഞു...'' എന്‍റെ കണ്ണില്‍ നിന്ന് ഒഴുകുന്നത്‌ കണ്ണീരല്ല... ചുടുചോരയാണ്,

ചങ്കില്‍ഒഴുകുന്നത്‌ ചോരയല്ല... കത്തുന്ന തീയാണ് ....

എങ്കിലും വായ കീറിയ ദൈവം അന്നം തരാതിരിക്കില്ലല്ലോ....???


ആളൊഴിഞ്ഞ റോഡിലൂടെ ബസ്സ്‌ നീങ്ങിത്തുടങ്ങി.. ഏതോ ഒരു പള്ളിയുടെ മുന്നില്‍ കൂറ്റന്‍ നക്ഷത്രവും മുറ്റത്തെ വാകമരത്തില്‍ നീലവര്‍ണ്ണങ്ങളില്‍ ചെറു വിളക്കുകളും കത്തുന്നത് ഞാന്‍ കണ്ടു...
ഹാലജന്‍ ബള്‍ബിന്‍റെ മങ്ങിയ വെളിച്ചത്തില്‍ ആ പള്ളി മതിലില്‍ എഴുതി വച്ചിരുന്ന വാചകങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു

'' അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം , ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം...''

അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു...

4 comments:

 1. നവീന്‍ അന്നു കേക്ക് ആ ശ്രീ ക്ക് കൊടുതതുകൊണ്ടാല്ലേ പിന്നീടു ദൈവാനുഗ്രഹം പരുപ്പുവട യുടെ രൂപത്തില്‍ മുന്‍പില്‍ വന്നത്..മമ്മി പ്രാര്‍ത്ഥിച്ചു എന്ന കാര്യം മറന്നുകൊണ്ടല്ല പറഞ്ഞത് . ..കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഇവിടെ വീണ്ടും അര്‍ത്ഥവത്തായി .

  ReplyDelete
 2. കുഴപ്പമില്ല...
  ചില വാക്കുകളെ ഒന്ന് കൂടി എഡിറ്റ് ചെയ്യണം കേട്ടൊ നവീൻ
  (നെഞ്ച്,പ്രൌഡി,...)

  ReplyDelete
 3. ഈ അക്രമം വലിയ കുഴപ്പമില്ലല്ലോ......?

  ReplyDelete