Thursday, April 14, 2011

വിഷുക്കണിയും 'ഷെയ്ക്ക് ഘടോല്‍ഘജന്‍ അല്‍ സപ്പോര്‍ട്ടി'യും



വിഷു എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയായിപ്പിറന്ന എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് കണിക്കൊന്നയും കൈനീട്ടവും ഓടക്കുഴലും കള്ളക്കണ്ണനുമൊക്കെയാവും .... ഏകദേശം ഒരു 95-96 കാലഘട്ടം വരെ വിഷു എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സിലും ഈ സെറ്റപ്പൊക്കെ തന്നെയായിരുന്നു.... പക്ഷെ ആ നിറമുള്ള സെറ്റപ്പിന് ബ്ലാക്ക് മാര്‍ക്ക് വീഴാന്‍ വല്യ കാലതാമസം ഒന്നു വേണ്ടി വന്നില്ല... പിന്നെയങ്ങോട്ട് 'വിഷു' എന്നല്ല 'ഷു' എന്ന് കേട്ടാല്‍ പോലും ഓര്‍മ്മ വരുന്നത് നൂല്‍ ബന്ധമില്ലാതെ തലയില്‍ മയില്‍പീലിയും ചൂടി കക്ഷത്തില്‍ ഓടക്കുഴലും തിരുകി പ്ലാവേല്‍ വരിക്കച്ചക്കകള്‍ക്കിടയില്‍ ''എന്റമ്മച്ചീ... '' എന്ന് വലിയ വായില്‍ ശ്രുതി മീട്ടുന്ന 'ഘടോ'യെയാണ്...
എന്‍റെ ഊഹം ശരിയാണെങ്കില്‍ ഓര്‍മ്മകള്‍ക്ക് ഒരു പതിനാറു വര്‍ഷത്തോളം പഴക്കമുണ്ടാകണം...

മധ്യവേനലവധിക്കാലത്തെ ഒരു വിഷു ദിനത്തിലാണ് നാടിനെ നടുക്കിയ ആ സംഭവം നടക്കുന്നത്..
പരമ്പര ഗതാഗതമായി കിട്ടിയ കുരുട്ടു ബുദ്ധി ഒരു മെയിന്‍ ഫാക്റ്റര്‍ ആയി വരുമ്പോള്‍ മാത്രം കുടുംബക്കാരുടെ കയ്യില്‍ നിന്നൊക്കെ എണ്ണാന്‍ പറ്റാത്ത രീതിയില്‍ തല്ലു വാങ്ങിക്കാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ അല്‍പ്പം ക്രിയേറ്റിവ് ആയി ചിന്തിച്ച് നാട്ടുകാരുടെ വായില്‍ നിന്നും തെറി കേള്‍ക്കുന്നത് ഒബ്വിയസ്ലി എന്‍റെ ഒരു ശീലമായിക്കഴിഞ്ഞിരുന്നു... മോശം പറയരുതല്ലോ എന്‍റെ തലയില്‍ തൌസന്റ് വാട്ട്സില്‍ പ്രകാശിച്ചു നില്‍ക്കുന്ന കുന്തളിപ്പുകള്‍ക്കെല്ലാം എന്നും ഗ്രൌണ്ട് സപ്പോര്‍ട്ടുമായി എന്‍റെ കസിന്‍ ബ്രതര്‍ ഒരുത്തനുണ്ടായിരുന്നു... പേര് ചോദിക്കരുത് എന്നെ വേങ്ങരയില്‍ സ്ഥാനാര്‍ഥി ആക്കാമെന്ന് പറഞ്ഞാല്‍ പോലും ഞാന്‍ പറയില്ല... (ഇനിയും അവന്‍റെ ഇടി കൊള്ളാന്‍ വയ്യ!!! ) തല്‍ക്കാലം നമുക്കവനെ 'ഷെയ്ക്ക് ഘടോല്‍ഘജന്‍ അല്‍ സപ്പോര്‍ട്ടി ' എന്ന് വിളിക്കാം... ഇതാകുമ്പോള്‍ വിളിക്കാന്‍ എളുപ്പമുണ്ടല്ലോ ?? യേത്?

അങ്ങനെ ആ വിഷു ദിനത്തിന്‍റെ തലേന്ന് പതിവ് പോലെ ഞാനും 'ഷെയ്ക്ക് ഘടോല്‍ഘജന്‍ അല്‍ സപ്പോര്‍ട്ടി'യും കൂടി എന്‍റെ വീട്ടിലെ പട്ടിയെ പുഷ് അപ്പ്‌ എടുക്കാന്‍ പഠിപ്പിക്കുകയായിരുന്നു.
അപ്പോഴാണ്‌ ആ വേണ്ടാത്ത ലഡ്ഡു പൊട്ടിയത് മ്യോനെ...
എടാ 'ഘടോ' (സ്നേഹം കൂടുമ്പോ ഞാനവനെ അങ്ങനെയും വിളിക്കും ) നാളെ വിഷുവല്ലേ ..,

ഘടോ: ഊം.. അതിന്...

ഞാന്‍: അല്ലാ... നമ്മുടെ കൂടെ ക്രിസ്മസ് കരോളിനൊക്കെ കുട്ടന്‍ വരുന്നതല്ലേ .. നമുക്ക് നാളെ അവനെയൊന്നു ഞെട്ടിച്ചാലോ?
നമുക്കൊരു കൃഷ്ണന്‍റെ വേഷമൊക്കെ കെട്ടി കുട്ടനെ കണി കാണിച്ചാലോ?

ഘടോ:ഗുഡ് ഐഡിയ... പക്ഷെ വാട്ട് എബൌട്ട്‌ കോസ്റ്റ്യൂം ?

മമ്മിയുടെ നീല സാരി ഉടുപ്പാക്കാം , മാല തല്‍ക്കാലം ചെമ്പരത്തിപ്പൂവ് കൊണ്ടായാലും മതി.
കിരീടം ???/ അത് പ്ലാവിലയാക്കാം...
പക്ഷെ മയില്‍പ്പീലിക്കിനി എന്ത് ചെയ്യും ???

ഘടോ: ഡാ കുട്ടന്‍റെ വീടിന്‍റെ ഉമ്മറത്ത് വച്ചിരിക്കുന്ന മുരുകന്‍റെ ഫോട്ടോയ്ക്ക് പുറകില്‍ അവന്‍റെ അച്ചന്‍ പളനിയില്‍ പോയപ്പോ കൊണ്ട് വന്ന ഒരു കെട്ട് മയില്‍ പീലി ഇരിക്കുന്നുണ്ട്.. അത് ചോദിച്ചാലോ?

ഞാ: അയ്യേ... മണ്ടാ.. ചോദിക്കാന്‍ പോയാല്‍ നമ്മുടെ പ്ലാന്‍ പൊളിയത്തില്ലെടാ ?

ഘടോ: ഊം ... 'പൊളിയത്തും'

''എന്തോന്ന് പൊളിയത്തോ?

അല്ല ....''പൊളിയും..'' ന്ന് , ഒരു പ്രാസമൊപ്പിച്ചു പറഞ്ഞപ്പോ അങ്ങനെ ആയിപ്പോയതാടേയ് ... ക്ഷമി ..


പിന്നെ മയില്‍‌പീലി എങ്ങനെയൊപ്പിക്കും...?
ഘടോ നീ വാ..., നമുക്ക് വഴിയുണ്ടാക്കാം..
നേരെ കുട്ടന്‍റെ വീട്ടിലേക്ക്...
ഉമ്മറത്ത് കുട്ടന്‍റെ അമ്മ ആഘോഷമായ മുറ്റമടിയിലാണ്...
പരിസരത്തെങ്ങും വേറെ ആരുമില്ല....

''ശ്യാമളചേച്ചിയേ... ...
കുറച്ചു പച്ച വെള്ളം എടുത്തു തന്നേ... ഓടിപ്പിടുത്തം കളിച്ചു ദാഹിച്ചിട്ടു വയ്യ... ...???????? ''

''സ്വന്തം വീട്ടീന്ന് പച്ച വെള്ളം പോലും കുടിക്കരുതെട്രാ '' എന്നര്‍ത്ഥത്തില്‍ ഒരു നോട്ടം നോക്കി ചൂലിന്‍റെ കടഭാഗം ഉള്ളം കയ്യിലിട്ട് രണ്ടിടി ഇടിച്ച് ശ്യാമളചേച്ചി അകത്തേയ്ക്ക് കയറിപ്പോയി...

ഹിയര്‍ കംസ് ദ ടൈം...

ആരുമറിയാതെ ഒരു മയില്‍‌പീലി അടിച്ചുമാറ്റണം...
മോഷണം പോലെ ടെന്‍ഷന്‍ പിടിച്ച മറ്റൊരു പണിയും കേരളത്തിലില്ല എന്ന് എനിക്കന്നു മനസ്സിലായി...
ശ്രീമുരുഗന്‍ എന്നെ നോക്കി കലിപ്പിക്കുന്നത് പോലെ എനിക്ക് തോന്നി...

മുരുഗാ.. സോറീട്ടോ... ഒരു ശ്രീകൃഷ്ണനെ സെറ്റ് ചെയ്യാന്‍ വേണ്ടിയാ , നാളെ റീപ്ലെയ്സ് ചെയ്തേക്കാം . ഒരു ദിവസം അങ്ങ് ബാക്കിയുള്ള മയില്‍പീലികള്‍ കൊണ്ട് ഒന്നു അഡ്ജസ്റ്റ് ചെയ്യണം...
മയില്‍ പീലി കയ്യിലായതും..., ''എന്തോ.ഓ ഓ .. മമ്മിയെന്നെ വിളിച്ചാര്‍ന്നോ?'''' എന്ന് ഒരു ഡയലോഗുമടിച്ച് ഒരൊറ്റയോട്ടം...
തൊട്ടു പുറകെ ഘടോയും
ഡാ ഘടോ നീയിത് എബിടെ ബരുവാ?
പോയി ശ്യാമള ചേച്ചി കൊണ്ട് വരുന്ന വെള്ളം കുടിച്ചിട്ട് വാടാ... .

നമ്മള്‍ ഒരു കള്ളത്തരം കാണിക്കുമ്പോള്‍ ആര്‍ക്കും സംശയത്തിനു ഇട കൊടുക്കരുത് (കൊച്ചുണ്ണിയുടെ ഒന്നാം പ്രമാണം ) അതല്ലേ അതിന്‍റെ ഒരു ഇത്.. യേത്? ആ അത് തന്നെ...

അങ്ങനെ നേരം ഇരുട്ടി അവിടെന്നോ സംഘടിപ്പിച്ച ഒരു കുല കൊന്നപ്പൂവും മമ്മി ചമ്മന്തിയരക്കാന്‍ കമഴ്ത്തി വച്ചിരുന്ന ഒരു തേങ്ങാമുറിയില്‍ വെളിച്ചെണ്ണയുമൊഴിച്ച് തിരിയും സെറ്റ് ചെയ്ത് കിടന്നുറങ്ങി...
രാവിലെ ആരും കാണാതെ പുറത്തിറങ്ങണം . അഞ്ചു മണിക്ക് പള്ളിയില്‍ മണിയടിച്ചു . ദി ഘടോ എന്നെ തോണ്ടി വിളിചെഴുന്നെല്‍പ്പിച്ചു . ഡാ പോകണ്ടേ'' നമ്മുടെ ഞെട്ടിക്കല്‍ മിഷന്‍''
ചാടിയെഴുന്നേറ്റു ബഹളമുണ്ടാക്കാതെ ഘടോയെ സാരിയൊക്കെ ഉടുപ്പിച്ചു മുഖത്ത് മുഴുവന്‍ ഉജാല തേച്ചു .
മയില്‍പ്പീലിയൊക്കെ വച്ച് കൊന്നപ്പൂവും താലവുമായി പുറത്തിറങ്ങി...

ഘടോ: ഡാ എങ്ങനുണ്ട് ഇപ്പൊ എന്നെ ക്കാണാന്‍?

ഹും.. കൊള്ളാം കൊള്ളാം ശ്രീകൃഷ്ണന്‍ കരിയോയിലില്‍ വീണത്‌ പോലുണ്ട് .

ഇരുട്ടത്ത് തപ്പിത്തടഞ്ഞ് കുട്ടന്‍റെ വീട്ടിനു മുന്നിലെത്തി..

ഘടോ: ഡാ തീപ്പെട്ടി ഉരച്ച് തിരി കത്തിക്കെടാ..

ഹ്മം.. കത്തിച്ചു...

ഡാ പാട്ട് പാടണ്ടേ?

ദൈവമേ? വിഷുവിന്‍റെ അന്ന് കുട്ടന്‍റെ വീട്ടില്‍ ചെന്ന് ''എന്തതിശയമേ ദൈവത്തിന്‍ സ്നേഹം'' പാടാന്‍ പറ്റത്തില്ലല്ലോ?
പിന്നെ കാണാതെ അറിയാവുന്ന ഒരേയൊരു പാട്ട് 'ജനഗണ മന ' ആണ്
അതും അവസരോചിതമല്ല...

ഏതായാലും ഒരു പാടൊന്നും ആലോചിക്കേണ്ടി വന്നില്ല...
അസമയത്തെ ഇത്തിരി വെട്ടം കണ്ട് കുട്ടന്‍റെ വീട്ടിലെ ആ അറാം പിറന്ന പട്ടി എഴുന്നേറ്റു കുര തുടങ്ങി...

ദൈവമേ .. മുരുഗന്‍ പണി തന്നു ...

ഇരുട്ടത്ത് നേരെ നോക്കിയാല്‍ പോലും കാണാത്ത അത്ര കളറാണ് ഘടോയ്ക്ക് .. ഇപ്പൊ അതിന് പുറത്ത് ഉജാലയും കൂടെ... ചിരട്ടക്കരി ടാറില്‍ മുക്കിയത് പോലുണ്ട് ഇപ്പൊ...
പട്ടിയെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?
പട്ടി കുരയോ കുര...പിന്നെ ഞങ്ങടെ നേരെയ്ക്ക് ഓടി വരുന്നു..

ഘടോ... എസ്കേപ്പ്...!!!

പറഞ്ഞു തീരുന്നതിനു മുന്‍പേ രണ്ടു പേരും ടാര്‍ജെറ്റ്‌ പോയിന്റിലെത്തി 'ഘടോ പ്ലാവേലും ഞാന്‍ തൊഴുത്തിന്‍റെ കഴുക്കോലിലും ..''

രക്ഷപെട്ടു.. അത് വരെ പട്ടി മാത്രമേ കുരയ്ക്കുന്നുണ്ടായിരുന്നുള്ളൂ... ഇപ്പൊ ഒരു കമ്പനിയ്ക്ക് പശുവും ആടും കോഴിയും ഒക്കെ കരയുകയാണ്...
ദൈവമേ എന്തൊരു പരീക്ഷണമിത്‌?

കുട്ടനെ 'കണി' കാണിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച രണ്ടു പാവം ചെറുക്കന്മാര്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ 'പണി' ആവുകയാണോ?
മുറുഹാ... എന്നോടീ ചതി വേണ്ടായിരുന്നു...
ഒച്ചയും ബഹളവും കേട്ടു അയലോക്കക്കാര് മുഴുവന്‍ വിഷുക്കണി കാണാനെത്തി ..
കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു ''കള്ളന്‍ കള്ളന്‍...''
ഈശ്വരാ ഈ ഒരു പേരും കൂടിയേ ഇനി കേള്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.. തിറുപ്പ്തി ആയി തിറുപ്പ്തി!!!

ഘടോ സ്പൈഡര്‍മാനെപ്പോലെ പ്ലാവില്‍ അള്ളിപ്പിടിച്ചിരിക്കുന്നു .
തലയില്‍ കിരീടമുണ്ട്, കഴുത്തില്‍ മാലയുണ്ട്, തലയില്‍ മയില്‍പ്പീലിയുമുണ്ട് പക്ഷെ... അരയില്‍ ആ സാരി മാത്രം ഇല്ലാ...
താഴെ ''കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയതാകട്ടെ'' എന്ന ലാഘവത്തോടെ പട്ടി ആ സാരി കടിച്ചു കീറുന്ന തിരക്കിലായിരുന്നു ...

ബഹളം കേട്ടു ഓടിവന്ന മമ്മിക്ക്‌ ഞങ്ങടെ മാനം പോയതിലല്ലായിരുന്നു സങ്കടം ..ആങ്ങള കല്യാണത്തിനു വാങ്ങിച്ചു കൊടുത്ത പട്ടു സാരി പട്ടി കൊണ്ട് പോയതിലായിരുന്നു...

അന്ന് കുട്ടന്‍ ചിരിച്ച ചിരിയുണ്ടല്ലോ... അത് ഓര്‍ക്കുമ്പോ എനിക്ക് കരച്ചില്‍ വരുവാ... ഇപ്പഴും...

4 comments:

  1. അയ്യോ ചുമ്മാ പുളു...മുഴുവന്‍ പച്ച കള്ളം ആണെങ്കിലും ചിരിക്കാന്‍ വഴി ഉണ്ടായിരുന്നു.. അല്ലേല്‍ പിന്നെ ഈ ഘടോ നിന്‍റെ ബ്രദര്‍ ആയിരിക്കണം ഇതുവരെ ഉള്ള അനുഭവം വെച്ചു ഈ ബ്രദര്‍ നിന്‍റെ തരികട പരിപാടിക്ക് പുള്ളി നിന്ന് തരില്ല ..ഇല്ലേല്‍ പിന്നെ വല്ലവരും നിന്‍റെ കൂടെ ആണോ കിടക്കുന്നത്.. തോണ്ടി വിളിക്കാന്‍. മമ്മിക്ക് എങ്ങനെ സങ്കടം വരാതെ ഇരിക്കും, എന്തല്ലാം പോയി, ഉജാല ,തേങ്ങ മുറി, സര്‍വോപരി നല്ല പാട്ട് സാരി...ഇതിന്റെ ഒക്കെ പലിശ കൂട്ടി കൊടുത്തേരെ പാവത്തിന്....

    ReplyDelete
  2. വിഷുവായിട്ട്‌ നല്ലൊരു രസികന്‍ പോസ്റ്റായി ട്ടോ ഗഡീ. ..
    വിഷു ആശംസകള്‍ .

    ReplyDelete
  3. Kai Neeti kitiya "KAI NEETAM" verem....

    ReplyDelete