Thursday, July 15, 2021

കൊറോണ ഡെയ്സ്...!!

ചൈനയിൽ കൊറോണ വന്നപ്പോ കുവൈറ്റിൽ വരല്ലേ പടച്ചോനേ എന്നായിരുന്നു പ്രാർത്ഥന. ഒടുക്കം ചങ്ങായി കുവൈറ്റിലെത്തിയപ്പോൾ ഞങ്ങടെ ആശൂത്രിയിൽ വരല്ലേ എന്നായി പ്രാർത്ഥന. കുരുത്തം കൊണ്ട് കൃത്യം മൂന്നിന്റന്ന് നമ്മടെ ഹോസ്പിറ്റലിലും എത്തി ഐറ്റം. കോവിഡിന് സ്‌പെഷ്യൽ വാർഡ് തുറന്നപ്പോ ഇച്ചിരി ആശ്വാസമായി, ഇനി നമ്മടെ ഐ സി യൂൽ വരല്ലേ എന്ന് പ്രാർത്ഥിച്ചാൽ മതീല്ലോ.എവിടെ വന്നാലും വീട്ടിൽ കയറല്ലേ എന്നുകൂടി ഇത്തിരി സ്വാർത്ഥതയിൽ പ്രാർത്ഥിച്ചിരുന്നു..... ഇവൻ മ്മളേം കൊണ്ടേ പോകൂ എന്ന സെറ്റപ്പും മട്ടും ഭാവവുമൊക്കെ കണ്ടപ്പോ എല്ലാരും പ്രാർത്ഥനയുടെ ലൈൻ ഇത്തിരി മാറ്റിപ്പിടിച്ചു. കൊറോണ പിടിച്ചാലും വേണ്ടീല്ല, വല്യ ബുദ്ധിമുട്ടൊന്നും ഇല്ലാതെ അങ്ങട് കഴിച്ചിലായാൽ മത്യാരുന്നെന്റീശോയെ...!!! കണക്കുകൂട്ടലുകളൊക്കെ കിറുകൃത്യമായിരുന്നു 2020 മെയ് 11ആം തീയതി ഉച്ചയ്ക്ക് മത്തിക്കറിയും ക്യാബേജ് തോരനും കൂട്ടി ചോറുണ്ട് റെസ്റ്റ് എടുത്തോണ്ടിരുന്ന ഈ 63 കിലോ ശരീരത്തിലെ കണ്ണിൽ ഒരു പൊകച്ചില്, ഉള്ളില് ഒരു കുളിര് , കൈക്കൊക്കെ ഒരു വിറവൽ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. വിത്ത്ഡ്രോവൽ സിംറ്റം ആണെന്ന് തെറ്റിദ്ധരിച്ച് കട്ടിലിനടീന്ന് മൂത്തിരുന്ന മുന്തിരി വൈൻ ഒരു ഒന്നര എടുത്ത് പിടിപ്പിച്ചു. അതീപ്പിന്നെ പനീടെ കൂടെ നടുവേദനേം കൂടെ ബോണസായി കിട്ടി. രാത്രി ഒരു ഒമ്പതരയൊക്കെ ആയപ്പോൾ കട്ടിലേന്നൊന്ന് പൊങ്ങാൻ ശ്രമിച്ചു. ആത്മാവ് മാത്രം ചാടിയെഴുന്നേറ്റ് കട്ടിലിന്റെ കിഴക്കേ മൂലയ്ക്ക് പുറത്തേയ്ക്ക് കാലും തൂക്കിയിട്ടിരിക്കുന്നു. ബോഡി അപ്പഴും കട്ടിലേൽ തന്നെ. ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്റു ണ്ണിയെ... പറ്റണ്ടേ...!!! പാതിരാത്രിയായപ്പോ ഒരു വിധം തപ്പിത്തടഞ്ഞ് യൂണിഫോമിട്ട് അറിയാവുന്ന ലെഫ്റ്റും റൈറ്റുമൊക്കെ എടുത്ത് ആദ്യത്തെ റൗണ്ടബൗട്ട് എത്തിയപ്പോ പോലീസ് പൊക്കി, കർഫ്യു സമയത്ത് ആരുടെ മൂത്താപ്പായ്ക്ക് പാരസെറ്റാമോൾ മേടിക്കാൻ പോകുവാടാ എന്നർത്ഥത്തിൽ ഏമാൻ ഒന്ന് നോക്കി . ഈയവസരത്തിൽ പോലീസുകാരുടെ നേരെ പൊക്കി കാണിക്കാൻ പറ്റുന്ന ഏക വസ്തു ഹോസ്പിറ്റൽ ഐഡി കാർഡ് മാത്രമാകുന്നു. സേതുരാമയ്യരെ ധ്യാനിച്ച്‌ പൊക്കി കാണിച്ച്...!! ഐഡി കാർഡേ...!!! വേച്ച്വേച്ച് കാഷ്വാൽറ്റിയിലെത്തിയപ്പോൾ തൊട്ടടുത്തുള്ള നേഴ്‌സസ് സ്റ്റേഷനിൽ മണി പന്ത്രണ്ടടിച്ചു...!!! Op ടിക്കറ്റുമെടുത്ത് ഡോക്ടേർസ് റൂമിന് മുന്നിലെത്തി. നീണ്ട ക്യൂ...!! അര മണിക്കൂർ മുന്നേ പൊലീസുകാരെ കാണിച്ച, കർഫ്യു തുടങ്ങിയ കാലം മുതൽ ലുലുലെ സെക്യൂരിറ്റിയെ കാണിച്ച് ക്യൂവിൽ നിൽക്കാതെ അകത്ത് കയറി കുബ്ബൂസും തൈരും മേടിക്കാൻ എന്നെ പോലുള്ള നേഴ്‌സുമാരെ സഹായിച്ചിരുന്ന ഹോസ്പിറ്റൽ ഐഡി എന്ന വിലമതിക്കാനാവാത്ത വസ്തുവിന് വൈക്കത്ത് ബോട്ടു ജെട്ടിയിൽ കപ്പലണ്ടി പൊതിയുന്ന മംഗളത്തിന്റെ വില പോലും ഇല്ലാത്ത സ്ഥലം സ്വന്തം ഹോസ്പിറ്റൽ ആണെന്ന പോയിന്റ് തിരിച്ചറിയുകയായിരുന്നു ഞാനെന്ന സത്യം...!! ഒരു വിധം ക്യൂവിൽ നിന്ന് ഡോക്ടറെ കണ്ടു. കേട്ടപാതി കേൾക്കാൻ താൽപര്യമില്ലാത്ത പാതി , x-ray എടുത്തിട്ട് വരാൻ പറഞ്ഞു വൈദ്യൻ. പണ്ട് കുവൈറ്റിലേക്ക് വരാൻ മെഡിക്കലിന് ബ്രോഡ്‌വേയിലെ കുഞ്ഞാലീസ് ക്ലിനിക്കിൽ നിന്ന് എടുത്തതിൽ പിന്നെ ഇപ്പഴാണ് xray ക്കുള്ള next ചാൻസ് കിട്ടുന്നത്. ശരപഞ്ചരത്തിലെ ജയന്റെ പൊസിഷനിൽ xray കാസെറ്റിൽ കെട്ടിപ്പിടിച്ച് നിന്ന് കുറച്ചേറെ നേരം. കുറെ നേരമായിട്ടും ഒച്ചയനക്കം ഒന്നും കേൾക്കാതിരുന്നത് കൊണ്ടാണ് തിരിഞ്ഞു നോക്കിയത്. എന്നോട് "ബ്രോദർ പ്ലീസ് ടേക്ക് ഡീപ്പ് ബ്രീത്" പറഞ്ഞിട്ട് ഫിലിപ്പീനോ ചേച്ചി കബായനുമായി ചാറ്റോട് ചാറ്റ്. X-റേയുടെ ക്വാളിറ്റിക്ക് ഒരു കുറവും വരരുത് എന്ന് കരുതി സാധാരണ ഡീപ് ബ്രീത്തിനെക്കാളും ഒരു ഒന്നൊന്നരക്കട്ട ഡീപ് ബ്രീത്ത് കൂടുതലിട്ട് ഹോൾഡ് ചെയ്ത് ശരപഞ്ചരം കളിച്ചുകൊണ്ടിരുന്ന ഞാൻ സെയിം പൊസിഷനിൽ വീരമൃത്യു വരിച്ചു നിൽക്കേണ്ടതായിരുന്നു. തക്ക സമയത്ത് നിലം തുടയ്ക്കാൻ വന്ന ബംഗാളി ബയ്യ "ആപ് അകേലെ ക്യാ കർത്താ ഹേ , യേ റൂം മേം."" എന്ന് ചോദിച്ചില്ലായിരുന്നെങ്കിൽ..!!! ഓടിച്ചെന്ന് ഡോക്ടറെ xray കാണിച്ചു. നോർത്തിൻഡ്യൻ പെണ്ണുങ്ങൾ അവരുടെ പെരുനാളിന്റന്ന് അരിപ്പയ്ക്കകത്തൂടെ പൂർണ്ണചന്ദ്രനെ നോക്കുന്ന അതേ ലാഘവത്തിൽ LED സ്ക്രീനിന് അഭിമുഖമായി xray ഫിലിം നീട്ടിപ്പിടിച്ച് നോക്കുന്ന ഡോക്ടർ..!! Xray യും ആ അരിപ്പയുമായിട്ട് വല്യ വ്യത്യാസമൊന്നും ഇല്ല എന്നർത്ഥത്തിൽ ഒരു നോട്ടം. നേരെ പോയി കൊറോണ swab എടുത്തോളാൻ പറഞ്ഞു. പൂർവികരുടെ അഭിപ്രായത്തിൽ പഴുത്തിരിക്കുന്ന ബൈക്കിന്റെ സൈലൻസറിൽ കാല് കൊള്ളുമ്പോഴുള്ള സുഖം കഴിഞ്ഞാൽ പിന്നെ അടുത്ത സുഖം ഈ സ്വാബ് എടുക്കുന്ന പരിപാടിയാണ്. 10 സെന്റിയോളം നീളമുള്ള ഇയർ ബഡ്‌സ് പോലൊരു സംഭവം മൂക്കിൽ കൂടെയിട്ട് അങ്ങ് അണ്ടകടാഹം വരെ എത്തിച്ച് ചെവിക്കകത്ത് കോഴിത്തൂവലിട്ട് തിരിക്കുന്ന പോലെ ചൂണ്ടു വിരലിനും തള്ളവിരലിനും ഇടയിലിട്ട് ഒരു തിരിയുണ്ട്. സാമാന്യം IQ ലെവലുള്ള ആരും എടുക്കുന്നവന്റെ തള്ളയ്ക്ക് വിളിച്ചു പോകും. (റിയൽ സൈക്കോസ്....!!!) കൂടെ ബ്ലഡ് ടെസ്റ്റും ചെയ്തു. റിപ്പോർട്ട് വരാൻ 2 മണിക്കൂറെടുക്കും. നേരെ വണ്ടിയിൽ കേറി സീറ്റ് പിന്നോട്ട് ചായ്ച്ച് 2 മണിക്കൂർ ഉറങ്ങാൻ പ്ലാനിട്ടു. എല്ലാം പെട്ടെന്നായിരുന്നു. രാവിലെ തൊട്ടടുത്തുള്ള പള്ളിയിൽ നിന്ന് അറബിയിലുള്ള "കൗസല്യാ സുപ്രജാ" കേട്ടാണ് ഞെട്ടിയെണീറ്റത്. ഈന്തയും ഒലിപ്പിച്ച് നേരെ casualty യിലേക്കോടി. റിപ്പോർട്ട് മേടിച്ചു. ഡോക്ടറെ കാണിച്ചു. ടേക്ക് റെസ്റ്റ് എന്ന് അർത്ഥം വച്ച് പറഞ്ഞത് പോലെ തോന്നി. വീട്ടിലെത്തിയപ്പോൾ പ്രൈവറ്റ് റൂം റെഡി. പെണ്ണുമ്പുള്ളയും മകനും 10 മാസം പ്രായമുള്ള ചെറുതുമടക്കം ഒരേ സ്വരത്തിൽ പറഞ്ഞു. ""കടക്കൂ അകത്ത്..."". (അയാം ട്രാപ്പ്ഡ്...!!!) കടുത്ത പനിയും ചുമയും നടുവേദനയുമൊന്നും ആദ്യത്തെ രണ്ടു ദിവസം കാര്യമാക്കിയില്ല. പിന്നെ അതൊരു ശീലമായി. മൂന്നിന്റന്ന് ഹോസ്പിറ്റലിൽ നിന്ന് വിളി വന്നു. പെട്ടെന്ന് പോസിറ്റീവ് റിസൾട്ട് കേട്ട് നമ്മടെ ചാനൽ പോകരുത് എന്ന് കരുതി വളരെയധികം മുൻകരുതലോടെ വീട്ടുവിശേഷങ്ങളൊക്കെ ചോദിച്ച് നമ്മുടെ മൈൻഡ് ഡൈവർട്ട് ചെയ്ത് അവസാനം ആണ് നമ്മൾ കോവിഡ് പോസിറ്റീവ് ആണെന്ന സന്തോഷവാർത്ത അവര് പറയുക. കൂടെ ജോലി ചെയ്ത നാലവന്മാർക്കും ഇന്നലെ പോസിറ്റീവ് ആയ സ്ഥിതിക്ക് എനിക്ക് നെഗറ്റീവ് ആകണം എന്ന ആഗ്രഹം പോലും അത്യാഗ്രഹം ആണെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മളോടാ കടപ്ലാമറ്റത്തെ വല്യച്ചാച്ചന്റെ മരിപ്പറിയിച്ച് വിളിക്കുന്ന സെന്റി ട്യൂണിൽ "അയാം സോറി ടു സേ,യൂ ആർ പോസിറ്റിവ് ഫോർ കോവിഡ്" തിരിച്ച് "സോ വാട്ട്" എന്ന് ചോദിച്ചിരുന്നേൽ പൊളിച്ചേനെ എന്ന് ഇത്തിരി വൈകിയാണ് മനസിൽ തോന്നിയത്. അല്ലേലും പഞ്ച് ഡയലോഗൊക്കെ അഞ്ച് മിനിറ്റ് കഴിഞ്ഞേ നാവിലേക്ക് വരൂ... എന്താ ചെയ്ക....??? കോവിഡിന്റെ ഹാങ്ങോവറിൽ ഒരാഴ്ചയായി വാട്സാപ്പ് ഗ്രൂപ്പുകൾക്ക് rest കൊടുത്തു. കുറേ നാളായിട്ടും ഓൾഡ് സ്‌കൂൾ ഗ്രൂപ്പിൽ ചെളി വാരിപ്പൊത്തുന്ന "പൊടിമീശക്കാരന്റെ" അഭാവം ചിലരൊക്കെ ശ്രദ്ധിച്ചു. അതിൽ കുറച്ചുപേർ ഇൻബോക്സിൽ വന്ന് കണ്ണുരുട്ടി നോക്കുന്ന ഇമോജീസ് ഇട്ടിട്ട് പോയി. തിരിച്ച് "ചത്തോന്നറിയാൻ വന്നതാണോഡീ" എന്ന ജഗതിച്ചേട്ടന്റെ ഒരു സ്റ്റിക്കറിടേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂ എനിക്ക്, എന്നാലും ഒരു പഞ്ചിരുന്നോട്ടെ എന്ന് കരുതിയാണ് "തോൽക്കില്ല തിരിച്ചു വരും "എന്ന് കൂടി ചാമ്പിയിട്ട് ചെഗുവേരയെപ്പോലെ കൈകെട്ടി മച്ചില് നോക്കി നിന്നത്. അഞ്ചാം ദിവസം കഴിയുന്നതോടെ "നെഞ്ചിനകത്ത് ലാലേട്ടൻ" എന്ന പാട്ടിന്റെ അർത്ഥം അക്ഷരാർത്ഥത്തിൽ മനസിലാകുന്ന നാളുകളാണ് പിന്നീടങ്ങോട്ട്. ഈ ഇത്തിരിപ്പോന്ന നെഞ്ചിനകത്ത് ലാലേട്ടൻ കേറിയിരുന്നാലുള്ള അവസ്ഥ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? രസാണ്...!! ശ്വാസം എടുക്കുന്നുണ്ടോന്ന് ചോദിച്ചാൽ എടുക്കുന്നുണ്ട്. നമ്മള് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു അര ശ്വാസം ഉള്ളിലേക്കെടുക്കുമ്പോ "നെഞ്ചു വിരിച്ച് ലാലേട്ടൻ റൈബാനൊക്കെ വച്ച് ഒരു തള്ളാണ് അകത്തൂന്ന്. ഇന്നലെ "തോൽക്കില്ല തിരിച്ചു വരും" എന്ന് സ്‌കൂൾ ഗ്രൂപ്പിലിട്ട മെസ്സേജ് ഡിലീറ്റ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ മാധവങ്കുട്ടീ...!!! തോൽക്കില്ല എന്നൊക്കെ വാചകമടിച്ചിട്ട് തോറ്റ് തൂറി പടമായിട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഫോട്ടോവരുമ്പോൾ തൊട്ടു താഴെ "തോക്കില്ല തിരിച്ചു വരും "എന്നെഴുതിയ ദശമൂലം ദാമുവിന്റെ സ്റ്റിക്കർ ആവർത്തിച്ചാവർത്തിച്ച് പോസ്റ്റ് ചെയ്യുന്ന സതീശൻ കഞ്ഞിക്കുഴിയെ ഒരു മിന്നായം പോലെ ഞാൻ കണ്ടു. പിന്നീടുള്ള ദിവസങ്ങളിൽ ഫുഡിനോടൊക്കെ ഒരു പുച്ഛ ഭാവമാണ്. നല്ല അടിച്ചു പരത്തി മയം വരുത്തിയ പൊറോട്ട കുരുമുളകിട്ട് വരട്ടിയെടുത്ത ബീഫ് റോസ്റ്റ് സമം വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് മുന്നിൽ കൊണ്ടേ വച്ചാലും, പോയിട്ട് നാളെ വരൂ എന്ന് പറഞ്ഞ് പോകും. അമ്മാതിരി മടുപ്പാണ് ഭക്ഷണത്തോട്. അതും പോരാഞ്ഞ് മണം രുചി ഇവ രണ്ടും മൂക്കിൽ നിന്നും നാക്കിൽ നിന്നും ടാറ്റാ പറഞ്ഞ് പോയിട്ടുണ്ടാകും...!! ഉപ്പുമാവിനും ഉപ്പുമാങ്ങയ്ക്കും തമ്മിൽ മാർക്കബിൾ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല.പിന്നെ പറയുമ്പോ എല്ലാം പറയണമല്ലോ നാരങ്ങാ അച്ചാർ തോണ്ടി നാക്കിന്റെ മർമ്മത്ത് തേയ്കുമ്പോൾ ചെറിയൊരു തരിപ്പ് പോലെ ഒരു ഫീൽ കിട്ടും. പണ്ട് പാലക്കാട് ഗുണാജിയുടെ പെങ്ങളുടെ കല്യാണത്തിന് പോയപ്പോ കശുമാവിൻ വാറ്റടിച്ച് ബോധം കെട്ടുറങ്ങിയതിൽ പിന്നെ ക്ഷീണം അറ്റ്‌ ഇറ്റ്സ് പീക്ക് എന്നൊക്കെ പറയാനാകുന്നത് ഈ ഒരു ലെവലിലാണ് . ഒരാഴ്ച കൊണ്ട് കട്ടിലുമായി അഗാധ പ്രണയത്തിലായിട്ടുണ്ടാവും നാം. വെട്ടിയിട്ട വാഴ പോലെ എന്നൊക്കെ പറയുംപോലെ ശരിക്കും ക്ഷീണിച്ചു കിടന്നുറങ്ങാം. ഒരു ലുക്കിന് ആൽക്കമിസ്റ്റും, ഖസാക്കിന്റെ ഇതിഹാസവും, മയ്യഴിപ്പുഴയുടെ തീരങ്ങളുമെല്ലാം കട്ടിലിന്റെ തലയ്ക്കൽ വച്ചിട്ടുണ്ട്. ഇന്ന് പതിമൂന്നാം ദിനവും ഒരു പോറൽ പോലും ഏൽക്കാതെ അവിടെത്തന്നെ ഇരിപ്പുണ്ട്, സുരക്ഷിതമായി...!! മൂഡ് മുഖ്യം സുനിലേ...!! രാത്രിയായി പ്രഭാതമായി പതിനാലാം ദിവസം, ഇന്ന് സ്വാബ് repeat ചെയ്യേണ്ട ദിവസമായിരുന്നു. രാവിലെ തന്നെ പോയി നാസാരന്ദ്രം വിട്ട് കൊടുത്തു. ഒരു മയവുമില്ലാതെ അവര് സ്വാബ് കുത്തിയിറക്കി, പെരുമഴ വന്നിട്ട് നനഞ്ഞിട്ടില്ല ,പിന്നെയാ ഈ ചാറ്റൽമഴ..!!! ഡയലോഗിന് മാത്രം പഞ്ഞമൊന്നും ഇല്ലാതിരുന്നിട്ടും സിംപ്ലി ഫ്ളൈയിങ് പൊന്നീച്ച ഫ്രം മൈ ഐസ് ...!! ബട്ട് വൈ???? നാളെ റിപ്പോർട്ട് വരും, എന്നിട്ട് വേണം ഫേസ്ബുക്കിലൊരു സ്റ്റാറ്റസ് ഇടാൻ...!!! പീഡാനുഭവത്തിന്റെ പതിനാലാം നാളും കടന്ന് ഔസേപ്പിന്റെ കടിഞ്ഞൂൽ പുത്രൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു...!! നിങ്ങൾ ഇതിന് സാക്ഷികളാണ്...!!! ഹല്ലേലുയ്യ...!! ഗ്ലോറിയ ഇൻ ദി ഹൈയസ്റ്റ്.

No comments:

Post a Comment