Friday, January 06, 2017

സരളബായ്


ഈ കഥ തികച്ചും സാങ്കല്പികമാണ് .കഥയ്ക്കും  കഥാപാത്രങ്ങൾക്കും  ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം. പൂത്തോട്ട സിറ്റിയായെന്ന അവിശ്വസനീയ വാർത്ത കേട്ടാണ് അന്ന് തദ്ദേശ വാസികളെല്ലാം ഞെട്ടിയുണർന്നത്. ഇന്നലെ ഉറങ്ങും വരെ  ഗ്രാമമായിരുന്ന പൂത്തോട്ട രായ്ക്കു രാമാനം എങ്ങനെ സിറ്റിയാകും ? കേട്ടവർ കേട്ടവർ കുണ്ഠിതപ്പെട്ടു . മകനെയും കൊണ്ട് പെണ്ണുകാണാൻ തൃശൂർക്ക് പോയ ഡെഡിക്കേറ്റഡ് ഷെവലിയാർ മാത്തച്ചൻ മാപ്ലയാണ്  പരിചയപ്പെടുത്തലിനിടയിൽ വെറും പൂത്തോട്ടയ്ക്ക് ഗുമ്മ് പോരെന്ന് വിചാരിച്ച് ''വീ ആർ ഫ്രം പൂത്തോട്ട സിറ്റി '' എന്ന് ''പുഷ്'' ചെയ്തത് .നാലുമ്മൂന്നും ഏഴ് മുറുക്കാൻ കടയും മോഡേൺ എന്നു പറയാൻ ഒരു മിൽമയും മാത്രമുണ്ടായിരുന്ന പൂത്തോട്ടയെന്ന ശുദ്ധഗ്രാമത്തെ ഒരൊറ്റ രാത്രികൊണ്ട് ഒരു വമ്പൻ സിറ്റി ആക്കിയിട്ട്  റെഗുലെർലി യൂസഫിക്കാന്റെ ചായക്കടയുടെ തൂണിൽ ചാരി നിന്ന്  കാജാ ബീഡി വലിച്ചിരുന്ന മാത്തച്ചൻ മാപ്ല അന്ന് മുതൽ ബ്രാൻഡ്   മാറ്റിയതായി ഉറക്കെ പ്രഖ്യാപിക്കുകയും ബ്ലഡി കാജാ ബീഡി പാടേ ഉപേക്ഷിക്കുകയും  അതിനു ബദലായി  പനാമാ  ഫിൽറ്ററുകൾ ഒന്നൊന്നായി വലിച്ചു തള്ളുകയും ചെയ്തു . ഇതു കണ്ട് കണ്ണു തള്ളിയ പൂത്തോട്ട സിറ്റിയിലെ മറ്റുചില സിറ്റിസൺസ് ആ മാറ്റത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കുഞ്ചൻ  ചേട്ടന്റെ കടയുടെ മുന്നിലത്തെ ട്രാൻസ്ഫോർമറിന്റെ ചുവട്ടിൽ ചുവപ്പിച്ചു തുപ്പി .  പെട്ടെന്നുണ്ടായ ഈ സിറ്റിസൺഷിപ്പിൻറെ  പേരിൽ  പഞ്ചായത്ത് തങ്ങളുടെ പത്തു സെന്റ്‌ പുരയിടത്തിന്റെ കരം കൂട്ടുമോ എന്നുവരെ സീനിയർ സിറ്റിസൺസ് ചിന്തിച്ചു കൂട്ടി. ആ ടെൻഷൻ മാറാൻ  മാത്രമായിരുന്നു അന്ന് അവർ കാസിമിക്കാന്റെ കടയിൽ നിന്നും  കടം പറഞ്ഞു  കാലിച്ചായ കുടിച്ചത് .പൂത്തോട്ട സിറ്റിയായാൽ പൂത്തോട്ട ഫൈനാൻസിന്റെ ഗ്രൗണ്ട് ഫ്ലോറും റേഷൻ  കടയും കൂടി കൊളാബ്രേറ്റ് ചെയ്ത്  ബാർ തുടങ്ങും എന്നു സ്വപ്നം കണ്ടവരും വിരളമല്ലായിരുന്നു .
അങ്ങനെ സിറ്റി വളർന്ന് പന്തലിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൂർത്തുക്കളെ ,സിറ്റിയിലെ ഫിഷ്‌ഫാമിലേക്ക് കത്തിയും കഠാരയുമായി  രാംസിംഗ് എന്ന കിടുക്കൻ  ഖൂർക്ക ഓട്ടോ പിടിച്ചെത്തിയത് . സിറ്റി വിഷയത്തിൽ തല പുകച്ചുകൊണ്ടിരുന്ന സിറ്റിസൺസിന്റെ എല്ലാം കോസെൻട്രേഷൻ പിന്നെ രാംസിങ്ങിന്റെ നേർക്കായി. ഹിന്ദിയുടെ ക ഖ ഗ ഘ ങ വശമില്ലാതിരുന്ന സിറ്റിയിലെ പീപ്പിൾസ്   രാംസിംഗ് എന്തു ചോദിച്ചാലും 'ഏയ് അങ്ങനെയൊന്നുമില്ല '' എന്ന അർത്ഥത്തിൽ തലയാട്ടിപ്പോന്നു . സിറ്റിസൺസ് സൗകര്യാർത്ഥം രാംസിങ്ങിനെ ബായ് എന്നും വിളിച്ചു  പോന്നു .അങ്ങനെ കാലങ്ങളോളം ആംഗ്യ ഭാഷയിൽ മാത്രം ആശയ വിനിമയം  നടന്നുപോന്ന ആ മേഖലയിൽ ശബ്ദ താരാവലി കൊണ്ട് രാംസിങ്ങിനെ തോൽപ്പിക്കാൻ  നറുക്ക്  വീണത് മധ്യപ്രദേശിൽ നിന്നും ഒരാഴ്ചത്തെ ലീവിന് നാട്ടിൽ വന്ന കൃഷ്ണൻ കുട്ടി ചേട്ടനായിരുന്നു . പിറ്റേന്ന് വൈകിട്ട് നിർമ്മാ സോപ്പ്   മേടിക്കാൻ പൂത്തോട്ടയിലെത്തിയ ബായിയെ  കയ്യോടെ പിടിച്ചുനിർത്തി  കൃഷ്ണൻകുട്ടി ചേട്ടൻ  ചോദിച്ചു : ആപ്  കൈസാ ഹേ ഭായീ ?
 ജയലക്ഷ്മീടെ  പരസ്യത്തിൽ പറയും പോലെ ചരിത്രം വഴി മാറി ബായ് വന്നപ്പോൾ !!! 
ഒരു കയ്യിൽ ബാർസോപ്പും മറുകയ്യിൽ കാക്കിലോ പരിപ്പും പിടിച്ചുകൊണ്ട് ബായ് പറയുകയാണ് സൂർത്തുക്കളെ ബായ് പറയുകയാണ് ,

 ''ഒ എന്നാ പരായണാ സേട്ടാ , ങ്ങനെ തറ്റിയും  മുറ്റിയുമൊക്കെ പോകുന്നു . ''

സിറ്റിയിലെ കുരിശുപള്ളിയിലെ ഫസ്റ്റ്  ഫ്ലോറിൽ  ഗീവർഗീസ് പുണ്യാളന്റെ  കുത്ത് കൊണ്ടു കിടന്ന പാമ്പു വരെ എക്സ്ക്ലമേഷൻ മാർക്ക് ഇട്ടു നിന്നു . സഖാവ് കൃഷ്ണൻ കുട്ടി അവർകൾ  അന്ന് രാത്രി തന്നെ മധ്യപ്രദേശിന്‌ തിരിച്ചു പോയി.
കയ്യിൽ നാല് ബാറ്ററിയുടെ എവറെഡി  ടോർച്ചും അരയിൽ കഠാരയും മോന്ത മുഴുവൻ നിഷ്കളങ്കതയും വാരിത്തേച്ച സാധാ ഖൂർഖയായിരുന്ന രാംസിങ്ങിന് ഒരു സുപ്രഭാതത്തിൽ സ്വർഗത്തിൽ നിന്ന് ഒരു വെളിപാടുണ്ടാവുകയും വരമ്പത്ത്  'ഗ്രാസ് കട്ടിങ്ങിന്' വന്ന ക്രോണിക് ബാച്‌ലർ ആയ സരള ചേച്ചിയോട് ''നീയെൻ പുന്നകൈ മന്നത്തി '' എന്ന് ഡയലോഗ് ഇടുകയും അത് കേട്ട് പ്രണയ പരവശയായ സരളേച്ചി അരിവാളെടുത്ത് ബായീടെ പെടലിക്ക് ചാമ്പാൻ ഒരുങ്ങിയപ്പോൾ ''ലേലു അല്ലൂ  ലേലു അല്ലൂ '' എന്ന് പറഞ്ഞ് സ്‌കൂട്ടായെങ്കിലും സരളേച്ചി പുല്ലു ചെത്തലും ബായ് റോന്തു ചുറ്റലും തുടർന്ന് പോന്നതിന്റെ ഫലമായി ആ നാല് കണ്ണുകൾ തമ്മിൽ വീണ്ടും വീണ്ടും ഉടക്കുകയും ക്രമേണ നാട്ടുകാരിടപെട്ട് രണ്ടു തുളസിമാല എക്സ്ചേഞ്ച് ചെയ്യിച്ച് സംഭവം സോൾവാക്കി ആ ബന്ധം ദൃഢമാക്കിയതിൽ പിന്നെയാണ് രാംസിംഗ് എന്ന ഘനഗംഭീര നാമം ഉപേക്ഷിച്ച് നാട്ടുകാർ ഭായിയെ 'സരളഭായി ' എന്ന് വിളിച്ചു തുടങ്ങിയത് .പി സി ജോർജിനെ മന്ത്രി സഭയിലെടുത്ത സർക്കാരിനെ പോലെ സരളബായ് എന്ന വിശേഷണം തള്ളാനും കൊള്ളാനുമാവാതെ ടെൻഷനടിച്ച്  നാളുകൾ നീക്കി .

തൊണ്ണൂറുകളുടെ തുടക്കത്തിൽ എയർഗൺ ഉപയോഗിച്ച് കൊക്കിനെ പിടിക്കാൻ ശ്രമിച്ച സരളബായിയുടെ ഉന്നം തെറ്റി അയലോക്കത്തെ വക്കച്ചൻ വല്യപ്പച്ചന്റെ   വീട്ടിൽ പശുവിനു കാടി വച്ചിരുന്ന അലൂമിനിയം ചരുവത്തിൽ കൊള്ളുകയും  തൽസ്ഥാനത്ത് 25 പൈസാ വലിപ്പത്തിൽ ഉണ്ടായ 'തൊള ' കണ്ടിട്ടും  കാണാത്ത മട്ടിൽ നടന്നുപോയ ബായിയെ തെങ്ങിന് മുകളിൽ നിന്ന്  ''ശൂ ...ശൂ'' എന്ന ശബ്ദം പുറപ്പെടുവിച്ച് എല്ലാം മുകളിൽ ഇരുന്നു ഒരാൾ കാണുന്നുണ്ട് എന്ന് റിമൈൻഡ് ചെയ്യിച്ചതിൽ പിന്നെ എന്നും ഓരോ 'ഓസീയാർ  കോട്ടർ' മേടിച്ച് ഫിഫ്റ്റി ഫിഫ്റ്റി അടിച്ചിരുന്ന ചെത്തുകാരൻ രാജപ്പനും സരളബായിയും പിന്നീടങ്ങോട്ട് കൂട്ടിമുട്ടിയാൽ പോലും മിണ്ടാതായി. 

അന്നൊരു ഞായറാഴ്ച ആയിരുന്നു , ഡ്യൂ ഡോസ് ആയ ഒരു കുപ്പി കള്ളും  പിടിപ്പിച്ച് ഷാപ്പിന് മുന്നിലെ ചില്ലിതെങ്ങേൽ സെബാസ്ത്യാനോസ് പുണ്യാളന്റെ പോസിൽ ചാരിനിന്നിരുന്ന സരളബായി അണ്ടർടേക്കറിന്റെ ഇടികിട്ടിയ വടിവേലുവിനെപ്പോലെ ക്രാഷ്‌ലാൻഡ് ചെയ്യാൻ   ഒരു സെക്കൻഡ് പോലും തികച്ച് വേണ്ടിവന്നില്ല . ചെത്തുകാരൻ രാജപ്പേട്ടനും സരള ഭായിയും ഇരട്ടയും പരട്ടയും പറഞ്ഞ് അവസാനം പൊരിഞ്ഞ ജുദ്ധം  ആയി, അരയിൽ തിരുകി വച്ചിരുന്ന കടാര ജോക്കിയുടെ ഇലാസ്റ്റിക്കിൽ പെട്ട് ഉദ്ദേശിച്ച സമയത്ത് എൻട്രി നടത്താൻ പറ്റാതിരുന്നത് കൊണ്ട് മാത്രമാണ് സർവ്വശ്രീ രാജപ്പൻ ഇന്ന് ജീവനോടെ ഇരിക്കുന്നതെന്ന്  മാത്രം ഒരു പ്രസ്താവന നടത്തിയിട്ട് ബായി സ്റ്റേഷൻ വിട്ടു. 

സ്വന്തം കെട്ടിയോനെ രാജപ്പൻ പഞ്ഞിക്കിട്ടതറിഞ്ഞ സരളേടത്തി ഇനി അയലോക്കത്തുകാരുടെ മോന്തയ്ക്ക് എങ്ങനെ നോക്കും എന്നോർത്ത് അലമുറയിട്ടു കരഞ്ഞു . പിന്നെ പടിഞ്ഞാറ് വശത്തെ അലക്കുകല്ലിൽ ചരല് വാരിയിട്ട് കടാര മൂർച്ച വച്ച് കൊണ്ടിരുന്ന ബായിയുമായി ഒന്നും രണ്ടും പറഞ്ഞു, പിന്നെ അത് മൂന്നും നാലുമായി...., താമസിയാതെ അവിടെയും ജുദ്ധമായി, പൊരിഞ്ഞ ജുദ്ധം.

നാട്ടിലും വീട്ടിലും കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ ബായി പ്രസ്റ്റീജ് ഇഷ്യൂ മൂലം രായ്ക്ക്  രാമാനം  നാടുവിട്ടു. സരള ബഹൻ വെള്ളം പോലും കുടിക്കാതെ ചന്നം പിന്നം  പശ്ചാത്തപിച്ചു കൊണ്ടിരുന്നു.നാട്ടിലെ BBC കം ആകാശവാണി ഇൻസ്റ്റന്റ് റിപ്പോർട്ടർമാരെല്ലാം കണ്ണീച്ചോരയില്ലാതെ ആ വാർത്ത പറഞ്ഞു പരത്തി 

. ''രാത്രി ബായി സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നത് ആരോ കണ്ടുവത്രെ. '' 

ബായി  നേപ്പാളിന്‌  തിരിച്ചു പോയി . കാലാപാനിയിൽ ഗോവർദ്ധനുവേണ്ടി താബു കാത്തിരിക്കുന്നത് പോലെ നേപ്പാളിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഭായിയുടെ ആദ്യ  ഭാര്യയും മൂന്നാല് പിള്ളേരും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഓരോ ട്രെയിനും വരുന്നതും നോക്കിയിരിപ്പാണത്രേ . അങ്ങനെ ബായി പോലും അറിയാത്ത കുറെ കഥകൾ റിപ്പോർട്ടേഴ്‌സ് അടിച്ചിറക്കി. നാട്ടിലും റോട്ടിലുമെല്ലാം അത് വായ്മൊഴിയായി പരന്നു. ഇതറിഞ്ഞ സരള ബഹൻ  ,സകലതിനും കാരണക്കാരനായ ചെത്തുകാരൻ രാഘവന്റെ 'ഓഫീസിൽ ' കടന്നു കയറുകയും അവിടെ  കുലച്ചു നിന്ന ഒരു തെങ്ങിന്റെ മുകളിൽ  കൂമ്പ് ചെത്തി കള്ള്  ഊറ്റിക്കൊണ്ടിരുന്ന ടിയാനെ ചില്ലക്ഷരങ്ങൾ മുതൽ വ്യഞ്ജനാക്ഷരങ്ങൾ  എന്ന് വേണ്ട യ ര ല വ ശ ഷ സ ഹ എന്നീ അക്ഷരങ്ങൾ കൊണ്ടുവരെ പുതു പുത്തൻ തെറികൾ നിർമ്മിച്ച് രാഘവനെ കൽപ്പവൃക്ഷത്തിന്റെ   കൊതുമ്പുകൾക്കിടയിൽ  താങ്ങി നിർത്തി.തിരിച്ചൊന്നും പറയാനില്ലാതെ ന്യൂസ് അവറിൽ 'ഞാമ്പറയാം ഞാമ്പറയാം ' എന്ന് മാത്രം പറഞ്ഞു കൊണ്ടിരിക്കാറുള്ള ഒരു സേട്ടന്റെ അവസ്ഥയായി രാഘവേട്ടന് . ചേച്ചീ ഞാനൊന്ന് പറയട്ടെ ...!!! നീയൊന്നും പറയേണ്ടെടാ .... ബീപ്പ് ബീപ്പ് ബീപ്പ്...മോനെ !!! എന്നുവരെ ബഹൻ പറഞ്ഞു. ശേഷം കുടുമ്മത്ത്  പോയി ഭായിയുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട്  പല്ലിട കുത്തിക്കൊണ്ടിരുന്ന ബഹന്റെ മുന്നിൽ  സാക്ഷാൽ ബായ് പ്രെസന്റ്  ടീച്ചർ പറഞ്ഞ് നിൽക്കുന്നു   .

 ഒരീസം  കൊണ്ട് ഇങ്ങള് നേപ്പാളീപ്പോയി വന്നാ മൻഷ്യാ ?

ന്യേപ്പാളിലാ ? ഞ്യാണാ ?  എപ്പ  ?  നോ നോ നോ നെവർ...!!!

പണ്ട് ഗൂർഖാ കോളേജിൽ ഒന്നിച്ചു പഠിച്ച ഷിബുസിങ്ങിനെ കാണാൻ കളമശേരി വരെ പോയ എന്നെ ആർട്രാ നേപ്പാളിൽ കൊണ്ടുപോയത്? 

അപ്പ തന്നെ റിപ്പോർട്ടേഴ്സിന്റെ ചാനലിൽ അറിയിപ്പും വന്നു ... സാങ്കേതിക തകരാറു മൂലം പരിപാടിയിൽ തടസം നേരിട്ടതിൽ ഖേദിക്കുന്നു. 


NB: 

ഈ കഥ തികച്ചും സാങ്കല്പികമാണ് .കഥയ്ക്കും  കഥാപാത്രങ്ങൾക്കും ഇന്ന്  ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം. 

No comments:

Post a Comment