Saturday, February 19, 2011

ദോണ്ടേ... ഭൂമിക്കൊരു ചരമഗീതം കൂടി




''പ്രകൃതീശ്വരീ നിന്‍റെ ആരാധകന്‍ ഞാനൊരാസ്വാദകന്‍ അന്ധവന ഗായകന്‍...
ഏഴു നിറങ്ങളില്‍ നിന്‍ ചിത്രങ്ങള്‍ ഏഴു സ്വരങ്ങളില്‍ എന്‍ ഗാനങ്ങള്‍''

വിനയന്‍റെ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയില്‍ യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി ഗാനഗന്ധര്‍വ്വന്‍ ജീവന്‍ നല്‍കിയ നല്ലൊരു പാട്ട്....
പൊതുജനം മറന്നു തുടങ്ങിയ ഈ പാട്ടുമായി ഇപ്പൊ ഞാനിറങ്ങിയത് വിനയന് ഓശാന പാടാനോ യൂസഫലി കേച്ചേരിക്ക് സിന്ദാബാദ് വിളിക്കാനോ അല്ല... ...
ഇതൊരു മുന്നറിയിപ്പാണ്... ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മനുഷ്യ ജന്മങ്ങള്‍ക്കുള്ള നടമണി......
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നമ്മള്‍ കേള്‍ക്കുന്ന പ്രധാന പരാതികളില്‍ ചിലതാണ് '' 'എന്നാ മുടിഞ്ഞ ചൂടാടാവേ ഇത്''
ചൂടെടുത്തിട്ടിരിക്കാന്‍ വയ്യേ? തുടങ്ങിയവ...
ഈ 'മുടിഞ്ഞ' ചൂട് എന്നാണു തുടങ്ങിയതെന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയോ എന്തോ?
ഒരു അഞ്ചാറു കൊല്ലം മുന്‍പ് വരെ ഈ പരാതികള്‍ എങ്ങും കേള്‍ക്കാനില്ലായിരുന്നുവല്ലോ?

അക്ഷരങ്ങള്‍ അച്ചടിച്ച്‌ കൂട്ടിയ പുസ്തകത്താളുകളിലെ സയന്‍റിഫിക് തിയറികള്‍ ജനിതക വിളകളായി രൂപാന്തരപ്പെടുമ്പോള്‍
സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി എന്റ്റോസള്‍ഫാന്‍ മുതലാളിമാര്‍ ഭരണം നടത്തുമ്പോള്‍ എല്ലാം സഹിച്ചു മൂകസാക്ഷിയായി നിന്ന ഭൂമിയെ ആരും കണ്ടില്ലെന്നു നടിച്ചു .
ഒരുകാലത്ത് കേരളത്തിന്‍റെ ജൈവ വൈവിധ്യങ്ങളുടെ ഭാഗമായിരുന്ന കണ്ടല്‍ കാടുകളും വനഭൂമിയും വ്യാപകമായി നശിപ്പിക്കപെട്ടു .
നൂറു മേനി വിളവു നല്‍കിയിരുന്ന പാടശേഖരങ്ങള്‍ കുത്തക മുതലാളിമാര്‍ പോന്നുംവിലയ്ക്കെടുത്ത് കോണ്ക്രീറ്റ് ഇട്ടു നികത്തി അവിടെ വ്യാപാര സമുച്ചയങ്ങള്‍ പണിതുയര്‍ത്തി... എല്ലാം നല്ലൊരു നാളെയെ സ്വപ്നം കണ്ട്....
ഇന്നില്ലാത്തവന് എന്ത് നാളെ...???
കൊള്ള ലാഭം വഴി നേടിയ നോട്ടുകെട്ടുകള്‍ക്ക് കടലാസിന്‍റെ പോലും വിലയില്ലാതെ വരുന്ന കാലം വരും...
വരുന്ന പത്ത് വര്‍ഷത്തിനകം കേരളം കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരും എന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്...
കിണറുകളും കുളങ്ങളും വറ്റും...
ഭാരതപ്പുഴ ഭാരതപ്പറമ്പായി മാറും ...
കടലിലെയും കരയിലെയും താപനില ക്രമാതീതമായി ഉയരും
ജന്തു ജാലങ്ങള്‍ ചത്തു മലക്കും ...
നമ്മുടെ സ്മാര്‍ട്ട് സിറ്റിയും ഇന്‍ഫോപാര്‍ക്കുമെല്ലാം കുത്തുപാളയെടുക്കും...
സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറെഷന്‍ വഴി ലിറ്റര്‍ ഒന്നിന് 1500 രൂപ നിരക്കില്‍ പച്ച വെള്ളം വിതരണം ചെയ്യും ,അതെങ്കിലും വാങ്ങിച്ചു കുടിക്കാന്‍ ഒക്കത്ത് മുല കുടി മാറാത്ത കുഞ്ഞുങ്ങളുമായി നമ്മള്‍ കിലോമീട്ടറുകളോളം നീളുന്ന ക്യൂവില്‍ ഇടിച്ചു നില്‍ക്കും. k
ബാങ്ക് ലോക്കറുകള്‍ മിനറല്‍ വാട്ടര്‍ കുപ്പികള്‍ കൊണ്ട് നിറയും
ദാഹജലത്തിനു വേണ്ടി ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം..

തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികളും ആന്ധ്രയില്‍ നിന്ന് അരിയും വരാതാകും...
അപ്പോള്‍ പണ്ട് നെല്‍പാടം വിറ്റ് സേവിങ്ങ്സ് അക്കൌണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന നോട്ടുകെട്ടുകള്‍ കൊണ്ട് നമുക്ക് 'തോരന്‍' വച്ച് കഴിക്കാം...
വിശപ്പ്‌ കൊണ്ട് കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അവരോടു നമുക്ക് പറഞ്ഞു കൊടുക്കാം ''തമിഴന്മാര് നമ്മളെ പറ്റിച്ചു മക്കളെ''ന്ന്
പിന്നെ പണ്ട് കാലത്ത് കേരളത്തില്‍ മഴ എന്നൊരു പ്രതിഭാസം ഉണ്ടായിരുന്നെന്നും മഴ പെയ്തു കഴിയുമ്പോള്‍ പറമ്പുകളില്‍ പുല്ല് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു തരം സസ്യം വളരുമായിരുന്നു എന്നും പറഞ്ഞു കൊടുക്കാം...
പിന്നെ ചുമ്മാ ഇരിക്കുമ്പോ മുറ്റത്ത്‌ തൂമ്പാ കൊണ്ട് പത്തടിയോളം കുഴിച്ചാല്‍ തവള എന്ന വംശനാശം സംഭവിച്ച ജീവിയുടെ ഫോസ്സിലുകള്‍ കണ്ടെത്താനായേക്കും..
അത് ചൂണ്ടിക്കാണിച്ചു കൊണ്ട് നമ്മുടെ ഭക്ഷ്യ ശൃംഖലയിലെ പ്രധാനപ്പെട്ട ഒരു കണ്ണിയായിരുന്നു ഈ ജീവിയെന്നും അതിനു വംശനാശം സംഭവിച്ചതില്‍ പിന്നെയാണ് നമുക്ക് കഞ്ഞി പോലും കിട്ടാതായത് എന്നും പറഞ്ഞു കൊടുക്കാം..

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ, നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മളെക്കാളും വാശിയും കുരുട്ടു ബുദ്ദിയും ഉള്ളവരായിരിക്കും എന്ന കാര്യത്തില്‍ ''നോ ആശങ്ക''
ആ വാശിയില്‍ മഴയുടെയും തവളയുടെയും ചീവീടിന്റെയുമൊക്കെ സൌണ്ട് കേള്‍ക്കണമെന്ന് പറഞ്ഞ് കുഞ്ഞുങ്ങള്‍ തന്തയുടെയും തള്ളയുടെയും കൂമ്പിനു ഇടി തുടങ്ങിയാല്‍ ഈ വീഡിയോ യൂട്യൂബില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ഹെഡ്ഫോണ്‍ വച്ച് ഈ ഒച്ച കേള്‍പ്പിച്ചു കൊടുക്കണം...

കുഞ്ഞുങ്ങള്‍ ഇത് കേട്ടു കഴിയുമ്പോള്‍ അവരുടെ പിഞ്ചു ചുണ്ടുകളില്‍ ആദ്യമായി നമ്മള്‍ പുഞ്ചിരി കാണും .കൂടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കൊണ്ട് ഏങ്ങലടിച്ചു കൊണ്ട് അവരെല്ലാം ഒരു ചോദ്യം നമ്മളോട് ചോദിക്കും ..

എന്തേ ഈ സൌഭാഗ്യങ്ങളൊന്നും ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ബാക്കി വയ്ക്കാഞ്ഞേ?


അന്ന് നമ്മുടെ കണ്ണീരു കാണാന്‍ ഇന്ന് നമ്മള്‍ കാണുന്ന ഭൂര്‍ഷ്വാ മുതലാളിമാരും കോര്‍പ്പറെറ്റുകളും ഉണ്ടാവില്ല...
സ്വന്തം കണ്ണീരു കൊണ്ട് വിശപ്പടക്കി നമ്മള്‍ മരിച്ച് വീഴും.
സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ചിത്രഗുപ്തനും പത്രോസ്സുമെല്ലാം നമ്മളെ തള്ളിപ്പറയും .. അങ്ങനെ ഗതി കിട്ടാത്ത ആത്മാക്കളായി പൂത്തു നില്‍ക്കുന്ന പാലമരങ്ങളില്‍ നമ്മള്‍ നിറഞ്ഞു നില്‍ക്കും ആര്‍ക്കും വേണ്ടാതെ....

അപ്പോള്‍ നസ്രാണികള്‍ 'വടി'യാകുമ്പോള്‍ പാടുന്ന ആ പാട്ടിന്‍റെ അര്‍ഥം നമ്മള്‍ മനസ്സിലാക്കും

'' അസ്ഥിരമല്ലോ ഭുവനവുമതിലെ ജഡികാശകളും ,
നീര്‍പ്പോളകള്‍ പോല്‍ എല്ലാമെല്ലാം വീണടിയുന്നു...
ഇന്നലെയുള്ളോര്‍ ഇന്നിവിടില്ല ഇനി വരുകില്ല...,
യാത്രക്കാരാ മുന്നിലതാ നിന്‍ കബറിടമല്ലേ... ''

ഭാവിയില്‍ ഈ ദുരവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഇന്ന് നമുക്കൊരു തൈ നടാം . നാളെ അത് ഒരു മരം ആകും... നമ്മുടെ കുഞ്ഞുങ്ങള്‍ അത് കണ്ട് വളരട്ടെ... അവരും ഭൂമിയുടെ അവകാശികളല്ലേ..
.
.
.
.
.

2 comments:

  1. അവസാനം സീരിയസ് ആയ ഒരു subject ഉം വന്നു ഇവിടെ...നീ പറഞ്ഞത് 100% ശരിയാ. പഷേ ഇതിന് ഏറ്റവും നല്ല പരിഹാരം കുഞ്ഞുങ്ങള്‍ക്ക്‌ ചെറിയ ക്ലാസ്സ്‌ മുതല്‍ ഇതെക്കുറിച്ച് അറിവ് നല്‍കുന്നതാ. പണ്ട് ഉള്ള കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ പറയുന്നത് ആയിരുന്നു ശരി.. ഇപ്പോള്‍ കൂടുകാരും സിനിമക്കാരും പറയുന്നത് ആണ്‌ ശരി...പിന്നെ ഇവിടെ പണ്ട് mother Theresa പറഞ്ഞ കാര്യം പ്രസക്തമാണ് ."one at a time" വലിയ സോഷ്യലിസും ഒന്നും പറയാതെ എല്ലാവരും അവനവന്റെ part മാത്രം ശരിക്ക് ചെയ്താല്‍ നാട് തന്നെ നന്നാകും.. അതിന് ആര്‍ക്കാ സമയം.. എല്ലാരും മറ്റുള്ളവരെ നന്നാക്കാന്‍ നടക്കുവല്ലേ...

    ReplyDelete
  2. കൊള്ളാം നവീന്‍...തുടരുക...ആശംസകള്‍

    ReplyDelete