Tuesday, June 07, 2011

സുവോളജി ലാബിലെ കൊലപാതകം.. റീലോഡഡ്..!!



ഈ കഥ നടക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ അരൂക്കുറ്റിയിലാണ്.അതായത് ഏകദേശം ആലപ്പുഴ ഉപഭൂഖണ്ടത്തിന്‍റെ അക്ഷാംശ രേഖയുടെ വടക്ക് ഭാഗത്തായിട്ടു വരും..പണ്ട് പണ്ട് പണ്ട് വളരെ പണ്ട് പതിനാറാം നൂറ്റാണ്ടിനുമൊക്കെ മുന്‍പ് 1999 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്താംക്ലാസ്സില്‍ വെറും ഇരുന്നൂറ്റി ഇരുപത്തി എട്ടു മാര്‍ക്കിന്‍റെ കുറവ് മൂലം ഡിസ്റ്റിങ്ങ്ഷന്‍ ലിപ്പിനും കപ്പിനുമിടയ്ക്ക് നഷ്ട്ടമയതിന്‍റെ മനോവ്യഥയില്‍ കുണ്ടിതപ്പെട്ട് അടുത്തത് ഹാന്‍സ് വേണോ? ശംഭു വേണോ? (അന്ന് ചൈനി ഖൈനി റിലീസ് ആയിട്ടില്ല ) എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സ്കൂളിന്‍റെ മാനെജെര്‍ ജലീലിക്ക  എനിക്ക് മാനെജ്മെന്റ് ക്വാട്ടയില്‍ പ്ലസ് ടുവിന് അഡ്മിഷന്‍ ശരിയാക്കിത്തരുന്നത്... എറണാകുളം മഹാരാജാസില്‍ ഞാന്‍ കഷ്ട്ടപ്പെട്ട് ഒപ്പിച്ചെടുത്ത ഫോര്‍ത്ത് ഗ്രൂപ്പും പാര്‍ട്ടി ഓഫീസിലെ പോസ്റ്ററെഴുത്തുകളും മറൈന്‍ ഡ്രൈവിലെ ഉച്ച വാക്കും സുഭാഷ്പാര്‍ക്കിലെ സീന്‍ കാണലുമെല്ലാം പുട്ടുപോലെ എറിഞ്ഞു കളഞ്ഞിട്ട് വീണ്ടും യൂണിഫോമിന്‍റെ തടവറയിലേക്ക് പോകുന്നത് എനിക്ക് ചിന്തിക്കാവുന്നതിലും അധികമായിരുന്നു ... എന്ത് ചെയ്യാം വിധിയെ തടുക്കാന്‍ കനിമൊഴിക്ക്പോലും കഴിയാത്ത കലികാലമല്ലേ ഇത്... എന്‍റെ വിധിയും ഏതാണ്ട് അത് പോലൊക്കെ തന്നെയായി... വീട്ടുകാരും സ്കൂള്‍ മാനേജ്മെന്റും കൂടി സ്കൂളിലെ എന്‍റെ ജീവപര്യന്തം പൂര്‍ത്തിയാക്കുന്നതിനായി പ്ലസ് ടു പഠനം എന്ന വ്യാജേന രണ്ടു വര്‍ഷത്തെ കഠിന തടവിനു വിധിച്ചു...
ആലപ്പുഴ ജില്ലയിലെ പ്രകൃതി രമണീയമായ ഒരു സുന്ദര ഗ്രാമം !!
എന്‍റെ സ്വന്തം രാജ്യമായ പൂത്തോട്ടയില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍ ബോട്ടുയാത്ര ചെയ്‌താല്‍ ഇപ്പറഞ്ഞ സ്ഥലത്തെതാം... (രണ്ടു കൊല്ലം കൊണ്ട് ബോട്ട് യാത്ര വെറുത്തു പോയി...)
ബോട്ടിറങ്ങി ചെല്ലപ്പണ്ണന്‍റെ ഷാപ്പും സുനില്‍ തിയേറ്ററും തൃച്ചാറ്റുകുളം അമ്പലവും പുതിയ പാലം എന്നറിയപ്പെടുന്ന ഒരു പഴയപാലവും കൂടി കഴിഞ്ഞാല്‍ അടുത്ത സ്ടോപ്പാണ് മ്മടെ സ്കൂള്‍... പണ്ട് പരശുരാമന്‍ ടൂള്‍സ് എറിഞ്ഞപ്പോള്‍ ഏറ്റവും അവസാനം പൊങ്ങിവന്ന ജില്ലയായത് കൊണ്ടും അന്തോണിച്ചന്‍, അച്ചുമാമ എന്നിങ്ങനെ പൊതുവെ സൌമ്യ ശീലരായ നേതാക്കള്‍ നിന്ന് പുഷ്പം പോലെ ജയിക്കുന്ന ചേര്‍ത്തല , മാരാരിക്കുളം എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നത് കൊണ്ടും ഒന്നാം തീയതി ബിവറേജ് അവധിയായതു കൊണ്ടും മഴ പെയ്താല്‍ ഞങ്ങള്‍ക്ക് ഒരാഴ്ച ലീവ് ഉറപ്പാണ്.. ഈ സമയത്തൊക്കെ ക്ലാസ്സിനകത്തുനിന്നും പുറത്തേയ്ക്ക് ചൂണ്ടയിട്ടാല്‍ വരാല്‍ , കൂരി, കൊമ്പന്‍ സ്രാവ് , തിമിങ്ങലം എന്നിങ്ങനെയുള്ള ശുദ്ധജല മത്സ്യങ്ങള്‍ കിട്ടും എന്നാണ് ഞങ്ങടെ സ്കൂളിലെ പ്യൂണ്‍ എമാന്‍റെ സാക്ഷ്യം! പ്യൂണ്‍ ഏമാനെ അങ്ങനെ വിളിക്കുന്നതിനു കാരണം ഉണ്ട്. സ്കൂളിലെ ഹെഡ് മാസ്റ്റര്‍ വരുന്നത് ബി എസ് എ സൈക്കിളിലാണ്..,പ്യൂണ്‍ ഏമാന്‍ കൈനറ്റിക് ഹോണ്ടയിലും. (പണക്കാരോട് എനിക്ക് ഫയങ്കര ബഹുമാനമാണ് )

ടി സ്കൂളിലെ ആദ്യത്തെ പ്ലസ് ടു ബാച്ച് ആയിരുന്നു അത്... അതു കൊണ്ട് തന്നെ ഞങ്ങളെ എങ്ങനെ മേയ്ക്കണം എന്ന വിഷയത്തില്‍ സ്കൂള്‍ മാനേജ്മെന്റിനും സാറുംമ്മാര്‍ക്കും ഒരു 'വര്‍ണ്യത്തിലാശങ്ക' അനുഭവപ്പെട്ടിരുന്നു. സൊ ആദ്യത്തെ ഒന്നു രണ്ടു മാസങ്ങളില്‍ നമ്മുടെതായ ചില നിയമങ്ങള്‍ ക്ലാസ്രൂമില്‍ നില നിന്നു പോന്നു..നേവി ബ്ലൂ കളര്‍ പാന്റും തൂവെള്ള ഷര്‍ട്ടും നിര്‍ബന്ധിത യൂണിഫോം ആയിട്ടുണ്ടെങ്കിലും നീല ജീന്‍സ് വിട്ട് ഒരു കളിയും കളിക്കാന്‍ നമ്മള്‍ തയ്യാറല്ലായിരുന്നു. ക്ലാസ്സില്‍ ചെന്നാല്‍ ആണ്‍പിള്ളേരുടെ സൈഡില്‍ മാത്രം ഹാജര്‍ കുറവായിരിക്കും . പണ്ട് ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ട്ടിത വിദ്യാഭ്യാസം പ്രാബല്യത്തില്‍ വരുത്തുന്നതിന് അഹോരാത്രം കഷ്ട്ടപ്പെടുന്ന പുരുഷരത്നങ്ങളായിരുന്നു എന്‍റെ കൂട്ടുകാരിലധികവും.. ഓരോന്നൊക്കെ മൈക്കാടു പണിയും തെങ്ങുകയറ്റവും റബ്ബറ് വെട്ടെല്ലാം കഴിഞ്ഞു ക്ഷീണിച്ച് സ്കൂളിലെത്തുമ്പോള്‍ ഒന്നാമത്തെ പിരീഡ് ഏകദേശം കഴിഞ്ഞിരിക്കും.

(ഈ ഇരുപത്തിയൊന്പത് കൊല്ലത്തിനിടയ്ക്ക് എന്‍റെ കൂട്ടുകാരെ ഓര്‍ത്ത് ഞാന്‍ അഭിമാനിചിട്ടുണ്ടെങ്കില്‍ അത് അവന്മാരെ ഓര്‍ത്ത് മാത്രമായിരുന്നു.. സ്വന്തം കാലില്‍ നില്‍ക്കുന്നതിന്‍റെ സുഖം എനിക്ക് മനസ്സിലാക്കിത്തന്ന ചുണക്കുട്ടികള്‍ എന്ന് ഞാന്‍ അവരെ വിശേഷിപ്പിക്കും , നെഞ്ചത്ത്‌ കൈവച്ച് അഭിമാനത്തോടെ..)


അങ്ങനെ അല്ലറ ചില്ലറ ഉടായിപ്പുകളൊക്കെ നടത്തി തട്ടി മുട്ടി നീങ്ങുമ്പോഴാണ് ബോര്‍ഡ് എക്സാം എന്ന ഫീകരന്‍ കളത്തിലിറങ്ങുന്നത്... പ്ലസ്‌ ടു പഠനം തുടങ്ങി രണ്ടു കൊല്ലം കഴിഞ്ഞിട്ടും E=mc2 എന്ന ഫോര്‍മുല ഏതു ബുക്കിലാന്ന് ആരെങ്കിലും ചോദിച്ചാല്‍ നിര്‍ധാക്ഷിണ്യം ബയോളജി ബുക്കെടുത്ത്‌
മലര്‍ത്തി വയ്ക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ എനിക്കുണ്ടായിരുന്നു.. സെമെസ്റെര്‍ എക്സാമിന് പെന്‍സില്ലിന്‍ കണ്ട് പിടിച്ച ശാസ്ത്രന്ജന്റെ പേരെഴുതാന്‍ പറഞ്ഞിട്ട് ക്ക , മ്മ ക്ഷ ,ണ്ണ ഇതൊക്കെ ഒറ്റയിരുപ്പിനു വരച്ചു പോയി,,,..
അവസാനം രക്ഷയായത് വെസ്റ്റ് ഇന്ടീസിന്‍റെ ഒരു ക്രിക്കറ്റ് കളിക്കാരന്‍റെ പേരായിരുന്നു... 'പെനിസില്ലിന്‍ ഈസ് ഇന്‍വെന്‍റെട്‌ ബൈ ലിങ്കണ്‍ റോബര്‍ട്ട്സ് '
അടുത്തിരുന്നവരൊക്കെ അലക്സാണ്ടെര്‍ ഫ്ലെമിങ്ങെന്നോ , മാങ്ങയെന്നോ തേങ്ങയെന്നോ ഒക്കെ എഴുതുന്നത്‌ കണ്ടെങ്കിലും എന്‍റെ വിശ്വാസത്തെ തകര്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു...
ലിങ്കണ്‍ റോബര്‍ട്ട്സ്ന് പെനിസില്ലിന്‍ കണ്ട് പിടിച്ചാല്‍ എന്താ കുഴപ്പം? അല്ലാ എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.... എന്താ കുഴപ്പം? അല്ലേലും ചില സമയങ്ങളില്‍ എന്‍റെ ഒരു ലൈന്‍ അങ്ങനാണ് , 'പുട്ട് ഈസ് പുട്ട് നോ മോര്‍ പുട്ട്'...(ഇട്ടത് ഇട്ടു പിന്നീടൊരു തിരുത്തലില്ല...) എനിക്ക് ശാസ്ത്രന്ജന്മാരെ കണ്ണെടുത്താല്‍ കണ്ടൂടാ അപ്പഴാ അവന്‍റെ അമ്മേടെ അപ്പറത്തെ വീട്ടിലെ E=mc2... !!!

മാത്തമാടിക്സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെട്ടിരുന്ന കണക്കു എന്ന വിഷയത്തില്‍ എന്‍റെ പ്രാവീണ്യം പ്രശസ്തമാണ് . ഔട്ട്‌ ഓഫ് 'നൂറ്റന്‍പതു' രണ്ടര മാര്‍ക്ക് വരെ കിട്ടിയിട്ടുണ്ട് ഞാന്‍ എന്ന സത്യത്തിന്... ചുമ്മാതൊന്നുമല്ല മാര്‍ക്ക് കുറഞ്ഞു പോയത് ഞാന്‍ ഹിന്ദി പഠിച്ചു കൊണ്ട് വന്ന ദിവസം അവര് കണക്കു പരീക്ഷ വച്ചു... തെറ്റ് ആരുടെ സൈഡിലാ... നിങ്ങള് പറ... !!
കണക്കു പരീക്ഷയുടെ പേപ്പറില്‍ 'ഓണം കേരള്‍ കാ ഏക്ക് ദേശീയ ത്യോഹാര്‍ ഹേ, ഓണം കാ ദിന്‍ ബച്ചേ നയെ നയെ കപ്പടെ പഹന്കര്‍ മന്ദിര്‍ മേം ജാതാ ഹേ.. ' എന്നെഴുതാന്‍ പറ്റത്തില്ലല്ലോ...
അത് കൊണ്ട് സ്വാഭാവികമായും രണ്ടര മാര്‍ക്ക് കിട്ടി... പക്ഷെ ആ പേപ്പറും കെട്ടിച്ചുമന്നു കൊണ്ട് എന്നെ ഹെട്മാസ്റെരിന്റെ അടുത്തൊന്നും കൊണ്ട് പോകേണ്ട കാര്യം കണക്കു ടീച്ചറിനില്ലായിരുന്നു എന്ന് ഈ വൈകിയ വേളയില്‍ ഞാന്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ്...

ഹെട്മാസ്റെരിനും കണക്കു ടീച്ചെറിനും പിന്നെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമൊക്കെ മാറി മാറി തല്ലാന്‍ ഞാന്‍ എന്താ പഞ്ചായത്ത് വകയാണോ? അല്ലാ അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാ..

വ്യത്യസ്തമായ പല പരീക്ഷണങ്ങള്‍ക്കും വേദിയാകുന്നത്‌ കെമിസ്ട്രി ലാബാണെങ്കിലും ഇത്തിരി ക്രിയേറ്റീവ് ആയിട്ട് എന്തേലും ചെയ്യണമെങ്കില്‍ സുവോളജി ലാബില്‍ വരണം.
തവളയേയും പാറ്റയേയും നിക്കറൂരി പരിപ്പിളക്കാനുള്ള രണ്ടു ഓപ്ഷനുകളില്‍ എനിക്ക് താല്പര്യം തവളയോടായിരുന്നു... എനിക്കും കിട്ടി ആരോ പിടിച്ചു കൊണ്ട് വന്ന ഒരു തവളയെ ...

റിസക്ഷന്‍ ബോര്‍ഡില്‍ തവളയെ മലര്‍ത്തിക്കിടത്തി രണ്ടു കൈകളും വലിച്ചു നീട്ടി ആണിയടിച്ചു . കാലുകളും കൂടി ആണിയടിച്ചതോടെ ഉമ്മറിന്‍റെ കയ്യില്‍ അകപ്പെട്ട ജയഭാരതിയെപ്പോലെ ആ തവള ചരിത്രവും ചാരിഥാര്‍ധ്യവുമെല്ലാം നഷ്ട്ടപ്പെട്ട് അവിടെ കിടന്നു... ഇനി വയറു കീറി കുടലും പിണ്ഡവും പുറത്തെടുത്തു ഭാഗങ്ങള്‍ അടയാളപ്പെടുത്തണം.. ഇതൊക്കെ കറക്റ്റായിട്ട് അറിയാമായിരുന്നെങ്കില്‍ ഞാന്‍ MBBS ന്‌ പോകൂല്ലായിരുന്നോ?
ആണികൊണ്ട് ബന്ധനസ്ഥനായ തവളയുടെ തലഭാഗത്ത്‌ കര്‍ത്താവിന്‍റെ ക്രൂശിത രൂപത്തിന്‍റെ മുകളില്‍ കാണുന്ന ആ ഷോര്‍ട്ട് ഫോം ഞാനെഴുതി വച്ചു... I N R I (ഇനി നിനക്ക് രക്ഷ ഇല്ലെടാ )
ഞാന്‍ സത്യമാണ് എഴുതിയത് .. സുവോളജി ലാബില്‍ അകപ്പെട്ട ഒരു തവളയും ജീവനോടെ പുറത്തു കടന്നതായി എനിക്കറിവില്ല... ബട്ട് സുവോളജി ടീച്ചര്‍ക്ക് അത് സുഗിച്ചില്ല. കിട്ടി ഗെറ്റ് ഔട്ട്‌ അടുത്ത സെക്കന്‍ഡില്‍... സത്യം എവിടെയും തോല്‍പ്പിക്കപ്പെടുന്നത് മെറ്റീരിയല്‍ ഫാക്ടെര്‍സ് ആയ സര്‍ക്കംസ്റ്റാന്‍സസും തെളിവുകളും കൊണ്ടാണല്ലോ?

ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഞാന്‍ മാത്രമേ ഇങ്ങനെ കൂതറയായിട്ടുള്ളൂ... ബാക്കിയെല്ലാവന്മാരും എല്ലാം തികഞ്ഞ മ മ മ മ .... മഹാന്മാക്കളാണെന്ന്... !!
നിങ്ങള്ക്ക് തെറ്റി .., 'HnO3 + HcO3 = പൈപ്പ് വെള്ളം'' എന്ന് പരീക്ഷിച്ച് തെളിയിച്ച മഹാരഥന്മാരും , നൈട്രസ് ഒക്സൈടിന് മുട്ടക്കറിയുടെ മണമാണ് എന്ന് വാദിച്ച മൊതലുകളും , പാറ്റയുടെ ശരീരം കീറി മുറിച്ചിട്ട് 'കുണ്ടി' മാത്രം അടയാളപ്പെടുത്തി വച്ച വീരശൂരപരാകൃമികളും വരെ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍...
ഇങ്ങനെയുള്ള ടീമിനെയെല്ലാം കൂടി ബോര്‍ഡ് എക്സാം എഴുതിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ തോറ്റത്തിനുള്ള അവാര്‍ഡ് ഞങ്ങടെ സ്കൂളിനു കിട്ടും എന്നുള്ളത് കൊണ്ട് മാനേജ്മെന്റും സാറുമ്മാരും കൂടെ ഒരു കടുത്ത തീരുമാനമെടുത്തു...
സയന്‍സ് ബാച്ചിലെ ബോയ്സിനെല്ലാം നിര്‍ബന്ധിത നൈറ്റ് ക്ലാസ്...
വൈകിട്ട് ആറുമുതല്‍ രാവിലെ ആറ് വരെ... പണി വരുന്ന വഴികളെ...
അതിനിടയ്ക്ക് പവര്‍കട്ടിന്‍റെ സമയമായ അരമണിക്കൂറാണ് ആകെ കിട്ടുന്ന ബ്രേക്ക് ടൈം. അതിനിടയ്ക്ക് അവിഹിതമായി ടോയിലെറ്റില്‍ പോക്കും വെള്ളം കുടിക്കാന്‍ പോക്കും വേറെ...
വീട്ടില്‍ നിന്നും കൊണ്ട് വരുന്ന പൊതിച്ചോര്‍ ഞങ്ങള്‍ക്ക് ഒന്നുമല്ലായിരുന്നു.. അങ്ങനെ ഒരിക്കല്‍ പവര്‍ക്കട്ട് സമയത്ത് ജോണും വിബിനും സജിത്തും റിയാസും അഭിലാഷും ഞാനും കൂടെ മുള്ളിക്കാന്‍ പോകുന്ന വഴിയെ പെട്ടെന്ന് ജോണിനെ കാണ്മാനില്ല. മൂത്രപ്പുരയുടെ സൈഡിലൊക്കെ നല്ല ഇരുട്ടാണ്‌...
ജോണേ... ഡാ ജോണേ... തീപ്പെട്ടി എവിടെടാ?
ജോണുമില്ല തിപ്പെട്ടിയുമില്ല . ഇനി ഇവനെങ്ങാനും ടോയിലെറ്റിലെ പുകവലി രഹസ്യം സാറിനോട് പറയാന്‍ പോയതായിരിക്കുമോ? ഈ വക കാര്യങ്ങളില്‍ ക്രിസ്ത്യാനികളെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളത്തില്ല...
പേടിച്ചിട്ട്‌ അഭിയുടെ പോക്കറ്റില്‍ കിടന്ന അരപ്പാക്കറ്റ്‌ ഗോള്‍ഡ്‌ ഫില്‍ടര്‍ വിയര്‍പ്പില്‍ കുതിര്‍ന്നു...
പെട്ടെന്ന് മൂത്രപ്പുരയുടെ സൈഡിലെ തെങ്ങിന്‍ ചുവട്ടില്‍ നിന്നും പോദ്ധോം എന്നൊരു സൌണ്ട്..അരണ്ട വെളിച്ചത്തില്‍ തെങ്ങില്‍ നിന്നും ഒരു മനുഷ്യരൂപം ഇറങ്ങി വരുന്നു... ഒപ്പം മേളില്‍ നിന്ന് ഒരു മുന്നറിയിപ്പും... ഒച്ചയുണ്ടാക്കല്ലെടാ മൈ മൈ മൈഡിയറുകളെ... ....
നല്ല പരിചയമുള്ള ശബ്ദം , ജോണളിയന്‍ കരിക്കിടാന്‍ കയറിയതാ...
അളിയാ... ബെസ്റ്റ് കണ്ണാ.. ബെസ്റ്റ്... !!!
അങ്ങനെ കല്ലിലിടിച്ച്‌ കരിക്കും പൊട്ടിച്ചു തിന്നു ഒരു പൊകയോക്കെ വിട്ടിരിക്കുമ്പോള്‍ മുന്നില്‍ വേറൊരു ആള്‍രൂപം .. അത് സാറായിരുന്നു എന്നറിയാന്‍ പെടലിക്ക്‌ പിടി വീഴുന്നത് വരെ കാത്തിരിക്കേണ്ടി വന്നു... പിന്നെ ഏഴു പേരെയും ക്ലാസ്രൂമില്‍ കൊണ്ട് വന്ന് ഏഴു നാല് ഇരുപത്തിയെട്ടു അടി എല്ലാവര്‍ക്കുമായി വീതിച്ചു തന്നു...കൂടെ ഒരു താക്കീതും.. ''നീയൊക്കെ വേണേല്‍ സ്വയം നശിച്ചോ.. എന്തിനാ വെറുതെ സമൂഹത്തിനെയും കൂടി കൊലയ്ക്കു കൊടുക്കുന്നത്...''
കൂടെ പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരു ചെറിയ ക്ലാസും.. ഒരു പക്ഷെ സാര്‍ അന്ന് എന്നെ ഗെറ്റ് ഔട്ട്‌ അടിച്ചു വീട്ടിലൊക്കെ അറിയിച്ചു നാറ്റക്കേസാക്കിയിരുന്നെങ്കില്‍ വാശി കൊണ്ട് ഇന്നും ഞാന്‍ പുകവലിക്ക് അടിമയാരിരുന്നേനെ...പക്ഷെ അന്ന് അദ്ദേഹം പറഞ്ഞ ആ വാക്ക് എന്നെ ഒരു പാട് ചിന്തിപ്പിച്ചു... അന്ന് നിര്‍ത്തിയതാ ഞാന്‍ പുകവലി എന്ന ദുശീലം ...!!
ഇതെന്‍റെ കുമ്പസാരമല്ല .
ഒരു അലവലാതി എങ്കിലും നന്നാവാന്‍ ഞാന്‍ കാരണമാകുന്നെങ്കില്‍ സന്തോഷം...!!!



നിക്കോട്ടിന്‍ എന്ന ഭീകരനെ അടുത്തറിയാന്‍ ഇവിടെ ക്ലിക്കൂ.. ...









ഞാന്‍ ഇന്ന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കുറച്ചൊക്കെ കടപ്പെട്ടിരിക്കുന്നത് VJHSS എന്ന എന്‍റെ ഈ വിദ്യാലയത്തോടാണ് ...
എന്‍റെ നല്ല വിദ്യാലയമേ നന്ദി... ഒരുപാടൊരുപാട് ...

6 comments:

  1. puka valikkatha oru maanyan .... enthayaalum kollaam nalla rasamundaayirunnu

    ReplyDelete
  2. Naveen, I read your work, some how it is not good as your old works.. No punch like your previous works plus no proper ending.At least you could passed a good message to everybody which is "നീയൊക്കെ വേണേല്‍ സ്വയം നശിച്ചോ.. എന്തിനാ വെറുതെ സമൂഹത്തിനെയും കൂടി കൊലയ്ക്കു കൊടുക്കുന്നത്...'' That is what I want to tell everybody who are addicted to drug, smoking and alcohol.

    ReplyDelete
  3. ചിരിച്ചണ്ണോ ചിരിച്ച്... :)
    നവീനിസം കലക്കൻ....
    മ്മളിനീം വരും ഈ വഴി...

    ReplyDelete
  4. hehehe adipoli. kurach kaalathinu shesham nalla pole chirichu

    ReplyDelete
  5. നീയൊക്കെ വേണേല്‍ സ്വയം നശിച്ചോ.. എന്തിനാ വെറുതെ സമൂഹത്തിനെയും കൂടി കൊലയ്ക്കു കൊടുക്കുന്നത്...''

    ReplyDelete