
സമീപഭാവിയില്‍ കടിഞ്ഞൂല്‍ പുത്രന് പഠിച്ചു മിടുക്കനായി അമേരിക്കയ്ക്ക് പോയി സിങ്കപ്പൂര്‍ ഡോളെര്സ് വെറും സിമ്പതിയുടെ പേരില്‍ കേരളത്തിലേക്ക് അയച്ചു തരും എന്നാ വ്യാമോഹം സ്വപ്നം കണ്ടാണ് എന്റെ തലയിലും എന്റെ വീട്ടുകാര്‍ ''നഴ്സിംഗ്'' എന്ന വല്യ ബാലികേറാമല ഫിറ്റ് ചെയ്തു തന്നത്...
എന്തൊക്കെയായാലും കാരണവന്മാരുടെ പുണ്യം ഒന്ന് കൊണ്ട് മാത്രം നാല് കൊല്ലം കൊണ്ട് കമ്പ്ലീറ്റ് ചെയ്യേണ്ട കോഴ്സ് സസ്പെന്ഷനുകളും മെമ്മോകളും ഇയര്‍ ബാക്കും അടക്കം അഞ്ചു കൊല്ലം കൊണ്ട് 'പൂത്രിയാക്കി' തോല്വിശ്രീ ലാളിതനായി പെട്ടിയും പടവും മടക്കി തിരികെ വീട്ടിലേക്കു ചെല്ലുമ്പോള്‍ വീട്ടുകാരുടെയെല്ലാം മുഖത്ത് 'ചക്കതനാല ചുക്ക '' എന്ന മുഖഭാവം ഞാന്‍ കണ്ടു.
മേടിച്ചിട്ട് ഇത് വരെ വെള്ളം കണ്ടിട്ടില്ലാത്ത എന്റെ 'ന്യൂ പോര്‍ട്ട് ജീന്‍സും' ട്രാന്‍സ്പോര്‍ട്ട് സ്ടാന്റിലെ മതില് പോലെ അവിടവിടെ ചുവരെഴുത്തുകളുള്ള ഒരു കട്ടച്ചുവപ്പു ബനിയനും 'മുക്കാലിഞ്ച് കനത്തില്‍' ഫെയര്‍ ആന്‍ഡ് ലൌലിയും തേച്ചു പിടിപ്പിച്ചു ,'അന്ന്യനെ' പ്പോലെ മുടിയും നീട്ടിവളര്‍ത്തി റീബോക്ക്(''നീ പോക്ക്'' എന്ന് പൊതുജന ഭാഷ്യം ) എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിയ ഒരു കറുത്ത shoulder ബാഗും തൂക്കി ഞാന്‍ നാട്ടില്‍ വന്നിറങ്ങിയപ്പോള്‍ എന്റെ അസാമാന്യ കഴിഉകളില് അപാര വിശ്വാസം ഉണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു പരത്തി
''അവനു തമിഴ്നാട്ടില്‍ ''മൈക്കാട്'' പണി ആണത്രേ ...???
വടിവാളിന് വെട്ടുകൊണ്ടാവനെ പട്ടിയെ വിട്ടു കടിപ്പിച്ച അവസ്ഥ ആയിരുന്നു എനിക്കപ്പോള്‍ ...
ഡയലോഗുകള്‍ ഏറ്റുവാങ്ങാന്‍ നവീന്റെ ജീവിതം ഇനിയും ബാക്കി..
എല്ലാം ഞാന്‍ സഹിച്ചു.. എന്റെ അഞ്ചു കൊല്ലത്തെ തിരോധാനം നാട്ടില്‍ കുറച്ചൊന്നുമല്ല മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് ..
അയലോക്കത്തെ മുവാണ്ടന്‍ മാവേല് മാമ്പഴങ്ങള്‍ പഴുത്തു നില്ക്കുന്നു .
അഞ്ചു കൊല്ലം മുന്‍പ് വരെ ആ മാവ് കൊതിച്ചു കാണും സ്വന്തം 'മാങ്ങ' ഒന്ന് പഴുത്തു
കാണാന്‍ !! പക്ഷെ നമ്മള് അതിനു സമ്മതിക്കില്ലായിരുന്നല്ലോ...
വീടിനു മുന്നിലൂടെ കാണാന്‍ കൊള്ളാവുന്ന പെണ്പിള്ളേര് അച്ഛനും ആങ്ങളമാരും
കൂട്ടിനില്ലാതെ ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങിയിരിക്കുന്നു...
ഹും അഹങ്കാരികള്‍... (സമീപവാസികളായ ഒരുമാതിരിപ്പെട്ട പെണ്‍പിള്ളേരെയെല്ലാം
തന്നെ ബസ് സ്റ്റോപ്പില്‍ ഇരുന്നു കൊണ്ട് തന്നെ വണ്ടി കയറ്റിവിടുന്നതും
വൈകിട്ട് റിസീവ് ചെയ്യുന്നതും നമ്മുടെ പ്രധാന ഡ്യൂട്ടി ഷെഡ്യൂളുകളില്‍
ഒന്നായിരുന്നല്ലോ )
ചാവാലി പട്ടികളൊക്കെ വീടിനു മുന്നില്‍ നിന്ന് കുരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു (ബ്ലഡി ഫൂള്‍സ് )
എന്റെ കല്ലേറ് വാങ്ങിക്കാത്ത പട്ടികളും ,
എന്നെ തെറി വിളിക്കാത്ത കുട്ടികളും നാട്ടിലില്ല എന്നൊരു പഴംപൊരി തന്നെ സോറി പഴമൊഴി തന്നെ നിലവിലുണ്ടായിരുന്നു ഒരു കാലത്ത്...!!!
രംഭ ഉര്‍വശി മേനക തിലോത്തമമാരെ പോലെ ആട്ടക്കാരികളായിരുന്ന മൂന്നാല്
പെണ്‍പട്ടികളെ കൈസറിന്റെ ബലിഷ്ട്ടമായ കരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഒരു
പട്ടിയുടെ കഴുത്തില്‍ ''NO RAPING PLEASE''എന്ന ബോര്‍ഡ് കെട്ടിത്തൂക്കിയത് വലിയ തെറ്റായിട്ടൊന്നും എനിക്ക് തോന്നിയില്ല.
പക്ഷെ അതില്പിന്നെ എന്നെക്കാണൂമ്പോ ഒരു മാതിരി T.G. രവിയെ
കാണുന്നത് പോലുള്ള കാര്ന്നോന്മാരുടെ നോട്ടം കാണുമ്പോ കണ്ണിനു മുന്നില്‍ ഇപ്പഴും
നൊളയ്ക്കുവാ തിരുമേനീ ... ദാണ്ടേ ഈ നീളത്തിലുള്ള പുഴുക്കള്‍...
അങ്ങനെ , മറന്നു പോയ ചില കളികള്‍ കളിക്കാനും ചിലത് കാണാനും ഞാന്‍ വീണ്ടും നാട്ടില്‍...
അഞ്ചു കൊല്ലത്തെ കോയമ്പത്തൂര്‍ ജീവിതം മദ്യത്തെക്കുറിച്ചും
മദ്യപാനത്തെക്കുറിച്ചും ഒരു 'എന്‍സൈക്ലോപീഡിയ' തയ്യാറാക്കാന്‍ എന്നെ
പ്രാപ്തനാക്കിയിരുന്നു.നിപ്പന്‍ ഇരിപ്പന്, കിടപ്പന്‍ എന്ന് തുടങ്ങുന്ന
'മദ്യകേരള' ശൈലികള്‍ മുതല്‍ കോളേജിലെ മൂത്രപ്പുരയില്‍ നിന്ന്
വെള്ളമടിക്കുന്ന 'ഒഴി ഒന്ന് സിപ് രണ്ട്'' സ്റ്റയില് അടക്കം ബ്രസീലിയന്‍
സംഭാവനകളായ ടക്കീല്, സ്കിന്‍ ടോഷ് , ക്രേസി കോക്ടില്‍ എന്നിങ്ങനെ നീണ്ടു
കിടക്കുന്ന പല STYLES ഓഫ്
DRINKING നാട്ടിലെ കൂട്ടുകാര്‍ക്കിടയില്‍ കാണിച്ചു കൂമ്പിനിടി വാങ്ങിക്കുന്ന ദിവസമാണ് ഞായറാഴ്ച ഈവനിംഗ് ..
രണ്ടെണ്ണം അടിച്ചാല്‍ കുറച്ചു ഇന്ഗ്ലീഷ് പറയും എന്നതൊഴിച്ചാല്‍ പൊതുവേ ആര്‍ക്കും
ശല്യമുണ്ടാക്കാത്ത ഒരു നിരുപദ്രവകാരി ആയിരുന്നു ഈ ഞാന്‍,..
കഷ്ടകാലം വന്നാല്‍ പണി 'പാലും വെള്ളത്തിലും' കിട്ടും എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഇപ്പൊ ദേ ആ ''പണി'' എന്റെ മുന്നില്‍ 'ഗുഡ് മോര്‍ണിംഗ് '' പറഞ്ഞ് നില്ക്കുന്നു .എന്റെ ഇന്ഗ്ലീഷിലുള്ള അസാമാന്യ 'വൈഭവം' മനസ്സിലാക്കിയ കുടുംബക്കാര് എന്നെ I.E.L.T.S നു വിടാന്‍ തീരുമാനിച്ചു .
കര്‍ത്താവേ എന്തൊരു പരീക്ഷണമിത്?
ചെവി കേള്‍ക്കാത്തവനെ 'കര്‍ണാടക സംഗീതം'' പഠിപ്പിക്കാനോ?
ലാസ്റ്റ് ഡേ വീട്ടില്‍ വന്നു ക്രിക്കറ്റ് കളിക്കാന്‍ ക്ഷണിച്ച കൂട്ടുകാരനോട്
''യൂ ഗോ .. ഐ നോ ഗോ (നീ പൊക്കോ .. ഞാന്‍ വരുന്നില്ല ) എന്ന് പറഞ്ഞ എന്നോട് I.E.L.T.S പടിക്കാനേ... എന്താ ചെയ്കാ ?
(മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ ഇത്രയ്ക്കൊന്നും വിശ്വാസം പാടില്ല )
ആ രാത്രിയില്‍ ഞാന്‍ ഓസ്ട്രേലിയയില്‍ ആപ്പിള്‍ പറിച്ചു നടന്നു കങ്ങാരുക്കള്ക്ക് പിണ്ണാക്ക് കലക്കി കൊടുക്കുന്ന എന്നെ സ്വപ്നം കണ്ടു...
ആ ഓസ്ട്രേലിയന്‍ സ്വപ്നങ്ങളുമായി അടുത്ത ദിവസം രാവിലെ ..മ്മടെ 2002 മോഡല്‍ പാഷന് പ്ളെസ്സിന്റെ പുറത്തു കയറി 2004 മോഡല്‍ male nurse ഒരെണ്ണം I.E.L.T.S ക്ലാസ്സിലേക്ക് ...
ക്ലാസ്സിലേക്ക് കേറിയപാടെ കണ്ണ് തള്ളിപ്പോയി ...
ക്ലാസ് റൂമില്‍ 'ഒരു വണ്ടി' ചരക്കുകള്‍ (ഐ മീന്‍ ഗേള്‍സ് )
കര്‍ത്താവേ ..,നീ മലയാളി പെണ്പില്ലേര്ക്ക് ഇത്രയും ഗ്ലാമര്‍ കൊടുക്കല്ലേ...
പുതിയ ഇരയായ എന്നെ ക്ലാസ്സില്‍ പരിചയപ്പെടുത്താനായി സ്ഥാപനത്തിന്റെ ഓണര്‍ കം നടത്തിപ്പുകാരന് എത്തി ., കണ്ടാലറിയാം എട്ടാം ക്ലാസ് വിത്ത് ഗുസ്തി failed ആണെന്ന്...
അങ്ങേര്: നവീന്‍, ഇതാണ് മിസ്സ് കരോള്‍ ഫ്രം വെസ്റ്റ് ബങ്കാള്‍ , നിങ്ങളുടെ I.E.L.T.S മിസ് , മലയാളം ഒരു വാക്ക് പോലും അറിയത്തില്ല ...
ആ കേസ് ഞാനേറ്റു എന്നര്‍ത്ഥത്തില്‍ ഞാനൊന്ന് ഇരുത്തി മൂളി .
മാഡം ഒരു 70 mm ചിരി തന്നു കൊണ്ട് പറഞ്ഞു ..'' ടുഡെ ഐ വില്‍ ടീച് യൂ ബേസിക്സ് ഓഫ് ഇന്ഗ്ലിഷ്.. ഓക്കേ ? ''
ഞാന്‍: മാഡം കുറച്ചു പാട് പെടും
മാഡം: വാത്റ്റ്?
ഞാ: എയ്യ് നോട്ട് നോട്ട് ... ഒന്നൂല്ല.
മുന്നില്‍ നിരന്നിരിക്കുന്ന സുന്ദരികളുടെ മുന്നില്‍ നിന്ന് കൊണ്ട് നമ്മുടെ '' ഐ ഗോ .. യൂ നോ ഗോ '' സ്റ്റാന്‍ഡര്‍ഡ് പുറത്തു വിടാന്‍ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല .
''മൗനം വിദ്വാനു ഭൂഷണം, മണ്ടനും'' എന്നല്ലേ !!
കമാന്ന് ഒരക്ഷരം മിണ്ടാതെ ആദ്യദിവസം കടന്നു പോയി ...!
രണ്ടാം ദിനം സ്പീകിംഗ് സെക്ഷന്‍ ആണ് .എല്ലാവരും ഓരോ ടോപ്പിക്കിനെ കുറിച്ച് മൂന്നു മിനിറ്റ് സംസാരിക്കണം ..
അതും ഇന്ഗ്ലീഷില് (ഇത്തിരി പുളിക്കും )
പെട്ടന്നുള്ള ആക്രമണം തടയാന്‍ ഏറ്റവും പുറകിലുള്ള സീറ്റില്‍ ഞാനിരുന്നു..
മാഡം വന്നു ടോപിക് തന്നു '' ടുഡെ വീ വില്‍ ഡിസ്കസ് എബൌട്ട് ആനിമല്‍സ്''
'''ഹോ .., ഈ ജന്തൂന് ജന്തുക്കളോട് എന്താ സ്നേഹം? '''' എന്നൊരു കമന്റ് അടുത്തിരുന്നവനോട് പാസ്സാക്കി ഞങ്ങള്‍ അടക്കിച്ചിരിച്ചു..
മാഡം അത് കണ്ടു.., ഫസ്റ്റ് ബുള്ളെറ്റ് എന്റെ നെഞ്ചത്ത് തന്നെ...
''നവീന്‍.., ടോക്ക് സംതിംഗ് എബൌട്ട് LION..!!!!''
(പടച്ചവനെ ...,എന്തിതു? സാമ്പത്തിക മാന്ദ്യം അടിച്ചു ഷഡ്ജം കീറിയവനോട് പള്ളിപണിക്ക് പിരിവു ചോദിക്കുന്നോ ..???)
ഉത്തരം പറയാനും വയ്യ പറയാതിരിക്കാനും വയ്യ ..
മാഡം.., അത് പിന്നെ...
ടോക്ക് ഇന്‍ ഇന്ഗ്ലിഷ് _.. അവര്‍ അലറി...
പിന്നെ എനിക്കൊന്നും ചിന്തിക്കാനില്ലായിരുന്നു...
''മാഡം ., ലയണ്‍ ഈസ് ദി ടൈഗര്‍ ഓഫ് ദി ജെങ്കിള്‍ & ഇറ്റ് ഈസ് എ ബിഗ് ഈവെന്റ്റ് ഇന്‍ ദി ജെങ്കിള്‍...''
മാഡം: വാട്ട് യൂ മീന്‍?
''സിംഗം കാട്ടിലെ പുലിയാന്ന്.. അത് കാട്ടിലെ ഒരു സംഭവമാന്ന് ...''
പൊട്ടന് ബിസ്കറ്റ് കണ്ടത് പോലെ എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു .!
(അല്ലേലും ഞാന്‍ സീരിയസ് ആയിട്ട എന്തേലും പറഞ്ഞാ എല്ലാവര്ക്കും തമാശയാ...വാട്ട് ടു ഡു ? )
എല്ലാവരും ചിരി നിര്‍ത്തിയിട്ടും എന്റെ തൊട്ടടുത്തിരുന്ന ഒരു ''ബുദ്ദിസ്റ്റ്'' മാത്രം ''ഫ്രെണ്ട്സ് '' സിനിമയില്‍ ശ്രീനിവാസന് ചിരിക്കുന്നത് പോലെ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നു . അവനു 'എട്ടിന്റെ പണി' ഒരെണ്ണം കൊടുക്കണം എന്ന് അപ്പഴേ തീരുമാനിച്ചു ഞാന്‍...
ബ്രേക്ക് ടൈമില്‍ എല്ലാവരും കേള്‍ക്കെ അവനോട ചോദിച്ചു ..!
''അളിയാ.. വാട്ട് ഈസ് ദി ഇംഗ്ലീഷ് വേര്‍ഡ് ഫോര്‍ ''കാട്ടുപോത്ത്'' ....???
ഉത്തരം പെട്ടന്നായിരുന്നു...
'' ഫോറസ്റ്റ് ബീഫ് ''
(....അതുശരി പിടിച്ചതിലും വലുതാ മാളത്തില്‍ .....!!!)
കര്‍ത്താവേ ..,ഇത് പോലൊരു തങ്കക്കുടത്തിനെയാനല്ലോ ഞാന്‍ ''ബുദ്ദിസ്റ്റ്'' എന്ന് തെറ്റിദ്ധരിച്ചത്?
അങ്ങനെ ഒരുപാട് പൊട്ടലുകള്‍ക്കും ചീറ്റലുകള്ക്കുമപ്പുറം എല്ലാവരും രണ്ടു മാസം കൊണ്ട് പഠിക്കുന്ന IELTS ഞാന്‍ ആറ് മാസം കഴിഞ്ഞിട്ടും പഠിച്ചു തീര്‍ന്നില്ല.പിന്നെ മൂന്നും കല്‍പ്പിച്ച് അങ്ങെഴുതി..
ജയിക്കാന്‍ 6.5 സ്കോര്‍ വേണം ...
റിസള്‍ട്ട് വന്നു ടോട്ടല്‍ ബാന്‍ഡ് സ്കോര്‍ 6.5 (എന്ത് ...മെഴുകുതിരിയിലും മായമോ? )
എനിക്ക് എന്നെത്തന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ല...
അല്ലേലും ഈ ''കുരുത്തം കെട്ടവന്മാര്'' മൊട്ടയടിക്കുമ്പോഴുള്ള ഒരു ശീലമാണല്ലോ ഈ ''കല്ലുമഴ പെയ്ത്ത്''
ഞാന്‍ പരീക്ഷ എഴുതി മൂന്നിന്റന്നു മിനിമം സ്കോര്‍ '7' ആക്കി ഉയര്ത്തിയിരിക്കുന്നത്രേ ... സന്തോഷം!!!
എക്സാമിന്റെ അന്ന് കലൂര്‍ പള്ളിയില്‍ കത്തിച്ച ആറ് രൂപ അമ്പതു പൈസയുടെ ഒരു കൂട മെഴുകുതിരിയുടെ കൂടെ എന്റെ ഓസ്ട്രേലിയന്‍ സ്വപ്നങ്ങള്‍ ഉരുകിത്തീര്‍ന്നു...
ഇന്ന് ഞാന്‍ പാവങ്ങളുടെ അമേരിക്കയും ഓസ്ട്രേലിയയുമൊക്കെ ആയ കുവൈറ്റില്‍ .
..
ഓസ്ട്രേലിയന്‍ സ്വപ്നങ്ങള്‍ കണ്ടു കൊണ്ട് കഴിക്കുമ്പോള്‍ കുബ്ബൂസിനിപ്പോ ആപ്പിളിന്റെ ടേസ്റ്റ് ആണ് ....
ഒട്ടകങ്ങളെ കാണുമ്പോ കങ്കാരുക്കളായിട്ടും തോന്നും !!
എന്തും സഹിക്കാം..
എല്ലാ കൊല്ലവും മുടങ്ങാതെ നാട്ടില്‍ ചെന്ന് കൊണ്ടിരുന്ന എന്നെ നോക്കി നാട്ടുകാര്‍ ഈ പ്രാവശ്യം പറഞ്ഞതെന്താന്നറിയുവോ?
''അവനിപ്പോ തമിഴ്നാട്ടില്‍ മേസ്തിരിപ്പണി ആണത്രേ... ''
നന്ദിയുണ്ട് നാട്ടുകാരെ .. ''മൈക്കാട് പണിയില്‍'' നിന്നും ''മേസ്തിരി '' വരെ എത്തിച്ചല്ലോ? ഇനി എന്നാണാവോ ''മൂത്താശാരി'' ആകുന്നതു?
എന്തായാലും ഇനി രണ്ടു കൊല്ലം കഴിയാതെ നാട്ടിലേക്കില്ല ... എപ്പഴും അങ്ങോട്ട് വലിഞ്ഞു കയറി ചെല്ലുമ്പോ നാട്ടുകാര്‍ക്കൊന്നും ഒരു വിലയുമില്ലെന്നേയ് ...