Wednesday, July 27, 2011

ഇരുപത്തിയൊന്ന് വയസായവര്‍ ഭാഗ്യവാന്മാര്‍ ...

എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ? നമ്മുടെ നിയമ വ്യവസ്ഥ ഈ ഇരുപത്തിയൊന്നേല്‍ തൊട്ട് കളി തുടങ്ങിയിട്ട് കാലം കുറെയായി... അതും എന്ത് പ്രശ്നമുണ്ടേലും ആണ്‍പിള്ളേര്‍ക്ക് മാത്രമേയുള്ളൂ ഈ വിലക്കും തെങ്ങാക്കൊലയുമൊക്കെ,...!! മന്ത്രിയുടെ മോളായാലും വയസ്സ് പതിനെട്ട് കഴിഞ്ഞാല്‍ ഏതു കൂതറയുടെയും കൂടെ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്.... പിന്നെന്താ ആമ്പിള്ളേര്‍ക്ക് മാത്രം ഒരു മൂന്നു കൊല്ലം കൂടി എക്സ്ട്രാ ശിക്ഷ ‌? എനിക്കങ്ങട് മനസിലാവണില്യാ...
പെമ്പിള്ളേര്‍ക്ക് പതിനെട്ടാം വയസ്സില്‍ വരുന്ന മെച്യുരിട്ടി ആമ്പിള്ളേര്‍ക്ക് ഇരുപത്തിയോന്നാം വയസ്സിലേ വരൂ എന്ന് വിശ്വസിച്ച് നിയമങ്ങളെഴുതിയുണ്ടാക്കുന്നത് ഒരു മാതിരി കോത്താഴത്തെ നയമാണ്... (എനിക്കൊക്കെ പതിനൊന്നാമത്തെ വയസ്സില്‍ മെച്യുരിട്ടി വന്നതാ .. അതും രണ്ടു പ്രാവശ്യം...!!അല്ലപിന്നെ )
പണ്ടാരം പോട്ടെന്ന് വച്ച് മൂന്നു വര്‍ഷം മാനസമൈനയോക്കെ പാടി 'ചെറുത്'‌ രണ്ടെണ്ണം അടിച്ച് പിമ്പിരി ആകാമെന്നൊക്കെ ശരാശരി ബോയ്സ് ചിന്തിച്ചിരിക്കുമ്പോഴാണ് വെള്ളിടി പോലെ ഇന്നലെ എക്സൈസ് മന്ത്രിയുടെ പുതിയ 'ഇരുപത്തിയൊന്ന്' നയം ....
പെണ്ണ്പിടി മാത്രമല്ല കള്ളുകുടിയും നടക്കണമെങ്കില്‍ ഇരുപത്തിയൊന്നാവണമത്രേ....
........+%%********###### ........ മാംഗോത്തൊലി ....!!!
കക്ഷത്തിലെ പോകുവേം ഉത്തരത്തിലേത് തൊരപ്പന്‍ കൊണ്ടുപോകുകയും ചെയ്തു എന്ന അവസ്ഥയായി ഇപ്പൊ...
എന്തൊക്കെയായാലും ബാവൂച്ചേട്ടന്‍ എന്തൊക്കെയോ തീരുമാനിപ്പിച്ചുറപ്പിച്ച മട്ടാണ് ... ചങ്ങനാശേരിയിലെ സി എഫ് തോമസാണ് തൃപ്പൂണിത്തുറയിലെ കെ ബാബു... വിളിച്ചില്ലേലും എല്ലാ കല്യാണത്തിനും വരും.. ആര് മരിച്ചാലും വരും... അതാണ്‌ അതിന്‍റെ ഒരു ഇത്... ഒരിക്കല്‍ നടക്കാവില്‍ ഒരു മരണവീട്ടില്‍ ബാവൂച്ചേട്ടന്‍ ചെന്നപ്പോള്‍ ആ വീട്ടിലെ മൂത്ത മോന്‍ അടിച്ച ഡയലോഗ് വിശ്വപ്രശസ്തമാണ്... ''അമ്മ മരിച്ചെങ്കിലെന്താ കെ.ബാബു വീട്ടില്‍ വന്നില്ലേ '' എന്ന്... നിയമസഭയില്‍ ഉടുമുണ്ടഴിഞ്ഞു വീണാല്‍ പോലും എഴുന്നേല്ക്കാത്തയാളാണ് കെ ബാബു എന്ന് തൃപ്പൂണിത്തുറയിലെ സഖാക്കള്‍ക്കിടയില്‍ പൊതുവേ സംസാരമുണ്ട്... അവര്‍ക്കുള്ള മറുപടിയാവാം ഈ മദ്യനയം....
ആദ്യം തന്നെ ഞങ്ങടെ മുന്‍ MLA യും നിയുക്ത എക്സൈസ് മന്ത്രിയുമായ കെ ബാബുവിന്‌ എന്‍റെ വക ഒരു സല്യൂട്ട് ... (പണ്ട് അന്തോണിയങ്കിള്‍ ചെയ്തത് പോലെ ബിവറേജ് നിരോധിച്ചില്ലല്ലോ ഫാഗ്യം...!!! )
'ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൌരന്മാര്‍' എന്ന് വിവരമുള്ളവരാരോ പറഞ്ഞു കേട്ടിട്ടുണ്ട്... കേരളത്തില്‍ അതിവേഗം ബഹുദൂരം വളര്‍ന്നത്‌ ഒന്നേ ഒന്നു മാത്രമാണ് 'വൃത്തി കെട്ട ഒരു മദ്യസംസ്കാരം'' വളര്‍ന്നതല്ല നമ്മള്‍ വളര്‍ത്തിയതാവാം...
പരോക്ഷമായിട്ടെങ്കിലും ഇതിനൊരു കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു...താങ്കളുടെ ഈ മദ്യനയം അതിനുള്ള തുടക്കമാവട്ടെ എന്നാശംസിക്കുന്നു...
'പത്താം ക്ലാസ്സില്‍ പഠിക്കുന്ന സ്വന്തം മകന്‍ ഇന്നലെ രണ്ടെണ്ണം അടിച്ച് എന്തൊക്കെയാ കാട്ടിക്കൂട്ടിയത് ... പഹയന്‍...!! ' എന്നഭിമാനത്തോടെ ആള്‍ക്കൂട്ടത്തിനിടയില്‍ വിളിച്ചു പറയുന്ന ഹൈടെക് മാതാപിതാക്കളില്‍ നിന്ന് തുടങ്ങുന്നു നമ്മുടെ പരാജയം...
വേലി തന്നെ വിളവു തിന്നുന്ന മനോഹരമായ സുസ്ഥിര സംസ്കാരം... കേരളത്തിലെ ബിവറെജുകളില്‍ മീശ മുളയ്ക്കാത്ത മദ്യപന്മാര്‍ എത്താന്‍ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. വൈകിട്ട് ഏഴു മണിയോട് കൂടി കേരളത്തിലെ ബിവറെജിന്റെ ക്യൂവിലെ സ്ഥിരം കാഴ്ചയാണ് ലോ വേസ്റ്റ് ജീന്‍സും ടൈറ്റ് ബനിയനും ഇട്ട് കയ്യില്‍ ഹെല്‍മെറ്റും തൂക്കിപ്പിടിച്ച് കട്ടമസിലും കെട്ട ബുദ്ധിയുമായി കുറെ കരട് പയ്യന്മാര്‍ ‍...

ശരാശരി മലയാളികള്‍ എല്ലാം തന്നെ ഇന്ന് സാമ്പത്തികമായി ഭദ്രരാണ്. സംസ്കാരം എന്നൊന്ന് ഉണ്ടോ എന്ന് കുഴിച്ചു നോക്കണം എന്ന് മാത്രം .. കേരളത്തിലെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ ക്രിമിനല്‍ കേസുകളുടെ കണക്കെടുത്ത് നോക്കിയാല്‍ 75 ശതമാനത്തിലധികം കേസുകളും മദ്യപാനത്തെ തുടര്‍ന്നുണ്ടായ അല്‍ക്കുല്‍ത്തുകളാണ് . developmental സൈക്കോളജിയില്‍ ശ്രീമാന്‍ Edward C. Tolman പ്രായോഗിക ബുദ്ധി ഇല്ലാത്ത എലികളെ വച്ച് പരീക്ഷണം നടത്തി വിജയിച്ച ഒരു COGNITIVE തിയറിയുണ്ട്... ഏതാണ്ട് ആ എലിയുടെ അവസ്ഥയാണ് ഇന്നത്തെ മലയാളി യുവത്വങ്ങള്‍ക്ക്... എന്ത് പ്രശ്നമുണ്ടെങ്കിലും ലക്‌ഷ്യം മുന്നില്‍ കാണാതെ മദ്യം എന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കാന്‍ കൊതിക്കുകയാണ് നമ്മള്‍... !!
രോഗമാണത്‌... ചികിത്സിച്ചാല്‍ സുഖപ്പെട്ടേക്കാവുന്ന മാരക രോഗം....!!!

നമ്മുടെ കൌമാരക്കാര്‍ക്ക് ഇതെന്തിന്‍റെ കട്ടക്കഴയാണ് (സോറി..മിനിമം ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല.. )
ഭക്ഷണത്തിന് ഭക്ഷണം, കാശിനു കാശ്, കാലിന്‍റെ ഇടയില്‍ ഒരു 180 cc ബൈക്ക്, ചെവിയില്‍ ബ്ലൂടൂത്തും അരയില്‍ ഗ്യാലക്സി ടാബും...ഇതൊന്നും ഇല്ലാതിരുന്ന കാലത്തും യുവാക്കള്‍ ഇവിടെ ജീവിച്ചിരുന്നു അന്തസ്സോടെ...ഇന്നത്തെ പിള്ളേര്‍ക്ക് എല്ലാം കൂടിപ്പോയതിന്‍റെ കുഴപ്പമാണ്...അധികമായാല്‍ അമൃതും വിഷം എന്ന് കാര്‍ന്നോന്മാര് പറഞ്ഞതിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയത് ഇപ്പോഴാണ്...
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അഹങ്കാരം... ! 'എനിക്ക് ശേഷം പ്രളയം' എന്ന വിശ്വാസപ്രമാണങ്ങളില്‍ വിശ്വസിക്കാന്‍ വിധിക്കപ്പെട്ട പാഴ്ജന്മങ്ങള്‍... അതാണ്‌ ഇന്നത്തെ യുവത്വം ..!
ഒന്നു അടുത്തിടപഴകിയാല്‍ അറിയാം എല്ലാത്തിന്‍റെയും തനിനിറം ,
മര്യാദ എന്നൊന്ന് തൊട്ടു തീണ്ടീട്ടില്ല ഒന്നിനും...ഒരു ഉളുപ്പുമില്ലാതെ പ്രായത്തില്‍ മുതിര്‍ന്നവരെ വരെ എടാ എന്ന് വിളിക്കുന്ന ഒരു സംസ്കാരമാണ് നമ്മുടെ ഇന്നത്തെ സമ്പാദ്യം ..!!
കുഞ്ഞുങ്ങളെ തിരുത്താന്‍ ഇവിടെ ആര്‍ക്കും സമയമില്ല ..
മകന്‍ അച്ഛനെ പോടാ എന്ന് വിളിച്ചാല്‍ തലതല്ലിച്ചിരിക്കുന്ന അത്യാധുനിക അമ്മമാരുള്ളിടത്തോളം കാലം നമ്മുടെ അവസ്ഥ ഇത് തന്നെ ആയിരിക്കും...എല്‍ കെ ജി യില്‍ പഠിക്കുന്ന മകന് ഓരോ സിപ്പ് ഊറ്റിക്കൊടുക്കുന്ന ഹൈട്ടെക്ക് അച്ഛന്മാരാന് ഇന്നിന്‍റെ ശാപം .
ഒന്നോര്‍ക്കുക നിങ്ങള്‍ വേലി ചാടാന്‍ പഠിപ്പിച്ചാല്‍ അവന്‍ വന്മതില്‍ ചാടിക്കടക്കും... തീര്‍ച്ച ..!!
കഴിഞ്ഞയാഴ്ച വാര്‍ത്തയില്‍ കണ്ടിരുന്നു 9 വയസുകാരന്‍ പീഡിപ്പിച്ചു കൊന്ന 3 വയസുകാരിയുടെ കഥ.. വളര്‍ത്തിന്‍റെ കൊണം എന്നേ ഞാന്‍ പറയൂ...
എട്ടാം ക്ലാസ്സില്‍ വച്ച് ഞാനൊരു പെഗ് അടിച്ചപ്പോ എന്‍റെ പപ്പാ എനിക്കൊരു അവാര്‍ഡ് തന്നത് ഓര്‍മ്മ വരുന്നു , ഇപ്പഴുമുണ്ട് അതിന്‍റെ പാട് എന്‍റെ വലത്തേ തുടയില്‍ . പക്ഷെ അതേ പപ്പയുടെ കൂടെ ഒരു മേശയിലിരുന്ന്‍ ചിയേഴ്സ് പറഞ്ഞ് മൂന്നു പെഗ് വരെ ഞാന്‍ കഴിച്ചിട്ടുണ്ട്... അത് എന്‍റെ ഇരുപത്തി നാലാമത്തെ വയസില്‍ .ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് .ഇന്നും അഭിമാനമാണ് എനിക്ക് എന്‍റെ നല്ല പിതാവിനെ ഓര്‍ത്ത്...
എന്‍റെ ബാല്യത്തില്‍ എന്‍റെ മമ്മി എനിക്ക് പറഞ്ഞു തന്ന നല്ല നല്ല കഥകളും പപ്പ വാങ്ങിച്ചു തന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കൊച്ചു 'പവേലിന്‍റെ' ജീവചരിത്രവുമൊക്കെയായിരുന്നു എനിക്ക് കിട്ടിയ പ്രചോദനങ്ങള്‍ .

എന്‍റെ കുട്ടിക്കാലത്ത് എന്തോ ഒരു ചെറിയ കാര്യത്തിന് വകയില്‍ ഒരു ചേട്ടനെ ഞാന്‍ 'പോടാ' എന്ന് വിളിച്ചതിന് മമ്മി എന്‍റെ മേല്‍ച്ചുണ്ട് നോക്കി കാരംസിന്‍റെ സ്ട്രൈക്കര്‍ അടിക്കുന്നത് പോലെ ഒരു ഞോട് തന്നു . ചുണ്ട് പൊട്ടി ചോര വന്നപ്പോ മമ്മി എന്‍റെ നെറ്റിയിലൊരുമ്മ തന്നിട്ട് പറഞ്ഞു ഇനി മേലാല്‍ നീ ചേട്ടന്മാരെ എടാന്ന് വിളിച്ചാല്‍ ഇത് പോലിരിക്കും !
നാട്ടില്‍ ചെല്ലുമ്പോ കടുക്കാ പോലിരിക്കുന്ന പിള്ളേര് വരെ 'നീയെപ്പോ വന്നെടാ'' എന്ന് ഉളുപ്പില്ലാതെ ചോദിക്കുമ്പോ സത്യമായിട്ടും ചിന്തിച്ചു പോയിട്ടുണ്ട് ഇവന്‍റെയൊന്നും ചുണ്ട് അടിച്ചു പൊളിക്കാന്‍ ആരും ഇല്ലേ എന്ന്?
മാതൃ ദേവോ ഭവ: പിതൃ ദേവോ ഭവ: ആചാര്യ ദേവോ ഭവ: അതിഥി ദേവോ ഭവ: എന്നൊക്കെ ചൊല്ലിപ്പടിച്ച ആര്‍ഷ ഭാരതത്തിന്‍റെ ഫൈനല്‍ പ്രോഡക്ടുകള്‍ ആണ് നമ്മള്‍... പകരം വയ്ക്കാനില്ലാത്ത ആ സംസ്കാരത്തിന്‍റെ തനിമ ഒപ്പീയാറും ഓസിയാറും ഒഴിച്ച് നശിപ്പിക്കാനുള്ളതല്ല.
ചിന്തിക്ക്, മനസ്സ് തുറന്ന്...
മദ്യം തരുന്ന ധൈര്യത്തിന്‍റെ നൈമിഷിക സുഖങ്ങള്‍ക്കപ്പുറം പ്രതിസന്ധികളില്‍ സുബോധത്തോടെ ചങ്ക് വിരിച്ച് നില്‍ക്ക്.
എന്നിട്ട് മനസിനെ പറഞ്ഞു പഠിപ്പിക്കുക 'എന്‍റെ അനുവാദമില്ലാതെ ഒരു ശക്തിക്കും എന്നെ തോല്‍പ്പിക്കാനാവില്ല എന്ന്'.. ജയാളിയായ ഒരു മനുഷ്യന്‍ എല്ലാവരിലുമുണ്ട്... അവനെ പൈന്റ്റ് ഒഴിച്ച് നശിപ്പിക്കല്ലേ... മനുഷ്യ ജീവിതം ഒന്നേയുള്ളൂ... മരിച്ചു പോയവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നോ നായായും നരിയായും പിന്നെ നരനായും പുനര്‍ജ്ജീവിക്കുമെന്നോ ഒക്കെ ഉള്ളത് ഇത് വരെ തെളിയിക്കപ്പെടാത്ത മിത്തുകള്‍ മാത്രമാണ്... നമ്മള്‍ എത്ര കാലം ഈ ഭൂമിയിലുണ്ടാകുമെന്ന് എനിക്കോ നിങ്ങള്‍ക്കോ അറിയില്ല... നാളെ മരിക്കും എന്ന് കരുതി ഇന്ന് ജീവിക്കുക...
പ്രശ്നങ്ങളുണ്ടാകുമ്പോ പതറാതെ നട്ടെല്ല് നിവര്‍ത്തി നില്‍ക്ക് തന്തയ്ക്കു പിറന്ന ആമ്പിള്ളേരെപ്പോലെ... ... ഒരുത്തനും നമ്മളെ തോല്‍പ്പിക്കാനാവില്ല...

ഉപദേശിക്കാന്‍ ഞാന്‍ ആളല്ല.. എങ്കിലും എന്‍റെ കൊച്ചനുജന്മാരോട് രണ്ടുവാക്ക്‌..!!
ഞാനാനഖിലതും എന്ന് ചിന്തിക്കാതിരിക്കുക. നമുക്കറിയാന്‍ പാടില്ലാത്ത ഒരു പാട് കാര്യങ്ങള്‍ ഈ ഭൂമിയിലുണ്ട്.. ഒരു പാട് പുസ്തകങ്ങള്‍ വായിക്കുക, അറിവ് സമ്പാദിക്കുക .
സിനിമകള്‍ കാണുക അതില്‍ നിന്നും നല്ലത് മാത്രം സ്വീകരിക്കുക.
മാതാപിതാക്കളെ ബഹുമാനിക്കുക , ഓരോ തവണയും നിങ്ങള്‍ അവരെ വേദനിപ്പിക്കുമ്പോള്‍ ഓര്‍ക്കുക നാളെ നീയും ഒരു അച്ഛനാകും എന്ന് , ഇന്ന് നീ കൊടുക്കുന്നതിന്‍റെ മൂന്നിരട്ടി വേദന നിന്‍റെ മക്കള്‍ നിനക്ക് തരും ,അത് പ്രകൃതി നിയമമാണ്... കൊടുക്കുന്നതെ തിരിച്ചു കിട്ടൂ...
ഞാന്‍ എന്ന ഭാവം ഒഴിവാക്കുക നീലാകാശവും ജൈവ ജന്തു ജാലങ്ങളും അടങ്ങുന്ന ഈ മഹാലോകത്തിലെ ഒരു കൃമി മാത്രമാണ് നീ... നിന്‍റെ ശ്വാസതാളം ഒന്നു പിഴച്ചാല്‍ നാളെ നീ ഇല്ല. പിന്നെ എന്ത് കണ്ടിട്ടാ നീ അഹങ്കരിക്കുന്നത്...
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉപകാരമില്ലാത്ത പാഴ്ജന്മങ്ങളായി നമ്മള്‍ സ്വയം താഴ്ത്തിക്കെട്ടരുത്... സമൂഹത്തില്‍ നമ്മുടെ സഹായം ആവശ്യമുള്ള ഒത്തിരിപ്പേരുണ്ട് . നമുക്കൊന്നും നഷ്ട്ടപ്പെടാനില്ല .പറ്റാവുന്ന ഉപകാരങ്ങള്‍ എല്ലാവര്‍ക്കും ചെയ്യുക...
പുകയില ഉല്‍പ്പന്നങ്ങളെ ശത്രുക്കളായി കാണുക. പാന്‍പരാഗും ഹാന്‍സുമെല്ലാം അവസാനം കൊണ്ട് ചെന്നെത്തിക്കുന്നത് ക്യാന്‍സറിലാണ് എന്ന് മറക്കരുത്. ഒരിക്കലെങ്കിലും ആശുപത്രികളില്‍ ക്യാന്‍സര്‍ ബാധിച്ചു കിടക്കുന്നവരെ ഒന്നു പോയിക്കാണണം. കരഞ്ഞു പോകും നീ...മുടിയെല്ലാം കൊഴിഞ്ഞ് മുഖമെല്ലാം കറുത്ത്കരിവാളിച്ച് കുഴിഞ്ഞ കണ്ണുകളും തളര്‍ന്ന മനസ്സുമായി ഒരു ദിവസം കൂടി ആയുസ്സ് നീട്ടിക്കിട്ടാന്‍ അവര്‍ കണ്ണീരൊഴുക്കി പ്രാര്‍ഥിക്കുമ്പോള്‍ നീയിവിടെ ദാനം കിട്ടിയ ജീവിതം ചവച്ചരച്ചു നശിപ്പിക്കുന്നു... ചിന്തിക്ക് ചെയ്യുന്നത് ശരിയാണോ?
ചുണ്ടില്‍ ഒരു സിഗരെറ്റ്‌ കത്തിതീരുമ്പോള്‍ നിന്‍റെ ആയുസില്‍ നിന്നും മൂന്ന് ദിവസമാണ് നഷ്ട്ടമാവുന്നത്...
മദ്യപാനം തെറ്റാണെങ്കിലും പൂര്‍ണ്ണമായി അതിനെ എതിര്‍ക്കുന്നില്ല. ആഘോഷാവസരങ്ങളില്‍ അല്‍പ്പം ആകാം . ബട്ട്‌ ദെയര്‍ ഈസ്‌ എ ലിമിറ്റ് .അവനവന്‍റെ കപ്പാസിറ്റിക്ക് ആവുന്നത് മാത്രം കഴിക്കുക. വെള്ളമടിച്ചു മറ്റുള്ളവന്‍റെ മെക്കിട്ടു കേറാതിരിക്കുക .
മനോഹരമായ ഈ ഭൂമിയുടെ അവകാശികളാണ് നമ്മള്‍ .. ആ സൌന്ദര്യം ആസ്വദിക്കാന്‍ നമ്മള്‍ പുനര്‍ജനിക്കും എന്നുറപ്പുണ്ടെങ്കില്‍ തുടരാം നിനക്ക് ദുശീലങ്ങള്‍....ആരും നിന്നെ തടുക്കില്ല...

NB:ഇത് വായിക്കുന്ന യുവാക്കളില്‍ ചിലരെങ്കിലും എന്നെ തെറി വിളിക്കുന്നുണ്ടാവും, അറിയാം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വയം ഒരു തീരുമാനം എടുക്കാന്‍ കെല്‍പ്പില്ലാത്തിടത്തോളം കാലം നിങ്ങളെ നന്നാക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന്... ഒരാളെങ്കില്‍ ഒരാള്‍ ഇതില്‍ നിന്നും പ്രചോദനം കൊള്ളുന്നെങ്കില്‍ അത് ആയിരം comments ന്‌ തുല്യമാണ്... (ഇതെന്‍റെ അമ്പതാമത്തെ ബ്ലോഗാണ് പതിവില്‍ നിന്നും വ്യത്യസ്തമായി ഇങ്ങനെ ഒരു ഉപദേശവുമായി ഇറങ്ങിയത് നാളെ നേരം വെളുക്കുമ്പോള്‍ ലോകത്തെ കീഴ്മേല്‍ മറിച്ചു കളയാം എന്ന ആഗ്രഹം കൊണ്ടൊന്നുമല്ല.... ഒരുപാട് നാളായി മനസ്സില്‍ കിടന്ന വേദനയാണ്...കണ്ണുള്ളവര്‍ കാണട്ടെ കാതുള്ളവര്‍ കേള്‍ക്കട്ടെ...)

Monday, July 18, 2011

സിങ്കാരോ ഹേ തോ ക്യാഹെ...?




സിങ്കാരോ ഹേ തോ ക്യാഹെ...?
ഞങ്ങടെ ഒറീസക്കാരി വൈസ് പ്രിന്‍സിപ്പാളിന്‍റെതാണ് ചോദ്യം...
മറുപടി പറയാന്‍ ബാധ്യസ്തനായവാന്‍ ഞാനും...
മാഡം..,അത് വന്ത്...,സിങ്കാരോ മീന്‍സ് സംതിംഗ് ഡെഡിക്കേഷന്‍.....
അല്ലേടാ പ്രകാശെ?
പ്രകാശ് തലയാട്ടി... ആമാ മാഡം .. ഡെഡിക്കേഷന്‍... ഡെഡിക്കേഷന്‍..!
പ്രിന്‍സി: വാഹ്... വാട്ട് എ മീനിങ്ങ്ഫുള്‍ നെയിം ... എക്സല്ലെന്റ്റ്...
ഗുഡ് ബോയ്സ്..........!!!

ഇപ്പോക്കഴിഞ്ഞത് ഫ്ലാഷ്ബാക്ക് ., ഇനി കഥയിലേക്കും കാര്യത്തിലേക്കും കടക്കാം..., ഈ സംഭവം നടക്കുന്നത് ഞാന്‍ എന്ന സംഭവത്തെ കടഞ്ഞു പിഴിഞ്ഞ് ഇഞ്ചപ്പരുവമായ ഒരു പ്രസ്ഥാനം ആക്കിയെടുത്ത കോയമ്പത്തൂരിലെ ഒട്ടും പ്രശസ്തമല്ലാത്ത ആ നേഴ്സിംഗ് കോളേജിലായിരുന്നു... നാല് കൊല്ലം നേഴ്സിംഗ് പഠിച്ചിട്ടും സ്വന്തമെന്നു പറയാന്‍ മൂന്നാല് വണ്‍വേ ലൈനുകള്‍ ഒഴികെ മറ്റൊന്നും എനിക്കില്ലായിരുന്നു... പിന്നെ താഴെ വച്ചാല്‍ പട്ടി നക്കും മേലെ വച്ചാല്‍ കാക്ക കൊത്തും എന്ന് കരുതി കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നിരുന്ന ഒരു സ്ഥാപനമായിരുന്നു ടൌണ്‍ ഹാളിലെ 'രംഭ ബാര്‍''. രംഭയിലെ ഫ്രീക്വെന്റ് വിസിറ്റ് മൂലം അവിടുത്തെ സപ്ലയറായ ഓലവങ്കോട്ടുകാരന്‍ ഗോപിചേട്ടനുമായി ഒരു ഡീപ് റിലേഷന്‍ മെയിന്‍ടൈന്‍ ചെയ്യാന്‍ ഫസ്റ്റ് ഇയറില്‍ തന്നെ എനിക്ക് കഴിഞ്ഞു എന്നത് എന്‍റെ കരിയറിലെ ഒരു ടേണിംഗ് പോയിന്‍റ് ആയി ഞാന്‍ കണക്കാക്കുന്നു...
ഗോപിചേട്ടനുമായുള്ള ഇരിപ്പുവശം വച്ച് ബാറില്‍ വരെ പറ്റ് തുടങ്ങാന്‍ സാധിച്ചു എന്നത് ഒരു ചില്ലറക്കാര്യമായി ഞാന്‍ കാണുന്നില്ല... ഗോപിച്ചേട്ടന്‍ അവിടെ നില്‍ക്കട്ടെ....
നമ്മള്‍ പറഞ്ഞു വന്നത് സിങ്കാരോയെക്കുറിച്ച് ...

കൊല്ലവര്‍ഷം രണ്ടായിരത്തിനാലാമാണ്ട് ജനുവരി മാസം, അന്നൊരു ബുധനാഴ്ചയായിരുന്നു... അല്ലേ വേണ്ട അന്നൊരു വെള്ളിയാഴ്ചയായിരുന്നു... , കോളേജിലെ മെഗാ സീനിയേഴ്സ് ആയതിന്‍റെ അഹങ്കാരം കലര്‍ന്ന തലയെടുപ്പോടെ എന്‍റെ സഹാപാടികള്‍ക്കും പാടിനികള്‍ക്കുമൊപ്പം ഞാനും സെവന്‍ത് സെമെസ്ടെറിലേക്ക് കാലെടുത്തു വച്ചു.ആ സെക്കണ്ടില്‍ തൊട്ടടുത്ത റെയില്‍ പാളത്തിലൂടെ ശബരി എക്സ്പ്രെസ്സ് ചൂളം വിളിച്ചു കടന്നു പോയി... ക്ളാസിനുള്ളില്‍ ബ്ലാക്ക്ബോര്‍ഡും ഡസ്റ്ററും കൂടി ആ പഴയ പാട്ട് വീണ്ടും പാടി

'ഹം തും ഏക്ക് കമരേ മേം ബന്ദ് ഹോ'.

പെട്ടെന്ന് ക്ലാസിന്‍റെ ജനലിലൂടെ ഒരു കാക്ക അകത്തേയ്ക്ക് പറന്നു വന്നു .കുറച്ചു നേരം ഡിങ്കോള്‍ഫി അടിച്ച് ക്ളാസിനുള്ളില്‍ പറന്നു നടന്നു കഴിഞ്ഞപ്പോഴാണ് പുറത്തേയ്ക്ക് പോകാനുള്ള വഴി മറന്ന് ആ കാക്ക അലറലോടലറല്‍...
കാ കാ കാ..കൂ കൂ കൂ... കീ കീ ക്കീ .. !!
പെട്ടെന്ന് തന്നെ സ്റ്റാഫ് റൂമില്‍ നിന്നും ശശികല മാഡം ഓടിവന്നു...
കാക്കയെയോ കൊക്കിനെയോ ഒന്നും മൈന്‍ഡ് ചെയ്യാതെ അലറി...!!!
''നവീന്‍ ഗെറ്റ് ഔട്ട്‌ ഓഫ് ദി ക്ലാസ്...''
ഇതാണ് ഞങ്ങടെ മാടംസിന്‍റെ മെയിന്‍ കുഴപ്പം .ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെ ക്ലാസ്സില്‍ നിന്ന് എന്ത് അപശബ്ദം കേട്ടാലും ഗെറ്റ് ഔട്ട്‌ നവീനാണ്... !!
അരേ വാഹ്...

വിശ്വാസം അതല്ലേ എല്ലാം, (എന്തോ എന്നെ ഭയങ്കര വിശ്വാസമാണ് എല്ലാവര്‍ക്കും... !!!)
അങ്ങനെ ആഴ്ചയില്‍ അഞ്ചില്‍ കുറയാത്ത ഗെറ്റ് ഔട്ടുകളും നാല് കൊല്ലം കൊണ്ട് 23 സസ്പെന്ഷനുകളും ഒക്കെ വാങ്ങിക്കൂട്ടി അഹങ്കരിച്ചിരിമ്പോഴാണ് വെള്ളിടി പോലെ ഒരു പണി വന്നത്... അട്മിനിസ്ട്രെഷനും റിസേര്‍ച്ചുമാണ് സെവെന്‍ത് സെമെസ്ടെറിലെ മെയിന്‍ സബ്ജെക്ട്സ് .
സി വി രാമനും രാമാനുജനുമൊക്കെ കുത്തിയിരുന്ന് റിസേര്‍ച്ചിയത് പോലും നേരെ ചൊവ്വേ ഞാന്‍ വായിച്ചു നോക്കിയിട്ടില്ല... പിന്നെയാ സ്വന്തമായൊരു റിസേര്‍ച്..
. ഹും.. എന്‍റെ പട്ടി ചെയ്യും ...!!!
പക്ഷെ പട്ടി പോയി യൂണിവേര്സിറ്റി എക്സാം എഴുതത്തില്ലല്ലോ?
റിസേര്‍ച് ചെയ്യാതെ ഒരു രക്ഷയുമില്ലെന്നായി...
അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഒരു ടോപിക് ചെയ്യേണ്ടത് എന്‍റെ ഗ്രൂപ്പില്‍ പ്രകാശും ക്രിസ്ടിയും ഞാനും പിന്നെ 2 ഗേള്‍സും (അതും ക്ലാസ്സിലെ ഏറ്റവും ചവറ് സാദനങ്ങള്‍ രണ്ടെണ്ണം... ) അത്ലീസ്റ്റ് കാണാന്‍ കൊള്ളാവുന്ന പെണ്പിള്ളേരൊക്കെ ആയിരുന്നെങ്കില്‍ റിസേര്‍ച് ചെയ്യാന്‍ ഒരു ഇന്ട്രെസ്റ്റ് ഒക്കെ വന്നേനെ... ഇത് ഒരു മാതിരി വികാരമില്ലാത്ത റിസേര്‍ച്....!!!
ആരെക്കൊണ്ടു പറ്റും ഇതിന്‍റെ പുറകെ നടക്കാന്‍.... ഹും..
എല്ലാവരും നേരെ ചൊവ്വേ റിസേര്‍ച്ചിയപ്പോള്‍ ഞാനും പ്രകാശും കൂടെ കോയമ്പത്തൂരിലെ ഒരുമാതിരിപ്പെട്ട വൈന്‍ ഷോപ്പുകളുടെ എല്ലാം ഗുണനിലവാരത്തെപ്പറ്റി ചെറുതല്ലാത്തൊരു റിസേര്‍ച് നടത്തി..

അങ്ങനെ നീണ്ട ഒരു മാസത്തെ റിസേര്‍ച്ചിനൊടുവില്‍ മാറ്റര്‍ പ്രിന്‍സിപ്പലിന്‍റെ മേശപ്പുറത്തെത്തി...
കൂടെ ഒരു പരാതിയും ,
റെസ്പെക്ടെഡ് മാടം , താങ്കള്‍ ഞങ്ങള്‍ക്ക് കമ്പനിയായി നല്‍കിയ 3 ബോയ്സിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റെഷനില്‍ അറിയിക്കാന്‍ താല്‍പ്പര്യം....

''പടച്ചവനേ... പണി പാലും വെള്ളത്തില്‍.....!!!''

വെരി നെക്സ്റ്റ് ഡേ തന്നെ കിട്ടി ' 24th സസ്പെന്‍ഷന്‍ ഓര്‍ഡര്‍'
കൂടെ ഒരു പണിഷ്മെന്റും മൂന്നു പേരും കൂടി പുതിയൊരു റിസേര്‍ച് ടോപിക് എടുത്തു ചെയ്യണം... അതും ഒരാഴ്ചയ്ക്കുള്ളില്‍...
'' എന്ത് രസകരമായ ആചാരങ്ങള്‍''
മലയാളി പെണ്പിള്ളേരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പാടില്ല (പ്രത്യേകിച്ച് മണ്ണാര്‍ക്കാട് ഭാഗത്തുള്ള പല്ലില്‍ കമ്പിയിട്ട പെണ്പിള്ളേരെ )എന്ന് എനിക്ക് മനസിലായി...
റിസേര്‍ച്ചിന്‍റെ സ്പെല്ലിംഗ് പോലും നേരെ ചൊവ്വേ അറിയാന്‍ പാടില്ലാത്തവന്മാരാ തനിയെ റിസേര്‍ച് ചെയ്യാന്‍ പോകുന്നത്...
ഒരു ദിവസം മുഴുവന്‍ തല പുകഞ്ഞാലോചിച്ചു ..
രണ്ടാം ദിവസം ലഡ്ഡു പൊട്ടി.... അളിയാ നേരെ സുലൂര്‍ക്ക് വിടുക അവിടെ ആര്‍ വി എസ് കോളേജിലെ ഏതേലും ഒരു കൂതറയെ പൊക്കുക.. റിസേര്‍ച് ഒരെണ്ണം അടിച്ചു മാറ്റുക . കോപ്പി എടുക്കുക . സബ്മിറ്റ് ചെയ്യുക... !!!
അന്ന് സന്ധ്യക്ക്‌ നേരെ RVS ലേക്ക്, മലയാളികളെ പോലെ തൊലി വെളുപ്പില്ലെങ്കിലും സ്നേഹമുള്ളവരാണ് തമിഴത്തികള്‍... അവിടുന്ന് ഒരു പെങ്കൊച്ചിന്റെ സഹായത്തോടെ ആ ലൈബ്രറിയില്‍ നിന്നും ഒരു ബുക്ക്‌ലെറ്റും തൂക്കിയെടുത്ത് നേരെ റൂമിലേക്ക്‌...
ഒരു ദിവസം കൊണ്ട് അറേന്ജെമെന്‍റ് എല്ലാം ഭദ്രം...
ഇനി റിസേര്‍ച് ഗ്രൂപ്പിന് ഒരു പേരിടണം , എല്ലാവരും lavenders, millennium stars, അഗ്നി എന്നിങ്ങനെ ഇടിവെട്ട് പേരെല്ലാം ഇട്ടു കഴിഞ്ഞിരുന്നു..
നമ്മള്‍ എന്ത് പേരിടും ?
പിന്നേം ടെന്‍ഷന്‍...
വൈകിട്ട് പ്രകാശും ഷിഞ്ഞു മോനും ചാച്ചനും കൂടെ നേരെ രംഭയിലേക്ക് , ഗോപിചേട്ടന് ഓര്‍ഡര്‍ കൊടുത്തു...'' ചേട്ടാ ആറു KF STRONG ''
ഗോപിചെട്ടന്‍റെ ധര്‍മ്മസങ്കടം.., KF തീര്‍ന്നെടാ , സിന്ഗാരോ എടുക്കട്ടെ...!!!!സ്ട്രോങ്ങാ...

ഗോപിചെട്ടന്‍ പറഞ്ഞാല്‍ പിന്നെ അതിനു അപ്പീല്‍ ഇല്ല,,..
പറഞ്ഞത് ഷിഞ്ഞു മോനാണ്..
അപ്പോള്‍ പ്രകാശിന്‍റെ മനോവ്യതം...
ഡാ.. ഇന്നേയ്ക്ക് ശീക്രം മുടിച്ചിട്ട് റൂമുക്ക്‌ പോയി റിസേര്‍ച്ചുക്ക് പേര് പോട വേണ്ടാമാ..?
അപ്പോഴേക്കും ഒരു ട്രേയുമായി ഗോപിചെട്ടന്‍ എത്തി..
ദാ,,..Z I N G A R O ... ?

പ്രകാഷേ, തലൈവരേ.. എപ്പടി ഇരുക്ക്‌ സിങ്കാരോ?
ഊം.. സ്ട്രോങ്ങാ താ ഇരുക്ക്‌...
അപ്പൊ നോ മോര്‍ ഡിസ്കഷന്‍സ് റിസേര്‍ച് ഗ്രൂപ്പ് നെയിം കണ്‍ഫേംഡ് ..
''Z I N G A R O S''


പിറ്റേ ദിവസം ബൈന്‍ഡ് ചെയ്ത കോപ്പിയുമായി നേരെ പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക്‌...
ഞങ്ങള്‍ വിചാരിച്ചത് പോലെ തന്നെ 'തള്ള' ചോദിച്ചു ..
സിങ്കാരോ ഹേ തോ ക്യാഹെ...?
മാഡം..,അത് വന്ത്...,സിങ്കാരോ മീന്‍സ് സംതിംഗ് ഡെഡിക്കേഷന്‍.....
അല്ലേടാ പ്രകാശെ?
പ്രകാശ് തലയാട്ടി... ആമാ മാഡം .. ഡെഡിക്കേഷന്‍... ഡെഡിക്കേഷന്‍..!
പ്രിന്‍സി: വാഹ്... വാട്ട് എ മീനിങ്ങ്ഫുള്‍ നെയിം ... എക്സല്ലെന്റ്റ്...
ഗുഡ് ബോയ്സ്..........!!!

NB:എന്‍റെ കോഴ്സ് കഴിഞ്ഞ് സപ്രിട്ടിക്കറ്റ് വാങ്ങാന്‍ കോളേജില്‍ ചെന്നപ്പോള്‍ ചുമ്മാ ഒന്നു ലൈബ്രറിയില്‍ കയറി .. റിസേര്‍ച് സെക്ഷനില്‍ ഇപ്പഴുമുണ്ട് തലയെടുപ്പോടെ ഞങ്ങടെ 'zingaro സ്ട്രോങ്ങ്‌''

റിസേര്‍ച്ചിനു ഞങ്ങള്‍ പൂര്‍ണ്ണമായും കടപ്പെട്ടിരിക്കുന്നത് RVS ലെ, ആ തമിഴത്തി കൂട്ടുകാരിയോടാണ്... മലയാളികള്‍ കാണിക്കാതിരുന്ന സ്നേഹവും അനുകമ്പയും ഞങ്ങളോട് കാട്ടിയതിനു നന്ദിയുണ്ട് ഒരു പാടൊരുപാട്...