Monday, June 30, 2014

പച്ചാകാശം..! പച്ചക്കടൽ ..! പച്ചഭൂമി ....!!!


നിറങ്ങൾക്കെല്ലാം  വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട് , 
നിലനില്പ്പിന്റെ, ചെറുത്തുനിൽപ്പിന്റെ, പിടിച്ചടക്കലിന്റെ ഒരു രാഷ്ട്രീയം !! പ്രകൃതിയുടെ തന്മയീ ഭാവമായ പച്ചയെ പാർശ്വവൽക്കരിക്കുമ്പോഴാണ് അതിന്റെ രാഷ്ട്രീയം വെളിവാകുന്നത് . സ്വാർത്ഥ താൽപര്യങ്ങൾക്ക്‌  വേണ്ടി നിറങ്ങളെ കൂട്ട് പിടിക്കുമ്പോൾ തകർന്നടിയുന്നത് കാലാകാലങ്ങളായി നട്ടു നനയ്ക്കപ്പെട്ട  മാനുഷിക മൂല്യങ്ങളാണ് .നിറങ്ങളുടെ പേരിൽ  വർഗ്ഗീയ ചേരിതിരിവുകളുണ്ടാവുകയും നിറങ്ങൾ  മതവൽക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ സംരക്ഷിക്കപ്പെടുന്നത് മതാന്ധത ബാധിച്ച ചില താല്പര്യങ്ങൾ മാത്രമാകുന്നു.

ബ്ലാക്ക് ബോർഡിന്  പച്ച പെയിന്റ് അടിച്ചതിനെയും  ടീച്ചർമാരെ  പച്ച ബ്ലൗസ് ഇടീപ്പിച്ച  ഉത്തരവിനേയും ഒരേ കണ്ണ് കൊണ്ട് നോക്കിക്കണ്ടതാണ്  മലയാളി ചെയ്ത തെറ്റ് . കാലാകാലങ്ങളായി പരീക്ഷണങ്ങൾ തകൃതിയായി  നടക്കുന്ന വീഴ്ചകളുടെ വിളനിലമായ വകുപ്പെന്ന നിലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ ബ്ലാക്ക് ബോർഡിലെ  പച്ചവൽക്കരണം മറ്റൊരു പരിഷ്കാര പരീക്ഷണമായി കരുതി സിമ്പിളായി തീരാമായിരുന്ന ഈ വിഷയം മാധ്യമങ്ങൾക്കിടയിൽ
' പട്ടി പൊറോട്ട കീറുന്നത് പോലെ' കീറി മുറിച്ച്  ചർച്ച ചെയ്ത്  വഷളാക്കിയത് ആരുടെയോ ബാലിശമായ സ്ഥാപിത താല്പര്യങ്ങളായിരുന്നു .  യഥാർത്ഥത്തിൽ  ബോർഡിനടിച്ച പച്ച നിറം എന്ന പോയിന്റിന് ഉപരിയായി  അതിന്  ഉത്തരവിറക്കിയ വകുപ്പ് മന്ത്രിയുടെ കൊടിയുടെ നിറത്തിനും പച്ച ബോർഡിനും  ഒരേ സ്വഭാവമായതാണ് യഥാർത്ഥ  പ്രശ്നം.

ബോര്ഡ് വിവാദത്തിന്റെ അടിസ്ഥാന പ്രശ്നം പച്ചയോടുള്ള അയിത്തമോ  വിരോധമോ ആണ് . പച്ച നിരന്തരം സംശയിക്കപ്പെട്ടു. ഈ സാഹചര്യം ഭരണാധികാരികൾ തിരിച്ചറിയാതെ പോയതും വകുപ്പ് മേധാവികളുടെ കണക്കുകൂട്ടലുകളുടെ പാകപ്പിഴയും എല്ലാം കൂടിയായപ്പോൾ വിവാദം ആരുടെയൊക്കെയോ അനാവശ്യമായ ആവശ്യമായി  രൂപാന്തരപ്പെട്ടു. അങ്ങനെ  വിവാദങ്ങളുടെ ഗുണഭോക്താക്കൾ മതാന്ധത ബാധിച്ച വര്ഗീയ വാദികൾ മാത്രമായതിൽ ആരെ പഴിചാരാനാവും...?

അവസരം കിട്ടുമ്പോഴെല്ലാം  പ്രഖ്യാപിത നിറങ്ങളെ പ്രചരിപ്പിക്കാൻ വെമ്പുന്ന  ന്യൂനപക്ഷങ്ങൾ ആരെയാണ് ഭയപ്പെടുന്നത് ? ഒരു ബോർഡിന്റെയോ  മേൽക്കൂരയുടെയോ  നിറം മാറ്റിയത് കൊണ്ടൊന്നും ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമാവില്ല . പച്ച  മനസിന്‌ കുളിരേകുന്ന നിറം തന്നെയാണ്. ഒരു തർക്കവുമില്ല . പക്ഷേ അത് മാത്രമാണ് മനസിനെ തണുപ്പിക്കുന്നത്  എന്ന  സ്വാർത്ഥ  ചിന്തയോളം പൊള്ളുന്ന ചിന്ത വേറൊന്നില്ല . ബോർഡ്  വിവാദം പച്ചയിൽ മാത്രം ഒതുക്കുന്നതിനോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. വിദ്യാലയങ്ങൾ വർണാലയങ്ങൾ ആവട്ടെ . ബോർഡുകളിലെല്ലാം  നിറങ്ങൾ  വാരിപ്പൊത്തൂ... !
പിള്ളേര്  നിറങ്ങളോട്  കൂട്ടുകൂടി വളരട്ടെ...!!!
വർണവിവേചനമില്ലാത്ത പുതിയൊരു  തലമുറ !
അതല്ലേ എറ്റവും നിറമുള്ള സ്വപ്നം !!!

1 comment:

  1. നിറം കെട്ട വിവാദങ്ങള്‍

    ReplyDelete