Thursday, August 16, 2012

മൂരാച്ചി നേഴ്സുമാര്‍ സ്റ്റാന്റ് വിട്ടു പോകണം ..അതേ... നേഴ്സുമാരോട് തന്നെയാണ്... സമൂഹത്തിലെ മാന്യന്മാര്‍ തുട്ടിറക്കി പണിതുയര്‍ത്തിയിട്ടുള്ള ആശുപത്രികളുടെ ടെറസ്സിലിരുന്നു മഴയ്യും വെയിലും കൊണ്ട് പനി പിടിപ്പിച്ച് ഇനി ആ പേരും കൂടി നിഷ്കളങ്കരായ ആശുപത്രി മാനേജ്മെന്റിന് ഉണ്ടാക്കാതെ മൂരാച്ചികളായ നേഴ്സുമാര്‍ കുടുംബത്ത് പോകണം . നേഴ്സുമാര്‍ക്ക് അഹങ്കാരമാണ് .തങ്ങളില്ലാതെ ഒരു ആശുപത്രികള്‍ക്കും പ്രവര്‍ത്തിക്കാനാവില്ലെന്ന പ്രബോധനങ്ങളില്‍ നിന്നും മാത്രം ഊറ്റം കൊണ്ട ഒരുതരം തേര്‍ഡ് റേറ്റ് അഹന്ത... നേഴ്സുമാരുടെ പ്രശ്നത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രിക്കു എന്ത് കാര്യമാണുള്ളത്? നേഴ്സിംഗ് ഒരു തോഴിലല്ലല്ലോ? അതൊരു സേവനം മാത്രമാണെന്ന് സംസ്കാരശ്യൂന്യരായ നേഴ്സുമാര്‍ മനസിലാക്കണം. നേഴ്സുമാരുടെ മദ്ധ്യസ്ഥയായ സാക്ഷാല്‍ ഫ്ലോറന്‍സ് നൈറ്റിoഗ്ഗേല്‍ മുതല്‍ അവിടുന്നിങ്ങോട്ട് മദര്‍ തെരേസ വഴി ലേക്ക്ഷോറിലെ നേഴ്സിംഗ് സൂപ്രണ്ട് വരെ നേഴ്സിംഗ് ഒരു സേവനമായി കണ്ടവരാണ്. പിന്നെ ഏതു കോപ്പിലെ അവകാശത്തിന്റെ പേരിലാണ് ഈ കൂറ നേഴ്സുമാര്‍ നടുറോട്ടിലും മച്ചിന്‍ മുകളിലും കയറി നിന്ന് അലമ്പുണ്ടാക്കുന്നത് ? കേരളത്തിലെ ആശുപത്രികളിലെ ' 1500 കുണുവാ' ശമ്പള സമ്പ്രദായം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കൊല്ലങ്ങളായി ഈ ആയിരത്തഞ്ഞൂറിനു തത്തുല്യമായ സംഖ്യ എണ്ണി മേടിച്ച് നെറ്റിയില്‍ കുരിശും വരച്ച്‌ ആശുപത്രി വരാന്തയിലൂടെ കല്ലിവല്ലി പറഞ്ഞു നടന്ന അന്നമ്മ സിസ്ടര്‍മാരും തങ്കമ്മ സിസ്ടര്‍മാരും ജീവിച്ച നാടാണിത്.. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അന്ന് വൈകിട്ട് ഒരു 'സ്വര്‍ഗസ്ഥനായ പിതാവേ' കൂടുതല്‍ ചൊല്ലുന്നതിലപ്പുറം പ്രത്യക്ഷത്തില്‍ മറ്റൊരു തരത്തിലുള്ള സമരമുറകളും സ്വീകരിക്കാതിരുന്ന വിശുദ്ധരുടെ പിന്‍തലമുറക്കാര്‍ ഇന്ന് ഇമ്മാതിരി 'മണാ കുണാ ' വര്‍ത്താനം പറയുന്നത് നേഴ്സുമാരുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല... ആരെന്തു തെറി വിളിച്ചാലും പ്രതികരിക്കാതെ മുറിയില്‍ പോയി തലയിണ കെട്ടിപ്പിടിച്ചു പൊട്ടിക്കരയണം. അതാവണം കുടുംബത്തില്‍ പിറന്ന നേഴ്സുമാരുടെ സംസ്കാരം...
അതല്ലാതെ ഒരു മാതിരി 'നടത്തറ ശാന്തയെപ്പോലെ' നടുറോഡിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നത്‌ പ്രോഫഷനലിസത്തിനു ചേര്‍ന്നതല്ല... പ്രൊഫഷനലിസം എന്താണെന്നറിയണമെങ്കില്‍ സെന്‍സുണ്ടാവണം അതല്ലെങ്കില്‍ സെന്‍സിറ്റിവിറ്റി ഉണ്ടാവണം അതുമല്ലെങ്കില്‍ കുറഞ്ഞ പക്ഷം സെന്‍സിറ്റിബിലിറ്റി എങ്കിലും ഉണ്ടാവണം എന്നെങ്കിലല്ലേ സമരങ്ങള്‍ക്കൊക്കെ ഒരു ക്രിയേറ്റിവിറ്റിയും ക്യൂരിയോസിറ്റിയും ഒക്കെ കൈ വരൂ...( ഏത്? )
തിരുവഞ്ചൂരിന്റെ പോലീസ് വടി വിഴുങ്ങിയത് പോലെ നില്‍ക്കുന്നത് എന്തിനാണ്? അടിച്ചോതുക്കണം സാര്‍ .. കരിങ്കല്ലിന്റെ മനസുള്ള നെഴ്സുമാരെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന ചീപ് നാട്ടുകാരെയും... !!
നെഴ്സുമാരുടെ കാര്യത്തെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോ 'ഏതപ്പാ കോതമംഗലം' എന്ന് ആത്മഗതം മുഴക്കിയ മുഖ്യന്റെ നാമം പൂജിതമാകട്ടെ .... തിരുവഞ്ചൂരിന്റെ രാജ്യം വരണമേ.... !!! ആമേന്‍...
(വി എസ് ഇനി ഇതെന്താക്കുമോ ആവോ? )

പാവം ജില്ലാ കലക്ടര്‍മാരുടെയും RDO യുടെയുമോക്കെ ഒരു അവസ്ഥയേ... ? നട്ടപ്പാതിരായ്ക്ക് പുള്ള കുട്ടി കുടുംബത്തോടൊപ്പം സുഖമായി കിടന്നുറങ്ങേണ്ട ടീമൊക്കെ ഉറക്കമിളച്ചു ചര്‍ച്ച വയ്ക്കുന്നത് കാണുമ്പോ 'ചിര്‍ച്ച് ചിര്‍ച്ച്' മണ്ണ് കപ്പുകയാണ് പൊതു ജനം...!! അവസാനം ചര്‍ച്ച ഒട്ടു നടന്നതുമില്ല . ഒറക്കം കളഞ്ഞത് മിച്ചം.... !!
ഈ ബ്ലഡി നേഴ്സുമാര്‍ സമരം നിര്‍ത്തുന്നുമില്ല . മാനെജ്മെന്റ് ചര്‍ച്ചിക്കുന്നുമില്ല .
അവസാനം 'ശശി' ആരാകും? ആ...

(ഒരു സ്റ്റുപ്പിഡ് നേഴ്സിന്റെ ബ്ലോഗിന് ഇത്രയൊക്കെയേ പവര്‍ കാണൂ ക്ഷമിക്യാ... )

1 comment:

  1. അച്ചുമാമന്‍ വന്ന് വിരട്ടി
    കാര്യം നടന്നുവെന്ന് പത്രത്തില്‍ വായിച്ചു

    ബാക്കിയൊക്കെ വഴിയേ അറിയാം
    മാനേജ്മെന്റ് അങ്ങനെ പെട്ടെന്നൊന്നും പത്തി താഴ്ത്തുകയില്ലായിരിക്കും

    ReplyDelete