Sunday, March 27, 2011

മുന്‍പേ പറക്കുന്ന മണവാട്ടിമാര്‍ ..!!



1982 മുതല്‍ ഏകദേശം 1986 വരെ കേവലം വീട്ടിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഞാന്‍ എന്ന സംരംഭത്തെ കുറച്ചു കൂടി വിപുലീകരിക്കാനും മര്യാദ പഠിപ്പിക്കാനുമായി ഞങ്ങടെ നാട്ടിലെ LKG കം UKG യായ പള്ളിവക നേഴ്സറി സ്കൂളില്‍ എന്നെ കൊണ്ട് ചേര്‍ക്കാന്‍ പപ്പയും മമ്മിയും തീരുമാനമെടുത്തു... എന്നും വീട്ടുകാരുടെയും നാട്ടുകാരുടെയും ആഭ്യന്തര പ്രശ്നങ്ങള്‍ കൂലം കുഷമായി ചിന്തിച്ചു വശം കെട്ട എനിക്ക് ആ തീരുമാനം ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു... ഞാന്‍ സ്കൂളില്‍ പോയാല്‍ പിന്നെ ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് ആര് പ്ലാവില പെറുക്കും? പാരിജാതത്തിന് ആര് വെള്ളമൊഴിക്കും..
ഹോ .. അണ്‍ ചിന്തിക്കബിള്‍ ...
ഇങ്ങനെ ബോള്‍ഡായ കുറെ പോയിന്‍റുകള്‍ നിരത്തി ഞാന്‍ എന്‍റെ നേഴ്സറില്‍ പോക്കിന് തടയിടാന്‍ ശ്രമിച്ചെങ്കിലും എന്‍റെ അനുവാദമില്ലാതെ ജീവിതത്തിലെ പ്രഥമ പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി എന്നെ നേഴ്സറിയില്‍ വിടാന്‍ തീരുമാനിച്ചു . അതോടു കൂടി അന്ന് വരെ വീട്ടുകാര് മാത്രം എന്നെ വിളിച്ചിരുന്ന ''കുരുത്തം കേട്ടവനെ, അധിക പ്രസങ്ങീ.., അലവലാതീ..'' മുതലായ സര്‍ നെയിമുകള്‍ നാട്ടുകാരും വിളിച്ചു തുടങ്ങി...

ഫസ്റ്റ് ഡേ ഒരു 2400 ഡെസിബല്‍ ശബ്ദത്തില്‍ വരെ ഞാന്‍ കരഞ്ഞു നോക്കിയെങ്കിലും വീട്ടുകാരുടെ ക്രൂരമായ തീരുമാനത്തില്‍ യാതൊരു മാറ്റവും കാണാഞ്ഞതില്‍ തുടര്‍ന്ന് നിലത്തു കുത്തിയിരുന്നു പ്രതിഷേധിക്കാന്‍ ഞാന്‍ തീരുമാനിച്ചു.. പെട്ടന്ന് മമ്മി ഓടി വന്ന് എന്‍റെ രണ്ടു കയ്യേലും കൂട്ടിപ്പിടിച്ച് ഒരു മാതിരി എയര്‍പോര്‍ട്ടില്‍ കൂടി ട്രോള്ളി വലിച്ചു കൊണ്ട് പോകുന്നത് പോലെ മുറ്റത്ത് കൂടി എന്നെയും വലിച്ചു കൊണ്ട് നേഴ്സറിയിലെക്ക് .
ഫേഷ്യലി ആന്‍ഡ്‌ ഫിസിക്കലി 'കരിയോയിലില്‍ വീണ കാണ്ടാമൃഗത്തിന്‍റെ' ലുക്ക് ഉള്ള ഒരു ടീച്ചറിന്‍റെ കയ്യിലേക്ക് നവീന്‍ ജെ ജോണ്‍ എന്ന 'പിഞ്ചു' കുഞ്ഞിനെ എറിഞ്ഞിട്ടു കൊടുത്തിട്ട് '' ഹമ്മേ രക്ഷപെട്ടു'' എന്ന ഭാവത്തില്‍ മമ്മി കടന്നു കളഞ്ഞു... കഷ്ടം തന്നെ കാഷ്ടം..
കുറച്ചൊക്കെ കരഞ്ഞു നോക്കിയെങ്കിലും 'ഗ്രൌണ്ട് സപ്പോര്‍ട്ട്' കുറവായത് കൊണ്ട് ഞാനതങ്ങ് നിര്‍ത്തി .

അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് നേഴ്സറിയിലെ ക്രമസമാധാന നില പാടേ തകര്‍ന്നതിനും കാരണക്കാരന്‍ നവീനായി... എന്‍റെ കണ്ണില്‍ മണ്ണ് വാരിയെറിഞ്ഞ ജെയ്മോനെ പാട്ട സ്ലേറ്റ്‌ കൊണ്ട് ഇടിച്ചത് തെറ്റാണോ? നിങ്ങള്‍ പറയൂ..ഞാന്‍ ചെയ്തത് തെറ്റാണോ?
ആദ്യമാദ്യമൊക്കെ വൈകിട്ട് എന്നെ കൂട്ടിക്കൊണ്ടു വരാന്‍ പപ്പയുടെ കൂട്ടുകാര്‍ ആരെങ്കിലുമൊക്കെ വരുമായിരുന്നു... പിന്നെ മാനഹാനി മൂലം അവരും വരാതായി... ഇതിനൊക്കെ വീട്ടുകാര്‍ എനിക്ക് ഒരു ശിക്ഷ വിധിച്ചു .. വൈകിട്ട് നാല് മണിക്ക് നേഴ്സറി വിട്ടാലും എന്നെ കൊണ്ട് പോകാന്‍ ആരും വരില്ല ഏകദേശം അഞ്ചു മണിയോടു കൂടെ കൊച്ചപ്പന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കൂടെക്കേറിപ്പോരണം... ശിക്ഷ വിധിച്ചത് എനിക്കാണെങ്കിലും പ്രത്യക്ഷത്തില്‍ ശിക്ഷ മുഴുവനും അനുഭവിച്ചത് ആ കോണ്‍വെന്റിലെ സിസ്ടര്‍മാര്‍ ആയിരുന്നു.. .. ഒരു മണിക്കൂര്‍ എക്സ്ട്രാ സഹിക്കണ്ടെ?
ഇതിനിടയില്‍ ഗാര്‍ഡനില്‍ ചെടി നനയ്ക്കാനും പൂ പറിക്കാനുമൊക്കെ ഞാന്‍ സിസ്റര്‍മാരെ ''ഒത്തിരി ''സഹായിക്കും . സഹായമെന്ന് പറഞ്ഞാല്‍ ചുമ്മാ ആപ്പ ഊപ്പ സഹായമൊന്നും അല്ല... മൊട്ട് വന്ന റോസചെടിക്ക് വേര് വന്നോ എന്ന് നോക്കുക , കൂട്ടത്തില്‍ ഏറ്റവും ഭംഗിയുള്ള പൂ പറിച്ചെടുത്തു മണത്തിട്ട് ദൂരോട്ടെറിയുക

ഇതൊക്കെയാണ് നമ്മുടെ മെയിന്‍ ഹോബീസ്... അഞ്ചു മണിയോട് കൂടി കൊച്ചപ്പന്‍ തന്‍റെ ഔദ്യോകിക വാഹനമായ ലാമ്പി സ്കൂട്ടറില്‍ എത്തും .എന്നെ പൊക്കിയെടുത്ത് അതിന്‍റെ ഫ്രെണ്ടിലേക്കിടും . പൂച്ച മീന്‍ വണ്ടിയേല്‍ തൂങ്ങിക്കിടക്കുന്നത് പോലെ ഹാന്റിലില്‍ അള്ളിപ്പിടിച്ചു ഞാന്‍ നില്‍ക്കും . വഴിയില്‍ കാണുന്ന മീന്‍കാരെയും യൂണിയന്‍കാരെയുമെല്ലാം (പണ്ടേ മ്മടെ കമ്പനി മുഴുവന്‍ ലോക്കല്‍സാ) കയ്യും കാലുമൊക്കെ പൊക്കിക്കാണിച്ചു നേരെ വീട്ടിലേക്ക്. വീട്ടിലേക്ക് കയറുമ്പഴെ
'' തമ്പുരാനെ , കുരിശ്ശു വീണ്ടും വന്നോ'' എന്നൊരു മുഖഭാവം മമ്മീടെ മുഖത്തൂന്നും വായിച്ചെടുക്കാം...
പിന്നെ വീട്ടിലെ രൂപക്കൂട്ടിലേക്ക്‌ നോക്കി ഒരു ഡയലോഗ്
കര്‍ത്താവേ.., മുജ്ജന്മത്തിലെ ശത്രുക്കളെയാണല്ലോ നീ എനിക്ക് മക്കളായിട്ട് തന്നത്?
അതിനും കാരണമുണ്ട് എന്‍റെ ബാക്കി പത്രം (അനിയനാ ) അടുക്കളയില്‍ അപ്പിയിട്ടു വച്ചിട്ട് ആ 'വണ്‍ ബൈ ടു ' കൊണ്ടേ ഭിത്തിയിലിട്ടുരക്കുന്നു ...
ആഹാ മാര്‍വലസ് ... വാട്ട് ആന്‍ ഐഡിയ സര്‍ ജീ...
വെള്ളവും വേണ്ട ടിഷ്യൂ പേപ്പറും വേണ്ട..
നീ പുരോഗമന ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ടാടാ,...

അങ്ങനെ ഞങള്‍ രണ്ടു പേരും കൂടി ഷിഫ്റ്റടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ പണികള്‍ മമ്മിക്കും പപ്പയ്ക്കുമായി കൊടുത്തു കൊണ്ടിരുന്നു... രാവിലെ അന്ന് ചെയ്തു തീര്‍ക്കുവാനുള്ള കുരുത്തക്കേടുകളുടെ ഹാന്‍ഡ് ഓവര്‍ ഞാനവന് കൊടുത്തിട്ടു പോകും വൈകുന്നേരമാകുമ്പോള്‍ കക്ഷി ഒരു മൂലക്കിരുന്ന് മോങ്ങുന്നുണ്ടെങ്കില്‍ മനസ്സിലാക്കാം
'' ഓപ്പറെഷന്‍ ഫെയില്‍ഡ് ...''
അങ്ങനെ പതിവ് പോലെ ഞാന്‍ നേഴ്സറിയില്‍ പോയി ..
വൈകിട്ട് എല്ലാവരും പോയി ഞാനൊറ്റയ്ക്കായി .., എന്നെ കൊണ്ട് പോകാന്‍ അഞ്ച് മണിക്കല്ലേ കൊച്ചപ്പന്‍ വരത്തുള്ളൂ ...മഠത്തിന്‍റെ വരാന്തയിലിരുന്ന് ഞാനെന്തോ കളിച്ചു കൊണ്ടിരുന്നു... കുറച്ചു കഴിഞ്ഞ് പരിചയമില്ലാത്ത ഒരു കന്യാസ്ത്രീ എന്‍റെ അടുക്കല്‍ വന്നു ഒരു അച്ചപ്പം എന്‍റെ നേര്‍ക്ക്‌ നീട്ടി...
ഞാന്‍ വേണ്ടാന്നു പറഞ്ഞു (പുറത്ത് നിന്നും ആര് എന്ത് തന്നാലും വാങ്ങിക്കഴിക്കരുത് എന്ന് മമ്മിയുടെ സ്പെഷ്യല്‍ ഓര്‍ഡര്‍ ഉണ്ട് )
സിസ്റ്റര്‍ ഒരു പാട് നിര്‍ബന്ധിച്ചപ്പോള്‍ ഞാനത് വാങ്ങിക്കഴിച്ചു .സിസ്റ്റര്‍ എന്തൊക്കെയോ കഥകളൊക്കെ എനിക്ക് പറഞ്ഞു തന്നു..
.
.ഓരോ ദിവസവും എന്നെ അക്ഷരങ്ങള്‍ കൈ പിടിച്ചെഴുതിച്ചു ..
ഒരുപാട് പാട്ടുകള്‍ പഠിപ്പിച്ചു തന്നു..
ആരോടും വഴക്ക് കൂടരുതെന്നും എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറാവൂ എന്നും സിസ്റ്റര്‍ എനിക്ക് പറഞ്ഞു തന്നു..
മറ്റേ കാണ്ടാമൃഗ ടീച്ചര്‍ പഠിപ്പിച്ചിട്ടും പഠിക്കാതിരുന്ന പാട്ടുകള്‍ വൈകുന്നേരങ്ങളില്‍ ഞാനേറ്റു പാടി...

കര്‍ത്താവിന്‍റെ മണവാട്ടിമാര്‍ സ്നേഹ സമ്പന്നരാണെന്ന് ഞാന്‍ മനസ്സിലാക്കിയ നാളുകള്‍ .
പില്‍ക്കാലത്ത് ഞാന്‍ ഒത്തിരി അനുസരണാ ശീലമുള്ളവനായി മാറി.. (സത്യായിട്ടും )
കാലം പിന്നെയും കടന്നു പോയി... ഒരിക്കല്‍ ഒരു വേനലവധിക്കാലത്ത് മമ്മിയുടെ മടിയില്‍ കിടന്ന് ഏതോ ഒരു സിംഹത്തിന്‍റെ കഥ കേട്ടു കൊണ്ടിരുന്നപ്പോള്‍ പള്ളിയില്‍ നിന്നും അസമയത്ത് ഒരു മണി മുഴങ്ങി...
.
,
. എല്ലാവരും എന്തൊക്കെയോ പിറ് പിറുക്കുന്നുണ്ട്...
കൂട്ടത്തില്‍ ആനി സിസ്റ്റെറിന്‍റെ പേരും വരുന്നത് ഞാന്‍ കേട്ടു...
ഞാനൊരിക്കലും കേള്‍ക്കാനിഷ്ട്ടപ്പെടാത്ത ആ വാര്‍ത്ത മമ്മിയാണ് എന്നോട് പറഞ്ഞത്
'' മോന്‍റെ ആനി സിസ്റ്റര്‍ ഈശോന്‍റെയടുത്തെയ്ക്ക് പോയി''
എനിക്കും പോണമെന്ന് ഞാന്‍ വാശി പിടിച്ചു കരഞ്ഞു..
പിന്നീടാണ് ഇനി ആനി സിസ്റ്റര്‍ ഒരിക്കലും എനിക്ക് അച്ചപ്പം കൊണ്ട് തരത്തില്ല എന്ന സത്യം എനിക്ക് മനസിലായത്...
ബ്ലഡ് കാന്‍സര്‍ ആയിരുന്നു...പെട്ടെന്നാണ് മരിച്ചത്..
പിറ്റേ ദിവസം പള്ളിയില്‍ നിറയെ മുല്ലപ്പൂ കൊണ്ടലങ്കരിച്ച ഒരു ശവമഞ്ചത്തില്‍ ഒരു വെളുത്ത പുഷ്പ്പ കിരീടമോക്കെ വച്ച് ചിരിച്ചു കൊണ്ട് കണ്ണടച്ച് എന്‍റെ ആനി സിസ്റ്റര്‍...
ഇപ്പഴുമുണ്ട് എന്‍റെ കണ്ണിനു മുന്നില്‍ ആ മുഖം...
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച കര്‍ത്താവിന്‍റെ മണവാട്ടിയുടെ ആ ചിരിക്കുന്ന മുഖം...

മറക്കാന്‍ ഒരു പാട് ശ്രമിച്ചിട്ടും മായ്ഞ്ഞു പോകുന്നില്ല .. ആ ചിരിക്കുന്ന മുഖവും .. വെളുത്ത റോസാ പൂക്കളും ഒന്നും...
..
.
.
.
.

Sunday, March 20, 2011

എന്‍റെ കന്നി ആത്മഹത്യാക്കുറിപ്പ്...



നാലാം ക്ലാസ്സില്‍ വച്ച് ഫസ്റ്റ് ലൈന്‍ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ ഞാന്‍ ചുമ്മാ ഒരു VARIETYക്ക് ആത്മഹത്യ ചെയ്യാന്‍ ഒരു തീരുമാനമെടുത്തു...
ആ ആത്മഹത്യക്കുറിപ്പാണ് ഈ കവിത...
എന്‍റെ മരണത്തെക്കുറിച്ച് ഒരുപാട് 'സ്വപ്നങ്ങളു'ണ്ടായിരുന്നു എനിക്ക്...
എന്‍റെ മരണം മധുരമുള്ളതായിരിക്കണം എന്നെനിക്കു നിര്‍ബന്ധമുണ്ടായിരുന്നു അപ്പോള്‍...
അതുകൊണ്ട് തന്നെ ആത്മഹത്യക്ക് ഞാന്‍ തിരഞ്ഞെടുത്ത മാര്‍ഗവും അതി മധുരമുള്ളതായിരുന്നു...
'പഞ്ചസാര വാരിത്തിന്നാല്‍ പിത്തം പിടിച്ചു മരിച്ചു പോകുമെന്ന്' മമ്മി പറഞ്ഞ് കേട്ടറിവുള്ളത്‌ കൊണ്ട് എനിക്ക് മറ്റൊരു മാര്‍ഗ്ഗത്തെ പറ്റി ആലോചിച്ചു തല പുണ്ണാക്കേണ്ടി വന്നില്ല... വീട്ടിലെ പഞ്ചസാര ഭരണി തുറന്ന് ഒരു സൈടീന്ന് അങ്ങ് തൊടങ്ങി... അഞ്ചാറു പിടി തിന്നതൊക്കെ ഓര്‍മയുണ്ട്... (പിറ്റേ ദിവസം എഴുന്നേറ്റപ്പോ ആ സത്യം ഞാന്‍ മനസ്സിലാക്കി... മരിക്കണമെങ്കില്‍ കുരുടാന്‍ (FURADAN) തന്നെ കഴിക്കണം ന്ന്... )
{കുരുടാന്‍ കഴിക്കാന്‍ എന്‍റെ പട്ടി വരും..}


ഇതാ ആ വിവാദ കവിത...


ഇന്നാദ്യമായെന്‍റെ തൂലികത്തുമ്പത്ത്
നിന്നെക്കുറിച്ചുള്ള പാട്ട് മാത്രം...
കളവല്ലിതൊന്നും ഒരു കുപ്പിക്കള്ളിന്‍റെ
മത്തില്‍ കുറിക്കുന്ന കാവ്യമല്ല...

തേങ്ങുന്ന കരളിന്‍റെ വിടരുന്ന ചുണ്ടത്ത്
താനേ കിളിര്‍ത്ത പൂങ്കിനാവുകളിലെ
എന്‍റെ ഓര്‍മ്മകളില്‍ നിന്‍റെ
വദനാംബുജത്തിനു ഒരായിരം വര്‍ണ്ണങ്ങളുണ്ടായിരുന്നു...

അറിഞ്ഞു ഞാനാ സത്യം എന്നുടെ
ചികഞ്ഞ ഹൃത്തിന്‍ വേരുകളില്‍
തിരഞ്ഞു ഞാനെന്‍ ആത്മാവിനെയെന്‍
കരിഞ്ഞ കരളിന്‍ ചാരത്തില്‍ ..

മൃത്യു മടങ്ങും വീഥികളില്‍
ഓര്‍മ്മ നശിക്കും പാതകളില്‍
വഴിയോര കരി ശാഖികളില്‍
ആവി പറക്കും പാറകളില്‍

കാലം നല്‍കിയ കാല്‍പ്പനികതയുടെ
കായം നല്‍കിയ പാടുകളില്‍
ഒട്ടിയ വയറാല്‍ തീര്‍ത്തൊരു ജീവിത
ഗാഥ രചിച്ചൊരു കൈകളാല്‍
കൊറ്റിനു നീട്ടുകയാണിപ്പോഴും..

പുഞ്ചിരി വറ്റിയ ചുണ്ടുകളാല്‍
വലിഞ്ഞു നീണ്ടൊരു ജീവിത വീണ
തന്ത്രി മുറുക്കും നാളുകളില്‍
ഉടഞ്ഞു പോയെന് മണിവീണ
തകര്‍ന്നു പോയെന്‍ സംഗീതം..!!

വരിനെല്ലിന്‍ വാടാ മലരുകള്‍ കൊണ്ടൊരു
മാല തീര്‍ക്കുന്നു ഞാന്‍ നിനക്ക് ചൂടാന്‍
മരണം നിശ്ചയം നിശ്ചയമെങ്കിലും
നഞ്ചിന്‍ രുചിക്കായ് തപിക്കയാണെന്‍ മനം..

ഒരു നോക്ക് കാണുവാന്‍ ഒരു വാക്ക് കേള്‍ക്കുവാന്‍
കൊതിയൂറും നെഞ്ചിലെ നീറുന്ന വേദന
നിന്നിലേക്കൂഷ്മള വാക്കയോഴുക്കവേ
ശോകാഗ്നിഎത്തിപ്പിടിച്ചു വിഴുങ്ങിയീ
പാവം പഥിതന്‍റെ തൂലികത്തുമ്പിനെ..

ആനന്ദമാത്രയിലരുതാത്ത വേദന
അശ്രു ബിന്ദുക്കളില്‍ ശോണ മുദ്ര
മന്ദസ്മേരങ്ങളില്‍ മാന്ത്രിക വശ്യത
മഞ്ജീര ധ്വനികളില്‍ മായാത്ത കുടിലത!!

ശാന്തമായ് വന്നോരാലാപന സീമയില്‍
ശോകം മറന്നു ഞാനാടിടട്ടെ..
പഞ്ചഭൂതങ്ങള്‍ വിഘടിച്ചു നിന്നെന്‍റെ
പഞ്ചെന്ദ്രിയങ്ങള്‍ ക്രിയ മറന്നു ...

നെഞ്ചകം പൊട്ടിതളര്‍ന്നു വീണീടവേ
ദുഖമില്ലായശ്രുബിന്ദുവില്ല
ആത്മാവിനായ്‌ മണ്ണ് തീര്‍ത്ത രൂപത്തെ
ഞാന്‍ മണ്ണിനായ് തന്നെ തിരിച്ചു നല്‍കി ..

ശാന്തനായ് ഉല്ലാസ ചിത്തനായ്
പോകുന്നു ശോകം നിറഞ്ഞ കുടമിറക്കാന്‍
ഇല്ല ഞാനിങ്ങോട്ടിനിയില്ലോരിക്കലും
ദുഖത്തിന്‍ പാത്രം തിരിച്ചെടുക്കാന്‍...!!!











കടപ്പാട്: ഗുണാജി .......!!!

Thursday, March 17, 2011

കേരളത്തില്‍ രാജഭരണം വരുന്നു...



രാജാധിരാജന്‍ വീരശൂരന്‍ മൂന്നാറില്‍ മന്നന്‍ കേരളദേശം വാണരുളും ജെ സീ ബി പറമ്പില്‍ അച്ചു മഹാരാജാവ് എഴുന്നുള്ളൂന്നേയ്....
അന്നൊരു ബുധനാഴ്ചയായിരുന്നു..
സെക്രട്ടേറിയെറ്റ് കൊട്ടാരമുറ്റം ആശ്രിത വല്സിതരും തൊഴുത്തില്‍ കുത്തികളുമായ മന്ത്രി കുങ്കവന്മാരെക്കൊണ്ട് നിറഞ്ഞു...
കൊട്ടാരത്തിന്‍റെ പടിക്ക് പുറത്ത് ആദിവാസി ക്ഷേമനിധി ബോര്‍ഡിലെ മൂപ്പന്മാര്‍ കുടില് കെട്ടി ഡപ്പാംകൂത്ത് കളിച്ചു...
പേരൂര്‍ക്കട കവലയില്‍ കാക്കിയിട്ട കൊട്ടാരം ഭടന്മാര്‍ വെടി വച്ചും കണ്ണീര്‍ വാതകം പൊട്ടിച്ചും പൂണ്ടു വിളയാടുന്നു.... തൊട്ടപ്പറെ
ആളില്ലെന്നുറപ്പാക്കിയ സര്‍ക്കാരോഫിസിനു മുന്നില്‍ ഖദറിന്‍ കുഞ്ഞുങ്ങള്‍ ള്ളേ .. ള്ളേ എന്ന് ശബ്ദം വയ്ക്കുന്നു...ചിലര്‍ ഇടി വെട്ടേറ്റ തെങ്ങിനെ നോക്കി വെല്ലു വിളിക്കുന്നു . മറ്റു ചിലര്‍ പല്ലി ചിലക്കുമാറുച്ചത്തില്‍ വാ വിട്ടു കരഞ്ഞു
'' അടിക്കും ഞങ്ങ പൊളിക്കും ഞങ്ങ.... കരിക്കൊഴിച്ചു കുടിക്കും ഞങ്ങ..'' വാട്ട് ദ ഹെല്‍?
പെട്ടെന്ന് അന്തപ്പുരത്തിലേക്ക് നാല് വെള്ളക്കുതിരകളെ പൂട്ടിയ കൊട്ടാരം വക ട്രിവാണ്ട്രം രജിസ്ട്രെഷന്‍ രഥം മന്ദം മന്ദം ഒഴുകിയെത്തി . രഥത്തിന്‍റെ വാതില്‍ ആറാം തമ്പുരാന്‍ സ്റ്റൈലില്‍ ചവിട്ടിത്തുറന്നു പയ്യെ രാജാവ് വെളിക്കിറങ്ങി... ഐ മീന്‍ വെളിയിലേക്കിറങ്ങി...
പ്രജകളെല്ലാം ആര്‍ത്തു വിളിച്ചു
'' തലൈവര്‍ വാഴ്കെ ''
തലൈവര്‍ വാഴ്കെ ''

ഇത് കേട്ട പ്രധാനമന്ത്രി ഷിബു പിണങ്ങാറായി ..
പിണങ്ങാറായ ഷിബു മന്ത്രിയും കുറച്ചു കൂതറ അനുയായികളും കൂടെ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തി... ക്ലക്ക് ക്ലക്ക് ക്ലക്ക്..!!!
അച്ചു രാജാവിനെ ഏതു വിധേനയും കുത്തുപാളയെടുപ്പിച്ച് പണ്ടാരമടക്കി നാടുകടത്തി രാജ്യം സ്വന്തമാക്കുക എന്നതാണ് പിണങ്ങാറായ ഷിബു മന്ത്രിയുടെ തന്ത്രം...!!!
അതിനു വേണ്ടി ടിയാന്‍ നടത്തിയ ഉടായിപ്പ് പരിപാടികളെല്ലാം നമ്മുടെ ജനപ്രിയ രാജാവ് എട്ടു നിലയില്‍ പൊട്ടിച്ച് എട്ടായിട്ട്‌ മടക്കി ഷിബു മന്ത്രിയുടെ കുവൈറ്റില്‍ വച്ചു കൊടുത്തു...
അങ്ങനെ രാസാവും മന്ത്രിയും തമ്മിലുള്ള സത്രുത നാള്‍ക്കു നാള്‍ വര്‍ധിച്ചു വന്നു .. രാസാവിന് വയസ്സ് 89 കഴിഞ്ഞെങ്കിലും ഇപ്പോഴും പത്തൊന്‍പതു വയസ്സിന്‍റെ ചുറു ചുറുക്കാണ്... ഷിബുവിന്‍റെ കാര്യമാണെങ്കില്‍ പണ്ടേ ഗര്‍ഭിണി ഇപ്പം നിത്യഗര്‍ഭിണി എന്നവസ്ഥയാണ്...
പാര വരുന്ന വഴികള്‍ ഏതൊക്കെയാണെന്ന് ഷിബുവിന് തന്നെ നിശ്ചയമില്ല... M C റോഡ്‌ വഴി വെറുതെ പോകുന്ന പാരകള്‍ ടാക്സി പിടിച്ചു ഷിബുവിനെ തേടിയെത്തും . അങ്ങനെ ഇപ്പൊ പ്രജകള്‍ക്കൊന്നും ഷിബുവിനെ കണ്ണെടുത്താല്‍ കാണാണ്ടായി...
കാര്യം രാജാവൊക്കെയാണെങ്കിലും നയതന്ത്രവും ഭരണതന്ത്രവും കൈകാര്യം ചെയ്യുന്നത് വേറെയാരൊക്കെയോ ചേര്‍ന്നാണെന്ന് ശത്രുക്കള്‍ക്കിടയില്‍ പരക്കെ ആക്ഷേപമുണ്ട്.. ഈ അര്‍ത്ഥമില്ലാത്ത ആക്ഷേപങ്ങള്‍ക്ക് ഇപ്പൊ രാജാവ് നേരിട്ട് പണി കൊടുത്തു തുടങ്ങി...
ഇടമലയാര്‍ വിഷയത്തില്‍ മുന്‍ മന്ത്രി പിള്ളേച്ചനെ തുറങ്കിലടച്ചു..
ഭാഗ്യക്കുറി വിഷയത്തില്‍ സ്വന്തം കൊട്ടാരത്തിലെ മന്ത്രി തോമാച്ചായനെതിരെ പരസ്യ പ്രസ്താവന... .
ലാവലിന്‍ ഇപ്പൊ തിളച്ച് മറിഞ്ഞു കൊണ്ടിരിക്കുന്നു..
എന്തൊക്കെയായാലും അച്ചു രാജാവിന് പ്രജകള്‍ക്കിടയിലിപ്പോ ഒരു സേതു രാമയ്യര്‍ പരിവേഷമാണ്...
കൈ പുറകില്‍ കെട്ടി മുറുക്കിച്ചുവപ്പിച്ചു ട ട്ട ട്ട ട ട ട്ടാന്‍ഗ്... എന്ന് ബാക്ക് ഗ്രൌണ്ട് മ്യൂസിക്കൊക്കെ ഇട്ട് അച്ചു രാമയ്യര്‍ ജനസമക്ഷത്തിലേക്ക് ഇറങ്ങുകയാണ് ചില കളികള്‍ കാണാനും ചില നമ്പറുകള്‍ കാണിക്കാനും...
കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു പക്കാ കമ്യൂണിസ്റ്റ് രാജാവിന്‍റെ റീലോഡെഡ് പരിവേഷവുമായി...
ആരൊക്കെ തള്ളിപ്പറഞ്ഞാലും ജനങ്ങള്‍ അങ്ങയുടെ പക്ഷത്താണ് ..
ഒരു പോളിറ്റ് ബ്യൂറോയും ജില്ലാക്കമ്മിറ്റിയും വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നതല്ല അങ്ങയുടെ സ്ഥാനം...
ഒരു സീറ്റ് പോയെങ്കില്‍ നമുക്ക് മ... മ... മ... മ....മത്തായി പറഞ്ഞ ആ സാധനമാ...
അങ്ങയെ ഒഴിവാക്കിയവര്‍ അങ്ങേയെയോര്‍ത്ത് വിലപിക്കുന്ന ഒരു കാലം വരും ... അത് വിദൂരമല്ല.. ... ഇലക്ഷന്‍ ഒന്ന് കഴിഞ്ഞോട്ടെ...


.

(തള്ളേ കലിപ്പ് തീരണില്ലല്ലാ... ഹും ഹും ഹും...)



.
.
.
..
ഈ രാജാവിനും പരിവാരങ്ങള്‍ക്കും ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ആരെങ്കിലുമായി സാമ്യം തോന്നിയാല്‍ അത് വായിക്കുന്നവരുടെ മനസ്സിലിരുപ്പ് കൊണ്ട് മാത്രമായിരിക്കും
.
.
.NB:TODAYS(18.03.2011)NEWS UPDATEഅച്യുതാനന്ദന്‍ മത്സരിക്കും പി ബി തിരുമാനം.
സത്യം ജയിക്കട്ടെ സാമ്രാജ്യത്വം തുലയട്ടെ.... .
..
.
.
.