Monday, August 22, 2011

നേരോടെ.. നിര്‍ഭയം.. സീനിയ തോമസ് ഫ്രം കുവൈറ്റ്

കോടികളുടെ അഴിമതിക്കണക്കുകളും പാമോയില്‍ തേച്ച് ഇടമലയാറ്റില്‍ മുങ്ങിക്കുളിച്ച് നട്ട് പോയ അണ്ണാനെ പോലെ കോഴിക്ക് ലത് വരുന്നത് കാത്ത് ലോക്പാല്‍ ബില്ലും പ്രതീക്ഷിച്ച് നില്‍ക്കുന്ന കേരളത്തിലെ നേതാക്കന്മാര്‍ക്ക് ഇതൊന്നു കാണാന്‍ ടൈം ഉണ്ടാകുമോ എന്നറിഞ്ഞു കൂടാ....എങ്കിലും ചില അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാതെ വയ്യ..

അടുത്തിടെ മലയാളികളുടെ ജനപ്രിയ ചാനലില്‍ F I R എന്ന ഒരു പരിപാടിയില്‍ അവതാരകനായ ചുവന്ന ബനിയന്‍റെ മേലെ കറുത്ത കോട്ടിട്ട ഒരു ചേട്ടന്‍ വായിച്ച വാര്‍ത്തയാണ് ,സംഭവത്തിന്‍റെ രത്നച്ചുരുക്കം ഇങ്ങനെ..കുവൈറ്റില്‍ നിന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മൂന്നു യുവാക്കളുടെ പരാതിയാണ്.. നാട്ടില്‍ കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിലേക്ക് നടന്ന നേഴ്സുമാരുടെ റിക്രൂട്ട്മെന്റില്‍ ലക്ഷങ്ങളുടെ ക്രമക്കേട്...വെറും ഇരുപതിനായിരം രൂപ മാത്രം ചിലവുള്ള കേസിന് നമ്മുടെ ഏജന്‍സികള്‍ പിഴിഞ്ഞെടുക്കുന്നത് എട്ടു മുതല്‍ പത്ത് വരെ ലക്ഷങ്ങളാണ്... പിന്നീട് ആ ചേട്ടന്‍ നടത്തിയ പ്രസ്താവനയാണ് ശ്രദ്ധേയം... F I R ഈ കേസ് അന്വേഷിക്കും അത്രേ... വാര്‍ത്ത പുറത്തു വന്ന് മാസം മൂന്നു കഴിഞ്ഞു.. അന്വേഷണം കഴിഞ്ഞോ എന്തോ? ?

അന്വേഷണം എവിടെ എത്തിയാലും എത്തിയില്ലെങ്കിലും ഏജന്‍സികള്‍ ചോദിച്ച എട്ടും പത്തും ലക്ഷങ്ങള്‍ വീട് വിറ്റും ആധാരം പണയം വച്ചും പുട്ട് പോലെ എണ്ണിക്കൊടുത്ത് ആയിരത്തോളം നേഴ്സുമാര്‍ കുവൈറ്റില്‍ കാലു കുത്തിയ വിവരം വ്യസന സമേതം അറിയിക്കട്ടെ... എല്ലാം ഒരു നല്ല നാളെയെ സ്വപ്നം കണ്ട്...
മൂന്നു കൊല്ലം മുന്‍പ് ഞാന്‍ കുവൈറ്റില്‍ വരുമ്പോള്‍ സര്‍വീസ് ചാര്‍ജ് മൂന്നു ലക്ഷം രൂപയായിരുന്നു... അന്ന് അതുണ്ടാക്കാന്‍ പെട്ട പാട് എനിക്കറിയാം... കഴിഞ്ഞ കൊല്ലം ആ സര്‍വീസ് ചാര്‍ജ് അഞ്ചു ലക്ഷമായി ഉയര്‍ന്നു... ഇന്നിതാ മൂന്നിരട്ടിയില്‍ അധികം... WTF???
ലക്ഷങ്ങള്‍ക്കൊന്നും ഒരു വിലയുമില്ലാതായോ കേരളത്തില്‍?

കൂടെയുള്ള ഫിലിപ്പീനികളുടെയും ഈജിപ്ഷ്യന്‍സ്ന്റെയും അടുത്ത് കാര്യം തിരക്കി... അവര്‍ മാക്സിമം കൊടുക്കുന്ന സര്‍വീസ് ചാര്‍ജ് ഒരു മാസത്തെ സാലറി ആണത്രേ... അതും എല്ലാ ചിലവുകളും ഉള്‍പ്പടെ... മലയാളിയായി ജനിച്ചതില്‍ ലജ്ജിക്കേണ്ടി വരുന്നത് ഈ സമയത്താണ്... കൊച്ചിയിലെ ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ഇന്റെര്‍വ്യൂവിനിടയ്ക്ക് ക്യൂ നിയന്ത്രിച്ചിരുന്നത് കൊട്ടേഷന്‍ ടീമുകളായിരുന്നു എന്ന് കേട്ടു... കൊച്ചിയില്‍ അതിനു മാത്രം പഞ്ഞമില്ലല്ലോ?

ഓവര്‍സീസ്‌ ,മാത്യു ഇന്റര്‍നാഷനല്‍ , M.K എന്നീ ഏജന്‍സികളില്‍ തമ്മില്‍ ഭേതം M.K തന്നെയാണ് . സര്‍വീസ് ചാര്‍ജ് ഏഴു ലക്ഷം മാത്രം...(OTHERS R CHARGING 8.5 AND 9 LAKHS RESPECTIVLY) എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ M.K എന്നതിന്‍റെ പൂര്‍ണ്ണരൂപം 'മിണ്ടരുത് കൊന്നുകളയും' എന്നോ മറ്റോ ആണോ?
മുഖ്യമന്ത്രിക്കസേരയില്‍ ആരുകേറിയിരുന്നാലും വഴിയെ പോകുന്ന വല്യമ്മച്ചിമാര്‍ വന്നു കട്ടത്തെറി വിളിച്ചാലും കല്ലിവല്ലി എന്ന് പറയുന്ന ആദര്‍ശ ധീരനായ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്...
പാവപ്പെട്ടവന്‍ ഒന്ന് ചാരായം വാറ്റിയാല്‍ ക്യാമറയും പൊക്കിപ്പിടിച്ച് പോകുന്ന മാധ്യമ പ്രവര്‍ത്തകരും നമുക്കുണ്ട്...
1000 പേരില്‍ നിന്നും ശരാശരി എട്ടു ലക്ഷം വച്ച് പിഴിഞ്ഞാലും 80 കോടി വരവ് വരും... ഇതില്‍ സര്‍ക്കാരിലേക്ക് ടാക്സ് (NOT ORIGINAL TAX )ഇനത്തില്‍ അടയ്ക്കുന്നത് വെറും ഒരു കോടി രൂപ...
ബാക്കി 79 കോടി 50 പേര്‍ക്ക് വീതിച്ചാലും ഒരുത്തന് ഒന്നരക്കോടിയിലധികം കിട്ടും... മെട്രോ റെയില്‍ പണിയാന്‍ കേന്ദ്രത്തിന്‍റെ വാതിലിനു മുന്നില്‍ കൈനീട്ടി നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് നിന്നാണ് ഈ കഥ... മറക്കരുത്...
ആരും ഇതൊന്നും കണ്ടില്ല എന്ന് നമുക്ക് വിശ്വസിക്കാം...
എല്ലാവരും കണ്ണടച്ചോളൂ... വെളിച്ചം ദുഖമാണ്‌ ഉണ്ണീ ..!! തമസല്ലോ സുഖപ്രദം...
സീനിയ തോമസും ആ പേര് വെളിപ്പെടുത്താനാവാത്ത മൂന്നു യുവാക്കളും തമ്മില്‍ എന്തെങ്കിലും ബന്ധം?
ആ സീനിയ തോമസും പേര് വെളിപ്പെടുത്താന്‍ ധൈര്യപ്പെടാത്ത മൂന്നു യുവാക്കളും ഒരു പക്ഷെ ഒരാള്‍ തന്നെ ആയിരിക്കുമോ? (അമ്മച്ചിയാണേ ഞാനല്ല... ) F I R തെളിയിക്കട്ടെ...

ആ സീനിയ തോമസിനോട് ഒരു വാക്ക്... പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ഒരു ജനവിഭാഗത്തെ പ്രതിനിധീകരിച്ചത് പ്രശംസനാര്‍ഹം തന്നെ... ഇനിയും ജനക്കൂട്ടത്തിനിടയില്‍ നിന്ന് നട്ടെല്ല് നിവര്‍ത്തി ഉറക്കെ വിളിച്ചു പറയണം... 'രാജാവ് നഗ്നനാണ്' എന്ന്...

No comments:

Post a Comment