Tuesday, August 24, 2010

ഞാറാട്ടിക്കാവിലെ ഗുലാന്‍ പരിശുകള്‍







''ഇന്ന് മൂന്നാം ഓണം തലേ ദിവസത്തെ ഓണാഘോഷത്തിന്റെ കെട്ടെറങ്ങി വരുന്നതേയുള്ളൂ ...
അതിരാവിലെ പത്തരയ്ക്ക് എഴുന്നേറ്റു...
ഒരു കട്ടനും കുടിച്ചു കൊണ്ട് നേരെ ടീവിയുടെ മുന്നില്‍ വന്നിരുന്നു .
ഏതോ ഒരു ചാനലില്‍ നല്ല ഓണപ്പാട്ടുകള്‍ കേള്‍ക്കുന്നു...
പൂവിളി പൂവിളി പൊന്നോണമായി...
അപ്പോഴേക്കും എന്‍റെ മുറിയന്‍ ഒരു ... മോന്‍ വന്നു ചാനല്‍ മാറ്റി...

മലയാള സിനിമയിലെ മംഗ്ലിഷ് പറയുന്ന നായികമാരുടെ സ്പെഷ്യല്‍ പ്രോഗ്രാം ''ഓര്‍മ്മകളിലെ ഓണം'' ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍..,

അതിനിടയില്‍ സില്മാനടി എന്നവകാശപ്പെടുന്ന ഒരു 'കുഞ്ഞാവ'' പറഞ്ഞ വാക്കുകള്‍ കേട്ടു എന്‍റെ ലിവറിന്റെയുള്ളില്‍ വേള്‍ഡ് ട്രേഡ് ഇടിച്ചിറക്കിയത് പോലെ തോന്നി...

'' എന്‍റെ കുട്ടിക്കാലത്തെ ഓനം എന്ന് പരയുംപോള്‍ എനിക്കിശ്ടം എന്‍റെ സ്കൂള്‍ലെ ഓനമാന്‍... മൈ ടീചെര്സിനോടും പിന്നെ മൈ ഫ്രെണ്ട്സിനോടും പിന്നെ എന്‍റെ ഹെട്മാസ്റെരോടും ഒപ്പമുള്ള ഓനം,,, ''

അല്ല എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഇവളുമാര്‍ക്കൊന്നും ഓണപ്പരീക്ഷയും പത്തു ദിവസത്തെ അവധിയുമോന്നും ഇല്ലായിരുന്നോ?

പൊടുന്നനെ എന്‍റെ മനസ്സും എന്‍റെ കുട്ടിക്കാലത്തിലേക്ക് ഒന്ന് റിവേര്‍സ് ഗിയര്‍ ഇട്ടു നോക്കി...

സ്കൂളില്‍ ഓണമാഘോഷിക്കാനോ ഞാനോ?
നല്ല കഥയായി..
ഓണപ്പരീക്ഷയ്ക്ക് അവസാനത്തെ മൂന്നു 5 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമായിരുന്നിട്ടും 'വീട്ടില്‍ പോകാന്‍ മുട്ടി' എന്നാ ഒറ്റക്കാരണം കൊണ്ട് എഴുതാതെ പുറത്തു ചാടിയ ബ്രേവ് ബോയ്‌ ആയിരുന്നു ഈ ഞാന്...
പരീക്ഷ കഴിഞ്ഞ ആദ്യം പുറത്തിറങ്ങുന്നത് രണ്ടു ഗ്രൂപിലുള്ള ആളുകളായിരിക്കും , ഒന്ന്, പാട്യവിഷയങ്ങളെല്ലാം അന്നന്ന് തന്നെ പഠിച്ചു ടീച്ചെര്‍മാരുടെ കണ്ണിലുണ്ണികളായ സേതു വിജയന്‍, മനു മാത്യൂ തുടങ്ങിയവരും, പിന്നെ ഒന്നാം ക്ലാസ്സില്‍ പൂജ വയ്പ്പിനു അടച്ചു വച്ച പുസ്തകം ദൈവാരൂപി നഷ്ടപ്പെടാതെ മുന്നൂറ്റി അറുപത്തിയഞ്ചെകാല്‍ ദിവസവും അടച്ചു വച്ച് സൂക്ഷിക്കുന്ന മാഷുംമാരുടെ കണ്ണി'ലുള്ളി''കളായ നവീന്‍ ജെ ജോണ്‍ , ജോമി വര്‍ഗീസ്‌ ,സുഗേഷ് KN എന്നിവരും ആയിരുന്നു...
ഇതില്‍ നമ്മുടെ വോട്ട് എന്നും രണ്ടാമത്തെ ഗ്രൂപ്പുകാര്‍ക്ക് ആയിരുന്നു..

ചോര കൊടുത്തും നീര് കൊടുത്തും വാങ്ങിയതാണീ .................
{പണ്ടാരം.... ദേ രോമം തെളച്ചു , ചോര പൊങ്ങി നില്‍ക്കുന്നത് കണ്ടാ }

പരീക്ഷ കഴിഞ്ഞ ആദ്യം പുറത്തിറങ്ങുന്നവരെ എല്ലാവരും 'നോട്ട്' ചെയ്യും {നോട്ട് ദി പോയിന്റ്‌ }
ആ ഒരു കാരണം കൊണ്ട് മാത്രം രണ്ട് മണിക്കൂര്‍ ഉള്ള പരീക്ഷ മാക്സിമം ഒന്നര മണിക്കൂര്‍ കൊണ്ട് തീര്‍ക്കുന്നത് എന്റെ ഒരു അഭിമാന പ്രശ്നമായിരുന്നു അക്കാലത്ത് ....കൂട്ടിനു വാല് പോലെ കുട്ടനും ഉണ്ടാവും !
ഹെഡ്മാസ്ടെറുടെ റൂമിന് മുന്നിലൂടെ നടന്നു വേണം സ്കൂളിനു പുറത്തെത്താന്‍ ,സോ.., കറക്റ്റ് ഓഫീസ് റൂമിന് മുന്നിലെത്തുമ്പോള്‍ ഹെഡ് കേള്‍ക്കുമാര്‍ ഉച്ചത്തില്‍ വിരലില്‍ എണ്ണിക്കൊണ്ട് ഒരു ഡയലോഗ് പറയണം...!

'' 28 ഉം പത്തും 38, 38ഉം പത്തും നാപ്പത്തെട്ട്... ഡാ കുട്ടാ ഒരു മാര്‍ക്കും കൂടെ കിട്ടിയിരുന്നെങ്കില്‍ അമ്പതു മാര്‍ക്കായേനെ ... ഷിറ്റ് .!!! ബുള്‍ ഷിറ്റ് !!!!!''

കുട്ടന്‍ 'മിണ്‌ങ്ങസ്യാ' എന്ന് എന്റെ മുഖത്തേയ്ക്ക് ഒരു നോട്ടം !
അളിയാ ചിരിപ്പിക്കല്ലേ... ബീ സീരിയസ് ... ഐ മീന്‍ കട്ട സീരിയസ് ..!
ഓണപ്പരീക്ഷയ്ക്ക് ഒരു വിഷയത്തിനെങ്കിലും പതിനെട്ട് കിട്ടാന്‍ അന്തോനീസു പുണ്യാളന് പത്തു മെഴുകുതിരിയും പനക്കലമ്മയ്ക്ക്‌ ഒരു ചുറ്റുവിളക്കും ഒരുമിച്ചു നേര്‍ന്നവനാ .. ഒരു മാര്‍ക്ക് കൂടെ കിട്ടിയിരുന്നെങ്കില്‍ അങ്ങ് മറിച്ചേനെ എന്ന്....


വാട്ട് മാന്‍? ടോക്കിംഗ് ഫുള്‍ കൂതറ !
!!!

അല്ലേലും ഈ കുട്ടന്‍ ഇങ്ങനാ എന്തേലും ഒരു തമാശ പറഞ്ഞാല്‍ പെട്ടന്നങ്ങ് സീരിയസ് ആക്കിക്കളയും .. ഒറ്റ അടി വച്ച് തന്നാലുണ്ടല്ലോ...?

ഡാ കുട്ടാ എടങ്ങേറ് മോനെ .. 'ഡോണ്ട് ഹിയര്‍ മൈ മൌത്ത് സിറ്റിംഗ് .'ഓക്കേ
അതായത് എന്റെ വായിലിരിക്കുന്നത് കേള്‍ക്കരുത്‌ എന്ന്...

യൂ നോ നോ ഇന്ഗ്ലിഷ് വാട്ട് മാന്‍ ഫുള്‍ കൂതറ... !!

(പണ്ടേ ഇംഗ്ലിഷില്‍ ഞാന്‍ പുലിയാ.. അല്ല പിന്നെ )


ഇനി അര മണിക്കൂര്‍ നടന്നു വേണം വീട്ടിലെത്താന്‍ ,
ഇടവഴികളിലെല്ലാം കശുമാങ്ങകള്‍ പഴുത്തു നില്‍ക്കുന്നു ...
നെഞ്ചു ഉരഞ്ഞ് എക്സ്റേ പോലായെകിലും വലിഞ്ഞു കയറി കുറെ മാങ്ങകള്‍ പറിച്ചെടുത്ത്..
ഉന്നം കാശുമാങ്ങയാണെങ്കിലും ലക്‌ഷ്യം കശുവണ്ടിയാണ്. ഇനിയത് ചുട്ടു തിന്നണം .


നടന്നു നടന്നു കൃഷ്ണന്‍കുട്ടിച്ചേട്ടന്റെ ചാരായ ഷാപ്പിനു മുന്നിലെത്തി.
പൂത്തു നില്‍ക്കുന്ന രണ്ടു വാക മരങ്ങള്‍ക്ക് ചുവട്ടില്‍ മസാലദോശയായി ഛെ... മദാലസയായി നില്‍ക്കുന്ന പൂത്തോട്ടയുടെ 'വിശ്വസ്ത സ്ഥാപനം '
പാതിയടച്ച പലകവാതിലിനിടയിലൂടെ അടുക്കി വച്ചിരിക്കുന്ന ചാരായക്കുപ്പികളും പൊളിച്ചു വച്ചിരിക്കുന്ന താറാമ്മുട്ടകളും കാണാം....!!!
അകത്തും പുറത്തും എല്ലാം പരിചയക്കാര്‍ മാത്രം ..
ചിലര്‍ അരാഷ്ട്രീയം പുലമ്പുന്നു...
മറ്റു ചിലര്‍ I.S.R.O ചാരവൃത്തി കേസിലെ മറിയം റഷീദയെയും നമ്പി നാരായണനെയും ചേര്‍ത്തു വച്ച് വാഗ്വാദങ്ങള്‍ കൊണ്ട് വിചാരണ ചെയ്യുന്നു..കുറച്ചു മാറി ചിലര്‍ പൂത്തോട്ട പാലത്തിന്റെ കൈവരിയില്‍ കട്ടന്‍ബീടിയും വലിച്ച് കടലയും കൊറിച്ചിരിക്കുന്നു...!!!

കാക്ക രാജു ചേട്ടന്റെ തട്ടുകടയിലെ ഓംലെറ്റിന്റെ മണം
പരിസരമാകെ നിറഞ്ഞു നില്‍ക്കുന്നു ..

രഹ്മാനിക്കായുറെ കടയുടെ ഭിത്തിയില്‍ ചുണ്ണാമ്പ് തേച്ചു വച്ച് മുറുക്കി ചുവപ്പിച് കുശലം പറയുന്ന കാരണവന്മാര്‍...
റേഷന്‍ കടയുടെ മതിലില്‍ കണ്ണന്‍ ദേവന്‍ ചായയുടെ പരസ്യം പച്ച നിറത്തില്‍..
മറ്റേ അരികില്‍ പാതി കീറിയ ഒരു സിനിമാ പോസ്റ്റര്‍ ''നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍... ''
അതിനു മുന്നിലായി ഒരു നാടോടി ലാടവൈദ്യന്‍ അഞ്ചു രൂപാ തൈല വില്‍പ്പന പൊടിപൊടിക്കുന്നു ..!!
കിഴക്ക് വശത്തായി ഞങ്ങള്‍ കപ്പല്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന വൈക്കം ബസ് KRO 615 വിര്‍ജിന്‍ മേരി .

പെട്ടന്ന് ഒരു ഉച്ച ഭാഷിണിയുടെ സ്വരം അടുത്തു വരുന്നത് പോലെ ..

കാട്ടിക്കുന്നു തരംഗിണി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ് ആഭിമുഖത്തില്‍ നടത്തുന്ന ഓണം ഘോഷയാത്ര നാളെ കൃത്യം പത്തു മണിക്ക് പനയ്ക്കല്‍ ക്ഷേത്ര മൈതാനിയില്‍ നിന്നും ആരംഭിക്കുന്നു... അനുഗ്രഹിക്കൂ.. ആശിര്‍വദിക്കൂ..

ജയന്‍ ചേട്ടന്റെ ലാമ്പി ഓട്ടോറിക്ഷയില്‍ രണ്ടു കോളാമ്പി മൈക്കുകള്‍ കെട്ടി വച്ച് വാചക കസര്‍ത്ത് നടത്തുന്ന ക്ലബ്ബ് സെക്രട്ടറി .
ഓണം പടിക്കലെത്തിയതിന്റെ പ്രാരംഭ ലക്ഷണം!!!
ഇനിയിപ്പോ 'ഞാറാട്ടില്‍ കാട്ടില്‍' ചീട്ടുകളി മുറുകും ,
ഞാറാട്ടില്‍ എന്നത് മരങ്ങളും ചോലകളും നിറഞ്ഞ ഒരു കൊച്ചു കാടാണ്,കുന്നിക്കുരുവും മഞ്ചാടിയും മരോട്ടിയും ഏഴിലം പാലയും പേരാലുമൊക്കെയുള്ള ഒരു ടിപ്പിക്കല്‍ കാട്!!!!
അവിടെ ഒരു സര്‍പ്പക്കാവുണ്ട്...
അതിനോട് ചേര്‍ന്ന് ഒരു മൈതാനവും ..
ആ ചോലയ്ക്കുള്ളില്‍ കാട്ടുവള്ളികള്‍ നിറഞ്ഞ ഒരു ഗുഹാസദ്രിശ്യമായ ഒരു ഇടമുണ്ട് .
അവിടെയാണ് നമ്മുടെ നാട്ടിലെ ചീട്ടു കളിയുടെ 'ഹെഡ് ഓഫീസ്‌'

ഓണക്കാലമായാല്‍ അയാള്‍ രാജ്യങ്ങളായ മുറിഞ്ഞപുഴ , ചെമ്പ് , അരയന്കാവ് എന്നിവിടങ്ങളില്‍ നിന്നെല്ലാം കണ്ടസ്ടന്റ്സ് ഇവിടെ കളിക്കാനെത്തും ..
നോട്ടു കെട്ടുകള്‍ നിരത്തി വച്ചുള്ള സാക്ഷാല്‍ ചൂതാട്ടം !!!
ചിലപ്പോഴൊക്കെ പോലീസ് റെയ്ഡും ഉണ്ടാകും ..
അപ്പൊ നാല് പാടും എല്ലാവരും ചിതറിയോടും..
പിന്നെ കുറച്ചു സമയത്തേയ്ക്ക് അവിടെ സ്മശാന മൂകതയായിരിക്കും ..
അതാണ്‌ നമ്മുടെ സമയം .. കലക്ക വെള്ളത്തിലെ മീന്‍ പിടുത്തം പോലെ കളിക്കാര്‍ ഉപേക്ഷിച്ചു പോയ ചീട്ടു പെറുക്കാന്‍ കുട്ടിപ്പട്ടാളം ഗോധയിലിറങ്ങും..
ആ ചീട്ടു കൊണ്ട് ഞാറാട്ടിക്കാവിന്റെ മുറ്റത്ത് ചീട്ടു കൊട്ടാരവും തീവണ്ടിയുമൊക്കെ ഉണ്ടാക്കി കളി തുടങ്ങിയിരിക്കും!!
പിന്നെ വൈകിട്ട വാഴയില കുമ്പിളുകളില്‍ തുമ്പപ്പൂവും കാക്കപ്പൂവുമെല്ലാം നുള്ളാനുള്ള പാച്ചില്‍ ആയിരിക്കും !
പിന്നെ വീടിന്റെ മുറ്റത്ത് മണ്ണ് കെട്ടിപ്പൊക്കി പൂക്കളത്തിനുള്ള തറയുണ്ടാക്കും ..
എന്നിട്ട് അതിരാവിലെ എഴുന്നേറ്റു പൂക്കളങ്ങളിടും..

തറവാട്ടില്‍ പോകുമ്പോഴെല്ലാം അമ്മൂമ്മയോട് മാവേലിത്തമ്പുരാന്റെ കഥകള്‍ കേട്ടറിയും..
പൂക്കളങ്ങള്‍ കാണാന്‍ മാവേലി വരുമത്രേ..
ഒന്നാം ഓണവും മൂന്നാം ഓണവും കഴിഞ്ഞു എന്നിട്ടും എന്റെ കുഞ്ഞിപ്പൂക്കളം കാണാന്‍ മാവേലി വന്നില്ലെന്ന സങ്കടത്തില്‍ ഞാനുറങ്ങി ...
അടുത്ത ദിവസം രാവിലെ എഴുന്നേറ്റു പൂക്കളത്തിനടുത്തെത്തിയപ്പോള്‍ എന്റെ തുമ്പ പൂക്കളത്തില്‍ ഒരു കാല്‍പ്പാട്.!!!!
എന്നെ സമാധാനിപ്പിക്കാന്‍ മമ്മി പറഞ്ഞു.

ഇന്നലെ രാത്രി മാവേലി വന്നിരുന്നു അപ്പൊ മാവേലി അറിയാതെ ചവുട്ടിയതാണത്രെ...
ഞാനത് വിശ്വസിച്ചു മാവേലി എന്റെ പൂക്കളം കണ്ടല്ലോ എന്ന് ഞാനാശ്വസിച്ചു... അപ്പോഴും കുട്ടന്‍ വേലിക്കരികില്‍ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു...

(ആ പന്നിയാണ് എന്റെ പൂക്കളം ചവിട്ടി മുടിപ്പിച്ചതെന്നു ഞാന്‍ മനസ്സിലാക്കിയത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു... )
.
.
.

.
.
.

Friday, August 20, 2010

മലയാളി ...ഈസ് ഈക്വല്‍ ടൂ ....മലയാളി


ഓണം മലയാളിക്ക് സമ്പല്‍സമൃദ്ധിയുടെ പ്രതീകമാണ്..
പകരം വയ്ക്കാനില്ലാത്ത ഗൃഹാതുരതയുടെ ഉത്സവക്കാലം !!!
പഞ്ഞക്കര്‍ക്കിടകത്തെ ഇരുളിട്ടു മൂടി,
കൊയ്ത്തുകാലത്തിന്റെ നിറക്കാഴ്ച്ചകളും,ഉത്സാഹത്തിന്റെ ആര്‍പ്പു വിളികളുമായി ചിങ്ങം പിറക്കുമ്പോള്‍ മലയാളികള്‍ക്കെന്നും ആവേശമായിരുന്നു...

പച്ചവിരിച്ച ഞാറ്റുപാടങ്ങള്‍ ‍...
നാണം കുണുങ്ങി തലകുനിച്ചു നില്‍ക്കുന്ന തുമ്പപ്പൂക്കള്‍....
ചുവപ്പിന്റെ പ്രൌടിയില്‍ ചെത്തിപ്പൂ ....
മഞ്ഞില്‍ കുളിച്ച മന്ദാരങ്ങള്‍..
നീലപൊട്ടു കുത്തിയ നന്ദ്യാര്‍വട്ടം...
കണ്കുളിര്‍പ്പിക്കുന്ന ഈ കാഴ്ചകളെല്ലാം മലയാളിയുടെ മനസ്സില്‍ വാരി വിതറിയത് ഒരായിരം വര്‍ണ്ണങ്ങളായിരുന്നു..
ആ വര്‍ണ്ണങ്ങള്‍ പൊട്ടി മുളച്ച് നമുക്ക് മുന്നില്‍ തുറന്നിട്ടത് ആശയ പ്രപഞ്ചങ്ങളുടെ വാതായനങ്ങള്‍ ആയിരുന്നു..
അതൊക്കെ തന്നെയായിരുന്നു വേറിട്ട വഴികളില്‍ മലയാളിയെ ചിന്തിപ്പിച്ചതും ചരിപ്പിച്ചതും ...

കാലം മാറി .. കോലവും ....,

കാക്കപ്പൂവും തുമ്പപ്പൂവുമെല്ലാം മലയാളിക്ക് ഇന്ന് തീണ്ടാപ്പാടകലെയാണ്...
പൂവട്ടികളില്‍ പൂക്കളിറുത്തു നടക്കുന്ന കുസൃതി ബാല്യങ്ങളും കുമ്മാടിയും പുലികളിയും നന്തുണിപ്പാട്ടും എല്ലാം നാട്ടിന്‍പുറങ്ങളില്‍ അന്യമായിരിക്കുന്നു...



ഇത്തവണയും മലയാളിക്ക് ഓണമാഘോഷിക്കാന്‍
'തോവാള'യില്‍ നിന്നും ചെണ്ട്‌മല്ലിയും ജമന്തിപ്പൂക്കളും ലോറി കയറി വരും ...
അതില്‍ നിന്ന് ഒരു പിടി പൂക്കള്‍ വിലയിട്ടു വാങ്ങി ഉമ്മറക്കോലായില്‍ നമ്മള്‍ പൂക്കളങ്ങളൊരുക്കും ...
ടിവിയില്‍ ഓണം സ്പെഷ്യല്‍ 'കോക്രികള്‍' കണ്ടു നമ്മള്‍ പൊട്ടിച്ചിരിക്കും ..
അതുകണ്ട് വീട്ടിലെ ഇംഗ്ലിഷ് പൈതലുകള്‍ പാടും ''ഹാപ്പി ഓണം...''
അത് കേട്ട് ഓണത്തപ്പന്‍ വരാന്‍ മടിച്ചു നില്‍ക്കും പടിപ്പുരയ്ക്ക് വെളിയില്‍ .....


ഓണം മനസ്സില്‍ നഷ്ടസ്മൃതികള്‍ ഉണര്‍ത്തുന്നതിന് മുന്‍പേ നമുക്കാഘോഷിക്കാം ..
........ഒരുമയുടെ..
........സാഹോദര്യത്തിന്റെ ...
........മതസൌഹാര്‍ദ്ദത്തിന്റെ....
സര്‍വ്വോപരി സമാധാനത്തിന്റെ......,
ഒരു പൊന്നോണം കൂടി..

ആ വ്യത്യസ്തത ആണല്ലോ മലയാളിയെ മലയാളിയാക്കുന്നതും...



എല്ലാ മലയാളികള്‍ക്കും പൊന്നോണാശംസകള്‍ ...
.
.
.
.
.

.